കാച്ചില്‍ 28 തരം, ചേമ്പ് 22, മഞ്ഞള്‍ 12: കേരളം മറന്ന കാട്ടുകിഴങ്ങുകളും നെല്ലിനങ്ങളുമായി വയനാടന്‍ ജൈവകര്‍ഷകന്‍

അന്യം നിന്നുപോയെന്നുകരുതിയ നിരവധി നെല്ലിനങ്ങള്‍, കിഴങ്ങുകള്‍, മഞ്ഞള്‍ എന്നിവ ഇദ്ദേഹത്തിന്‍റെ കൃഷിയിടത്തിലുണ്ട്. അവയുടെ വിത്തുകളും കിഴങ്ങുകളുമായി ചെന്നെത്താവുന്ന എല്ലാ കാര്‍ഷിക പ്രദര്‍ശനങ്ങളിലും മാനുവല്‍ എത്തും.

ത്താംക്ലാസ്സ് കഴിഞ്ഞപ്പോള്‍ ചാച്ചന്‍ പറഞ്ഞു, “പഠിച്ചതൊക്കെ മതി, നീയും പറമ്പിലേക്കിറങ്ങ്…”

അങ്ങനെ വയനാട് എടവക ചേമ്പോത്തെ പി ജെ മാനുവലും അഞ്ച് ചേട്ടന്മാര്‍ക്കൊപ്പം പാടത്തേക്കിറങ്ങി. പിന്നീടങ്ങോട്ട് പാടത്തും പറമ്പിലുമായി മാനുവലിന്‍റെ ജീവിതം.

മാനുവല്‍

പക്ഷേ, മാനുവലിന് അതില്‍ പ്രത്യേകിച്ച് വിഷമമൊന്നും തോന്നിയില്ല. എന്ന് മാത്രമല്ല, ചേറിന്‍റെ മണവും പാടത്തെ പണിയും ഒത്തിരി ഇഷ്ടവുമായിരുന്നു.

“1964 ല്‍ എസ് എസ് എല്‍ സി പഠനം കഴിഞ്ഞാണ് കൃഷിയിലേക്ക് ഇറങ്ങുന്നത്. കൃ്ഷിയോട് പഠിച്ചോണ്ടിരിക്കുമ്പോഴേ ഇഷ്ടമായിരുന്നു. ഏറ്റവും ഇഷ്ടം കന്നുപൂട്ട് കാണാനായിരുന്നു…കന്നുപൂട്ടിനിടയില്‍ ആ ചളിയിലിറങ്ങി നടക്കുന്നത് വലിയ ഇഷ്ടമായിരുന്നു…,” മാനുവല്‍ തന്‍റെ കഥ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞുതുടങ്ങുന്നു.


ഞങ്ങള്‍ ഒമ്പത് മക്കളായിരുന്നു. അതില്‍ രണ്ടുപേര്‍ കുഞ്ഞിലേ മരിച്ചു. ബാക്കി ഏഴുപേരില്‍ ഒരാള്‍ മിലിറ്ററിയില്‍ പോയതൊഴിച്ചാല്‍ ബാക്കി ആറുപേരും കൃഷിക്കാരാണ്.


കോഴിക്കോട് ഹോസ്റ്റലില്‍ നിന്നായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം.

പത്താംക്ലാസുവരെ കോഴിക്കോട് സെന്റ് ജോസഫ് ബോയ്‌സ് ഹൈസ്‌കൂളില്‍. സ്‌കൂളിലായിരുന്നപ്പോല്‍ പഠനത്തിനൊപ്പം കലാ-കായികരംഗത്ത് സജീവമായിരുന്നു. എങ്കിലും പത്താംക്ലാസ്സ് കഴിഞ്ഞുവന്നപ്പോള്‍ ചാച്ചന്‍ ജോസഫിന്‍റെ ആജ്ഞ വന്നു, പറമ്പിലേക്കിറങ്ങാന്‍. അത് മാനുവല്‍ അനുസരിച്ചു.
“ചാച്ചന്‍ ജോസഫ് കര്‍ഷകനായിരുന്നു. ഞങ്ങള്‍ ഒമ്പത് മക്കളായിരുന്നു. അതില്‍ രണ്ടുപേര്‍ കുഞ്ഞിലേ മരിച്ചു. ബാക്കി ഏഴുപേരില്‍ ഒരാള്‍ മിലിറ്ററിയില്‍ പോയതൊഴിച്ചാല്‍ ബാക്കി ആറുപേരും കൃഷിക്കാരാണ്. മിലിറ്ററിയിലുണ്ടായിരുന്ന ജ്യേഷ്ഠനും ഇപ്പോള്‍ റിട്ടയര്‍ ആയി നാട്ടില്‍ വ്ന്ന് കൃഷി ചെയ്യുന്നു,” മാനുവല്‍ പറഞ്ഞു.


ഇതുകൂടി വായിക്കാം: രണ്ടുതവണ വൃക്ക മാറ്റിവെച്ചു, രക്താര്‍ബുദത്തോട് പോയി പണിനോക്കാന്‍ പറഞ്ഞു; ഇന്നും ഷട്ടില്‍ കോര്‍ട്ടില്‍ പറക്കുന്ന ഡേവിസേട്ടന് ഇതൊന്നും ‘ഒരാനക്കാര്യമല്ലെന്നേ’


ഇന്ന് പി ജെ മാനുവല്‍ കേരളത്തിലെ ജൈവകര്‍ഷകര്‍ ഏറെ ആദരിക്കുന്ന ഒരു പേരാണ്. അന്യം നിന്നുപോയെന്നുകരുതിയ നിരവധി നെല്ലിനങ്ങള്‍, കിഴങ്ങുകള്‍, മഞ്ഞള്‍ എന്നിവ ഇദ്ദേഹത്തിന്‍റെ കൃഷിയിടത്തിലുണ്ട്. അവയുടെ വിത്തുകളും കിഴങ്ങുകളുമായി ചെന്നെത്താവുന്ന എല്ലാ കാര്‍ഷിക പ്രദര്‍ശനങ്ങളിലും മാനുവല്‍ എത്തും, ജൈവകൃഷിയുടെയും നാടന്‍ വിത്തുകള്‍ സംരക്ഷിക്കേണ്ടതിന്‍റെയും സന്ദേശം പകരും.

കാച്ചില്‍ (Image for representation. Photo source: Pixabay.com

അദ്ദേഹത്തിന്‍റെ പറമ്പില്‍ 28 ഇനം കാച്ചിലുണ്ട്, 22 ഇനം ചേമ്പ്, 12 ഇനം മഞ്ഞങ്ങള്‍, ഏഴ് ഇനം മധുരക്കിഴങ്ങ്…ആ പട്ടികയുടെ നീളം കൂടുതലാണ്.

”ചെറുപ്പത്തിലേ കിഴങ്ങുവിളകളോട് അല്‍പം താല്‍പര്യം കൂടുതലായിരുന്നു,” എന്ന് മാനുവല്‍. സ്വന്തമായി ഒരു മഞ്ഞള്‍ ഇനം വികസിപ്പിച്ചെടുക്കുക കൂടി ചെയ്തു ഈ കര്‍ഷകന്‍. അതിന് പി ജെ എന്ന് പേരിട്ടു.


പറമ്പില്‍ 28 ഇനം കാച്ചിലുണ്ട്, 22 ഇനം ചേമ്പ്, 12 ഇനം മഞ്ഞങ്ങള്‍, ഏഴ് ഇനം മധുരക്കിഴങ്ങ്…ആ പട്ടികയുടെ നീളം കൂടുതലാണ്.


വൈവിധ്യമാര്‍ന്ന കാര്‍ഷിക ഉല്‍പന്നങ്ങള്‍ നട്ടുപരിചരിക്കാനും കര്‍ഷകരെ പരിചയപ്പെടുത്താനുമാണിപ്പോള്‍ അദ്ദേഹം കൂടുതല്‍ സമയം ചെലവഴിക്കുന്നത്. “കുടുംബവിഹിതമായി ഒന്നരയേക്കര്‍ ലഭിച്ചു. അതിലെ അധ്വാനം കൊണ്ട് അഞ്ചേക്കര്‍ പറമ്പുവാങ്ങി.” ഈ അഞ്ചേക്കറിന് പുറമെ മൂന്നേക്കര്‍ പാട്ടത്തിനെടുത്തും നെല്‍കൃഷി ചെയ്യുന്നു.

കേരള ജൈവകര്‍ഷക സമിതിയുടെ സംസ്ഥാന സമിതി അംഗമായ മാനുവല്‍ സമിതി സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന വിത്തുവണ്ടി പ്രചാരണത്തിനായി തയ്യാറെടുക്കുന്നതിന്‍റെ ആവേശത്തിലായിരുന്നു.


ഇതുകൂടി വായിക്കാം: ‘ഞങ്ങടെ ബീച്ചില്‍ ടൂറിസം നടത്താന്‍ ഞങ്ങക്കറിയാം’: കടലോരവും കവ്വായിക്കായലും കല്ലുമ്മക്കായ് വരട്ടിയതും ചേരുന്ന പാണ്ഡ്യാല മോഡല്‍


മാനുവലിന്‍റെ ശേഖരത്തിലെ ഒരിനം കാച്ചില്‍

അപൂര്‍വ്വങ്ങളായ പന്ത്രണ്ട് നാടന്‍ നെല്‍വിത്തിനങ്ങള്‍ അദ്ദേഹം ഇപ്പോഴും സൂക്ഷിക്കുന്നു. കാച്ചിലിനും ചേമ്പിനും പുറമെ വലകീര്‍, മുടുക്ക, നര, നൂറോണ്‍ തുടങ്ങിയ കാട്ടുകിഴങ്ങുകളുടെ ശേഖരവും ഉണ്ട്.

കാച്ചില്‍ ഇനത്തില്‍പെട്ടതും അന്യം നിന്നുപോകുന്നതുമായ മുള്ളന്‍ കിഴങ്ങ് മാനുവല്‍ ഇപ്പോഴും കൃഷി ചെയ്യുന്നുണ്ട്. പോഷക സമൃദ്ധമായ ഈ കിഴങ്ങിനെ കുറിച്ച് ഇന്ന് മലയാളികള്‍ക്ക് അധികമൊന്നും അറിയുമെന്ന് തോന്നുന്നില്ല.

“നേരത്തെ പതിനെട്ടിനം നെല്‍വിത്ത് കൈവശം ഉണ്ടായിരുന്നു. ഇപ്പോള്‍ പക്ഷേ, എട്ട് ഇനം മാത്രമേ കൃഷി ചെയ്യുന്നുള്ളൂ,” അദ്ദേഹം പറഞ്ഞു. കഴി്ഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ നെല്‍കൃഷി വല്ലാതെ ബാധിക്കപ്പെട്ടു.


അക്കാലത്ത് വായിച്ച ഒരു പുസ്തകം കൃഷിയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ധാരണകളെ അട്ടിമറിച്ചു


ഭൂരിഭാഗം കര്‍ഷകരെയും പോലെ രാസവളവും രാസകീടനാശിനികളും ഉപയോഗിച്ചുതന്നെയായിരുന്നു ആദ്യകാലങ്ങളില്‍ മാനുവലിന്‍റെയും കൃഷി. പക്ഷേ കൃഷിയോടൊപ്പം വായനയിലും സാമൂഹ്യപ്രവര്‍ത്തനങ്ങളിലും താല്‍പര്യമുണ്ടായിരുന്നു.

അടുത്തുള്ള എള്ളുമന്നത്തെ ഗ്രാമോദയ വായനശാല സ്ഥാപിച്ചത് മാനുവലിന്‍റെ കൂടി ഉത്സാഹത്തിലാണ്. വര്‍ഷങ്ങളോളം ആ വായനശാലയുടെ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഒപ്പം ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ പ്രവര്‍ത്തനവും ഉണ്ടായിരുന്നു.

മസനോബു ഫുക്കുവോക്ക.  Photo source: wikimedia commons

ഇതുകൂടി വായിക്കാം: തൃശ്ശൂര്‍ക്കാരന്‍ കരീമിനെ സദ്യക്ക് വിളിച്ചാല്‍ 1,500 സ്റ്റീല്‍ ഗ്ലാസും കൂടെപ്പോവും: അതിലൊരു കഥയുണ്ട്


അക്കാലത്ത് വായിച്ച ഒരു പുസ്തകം കൃഷിയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ധാരണകളെ അട്ടിമറിച്ചു–ജപ്പാന്‍കാരനായ മസനോബു ഫുക്കുവോക്കയുടെ ‘ഒറ്റവൈക്കോല്‍ വിപ്ലവം’. ലോകത്തുള്ള ലക്ഷക്കണക്കിന് പേരെ സ്വാധീനിച്ച ആ പുസ്തകം അദ്ദേഹത്തെയും ആഴത്തില്‍ മാറ്റിമറിച്ചു. ഒപ്പം ജോണ്‍സി ജേക്കബിന്‍റെ ‘പ്രകൃതികൃഷി’യും.

“ആദ്യകാലങ്ങളില്‍ രാസവളമുപയോഗിച്ചാണ് കൃഷി ചെയ്തിരുന്നതെങ്കിലും ക്രമേണ അതുപേക്ഷിച്ചു,” ചിന്തയിലെ മാറ്റം കൃഷിയില്‍ പ്രതിഫലിച്ചതിനെക്കുറിച്ച് മാനുവല്‍ പറയുന്നു. “സ്വന്തം ആവശ്യത്തിനുള്ള കൃഷിക്ക് രാസവളം ഉപയോഗിക്കാതെ തുടങ്ങുകയും പിന്നീട് മുഴുവന്‍ കൃഷിയും രാസവള-കീടനാശിനി വിമുക്തമാക്കുകയും ചെയ്തു.”


എവിടെ കാര്‍ഷികമേളയുണ്ടെന്നറിഞ്ഞാലും വിത്തുകളും കിഴങ്ങുകളുമായി മാനുവല്‍ എത്തും.


ഇന്ന് ജൈവകൃഷിയുടെയും നാടന്‍ വിത്തുസംരക്ഷണത്തിന്‍റെയും പ്രചാരകനാണ് മാനുവല്‍. എവിടെ കാര്‍ഷികമേളയുണ്ടെന്നറിഞ്ഞാലും വിത്തുകളും കിഴങ്ങുകളുമായി മാനുവല്‍ എത്തും. കാസര്‍ഗോഡ് ഈയിടെ നടന്ന ഒരു കാര്‍ഷിക മേളയില്‍ വെച്ചാണ് മാനുവലിലെ ആദ്യം കാണുന്നത്.

ജോണ്‍സി ജേക്കബിന്‍റെ ആത്മകഥയുടെ പുറംചട്ട

“ഓരോ കാര്‍ഷിക മേളയിലും പങ്കെടുക്കാന്‍ കിലോമീറ്ററുകള്‍ താണ്ടി ഞാനെത്തുന്നത് കൃഷി സംരക്ഷിക്കണമെന്ന ആഗ്രഹം കൊണ്ട് മാത്രമാണ്. പഴയ തലമുറയല്ലാതെ കൃഷി ഉപജീവനമാക്കാനും വരുമാന മാര്‍ഗമാക്കാനും ആഗ്രഹിക്കുന്ന യുവജനങ്ങള്‍കുറവാണ്. അതുകൊണ്ട് തന്നെയാണ് കൃഷിഭൂമികള്‍ തരിശായി പോകുന്നത്,” എന്നാണ് അദ്ദേഹത്തിന്‍റെ പരാതി.


ഇതുകൂടി വായിക്കാം: തെന്നലയിലെ യാസ്മിന്‍ വിപ്ലവം: ഒരു ഗ്രാമം മുഴുവന്‍ ഈ യുവതിയോട് കടപ്പെട്ടിരിക്കുന്നതെന്തുകൊണ്ടാണ്


“കൃഷി എന്നാല്‍ റബര്‍, തെങ്ങ്, കവുങ്ങ്, ഏലം എന്നിങ്ങനെയുള്ള കൃഷിയില്‍ മാത്രമാണ് ഊന്നല്‍ നല്‍കുന്നത്. എന്നാല്‍ പഴം, പച്ചക്കറി, കിഴങ്ങ് ഉള്‍പ്പെടെയുള്ള വിളകള്‍ കൃഷിചെയ്യാനുള്ള ശീലമുണ്ടാവണം. കാട്ടുകിഴങ്ങുകള്‍ ഭക്ഷിച്ചിരുന്ന ആദിവാസികള്‍ ദിവസവും ചന്തയിലെത്തി പാക്കറ്റ് ഭക്ഷണം വാങ്ങിപോകുന്ന കാഴ്ച ഞാനെപ്പോഴും കാണാറുണ്ട്. പോഷക സമൃദ്ധമായ കാട്ടുകിഴങ്ങിനെ കുറിച്ച് അവര്‍ മറന്നുകഴിഞ്ഞിരിക്കുന്നു.”

Watch: കൃഷിരീതികളെക്കുറിച്ച് മാനുവല്‍

വെറും സാധാരണക്കാരനായ മധുരക്കിഴങ്ങിന്‍റെ ഗുണത്തെക്കുറിച്ച് പറയുമ്പോള്‍ മാനുവലിന് ആവേശം. അരഡസനിലധികം തരം മധുരക്കിഴങ്ങാണ് അദ്ദേഹത്തിന്റെ തോട്ടത്തിലുള്ളത്.

“മധുരക്കിഴങ്ങിന്‍റെ ഗുണമേന്മ പലര്‍ക്കും അറിയില്ല. കാഴ്ചകുറവ് പരിഹരിക്കാന്‍ ഒരു ഔഷധംകൂടിയാണ് അത്. ഇതിന്‍റെ ഇല തോരനാക്കി കഴിക്കാവുന്നതാണ്. മൈദ ഉല്‍പന്നങ്ങള്‍ക്ക് പുറമെ പോകുന്ന തലമുറയെ കിഴങ്ങ് വര്‍ഗങ്ങള്‍ കഴിക്കാന്‍ ഓര്‍മ്മപ്പെടുത്തണം,” എന്ന് അദ്ദേഹം ഉപദേശിക്കുന്നു.


പ്രചരണ തരംഗങ്ങളില്‍ കുരുങ്ങി കരിമഞ്ഞള്‍ കൃഷിചെയ്യുന്ന കര്‍ഷകരുണ്ട്. ഇതിന് മാര്‍ക്കറ്റില്‍ യാതൊരു ഡിമാന്‍റുമില്ല.


മോഹകൃഷിയിലേക്ക് ചാടിയിറങ്ങി പണംകൊയ്തുകളയാം എന്ന് വിചാരിക്കുന്നവര്‍ക്ക് പരിചയസമ്പന്നനായ കര്‍ഷകന്‍റെ ഉപദേശം ഇതാണ്: വഞ്ചനാപരമായ പ്രചരണങ്ങളില്‍ വീഴരുത്! “പ്രചരണ തരംഗങ്ങളില്‍ കുരുങ്ങി കരിമഞ്ഞള്‍ കൃഷിചെയ്യുന്ന കര്‍ഷകരുണ്ട്. ഇതിന് മാര്‍ക്കറ്റില്‍ യാതൊരു ഡിമാന്റുമില്ല. അത്യപൂര്‍വ്വമായ ഔഷധകൂട്ടുകളില്‍ മാത്രമാണ് ഇതുപയോഗിക്കുന്നത്. വാനില പോലുള്ള മോഹ കൃഷികള്‍ പലപ്പോഴും കര്‍ഷകരെ ചതിച്ചിട്ടുണ്ട്.”

വ്യത്യസ്ത വിളകള്‍ ഒരേസമയം കൃഷിചെയ്ത് വരുമാനം വര്‍ധിപ്പിക്കാനാണ് കര്‍ഷകര്‍ ശ്രമിക്കേണ്ടതെന്നാണ് മാനുവലിന്‍റെ നിര്‍ദ്ദേശം. താമസിച്ച് കൃഷി പഠിക്കാനും സംശയ നിവാരണത്തിനും താല്‍പര്യമുള്ളവര്‍ക്ക് മാനുവലിന്‍റെ വയനാട്ടിലെ തോട്ടത്തിലേക്ക് പോകാം. അവിടെ പറഞ്ഞാലും തീരാത്ത മണ്ണറിവുകളും പൊന്നുപോലെ സൂക്ഷിക്കുന്ന നാടന്‍ വിത്തുകളും കിഴങ്ങുകളുമായി മാനുവല്‍ ഉണ്ടാകും.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം