വല്ലാത്തൊരു പൊഞ്ഞാറ്: നാട്ടുകാരെ ഉമിക്കരികൊണ്ട് പല്ലുതേപ്പിക്കാന്‍ കണ്ണൂരില്‍ നിന്നൊരു ചേട്ടനും അനിയനും

അങ്ങനെ  അമ്മയുണ്ടാക്കിക്കൊടുത്ത ഉമിക്കരികൊണ്ടു പല്ലുതേച്ചുകൊണ്ടിരിക്കെ ആ സുപ്രഭാതത്തില്‍  കണ്ണൂര്‍ അഴീക്കോടുകാരന്‍ സിജേഷിന്‍റെ  മനസ്സിലേക്ക് ഒരു ബിസിനസ് ഐഡിയ പൊട്ടിവീണു.

പൊഞ്ഞാറ് എന്നൊരു രസികന്‍ വാക്കുണ്ട് കണ്ണൂരിന്‍റെ വടക്കന്‍ ഭാഗങ്ങളിലേയും കാസര്‍ഗോഡിന്‍റെയും തനിനാട്ടുവര്‍ത്തമാനങ്ങളില്‍. ഗൃഹാതുരത്വം എന്ന പദം ഈ നാടന്‍ വാക്കിന് ഏതാണ്ട് അടുത്തുവരുമെങ്കിലും ‘പൊഞ്ഞാറ്’ നല്‍കുന്ന ആ പ്രത്യേകതരം ഗൃഹാതുരത മറ്റൊരുവാക്കിനുമുണ്ടാവില്ല.

ഫോട്ടോ: രണ്‍ജിത്ത്

കടലുകള്‍ക്കപ്പുറത്ത് മണലാരണ്യത്തില്‍ ജീവിക്കുന്നവരാണെങ്കില്‍ “നമ്മുടെ നാടിന്‍റെ ആ പച്ചപ്പും ഹരിതാഭയും” ഇടയ്ക്കിടെ ഗൃഹാതുരതയായി കടന്നുവരും. മലയാളം ചാനലുകളും സിനിമയുമൊക്കെ കണ്ടുകൊണ്ടിരുന്നാല്‍ ആ നൊസ്റ്റാള്‍ജിയക്കൊക്കെ കുറച്ച് ശമനമുണ്ടാവും.


ഇങ്ങനെ കാലങ്ങളോളം മനസ്സിലിട്ട് പുളിപ്പിച്ചെടുത്ത ചില ഓര്‍മ്മകള്‍ തികട്ടി വരുമ്പോഴാണ് ശരിക്കും പൊഞ്ഞാറായിട്ട് നില്‍ക്കക്കള്ളിയില്ലാതാവുന്നത്,


എന്നാല്‍ ചില ഓര്‍മ്മകളുണ്ട്, രാവിലെ എഴുന്നേറ്റ് ഉമിക്കരികൊണ്ട് പല്ലുതേക്കുന്നത്, ഈര്‍ക്കില്‍ ശ്രദ്ധയോടെ നടുപൊളിച്ചെടുത്ത് നാക്കുവടിക്കുന്നത്, ആവിപാറുന്ന കുത്തരിക്കഞ്ഞി പ്ലാവില കോട്ടി കാന്താരിച്ചമ്മന്തിയും കാച്ചില്‍പ്പുഴുക്കും കൂട്ടി ഊതിയൂതിക്കുടിക്കുന്നത്… ഇങ്ങനെ കാലങ്ങളോളം മനസ്സിലിട്ട് പുളിപ്പിച്ചെടുത്ത ചില ഓര്‍മ്മകള്‍ തികട്ടി വരുമ്പോഴാണ് ശരിക്കും പൊഞ്ഞാറായിട്ട് നില്‍ക്കക്കള്ളിയില്ലാതാവുന്നത്, വീട്ടീപ്പോണം എന്ന അസ്‌കിത കലശലാവുന്നത്.


ഇതുകൂടി വായിക്കാം: കാച്ചില്‍ 28 തരം, ചേമ്പ് 22, മഞ്ഞള്‍ 12: കേരളം മറന്ന കാട്ടുകിഴങ്ങുകളും നെല്ലിനങ്ങളുമായി വയനാടന്‍ ജൈവകര്‍ഷകന്‍


അത്തരം പ്രശ്നങ്ങളൊക്കെയുള്ള നിരവധി പ്രവാസികളില്‍ ഒരാളായിരുന്നു കണ്ണൂര്‍ സ്വദേശി സിജേഷും. തെറ്റില്ലാത്ത ശമ്പളവുമൊക്കെയായി ഏതാണ്ട് മൂന്നു വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് ഈ കണ്ണൂരുകാരന്‍ നാട്ടിലേക്കെത്തുന്നതിനു പിന്നിലും ഇത്തിരി പൊഞ്ഞാറിന്‍റെ അസുഖമുണ്ടായിരുന്നു. വീട്ടിലെത്തിയാല്‍ പിന്നെ കാച്ചിയ എണ്ണതേച്ച് കുളിക്കണം, ഉമിക്കരി കൊണ്ട് പല്ല് തേക്കണം… തുടങ്ങിയ കലാപരിപാടികള്‍…

ഉമിക്കരി. ഫോട്ടോ:ml.wikipedia.org

നല്ല ഉമിക്കരി എവിടേയും കിട്ടാനില്ല. അമ്മയോട് പറഞ്ഞു. അമ്മ എവിടെ നിന്നോ ഉമിയൊക്കെ സംഘടിപ്പിച്ച് കുറച്ച് ഉമിക്കരിയുണ്ടാക്കിക്കൊടുത്തു. അങ്ങനെ  അമ്മയുണ്ടാക്കിക്കൊടുത്ത ഉമിക്കരികൊണ്ടു പല്ലുതേച്ചുകൊണ്ടിരിക്കെ ആ സുപ്രഭാതത്തില്‍  കണ്ണൂര്‍ അഴീക്കോടുകാരന്‍ സിജേഷിന്‍റെ  മനസ്സിലേക്ക് ഒരു ബിസിനസ് ഐഡിയ പൊട്ടിവീണു.


ഈ സഹോദരന്മാരുടെ ഉമിക്കരിക്കച്ചവടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി വരെ പ്രശംസിക്കുകയും ചെയ്തു


ഇന്ന്, സിജേഷും ചേട്ടന്‍ ധനേഷും കൂടി നാട്ടുകാരെ മുഴുവന്‍ ഉമിക്കരി കൊണ്ട് പല്ലുതേയ്പ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോവുകയാണ്. മാത്രമല്ല, ഈ സഹോദരന്മാരുടെ ഉമിക്കരിക്കച്ചവടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി വരെ പ്രശംസിക്കുകയും ചെയ്തു. രസകരമാണ് ആ കഥ.

“യുഎഇയിലായിരുന്നു.. ഏതാണ്ട് മൂന്നു വര്‍ഷം അവിടെയുണ്ടായിരുന്നു. പിന്നെ നാട്ടിലേക്ക് മടങ്ങി. നാട്ടില്‍ വന്നപ്പോള്‍ കുട്ടിക്കാലത്ത് ഉപയോഗിച്ചിരുന്ന ഉമിക്കരി ഉപയോഗിച്ച് വീണ്ടും പല്ല് തേച്ചു തുടങ്ങി.. ആ പല്ല് തേക്കലാണ് എന്നെ ഇവിടെ കൊണ്ടെത്തിച്ചത്,”സിജേഷ് ആ കഥ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞുതുടങ്ങുന്നു.

സിജേഷ് . ഫോട്ടോ: ഫേസ്ബുക്ക്

“പക്ഷേ നല്ല ഉമിക്കരി കിട്ടാനില്ലായിരുന്നു. മാര്‍ക്കറ്റില്‍ ഗുണമേന്‍മയുള്ള ഉത്പന്നം അന്വേഷിച്ചുവെങ്കിലും എനിക്ക് കിട്ടിയില്ല. പിന്നെ അമ്മയാണ് ഉമിക്കരിയുണ്ടാക്കി തന്നത്. അമ്മയ്ക്ക് അറിയാമായിരുന്നു ഉമിക്കരിയുണ്ടാക്കാന്‍.


ഉമിക്കരിക്ക് ആളേറിയതോടെയാണ് നാട്ടിലെ കാര്‍ഷിക കൂട്ടായ്മയായ ജൈവ സംസ്‌കൃതിയിലേക്ക് എന്‍റെ വകയായി ഈ സ്‌പെഷ്യല്‍ ഉമിക്കരിയെത്തിക്കുന്നത്


“പിന്നെ വെറും ഉമിക്കരി അല്ല ഞാന്‍ ഉപയോഗിച്ചത്. ഉമിക്കരിയിലേക്ക് എന്‍റെ വക കുറച്ച് കുരുമുളകുപ്പൊടിയും ഗ്രാമ്പുപ്പൊടിയും ഉപ്പും ചേര്‍ത്തു. പണ്ടൊക്കെ ഉമിക്കരി മാത്രമുപയോഗിച്ചാണ് പല്ല് തേയ്ക്കുക. മസാല കൂടി ചേര്‍ക്കാമെന്നത് എന്‍റെ ഐഡിയയായിരുന്നു. ആ ഐഡിയ വിജയിച്ചു. മസാല ഉമിക്കരിക്ക് വീട്ടില്‍ ആവശ്യക്കാര്‍ കൂടി വന്നു. പിന്നെ വീട്ടില്‍ മാത്രമല്ല ചില ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും ആ ഉമിക്കരി നല്‍കി. അവര്‍ക്കും ഇഷ്ടമായി.”


ഇതുകൂടി വായിക്കാം: 40 ഏക്കര്‍ മരുഭൂമിയില്‍ കൃഷിയിറക്കി അറബിയെ ഞെട്ടിച്ച കര്‍ഷന്‍ പാലക്കാടന്‍ മണ്ണില്‍ വിളയിക്കുന്നത് ദിവസവും 8,000 രൂപയുടെ പച്ചക്കറി!


“ഉമിക്കരിക്ക് ആളേറിയതോടെയാണ് നാട്ടിലെ കാര്‍ഷിക കൂട്ടായ്മയായ ജൈവ സംസ്‌കൃതിയിലേക്ക് എന്‍റെ വകയായി ഈ സ്‌പെഷ്യല്‍ ഉമിക്കരിയെത്തിക്കുന്നത്. കണ്ണൂരിലെ ജൈവ ഉത്പന്നങ്ങള്‍ മാത്രം വില്‍ക്കുന്നിടമാണിത്. എന്‍റെ ഉമിക്കരിയുടെ ആദ്യ വിപണനവും ഇവിടെയായിരുന്നു.”

ജൈവ സംസ്കൃതി കണ്ണൂരില്‍ സംഘടിപ്പിച്ച പ്രതിമാസ ജൈവമേളയില്‍ നിന്നും. ഫോട്ടോ:ഹരി ആശ ചക്കരയ്ക്കല്‍/ ഫേസ്ബുക്ക്

ആദ്യവില്‍പന നടത്തുമ്പോള്‍ പേരോ ബ്രാന്‍റിങ്ങോ ഒന്നുമില്ലായിരുന്നു.
“ലേബല്‍ ഒന്നുമില്ലാതെ ഒരു പ്ലാസ്റ്റിക് കുപ്പിയിലാണ് ഉമിക്കരി വില്‍ക്കുന്നത്. അവിടെ നിന്നും വലിയ സ്വീകരണം ലഭിച്ചു. ആ ആത്മവിശ്വാസത്തിലാണ് ഉമിക്കരി മെഡിക്കല്‍ ഷോപ്പിലൂടെ വില്‍ക്കാന്‍ ആരംഭിക്കുന്നത്.”


ആളുകള്‍ പതുക്കെപ്പതുക്കെ മസാല ഉമിക്കരിയുടെ ആരാധകരായി.


സികേഷിന് സ്വന്തമായി ഒരു മെഡിക്കല്‍ ഷോപ്പുണ്ട്, നാട്ടില്‍ത്തന്നെ. അവിടെ കുറച്ച് പാക്കറ്റ് ഉമിക്കരി കൊണ്ടുവെച്ചു. ആളുകള്‍ പതുക്കെപ്പതുക്കെ മസാല ഉമിക്കരിയുടെ ആരാധകരായി.

“ശാന്തീസ് എന്ന പേരിലാണ് ഉമിക്കരി വില്‍ക്കുന്നത്. മെഡിക്കല്‍ ഷോപ്പിലും ആളുകള്‍ ശാന്തീസ് അന്വേഷിച്ചു വരാന്‍ തുടങ്ങി. ആവശ്യക്കാരെത്തിയതോടെ ഇതൊരു വലിയ സംരംഭമാക്കണമെന്നൊക്കെ ചിന്തിച്ചു തുടങ്ങുന്നത്. ശാന്തീസ് എന്ന പേരില്‍ ഉമിക്കരി വില്‍പ്പന ആരംഭിച്ചിട്ട് മൂന്നു വര്‍ഷമാകുന്നു. ഈ പേര് ഡിസൈനൊക്കെ ചെയ്ത് വലിയ ബ്രാന്‍ഡ് പോലെയാക്കിയിട്ട് രണ്ട് വര്‍ഷമേ ആയുള്ളൂ,” സിജേഷ് പറയുന്നു.

“ഉമിക്കരിക്ക് ആവശ്യക്കാരുണ്ടായെങ്കിലും ഇത് ബിസിനസ് ആക്കുന്നതിനെക്കുറിച്ച് ചില ആശങ്കകളുണ്ടായിരുന്നു. എന്നാല്‍ സംരംഭകരുടെ ഒരു വാട്ട്‌സ് ആപ്പ് കൂട്ടായ്മയുണ്ട്. അതില്‍ ഇക്കാര്യം അവതരിപ്പിച്ചു. കുറേ മെന്‍റേഴ്സും ബാങ്ക് ജീവനക്കാരും ബാങ്കില്‍ നിന്നു വിരമിച്ചവരുമൊക്കെയുള്ള ഗ്രൂപ്പാണിത്. ഇതിലെ അംഗങ്ങളുടെ പിന്തുണയും കൂടി കിട്ടിയപ്പോള്‍ ആത്മവിശ്വാസമായി.


ഇതുകൂടി വായിക്കാം: പത്രപ്രവര്‍ത്തനമോ മീന്‍വളര്‍ത്തലോ? മലപ്പുറംകാരന്‍ ഷഫീക്കിന്‍റെ തീരുമാനം ഇതായിരുന്നു


എന്തൊക്കെ ലൈസന്‍സ് സ്ഥാപനത്തിന് വേണം, എവിടെ നിന്ന് ലൈസന്‍സ് എടുക്കണം, എത്ര മൂലധനം വേണ്ടിവരും, ലോണ്‍ എങ്ങനെയെടുക്കും.. ഇങ്ങനെയൊക്കെയുള്ള സംശയങ്ങള്‍ക്ക് ആ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നു മറുപടി ലഭിച്ചതോടെയാണ് ഉമിക്കരി ബിസിനസ് സംരംഭത്തിന് വേണ്ടി കൂടുതല്‍ സമയവും പണവും ചെലവഴിക്കാന്‍ തീരുമാനിക്കുന്നത്. കേരള ഗ്രാമീണ്‍ ബാങ്കില്‍ നിന്ന് എട്ടര ലക്ഷം രൂപയുടെ മുദ്ര ലോണെടുത്താണ് ഉമിക്കരി ബിസിനസ് വിപുലമാക്കുന്നത്. ആരംഭഘട്ടത്തില്‍ സൈഡ് ബിസിനസായിരുന്നുവെങ്കില്‍ ഇന്നു മുഴുവന്‍ സമയ സംരംഭമാണിത്.”


ഉമിക്കരിക്ക് ആവശ്യക്കാരുണ്ടായെങ്കിലും ഇത് ബിസിനസ് ആക്കുന്നതിനെക്കുറിച്ച് ചില ആശങ്കകളുണ്ടായിരുന്നു


മുദ്ര ലോണെടുത്ത് ബിസിനസ് ആരംഭിച്ചവരില്‍ വിജയിച്ചവരെ അഭിനന്ദിക്കുന്ന ചടങ്ങിലാണ് സിജേഷിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചത്. അതേക്കുറിച്ച് സിജേഷ് തന്നെ പറയുന്നു, “കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു അത്. എന്‍റെ ജീവിതത്തിലെ ഭാഗ്യമെന്നു പറയാം. മുദ്ര ലോണെടുത്ത് വിജയിച്ച ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള 110 സംരംഭകരെയാണ് ന്യൂഡല്‍ഹിയില്‍ വിളിച്ച് അഭിനന്ദിച്ചത്. കേരളത്തില്‍ നിന്നുള്ള നാലു പേരുടെ കൂട്ടത്തില്‍ ഒരാളായി ഞാനും. പക്ഷേ പ്രധാനമന്ത്രിയോട് സംസാരിക്കാനും എന്‍റെ ഉത്പന്നം അദ്ദേഹത്തിനു നല്‍കാനും എനിക്കു സാധിച്ചു.”

പ്രധാനമന്ത്രി നരേന്ദ്ര മോഡി സിജേഷിനെ അഭിനന്ദിക്കുന്നു.

“സുരക്ഷ ക്രമീകരണങ്ങളേറെയായിരുന്നു. അദ്ദേഹത്തെ കാണാന്‍ പോകുന്ന മുറിയിലേക്ക് ഒന്നും കൊണ്ടുപോകാനൊന്നും സുരക്ഷാ ജീവനക്കാര്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ മുദ്ര ബാങ്ക് സി ഇ ഒ ഒരു മലയാളിയായിരുന്നു. അദ്ദേഹത്തിന്‍റെ അനുവാദത്തോടെയാണ് ഉമിക്കരി പ്രധാനമന്ത്രിയെ കാണിക്കാന്‍ കൊണ്ടുപോയത്. മുന്‍കൂട്ടി അനുമതി വാങ്ങിയതു കൊണ്ടാണ് അദ്ദേഹത്തോട് സംസാരിക്കാനും ഉമിക്കരി നല്‍കാനും സാധിച്ചത്… അതേക്കുറിച്ചും അദ്ദേഹത്തിനൊപ്പം ഞാന്‍ നില്‍ക്കുന്ന ചിത്രവുമൊക്കെ പ്രധാനമന്ത്രി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. അതോടെ വൈറലാകുകയും ചെയ്തു. ക്യാമറ അനുവദിക്കാത്തതിനാല്‍ ഫോട്ടൊയെടുക്കാന്‍ സാധിക്കില്ലായിരുന്നു, പക്ഷേ പ്രധാനമന്ത്രി എന്നോട് സംസാരിച്ചതു ട്വിറ്ററില്‍ ഫോട്ടൊ സഹിതമാണ് പോസ്റ്റ് ചെയ്തത്. അങ്ങനെ പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കുന്നൊരു ചിത്രവും ലഭിച്ചു.. ഇതൊക്കെ വലിയ സന്തോഷങ്ങളായിരുന്നു.”


അദ്ദേഹത്തിനൊപ്പം ഞാന്‍ നില്‍ക്കുന്ന ചിത്രവുമൊക്കെ പ്രധാനമന്ത്രി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. അതോടെ വൈറലാകുകയും ചെയ്തു.


ഉമിക്കരിയെന്ന് കേള്‍ക്കുമ്പോള്‍ സംഗതി സിംപിളാണെങ്കിലും ഒരു ബിസിനസ്സായി നടത്തിക്കൊണ്ടുപോവുന്നത് അത്ര എളുപ്പമുള്ള പരിപാടിയല്ല.

“ഉമിക്കരി ബിസിനസില്‍ പുതുമയൊന്നും ഇല്ല. ഒരുപാട് പേര്‍ ഇതു പരീക്ഷിച്ചിട്ടുമുണ്ട്. പക്ഷേ വിജയിച്ചവര്‍ പോലും ഉമിക്കരി കച്ചവടം മുന്നോട്ട് കൊണ്ടുപോയില്ല. ഉമിയുടെ ലഭ്യത വലിയ പ്രശ്‌നം തന്നെയാണ്. അതു തന്നെയാകും പലരും പിന്തിരിയാനുള്ള കാരണവും,” എന്ന് സിജേഷ്.

“പിന്നെ ഉമി കരിക്കുകയെന്നത് അല്‍പ്പം ബുദ്ധിമുട്ടേറിയ പണി തന്നെയാണ്. ഒരു ദിവസം കരിക്കാന്‍ നില്‍ക്കുന്നയാള്‍ക്ക് പിറ്റേ ദിവസം കരിക്കാന്‍ വരാന്‍ പറ്റില്ല.. അത്രയ്ക്ക് ബുദ്ധിമുട്ടാണ്. ആ തീയുടെ ചൂടില്‍ കഷ്ടപ്പെട്ടു പോകും. ഞാനും ചേട്ടനും കരിയ്ക്കുമായിരുന്നു. പിന്നെ എനിക്ക് പറ്റാതെയായി,” അത്രയ്ക്ക് തീയും ചൂടുമാണെന്നു സിജേഷ്. “പെരുമ്പാവൂരില്‍ നിന്നൊക്കെയാണ് ഞങ്ങള്‍ ഉമിയെടുക്കുന്നത്. ഉമി കിട്ടാതെ ഇതുവരെ വന്നിട്ടില്ല. ഉമിയുടെ ലഭ്യത അനുസരിച്ച് വാങ്ങിവയ്ക്കും.”

ഓണ്‍ലൈന്‍ വിപണരംഗത്തേക്ക് കടക്കാനുള്ള ശ്രമത്തിലാണ് സിജേഷ്. “കണ്ണൂരില്‍ ഒരു മൈ സോണ്‍ എന്ന സ്റ്റാര്‍ട്ട് അപ്പ് വരുന്നുണ്ട്. അതിലൂടെ ഞങ്ങളുടെ ബിസിനസ് വിപുലമാക്കാനാണ് ശ്രമിക്കുന്നത്. ഇവിടെ ആദ്യമായിട്ട് വരുന്ന സ്റ്റാര്‍ട്ട് അപ്പാണിത്.”

ഇപ്പോള്‍ കണ്ണൂരില്‍ മാത്രമല്ല, എറണാകുളത്തും പെരുമ്പാവൂരും മുവാറ്റുപുഴയിലുമൊക്കെ ഉമിക്കരി വില്‍ക്കുന്നുണ്ട് എന്ന് ആ യുവസംരംഭകന്‍ പറഞ്ഞു.

വൈസ് പ്രസിഡണ്ട് വെങ്കയ്യ നായിഡുവിന് സിജേഷ് തന്‍റെ ഉമിക്കരി പരിചയപ്പെടുത്തുന്നു.

25 ഗ്രാമിന്‍റെയും 70 ഗ്രാമിന്‍റെയും ബോട്ടിലുകളിലാക്കിയാണ് ശാന്തീസ് ഉമിക്കരി വില്‍ക്കുന്നത്. വീട്ടിലെ എല്ലാവരുടെയും പിന്തുണയോടെയാണ് ഉമിക്കരി കച്ചവടം പുരോഗമിക്കുന്നത്. അച്ഛന്‍ പോച്ചപ്പന്‍ ചന്ദ്രന്‍, അമ്മ പൊയില്‍ ജാനകി. ചേട്ടന്‍ ധനേഷിനെ കൂടാതെ ഒരു ചേച്ചിയുണ്ട് ധന്യ. വിവാഹിതയാണ്.

“ഉമിക്കരിയില്‍ ഗ്രാമ്പുവും കുരുമുളകും ചേര്‍ക്കുമ്പോള്‍ അമ്മ എന്നെ കളിയാക്കുമായിരുന്നു. എനിക്ക് ഭ്രാന്താണെന്നാണ് അമ്മ പറഞ്ഞത്. കുരുമുളകിനും ഗ്രാമ്പുവിനും നല്ല വിലയുള്ളപ്പോഴാണ് ഞാനിതൊക്കെ ചെയ്യുന്നത്. കുരുമുളക് വീട്ടില്‍ തന്നെയുണ്ട്. ഇത് വിറ്റാല്‍ നല്ല കാശ് കിട്ടും. അതു ചെയ്യാതെ കുരുമുളകും വിലയേറെയുള്ള ഗ്രാമ്പു പുറത്തുനിന്നു വാങ്ങിയും ഇങ്ങനെയൊരു ബിസിനസ് ചെയ്യുന്നത് കണ്ടിട്ടാണ് അമ്മ കളിയാക്കിയത്,” ചിരിച്ചുകൊണ്ട് സിജേഷ് പറഞ്ഞു.


ഉമിക്കരിയില്‍ ഗ്രാമ്പുവും കുരുമുളകും ചേര്‍ക്കുമ്പോള്‍ അമ്മ എന്നെ കളിയാക്കുമായിരുന്നു. എനിക്ക് ഭ്രാന്താണെന്നാണ് അമ്മ പറഞ്ഞത്.


“പക്ഷേ ഇന്നിപ്പോള്‍ അമ്മയും ഞങ്ങളെ സഹായിക്കാന്‍ ഏതു നേരവും കൂടെയുണ്ട്. വീടിന് സമീപത്ത് ഒരു കെട്ടിടം വാടകയ്ക്ക് എടുത്താണ് ഉമിക്കരി നിര്‍മാണം. സഹായത്തിന് അഞ്ചാറു ആളുകളുമുണ്ട്.”


ഇതുകൂടി വായിക്കാം: ഹോബിയായി തുടങ്ങി, ഇന്ന് പ്രാവുവളര്‍ത്തലില്‍ നിന്ന് മന്‍സൂര്‍ നേടുന്നത് വര്‍ഷം 20 ലക്ഷത്തിലേറെ


“വീട്ടില്‍ ഇപ്പോള്‍ എല്ലാവരും ശാന്തീസ് ഉമിക്കരി തന്നെയാണ് ഉപയോഗിക്കുന്നത്. എന്‍റെയും ചേട്ടന്‍റെയും മക്കളും ശാന്തീസ് ഉമിക്കരിയാണ് പല്ല് തേയ്ക്കാന്‍ ഉപയോഗിക്കുന്നത്. എന്‍റെ മോന്‍ ശ്രീഹരിക്ക് നാലു വയസായി, ചേട്ടന്‍റെ മോള്‍ ദേവനന്ദയ്ക്ക് അഞ്ചും. വിപണിയില്‍ ലഭ്യമായ ടൂത്ത് പേസ്റ്റുകളൊന്നും ഇതുവരെ ഇവര്‍ ഉപയോഗിച്ചിട്ടില്ല. അവര്‍ക്ക് ഈ ഉമിക്കരി തന്നെയാണ് ഇഷ്ടവും..” സിജേഷ് പറയുന്നു.

സിജേഷ്

“ഉമിക്കരി പല്ലിന് നല്ലതാണ്.. പണ്ടൊക്കെയുള്ളവര്‍ ഇതല്ലേ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇതിന് വളരെ ഗുണങ്ങളുണ്ടെന്ന് പറയാന്‍ മാത്രം അറിവ് എനിക്കില്ല. പക്ഷേ ഒന്നുറപ്പിച്ചു പറയാം. ഈ ഉമിക്കരി ഉപയോഗിച്ച് പല്ല് തേയ്ക്കുന്നതിലൂടെ ഒരു ദോഷവുമുണ്ടാകില്ല.

“ഇതില്‍ കെമിക്കല്‍സ് ഒന്നും ഇല്ല. വിപണിയിലെ പല ടൂത്ത് പേസ്റ്റുകളിലും കെമിക്കല്‍സ് അടങ്ങിയിട്ടുണ്ട്. ഉമിക്കരിയിലൂടെ ഗുണം കിട്ടുന്നില്ലെന്നു പറഞ്ഞാലും ദോഷം ഉണ്ടെന്നു ആരും പറയില്ല.

“പിന്നെ ഉമിക്കരി ഉപയോഗിച്ചു തുടങ്ങിയതോടെ തലവേദന മാറിയെന്നു ചിലര്‍ പറഞ്ഞു. അതെങ്ങനെയാണ് മാറിയതെന്നു ഒരുപിടിയും ഇല്ല. പക്ഷേ തൊണ്ടവേദനയ്ക്കും പല്ല് വേദനയ്ക്കുമൊക്കെ ഉമിക്കരി ഉപയോഗം നല്ലതാണ്. ഗ്രാമ്പുവും കുരുമുളകുമൊക്കെയുള്ളതു കൊണ്ടാണ്. ഇതൊക്കെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ നിന്നു പറയുന്നതാണ്,’ സിജേഷ് പറഞ്ഞുനിറുത്തുന്നു.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം