വയനാട്ടില്‍ ഇപ്പോഴുമുണ്ട് 40 വര്‍ഷം മുന്‍പ് ഒറ്റമുറി ക്ലിനിക്കിലേക്ക് സൗജന്യ സേവനവുമായെത്തിയ ആ മഹാരാഷ്ട്രക്കാരന്‍ ഡോക്റ്റര്‍

ഡോക്റ്റര്‍ ധനജ്ഞയ് സുഖ്ദേവ് ആണ് വയനാട്ടിലെ ആദിവാസികള്‍ക്കിടയില്‍ പടര്‍ന്ന അരിവാള്‍ രോഗത്തെക്കുറിച്ച് ആദ്യമായി പൊതുസമൂഹത്തെ അറിയിക്കുന്നത്.  

1980-കള്‍. പട്ടിണിയും രോഗങ്ങളും മത്സരിച്ച് ദുരിതം പെയ്തിരുന്ന വയനാടന്‍ കാടുകള്‍. അന്ന് കോടനിറഞ്ഞ, നിര്‍ത്താതെ നൂല്‍മഴ പെയ്തു നനഞ്ഞു കിടക്കുന്ന വനങ്ങളിലായിരുന്നു ആദിവാസി ഊരുകള്‍ അധികവും.

അവിടെ മുട്ടില്‍ എന്ന ഗ്രാമത്തില്‍ ഒരു ഒറ്റമുറി ക്ലിനിക്കിലേക്കാണ് മെഡിസിന്‍ പഠനം കഴിഞ്ഞ് അധികകാലം കഴിയും മുന്‍പേ ഡോക്റ്റര്‍ ധനഞ്ജയ് സുധാകര്‍ സുഖ്‌ദേവ് എത്തുന്നത്, 1980-ല്‍.

ഡോ. സുഖ്‌ദേവ് ജനിച്ചതും വളര്‍ന്നതുമെല്ലാം മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഒരു സമ്പന്ന കുടുംബത്തിലാണ്.

“ഞാന്‍ മെഡിസിന്‍ പഠിച്ചത് നാഗ്പൂരിലെ ഇന്ദിരാ ഗാന്ധി മെഡിക്കല്‍ കോളെജിലാണ്. ഹൌസ് സര്‍ജന്‍സി കഴിഞ്ഞു നാഗ്പൂരിലെ തന്നെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷനില്‍ കുറച്ചു കാലം ജോലി ചെയ്തിരുന്നു,” ഡോ. സുഖ്‌ദേവ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

ഡോ. സുഖ്ദേവ് വയനാട്ടിലെത്തുന്ന കാലത്ത് കൊടുംവനങ്ങളിലായിരുന്നു മിക്കവാറും എല്ലാ ആദിവാസി ഊരുകളും (image for representation only. photo: pixabay.com)

ആ ആശുപത്രിയില്‍ സവനം നടത്തിയ കാലം തന്‍റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചുവെന്ന് ഡോ. സുഖ്‌ദേവ് പറയുന്നു.

“ആദിവാസി സമൂഹത്തെ ഉയര്‍ത്തി കൊണ്ടുവരാന്‍വേണ്ടി ഓരോ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. ആ അനുഭവങ്ങള്‍ എന്‍റെ കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ചിരുന്നു. സമൂഹത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി എന്‍റെ അറിവും അനുഭവവും ഉപയോഗപ്പെടുത്തണമെന്ന് ഞാന്‍ തീരുമാനിച്ചു.”


അങ്ങനെയാണ് കിട്ടിയ ആദ്യത്തെ അവസരത്തില്‍ തന്നെ അദ്ദേഹം വയനാട്ടിലേക്ക് വണ്ടി കയറുന്നത്.


“അങ്ങനെയിരിക്കെയാണ് വയനാട് മുട്ടിലിലെ ഡിസ്‌പെന്‍‌സറിയിലേക്ക് ഡോക്റ്ററെ ആവശ്യമുണ്ടെന്ന് അറിയുന്നത്. ഒന്നില്ലെങ്കില്‍ നാഗ്പൂരില്‍ തുടരുക അല്ലെങ്കില്‍ വായനാട്ടിലേക്ക് ചുരം കയറുക എന്ന രണ്ടു ഓപ്ഷന്‍സ് ആയിരുന്നു എനിക്ക് മുന്നില്‍,” ഡോ. സുഖ്ദേവ് പറഞ്ഞു തുടങ്ങി.

ഡോ. സുഖ്ദേവ്

“വയനാടിനെക്കുറിച്ച് പഠിച്ചപ്പോള്‍ എനിക്ക് കൂടുതല്‍ ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല. വയനാട്ടിലെ മുട്ടിലില്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ഡിസ്‌പെന്‍‌സറിയില്‍ ഞാന്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. ഏറെ പിന്നാക്ക നിലയില്‍ കഴിയുന്നവരാണ് അന്ന് വയനാടില്‍ ഒരുവിധം ജനതയും. അതില്‍ മുട്ടിലിലെ ആദിവാസികള്‍ പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ ജീവിക്കുന്നവരായിരുന്നു,” ഡോക്റ്റര്‍ വയനാട്ടില്‍ താന്‍ എത്തിയപ്പോഴുള്ള സാഹചര്യം അദ്ദേഹം വിശദമാക്കുന്നു.

“വയനാട്ടിലേക്ക് പുറപ്പെടുമ്പോള്‍ തന്നെ ഞാന്‍ ഇവിടുത്തെ അവസ്ഥയും ആരോഗ്യനിലയെയും കുറിച്ച് ചെറിയ പഠനം നടത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇവിടെ എത്തിയപ്പോള്‍ എനിക്ക് ഒന്നിനെയും കുറിച്ച് ആശങ്ക ഉണ്ടായിരുന്നില്ല,” എന്ന് അദ്ദേഹം പറയുന്നു. മിഷന്‍ ഹോസപിറ്റലിലെ കാലത്ത് ആദിവാസി സമൂഹങ്ങളുമായി അടുത്ത് ഇടപഴകിയിരുന്നതുകൊണ്ട് ഏറെക്കുറെ നല്ല ധാരണയുമുണ്ടായിരുന്നുവെന്നും അദ്ദേഹം.

“ഞാന്‍ വരുമ്പോള്‍ ഈ ഡിസ്പെന്‍സറി ഒരു ഒറ്റ മുറി ക്ലിനിക് ആയിരുന്നു. സൗകര്യങ്ങള്‍ എല്ലാം വളരെ കുറവ്. മെഡിക്കല്‍ സഹായത്തിന് എത്തുന്നവര്‍ വിരലില്‍ എണ്ണാവുന്നതേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ അസുഖങ്ങള്‍ പലതും ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുകയാണ് എന്ന സാഹചര്യം വന്നപ്പോഴാണ് ആളുകളെ ബോധവത്കരിക്കാന്‍ മുന്നിട്ടിറങ്ങിയത്,” ഡോക്റ്റര്‍ തുടര്‍ന്നു.

“ദീനം വന്നാലും അവര്‍ ആശുപത്രിയിലേക്ക് വരികയോ ചികിത്സിക്കുകയോ ചെയ്യില്ല. അവര്‍ക്കതൊക്കെ അന്യമാണ്. അവര്‍ കാട്ടിലെ മരുന്നും മന്ത്രവും തേവര്‍ക്ക് പൂജ അര്‍പ്പിച്ചുമെല്ലാമാണ് രോഗശാന്തി തേടിയിരുന്നത്. പലപ്പോഴും രോഗം നിയന്ത്രണം വിട്ടു മൂര്‍ച്ഛിച്ചു ആശുപത്രിയിലേക്ക് എത്തിക്കേണ്ടി വന്നിട്ടുണ്ട്. ഇതിനെല്ലാം ഒരു പ്രതിവിധിക്കായി അവര്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു.

“ഇവിടുത്തെ ആളുകള്‍ സാധുക്കളാണ്. പുറംലോകത്തില്‍ നിന്നും ഓടിയൊളിക്കുന്നവരായിരുന്നു. പുറത്തു നിന്നും വന്ന എന്നില്‍ വിശ്വാസം വേണമെങ്കില്‍ അവര്‍ ആദ്യം എന്നെയും അവരിലൊരാളായി കാണണം.”

ഫോട്ടോ: ഡോ. സുഖ്ദേവ്

അതായിരുന്നു ആ യുവഡോക്റ്റര്‍ നേരിട്ട ആദ്യത്തെ വലിയ വെല്ലുവിളി. നാട്ടുകാരുമായി അടുക്കാന്‍ അദ്ദേഹം ഒരു മൊബൈല്‍ ക്ലിനിക് തുടങ്ങി. അതുമായി അദ്ദേഹം ഊരുകള്‍ കയറിയിറങ്ങാന്‍ തുടങ്ങി.

“ഊരുകളിലേക്ക് നമുക്ക് വെറുതെ അങ്ങ് കയറി ചെല്ലാനാകില്ലായിരുന്നു. പ്രത്യേകം അനുമതിയോടെ സ്ഥലത്തെ ഉത്തരവാദിത്തപെട്ടവരുമായാണ് യാത്ര തിരിക്കുക. ഞാന്‍ വന്ന നാളുകളില്‍ ഘോരവനമായിരുന്നു. ഗൈഡുകള്‍ മുന്നിലായി നടക്കും. നമ്മള്‍ പരിശോധിക്കാനുള്ള ഉപകരണങ്ങളുമായി സഹായികളോടൊത്ത് അവര്‍ക്ക് പുറകെ വച്ചുപിടിക്കും,” അദ്ദേഹം അക്കാലം ഓര്‍ത്തെടുക്കുന്നു.

“കാട്ടിലൂടെയുള്ള യാത്ര നിങ്ങള്‍ കരുതുന്നപോലെ രസകരമാണ്, ശെരിയാണ്. പക്ഷെ അതുപോലെ ബുദ്ധിമുട്ടുമുള്ളതുമാണ്. ചോര ഊറ്റുന്ന അട്ടകളെയും പാമ്പിനെയും മറ്റു വന്യജീവികളുടെ ഉപദ്രവങ്ങളുമൊക്കെ പ്രതീക്ഷിച്ചാണ് മുന്നോട്ട് പോകുക,” എന്ന് ഡോക്റ്റര്‍.

ആധുനിക ചികിത്സയോട് മുഖം തിരിഞ്ഞു നില്‍ക്കുന്നവരായിരുന്നു അന്ന് ഊരുകളിലെ മനുഷ്യരിലധികവും. തുടക്കത്തില്‍ അവരില്‍ നിന്ന് വേണ്ടത്ര സഹകരണം കിട്ടിയില്ല. എന്നാല്‍ പതിയെപ്പതിയെ ആ ചെറുപ്പക്കാരന്‍ ഡോക്റ്റര്‍ അവരുടെ വിശ്വാസം പിടിച്ചുപറ്റി.

“പിന്നീട് ഞാന്‍ ഊരിലെത്തുമ്പോള്‍ എന്‍റെ അരികിലെത്തി അസുഖ വിവരങ്ങള്‍ പറയാന്‍ തുടങ്ങി. അതൊരു നല്ല സൂചനയായിരുന്നു,” ആദ്യകാലങ്ങളില്‍ താന്‍ സഞ്ചരിച്ച വഴികള്‍ അദ്ദേഹം ഓര്‍ത്തെടുത്തു.

”പട്ടിണിയും രോഗങ്ങളും കുട്ടികള്‍ക്കിടയിലെ പോഷകക്കുറവുമൊക്കെ അവരെ വല്ലാതെ ബാധിച്ചിരുന്നു. പതുക്കെ കുറച്ചാളുകള്‍ എങ്കിലും രോഗം വന്നാല്‍ ആശുപത്രിയിലെത്തി ചികില്‍സിക്കാന്‍ തുടങ്ങി. ചിലര്‍ പറയുന്നപോലെ മരുന്ന് കഴിക്കും മറ്റു ചിലര്‍ മരുന്ന് കളയും. എന്നിരുന്നാലും വര്‍ഷങ്ങള്‍ കൊണ്ടുള്ള പരിശ്രമം കൊണ്ട് ഇവിടുത്തെ രോഗങ്ങളും പോഷകാഹാര പ്രശ്‌നങ്ങളും ഒരു പരിധി വരെ നിയന്ത്രിക്കാനായിട്ടുണ്ട്,” ഡോക്റ്റര്‍ പറഞ്ഞു.

അരിവാള്‍രോഗം കണ്ടെത്തുന്നു

വയനാട്ടില്‍ അരിവാള്‍ രോഗം (സിക്കിള്‍ സെല്‍ അനീമിയ) എന്ന രോഗം ആദിവാസികളില്‍ പടരുന്ന വിവരം ആദ്യമായി കണ്ടെത്തുന്നത് ഡോ. സുഖ്‌ദേവ് ആയിരുന്നു.

“ഞാന്‍ ഹോസ്പിറ്റലില്‍ ജോലിയാരംഭിച്ച നാളുകളില്‍ ഒരു കേസ് എന്‍റെ അടുത്തെത്തി. കടുത്ത പനിയും ക്ഷീണവുമാണ് രോഗലക്ഷണം. പരിശോധിച്ചപ്പോള്‍ തന്നെ അരിവാള്‍രോഗമാണെന്നു എനിക്ക് ഏകദേശം ഉറപ്പായിരുന്നു,” ഡോക്റ്റര്‍ തുടര്‍ന്നു.


ആ സംശയത്തില്‍ നിന്നാണ് കേരളത്തില്‍ ഈ രോഗത്തിന്‍റെ വ്യാപനം പൊതുശ്രദ്ധയില്‍ വരുന്നത്.


“നാഗ്പൂരില്‍ ജോലി ചെയ്തിരുന്ന കാലത്തു ചില ആദിവാസികള്‍ക്കിടയില്‍ ഈ രോഗം കണ്ടെത്തിയിരുന്നു. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഒരു സംഘം ഇവിടെ എത്തി അവരുടെ രക്തം പരിശോധിക്കുകയും അവര്‍ക്ക് പല നിറത്തിലുള്ള കാര്‍ഡുകള്‍ നല്‍കുകയും ചെയ്തു.

“പാരമ്പര്യ രോഗമായതിനാല്‍ ഈ രോഗത്തിന്‍റെ പടര്‍ച്ച നിയന്ത്രിക്കാന്‍ കല്യാണം കഴിക്കുന്നതിനു മുന്‍പ് രക്തം പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. ആദ്യനാളുകളില്‍ ആളുകള്‍ക്ക് യോജിപ്പ് ഇല്ലായിരുന്നെങ്കിലും കുറച്ചുപേരെങ്കിലും ഇപ്പോള്‍ വിവാഹത്തിന് മുമ്പ് രക്തം പരിശോധിക്കാനെത്താറുണ്ട്. അത് ഒരു പരിധി വരെ ഈ രോഗം നിയന്ത്രിക്കാനായി സഹായിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

അരിവാള്‍ രോഗബാധിതരുടെ പുനരധിവാസത്തിനായി മുള കൊണ്ട് വിവിധയിനം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട് ഇവിടെ. അവര്‍ക്ക് വേണ്ട പരിശീലനങ്ങളും നല്‍കുന്നുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫോട്ടോ: ഡോ. സുഖ്ദേവും കുടുംബവും

ഡോ. സുഖ്ദേവിന്‍റെ ഒരു മകളും ഡോക്റ്ററാണ്. അവരും ഇപ്പോള്‍ ആശുപത്രിയില്‍ സഹായിക്കാനെത്തുന്നുണ്ട്. അദ്ദേഹം മകളെ പരിചയപ്പെടുത്തി. “എന്‍റെ മകള്‍ ഗായത്രി. എം ബി ബി എസ് കഴിഞ്ഞു പിജിക്ക് വേണ്ടിയുള്ള എന്‍ട്രന്‍സിന് ഉള്ള തയ്യാറെടുപ്പിലാണ്.”

“അവള്‍ ഒഴിവു നേരങ്ങളിലെല്ലാം എന്‍റെ കൂടെ ഇവിടേക്ക് വരും. ആശുപത്രിയിലെ കാര്യങ്ങളിലെല്ലാം സഹായിക്കും. രോഗികളെ പരിശോധിക്കാനും ശുശ്രുഷിക്കാനും ഒക്കെ വളരെ ഇഷ്ടമാണ്.”  മകള്‍ തന്‍റെ സേവനപാത പിന്തുടരുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നാല്‍പത് വര്‍ഷമായി അദ്ദേഹം വയനാട്ടിലെത്തിയിട്ട്. അന്നുമുതല്‍ ഇന്നുവരെ അദ്ദേഹത്തിന്‍റെ ജീവിതം ഈ ഹോസ്പിറ്റലും ഇവിടുത്തെ രോഗികളുമൊക്കെയാണ്.

“ഒറ്റമുറി ക്ലിനിക്കില്‍ നിന്നും വൃത്തിയും വെടിപ്പുമുള്ള ഈ കൊച്ചു കെട്ടിടത്തിലേക്കെത്താന്‍ ഒരുപാട് സഞ്ചരിച്ചു. ഇന്ന് മുട്ടിലിലെ ഡിസ്പെന്‍സറിയില്‍ കിടത്തി ചികിത്സയുണ്ട്. നാല്‍പതു ബെഡ്ഡുകളാണുള്ളത്. വിദഗ്ദരായ ഡോക്ടര്‍മാരുടെ സഹായവും ലഭ്യമാണ്. ആശുപത്രിയിലെത്തുന്ന ആദിവാസികള്‍ക്ക് ചികിത്സയും മരുന്നും ഭക്ഷണവുമെല്ലാം സൗജന്യമാണ്. അല്ലാത്തവരുടെ ചികിത്സക്ക് വളരെ ചെറിയ തുകയെ ഈടാക്കുകയുള്ളു,” ഡോക്റ്റര്‍ വ്യക്തമാക്കി.

നാഗ്പുരിനെ മിസ് ചെയ്യാറുണ്ടോ എന്നായി ഞാന്‍.

“കോഴിക്കോട് സ്ഥിരതാമസമാക്കിയ ഒരു മഹാരാഷ്ട്രിയന്‍ കുടുംബത്തിലെ അംഗമാണ് ഭാര്യ സുജാത. മക്കള്‍ രണ്ടു പേരാണ്. മുതിര്‍ന്നവള്‍ അഥിതി. അവള്‍ എഞ്ചിനീറിങ് കഴിഞ്ഞു. നാഗ്പുരിലേക്കാണ് വിവാഹം ചെയ്തു അയച്ചിരിക്കുന്നത്. അവള്‍ ഭര്‍ത്താവുമൊത്തു നാഗ്പൂരിലാണ്. ഇളയവളാണ് ഗായത്രി…

“പിന്നെ, നാഗ്പുരിനെ മിസ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാല്‍, ഉണ്ട്… ഇടക്കൊക്കെ. കൂടുതലും ആഘോഷ സമയങ്ങളിലാണ് അവിടെയെത്താന്‍ മനസ്സ് കൊതിക്കുക. എല്ലാം ഇട്ടെറിഞ്ഞു പോകാനാകില്ലല്ലോ. പിന്നെ, വയനാടും എനിക്ക് സ്വന്തമാണ്. അതുകൊണ്ട് നോ പ്രോബ്ലം,” അദ്ദേഹം സൗമ്യമായി ചിരിച്ചു.


ഇതുകൂടി വായിക്കാം: മരണം കളിയാടിയിരുന്ന തമിഴ് വനഗ്രാമത്തിലെ മനുഷ്യരെ രക്ഷിക്കാന്‍ മണ്ണുകൊണ്ട് ആശുപത്രിയുണ്ടാക്കി അവര്‍ക്കൊപ്പം താമസിക്കുന്ന മലയാളി ഡോക്റ്റര്‍ ദമ്പതികള്‍


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം