Placeholder canvas

ഒരു കാലത്ത് നാട് വിറപ്പിച്ച സാഗര്‍ ഏലിയാസ് അനിയുടെ ജീവിതം: വീടില്ല, താമസം ഓട്ടോയില്‍, കിട്ടുന്നതില്‍ അധികവും കാന്‍സര്‍ രോഗികള്‍ക്ക്

”കൊറേക്കാലം എല്ലാവരെയും വേദനിപ്പിച്ചും കരയിപ്പിച്ചും നടന്ന ആളല്ലേ ഞാന്‍ അതിനുള്ള ഒരു പ്രായശ്ചിത്തമാണ് ഈ ചെയ്യുന്നതെന്ന് കരുതിയാല്‍ മതി,” എന്ന് അനി.

‘സാഗര്‍ ഏലിയാസ് ജാക്കി’ എന്ന് കേള്‍ക്കുമ്പോള്‍ ആരും ഒന്ന് ശ്രദ്ധിക്കും. കൊല്ലും കൊലയും കള്ളക്കടത്തും ഗുണ്ടായിസവുമായി പ്രേക്ഷകരുടെ ഹൃദയത്തില്‍ കയറിപ്പറ്റിയ മോഹന്‍ലാല്‍ കഥാപാത്രം.

തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ ഓട്ടോഡ്രൈവര്‍ അനി അറിയപ്പെടുന്നത് തന്നെ സാഗര്‍ ഏലിയാസ് അനി എന്നാണ്.

ഓര്‍ക്കാന്‍ തീരെ ഇഷ്ടപ്പെടാത്ത, ഒരു ഭൂതകാലമാണ് ഈ മുന്‍ തെങ്ങുകയറ്റത്തൊഴിലാളിയുടേത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടകളില്‍ ഒരാളായിരുന്നു അനി.


 നമ്മുടെ വീടുകളില്‍ നിന്നും ആരോഗ്യത്തിനും പ്രകൃതിക്കും ഹാനികരമായ മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. ദ് ബെറ്റര്‍ ഹോം

”കാശ് കിട്ടാന്‍ വകുപ്പുണ്ടെങ്കില്‍ ആരെയും തല്ലാനും പിടിക്കാനും എനിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. നിരവധി കേസുകള്‍ എന്‍റെ പേരിലുണ്ടായിരുന്നു,” അനി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് മനസ്സുതുറക്കുന്നു.

അനി

“ഒരുപാട് ക്രൂരതകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ആ സമയത്തൊക്കെ കാശ് ആയിരുന്നു പ്രധാനം. എന്നാല്‍ അങ്ങനെ ഉണ്ടാക്കിയ പണം ഒന്നും ജീവിതത്തില്‍ ഉപകാരപ്പെട്ടിട്ടുമില്ല. മദ്യപാനവും ഒരു വലിയ പ്രശ്നമായിരുന്നു. എന്നാല്‍ അതേപ്പറ്റിയൊക്കെ തിരിച്ചറിവ് ഉണ്ടാകാന്‍ ഒരുപാട് കാലമെടുത്തു എന്നതാണ് വാസ്തവം. ജയിലില്‍ പല വട്ടം കിടക്കേണ്ടി വന്നപ്പോഴാണ് ഭാവിയെപ്പറ്റി ചിന്തയുണ്ടാകുന്നത്. എന്നാല്‍ ഗുണ്ട എന്ന് പേരുണ്ടാക്കിയവനെ ആര് മാനിക്കാനാണ്,” അനി ചോദിക്കുന്നു.

“ഒരിക്കല്‍ ഗുണ്ടാ എന്ന് പേര് വീണു കഴിഞ്ഞാല്‍ പിന്നെ ആരും നമ്മളോട് അടുക്കില്ല. നമ്മള്‍ എന്തുകൊണ്ട് അങ്ങനെ ആയി എന്ന് ചോദിക്കുകയോ മാറിചിന്തിക്കാന്‍ ഒരവസരം നല്‍കുകയോ ചെയ്യില്ല. വെട്ടും കുത്തും നടത്തി ജീവിക്കുമ്പോള്‍ ആരും നേര്‍വഴി കാണിക്കാനും വന്നില്ല. അങ്ങനെ അത് ജീവിതത്തിന്‍റെ ഭാഗമായി,” അനി പറയുന്നു.

മൂന്നാം വട്ടം ജയില്‍ ശിക്ഷ അനുഭവിച്ചപ്പോഴേക്കും തന്‍റെ ഗുണ്ടാ ജീവിതത്തോട് അനിക്ക് വിരക്തി തോന്നിത്തുടങ്ങിയിരുന്നു. ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം തിരിച്ച് മുന്‍പ് ചെയ്തിരുന്ന തൊഴിലായ തെങ്ങുകയറ്റത്തില്‍ തന്നെ ശ്രദ്ധിക്കാനായി ശ്രമം. ഗുണ്ടാപ്പണിയ്ക്കൊന്നും പോകാതിരിക്കാനും അനി ശ്രമിച്ചു.

എങ്കിലും ഇടയ്ക്ക് മനസ്സൊന്നു പാളിപ്പോകും. മദ്യം അകത്ത് ചെന്നാല്‍ പിന്നെ എന്താണ് ചെയ്യുന്നതെന്ന് പറയാനാകില്ല. അങ്ങനെ ജയില്‍ വാസത്തിനു ശേഷവും അനി പലതവണ അടിയുണ്ടാക്കി.

അനി പഴയകാലം (ഇടത്). ഇപ്പോള്‍

എന്നാല്‍ ഇന്ന് അനി പുതിയൊരു മനുഷ്യനാണ്. തിരുവനന്തപുരത്തുകാര്‍ക്ക് നന്മയുടെ പ്രതീകമാണ് ഈ സാഗര്‍ ഏലിയാസ് അനി.

ഓട്ടോ ഓടിച്ചുകിട്ടുന്ന വരുമാനത്തിന്‍റെ നല്ലൊരു പങ്കും ചെലവഴിക്കുന്നത് കാന്‍സര്‍ രോഗികളുടെ പരിചരണത്തിനും ചികിത്സയ്ക്കുമായാണ്. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്‍ററിലേക്കും (ആര്‍ സി സി) അവിടെ നിന്നും തിരിച്ചും യാത്ര ചെയ്യുന്ന രോഗികള്‍ക്ക് അനിയുടെ ഓട്ടോറിക്ഷയില്‍ സൗജന്യ യാത്രയാണ്. ഇങ്ങനെ ഒരു ദിവസം നിരവധി സൗജ്യന്യ യാത്രകള്‍ അനി നടത്തുന്നു.

”ഒരു ദിവസം ഞാന്‍ പത്ത് ഓട്ടം ഓടിയാല്‍ അതില്‍ നാലെണ്ണത്തില്‍ നിന്നും മാത്രേ കാശ് വാങ്ങാറുള്ളൂ. ബാക്കി എല്ലാം അസുഖക്കാരായ ആളുകളുടെ ഓട്ടമാണ് എടുക്കുന്നത്. അവരില്‍ നിന്നും കാശ് വാങ്ങാറില്ല. നമ്മളെക്കൊണ്ട് കഴിയുന്ന ഒരു സഹായം അവര്‍ക്കായി ചെയ്യുന്നു. അത്രതന്നെ. അതില്‍ നിന്നും കിട്ടുന്ന മനഃസുഖമാണ് ഏറ്റവും വലുതെന്നാണ് എന്‍റെ വിശ്വാസം,” അനി പറയുന്നു.

ജീവിതത്തില്‍ അറിഞ്ഞുകൊണ്ട് താന്‍ ചെയ്ത തെറ്റുകള്‍ തിരുത്തുന്നതിനുള്ള അവസരമായാണ് അനി ഈ ചെറിയ സാമൂഹ്യ സേവനങ്ങളെ കാണുന്നത്.


അനിയുടെ ഈ മാറ്റത്തിന് പിന്നില്‍ ഒരു മനുഷ്യനുണ്ട്.


ഒരിക്കല്‍ തെങ്ങുകയറ്റത്തിനുശേഷം, തന്‍റെ സൈക്കിളും വെട്ടുകത്തിയുമായി ഒരു വലിയ വഴക്കിന്‍റെ വക്കില്‍ റോഡരികില്‍ നില്‍ക്കുമ്പോഴാണ് അനിയുടെ അടുത്തേക്ക് സത്യശീലന്‍ എത്തുന്നത്.

ഭാര്യയും രണ്ട് മക്കളുമുള്ള സത്യശീലന്‍ അനിയെ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. സമൂഹത്തില്‍ ഒരാള്‍ തെറ്റായ വഴിയില്‍ പോകുന്നുണ്ടെങ്കില്‍ അവരെ തിരുത്താനുള്ള ബാധ്യത തനിക്കുണ്ട് എന്ന് വിശ്വസിക്കുന്ന ആളായിരുന്നു സത്യശീലന്‍. അനിയുടെ കാര്യത്തിലും അതേ ഉദ്ദേശം തന്നെയായിരുന്നു.

ഈ ഓട്ടോ തന്നെയാണ് അനിയുടെ വീടും. അതുകൊണ്ട് അതില്‍ നിറയെ ചെടികളും വളര്‍ത്തുന്നു.

എന്നാല്‍ അനിയെ മാറ്റിയെടുക്കുന്നതില്‍ വിജയിക്കുമോ എന്ന ഉറപ്പൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല.

അനിയുടെ തലയില്‍ നിന്നും മദ്യത്തിന്‍റെ കെട്ടിറങ്ങിയപ്പോള്‍ സത്യശീലന്‍ ക്ഷമയോടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

അനിയുടെ ജീവിതത്തില്‍ വലിയൊരു മാറ്റത്തിന്‍റെ തുടക്കമായിരുന്നു ആ കൂടിക്കാഴ്ച.

“സത്യശീലന്‍ സാര്‍ ആണ് എന്നെ മാറ്റി എടുത്തത്,” അനി പറയുന്നു. ”ഞാന്‍ ആത് വരെ എന്നെപ്പറ്റിയോ എന്‍റെ ഭാവിയെപ്പറ്റിയോ ചിന്തിച്ചിരുന്നില്ല. വീട്ടില്‍ നിന്നെല്ലാം ഇറങ്ങിപ്പോന്നിട്ട് കാലങ്ങളായി. ഗുണ്ടയായി അടിയും വെട്ടുമായി നടക്കുന്ന എന്നെ പോലെ ഒരാളെ കുടുംബം അംഗീകരിക്കുമോ എന്ന സാറിന്‍റെ ചോദ്യം എന്നെ ചിന്തിപ്പിച്ചു. ഇങ്ങനെ ജീവിക്കുന്നതില്‍ ഒരു കാര്യോം ഇല്ലാന്ന് മനസിലായി.

“എന്നാല്‍ ഇനി അങ്ങോട്ട് എന്ത് ചെയ്യും എന്ന കാര്യത്തില്‍ ഒരു പിടിയും ഇല്ലായിരുന്നു. ഗുണ്ടാപ്പണി നമ്മള്‍ ഉപേക്ഷിച്ചാലും സമൂഹം സമ്മതിക്കില്ല. നന്നായെന്ന് വിശ്വസിക്കില്ല… അതായിരുന്നു അവസ്ഥ,” എന്ന് അനി ഭയപ്പെട്ടു.

എന്നാല്‍ അനിക്ക് താങ്ങായി നില്‍ക്കാന്‍ സത്യശീലന്‍ സാര്‍ ഉണ്ടായിരുന്നു.

വീട്ടിലെ ഒരംഗത്തെപ്പോലെ കണ്ട് അദ്ദേഹം അനിയെ പലവിധ ജോലികള്‍ ഏല്‍പ്പിച്ചു. മദ്യപാനം പൂര്‍ണമായും നിര്‍ത്തി ഒരു പച്ച മനുഷ്യനാവുക എന്നതായിരുന്നു അനിക്ക് ആദ്യം കിട്ടിയ ടാസ്‌ക്. അല്പം ബുദ്ധിമുട്ടിയാണെങ്കിലും അനി അതിനോട് സഹകരിച്ചു.

”ആ വീട്ടിലെ ഒരു കാര്യസ്ഥനെപ്പോലെ ആണ് സാറെന്നെ കണ്ടത്. കാറ് കഴുകുക, വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങുക, പൂന്തോട്ടം നനയ്ക്കുക, സാറിന്‍റെ ഒപ്പം പുറത്ത് പോകുക തുടങ്ങിയ ജോലികളൊക്കെയാണ് ഞാന്‍ ആദ്യം ചെയ്തത്. പയ്യെപ്പയ്യെ എന്നെ വിശ്വസിക്കാന്‍ കൊള്ളാമെന്നു അദ്ദേഹത്തിനും കുടുംബത്തിനും തോന്നിത്തുടങ്ങി.

“മദ്യപാനം നില്‍ക്കുകയും കയ്യില്‍ കാശ് ഉണ്ടാകുകയും ചെയ്തപ്പോഴാണ് നന്നായി ജീവിക്കുന്നതിന്‍റെ സുഖം എന്താണ് എന്നെനിക്ക് മനസിലായത്. അഞ്ച് വര്‍ഷത്തോളം ഞാന്‍ സാറിന്‍റെ കുടുംബത്തോടൊപ്പം നിന്നു. അങ്ങനെയാണ് സ്വന്തമായി ഒരു വരുമാനം കണ്ടെത്താനായി ഓട്ടോ ഡ്രൈവറാകാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്. ലോണെടുത്ത് ഓട്ടോ വാങ്ങാനുള്ള സഹായമെല്ലാം ചെയ്തുതന്നത് അദ്ദേഹം തന്നെയാണ്,” അനി പറയുന്നു.

സ്വന്തമായി ഒരു ഓട്ടോ ഓടിക്കുകയും വരുമാനം കണ്ടെത്താന്‍ തുടങ്ങുകയും ചെയ്തതോടെ, അനിക്ക് ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വീണ്ടും മാറി. തിരുവനന്തപുരം ബസ്റ്റാന്‍റ് പരിസരത്തും ആര്‍സിസി പരിസരത്തുമാണ് അനി ഓട്ടോ ഓടിച്ചു തുടങ്ങിയത്.

”റീജണല്‍ കാന്‍സര്‍ സെന്‍ററിന്‍റെ പരിസരത്ത് ഓട്ടോ ഓടിച്ചു തുടങ്ങിയതോടെ, ഞാന്‍ കണ്ടതൊന്നുമല്ല ജീവിതം എന്ന് എനിക്ക് മനസിലായി. കാന്‍സര്‍ രോഗം ബാധിച്ചു ജീവിതത്തോട് മല്ലിടുന്ന നിരവധി ആളുകളെ ഞാന്‍ പരിചയപ്പെട്ടു. അവരുടെ വേദനകളും വിഷമങ്ങളും കണ്ടാണ്, അവര്‍ക്ക് വേണ്ടി എന്നാല്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യണം എന്ന് തോന്നിയത്.”  അങ്ങനെയാണ് അനി കാന്‍സര്‍ രോഗികളില്‍ നിന്നും ഓട്ടോക്കൂലി ഈടാക്കാതായത്.

“ദിവസവും ഇത്തരത്തില്‍ നിരവധി സൗജന്യ യാത്രകള്‍ ഞാന്‍ നല്‍കാറുണ്ട്. പിന്നീട് എന്‍റെ വണ്ടിക്കായി കാത്തുനില്‍ക്കുന്ന പാവപ്പെട്ട രോഗികളെപ്പറ്റി അറിഞ്ഞപ്പോഴാണ് വണ്ടിയുടെ പിന്നില്‍ എന്‍റെ ഫോണ്‍ നമ്പര്‍ നല്‍കിയത്. സൗജന്യ യാത്രയുടെ വിവരങ്ങള്‍ എഴുതിച്ചേര്‍ത്തത്. ഇപ്പോള്‍ ആളുകള്‍ വിളിക്കുന്നതിനനുസരിച്ച് ഞാന്‍ ഓട്ടോയുമായി എത്തും,” അനി പറയുന്നു.

ദിവസവും പത്ത് യാത്രകള്‍ ഉണ്ടെങ്കില്‍ നാലെണ്ണത്തില്‍ നിന്നു മാത്രമാണ് വരുമാനം കിട്ടുന്നത്. ആറ് യാത്രകള്‍ രോഗികള്‍ക്കായുള്ള സൗജന്യ യാത്രകള്‍ ആയിരിക്കും. ഇതിനു പുറമെ, രോഗികള്‍ക്ക് തന്നാല്‍ കഴിയുന്ന രീതിയിലുള്ള സാമ്പത്തിക സഹായം നല്‍കുന്നതിനും അനി മറക്കുന്നില്ല. ഓട്ടോ ഓടിച്ച് വലിയ ലാഭം ഒന്നും സൂക്ഷിച്ചു വയ്ക്കുന്ന പതിവില്ല അനിക്ക്. കിട്ടുന്ന വരുമാനത്തില്‍ നിന്നും അത്യാവശ്യം ജീവിക്കാനുള്ള വക മാറ്റിവച്ച ശേഷം ബാക്കി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവാക്കുകയാണ് ചെയ്യുന്നത്.

”കൊറേക്കാലം എല്ലാവരെയും വേദനിപ്പിച്ചും കരയിപ്പിച്ചും നടന്ന ആളല്ലേ ഞാന്‍ അതിനുള്ള ഒരു പ്രായശ്ചിത്തമാണ് ഈ ചെയ്യുന്നതെന്ന് കരുതിയാല്‍ മതി,” എന്ന് അനി.

വര്‍ഷങ്ങളായി ആര്‍ സി സിയുടെ മുന്നില്‍ അഗതികള്‍ക്കായി കുടിവെള്ളം വയ്ക്കുന്നത് അനി തന്നെയാണ്. ദിവസം നാല് തവണ ഇത്തരത്തില്‍ വെള്ളം നിറച്ചുവയ്ക്കുന്നു. കാന്‍സര്‍ രോഗികളെ സഹായിക്കുന്നതിനായി, ഓട്ടോയില്‍ ഒരു ചാരിറ്റി ബോക്സും അനി വച്ചിട്ടുണ്ട്.യാത്രക്കാര്‍ക്ക് താല്പര്യമുണ്ടെങ്കില്‍ ഇതില്‍ പണം നിക്ഷേപിക്കാം. ഞായറാഴ്ചകളില്‍ ഓട്ടോക്കൂലി ഒരു രൂപ പോലും അനി കയ്യില്‍ വാങ്ങില്ല. ഇത് യാത്രക്കാരെക്കൊണ്ട് നേരിട്ട് ചാരിറ്റി ബോക്‌സിലേക്ക് നിക്ഷേപിപ്പിക്കും. രോഗബാധിതരായ കുട്ടികളെ സഹായിക്കാനാണ് ഈ തുക.

ഓട്ടോ തന്നെ വീട്

ഇപ്പോള്‍ അനിയുടെ ജീവിതവും വീടും എല്ലാം ആ ഓട്ടോറിക്ഷയാണ്. ശ്രീകാര്യത്ത് ഒരു ഒഴിഞ്ഞ പറമ്പില്‍ ഓട്ടോ ഒതുക്കിയശേഷം അതിലാണ് അന്തിയുറക്കം. ഓട്ടോയെ ഒരു വീടായി കാണുന്നതിനാല്‍ ഓട്ടോയില്‍ നിരവധി ഔഷധച്ചെടികളും ഫിഷ് ടാങ്കും എല്ലാം അനി വച്ചിട്ടുണ്ട്.
തുളസി മുതല്‍ അല്‍മരത്തിന്‍റെ തൈ വരെ ഈ ഓട്ടോയിലുണ്ട്. ഒരു കൗതുകത്തിനപ്പുറം മനസ്സില്‍ പോസിറ്റീവ് ചിന്തകള്‍ വളര്‍ത്താനും ഇത് സഹായിക്കുന്നു എന്ന് അനി പറയുന്നു.

അടിയും ഇടിയും വെട്ടും ഒക്കെയായി നടന്ന കാലത്താണ് അനി സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങിപ്പോന്നത്. അതിനാല്‍ ഇപ്പോള്‍ കയറിക്കിടക്കാന്‍ ഒരു വീടില്ല. അതാണ് അനിയുടെ ഏറ്റവും വലിയ വിഷമം. കാന്‍സര്‍ രോഗികള്‍ക്കായുള്ള സഹായങ്ങളും മറ്റും കഴിയുമ്പോള്‍ കയ്യില്‍ വീടോ സ്ഥലമോ വാങ്ങാന്‍ മിച്ചം വയ്ക്കാന്‍ ഒന്നുമുണ്ടാകാറില്ല.

ഇനി അങ്ങനെ ഒരു കാലം വരികയും രണ്ട് സെന്‍റ് സ്ഥലത്ത് ഒരു വീട് വയ്ക്കാന്‍ കഴിയുകയും ചെയ്താല്‍, അതില്‍ തനിക്ക് തലചായ്ക്കാനുള്ള ഇടം കഴിച്ച് ബാക്കിയുള്ള സ്ഥലം തന്നെ പോലുള്ള ഭവനരഹിതര്‍ക്കായി മാറ്റിവയ്ക്കണം എന്നാണ് അനിയുടെ ആഗ്രഹം.

ഗുണ്ടാക്കാലത്തെ പഴയ കൂട്ടുകാരെ പലപ്പോഴും കാണാറുണ്ട്. എന്നാല്‍ ഗുണ്ടാസംഘവുമായി ഒരു ബന്ധവും സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് അനി. ലോക്ക് ഡൗണില്‍ ഏറെ കഷ്ടപ്പെട്ടു എങ്കിലും, ഈ കാലവും കടന്നു പോകും എന്നാണ് അനിയുടെ വിചാരിക്കുന്നത്.

ചെയ്യുന്ന തെറ്റുകള്‍ മനസിലാക്കി ഒരാള്‍ മാറാന്‍ തീരുമാനിച്ചാല്‍ അവസരം നല്‍കി സമൂഹം കൂടെ നില്‍ക്കണം. തന്‍റെ അനുഭവത്തില്‍ നിന്ന് അനി പറയുന്നത് അതാണ്.

”ജീവിതം വളരെ ചെറുതാണ്. അത് മറ്റുള്ളവര്‍ക്ക് സഹായം ചെയ്യുന്ന രീതിയില്‍ ജീവിച്ചു തീര്‍ക്കണം. അ ചിന്ത ഇപ്പോഴാണ് എനിക്കുണ്ടാകുന്നത്. പഴയകാല ജീവിതത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ഇപ്പോള്‍ ഉള്ളിലൊരു ഭയമാണ്. ഒരിക്കലും അങ്ങോട്ടേക്ക് ഒരു തിരിച്ചു പോക്ക് ഉണ്ടാകില്ല,” നന്മയിലേക്ക് ഓട്ടോ ഓടിച്ചു കൊണ്ട് സാഗര്‍ ഏലിയാസ് അനി പറയുന്നു.


ഇതുകൂടി വായിക്കാം: 3 ലക്ഷം കൊണ്ട് 960 സ്ക്വയര്‍ ഫീറ്റ് വീട്, ഫാനും ഫ്രിജ്ജും ഗ്യാസ് കണക്ഷനും വേണ്ട; ചുറ്റും ജൈവഭക്ഷ്യവനം


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം