പഠിപ്പില്ല, പണവുമില്ല, വിശന്നുകരഞ്ഞ മോന് പാലില്‍ വെള്ളം ചേര്‍ത്തുകൊടുക്കേണ്ടി വന്നിട്ടുണ്ട്: അവിടെ നിന്നാണ് ലക്ഷങ്ങള്‍ നേടുന്ന വിജയത്തിലേക്ക് ശില്‍പയെത്തുന്നത്

“എന്‍റെ കൈയില്‍ പണമില്ല. സമ്പാദ്യമില്ല. വിദ്യാഭ്യാസമില്ല. പക്ഷെ, ജീവിച്ചേ മതിയാകൂ.” ഇങ്ങനെയൊരു ചിന്തയില്‍ നിന്നാണ് ശില്‍പയെന്ന സാധാരണക്കാരി ജീവിക്കാനുള്ള ഊര്‍ജ്ജം നേടുന്നത്.

ശില്പയുടേതൊരു വലിയ പോരാട്ടത്തിന്‍റെ കഥയാണ്. വെറും പോരാട്ടമല്ല അതിജീവനത്തിനായുള്ള നിരന്തര സമരത്തിന്‍റെ വിജയം കൂടിയാണത്. അതിനായി അവര്‍ താണ്ടിയ വഴികള്‍ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. പക്ഷെ ആ വഴികളിലൊന്നിലും അവര്‍ തളര്‍ന്നു വീണില്ല. വിജയിക്കേണ്ടത് അവരുടെയും കുടുംബത്തിന്‍റേയും ആവശ്യമായിരുന്നു.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.

മംഗലാപുരത്തെ ‘ഹാലേ മാനേ റോട്ടി’എന്ന മൊബൈല്‍ ഫാസ്റ്റ് ഫുഡ് ട്രക്കിന്‍റെ ഉടമ ശില്പ വെറുമൊരു സംരഭകയല്ല. പണമോ വിദ്യാഭ്യാസമോ ഇല്ല. സഹായിക്കാന്‍ കാര്യമായി ആരുമില്ല. എങ്കിലും ദൃഢനിശ്ചയവും ആത്മവിശ്വാസവും ശില്‍പയ്ക്ക് മൂലധനമായി.

“2015-ലാണ് ഞാന്‍ ഈ സംരഭം ആരംഭിക്കുന്നത്. ജീവിതം വഴിമുട്ടി നിന്നപ്പോള്‍ കണ്‍മുന്നിലുദിച്ച ഒരാശയമായിരുന്നു. പത്താംക്ലാസു പോലും പൂര്‍ത്തിയാക്കാത്ത ഞാന്‍ കുടുംബത്തിന്‍റെ മുഴുവന്‍ ഭാരവും ഏറ്റെടുക്കുകയായിരുന്നു. അന്നൊന്നും വിജയത്തെക്കുറിച്ചായിരുന്നില്ല ചിന്ത. ചെറിയ മകനും ഞാനും ഉള്‍പ്പടെയുള്ള എന്‍റെ കുടുംബത്തെ കുറിച്ചു മാത്രമായിരുന്നു. അതുകൊണ്ടു ഇതൊരു യാദൃച്ഛികമായ വിജയം മാത്രം,” 36-കാരി ശില്പ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കഠിനാദ്ധ്വാനം ശില്പയുടെ ബിസിനസിനെ ഓരോ ദിവസവും കരുത്തുറ്റതാക്കി കൊണ്ടിരുന്നു. ഇന്ന് മൊബൈല്‍ ഫാസ്റ്റ് ഫുഡ് ബിസിനസ് രംഗത്ത് ഹാലെ റൊട്ടി മാനേ ഏറെ ശ്രദ്ധിക്കപ്പെടുന്നു. ഒപ്പം ശില്‍പയുടെ ജീവിതം ഒരുപാട് പേര്‍ക്ക് ധൈര്യം പകരുകയും ചെയ്യുന്നു.

“എന്‍റെ സാഹചര്യങ്ങളാണ് എന്നെ ബിസിനസിലെത്തിച്ചത്. ഇതിലേക്ക് വരും വരെ ഒരു സംരഭകയാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. പ്രാദേശികമായി എനിക്ക് ലഭിച്ച പിന്തുണയാണ് ബിസിനസില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം,” ബിസിനസ് ക്ലിക്കായതിനെപ്പറ്റി ശില്പ വിശദീകരിക്കുന്നു.

ശില്‍പയുടെ ഫുഡ് ട്രക്ക്

കര്‍ണാടകയിലെ ഹാസനിലെ ഒരു കാര്‍ഷിക കുടുംബത്തിനിന്നാണ് ശില്പ വരുന്നത്. ചെറുപ്പത്തില്‍ തന്നെ പാചക പരീക്ഷണങ്ങള്‍ ശില്പയ്ക്ക് ഇഷ്ടമായിരുന്നു.

“വിവാഹശേഷം 2005-ലാണ് ഞാന്‍ മംഗലാപുരത്തെത്തുന്നത്. അന്ന് മകന് പ്രായം മൂന്നു വയസു മാത്രം. ഭര്‍ത്താവിന് സിറ്റിയില്‍ ബിസിനസായിരുന്നു. അങ്ങനെ കാര്യങ്ങള്‍ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കെയാണ് 2009-ല്‍ ബെംഗളുരുവില്‍ ചില ബിസിനസ് ആവശ്യങ്ങള്‍ക്കായി പോയ ഭര്‍ത്താവിനെ കാണാതാകുന്നത്.”

അന്വേഷണങ്ങള്‍ക്കും പരാതികള്‍ക്കും കാത്തിരിപ്പിനും ഫലമുണ്ടായില്ല.


അതോടെ ഞങ്ങള്‍ സാമ്പത്തികമായി തകര്‍ന്നു. ഭക്ഷണത്തിനുപോലും  പണമില്ലാതായി.


“പലപ്പോഴും വിശന്നു കരയുന്ന എന്‍റെ മകന് പാലില്‍ വെള്ളം ചേര്‍ത്ത് കൊടുക്കുക പതിവായിരുന്നു. എന്‍റെ കൈയില്‍ പണമില്ല. സമ്പാദ്യമില്ല. വിദ്യാഭ്യാസമില്ല. പക്ഷെ, ജീവിച്ചേ മതിയാകൂ. ഒരു ജോലിക്കായി ശ്രമം തുടങ്ങി,”ശില്പ തുടരുന്നു.

ശില്‍പ

ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകാതെ അത്യന്തം ദുഷ്‌കരമായ ഇത്തരം സാഹചര്യത്തില്‍ ഏതൊരാളും എല്ലാ പ്രതീക്ഷകളും ഉപേക്ഷിക്കുന്നിടത്തു നിന്ന് തന്‍റെ ജീവിതം കരുപ്പിടുപ്പിക്കാന്‍ ശില്പ തീരുമാനിച്ചു.

ഒരു വശത്ത് സാമ്പത്തികമായ തകര്‍ച്ച, ദാരിദ്ര്യം… മറുവശത്ത് അകന്ന ബന്ധുക്കളില്‍ നിന്നും അയല്‍ക്കാരില്‍ നിന്നുമുള്ള നിരന്തരമായ അവഗണനയും കുത്തുവാക്കുകളും. ഒപ്പം ജോലിയൊന്നും തരപ്പെടാത്ത നിരാശയും.

“റിസപ്ഷനിസ്റ്റ്, കുക്ക്, ക്ലീനിങ്ങ് ജോലി, സെയില്‍സ് വമണ്‍… അങ്ങനെ പല ജോലിക്കും ശ്രമിച്ചു. ഇന്‍റെര്‍വ്യൂവിനു പോകുമ്പോഴും ആളുകള്‍ എന്‍റെ ഭര്‍ത്താവിനെക്കുറിച്ച് ചോദിക്കും. പക്ഷെ, ഒരിടത്തു നിന്നും അനുഭാവപൂര്‍വ്വമായ ഒരു പരിഗണനയും ലഭിച്ചില്ലെന്നു മാത്രമല്ല, പരിഹസിക്കപ്പെട്ടുകൊണ്ടുമിരുന്നു. എന്‍റെ കഴിവുകള്‍ പരിഗണിക്കപ്പെട്ടതേയില്ല,”ശില്പ ഓര്‍മ്മിക്കുന്നു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ശില്പയുടെ സഹോദരന്‍ ചിരഞ്ജീവി മംഗലാപുരത്ത് സെക്യൂരിറ്റി ജീവനക്കാരന്‍റെ തൊഴില്‍ സ്വീകരിച്ചു. തുടര്‍ന്ന് ശില്പ ബ്യൂട്ടിപാര്‍ലര്‍, സൈബര്‍ കഫെ, ഫാക്ടറികള്‍ എന്നിവടങ്ങളിലായി പല ജോലികള്‍ക്കും പോയി. പക്ഷെ, അവിടെ നിന്നു ലഭിക്കുന്ന ചെറിയ വരുമാനം കൊണ്ട് മാത്രം ജീവിക്കാന്‍ കഴിയാത്ത അവസ്ഥ.

വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ശില്‍പ തെരഞ്ഞുതുടങ്ങി. അങ്ങനെയിരിക്കെ അമ്മയുമായി നടത്തിയ ഒരു സംഭാഷണമാണ് ശില്പയെ ഒരു ബിസിനസുകാരിയാക്കിത്തീര്‍ക്കുന്നത്.

വിദ്യാര്‍ത്ഥികളുമായി സ്വന്തം അനുഭവങ്ങളും ബിസിനസ് രഹസ്യങ്ങളും പങ്കുവെയ്ക്കുന്നു

“2015 ലായിരുന്നു അത്. എന്‍റെ പാചകരീതികളെ എല്ലായ്പ്പോഴും പ്രശംസിച്ചിരുന്നതു പോലെ അന്നും പുകഴ്ത്തി സംസാരിച്ചു. ഒരു ഹോട്ടല്‍ തുടങ്ങിയാലെന്താണെന്നും അമ്മ ചോദിച്ചു. അങ്ങനെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികള്‍ തേടിയിരുന്ന എന്‍റെ മനസിലേക്ക് ഒരു മിന്നലായി അമ്മയുടെ ഈ സംഭാഷണം വന്നു. എന്തുകൊണ്ട് എന്‍റെ പാചകവൈദഗ്ധ്യം ഉപയോഗപ്പെടുത്തിക്കൂടാ, അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ചെയ്തുകൂടാ,” ശില്പ ഓര്‍മ്മിക്കുന്നു.

പക്ഷെ ഹോട്ടല്‍ തുടങ്ങാനുള്ള സ്ഥലം വാടകയ്‌ക്കോ പണയത്തിനോ എടുക്കാനുള്ള പണമൊന്നും ശില്പയുടെ കൈവശമുണ്ടായിരുന്നില്ല. അങ്ങനെയാണ് മൊബൈല്‍ തട്ടുകകട തുടങ്ങിയാലെന്താണെന്ന് അവര്‍ ചിന്തിക്കുന്നത്.

അതിനും പണം വേണ്ടേ? മകന്‍റെ വിദ്യാഭ്യാസത്തിനായി സ്ഥിരനിക്ഷേപമായി ഇട്ടിരുന്ന 1 ലക്ഷം രൂപ പിന്‍വലിച്ചു. അതുകൊണ്ട ഒരു പഴയ ട്രക്കും അവശ്യം വേണ്ട പാത്രങ്ങളും മറ്റും വാങ്ങി.

“എന്‍റെ കൈയ്യിലുള്ള അവസാനത്തെ തുട്ടും യാതൊരു മുന്‍പരിചയവുമില്ലാത്ത ബിസിനസില്‍ നിക്ഷേപിക്കുന്നത് വലിയ റിസ്‌കായിരുന്നു. എന്നാല്‍ എനിക്ക് എന്‍റെ പാചകവൈദഗ്ധ്യത്തില്‍ സംശയമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ, വടക്കന്‍ കര്‍ണ്ണാടക രുചികള്‍ മംഗലാപുരത്തുള്ളവര്‍ സ്വീകരിക്കുമോ എന്ന് എനിക്ക് ഭയമുണ്ടായിരുന്നു. എനിക്ക് നഷ്ടപ്പെടാന്‍ ബാക്കിയൊന്നുമുണ്ടായിരുന്നില്ല. വിജയിക്കുക മാത്രമായിരുന്നു മുന്നിലുണ്ടായിരുന്ന വഴി,”ശില്പ പറയുന്നു.

ജയം രുചിക്കുന്നു

ശില്‍പയും ഫുഡ് ട്രക്കും..

2015-ല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഓഫിസുകളുടെയും മാളുകളുടെയും സമീപത്തായി മൊബൈല്‍ കാന്‍റീന്‍ തുറന്നു. അപ്പോഴേക്കും സഹോദരിയെ സഹായിക്കാനായി ജോലി ഉപേക്ഷിച്ച് ചിരഞ്ജീവിയുമെത്തി.
ആദ്യ ദിനം തന്നെ ഫുഡ് ട്രക്ക് ലാഭമുണ്ടാക്കി. ഹോട്ടലുകളേക്കാള്‍ വിലക്കുറച്ചായിരുന്നു ഭക്ഷണം നല്‍കിയത് എന്നതായിരുന്നു ഒരു കാരണം. ഓരോ ദിവസം കഴിയുന്തോറും ശില്പയുടെ ഫുഡ് ട്രക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിച്ചുകൊണ്ടിരുന്നു.

ക്രമേണ ഐ റ്റി പ്രൊഫഷണലുകളും ഡോക്ടര്‍മാരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന വലിയ വിഭാഗം ശില്പയുടെ ഫുഡ് ട്രക്കിലെ സ്ഥിരം ഭക്ഷണപ്രേമികളായി. അങ്ങനെ പ്രതിദിനം 5,000 രൂപ വരെ ലഭിക്കുന്ന രീതിയില്‍ അവരുടെ ബിസിനസ് വളര്‍ന്നു.

“ഒരു തരത്തിലുമുള്ള രാസവസ്തുക്കളോ ആരോഗ്യത്തെ ബാധിക്കുന്ന നിറങ്ങളോ ചേര്‍ക്കാതെയാണ് ഞാന്‍ ഭക്ഷണം വിളമ്പുന്നത്. വടക്കന്‍ കര്‍ണ്ണാടകയുടെ പ്രിയ വിഭവങ്ങളായ ചോളത്തിലും അരിയിലുമുണ്ടാക്കുന്ന റൊട്ടി, റാഗി മുദ്ദെ, ചോറ്, ഒപ്പം പരമ്പരാഗത മസാലക്കൂട്ടുകള്‍ ചേര്‍ത്ത് തയ്യാറാക്കിയ കറികള്‍ തുടങ്ങി ആരോഗ്യകരമായ ഭക്ഷണമാണ് ഞങ്ങള്‍ വിളമ്പുന്നത് ,” ശില്പ വ്യക്തമാക്കുന്നു.

ഫുഡ് ട്രക്ക് ബിസിനസ് വിജയമായതോടെ ശില്പയുടെ ജീവിതം ക്രമേണ പച്ചപിടിച്ചു തുടങ്ങി. ശില്‍പയുടെ ജീവിതത്തെക്കുറിച്ച് ഒരു പ്രാദേശിക പത്രത്തില്‍ വാര്‍ത്ത വന്നു. അത് മറ്റ് മാധ്യമങ്ങള്‍ ഏറ്റെടുത്തു.
“പത്രങ്ങളില്‍ വാര്‍ത്ത വന്നതോടെ എന്‍റെ ജീവിതത്തില്‍ വലിയ വഴിത്തിരിവാണുണ്ടായത്. എന്നെക്കുറിച്ച് വായിക്കാനിടയായ ആനന്ദ് മഹീന്ദ്ര (മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ മേധാവി) എനിക്കൊരു ബൊലേറോ മാക്സി ട്രക്ക് പ്ലസ് സമ്മാനമായി തന്നു,”ശില്പ സന്തോഷത്തോടെ വിവരിക്കുന്നു.

ഇന്ന് ശില്പ വിജയിച്ച സംരംഭക എന്ന നിലയില്‍ ഒരു റോള്‍ മോഡലാണ്. അവരുടെ ഫുഡ് ട്രക്ക് ഇന്ന് മംഗലാപുരം നഗരത്തിലെ ഒരു പ്രസ്ഥാനമാണ്. മാത്രമല്ല, നിരവധി ഹോട്ടലുകളും മറ്റും അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. എന്നാല്‍ സ്വതന്ത്രയായി നിലകൊള്ളാനാണ് ശില്പയുടെ ആഗ്രഹം.
ജീവിത വിജയവും ബിസിനസ് രഹസ്യങ്ങളും പങ്കുവെയ്ക്കുന്നതിനായി വെല്‍കം ഗ്രൂപ്പ് ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് ഉള്‍പ്പടെയുള്ള വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇപ്പോള്‍ ശില്‍പയെ ക്ഷണിക്കുന്നു.


ഇതുകൂടി വായിക്കാം: ബോംബെയിലെ ആയിരക്കണക്കിന് പാവങ്ങളെ ഊട്ടിയ ബാപ്പയുടെ ഓര്‍മ്മയില്‍ കിടപ്പുരോഗികള്‍ക്കായി അഭയകേന്ദ്രമൊരുക്കി സഹോദരന്മാര്‍


“ഈശ്വരാനുഗ്രഹം, കഠിനാദ്ധ്വാനം…അതുകൊണ്ടൊക്കെ എനിക്കിന്ന് തരക്കേടില്ലാത്ത ഒരു നിലയിലെത്താനും 12 വയസുള്ള എന്‍റെ മകന്‍റെ ഭാവി സുരക്ഷിതമാക്കാനും കഴിഞ്ഞു. എന്നെങ്കിലുമൊരിക്കല്‍ സ്വന്തമായി ഒരു ഹോട്ടല്‍ തുടങ്ങണമെന്നാണ് ആഗ്രഹമുണ്ട്. എന്‍റെ സ്വപ്നം സഫലമാക്കാന്‍ ഞാന്‍ കഠിനാദ്ധ്വാനം തുടരും,” അവര്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം