‘മലേറിയ മരുന്ന്’ കോവിഡ്-19 ചികിത്സയ്ക്ക് ഫലപ്രദമോ? മലേറിയ വിദഗ്ധന്‍ സംസാരിക്കുന്നു

കോവിഡ്-19 പ്രതിരോധത്തിന് മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. മലേറിയയെക്കുറിച്ച് വര്‍ഷങ്ങള്‍ പഠനം നടത്തിയ പ്രൊഫ. ജി പദ്മനാഭന്‍ അതുസംബന്ധിച്ച  സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു. 

കോവിഡ്-19 രോഗം സ്ഥിരീകരിച്ചവരില്‍ മലേറിയ രോഗികള്‍ക്ക് നല്‍കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിനും ആന്‍റി ബാക്ടീരിയല്‍ മരുന്നായ അസിത്രോമൈസിനും നല്‍കാമെന്ന് ആശുപത്രികള്‍ക്ക് മാര്‍ച്ച് 31-ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

അതുവരെ മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നത് വൈറസ് പ്രതിരോധത്തിനായി ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നവര്‍ക്കും ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കാമെന്നായിരുന്നു.

ഇതുവരെയുള്ള വിവരങ്ങള്‍ പ്രകാരം ഒരു പ്രത്യേക ആന്‍റിവൈറല്‍ മരുന്നും ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടില്ല. എങ്കിലും ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് (നിയന്ത്രിതമല്ലാത്ത ക്ലിനിക്കല്‍ ട്രയലുകളില്‍) കടുത്ത രോഗം സ്ഥിരീകരിച്ച് ഐ സി യുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നവര്‍ക്ക് ഹൈഡ്രോക്ലോറോക്വിന്‍ 400 mg ആദ്യദിവസം രണ്ട് നേരവും പിന്നീടുള്ള നാലുദിവസങ്ങളില്‍ 200 mg ദിവസവും രണ്ടു നേരവും വീതം കൊടുക്കാവുന്നതാണ്. ഇതിനൊപ്പം അഞ്ച് ദിവസം തുടര്‍ച്ചയായി ദിവസത്തില്‍ ഒരുതവണ അസിത്രോമൈസിന്‍ 500 mg യും നല്‍കാം, മന്ത്രാലയത്തിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

പ്രൊഫ. ജി പ്രത്മനാഭന്‍ (ഫോട്ടോ: Wikimedia commons)

‘മലേറിയ മരുന്ന്’ എന്ന് പൊതുവില്‍ അറിയപ്പെടുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ അമേരിക്കയ്ക്ക് നല്‍കാമെന്ന് ഇന്‍ഡ്യ സമ്മതിച്ചതോടെ ഈ മരുന്ന് സോഷ്യമീഡിയയിലും നിറഞ്ഞു.

പലരും സര്‍ക്കാരിനെ അഭിനന്ദിച്ചപ്പോള്‍ ഇന്‍ഡ്യയിലെ ജനങ്ങള്‍ക്കായിരിക്കണം സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്നും മരുന്ന് കയറ്റുമതി ചെയ്യുന്നതിന് മുന്‍പ് പ്രാദേശികമായ ആവശ്യത്തിന് അത് കിട്ടുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നു.

മലേറിയയെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് പ്രശസ്തനായ ഡോ. ജി പദ്മനാഭനുമായി ഈ മരുന്നിനെക്കുറിച്ചും അത് കോവിഡ്-19 രോഗികള്‍ക്ക് എത്രമാത്രം ആശ്വാസം നല്‍കുമെന്നും സംബന്ധിച്ച് ദ് ബെറ്റര്‍ ഇന്‍ഡ്യ വിശദമായി സംസാരിച്ചു. പ്രഗല്‍ഭനായ ബയോകെമിസ്റ്റാണ് ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്‍റെ മുന്‍ ഡയറക്റ്ററായ ഡോ. ജി പദ്മനാഭന്‍.

1. എന്നാണ് ഈ മരുന്ന് ഇന്‍ഡ്യയില്‍ മലേറിയ ചികിത്സയ്ക്ക് ഉപയോഗിച്ചുതുടങ്ങുന്നത്?

തെക്കുകിഴക്കേ ഏഷ്യയില്‍ വിന്യസിച്ചിരുന്ന സൈനികരെ മലേറിയ ബാധയില്‍ നിന്ന് രക്ഷിക്കാന്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് യു എസ് എ ക്ലോറോക്വിന്‍ ഉപയോഗിച്ചിരുന്നു. സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഇന്‍ഡ്യയിലെ ആകെ 330 ദശലക്ഷം ജനസംഖ്യയില്‍ 75 ദശലക്ഷം പേര്‍ക്ക് മലേറിയ ബാധിച്ചിരുന്നു.

ഇന്‍ഡ്യയില്‍ മലേറിയ നിര്‍മ്മാര്‍ജ്ജന യജ്ഞം തുടങ്ങുന്നത് 1950-കളിലാണ്. 1960-കളില്‍ ക്ലോറോക്വിന്‍ ഉപയോഗിച്ചുള്ള ചികിത്സയും ഡി ഡി റ്റി ഉപയോഗിച്ച് വ്യാപകമായി നടത്തിയ കൊതുകുനശീകരണ പ്രവര്‍ത്തനങ്ങളും മലേറിയ ബാധ വലിയ തോതില്‍ നിയന്ത്രിക്കുന്നതില്‍ വിജയിച്ചു. എഴുപതുകളില്‍ ഇന്‍ഡ്യയിലെ മലേറിയ കേസുകളുടെ എണ്ണം വെറും ഒരുലക്ഷമായി കുറഞ്ഞു.

എന്നാല്‍ പിന്നീട് ഡി ഡി റ്റി ഉപയോഗം നിര്‍ത്തി. അതോടെ മലേറിയ നിര്‍മ്മാര്‍ജ്ജന പരിപാടികള്‍ക്ക് തിരിച്ചടി നേരിട്ടു. രോഗം തിരികെ വന്നു. ഇന്ന് ഇന്‍ഡ്യയില്‍ വര്‍ഷം 20 ലക്ഷം മലേറിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

2. എന്തുകൊണ്ടാണ് ഈ മരുന്ന് കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യമായി ഇന്‍ഡ്യ മാറിയത്?

ഇന്‍ഡ്യ ലോകത്തിന് വേണ്ടി ജനറിക് മരുന്നുകള്‍ (പേറ്റന്‍റ് കാലാവധി തീര്‍ന്നവ) ധാരാളമായി ഉല്‍പാദിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് ‘ലോകത്തിന്‍റെ ഫാര്‍മസി’ എന്നുവരെ രാജ്യത്തെ വിശേഷിപ്പിക്കുന്നത്. പേറ്റന്‍റ് കാലാവധി തീര്‍ന്ന മരുന്നുകള്‍ ഇന്‍ഡ്യയില്‍ കുറഞ്ഞ ചെലവില്‍ വന്‍തോതില്‍ നിര്‍മ്മിക്കുകയും കയറ്റിയയ്ക്കുകയും ചെയ്യുന്നു.

ക്ലോറോക്വിന്‍ അല്ലെങ്കില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഈ കാറ്റഗറിയിലാണ് പെടുന്നത്.


ഇന്‍ഡ്യയില്‍ ഒരു കോടി ഹൈഡ്രോക്സിക്ലോറോക്വിന്‍ ടാബ്ലെറ്റുകള്‍ ആവശ്യം വരുമെന്നാണ് (കോവിഡ്-19 രോഗികളും ആരോഗ്യപ്രവര്‍ത്തകരും ഐ സി യു കേസുകളും റിസ്ക് കോണ്ടാക്റ്റുകളും അടക്കം) കണക്കാക്കുന്നത്. ഇപ്പോള്‍ 3.28 കോടി ടാബ്ലെറ്റുകള്‍ ലഭ്യമാണ്. ആഭ്യന്തര ആവശ്യമുള്ളതിന്‍റെ മൂന്ന് മടങ്ങിലും അധികമുണ്ടിത്. ഇതിന് പുറമെ, 2 മുതല്‍ 3 കോടി സ്റ്റോക്ക് ചെയ്തിട്ടുണ്ട് എന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഏപ്രില്‍ 10-ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അവകാശപ്പെട്ടു.

3. താങ്കളുടെ മലേറിയ ഗവേഷണത്തെക്കുറിച്ച് പറയാമോ?

രണ്ട് മേഖലകളിലായിരുന്നു എന്‍റെ മലേറിയ പഠനവും ഗവേഷണവും.

ആദ്യത്തേത് ഹീമോഗ്ലോബിനുമായി ബന്ധപ്പെട്ട ഹീം (heme) എന്ന തന്മാത്രയെപ്പറ്റിയായിരുന്നു. അത് മലേറിയ പാരസൈറ്റിന്‍റെ ജീവശാസ്ത്രവുമായി വളരെ പ്രധാനപ്പെട്ട ഒന്നാണ്.

രണ്ടാമത്തെ പ്രോജക്റ്റ് പ്രകൃതിദത്ത തന്മാത്രകള്‍ക്ക് എത്രമാത്രം മലേറിയ പാരസൈറ്റിനെ നശിപ്പിക്കാന്‍ കഴിവുണ്ട് എന്നതായിരുന്നു. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന് മലേറിയക്കെതിരെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ കണ്ടെത്തി. പ്രത്യേകിച്ചും, കുര്‍കുമിനും ആര്‍ട്ടിമൈസിനിന്‍ (ART) ചേര്‍ന്ന സംയുക്തം സാധാരണ മലേറിയക്കും സെറിബ്രല്‍ മലേറിയക്കും ഫലപ്രദമാണെന്ന് എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ തെളിഞ്ഞു. എ ആര്‍ ടി യും കുര്‍കുമിനും ചേര്‍ന്ന ഈ ചേരുവ മലേറിയ രോഗികളില്‍ പരീക്ഷിക്കുന്നതിനുള്ള ക്ലിനിക്കല്‍ ട്രയലിന് ഈയിടെ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്‍ഡ്യ അനുമതി നല്‍കി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസേര്‍ച്ച് ആണ് ക്ലിനിക്കല്‍ ട്രയല്‍ നടത്തുക.

സാര്‍സ്-2 ബാധയെ പ്രതിരോധിക്കാന്‍ കുര്‍കുമിന്‍ ഫുഡ് സപ്ലിമെന്‍റിനൊപ്പം പരീക്ഷിക്കുന്നതിന്‍റെ ഫലമറിയുക കൗതുകകരമായിരിക്കും.

4) ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡ്-19 ചികിത്സയ്ക്ക് നല്ലതാണെന്നും അല്ലെന്നും വാദങ്ങളുണ്ട്. ശരിയായ ടെസ്റ്റിങ്ങും ട്രയലുകളും നടത്താതെ ഇത് രോഗികള്‍ക്ക് നല്‍കുന്നത് സുരക്ഷിതമാണോ?

ചൈനീസ്, ഫ്രെഞ്ച് സംഘങ്ങള്‍ ക്ലിനിക്കല്‍ ട്രയലുകളില്‍ ക്ലോറോക്വിന്‍ ഫോസ്‌ഫേറ്റും ഹൈഡ്രോക്ലോറോക്വിനും പരീക്ഷിച്ചിക്കുകയും ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫ്രെഞ്ച് സംഘം നടത്തിയ പഠനത്തിലാകട്ടെ, ഹൈഡ്രോക്ലോറോക്വിനും അസിത്രോമൈസിനും ചേര്‍ന്ന ചികിത്സാരീതിയാണ് കൂടുതല്‍ ഫലപ്രദമെന്നാണ് കണ്ടെത്തല്‍.

Image courtesy: Indiamartഎന്നാല്‍ ഇതിനെതിരെയുള്ള വിമര്‍ശനം എന്താണെന്നുവെച്ചാല്‍ ഈ ട്രയലുകള്‍ രാജ്യാന്തരമാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചില്ലെന്നാണ്.
മറ്റ് മരുന്നുകളുടേയും വാക്‌സിന്‍റേയും അഭാവത്തില്‍ അമേരിക്ക അടക്കമുള്ള ചില രാജ്യങ്ങളില്‍ കോവിഡ്-19 ചികിത്സയ്ക്കായി ഹൈഡ്രോക്ലോറോക്വിന്‍ ഉപയോഗിക്കുന്നുണ്ട്.


ഫ്രെഞ്ച് ഗവേഷകര്‍ നടത്തിയ ഒരു പഠനം ഇന്‍റെര്‍നാഷണല്‍ ജേണല്‍ ഓഫ് ആന്‍റിമൈക്രോബിയല്‍ ഏജെന്‍റ്സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ പറയുന്നത് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ചികിത്സ കോവിഡ്-19 രോഗികളില്‍ വൈറസ് ബാധയുടെ ആഘാതം കുറയ്ക്കാനോ ഇല്ലാതാക്കാനോ സഹായിക്കുന്നതായാണ്. അസിത്രോമൈസിന്‍ കൂടി ചേരുമ്പോള്‍ അത് കൂടുതല്‍ ഫലം നല്‍കുന്നു.

ഈയിടെ ഇന്‍ഡ്യയും ഈ രണ്ടിന്‍റെയും സംയോജിതമായ (ഹൈഡ്രോക്‌സിക്ലോറോക്വിന്‍, അസിത്രോമൈസിന്‍) ചികിത്സയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട് എന്ന് അറിയാന്‍ കഴിഞ്ഞു. എന്നാല്‍ ബ്രിട്ടണ്‍ ട്രയല്‍ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ചില ദോഷകരമായ പാര്‍ശ്വഫലങ്ങള്‍  ശ്രദ്ധയില്‍ പെട്ടതിനാല്‍ സ്വീഡനിലെ ആശുപത്രികള്‍ ഈ മരുന്ന് ഉപയോഗിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

5. ഇത്രയേറെ വാദപ്രതിവാദങ്ങള്‍ ഉണ്ടായ സ്ഥിതിക്ക് ഈ മരുന്നിനെക്കുറിച്ച് ഇന്‍ഡ്യക്കാര്‍ അറിയേണ്ടതായ എന്തെങ്കിലും പ്രത്യേകതയോ ശ്രദ്ധിക്കേണ്ടതായ സംഗതിയോ ഉണ്ടോ?

ഈ മരുന്നിന് പാരസൈറ്റിന്‍റെ എന്‍ഡോസോമില്‍ (കീടാണുവിന്‍റെ ഭക്ഷണം ദഹിപ്പിക്കുന്ന സംവിധാനം എന്ന് ഇതിനെ സാമാന്യമായി വിശേഷിപ്പിക്കാം) പ്രവേശിച്ച് അതിനുള്ളിലെ പി എച്ച് മൂല്യം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. എന്‍ഡോസോം സാധാരണഗതിയില്‍ അസിഡിക് ആണ്. സ്വയം ഇരട്ടിക്കാന്‍ വൈറസിന് ഇത് ആവശ്യമാണ്. എന്നാല്‍ പി എച്ച് വര്‍ദ്ധിക്കുന്നതോടെ ഈ മരുന്ന് എന്‍ഡോസോമില്‍ അകപ്പെട്ടുപോകും. (അതിന് പുറത്തുവരാന്‍ കഴിയില്ല.) അങ്ങനെ വൈറസ് പെരുകുന്നത് തടയുന്നു.

ഹീമോഗ്ലോബിനില്‍ നിന്നും പുറത്തുവരുന്ന സ്വതന്ത്ര ഹീം (Free Heme) കടുത്ത ശ്വാസകോശ രോഗത്തിന് (Acute Respiratory Syndrome) കാരണമെന്ന് നിഗമനമുണ്ട്. ഹൈഡ്രോക്‌സിക്ലോറോക്വിന് സ്വതന്ത്ര ഹീമിനെ തടയാനും രോഗബാധയ്ക്ക് ശമനമുണ്ടാക്കാനും സാധിക്കും.


ദ് ബെറ്റര്‍ ഇന്‍ഡ്യയുടെ ‘ബെറ്റര്‍ ടുഗെദര്‍’ പദ്ധതി ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കും ദിവസവേതനക്കാര്‍ക്കും കൊറോണയ്‌ക്കെതിരെ മുന്‍നിരയില്‍ നിന്നുപോരാടുന്നവര്‍ക്കും സഹായമെത്തിക്കുന്ന
സിവില്‍ സര്‍വ്വീസ് ഓഫീസര്‍മാര്‍ക്ക് പിന്തുണ നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. നിങ്ങള്‍ക്കും അവരെ സഹായിക്കാം.‍
               മുകളിലെ ബട്ടന്‍ കാണാന്‍ കഴിയുന്നില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

മലേറിയ മരുന്നുകളില്‍ ക്ലോറോക്വിനാണ് ഏറ്റവും സുരക്ഷിതമായി പരിഗണിക്കപ്പെടുന്നത്. ഇത് നിരവധി ദശകങ്ങളായി ഉപയോഗിച്ചുവരുന്നു. എങ്കിലും ഫാള്‍സിപാറം മലേറിയ (Falciparum Malaria)യുടെ കാര്യത്തില്‍ ക്ലോറോക്വിന്‍ പ്രതിരോധം (resistance) കാണുന്നുണ്ട്. (ഇത്തരം കേസുകളില്‍ ART-അധിഷ്ഠിത കോംബിനേഷനാണ് ഫലം നല്‍കുന്നത്.) എന്നാല്‍ വിവാക്‌സ് മലേറിയ (Vivax Malaria)യുടെ കാര്യത്തില്‍ ആ മരുന്ന് ഇപ്പോഴും ഫലപ്രദം തന്നെയാണ്.

കോവിഡ്-19-ന്‍റെ കാര്യത്തില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എന്തൊക്കെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും എന്നതിനെക്കുറിച്ച് പൂര്‍ണ്ണമായ അറിവ് ഇപ്പോഴും ഇല്ല. അതുകൊണ്ടാണ് ചില രാജ്യങ്ങള്‍ ഈ മരുന്ന് ഉപയോഗിക്കുമ്പോഴും മറ്റുള്ളവ ട്രയല്‍സിന്‍റെ ഫലം അറിയാന്‍ കാത്തുനില്‍ക്കുന്നത്. അധികം വൈകാതെ കൃത്യമായ ഡാറ്റയും മരുന്നിന്‍റെ ഫലങ്ങളും പാര്‍ശ്വഫലങ്ങളും അറിയാനാകും.

പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട ഒരുകാര്യം ഇത് ഒരു പ്രിസ്‌ക്രിപ്ഷന്‍ ഡ്രഗ് ആണ് എന്നതാണ്. അതായത് ഡോക്റ്റര്‍മാറാണ് ഇത് എങ്ങനെ എപ്പോള്‍ ഉപയോഗിക്കണമെന്ന് തീരുമാനിക്കേണ്ടത്. അവരുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ഇതുപയോഗിക്കാവൂ. സ്വയം ചികിത്സ പൂര്‍ണ്ണമായും ഒഴിവാക്കണം.


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം