പാവപ്പെട്ട 1,000 പേര്‍ക്ക് ഹൃദയ ശസ്ത്രക്രിയയ്ക്കായി സ്വരൂപിച്ചത് 2.5 കോടി രൂപ! ഇത് സമൂഹത്തിന് തിരിച്ചുനല്‍കുന്ന ആദരമെന്ന് രാജ്യം പത്മശ്രീ നല്‍കി ബഹുമാനിച്ച ഡോക്റ്റര്‍

കേരളത്തിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ, രാജ്യത്തെ ആദ്യ ഹാര്‍ട്ട് റീട്രാന്‍സ്പ്ലാന്‍റേഷന്‍… ഒരു കര്‍ഷകന്‍ കൂടിയായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം നാട്ടിയ നാഴികക്കല്ലുകള്‍ ഒരുപാടുണ്ട്.

മേയ് 9, 2020, ഉച്ചതിരിഞ്ഞ് 3.05.

മൂടിക്കെട്ടിയ അന്തരീക്ഷം. മഴ എപ്പോൾ വേണമെങ്കിലും പെയ്യാം.

തിരുവനന്തപുരത്ത് നിന്ന്  ഒരു ഹെലികോപ്റ്റർ  മിടിക്കുന്ന ഹൃദയവുമായി പറന്നുയർന്ന് ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിന്‍റെ ഹെലിപാഡിൽ ചെന്നിറങ്ങി. അതിൽ കാർഡിയോ തൊറാസിക്ക് സർജൻ ഡോ ജോസ് ചാക്കോ പെരിയപ്പുറവും സംഘവും ഉണ്ടായിരുന്നു.

അപ്പോൾ സമയം 3.55.

അവിടെ കാത്തുകിടന്നിരുന്ന ആംബുലൻസ് പൊലീസ് അകമ്പടിയോടെ ആ ഹൃദയവുമായി എറണാകുളം ലിസി ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു. പുറകിൽ നാല് ഡോക്റ്റർമാരും ഒരു നഴ്സും ഉൾപ്പെടുന്ന സംഘവുമായി മറ്റൊരു വാഹനം. വെറും രണ്ടേമുക്കാൽ മിനിറ്റുകൾക്കുള്ളിൽ ആംബുലൻസും ഡോക്റ്റർമാരുടെ വാഹനവും ആശുപത്രിയിലെത്തി.

മിടിക്കുന്ന ഹൃദയവുമായി

കൃത്യം നാലിന് കോതമംഗലം സ്വദേശിനിയുടെ ശരീരത്തില്‍ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വെച്ച് മസ്തിഷ്ക മരണം സ്ഥിരീകരിച്ച ലാലി ഗോപകുമാറിന്‍റെ  ഹൃദയം തുന്നിച്ചേര്‍ക്കുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. രണ്ടു മണിക്കൂറിനുള്ളിൽ ആ ഹൃദയം അവരുടെ ശരീരത്തില്‍  സ്പന്ദിക്കാൻ തുടങ്ങി. അഞ്ചു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ  വിജയകരമായി പൂർത്തിയായി.

അത് ഡോ ജോസ് ചാക്കോ പെരിയപ്പുറം നടത്തുന്ന 26-ാമത്തെ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയ സർജനും അദ്ദേഹം തന്നെ.

2003 മെയ് 13-നായിരുന്നു കേരളത്തിന്‍റെ ചരിത്രത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ഡോ. ജോസ് ചാക്കോ നടത്തുന്നത്. അവിടെ നിന്ന്  ഇരുപത്തിയാറാമത്തേതിൽ  എത്തി നിൽക്കുമ്പോൾ ചാരിതാർത്ഥ്യം മാത്രമല്ല ഇതുവരെ ലഭിച്ച എല്ലാ നന്മകളും സമൂഹത്തിന് തിരിച്ചു കൊടുക്കാൻ സാധിക്കുന്നു എന്ന സന്തോഷവും ഉണ്ടെന്ന് ഡോ ജോസ് ചാക്കോ പെരിയപ്പുറം ദ് ബെറ്റർ ഇന്‍ഡ്യയോട് പറഞ്ഞു.

“ഓരോ അവയവദാനത്തിനും ശസ്ത്രക്രിയയ്ക്കും  പുറകിൽ ദൈവീക ഇടപെടൽ ഉണ്ടെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ഒരു ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തണമെങ്കിൽ ഒരുപാട് ചെറിയതും വലിയതും ആയ കാര്യങ്ങൾ ഒത്തിണങ്ങി വരണം.

“ഉദാഹരണത്തിന് അവയവം കൊടുക്കുന്ന ആളിന്‍റെയും അത് സ്വീകരിക്കുന്ന ആളിനെയും ബ്ലഡ് ഗ്രൂപ്പ് ഒന്നായിരിക്കണം, തൂക്കം വരെ ഏകദേശം ഒത്ത് പോകണം. കൂടാതെ, മറ്റൊരു ജില്ലയിലാണെങ്കിൽ ഹൃദയം ‘ട്രാൻസ്പോർട്ട്’ ചെയ്യുന്ന ജോലി അത്ര ചെറുതല്ല. കുറച്ചു ദിവസങ്ങൾക്ക് മുൻപേ നടന്ന ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടി  ഗവണ്മെന്‍റ് പെട്ടെന്നു തന്നെ ഹെലികോപ്റ്റർ വിട്ടുതന്നു. ഒരുപാട് പേരുടെ പ്രയത്നങ്ങളും സഹായങ്ങളും ഇതിന് പുറകിൽ ഉണ്ട്,” അദ്ദേഹം പറയുന്നു.

ഡോ. ജോസ് ചാക്കോ പെരിയപ്പുറം

ആ ദിവസം അദ്ദേഹം ഓര്‍ക്കുന്നു:  “അന്ന് മുഴുവൻ ഇടിയോടു കൂടിയ മഴ പ്രവചിച്ചിരുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ ഹെലികോപ്റ്ററിനു പറക്കുക സാധ്യമല്ല. എന്നാൽ ആ ഒരു മണിക്കൂർ മഴ പോലും മാറി നിന്നു. എല്ലാ കാര്യങ്ങളും ഒരുമിച്ച് കൊണ്ട് വരുക എന്നുള്ളത് മനുഷ്യനെക്കൊണ്ട് സാധിക്കുന്നതല്ല. ഇത്തരത്തിലുള്ള എല്ലാ സർജറികളിലും ഒരു ‘ ഡിവൈൻ ഇന്‍റെർവെൻഷൻ’ പലപ്പോഴും എനിക്കുണ്ടായിട്ടുണ്ട്. ഈ അനുഗ്രഹങ്ങളെല്ലാം മറ്റൊരു വിധത്തിൽ ഞാൻ സമൂഹത്തിന് തിരിച്ചു നൽകേണ്ടത് തന്നെയാണ്. ”


അദ്ദേഹത്തിന്‍റെ സംഭാവനകൾ ആശുപത്രികളിലും ഓപറേഷന്‍ തിയ്യേറ്ററുകളിലും ഒതുങ്ങി നിന്നില്ല.


ഹൃദയ സംബന്ധമായ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന സമൂഹത്തിന്‍റെ താഴെ തട്ടിൽ ഉള്ളവർക്കായി 2005-ൽ അദ്ദേഹം ഹാർട്ട് കെയർ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടന രൂപികരിച്ചു. പത്തു വർഷങ്ങൾക്കുള്ളിൽ സൗജന്യ ആയിരം ഹൃദയ ശസ്ത്രക്രിയകൾ നടത്തുക എന്നതായിരുന്നു അതിന്‍റെ പ്രധാന ലക്ഷ്യം.

കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവെയ്ക്കല്‍

1986-ൽ ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേയ്ക്ക് പോകുമ്പോള്‍ ഡോ ജോസ് ചാക്കോയ്ക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു- രാജ്യത്തെ ആദ്യ ഹൃദയം മാറ്റി വെയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന സർജൻ ആകുക എന്നത്. അന്ന് കേരളത്തിലെ ഒരു ആശുപത്രിയിലും  ഓപ്പൺ ഹാർട്ട്  ശസ്ത്രക്രിയകൾ  ചെയ്തു തുടങ്ങിയിട്ടില്ലായിരുന്നു,

എന്നാൽ, ഉപരിപഠനത്തിനു ശേഷം തിരിച്ചു വരാൻ വെറും രണ്ട് വർഷം ബാക്കി നിൽക്കെ, ഇന്‍ഡ്യയിലെ രണ്ടിടങ്ങളിൽ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ നടന്നു കഴിഞ്ഞിരുന്നു. (1994-ൽ  ഡൽഹിയിലെ ഓൾ ഇന്‍ഡ്യ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) -ലും 1996-ൽ ചെന്നൈയിലും.)

ഡോ. ജോസ് ചാക്കോയും കുടുംബവും

ഇത് കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് നേതൃത്വം കൊടുക്കുക എന്ന പുതിയൊരു ലക്ഷ്യമാണ്  അദ്ദേഹത്തിന് നൽകിയത്.
2003-ൽ അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു.

പിന്നീട് നേരത്തെ ഹൃദയം മാറ്റിവെയ്ക്കല്‍ ശ്രസ്ത്രക്രിയക്ക് വിധേയനായ ആളില്‍ തന്നെ രണ്ടാമതും ഹൃദയം തുന്നിപ്പിടിപ്പിക്കുന്ന (heart re-transplantation surgery) ഇന്‍ഡ്യയിലെ ആദ്യത്തെ സർജനായി മാറി.

കൂടാതെ, ഉണർന്നിരിക്കുമ്പോൾ നടത്തുന്ന രാജ്യത്തെ ആദ്യ  ‘awake’ ബൈപാസ്  സർജറി, സംസ്ഥാനത്തെ ആദ്യ ഹാർട്ട് -ലങ്ങ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ, താൽക്കാലിക കൃത്രിമ ഹൃദയത്തിന്‍റെ സഹായത്താൽ ജീവിച്ചിരുന്ന വ്യക്തിയിൽ പുതിയൊരു ഹൃദയം തുന്നിപ്പിടിപ്പിക്കുന്ന സർജറി, ടക്കയാസു രോഗം (Takayasu disease) ബാധിച്ച ആളിൽ ഹൃദയം തുന്നിപിടിപ്പിച്ച  ഏഷ്യയിലെ ആദ്യത്തെ  സർജൻ എന്ന ഖ്യാതിയും ഈ അറുപത്തിരണ്ടുകാരന് സ്വന്തം.

ഈ സംഭാവനകൾക്ക്  2011-ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു

ആദ്യം ചെയ്ത ഹൃദയം മാറ്റിവെയ്ക്കൽ  ശസ്ത്രക്രിയയെക്കുറിച്ച് അദ്ദേഹം ഓർത്തെടുക്കുന്നു:

“കേരളത്തിലെ ആദ്യത്തെ ‘ഹാർട്ട്  ട്രാൻസ്പ്ലാന്‍റേഷൻ ‘ … എങ്ങനെയാണ് ചെയ്യുന്നതെന്ന് കണ്ടിട്ടുണ്ടെങ്കിലും അതുവരെ ഒന്ന് പോലും സ്വയംചെയ്തിരുന്നില്ല. എന്നെ സഹായിക്കാൻ നിന്നവർക്ക് അത്രയ്ക്ക് പോലും ‘എക്സ്പോഷർ ‘ ഉണ്ടായിരുന്നില്ല. ശരിക്കും ഒരു നടുക്കടലിൽ ഒറ്റപ്പെട്ട പോലെ. പക്ഷെ മനസ്സിൽ അടിയുറച്ച ഒരു വിശ്വാസം ഉണ്ടായിരുന്നു. പിന്നീട് വർഷങ്ങളായുള്ള സ്വപ്നം. യാഥാർത്ഥ്യമാകാൻ ഓരോ ‘ ഫാക്റ്ററുകളും’ ഒത്തുവരുകയാണ് ഉണ്ടായത്,” അദ്ദേഹം ടി ബി ഐ-യുമായി ആ അനുഭവം പങ്കുവെയ്ക്കുന്നു.

ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ രാജ്യം പദ്മശ്രീ നല്‍കി ആദരിക്കുന്നു

“ആലപ്പുഴയിൽ ഒരു ക്യാമ്പ് നടത്തിയപ്പോൾ ചെറുപ്പക്കാരനായ അബ്രഹാം എന്ന ഒരാൾ ഹൃദയം മാറ്റിവെയ്ക്കുന്നതിനുള്ള സർജറി അയാളിൽ  ചെയ്യുവാൻ മുന്നോട്ട് വരുന്നു. അപ്പോഴാണ് ഒരു അപകടത്തിൽ പെട്ട സുകുമാരൻ എന്നൊരാൾക്ക് മസ്തിഷ്ക മരണം ഞാൻ അന്ന് ജോലി ചെയ്തിരുന്ന ആശുപത്രിയിൽ വെച്ച് സ്ഥിരീകരിക്കുന്നത്. അവരുടെ കുടുംബങ്ങൾ അധികം വൈകാതെ അവയവ ദാനത്തിന് സമ്മത പത്രം നൽകുന്നു. അത് മാത്രമല്ല ആ സർജറിക്കാവശ്യമായ എല്ലാ ഘടകങ്ങളും ഒത്തുവരുന്നു.

“വൃക്ക മാറ്റി വെയ്ക്കൽ ശസ്ത്രക്രിയ പോലും അന്ന് ഇന്നത്തെ പോലെ നടന്നിരുന്നില്ല. ഇന്നും ഇത്തരം സർജറിക്ക് മുൻപായി ഒരു ‘ഇന്‍റെൻസീവ് കൗൺസിലിങ്’ രോഗിക്ക് കൊടുക്കും.


ഞാൻ നേരത്തെ ഒരു സർജറി പോലും നടത്തിയിട്ടില്ല എന്ന കാര്യം അബ്രഹാമിനെ അറിയിച്ചു.


“എന്നെ അതിശയിപ്പിച്ചു കൊണ്ട് അയാൾ എനിക്ക് ആത്മവിശ്വാസം നൽകുകയാണ് ചെയ്തത്. ആത്മവിശ്വാസമുള്ള രോഗി ഒരു ഡോക്റ്ററുടെ കൃത്യം എളുപ്പമാക്കുന്നു.”

ഹൃദയം നൽകുന്ന സുകുമാരന്‍റെ ഭാര്യയും അതിന് പെട്ടെന്ന് തന്നെ സന്നദ്ധയായി. പ്രേമവിവാഹം ചെയ്തിരുന്ന അവർ വിവാഹനാളിൽ എടുത്ത പ്രതിജ്ഞയിൽ ഒന്ന്, മരണാന്തരമുള്ള അവയവദാനമായിരുന്നു

“അങ്ങനെ എല്ലാം ഒത്തുവരുന്നു. ഞാൻ നേരത്തെ പറഞ്ഞിരുന്നില്ലേ എനിക്ക് ഓരോ ശസ്ത്രക്രിയയും ദൈവം കൈപിടിച്ചു നടത്തുന്നത് പോലെയാണ് എന്ന്. ഈ വിശ്വാസമാണ് എന്നെ എല്ലാ പ്രതിസന്ധികൾ തരണം ചെയ്യാനും സഹായിക്കുന്നത്,” ഡോക്റ്റര്‍ ആവര്‍ത്തിക്കുന്നു.

ആയിരം ഹൃദയങ്ങള്‍, ആയിരം കുടുംബങ്ങള്‍

കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ  മാധ്യമങ്ങളും സമൂഹവും  നല്ല രീതിയിൽ അന്ന് ഏറ്റെടുത്തിരുന്നു. “അതെല്ലാം എനിക്ക് വ്യക്തിപരമായ അംഗീകാരവും പ്രചോദനവും തന്നു. അതുകൊണ്ട് ആ അംഗീകാരം സമൂഹത്തിന് ഇരട്ടിയായി  തിരിച്ചു കൊടുക്കണമെന്നുള്ളത് ഒരു ഉത്തരവാദിത്തമായി തോന്നി. ഹാർട്ട് കെയർ ഫൗണ്ടേഷന് രൂപം കൊടുക്കാൻ പ്രേരിപ്പിച്ച പ്രധാന കാര്യവും അതുതന്നെ ആയിരുന്നു.

“കൂടാതെ,നമ്മൾ ആവശ്യപ്പെട്ടാൽ, ആളുകൾ അവരുടെ സാന്നിധ്യം കൊണ്ടും കഴിവിനനുസരിച്ചും സഹായിക്കുമെന്ന ഒരു തോന്നൽ മനസ്സിൽ ശക്തിപ്പെട്ടു , അത് ശരിയും ആയിരുന്നു,” അദ്ദേഹം മനസ്സുതുറക്കുന്നു.

ആദ്യത്തെ രണ്ട്  വർഷങ്ങളിൽ  ഈ പദ്ധതിക്കായുള്ള ഒരുക്കങ്ങൾക്ക് മുൻതൂക്കം കൊടുക്കുകയും, പിന്നീട് 2007 -ൽ ഔദ്യോഗികമായി ഹാർട്ട് കെയർ ഫൗണ്ടേഷന്‍റെ   ‘ആയിരം ഹൃദയങ്ങൾ, ആയിരം ജീവിതങ്ങൾ, ആയിരം കുടുംബങ്ങൾ ‘ എന്ന പ്രൊജക്റ്റ് തുടങ്ങുകയും ചെയ്തു.

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനൊപ്പം

ഡോക്റ്റർമാർക്ക് പരിശീലനവും, ശസ്ത്രക്രിയകൾ നടത്തുന്നതിനുള്ള സാമ്പത്തിക സഹായവും നൽകി ഇന്ന് സംസ്ഥാനത്തെ ഗവണ്മെന്‍റ് മെഡിക്കൽ കോളേജുകളിൽ നടക്കുന്ന ഹൃദയ  ശസ്ത്രക്രിയകൾക്ക് തുടക്കം കുറിച്ചത് ഹാർട്ട് കെയർ ഫൌണ്ടേഷൻ ആയിരുന്നു.

ഈ പദ്ധതിയുടെ സുതാര്യമായ നടത്തിപ്പിനായി ഹാർട്ട് കെയർ ഫൗണ്ടേഷൻ ശ്രദ്ധ കേന്ദ്രീകരിച്ചത് ഗവണ്മെന്‍റ് ആശുപത്രികളിലും, തിരുവന്തപുരത്തെ  ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലും  ആയിരുന്നു. ഫൗണ്ടേഷൻ ശസ്ത്രക്രിയകൾ ചെയ്തു കൊടുക്കുകയായിരുന്നില്ല, മറിച്ചു അതിനാവശ്യമായ സാമ്പത്തിക സഹായം കൊടുക്കുകയായിരുന്നു, അദ്ദേഹം വ്യക്തമാക്കുന്നു.

“ശസ്ത്രക്രിയകൾക്കാവശ്യമായ ഭൂരിഭാഗം ചെലവുകളും വഹിച്ചിരുന്നത് ഹാർട്ട് കെയർ ഫൗണ്ടേഷൻ ആയിരുന്നു. വളരെ തുച്ഛമായ തുക മാത്രമാണ് രോഗികൾക്ക് ചെലവഴിക്കേണ്ടി വന്നിരുന്നത്.


ഇതുകൂടി വായിക്കാം: അധ്യാപകന്‍ വികസിപ്പിച്ച തെങ്ങോല സ്ട്രോകള്‍ക്ക് വിദേശങ്ങളില്‍ നിന്നും ലക്ഷങ്ങളുടെ ഓര്‍ഡര്‍


“അന്ന് കോട്ടയം ഗവണ്മെന്‍റ് മെഡിക്കൽ കോളേജിൽ ബൈപാസ് സർജറികൾ  നടക്കുന്നില്ല എന്ന പരാതി നിലനിൽക്കവേ, അവിടത്തെ മെഡിക്കൽ സൂപ്രണ്ടും എന്‍റെ ഗുരുനാഥനുമായ ഡോ സി ചന്ദ്രമോഹന്‍റെ നേതൃത്വത്തിൽ ഞാനും എന്‍റെ ടീമും അവിടെച്ചെന്ന് ഡോക്റ്റർമാർക്ക് പരിശീലനം കൊടുത്തു.

“കോട്ടയം മെഡിക്കൽ കോളേജില്‍ ഓപ്പൺ ഹാർട്ട് സർജറി ആരംഭിക്കുന്നത് ഞങ്ങളുടെ നേതൃത്വത്തിൽ ആയിരുന്നു. അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനിൽ  നിന്ന് സ്പെഷ്യൽ പെർമിഷൻ എടുത്താണ് അത്തരം കാര്യങ്ങൾ ഞങ്ങൾ ചെയ്തത്. കാരണം പ്രൈവറ്റ് ഹോസ്പിറ്റലിൽ നിന്ന് ഡോക്റ്റർമാർ പോയി ഓപ്പറേഷൻ നടത്തുന്നതിനുള്ള അനുവാദം അന്നും ഇന്നും ഇല്ല,” ഡോ. ജോസ് ചാക്കോ അഭിമാനത്തോടെ പറയുന്നു.

ഡോ. ജോസ് ചാക്കോയും സഹപ്രവര്‍ത്തകരും

അവിടെ ഹൃദയ ശസ്ത്രക്രിയകൾ ആരംഭിച്ചു കഴിഞ്ഞപ്പോൾ ഹാർട്ട് കെയർ ഫൗണ്ടേഷന്‍റെ പ്രോജക്ടിന്‍റെ  ഭാഗമായിട്ടുള്ള സാമ്പത്തിക സഹായം രോഗികൾക്ക് കൊടുക്കാനും തുടങ്ങി.

കുറച്ചു  വർഷങ്ങൾക്കുള്ളിൽ തന്നെ, അത് തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലേയ്ക്കും വ്യാപിപ്പിക്കാൻ ഫൗണ്ടേഷന് കഴിഞ്ഞു.

എന്നാൽ, 2007 ആകുമ്പോഴേക്കും ഈ മേഖലയിൽ  സര്‍ക്കാര്‍ പല പദ്ധതികളും ആയി മുന്നോട്ട് വന്നു. ഫൗണ്ടേഷന്‍റെ സാമ്പത്തിക സഹായം മെഡിക്കൽ കൊളേജുകൾക്ക് ആവശ്യമില്ലാതായി.

“ഗവൺമെന്‍റ് പദ്ധതികൾ പ്രൈവറ്റ് ആശുപത്രികൾക്ക്  ബാധകമല്ലല്ലോ അങ്ങനെയൊരു സാഹചര്യത്തിൽ, ഞങ്ങൾ ഈ ധനസഹായം കേരളത്തിലെ മറ്റു മിഷൻ ആശുപത്രികളിലേയ്ക്ക് കൊടുക്കാൻ തുടങ്ങി.  2017-ഓടു കൂടി ഈ പദ്ധതി  വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു.”

ഏകദേശം രണ്ടരക്കോടി രൂപയാണ് ഹാർട്ട് കെയർ ഫൌണ്ടേഷൻ  ഇതിനായി ചെലവഴിച്ചത്. ” ചിലപ്പോഴൊക്കെ ഞങ്ങളറിയാതെ പലരും ഫൗണ്ടേഷന് പണം തന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്,” ഡോ. ജോസ് ചാക്കോ നന്ദിയോടെ ഓര്‍ക്കുന്നു.

ഈ ലക്ഷ്യത്തോട് കൂടി മുന്നോട്ട് പോകുന്നതോടൊപ്പം, ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ബോധവൽക്കരണവും, സന്ദേശവും സമൂഹത്തിന് കൊടുക്കുക എന്ന ലക്ഷ്യവും മുൻനിർത്തി ഒട്ടനവധി കാര്യങ്ങൾ ഹാർട്ട് കെയർ ഫൗണ്ടേഷന് ചെയ്യാൻ സാധിച്ചെന്ന് അദ്ദേഹം പറയുന്നു.

“ആയിരം ഹൃദയങ്ങളുടെ പ്രൊജക്റ്റ് നമ്മൾ രണ്ട് വർഷം മുന്നേ പൂർത്തിയാക്കിയിരുന്നുവെങ്കിലും, ഇതിനായി സാമ്പത്തിക സഹായങ്ങൾ തുടർന്നും കിട്ടിക്കൊണ്ടേയിരുന്നു. അതുകൊണ്ട്, എപ്പോഴെങ്കിലും ഏതെങ്കിലും രോഗികൾക്ക് ശസ്ത്രക്രിയയ്ക്കുള്ള  മൊത്തം ചെലവിലേയ്ക്ക് തുക ആവശ്യമുണ്ടെന്ന ‘റിക്വസ്റ്റ്’ വന്നാൽ കൊടുക്കാറുണ്ട്. കൂടാതെ, ഹൃദയം മാറ്റിവെച്ച രോഗികളുടെ മരുന്നുകൾക്കും, തുടർ ചികിത്സയ്ക്കും ഉള്ള ചെലവുകൾ പലപ്പോഴും ഫൌണ്ടേഷൻ ഏറ്റെടുക്കാറുണ്ട്.”

സമൂഹത്തിലേയ്ക്ക് കൂടുതലായി ഇറങ്ങിച്ചെല്ലാനും ഇങ്ങനെ ഒരു അസുഖം വരുമ്പോൾ ഒരു കുടുംബങ്ങള്‍ നേരിടേണ്ടി വരുന്ന അവസ്ഥ നേരിട്ട് കണ്ടു മനസിലാക്കാനും ഫൗണ്ടേഷനിലൂടെ അവസരമുണ്ടായെന്ന്  ഡോക്റ്റര്‍ പറയുന്നു.

നിരവധി സന്നദ്ധ സംഘടനകളും, ഒരുപാട് വ്യക്തികളും സാമ്പത്തികമായി സഹായിക്കാൻ മുന്നോട്ട് വരുകയും ചെയ്തു. ” നിരവധി ലയൺസ് ക്ളബ്ബുകളും, റോട്ടറി ക്ലബ്ബുകളും, വേൾഡ് മലയാളി കൗൺസിലും, പ്രവാസി മലയാളികളും, അവരുടെ വിവിധ ക്ലബ്ബുകൾ, കൂടാതെ, ഈ ഫൗണ്ടേഷന്‍റെ ട്രസ്റ്റിമാരും  സഹായ ഹസ്തവുമായി എന്നും മുന്നിൽ തന്നെയുണ്ടായിരുന്നു,” എന്ന് ഡോ. ജോസ് ചാക്കോ.

മികച്ച ജൈവകര്‍ഷകനുള്ള ആദരം മമ്മൂട്ടിയില്‍ നിന്നും ഏറ്റുവാങ്ങുന്നു

ഇപ്പോൾ അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ഹാർട്ട് കെയർ ഫൗണ്ടേഷൻ ആലങ്ങാട് പഞ്ചായത്തിലെ 30-നും 60-നും ഇടയില്‍ പ്രായമുള്ള ഹൃദ്രോഗം വരാന്‍ സാധ്യതയുള്ളവരെ വിവിധ പരിശോധനകളിലൂടെ കണ്ടെത്തി  ബോധവൽക്കരിക്കുക എന്ന പദ്ധതിയുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.

ഒഴിവുസമയം കൃഷിയിടത്തില്‍

ഈ തിരക്കുകൾക്കിടയിലും എല്ലാ ഞായറാഴ്ചയും ആലുവയിലുള്ള രണ്ടേക്കറോളം വരുന്ന കൃഷിയിടം സന്ദർശിക്കുന്നത് അദ്ദേഹം മുടക്കാറില്ല.

“മണ്ണും മനുഷ്യനും തമ്മിൽ ഒരു അഭേദ്യ ബന്ധമുണ്ട്,” ജോസ് ചാക്കോ എന്ന കർഷകൻ പറയുന്നു. “മണ്ണിനെ സ്നേഹിക്കുന്നവൻ മനുഷ്യനെ സ്നേഹിക്കുന്നു എന്ന സന്ദേശമാണ് കൃഷിയിലൂടെ ഞാൻ കൈമാറാൻ  ഉദ്ദേശിക്കുന്നത്.”


എന്‍റെ പേഷ്യന്‍റ്സിനെപ്പോലെത്തന്നെയാണ് എനിക്ക് കൃഷിയും.


ഒരു കർഷക കുടുംബത്തിൽ ജനിച്ച ജോസ് ചാക്കോയ്ക്ക് കൃഷിയില്‍ നിന്നും മണ്ണിൽ നിന്നും ഏറെ അകന്നുനില്‍ക്കുന്നത് ചിന്തിക്കാനാവുമായിരുന്നില്ല. ഇംഗ്ലണ്ടിൽ നിന്ന് തിരിച്ചുവന്ന് കേരളത്തിൽ ‘സെറ്റിൽ’ ആകാൻ തീരുമാനിച്ചതിന്‍റെ ഒരു കാരണവും മണ്ണിനോടുള്ള സ്നേഹം തന്നെ.

പൊക്കാളിപ്പാടത്ത്

ആലുവയിലെ രണ്ടര ഏക്കറോളം വരുന്ന സ്ഥലത്ത് ജാതി, തെങ്ങ്, വാഴ, പച്ചക്കറികൾ  എല്ലാം ഉണ്ട്. കൂടാതെ, മീന്‍ വളർത്തലും.

“രോഗികൾക്ക് നമ്മൾ മരുന്ന് കൊടുക്കുന്നത് പോലെ തന്നെയാണ് മണ്ണിലേയ്ക്ക് വളമിടുന്നതും. ഹാർട്ട് ബീറ്റിൽ ഉണ്ടാകുന്ന വ്യതിയാനം സോഡിയം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾക്കുള്ള മാറ്റങ്ങൾ കൊണ്ടാണ്. പൊട്ടാസ്യം കുറഞ്ഞു പോയാല്‍ ഹൃദയ താളം തന്നെ തെറ്റും. എത്രത്തോളം ധാതു ലവണങ്ങൾ സസ്യങ്ങൾക്കും വൃക്ഷങ്ങൾക്കും ആവശ്യമുണ്ടോ അതുപോലെ തന്നെ നമ്മുടെ ഹൃദയത്തിനും ആവശ്യമാണ്. ഇതിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഹൃദയത്തെ കാര്യമായി ബാധിക്കും.”

“ഇന്ന് എല്ലാവരും കൃഷിയിലേയ്ക്ക് തിരിച്ചു പോയ്കൊണ്ടിരിക്കുകയല്ലേ,” അദ്ദേഹം ചോദിക്കുന്നു.

ലിസി ആശുപത്രിയിൽ കാർഡിയോ തൊറാസിക് സർജറി വിഭാഗത്തിന്‍റെ മേധാവിയായ ഡോ ജോസ് ചാക്കോ പെരിയപ്പുറം ഭാര്യ ജെയ്‌മിയോടൊപ്പം കൊച്ചിയിലാണ് താമസം. മൂന്ന് ആൺമക്കളാണ് അവര്‍ക്ക്.

***
ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്‍റെ ഹാര്‍ട്ട് ഫൗണ്ടേഷനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വെബ്സൈറ്റ് സന്ദര്‍ശിക്കാം. ലിങ്ക്

ഇതുകൂടി വായിക്കാം: എ സിയും ഫാനും വേണ്ട! പൂനെ നഗരത്തിന് നടുവില്‍ മണ്‍വീട് നിര്‍മ്മിക്കുന്ന ദമ്പതികള്‍


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം