ഇഷ്ടികയും മണ്ണും മണലും മാത്രം ഉപയോഗിച്ച് സ്വന്തമായി ഒരു ഫ്രിഡ്ജ് തയ്യാറാക്കാം. പഴവും പാലും പച്ചക്കറിയുമൊക്കെ കേടുകൂടാതെ ഈ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. കുടിക്കാന്‍ കുറച്ച് വെള്ളം തണുപ്പിക്കണമെങ്കിലും ഇത് ധാരാളം.
ചെലവ് കുറഞ്ഞതും വൈദ്യുതി ആവശ്യമില്ലാത്തതുമായി ഈ ഫ്രിഡ്ജിന് ഇടയ്ക്കിടെ വെള്ളം നനച്ചു കൊടുത്താല്‍ മാത്രം മതി. കേട്ടിട്ട് സംഭവം കൊള്ളാമെന്നു തോന്നുന്നില്ലേ..?
ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ ജോലിക്ക് പോകാനാകാതെ വീട്ടിലിരുന്നപ്പോഴാണ് തൃശ്ശൂര്‍ വേലൂര്‍ സ്വദേശി സിന്ധു ഇങ്ങനെയൊരു ഫ്രിഡ്ജുണ്ടാക്കിയത്, വെറും നാലു ദിവസം കൊണ്ട്!
ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിയായ സിന്ധുവിന്‍റെ ഏറെക്കാലമായുള്ള ആഗ്രഹമാണ് ഈ ലോക്ഡൗണ്‍ ദിനങ്ങളില്‍ സഫലമായത്.
ഈ പ്രകൃതി സൗഹൃദ ഫ്രിഡ്ജ് ആര്‍ക്കും ഉണ്ടാക്കാം. അതെങ്ങനെയെന്ന് ദ് ബെറ്റര്‍ ഇന്‍ഡ്യ വായനക്കാര്‍ക്കായി പറഞ്ഞുതരുന്നു.
പ്രകൃതി സൗഹൃദ ഫ്രിഡ്ജിന്‍റെ നിര്‍മ്മാണ ജോലികള്‍ക്കിടെ”വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന റഫ്രിജേറ്റര്‍ വാങ്ങണ്ട എന്ന് ഞങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്‍റെ മാത്രം തീരുമാനമല്ല ഭര്‍ത്താവിനും മക്കള്‍ക്കുമെല്ലാം അങ്ങനെ തന്നെയായിരുന്നു.
“അതിനു പകരം പ്രകൃതി സൗഹൃദമായ എന്തെങ്കിലും വഴി കണ്ടെത്തണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. പക്ഷേ കുറേ അന്വേഷിച്ചെങ്കിലും അതിനൊരു ഉത്തരം കിട്ടിയില്ല.
“എന്നാല്‍ കുറച്ചു നാള്‍ മുന്‍പ് ദേശാഭിമാനിയിലാണ് പ്രകൃതി സൗഹൃദ റഫ്രിജേറ്ററിനെക്കുറിച്ച് വായിക്കുന്നത്. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്തതാണെന്നും നിര്‍മ്മിക്കേണ്ട രീതിയെക്കുറിച്ചുമൊക്കെ അങ്ങനെയാണ് അറിയുന്നത്.
“കുറേക്കാലം മുന്‍പ് വായിച്ചതാണ്. ആ സമയത്ത് പണിക്കാരെ നിറുത്തി ചെയ്യിക്കാമെന്നായിരുന്നു ആലോചിച്ചത്. പക്ഷേ പണിക്കാരെ കിട്ടിയില്ല.
പിന്നെ ഇത് എത്രമാത്രം വിജയിക്കുമെന്ന് അറിയില്ലല്ലോ, വായിച്ച് മാത്രമേ അറിവുള്ളൂ.” അതുകൊണ്ട് അന്ന് ആ ആഗ്രഹം നടന്നില്ല.
ഈ ലോക്ഡൗണ്‍ നാളുകളിലാണ് വീണ്ടും ആ പഴയ സ്വപ്നത്തെക്കുറിച്ച് ചിന്തിക്കുന്നത്.
“ജോലിക്കൊന്നും പോകാനാകാതെ വീട്ടില്‍ തന്നെ ഇരിക്കുകയല്ലേ. വീട്ടില്‍ എല്ലാവരുമുണ്ട്. ഭര്‍ത്താവും മക്കളും മാത്രമല്ല എന്‍റെ അമ്മയും ചേച്ചിയുടെ മക്കളുമെല്ലാം.” കിട്ടിയ സമയം സിന്ധു പാഴാക്കിയില്ല. “0ഈ പ്രദേശത്ത് ഏതാണ്ട് 30 വീടുകളുണ്ട്. ആ വീടുകളില്‍ ഫ്രിഡ്ജ് ഇല്ലാത്ത മൂന്നു വീടുകളേയുള്ളൂ. അതിലൊന്ന് ഞങ്ങളുടേതാണ്.”ഫ്രിഡ്ജ് ഇല്ലാത്തത് കൊണ്ടു തന്നെ രണ്ട് ദിവസത്തേക്കാവശ്യമായ പച്ചക്കറി മാത്രമേ വാങ്ങാറുള്ളൂ എന്ന് സിന്ധു.
വീട്ടിലെ പണിത്തിരക്കൊഴിഞ്ഞ സമയങ്ങളിലായി എല്ലാവരും ചേര്‍ന്ന് ശ്രമിച്ചു. നാല് ദിവസം കൊണ്ട് ഫ്രിഡ്ജ് തയ്യാര്‍.
“പച്ചക്കറി കേടാകാതെ സൂക്ഷിക്കാനൊരിടം, അതായിരുന്നു ഞങ്ങളുടെ ആവശ്യം. പച്ചക്കറി ഏതാണ്ട് രണ്ടാഴ്ച വരെ കേടാകാതെ ഈ ഫ്രിഡ്ജില്‍ സൂക്ഷിക്കാനാകുന്നുണ്ട്,” എന്ന് സിന്ധു.”പച്ചക്കറി മാത്രമല്ല പഴങ്ങളും ചീരയും പാലും വെള്ളവുമൊക്കെ വയ്ക്കുന്നുണ്ട്. പച്ചക്കറി 14 ദിവസം കേടാകെ സൂക്ഷിക്കാം. എന്നാല്‍ കവര്‍ പാല്‍ 15 മണിക്കൂര്‍ മാത്രമേ സൂക്ഷിക്കാനാകൂ.”
“കൂജയില്‍ വച്ചാല്‍ തണുക്കുന്നതിനെക്കാള്‍ കൂടുതല്‍ തണപ്പുണ്ടാകും ഈ മണ്‍ ഫ്രീഡ്ജില്‍ വയ്ക്കുന്ന വെള്ളത്തിന്. ഓരോ സാധനങ്ങള്‍ ഇതിനകത്ത് വച്ച് പരീക്ഷിച്ച് കൊണ്ടിരിക്കുകയാണിപ്പോ ഞങ്ങള്‍.
“എല്ലാ ദിവസവും ഉപയോഗിക്കുന്നുണ്ട്. ഇന്‍ഡ്യന്‍ ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുച്ച ഈ ഫ്രിഡ്ജിന് പൂസ സീറോ എനര്‍ജി കൂള്‍ ചേംബര്‍ എന്നാണ് പേര്. ട്രേയില്‍ പച്ചക്കറികള്‍ വച്ച് ദ്വാരമിട്ട പോളിത്തീന്‍ കവര്‍ കൊണ്ട് മൂടിയാണ് കൂള്‍ ചേംബറിനുള്ളില്‍ സൂക്ഷിക്കുന്നത്,” അവര്‍ പറഞ്ഞു.
ഈ ഫ്രിഡ്ജ് നിങ്ങള്‍ക്കും ഉണ്ടാക്കി നോക്കാം
സിന്ധു പറഞ്ഞുതന്ന ടിപ്സ്
- വീടിന്‍റെ അടുക്കളയോട് ചേര്‍ന്ന് ഫ്രിഡ്ജ് നിര്‍മിക്കുന്നതാണ് സൗകര്യം
- വെള്ളം കെട്ടിക്കിടക്കാത്ത നിരപ്പായ സ്ഥലം വേണം
- മേല്‍ക്കൂരയുണ്ടാകണം, നേരിട്ട് വെയിലോ മഴയോ കൊള്ളാനിടയാകരുത്.
- സിമന്‍റ് തറയിലല്ല ഭൂമിയിലാണ് ഇത് നിര്‍മ്മിക്കേണ്ടത്.
- ഭൂമിയില്‍ ആദ്യം മണല്‍ വിരിച്ച് നിരപ്പാക്കണം
- എത്ര വലിപ്പമുള്ള ഫ്രിഡ്ജ് വേണമെന്നു തീരുമാനിക്കുന്നതിന് മുന്‍പേ ഇതിനകത്ത് വയ്ക്കാനുള്ള ട്രേ വാങ്ങണം.
- ഈ ട്രേയുടെ വലിപ്പത്തിന് അനുസരിച്ചാണ് ഫ്രിഡ്ജിന്‍റെ അളവെടുക്കുന്നത്.
- മണ്ണിട്ട് നിരപ്പാക്കിയ സ്ഥലത്ത് ട്രേ വച്ച് അതിന്‍റെ നാലു ഭാഗത്ത് നിന്നും ഏഴര സെന്‍റീ മീറ്റര്‍ അകലത്തിലാണ് ചുറ്റുഭിത്തി ഉണ്ടാക്കണം
- രണ്ട് പാളികളിലായി ഇങ്ങനെ ചുറ്റും ചുമര്‍ കെട്ടി പെട്ടി രൂപത്തിലാക്കുക.
- ഇഷ്ടികയും മണ്ണും ഉപയോഗിച്ച് കെട്ടിയ ഈ ചുമര്‍ പാളികള്‍ക്കിടയില്‍ മണല്‍ നിറച്ച് നിരപ്പാക്കുക
- ഏതാണ്ട് 30 സെന്‍റിമീറ്റര്‍ ഉയരത്തിലാണ് ഭിത്തി കെട്ടുന്നത്.
- ഈ പെട്ടിക്ക് മുകളില്‍ അടച്ചുറപ്പുള്ള വാതില്‍ കൂടി ഘടിപ്പിച്ചാല്‍ ഫ്രിഡ്ജ് റെഡി.
പൂര്‍ണമായും ഇഷ്ടികയും മണ്ണും മാത്രം ഉപയോഗിച്ചാണ് ഭിത്തി നിര്‍മിച്ചിരിക്കുന്നതെന്നു സിന്ധു പറയുന്നു. “മണ്ണിന് പകരം കളിമണ്ണും ചെളിയുമാണെങ്കില്‍ കൂടുതല്‍ നല്ലതാണ്.
“ഞങ്ങളിവിടെ പറമ്പിലെ സാധാരണ മണ്ണ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ചേച്ചിയുടെ വീട്ടുമുറ്റത്ത് നിന്ന് മണ്ണ് എടുക്കുകയായിരുന്നു. ഞങ്ങളുടെ വീട് പണി കഴിഞ്ഞ് ബാക്കി വന്ന ഇഷ്ടികയാണ് ഉപയോഗിച്ചത്.
200 ഇഷ്ടികയാണ് ഉപയോഗിച്ചത്. കാശ് ചെലവ് ഒന്നും വന്നില്ല. ഫ്രിഡ്ജിന്‍റെ ഡോറിന് മാത്രമേ പണച്ചെലവ് വന്നുള്ളൂ.
“അലുമിനിയം ഫ്രെയ്മില്‍ ചണച്ചാക്ക് പിടിപ്പിച്ച് വാതിലുണ്ടാക്കുകയായിരുന്നു.
“ഓല കൊണ്ടുള്ള വാതിലാണ് ആദ്യം ഉണ്ടാക്കി നോക്കിയത്. ഓല മെടഞ്ഞത് കതക് പോലെ ഉപയോഗിക്കുകയായിരുന്നു. ട്രേയിലാക്കിയ പച്ചക്കറി കവറിട്ട് മൂടിയിട്ടാണ് ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിക്കുന്നത്.
“ഓല വാതില്‍ കൊണ്ട് അടച്ചതിനു ശേഷം പിറ്റേ ദിവസം തുറന്നപ്പോ ബാഷ്പീകരണ വെള്ളം കവറില്‍ കാണാം. അതോടെ വിജയിച്ചല്ലോ എന്നു തോന്നി. ഓല വാതില്‍ ആണെങ്കില്‍ പ്രാണികള്‍ വരാന്‍ സാധ്യതയുണ്ടെന്നു തിരിച്ചറിഞ്ഞാണ് ചാക്ക് ഉപയോഗിച്ചത്.
“നിത്യവും രാവിലെയും വൈകിട്ടും ഫ്രിഡ്ജിനു പുറമേ നനച്ചു കൊടുക്കും. മണലിന്‍റെ ഈര്‍പ്പം ബാഷ്പീകരിക്കാന്‍ ഈ പെട്ടിക്കുള്ളിലെ ചൂട് വലിച്ചെടുക്കുമ്പോഴാണ് ഫ്രിഡ്ജ് നന്നായി തണുക്കുന്നത്.
“ഫ്രിഡ്ജ് കാണാന്‍ ആള്‍ക്കാരൊക്കെ വീട്ടില്‍ വന്നു. എന്നാല്‍ ചിലരൊക്കെ പറഞ്ഞത്, വെറുതേ എന്തിനാ ഇത് പണിയുന്നത് ഒരു ഫ്രിഡ്ജ് വാങ്ങിക്കൂടേയെന്ന്. എന്നാല്‍ ഞങ്ങളെ സംബന്ധിച്ച് ഒരു ഫ്രിഡ്ജ് വാങ്ങുന്നതിനെക്കാള്‍ വലിയ ആഗ്രഹമായിരുന്നു ഇങ്ങനെയൊരെണ്ണം പണിയുകയെന്നത്.” ഫ്രിഡ്ജ് ആര്‍ക്കും വാങ്ങാലോ, എന്ന് സിന്ധു ചിരിച്ചുകൊണ്ട് കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ സ്വന്തമായൊരെണ്ണം ഉണ്ടാക്കുന്നതിന്‍റെ സുഖവും സന്തോഷവും ഒന്നുവേറെത്തന്നെയല്ലേ എന്ന് ആ ചിരിയിലുണ്ട്.
ബ്ലോക്ക് റിസോഴ്സ് സെന്‍ററിലെ ട്രെയ്നറാണ് ഫിസിക്സ് അധ്യാപകനായ ഭര്‍ത്താവ് വേണുഗോപാലന്‍. ബിഡിഎസ് വിദ്യാര്‍ഥി റോഷ്നിയും പി ജിക്ക് പഠിക്കുന്ന വിഷ്ണുവുമാണ് മക്കള്‍.
അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter