’14-ാം വയസ്സു മുതല്‍ അമ്മ ചുമടെടുക്കാന്‍ തുടങ്ങി…  ആ അധ്വാനമാണ് എന്നെ ഡോക്റ്ററാക്കിയത്’: മകന്‍റെ ഹൃദയം തൊടുന്ന കുറിപ്പ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ താമസിക്കുമ്പോഴും അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളോടെയാവും ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത്. പഠിത്തത്തിനിടയില്‍ ഒരു മണിക്കൂര്‍ പോലും ഉറങ്ങാത്ത ദിവസങ്ങളുണ്ട്. ഡോക്റ്ററാകുന്ന ദിവസമായിരുന്നു അന്നും മുന്നില്‍.

ന്തയില്‍ ചുമടെടുത്താണ് പതിനാലാം വയസ്സു മുതല്‍ തിരുവനന്തപുരം കാരയ്ക്കാമണ്ഡപം സ്വദേശി വാസന്തി ജീവിതം തള്ളിനീക്കിയിരുന്നത്. രണ്ട് മക്കളെ ഒറ്റയ്ക്ക് പോറ്റിയതും ആ കരുത്തിലായിരുന്നു. 

കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അസുഖം ബാധിച്ച് ചുമടെടുക്കാന്‍ വയ്യാതായി.

പച്ചക്കറിയും പഴവുമെടുത്ത് ഉന്തുവണ്ടിയില്‍ വെച്ച് വഴിയോരത്ത് തിരുവനന്തപുരം നഗരത്തില്‍ വില്‍ക്കാന്‍ തുടങ്ങി. 

രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ആ അധ്വാനത്തിനിടയിലാണ് മകന്‍ വേണു ഡോക്റ്ററാകണമെന്ന ആഗ്രഹം പറയുന്നത്. 

നഗരസഭാ അധികൃതരുടെയും പൊലീസിന്‍റെയും കണ്ണുവെട്ടിച്ച് അതല്ലെങ്കില്‍ അവര്‍ കണ്ണടയ്ക്കുന്നതുകൊണ്ട് റോഡില്‍ കച്ചവടം നടത്തിക്കിട്ടുന്ന പണം കൊണ്ട് മകനെ പഠിപ്പിക്കാന്‍ കഴിയുമോ എന്ന ആശങ്ക ആ അമ്മയ്ക്കുണ്ടായിരുന്നു. 

വര്‍ഷങ്ങള്‍ക്കിപ്പുറം ആ മകന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ എം ബി ബി എസ് പഠനത്തിന് ശേഷം ഹൗസ് സര്‍ജന്‍സി ചെയ്യുന്നു. 

മകന്‍ കരുത്തുള്ള ആ അമ്മയെപ്പറ്റി പറയുന്നു.  ഒപ്പം അമ്മ മകനെക്കുറിച്ചും. 

ഡോ.വേണു വി എസ്

 ആശുപത്രി മണമുള്ള അമ്മയില്‍ നിന്നാണ് എനിക്കു ഡോക്ടറാവണമെന്ന ആഗ്രഹം തുടങ്ങുന്നത്.

ഡോ. വേണു

അമ്മയാണ് എന്‍റെ നേട്ടങ്ങള്‍ക്കു പിറകില്‍. അതിനെക്കുറിച്ചു പറയുമ്പോള്‍ തന്നെ ഊര്‍ജ്ജം കൂടും. ഞാന്‍ പത്താംക്ലാസ്സില്‍ പഠിക്കുന്ന സമയത്താണ് അമ്മയ്ക്ക് സുഖമില്ലാതെ ആശുപത്രിയിലായത്. അന്നൊക്കെ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. മറ്റാരും സഹായത്തിന് ഇല്ല. പകച്ചു നിന്ന ദിവസങ്ങള്‍. ഡോക്റ്ററായാല്‍ എന്‍റെ കുടുംബത്തെപ്പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന പലരെയും സഹായിക്കാന്‍ കഴിയുമെന്ന് മനസ്സില്‍ കുറിച്ചു.

അമ്മയ്ക്ക് ഞങ്ങള്‍ രണ്ടാന്മക്കളാണ്. അച്ഛന്‍ ഉപേക്ഷിച്ചു പോയ ഞങ്ങള്‍ക്ക് അറിവുവെച്ച കാലം മുതല്‍ അമ്മയാണ് എല്ലാം.

ചുമട് എടുത്തു കിട്ടുന്ന തുച്ഛമായ വരുമാനമാണ് അമ്മയ്ക്കുണ്ടായിരുന്നത്. പതിന്നാലാം വയസ്സിലാണ് അമ്മ ചുമട് എടുക്കാന്‍ തുടങ്ങിയത്. അത് അറുപത്തിയെട്ടാം വയസ്സ് വരെയും തുടര്‍ന്നു. ഇപ്പോള്‍ അമ്മയ്ക്ക് പ്രായം അറുപത്തൊന്‍പതായി.

കഴിഞ്ഞ വര്‍ഷം അമ്മയുടെ വൃക്ക പണിമുടക്കാന്‍ തുടങ്ങി. അതിനു ശേഷം ഞങ്ങള്‍ നിര്‍ബന്ധിച്ചപ്പോള്‍ ചന്തയിലെ കച്ചവടം അവസാനിപ്പിച്ചു.

അതിരാവിലെ എഴുന്നേറ്റ് പാളയം മാര്‍ക്കറ്റ് ലക്ഷ്യമാക്കി പോകുന്ന അമ്മയുടെ ചിത്രം എന്‍റെ കണ്ണിന് മുന്നിലുണ്ട്. രാവിലെ മണക്കാട്ടേക്ക് വീടിന് അടുത്തു നിന്നും കെഎസ്ആര്‍ടിസി ബസ് കിട്ടും. മണക്കാട്ട് നിന്നും മൊത്തവിലയ്ക്ക് പഴക്കുലകള്‍ എടുത്ത് ഓട്ടോയില്‍ കയറ്റി പാളയം മാര്‍ക്കറ്റില്‍ കൊണ്ടുവരും. രാവിലെ താമസിച്ചുപോയാല്‍ മണക്കാട്ട് നിന്നും മൊത്തവിലയ്ക്ക് കുലകള്‍ എടുക്കാന്‍ കഴിയില്ല.

ഡോ. വേണു, അമ്മ വാസന്തി

പിന്നെ അന്നത്തെ ദിവസം കച്ചവടം കഴിയുമ്പോള്‍ അമ്മയുടെ കയ്യില്‍ ഉണ്ടാകുന്നത് ചെലവുകള്‍ക്ക് തികയില്ല. സന്ധ്യവരെ നീളുന്ന ചില്ലറ കച്ചവടത്തിന് അമ്മയ്ക്ക് കൂട്ടായി ഞാനും ചിലപ്പോള്‍ പോകാറുണ്ടായിരുന്നു. സ്ഥിരമായി ഞങ്ങളില്‍ നിന്നും പഴം വാങ്ങാനായി എത്തുന്ന മനുഷ്യരുണ്ട്. അവരൊക്കെ എത്തുന്ന സമയം വരെ അമ്മ കാത്തു നില്‍ക്കും. എന്നിട്ടേ കച്ചവടം അവസാനിപ്പിക്കൂ.

എന്‍റെ ആഗ്രഹമായിരുന്നു ഡോക്റ്റര്‍ ആവുക എന്നത്. ഓരോ ദിവസവും കൂട്ടിമുട്ടിക്കാന്‍ അമ്മ കഷ്ടപ്പെടുമ്പോള്‍ എന്‍റെ ആഗ്രഹം ഭാരമാകുമോ എന്നൊക്കെ ചിന്തിക്കാറുണ്ട്. അമ്മയ്ക്ക് എഴുത്തും വായനയും അറിയില്ലെങ്കിലും എന്നെക്കാള്‍ നന്നായി കണക്ക് കൂട്ടും. പഴക്കച്ചവടത്തിന് അത് അത്യാവശ്യമാണ് താനും. പ്ലസ് ടു കഴിഞ്ഞപ്പോള്‍ ഡോക്റ്ററാകണമെന്ന് അമ്മയോടും ചേട്ടനോടും പറഞ്ഞു.

‘നമുക്ക് അതിന് പറ്റുമോടാ മോനെ,’ എന്നായിരുന്നു അമ്മയുടെ ആദ്യ ചോദ്യം. ‘കൂടെ നില്‍ക്കാം ധൈര്യമായി പഠിയ്ക്ക്,’ എന്ന വാക്കു പിന്നാലെയെത്തി…

ഒരു ക്ലാസ്സിലും എന്‍റെ മോന്‍ തോറ്റില്ലെന്ന് എല്ലാവരോടും പറയുന്ന അമ്മയെയാണ് എനിക്ക് അറിയാവുന്നത്. ചേട്ടന്‍ ബിജു ബി.കോം വരെ പഠിച്ചിട്ടുണ്ട്. ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു. ചേട്ടനെയും എന്നെയും പഠിപ്പിക്കാന്‍ അമ്മയുടെ വിയര്‍പ്പ് ധാരാളമായി ഒഴുക്കിയിട്ടുണ്ട്.

എന്‍റെ പഠനം തുടങ്ങിയതു മുതല്‍ പല നല്ല മനസ്സുകളും മുന്നിലെത്തി. പ്ലസ് ടു കഴിഞ്ഞ് എന്‍ട്രന്‍സ് കോച്ചിംഗിന് തിരുവനന്തപുരം സഫയറിലായിരുന്നു. അതിന്‍റെ ഉടമ സുനില്‍ സാറിനോടുള്ള കടപ്പാട് വാക്കിലൊതുക്കാവുന്നതല്ല. ഫീസ് വാങ്ങാതെ എന്നെ പഠിപ്പിച്ചുവെന്ന് മാത്രമല്ല, ലക്ഷ്യത്തിലെത്തുവാന്‍ അക്ഷീണം പരിശ്രമിക്കാനുള്ള പ്രചോദനവും തന്നു. ഇപ്പോഴും അത് തുടരുന്നുവെന്നതാണ് വാസ്തവം.

എം.ബി.ബി.എസ് രണ്ടാം വര്‍ഷം വരെയും ഞാന്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ട്യൂഷനെടുക്കുമായിരുന്നു. അമ്മയ്ക്ക് ഒരു സഹായമാകട്ടെ എന്നാണ് അന്ന് കരുതിയത്. നിരവധി പേര്‍ പിന്നാലെ സഹായവുമായി എത്തി. ഉഷ ശ്രീമേനോനെയും അവരുടെ ഭര്‍ത്താവ് ഹരിനാരായാണനെയും ഒരിക്കലും മറക്കാന്‍ കഴിയില്ല. സാമ്പത്തികമായി ഒരുപാട് സഹായിക്കുകയും ഒരു മകനെപ്പോലെ കരുതുകയും ചെയ്യുന്നു.

ഇനി ആ അമ്മയുടെ വാക്കുകള്‍

വാസന്തി

കാരയ്ക്കാമണ്ഡപത്തെ രണ്ടേമുക്കാല്‍ സെന്‍റിലെ ചെറിയ വീടും രണ്ടു മക്കളും മാത്രമാണ് എന്‍റെ സമ്പാദ്യം.

കുഞ്ഞുങ്ങളായിരുന്ന സമയത്ത് മക്കളെ അടുത്ത വീട്ടിലോ അനുജത്തിയുടെ അടുത്തോ ആക്കിയിട്ടായിരുന്നു ജോലിക്ക് പോയിരുന്നത്.

വാസന്തി

എല്ലുമുറിയെ പണിയെടുത്തിട്ടുണ്ട്. ചെറിയ ചുമടുകള്‍ എടുത്ത് കടകളില്‍ എത്തിച്ച് കിട്ടുന്ന വരുമാനത്തിനും അപ്പുറം ചെലവ് വന്നപ്പോള്‍ ഭാരമേറിയ ചാക്കുകളും ചുമക്കാന്‍ തുടങ്ങി. പത്ത് വര്‍ഷത്തോളം അത് തുടര്‍ന്നു. പ്രായം കൂടുകയും ആരോഗ്യം കുറയുകയും ചെയ്തയോടെ ചുമട്ട് ജോലി നിര്‍ത്തി.’

ഇതെല്ലാം പറയുമ്പോഴും വാസന്തി ചേച്ചിയുടെ മുഖത്ത് പ്രത്യേകിച്ച് ഭാവ വ്യത്യാസങ്ങളൊന്നും ഇല്ല.

“രാവിലെ ഞാനിട്ടുകൊടുത്ത ഒരു ചായ മാത്രം കുടിച്ചു കൊണ്ട് പഠിക്കാന്‍ പോയ ദിവസങ്ങളുണ്ടായിരുന്നു വേണുവിന്. നല്ലതുപോലെ പഠിക്കുമായിരുന്നു. ഒന്നിനും നിര്‍ബന്ധിക്കേണ്ട, എല്ലാം അറിഞ്ഞു കേട്ടു ചെയ്തു കൊള്ളും. അവനെ ഇന്ന് വെള്ളക്കോട്ട് ഇട്ട് കാണുമ്പോഴുള്ള സന്തോഷവും അഭിമാനവും എത്രയാണെന്ന് പറഞ്ഞറിയിക്കാനും പറ്റില്ല,” ഇതു പറയുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ക്ക് തിളക്കം കൂടി.

“പത്താം ക്ലാസ്സ് വരെ വേണു നേമം ബോയ്‌സ് സ്‌കൂളിലാണ് പഠിച്ചത്. നല്ല മാര്‍ക്ക് ലഭിച്ചതു കൊണ്ട് സെന്‍റ് ജോസഫ് സ്‌കൂളില്‍ പ്ലസ്ടുവിന് അഡ്മിഷന്‍ ലഭിച്ചു. പ്ലസ്ടുവിനും നല്ല മാര്‍ക്കോടെ വിജയം നേടി. അവന്‍റെ ആഗ്രഹം പോലെ അവന്‍ ഒരു ഡോക്റ്ററായി വരുന്നതും കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍,’ ചേട്ടന്‍ ബിജുവിന്‍റെ ഓരോ വാക്കിലും അനുജനെ കുറിച്ചുള്ള അഭിമാനം.

വേണുവിലേക്ക് വീണ്ടും

“ജീവിതത്തിന്‍റെ പരമാവധിയായി എന്നെപ്പോലെയുള്ളവര്‍ക്ക് സ്വപ്നം കാണാവുന്ന മറ്റ് ചെറിയ ജോലികളുണ്ട്,’ ഡോ. വേണു പറയുന്നു. “എന്നാല്‍ എന്‍റെ അമ്മയുടെ കഷ്ടപ്പാടുകള്‍ക്ക് മുന്നില്‍ അതിനെല്ലാം അപ്പുറത്തേക്ക് പോകണമെന്നു ചിന്തിച്ചിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ താമസിക്കുമ്പോഴും അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളോടെയാവും ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത്. പഠിത്തത്തിനിടയില്‍ ഒരു മണിക്കൂര്‍ പോലും ഉറങ്ങാത്ത ദിവസങ്ങളുണ്ട്. ഡോക്റ്ററാകുന്ന ദിവസമായിരുന്നു അന്നും മുന്നില്‍. എം.ബി.ബി.എസ്സിന് പഠിക്കുമ്പോഴും ഇപ്പോള്‍ ഹൗസ് സര്‍ജന്‍സി ചെയ്യുമ്പോഴും എന്‍റെ കുടുംബത്തെ പോലെയുള്ള പലരും മുന്നിലെത്തും. അവര്‍ക്ക് മുന്നില്‍ പ്രതീക്ഷയുടെ വിളക്കായി നില്‍ക്കണമെന്ന ആഗ്രഹമുണ്ട്,” വേണു പറയുന്നു.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം