കോവിഡ് 19: ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് കൂലിവേലക്കാരേയും തൊഴിലാളികളേയും സഹായിക്കാന്‍ ഐ എ എസ്, ഐ ആര്‍ എസ് ഓഫീസര്‍മാരോടൊപ്പം ചേരാം

#RiseAgainstCOVID19: ഇതര സംസ്ഥാന തൊഴിലാളികളേയും ദിവസക്കൂലിക്കാരേയും ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ളവരെയും ഈ ദുരിതകാലം കടക്കാന്‍ സഹായിക്കുന്ന സിവില്‍ സെര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് പിന്തുണ നല്‍കുന്നതിനായി ദ് ബെറ്റര്‍ ഇന്‍ഡ്യയുടെ ഇടപെടലാണ് ‘ബെറ്റര്‍ ടുഗെദര്‍’ (Better Together)

കോവിഡ്-19 പ്രതിരോധത്തിന്‍റെ ഭാഗമായി രാജ്യം സംപൂര്‍ണ്ണ ലോക്ക്ഡൗണിലേക്ക് പോയതോടെ ലക്ഷക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളും കൂലിപ്പണിക്കാരും വീടുപോലുമില്ലാത്ത അശരണരും വലിയ ദുരിതങ്ങളാണ് അനുഭവിക്കുന്നത്. പലര്‍ക്കും ഭക്ഷണത്തിന് പോലും സാഹചര്യമില്ല.

ഈ ദുരിതകാലത്ത് ഒരുപാട് പേര്‍ അവരെ സഹായിക്കാന്‍ സ്വന്തം സുരക്ഷ പോലും വകവെയ്ക്കാതെ മുന്നോട്ടുവരുന്നുണ്ട്. ഭക്ഷണവും അഭയവും, പണവും അവശ്യസാധനങ്ങളുമൊക്കെ കഷ്ടപ്പെടുന്നവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ അവര്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. മറ്റെന്തിനെക്കാളും മനുഷ്യത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍.

അവരില്‍ നിരവധി സിവില്‍ സര്‍വ്വീസ് ഓഫീസര്‍മാരുമുണ്ട്, ദുരിതമനുഭവിക്കുന്നവര്‍ക്കായി എല്ലാ സഹായവുമെത്തിക്കാന്‍ വിശ്രമമില്ലാത്ത പരിശ്രമത്തിലാണവര്‍. ദിവസവേതനക്കാര്‍ക്കും മറ്റുസംസ്ഥാനങ്ങളില്‍ അകപ്പെട്ടുപോയ തൊഴിലാളികള്‍ക്കും റേഷന്‍ കിറ്റുകളും അവശ്യസേവനങ്ങളും ഒപ്പം കോവിഡ് ബോധവല്‍ക്കരണവുമൊക്കെ നല്‍കാനുള്ള വലിയ ശ്രമങ്ങള്‍ അവര്‍ മുന്നില്‍ നിന്ന് നയിച്ചുകൊണ്ടിരിക്കുകയാണ്.

അവരുടെ പരിശ്രമങ്ങള്‍ക്ക് ഹൃദയപൂര്‍വ്വം പിന്തുണ നല്‍കുന്നതിനും ഫണ്ട് സമാഹരിക്കുന്നതിനും വേണ്ടി ദ് ബെറ്റര്‍ ഇന്‍ഡ്യ തുടങ്ങിവെച്ചിരിക്കുന്ന കാംപെയ്ന്‍ ആണ് ‘ബെറ്റര്‍ ടുഗെദര്‍’.


ദ് ബെറ്റര്‍ ഇന്‍ഡ്യയുടെ ‘ബെറ്റര്‍ ടുഗെദര്‍’ പദ്ധതി ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കും ദിവസവേതനക്കാര്‍ക്കും കൊറോണയ്‌ക്കെതിരെ മുന്‍നിരയില്‍ നിന്നുപോരാടുന്നവര്‍ക്കും സഹായമെത്തിക്കുന്ന
സിവില്‍ സര്‍വ്വീസ് ഓഫീസര്‍മാര്‍ക്ക് പിന്തുണ നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. നിങ്ങള്‍ക്കും അവരെ സഹായിക്കാം.‍
               മുകളിലെ ബട്ടന്‍ കാണാന്‍ കഴിയുന്നില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

നമ്മുടെ ഐ എ എസ്, ഐ ആര്‍ എസ് ഓഫീസര്‍മാര്‍ ഏറ്റവും ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായങ്ങളെത്തിച്ചുകൊണ്ടിരിക്കുകയാണ്. അവരെ പരിചയപ്പെടാം.

1. ഐ എ എസ് സ്വാപ്‌നില്‍ തംബെ, മേഘാലയ

ഈസ്റ്റ് ഗാരോ ഹില്‍സിലെ ഡെപ്യൂട്ടി കമ്മീഷര്‍ ആയി ചുമതലയേറ്റ 2015 മുതല്‍ സ്വാപ്‌നില്‍ തെംബെ പ്രദേശത്തെ സാമൂഹിക വികാസത്തിനായി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

സ്വാപ്നില്‍ തെംബെ

“ഞങ്ങളുടെ പ്രദേശത്ത് ഇതുവരെ കോവിഡ് 19  കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും കഴിഞ്ഞ രണ്ടാഴ്ചത്തെ കര്‍ഫ്യൂ പാവപ്പെട്ടവരെ വല്ലാത്ത ദുരിതത്തിലാക്കി. അവരില്‍ പലരും തൊഴില്‍ വകുപ്പില്‍ രെജിസ്റ്റര്‍ ചെയ്തവരോ സര്‍ക്കാരിന്‍റെ റേഷന്‍ ആനുകൂല്യങ്ങള്‍ക്കായി പേര് ചേര്‍ക്കപ്പെട്ടവരോ ബാങ്ക് അക്കൗണ്ട് ഉള്ളവരോ അല്ല,” തെംബെ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

ലോക്ക് ഡൗണ്‍ തുടങ്ങിയതിന് ശേഷം അവരില്‍ പലരും അടിയന്തര സഹായത്തിനായി തെംബെയുടെ ഓഫീസിലെത്തി. അത്തരം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ നേരിട്ട് പോയി നടത്തിയ സര്‍വ്വേകളില്‍ യഥാര്‍ത്ഥ ദുരിതമെന്തെന്ന് അദ്ദേഹം നേരിട്ട് മനസ്സിലാക്കി. അങ്ങനെയാണ് അവര്‍ക്കായി നേരിട്ട് സഹായമെത്തിക്കാന്‍ തെംബെ തുടക്കമിടുന്നത്.

അസ്സാമില്‍ നിന്നടക്കമുള്ള ഇതരസംസ്ഥാനത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അദ്ദേഹം ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു.

“ഒരു ദിവസം ഭിന്നശേഷിക്കാരനായ ഒരാള്‍ എന്‍റെ അടുത്തേക്ക് വന്നു. മൊബൈല്‍ റിപ്പെയര്‍ ചെയ്യുന്ന ഒരു ചായ്പ് ആയിരുന്നു അയാളുടെ ജീവിതമാര്‍ഗ്ഗം. ലോക്ക്ഡൗണ്‍ വന്നപ്പോള്‍ ആ വഴിയും അടഞ്ഞു. അദ്ദേഹത്തെപ്പോലെ ഭിന്നശേഷിക്കാരായവരും ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ കഷ്ടപ്പെടുന്നവരുമായവരെ സഹായിക്കാനുമുള്ള ശ്രമങ്ങളിലാണിപ്പോള്‍,” തെംബെ തുടരുന്നു.

മേഘാലയയില്‍ നിന്നും

പ്രദേശത്തെ സ്വയംസഹായ സംഘമായ അചിക് ചദംബെയാണ് അരി, പയറുവര്‍ഗങ്ങള്‍, ഉപ്പ് തുടങ്ങി അവശ്യവസ്തുക്കളുടെ വിതരണം ഏറ്റെടുത്ത് നടത്തുന്നത്.

പ്രദേശത്തെ യുവസംരംഭകനായ ബോങ്കി ആര്‍ മരാക്ക് നേതൃത്വം നല്‍കുന്ന ഗ്രൂപ്പ് പല അടിയന്തര ഘട്ടങ്ങളിലും സഹായവുമായി എത്തിയിട്ടുണ്ട്. ഇപ്പോഴും തെംബെയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് 5 കിലോ അരി, 2-3 കിലോ പയറുവര്‍ഗങ്ങള്‍, 1 കിലോ ഉപ്പ് തുടങ്ങി അവശ്യവസ്തുക്കള്‍ അടങ്ങുന്ന കിറ്റ് അദ്ദേഹത്തിന്‍റെ സഹായത്തോടെ ഓരോ കുടുംബത്തിനും ആഴ്ചയിലൊരിക്കല്‍ എത്തിച്ചുകൊടുക്കുകയാണ്.

കൂടുതല്‍ ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്ന 2,000 കുടുംബങ്ങളിലേക്ക് എത്രയും പെട്ടെന്ന് സഹായമെത്തിക്കാനാണ് തെംബെ ഉദ്ദേശിക്കുന്നത്. #RiseAgainstCOVID19-ലൂടെ എട്ട് ലക്ഷം രൂപ സമാഹരിക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.

2. ഐ ആര്‍ എസ് ഡോ. മേഘ ഭാര്‍ഗവ, മുംബൈ

ഡോ. മേഘ ഭാര്‍ഗവ, ഐ ആര്‍ എസ്

ഇന്‍ഡ്യയുടെ സാമ്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന മുംബൈ കോവിഡ്-19 ബാധയില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ്. മുംബൈയില്‍ കുടുങ്ങിപ്പോയ ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്ക് സഹായമെത്തിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് ഡെപ്യൂട്ടി ഇന്‍കം ടാക്‌സ് കമ്മീഷണര്‍ ഡോ. മേഘ ഭാര്‍ഗവ.

സമര്‍പണ്‍ എന്ന അവരുടെ എന്‍ ജി ഓ-യിലൂടെ ഈ മുന്‍ ദന്തഡോക്റ്റര്‍ 2,666 ഭക്ഷണക്കിറ്റുകളും സാനിറ്ററി കിറ്റുകളും വിതരണം ചെയ്തുകഴിഞ്ഞു.

“2017-ലാണ് എന്‍റെ കൂട്ടത്തിലുള്ള സിവില്‍ സെര്‍വന്‍റ്സിന്‍റെയും ഡോക്റ്റര്‍മാരുടെയും പിന്തുണയോടെ ഈ എന്‍ ജി ഒ സ്ഥാപിക്കുന്നത്. എന്‍റെ സഹോദരി ഡോ. റൂമ ഭാര്‍ഗവ, സുഹൃത്ത് ഡോ. രാഹുല്‍ തഗാരെ, ഐ ആര്‍ എസ് ഓഫിസര്‍ സുരേഷ് കതാരിയ തുടങ്ങിയവരാണ് ഇതിലുള്ളത്. വിദ്യാഭ്യാസം, പ്രാഥമികാരോഗ്യം എന്നീ മേഖലകളിലാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇതുവരെയായി മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ വിദൂരഗ്രാമങ്ങളിലും ആദിവാസി മേഖലകളിലും പതിനായിരത്തിലധികം മനുഷ്യരെ സഹായിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്,” ഡോ. ഭാര്‍ഗവ പറയുന്നു.

ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍, മുംബൈ പൊലീസ്, ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തുടങ്ങിയവരുടെ സഹായത്തോടെ ഭക്ഷണക്കിറ്റുകളും സാനിറ്ററി കിറ്റുകളും ധാരാവി അടക്കമുള്ള ചേരികളിലെ വീടുകളില്‍ നേരിട്ടെത്തിക്കാന്‍ രാവും പകലും പ്രവര്‍ത്തിക്കുകയാണ് ഡോ. ഭാര്‍ഗവയും സംഘവും.

ഡോ. മേഘയും സുഹൃത്തുക്കളും അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നു

ഇതിനകം 1,000 ബോട്ടില്‍ ഹാന്‍ഡ് സാനിറ്റൈസറും 1,300 മാസ്‌കുകളും മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന പൊലീസുകാര്‍ക്ക് എത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. #RiseAgainstCOVID19-ന്‍റെ പിന്തുണയോടെ 10,000 കുടുംബങ്ങള്‍ക്ക് ഒരു മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളും സാനിറ്ററി കിറ്റുകളും എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് ഡോ. ഭാര്‍ഗവയുടെ എന്‍ ജി ഓ.

ഓരോ കിറ്റിലും അഞ്ച് കിലോ ഗോതമ്പ് മാവ്, മൂന്ന് കിലോ അരി, മൂന്ന് കിലോ പയറുവര്‍ഗങ്ങള്‍ (മസൂര്‍ പരിപ്പ്, കടലപ്പരിപ്പ് തുടങ്ങിയവ) ഒരു കിലോ പഞ്ചസാര, ഒരു ലിറ്റര്‍ ഭക്ഷ്യ എണ്ണ, ഒരു കിലോ ഉപ്പ്, 200 ഗ്രാം വീതം മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, മസാലപ്പൊടി എന്നിവയ്ക്ക് പുറമെ ടോയ്‌ലെറ്റ് സോപ്പ്, ഹാന്‍ഡ് സാനിറ്റൈസര്‍, മാസ്‌കുകള്‍ എന്നിവ അടങ്ങിയ സാനിറ്ററി കിറ്റുമാണ് വിതരണം ചെയ്യുന്നത്.


ദ് ബെറ്റര്‍ ഇന്‍ഡ്യയുടെ ‘ബെറ്റര്‍ ടുഗെദര്‍’ പദ്ധതി ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കും ദിവസവേതനക്കാര്‍ക്കും കൊറോണയ്‌ക്കെതിരെ മുന്‍നിരയില്‍ നിന്നുപോരാടുന്നവര്‍ക്കും സഹായമെത്തിക്കുന്ന
സിവില്‍ സര്‍വ്വീസ് ഓഫീസര്‍മാര്‍ക്ക് പിന്തുണ നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. നിങ്ങള്‍ക്കും അവരെ സഹായിക്കാം.
  മുകളിലെ ബട്ടന്‍ കാണാന്‍ കഴിയുന്നില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

മുംബൈയിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി ഇത്തരം കിറ്റുകള്‍ എത്തിക്കാന്‍ 25 ലക്ഷം രൂപ സമാഹരിക്കാനാണ് ഡോ. ഭാര്‍ഗവ ലക്ഷ്യമിടുന്നത്. അതിനായി നിങ്ങള്‍ക്കും സഹായിക്കാം.

3. ഐ ആര്‍ എസ് നിഷാന്ത് കെ, ബെംഗളുരു.

നിഷാന്ത്.

കൊറോണ വൈറസ് ബാധ ഏറ്റവുമാദ്യം റിപ്പോര്‍ട്ട് ചെയ്ത നഗരങ്ങളിലൊന്നാണ് ബെംഗളുരു. അതുകൊണ്ട് നഗരം വളരെപ്പെട്ടെന്നുതന്നെ ലോക്ക് ഡൗണിലേക്ക് പോയി. 13,000-ത്തിലധികം വരുന്ന ഇതരസംസ്ഥാനത്തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത്. ജോലിയില്ലാത്തതും ഭക്ഷണത്തിനുള്ള സംവിധാനമില്ലാത്തതും അവരെ ഏറെ വലച്ചു.

അവരെ സഹായിക്കാന്‍ മുന്‍കൈ എടുത്തവരില്‍ ബെംഗളുരുവിലെ ഇന്‍കം ടാക്‌സ് ജോയിന്‍റ് കമ്മീഷണര്‍ നിഷാന്ത് കെ ഉണ്ടായിരുന്നു. തന്‍റെ വകുപ്പിലെ 20 ഐ ആര്‍ എസ് ഓഫിസര്‍മാരുടെ പിന്തുണയോടെ അദ്ദേഹം ബൊമ്മസാന്ദ്രയിലെ 1,800 ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്ക് പാകം ചെയ്ത ഭക്ഷണം എത്തിക്കാന്‍ തുടങ്ങി.

പിന്നീട്, ദേശീയ തലത്തില്‍ ലോക്ക് ഡൗണ്‍ തുടങ്ങിയപ്പോള്‍ അദ്ദേഹവും സംഘവും കൂടുതല്‍ ആളുകളെ സഹായിക്കാനുള്ള സംവിധാനമൊരുക്കി. ഇപ്പോള്‍ 13,050 പേര്‍ക്ക് ദിവസവും ഇവര്‍ ഭക്ഷണം നല്‍കുന്നുണ്ട്.

“തുടക്കത്തില്‍ ഞങ്ങള്‍ 2,500 പേര്‍ക്കുള്ള ഭക്ഷണം പാകം ചെയ്യാന്‍ റെയില്‍വേ കാന്‍റീന്‍കാരുടെ സഹായം തേടി. പിന്നീട് ബ്രിഹത് ബെംഗളുരു മഹാനഗര പാലികെ (ബെംഗളുരു സിറ്റി കോര്‍പറേഷന്‍)യുടെ പിന്തുണയോടെ നടത്തിയ അന്വേഷണത്തില്‍ നഗരത്തിന്‍റെ പല ഭാഗങ്ങളിലും പട്ടിണികിടക്കുന്ന ആയിരങ്ങളുണ്ടെന്ന് മനസ്സിലാക്കി. അവരെ സഹായിക്കാനായി ഞങ്ങള്‍ ലൈഫ്‌ലൈന്‍ ഫൗണ്ടേഷന്‍, ATRIA തുടങ്ങിയ സംഘടനകളുമായി ചേര്‍ന്നാണ് മാര്‍ച്ച് 31 മുതല്‍ പ്രവര്‍ത്തിക്കുന്നത്,” ബെംഗളുരുവിലെ അസി. ഇന്‍കംടാക്‌സ് കമ്മീഷണര്‍ നിവ്യ ഷെട്ടി പറയുന്നു.

ബെംഗളുരുവിലെ ഭക്ഷണ വിതരണം

റെയില്‍വേ കാന്‍റീന്‍, കര്‍ണാടക സ്റ്റേറ്റ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ്  അസോസിയേഷന്‍റെ കാന്‍റീനുകള്‍, മൂന്ന് വ്യക്തികളുടെ വീടുകള്‍ എന്നിങ്ങനെ അഞ്ചിടങ്ങളിലായാണ് ഭക്ഷണം പാകം ചെയ്യുന്നത്. അതിന് ശേഷം ലൈഫ്‌ലൈന്‍റെയും ATRIA-ന്‍റേയും സന്നദ്ധ പ്രവര്‍ത്തകര്‍ ഭക്ഷണം ശേഖരിച്ച് ബെംഗളുരു പൊലീസിന് എത്തിച്ചുകൊടുക്കും. അവര്‍ അത് നഗരത്തിലെ 15 ഇടങ്ങളിലായി കഴിയുന്ന ഇതരസംസ്ഥാനതൊഴിലാളികള്‍ക്ക് വിതരണം ചെയ്യും.

ഒരു പ്ലേറ്റ് ഭക്ഷണത്തിന് 30 രൂപ ചെലവ് കണക്കാക്കിയാല്‍ ദിവസവും 4 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ഇതിനുള്ള പണം കണ്ടെത്താന്‍ ഡോ. മേഘാ ഭാര്‍ഗവയുടെ സമര്‍പണ്‍ എന്ന സന്നദ്ധ സംഘടനയെയാണ് നിഷാന്തും സംഘവും ആശ്രയിക്കുന്നത്. അവര്‍ക്ക് കിട്ടുന്ന സംഭാവനകളില്‍ ഒരു ഭാഗം സമര്‍പണ്‍ ബെംഗളുരുവിനായി നല്‍കുന്നു.

ദ് ബെറ്റര്‍ ഇന്‍ഡ്യയുടെ സഹായത്തോടെ 25 ലക്ഷം രൂപ സമാഹരിക്കാനാണ് നിഷാന്തും സംഘവും ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

4. സൗരഭ് കുമാര്‍ ഐ എ എസ്, റായ്പൂര്‍

സൗരഭ് കുമാര്‍, ഐ എ എസ്

ഛത്തീസ്ഗഢിന്‍റെ തലസ്ഥാനമായ റായ്പൂരില്‍ മുനിസിപ്പല്‍ കമ്മീഷണര്‍ സൗരഭ്കുമാര്‍ 17,500 കൂലിവേലക്കാരുടെ കുടുംബങ്ങള്‍ക്കും സംസ്ഥാനത്തിന്‍റെ വിദൂര ഗ്രാമങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനമായ ഒഡിഷയില്‍ നിന്നുമെത്തിയ തൊഴിലാളികള്‍ക്കും റേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുകയാണ്.

“നഗരത്തിലെ അരിമില്ല് ഉടമകള്‍ സഹായത്തിനെത്തിയില്ലായിരുന്നെങ്കില്‍ ഇത്രയും കുടുംബങ്ങള്‍ക്ക് പെട്ടെന്ന് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാന്‍ ജില്ലാ ഭരണകൂടത്തിന് സാധിക്കില്ലായിരുന്നു,” സൗരഭ് കുമാര്‍ പറയുന്നു. “ഞങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് റായ്പൂരിലെ മില്ലുടമകള്‍ 1,25,000 കിലോ അരിയും 29,000 കിലോ പരിപ്പും പെട്ടെന്നുതന്നെ സംഭാവനയായി നല്‍കി. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 5,000 കിലോ അരി സബ്‌സിഡി നിരക്കിലും കിട്ടി. ഈ സഹായങ്ങളുടെ പിന്തുണയോടെ പെട്ടെന്നുതന്നെ ഭക്ഷ്യവസ്തുക്കളുടെ വിതരണം തുടങ്ങാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.”

അഞ്ച് കിലോ അരി, ഒരു കിലോ പരിപ്പ്, 500 ഗ്രാം കടലമാവ്, ഒരു ലീറ്റര്‍ ഭക്ഷ്യ എണ്ണ, സോപ്പ് എന്നിവയാണ് കിറ്റിലുള്ളത്. ചിലയിടങ്ങളില്‍ പാല്‍ കൂടി നല്‍കാന്‍ കഴിയുന്നുണ്ട്, പ്രത്യേകിച്ചും കുട്ടികളുള്ള വീടുകളില്‍. ഒരു കുടുംബത്തിന് ഒരാഴ്ചക്കുള്ള വസ്തുക്കളാണ് നല്‍കുന്നത്. ഓരോ കിറ്റിനും 491 രൂപ ചെലവ് വരുന്നുവെന്നാണ് കണക്കാക്കുന്നത്.

റായ് പൂരില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തപ്പോള്‍

ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് പുറമെ, അക്ഷയപാത്ര ഫൗണ്ടേഷന്‍ അടക്കമുള്ള 104 സന്നദ്ധ സംഘടനകളുടെ സഹായത്തോടെ സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ 8,000 പേര്‍ക്ക് ദിവസവും പാചകം ചെയ്ത ഭക്ഷണം നല്‍കുന്നതിനുള്ള ഏര്‍പ്പാടും അദ്ദേഹം ചെയ്തിട്ടുണ്ട്.

വീടുതോറുമുള്ള റേഷന്‍ കിറ്റുകളുടെ വിതരണച്ചുമതല മുനിസിപ്പല്‍ അധികൃതര്‍ക്ക് തന്നെയാണ്. എല്ലാ ദിവസത്തേയും പ്രവര്‍ത്തനങ്ങള്‍ ദിവസവും വൈകീട്ട് അഞ്ചിന് ശേഷം വിലയിരുത്തും.

അക്ഷയപാത്ര ഫൗണ്ടേഷന്‍റെ പിന്തുണയോടെ 15 ലക്ഷം രൂപ കൂടി സ്വരൂപിച്ച് ഭക്ഷ്യവസ്തുക്കളുടെ വിതരണം കൂടുതല്‍ പേരിലേക്കെത്തിക്കാനും ലോക്ക് ഡൗണ്‍ കാലം തീരുന്നതുവരെ അത് തുടരാനുമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. അടുത്ത ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും റായ്പൂരിലെത്തിയിരിക്കുന്ന ദുര്‍ബലരും ദാരിദ്ര്യമനുഭവിക്കുന്നവരുമായ 17,000 കുടുംബങ്ങളിലേക്ക് സഹായമെത്തിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.

5. ഡോ. വിജയ് കാര്‍ത്തികേയന്‍, തിരുപ്പൂര്‍

തിരുപ്പൂരില്‍ ഭക്ഷണപ്പൊതികള്‍ തയ്യാറാവുന്നു.

വസ്ത്രനിര്‍മ്മാണ കേന്ദ്രമായ തിരുപ്പൂര്‍ (തമിഴ്‌നാട്) ജില്ലയില്‍ ലോക്ക് ഡൗണില്‍ കുരുങ്ങിപ്പോയത് ഏതാണ്ട് മൂന്ന് ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളാണ്. എവിടെയും പോകാനാവാതെ ബിഹാറില്‍ നിന്നും ഒഡിഷയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും പശ്ചിമബംഗാളില്‍ നിന്നും ആസാമില്‍ നിന്നുമുള്ള തൊഴിലാളികള്‍ ദുരിതത്തിലായി.

പല കമ്പനികളും അവരുടെ തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ ബുദ്ധിമുട്ടില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നുണ്ട്. എന്നാല്‍ എല്ലാവരുടെയും കാര്യം അങ്ങനെയല്ല. കൂലിപ്പണിയും ചെറിയ ജോലികളും ചെയ്ത് പോരുന്ന 40,000-ത്തിലധികം പേര്‍ക്ക് തലചായ്ക്കാന്‍ കൂരപോലുമില്ലാത്ത അവസ്ഥയിലായി.

20 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയില്‍ പഴുതടച്ച ലോക്ക്ഡൗണ്‍ ആണ് ജില്ലാ ഭരണകൂടം നടപ്പാക്കുന്നത്. ഇതിനിടയില്‍ പെട്ടുപോയ പാവങ്ങളെ സഹായിക്കാന്‍ ജില്ലാ കലക്റ്റര്‍ ഡോ. കെ വിജയ് കാര്‍ത്തികേയന്‍ മുന്‍കൈ എടുത്തു. 62,744 പേര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഇതുവരെ കഴിഞ്ഞു. ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് റേഷന്‍ കിറ്റ് നല്‍കുന്നത് യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്.

“ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരുമടങ്ങിയ ടീം രാവും പകലും പ്രവര്‍ത്തിക്കുയാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആവശ്യക്കാര്‍ക്ക് റേഷന്‍ എത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നു. തിരുപ്പൂര്‍ കൊറോണ ഫൈറ്റേഴ്‌സ് പ്രോഗ്രാമിന് കീഴില്‍ 1,000 സന്നദ്ധ പ്രവര്‍ത്തകര്‍ ഉണ്ട്. അവര്‍ ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് ഈ പ്രക്രിയ പിഴവുകളില്ലാതെ മുന്നോട്ടുപോകുന്നു എന്ന് ഉറപ്പുവരുത്തുന്നു. ലോക്ക് ഡൗണ്‍ തുടങ്ങിയ അന്നുമുതല്‍ ഞങ്ങള്‍ സര്‍വ്വസജ്ജരായി രംഗത്തുണ്ട്,” ഡോ. വിജയ് കാര്‍ത്തികേയന്‍ പറഞ്ഞു.

ഓരോ റേഷന്‍ കിറ്റും 755 രൂപ വിലവരുന്നതാണ്. ഒരു ശരാശരി കുടുംബത്തിന് ഒരാഴ്ചത്തേക്കുള്ള അവശ്യഭക്ഷ്യവസ്തുക്കളാണ് അതിലുള്ളത്. സംസ്ഥാന സര്‍ക്കാരിന്‍റെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള പണമാണ് ഇതുവരെ ഉപയോഗിച്ചുവന്നത്. ഒപ്പം കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടുകളും പ്രയോജനപ്പെടുത്തുന്നു. പത്ത് ലക്ഷം രൂപ കൂടി സമാഹരിച്ച് 1,325 കിറ്റുകള്‍ കൂടി വിതരണം ചെയ്യണമെന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.


ദ് ബെറ്റര്‍ ഇന്‍ഡ്യയുടെ ‘ബെറ്റര്‍ ടുഗെദര്‍’ പദ്ധതി ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കും ദിവസവേതനക്കാര്‍ക്കും കൊറോണയ്‌ക്കെതിരെ മുന്‍നിരയില്‍ നിന്നുപോരാടുന്നവര്‍ക്കും സഹായമെത്തിക്കുന്ന
സിവില്‍ സര്‍വ്വീസ് ഓഫീസര്‍മാര്‍ക്ക് പിന്തുണ നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. നിങ്ങള്‍ക്കും അവരെ സഹായിക്കാം.
മുകളിലെ ബട്ടന്‍ കാണാന്‍ കഴിയുന്നില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം