കൊറോണക്കാലത്ത് നാട്ടുകാര്‍ക്കുവേണ്ടി റോഡരുകില്‍ നെല്ലും പച്ചക്കറിയും വിളയിക്കുന്ന ഡ്രൈവര്‍

ലോക്ക് ഡൗണും കൊറോണയൊക്കെ വന്നതോടെ ജോലി ഇല്ല. അതുകൊണ്ട് ഇപ്പോള്‍ കൃഷിയ്ക്ക് കുറേ സമയം കിട്ടുന്നുണ്ട്

തൃശൂര്‍ പെരിഞ്ഞനത്തുകാര്‍ സ്നേഹത്തോടെ കാട്ടി എന്നാണ് അനില്‍ കുമാറിനെ വിളിക്കുന്നത്. ടൂറിസ്റ്റ് ബസ് ഡ്രൈവറായ അനില്‍ കുമാര്‍ ലോക്ക് ഡൗണ്‍ കാലത്ത് വീടിനോടുള്ള ചേര്‍ന്നുള്ള റോഡിന്‍റെ ഇരുവശങ്ങളിലുമായി പച്ചക്കറിയും നെല്ലുമൊക്കെ കൃഷി ചെയ്യാന്‍ തുടങ്ങി.

വിത്ത് ശേഖരിച്ച് നടുന്നതും നനയ്ക്കുന്നതും വളമിടുന്നതുമൊക്കെ ഇദ്ദേഹമാണ്. എന്നാല്‍ അനില്‍ നട്ടു വളര്‍ത്തുന്ന ഈ ഈ തൈകളിലെ വിളകള്‍ നാട്ടുകാര്‍ക്കുള്ളതാണ്.

ആര്‍ക്കു വേണമെങ്കിലും ഈ കൊച്ചു തോട്ടത്തിലെ വിളകള്‍ പറിച്ചെടുക്കാം. ആരും കാശും കൊടുക്കേണ്ട. വിളകള്‍ മാത്രമല്ല തൈകളും സമ്മാനിക്കാറുണ്ട് അനില്‍ കുമാര്‍ കാട്ടില്‍.

അനില്‍കുമാറിന്‍റെ വഴിയോര നെല്‍കൃഷി”വഴിയോരങ്ങള്‍ വൃത്തിയുള്ളതായിരിക്കണമെന്ന ചിന്തയിലാണ് ഇങ്ങനെയൊരു കൃഷിയിലേക്ക് എത്തുന്നത്. വഴിവക്കിലെ മാലിന്യമൊക്കെ പെറുക്കി വൃത്തിയാക്കിയിടും. അതിനു ശേഷമാണ് പച്ചക്കറിത്തൈകളൊക്കെ നട്ടു പിടിപ്പിക്കുന്നത്,” അനില്‍ കുമാര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കുമൊന്നും തടസ്സമാകാതെയാണ് ഓരോന്നും നട്ടു പിടിപ്പിക്കുന്നത്. ഒഴിവു സമയങ്ങളിലാണ് ഓരോന്ന് നട്ടു തുടങ്ങിയത്.  ടൂറിസ്റ്റ് ബസ് ഡ്രൈവറാണല്ലോ, ലോക്ഡൗണും കൊറോണയൊക്കെ വന്നതോടെ ജോലി ഇല്ല. അതുകൊണ്ട് ഇപ്പോള്‍ കൃഷിയ്ക്ക് കുറേസമയം കിട്ടുന്നുണ്ട്.


നേരംപോക്കിന് ആരംഭിച്ചതാണ് വഴിയോര കൃഷി. എന്നാല്‍ ആ കൃഷിയിപ്പോള്‍ വലിയ സന്തോഷമാണ് തരുന്നത്.


“നാലു വര്‍ഷം മുന്‍പാണ് വഴിയോര കൃഷിയ്ക്ക് തുടക്കമിടുന്നത്. കൃഷി പണ്ടേ ഇഷ്ടമാണ്. പക്ഷേ, വീടിനോട് ചേര്‍ന്ന് കൃഷി ചെയ്യാനുള്ള സ്ഥലമില്ല. വീട് അടക്കം ആറു സെന്‍റ് ഭൂമി മാത്രമേയുള്ളൂ.

“എങ്കിലും വീട്ടുമുറ്റത്ത് കൃഷി ചെയ്യുന്നുണ്ട്. വീടിരിക്കുന്നതിന് ശേഷമുള്ള സ്ഥലം നിറയെ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. വീട്ടാവശ്യത്തിനുള്ളത് ഇതില്‍ നിന്നു കിട്ടുന്നുണ്ട്.

“സ്വന്തമായി സ്ഥലം ഇല്ലെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ ആര്‍ക്കും കൃഷി ചെയ്യാം. ഒരുപാട് സ്ഥലം വെറുതേ കിടപ്പുണ്ട്. അവിടങ്ങളില്‍ ആളുകള്‍ക്ക് കൃഷി ചെയ്യാവുന്നതാണ്. കൃഷി ചെയ്യണമെന്ന് ആഗ്രഹിച്ചാല്‍ എവിടെ വേണമെങ്കിലും കൃഷി ചെയ്യാം. വിചാരിച്ചാല്‍ നടക്കാത്ത കാര്യമുണ്ടോ. ഏക്കറുക്കണക്കിന് ഭൂമിയുണ്ടെങ്കില്‍ മാത്രമേ കൃഷി ചെയ്യാനാകൂ എന്നൊന്നും ഇല്ല,” അദ്ദേഹം പറയുന്നു.

പെരിഞ്ഞനത്ത് പനമ്പറപ്പിലുള്ള ടാഗോര്‍ റോഡിലാണ് അനില്‍ കുമാറിന്‍റെ കൃഷി. വളരെക്കുറച്ച് മാത്രമേ കൃഷി ചെയ്യുന്നുള്ളൂ.

“വഴിയോരത്താകുമ്പോള്‍ മറ്റുള്ളവര്‍ക്കും ഉപകാരപ്പെടുമല്ലോ. ടാഗോര്‍ റോഡില്‍ ഏതാണ്ട് 100 മീറ്റര്‍ നീളത്തിലാണ് നെല്ലും പച്ചക്കറിയും ചെടികളും നട്ടിരിക്കുന്നത്. വീടിന് സമീപത്ത് തന്നെയായതു കൊണ്ടു ഏതു നേരത്ത് വേണമെങ്കിലും പരിചരിക്കാനാകും.

“വീടിന് സമീപം തന്നെ കൃഷി ചെയ്യാനുള്ള കാരണവും അതുതന്നെയാണ്. നനയ്ക്കുന്നതിന് വീട്ടില്‍ നിന്നു വെള്ളമെടുത്താല്‍ മതി. വീട്ടില്‍ നിന്നു ദൂരേക്ക് പോയാല്‍ വേനലില്‍ വെള്ളമൊഴിക്കാനൊക്കെ ബുദ്ധിമുട്ടല്ലേ,” അദ്ദേഹം ചോദിക്കുന്നു.

പൂര്‍ണമായും ജൈവകൃഷിയാണ് അനിലിന്‍റേത്. സമീപത്തെ വീടുകളില്‍ നിന്നു ശേഖരിക്കുന്ന ചാണകവും ഗോമൂത്രവുമാണ് പ്രധാന വളമായി ഉപയോഗിക്കുന്നത്.

“കടയില്‍ നിന്നു വളം വാങ്ങാനുള്ള സാമ്പത്തികമൊന്നും ഇല്ല,” അനില്‍ തുടരുന്നു. “നയ്ക്കലും വളമിടലുമൊക്കെയായി നിത്യവും രാവിലെയും വൈകുന്നേരവും അരമണിക്കൂര്‍ നേരം കൃഷിയ്ക്കൊപ്പം ചെലവഴിക്കും.


ഇതുകൂടി വായിക്കാം:17 ഏക്കര്‍ തരിശില്‍ നെല്ലും ആപ്പിളും ഏലവും വിളയിച്ച കര്‍ഷകന്‍; മാസം 1ലക്ഷം രൂപ വരുമാനം


“കൂര്‍ക്ക, മഞ്ഞള്‍, പപ്പായ, പടവലം, മത്തങ്ങ, വഴുതന, പച്ചമുളക്, കാപ്സിക്കം തുടങ്ങിയ ഇനങ്ങളൊക്കെയാണ് കൃഷി ചെയ്തിരുന്നത്. ഇപ്പോ പലതും വിളവെടുത്തു കഴിഞ്ഞു. ഇഞ്ചി നട്ടിരുന്നതു മഴയില്‍ നശിച്ചു. ഗ്രോബാഗിലും പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്.

“കൃഷി ഉപജീവനമാര്‍ഗമായിട്ടുള്ളവര്‍ക്ക് ഇതില്‍ നിന്നു വരുമാനം വേണം, അപ്പോ കാശിന് വില്‍ക്കും പക്ഷേ, ഇവിടെ അങ്ങനെ അല്ലല്ലോ. കാശൊന്നും തരേണ്ട. ആവശ്യക്കാര്‍ക്ക് പറിച്ചെടുക്കാം. ആവശ്യമുള്ളതേ എടുക്കാവൂ എന്നുമാത്രം. വേറൊന്നും കൊണ്ടല്ല, മറ്റുള്ളവര്‍ക്കും വേണ്ടതല്ലേ,” കുറേപ്പേര്‍ക്ക് രാസവളമില്ലാതെ കൃഷി ചെയ്തെടുത്ത പച്ചക്കറികള്‍ കിട്ടണമെന്നാണ് ആഗ്രഹമെന്ന് അനില്‍ കുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

“വെറുതേ എടുത്തോ എന്നു പറഞ്ഞാലും, കാശ് നല്‍കണമെന്നു ചിലര്‍ക്കൊക്കെ നിര്‍ബന്ധമുണ്ടാകും. അവരോട് ഒന്നേ പറയാനുള്ളൂ, നിങ്ങളുടെ വീട്ടുപറമ്പിലെ എന്തെങ്കിലും പകരം തന്നാല്‍ മതി. കൊപ്പയ്ക്കയോ (പപ്പായ) മറ്റോ പറമ്പിലുണ്ടാകില്ലേ… അങ്ങനെ വല്ലതും തന്നാല്‍ മാത്രം മതി,” അനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

പച്ചക്കറികള്‍ക്കൊപ്പം പൂച്ചെടികളും അദ്ദേഹം നട്ടുപിടിപ്പിച്ചിട്ടുണ്ട്.

“വഴിയിലൂടെ പോകുന്ന പലരും റോസാച്ചെടിയുടെയൊക്ക് കമ്പ് ചോദിക്കും. അവര്‍ക്കും കൊടുക്കും. എല്ലാവരും വീടുകളില്‍ കൊണ്ടുപോയി നടട്ടേ, നല്ലതല്ലേ. ഞങ്ങളുടെ പരിസരത്ത് നെല്‍കൃഷി വളരെ കുറവാണ്.

“മറ്റുള്ളവര്‍ക്ക് കാണാനും കൂടിയാണ് നെല്ല് കൃഷി ചെയ്യുന്നത്. ജ്യോതി എന്ന നെല്ലിനമാണ് നട്ടിരിക്കുന്നത്. കൊയ്യാനുള്ള പാകമെത്തിയിട്ടുണ്ട്. കര്‍ഷക സുഹൃത്തില്‍ നിന്നാണ് നെല്‍വിത്ത് വാങ്ങിച്ചത്.

“പച്ചക്കറി വിത്തുകള്‍ കാശ് കൊടുത്ത് വാങ്ങിച്ചതാണ്. വിത്ത് മുളപ്പിച്ച് തൈയാക്കിയും ആവശ്യക്കാര്‍ക്ക് നല്‍കുന്നുണ്ട്.

 

“വഴിയോരത്ത് കൃഷി ചെയ്യുന്നത് കണ്ട് നല്ലതു പറഞ്ഞവരും കളിയാക്കിയവരുമുണ്ട്. ഇതൊക്കെ ചെയ്യുന്നതെന്തിനാണ്, വല്ല പറമ്പിലും നട്ടാല്‍ പോരേ, ഇങ്ങനെ വെറുതേ കഷ്ടപ്പെടണോ എന്നൊക്കെ പലരും ചോദിച്ചിട്ടുണ്ട്. നല്ല കാര്യമാണ് ചെയ്യുന്നതെന്ന് പറഞ്ഞവരുമുണ്ട്ട്ടോ,” എന്ന് അനില്‍കുമാര്‍.

“ആര് എന്ത് പറഞ്ഞാലും എനിക്ക് പ്രശ്നമൊന്നും ഇല്ല. നല്ലത് പറയുന്ന കേട്ടാല്‍ സന്തോഷം അത്രേയുള്ളൂ,” പെരിഞ്ഞനത്തുകാരുടെ സ്വന്തം കാട്ടി പറയുന്നു.

നാട്ടുകാര്‍ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് കാട്ടി. കാട്ടില്‍ എന്നത് അനിലിന്‍റെ വീട്ടുപേരാണ്. കാട്ടിലിന്‍റെ ചുരുക്കമാണ് കാട്ടി.

ബീനയാണ് അനില്‍ കുമാറിന്‍റെ ഭാര്യ. രണ്ട് മക്കളുണ്ട്. കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ റേഡിയോളജിസ്റ്റ് ട്രെയ്നിയായ അനഘയും നാലാം ക്ലാസ് വിദ്യാര്‍ഥി അഭിരാമുമാണ് മക്കള്‍.


ഇതുകൂടി വായിക്കാം:‘ഫിനിഷിങ്ങ് കഴിഞ്ഞ മണ്‍വീടിന് 7-സ്റ്റാര്‍ ലുക്കാണ്’: കേരളത്തിലും പുതുച്ചേരിയിലും നിരവധി മണ്‍വീടുകള്‍ നിര്‍മ്മിച്ച തൃശ്ശൂര്‍ക്കാരന്‍


 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം