ഭിന്നശേഷിക്കാര്‍ക്കും വയസ്സായവര്‍ക്കും വേദനയില്ലാത്ത കാര്‍ യാത്ര! യുവ എന്‍ജിനീയര്‍ തയ്യാറാക്കിയ കരുണ സീറ്റുകള്‍

കാറുകള്‍ക്ക് വേണ്ടി ഇലക്ട്രിക് വില്‍ചെയറും സഞ്ചരിക്കാന്‍ സഹായകമായ മറ്റ് ഉല്‍പന്നങ്ങളും സൃഷ്ടിക്കാനാണ് അശ്വിന്‍ ഇനി ഉദ്ദേശിക്കുന്നത്. ഇതിനകം തന്നെ മൂന്ന് പേറ്റന്‍റുകള്‍ തന്‍റെ പേരിലാക്കുകയും ചെയ്തു.

റോഡ് യാത്രകള്‍ നമുക്ക് എന്നും മധുരതരമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. യാത്രക്കിടെയുള്ള നേരമ്പോക്കുകള്‍, റോഡരുകിലെ തട്ടുകടകളിലും ധാബകളിലും നിര്‍ത്തി നിര്‍ത്തിയുള്ള പോക്ക്… ഒക്കെക്കൊണ്ട് തന്നെ കാറിലുള്ള യാത്രയാണ് പലപ്പോഴും കൂടുതല്‍ സൗകര്യപ്രദം.

നിര്‍ഭാഗ്യവശാല്‍ ഈ യാത്രകള്‍ ചിലര്‍ക്ക് എങ്കിലും വളരെ വേദനാജനകവും കഠിനവും ആയിത്തീരാറുണ്ട്.

”പ്രായമായവര്‍ക്കും പ്രത്യേകിച്ച് ഭിന്നശേഷിക്കാര്‍ക്കും ഒരു കാറിനുള്ളിലേക്ക് കയറുകയും തിരിച്ച് ഇറങ്ങുകയും എത്ര പ്രയാസകരമെന്ന് നാം പലപ്പോഴും തിരിച്ചറിയുന്നില്ല. ആദ്യം ഇടുപ്പ് കുനിച്ച് പിന്നെ മുട്ട് വളച്ച് ഒറ്റക്കാലില്‍ ശരീരത്തെ മുഴുവന്‍ താങ്ങി നിര്‍ത്തി ഒരു വശം അകത്തേക്ക് വെച്ച് കയറണം… നിങ്ങള്‍ ഒന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ടോ. ഇനി കാറില്‍ നിന്ന് പുറത്തേക്ക് ഇറങ്ങണമെങ്കിലോ ഇതെല്ലാം തിരിച്ച് ആവര്‍ത്തിക്കണം. എന്തൊരു മെനക്കേടാണെന്ന് ആലോചിച്ചിട്ടുണ്ടോ!” പോണ്ടിച്ചേരി ആസ്ഥാനമായ ‘വാഹന്‍’ എന്ന സ്റ്റാര്‍ട്ട് അപ്പ് സ്ഥാപകന്‍ കൂടിയായ അശ്വിന്‍ ശ്രേഷ്ഠ പറയുന്നു.

അശ്വിന്‍

30-കാരനായ അശ്വിനും ആറ് സുഹൃത്തുക്കളും ‘ആക്‌സെസബിലിറ്റി ഇന്‍ഡ്യാ കാംപെയിനു’മായി സഹകരിച്ച് ഭിന്നശേഷിക്കാര്‍ക്കും വലിയ ആയാസമില്ലാതെ കാറിനുള്ളില്‍ പ്രവേശിക്കാനും പുറത്തിറങ്ങാനും കഴിയുന്ന, സൗകര്യപ്രദമായ തിരിയുന്ന സീറ്റ് കണ്ടുപിടിച്ചിരിക്കുന്നു. ഒരൊറ്റ ബട്ടണ്‍ അമര്‍ത്തിയാല്‍ മതി ഈ തിരിയുന്ന സീറ്റ് പ്രവര്‍ത്തിപ്പിക്കാന്‍.

”ഏത് വാഹനത്തിലും ഈ സീറ്റ് ഘടിപ്പിക്കാം. സുഗമമായി പ്രവേശിക്കാം. സുഖമായിട്ട് ഇരിക്കാം. കാര്യക്ഷമത തെളിയിക്കപെട്ടതാണ്. ഒറ്റ ക്ലിക്കില്‍ കാര്യം നടക്കും. വീല്‍ചെയറും വാക്കറും ഉപയോഗിക്കുന്നവര്‍ക്ക് സുഗമമായി വാഹനത്തിനുള്ളിലേക്ക് പ്രവേശിക്കാനായി സീറ്റ് തിരിഞ്ഞ്‌വരും. നിങ്ങളുടെ മുതുകും തുടകളും ഇടുപ്പിന്‍റെ കീഴ്‌വശവും നല്ല ആശ്വാസം കിട്ടുന്ന അവസ്ഥയിലാണെന്ന് ഉറപ്പ്‌വരുത്തുക മാത്രമല്ല നീണ്ട യാത്രകളില്‍ പോലും നല്ല രക്തയോട്ടം ലഭിക്കുകയും ചെയ്യും. വാഹനങ്ങളിലെ സാധാരണ സീറ്റുകളേക്കാള്‍ വലിയ വലിപ്പമില്ലാത്ത തന്നത്താന്‍ ചലിക്കുന്ന ഈ സീറ്റ് വാഹനത്തിന്‍റെ ഉള്‍വശത്തോട് നന്നായി ചേരുകയും ചെയ്യുന്നു,” അശ്വിന്‍ വിശദമാക്കുന്നു.

വര്‍ഷങ്ങളായുള്ള ഗവേഷണങ്ങള്‍ക്കും പരീക്ഷങ്ങള്‍ക്കും ശേഷം ഉപയോഗിക്കുന്നവരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചതിന് ശേഷമാണ് കരുണ സീറ്റ് ഇന്നത്തെ രീതിയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇത് രാജ്യത്ത് ആയിരങ്ങള്‍ക്ക് സഹായകരമാവാന്‍ സാധ്യതയുണ്ട്.

അശ്വിന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം പുതുച്ചേരിയിലാണ്. സാങ്കേതികവിദ്യയെ നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനായിരുന്നു അദ്ദേഹത്തിന് എന്നും താല്‍പര്യം. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷം ജര്‍മ്മനിയിലെ പേരുകേട്ട ഓട്ടോമോട്ടീവ് ഇന്‍സ്റ്റിറ്റ്യൂട്ടായ ആര്‍.ഡബ്ല്യു.ടി.എച്ച് ആഷേന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് അദ്ദേഹം മാസ്‌റ്റേഴ്‌സ് ബിരുദം നേടിയത്.

യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയും ഗവേഷകനും എന്ന നിലയില്‍ യാത്രക്കാരുടെ സുരക്ഷിതത്വം, അപകടങ്ങളില്‍ വാഹനങ്ങളുടെ സുരക്ഷിതത്വം, ഡ്രൈവര്‍മാരെ സഹായിക്കാനുള്ള സംവിധാനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കാനും അതുവഴി ഉയര്‍ന്ന സാങ്കേതികവിദ്യയിലൂടെ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനും അത് വിലയിരുത്താനും അശ്വിന് അവസരം ലഭിച്ചു.

2016-ല്‍ ഈ അനുഭവപരിചയവുമായാണ് അദ്ദേഹം ഇന്‍ഡ്യയിലേക്ക് മടങ്ങിയെത്തിയത്. തുടര്‍ന്ന് അദ്ദേഹം പുതുച്ചേരിയിലെ ഇന്നോവ പ്രോ ഡിസൈന്‍സ് സ്ഥാപകനും കണ്ടുപിടുത്തങ്ങളിലൂടെ പേരുകേട്ട ജോര്‍ജ്ജ് മാണിയുടെ ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ആന്‍റ് ഡിസൈന്‍ സെന്‍റെറില്‍ പരിശീലകനായി ചേര്‍ന്നു.

അവിടെ ജോലി ചെയ്യുമ്പോഴാണ് വയസ്സായവര്‍ക്കും മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കും വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നത് എത്രത്തോളം അപ്രാപ്യമാണെന്ന് അശ്വിന്‍ ആദ്യമായി തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് അതിനൊരു പരിഹാരം കാണാനുള്ള പരിശ്രമം ആരംഭിച്ചതും.

”പുതുച്ചേരിയിലുള്ള ഒരു 80 വയസുകാരനായ വ്യവസായി ഞങ്ങളുടെ അടുത്ത് ഒരു പ്രശ്‌നവുമായി ഒരിക്കല്‍ എത്തി. അദ്ദേഹത്തിന് ആഴ്ചതോറും ചെന്നൈയിലേക്ക് റോഡ് മാര്‍ഗം സഞ്ചരിക്കേണ്ടതുണ്ട്. പക്ഷേ നീണ്ട യാത്രമൂലം അനുഭവിക്കുന്ന ഭയങ്കര മുട്ട് വേദനക്ക് ഒരു സാങ്കേതിക പരിഹാരം ഞങ്ങള്‍ കണ്ടുപിടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആവശ്യം. അതിനായി എന്നെയാണ് ചുമതലപ്പെടുത്തിയത്.

“ചാരിയിരിക്കാന്‍ പറ്റുന്ന ഒരു സീറ്റ് നിര്‍മ്മിക്കാന്‍ ഞങ്ങളുടെ ടീം പ്രവര്‍ത്തനം ആരംഭിച്ചു. ഇതിനിടയില്‍ ഞാനും അദ്ദേഹവുമായി ഉണ്ടായ നിരവധി സംഭാഷണങ്ങളില്‍ നിന്നാണ് പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും യാത്രയെക്കുറിച്ചുള്ള മാനസിക ഭയവും അവരനുഭവിക്കുന്ന വലിയ പ്രശ്‌നങ്ങളും മനസിലായത്,” കണ്ടുപിടുത്തത്തിലേക്ക് നയിച്ച സാഹചര്യം അശ്വിന്‍ വിശദമാക്കി. കരുണാ സീറ്റ് നിര്‍മ്മിക്കുന്നതിനുള്ള ആദ്യ തീപ്പൊരി കൂടിയായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഏഴ് മാസത്തോളം നീണ്ട ഈ പ്രോജക്ടിനിടയില്‍ വിലയേറിയ പാഠങ്ങളും അനുഭവങ്ങളും ലഭിച്ചു. ഒപ്പം പല ജോലി സാധ്യതകളിലൂടെയും അശ്വിന്‍ കടന്നുപോയി.

”പല അഭിമുഖങ്ങളും പാസായെങ്കിലും എനിക്ക് എന്തോ ഒരു കുറവ് അനുഭവപെട്ടു. എന്‍റെ ജോലിയുടെ ഫലം ഒരു ക്യുബിക്കുളിനുള്ളില്‍ അല്ലാതെ എന്‍റെ കണ്‍മുന്നില്‍ യാഥാര്‍ത്ഥ്യമാവണം എന്നായിരുന്നു എനിക്ക് ആഗ്രഹം,” ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ധാനം നിരസിച്ച് ഒടുവില്‍, സാമൂഹ്യമാറ്റം സൃഷ്ടിക്കുന്ന വാഹന്‍ എന്ന സ്വന്തം സംരംഭം 2016 ഒക്‌ടോബറില്‍ ആരംഭിച്ച അശ്വിന്‍ പറഞ്ഞു.

”ജര്‍മ്മനിയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചുങ്കെിലും ജോര്‍ജ്ജ് മാണിയുടെ ശിക്ഷണത്തിലാണ് ലഭ്യമായ കുറഞ്ഞ വിഭവങ്ങളില്‍ നിന്ന് സാധാരണ മനുഷ്യര്‍ക്ക് ഉപകാരപ്പെടുന്ന പ്രധാനപെട്ടത് എന്തെങ്കിലും സൃഷ്ടിക്കുകയെന്ന ആ വലിയ പാഠം ഞാന്‍ പഠിച്ചത്. ആ പാഠമാണ് ഈ വര്‍ഷങ്ങളിലൊക്കെ എനിക്ക് വഴികാട്ടിയായത്”, മാണിക്ക് കീഴിലെ പരിശീലനം തന്‍റെ ജീവിതഗതിയെ എങ്ങനെയാണ് രൂപപ്പെടുത്തയതെന്ന ഓര്‍മ്മ പങ്കുവെച്ച് അദ്ദേഹം കൂട്ടിചേര്‍ത്തു.

വാഹന്‍ എന്ന സ്റ്റാര്‍ട്ട് അപ്പ് 2016-ലാണ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും 2017-ല്‍ കരുണാ പ്രോജക്‌റ്റോടെയാണ് അത് പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമായത്. ആദ്യമാതൃക സൃഷ്ടിക്കാനുള്ള ഗവേഷണവും ജോലികളും മാസങ്ങള്‍ നീണ്ടതോടെ അശ്വിന്‍റെ കൈയ്യിലെ കാശ് തീര്‍ന്നു. അതുകൊണ്ട് മറ്റ് പ്രോജക്ടുകളിലും ജോലിചെയ്തു. ഇതിനിടെ പല പ്രമുഖ പുനരുപയോഗ ഊര്‍ജ്ജ പദ്ധതികളിലും അദ്ദേഹം ജോലി ചെയ്തു.

ആഹാര സാധനങ്ങള്‍ സൗരോര്‍ജ്ജം ഉപയോഗിച്ച് ആവിയില്‍ വേവിക്കുന്ന, ഡ്യുവല്‍ ആക്‌സ് സോളാര്‍ കോണ്‍സന്‍ട്രേറ്റര്‍ എന്ന സാങ്കേതികവിദ്യക്ക് ഇന്‍ഡ്യയില്‍ ആദ്യമായി പേറ്റന്‍റ് ലഭിച്ച ബംഗ്‌ലുരു ഐ.ഐ.എമിന്‍റെ പോജക്ട്, മദ്രാസ് ‌ഐ.ഐ.ടിയും കര്‍ണ്ണാടകത്തിലെ ചള്ളാകെരയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും കൂടി സ്ഥാപിച്ച പൂര്‍ണ്ണമായും യന്ത്രത്താല്‍ പ്രവര്‍ത്തിക്കുന്ന സൗരോര്‍ജ്ജ പവര്‍ പ്ലാന്‍റായ സണ്ണി ട്രാക്കര്‍ തുടങ്ങിയവയിലും അശ്വിന്‍ പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്‍റെ മികച്ച പ്രവര്‍ത്തനം താമസിയാതെ തന്നെ ശ്രദ്ധപിടിച്ച്പറ്റുന്നതായി മാറി.

ഏതാണ്ട് ഈ സമയത്താണ് പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്ക് വാഹന സൗകര്യം ഏര്‍പ്പാട് ചെയ്ത് നല്‍കുന്ന ബംഗ്‌ലുരു ആസ്ഥാനമായ കിക്ക് സ്റ്റാര്‍ട്ട് കാബ്‌സ് എന്ന സ്റ്റാര്‍ട്ട്അപ്പ് തങ്ങളുടെ വാഹനങ്ങളില്‍ പ്രത്യേക സീറ്റ് നിര്‍മ്മിക്കാനായി അശ്വിനെ സമീപിച്ചതും.

”കിക്ക് സ്റ്റാര്‍ട്ട് കാബ്സ് സഹസ്ഥാപകനായ ശ്രീകൃഷ് ശിവ കാറിന്‍റെ സീറ്റുകള്‍ക്കായി എന്നെ സമീപിച്ചു. അതുവരെയും അവര്‍ ഞങ്ങള്‍ ഇപ്പോള്‍ നിര്‍മ്മിച്ചതിന് സമാനമായ സീറ്റുകള്‍ സ്വീഡനിലും യു.കെ-യിലും നിന്നും വലിയ വിലയ്ക്ക് ഇറക്കുമതി ചെയ്യുക ആയിരുന്നു അവര്‍. നഗരത്തില്‍ അവര്‍ക്ക് നല്ല ഉപഭോക്താക്കള്‍ ഉണ്ടായിരുന്നുവെങ്കിലും സീറ്റിന്‍റെ ഉയര്‍ന്ന ഇറക്കുമതി തീരുവയും അറ്റകുറ്റുപണി സാധ്യമല്ലാത്തതും അവര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. മുരടിച്ച് കിടന്ന കരുണക്ക് ഇത് താങ്ങായി മാറി.

അത് വ്യക്തമായ രൂപത്തിലേക്ക് മാറാന്‍ ആരംഭിച്ചു. വാഹനത്തിനുള്ളില്‍ തിരിയുന്ന സീറ്റിന്‍റെ ഗവേഷണവും രൂപകല്‍പ്പനയും പിന്നാലെ തുടങ്ങി”, അശ്വിന്‍ പറഞ്ഞു. തന്‍റെ ഉല്‍പ്പന്നം പൂര്‍ണ്ണമാവാന്‍ അദ്ദേഹത്തിന് രണ്ട് വര്‍ഷം പണിപ്പെടേണ്ടിവന്നു.

2018-ലെ ആദ്യരൂപത്തില്‍ നിന്ന് തിരിക്കാന്‍ കഴിയുന്ന കരുണ സീറ്റിന്‍റെ നിര്‍മ്മാണം പൂര്‍ണ്ണമായി പൂര്‍ത്തിയാക്കിയ 2019 ഡിസംബര്‍ വരെ ഒരുപാട് പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. പക്ഷേ, ഓരോ തവണയും എന്തെങ്കിലും ഒരു തടസം നേരിടുമ്പോഴും അശ്വിന്‍ സ്ഥിരോല്‍സാഹം കൈവിട്ടില്ല. ഒപ്പം  ഐ.ഐ.എം കൊല്‍ക്കത്ത ഇന്നവേഷന്‍റെ എട്ട് ലക്ഷം രൂപയുടെ ധനസഹായവും പോജക്ടിനെ മുങ്ങാതെ താങ്ങി നിര്‍ത്തിയത്.

കരുണാ സീറ്റ് സുരക്ഷിതമാണെന്നും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വാഹന്‍ നിരവധി കടുത്ത പരീക്ഷണങ്ങള്‍ക്കും സമഗ്രമായ സര്‍വ്വേക്കും വിധേയമാക്കി. അതിന്‌ ശേഷം 2020 ജനുവരിയിലാണ് മുന്‍കൂര്‍ ബുക്കിംഗ് തുടങ്ങിയത്. വാഹനം അപകടത്തില്‍ പെട്ടാല്‍ ഉണ്ടാകാവുന്ന ആഘാതം അറിയുന്നതിനുള്ള പരീക്ഷണത്തിനും ഈ സീറ്റിനെ വിധേയമാക്കി. ഒരു അപകടമുണ്ടായാല്‍ യാത്രക്കാര്‍ക്ക് ഏറ്റവും കുറച്ച് ആഘാതം ഉണ്ടാവുന്ന, അതായത് അപകടത്തിന്‍റെ ആഘാതം യാത്രകാരില്‍ നേരിട്ട് ഏല്‍ക്കാത്ത, തരത്തിലാണ് ഈ സീറ്റിന്‍റെ മാതൃക.

ജി.എസ്.ടിയും സീറ്റ് ഘടിപ്പിക്കുന്നതിന്‍റെ ചാര്‍ജ്ജും കൂടാതെ 75,000 രൂപയാണ് സീറ്റിന് വില. മാരുതി 800 മുതല്‍ എസ്.യു.വിയിലും പൂര്‍ണ്ണമായി ഓട്ടോമാറ്റിക്ക് ആയ വാഹനങ്ങള്‍ക്കും യോജിച്ച രീതിയിലാണ് സീറ്റിന്‍റെ രൂപകല്‍പ്പന.

”വില കൂടുതലാണെന്ന് തോന്നുമെങ്കിലും യു.കെയിലും സ്വീഡനിലും നിന്നുള്ള സമാനമായ സീറ്റ് ഒന്നിന് രണ്ട് ലക്ഷം രൂപയാണെന്നതിനാല്‍ ഇതത്ര കൂടുതലല്ല. പക്ഷേ, ഭാവിയില്‍ വില കുറയ്ക്കാനാണ് ഞങ്ങള്‍ കഴിയുന്നത്ര ശ്രമിക്കുന്നത്,” അശ്വിന്‍ പറഞ്ഞു.

ഇതിനകം തന്നെ വ്യക്തികളില്‍ നിന്ന് ഒരു ഡസനിലധികം ഓര്‍ഡറുകള്‍ ലഭിച്ചു കഴിഞ്ഞു. വിവിധ സംഘടനകളില്‍ നിന്ന് ഇതിലേറെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. കാറുകള്‍ക്ക് വേണ്ടി ഇലക്ട്രിക് വില്‍ചെയറും സഞ്ചരിക്കാന്‍ സഹായകമായ മറ്റ് ഉല്‍പന്നങ്ങളും സൃഷ്ടിക്കാനാണ് അശ്വിന്‍ ഇനി ഉദ്ദേശിക്കുന്നത്. ഇതിനകം തന്നെ മൂന്ന് പേറ്റന്‍റുകള്‍ തന്‍റെ പേരിലാക്കുകയും പുതിയവയ്ക്കായി ലക്ഷ്യമിടുകയും ചെയ്യുന്നു ഈ ചെറുപ്പക്കാരന്‍. ആ അറിവുകളെല്ലാം നല്ലൊരു ലോകത്തിലേക്കുള്ള മാറ്റത്തിനായി ആത്മാര്‍ത്ഥമായി ഉപയോഗിക്കുകയും ചെയ്യുന്നു.
***
കൂടുതല്‍ വിവരങ്ങള്‍ക്ക്  കരുണ സീറ്റ് വെബ്സൈറ്റ് സന്ദര്‍ശിക്കാം.


ഇതുകൂടി വായിക്കാം: 3 ലക്ഷം കൊണ്ട് 960 സ്ക്വയര്‍ ഫീറ്റ് വീട്, ഫാനും ഫ്രിജ്ജും ഗ്യാസ് കണക്ഷനും വേണ്ട; ചുറ്റും ജൈവഭക്ഷ്യവനം


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം