വീട്ടില്‍ വിളഞ്ഞത്

വീട്ടില്‍ 80-ലധികം ഇനം പച്ചക്കറികളും പഴങ്ങളും ഔഷധസസ്യങ്ങളും! ആ കൃഷിരഹസ്യം അനു പങ്കുവെയ്ക്കുന്നു

ചില വിളകള്‍ ചില ചെടികളുടെ സമീപത്ത് നിന്നാല്‍ നന്നായി വളരാറുണ്ട്. ഇത് അറിയാന്‍ കുറച്ച് ഗവേഷണം മതിയാവും. ഉദാഹരണത്തിന് മാരിഗോള്‍ഡിനും (ചെണ്ടുമല്ലി) ഇഞ്ചിക്കും സമീപത്താണ് തക്കാളി നന്നായി വളരുന്നത്.

“ജീവിതം പോലെത്തന്നെയാണ് വീട്ടിലൊരു തോട്ടം വളര്‍ത്തിയെടുക്കുന്നതും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മള്‍ ഒരു വിത്ത് പാവുന്നു, നമ്മുടെ കണ്‍മുന്നില്‍ തന്നെ അത് വളര്‍ന്നു വരുന്നു. മണ്ണില്‍ തൊടുന്നതും മണ്ണുമായുള്ള ഇടപെടലും മനസിനെ ശാന്തമാക്കുന്നു, ഒരു തെറപ്പിയുടെ ഗുണം തരുന്നു. ഒരിക്കല്‍ നിങ്ങള്‍ അത് തുടങ്ങികഴിഞ്ഞാല്‍ നിങ്ങളത് അങ്ങേയറ്റം ആസ്വദിക്കും, പിന്നെ ഒരു തിരിഞ്ഞുനോട്ടം ഉണ്ടാവില്ല,” ബെംഗളുരുവില്‍ നിന്നുള്ള അനു ഗണപതി പറയുന്നു.


വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.  ദ് ബെറ്റര്‍ ഹോം

ശരിയായ ചെടിച്ചട്ടി മിശ്രിതവും വിത്തുകളും പിന്നെ ചില പൊടിക്കൈകളും കൈവശമുണ്ടെങ്കില്‍ ആര്‍ക്കും ചെറിയ തോതില്‍ കൃഷിയൊക്കെ നടത്താം എന്നാണ് അനു പറയുന്നത്, സ്വന്തം അനുഭവത്തില്‍ നിന്ന്.

തോട്ടത്തിലെ ഈ ഭാഗമാണ് അനുവിന് ഏറ്റവും പ്രിയങ്കരം

അഞ്ച് വര്‍ഷം മുമ്പാണ് അനു ടെറസില്‍ കൃഷി തുടങ്ങിയത്. അതിപ്പോള്‍ 2,000 സ്‌ക്വയര്‍ ഫീറ്റ് വലുപ്പമുള്ള ടെറസില്‍ ഇപ്പാള്‍ 80-ലധികം ഇനം പച്ചക്കറികളും ഇലക്കറികളും പഴങ്ങളും ഔഷധ സസ്യങ്ങളും ഉണ്ട്!

വര്‍ഷങ്ങളായുള്ള പരിശ്രമത്തിനൊടുവില്‍ മനോഹരമായ പച്ചപ്പ് വീട്ടിലും ചുറ്റുവട്ടത്തും തയ്യാറാക്കുന്നതില്‍ അനു വിജയിച്ചു. അതിന് ശേഷം 2015-ലാണ് ഗാര്‍ഡെനിങ്ങില്‍ പരിശീലനം നല്‍കുന്ന ‘ഇറ്റ്‌സ് തൈം ടു ഗാര്‍ഡന്‍’ (It’s thyme to garden) എന്ന സ്റ്റാര്‍ട്ട് അപ് അനു തുടങ്ങുന്നത്. ഇതിലൂടെ താന്‍ ആര്‍ജ്ജിച്ച അറിവ് ശില്‍പശാലകളിലൂടെ സൗഹൃദ കൂട്ടായ്മയിലെ ആയിരത്തിലധികം പേര്‍ക്ക് പകര്‍ന്ന് കൊടുക്കുന്നു. കൂടാതെ വൃദ്ധസദനങ്ങള്‍, ഓര്‍ഗാനിക്ക് സ്റ്റോറുകള്‍ എന്നിവക്ക് വേണ്ടിയും ക്ലാസുകള്‍ നടത്താറുണ്ട്.

മട്ടുപ്പാവില്‍ വളര്‍ത്തുന്ന ചെടികളുടെ പേര് അനുവിനോട് ചോദിച്ചാല്‍ കുഴഞ്ഞുപോകും, അത്ര നീണ്ടതാണ് പട്ടിക. ”ചന്തയില്‍ പോയി വഴുതനങ്ങ, ചീര, തക്കാളി ഇങ്ങനെ ചിലതൊക്കെ വാങ്ങിയിട്ട് നാല് വര്‍ഷത്തിലേറെയായി,” അനു ചിരിക്കുന്നു. ഇതുകൂടാതെ കോളിഫ്‌ലവര്‍, കുമ്പളങ്ങ, പാവയ്ക്ക, മുളങ്കി, പയര്‍, ഉലുവ, സെലറി, ഉള്ളി തുടങ്ങിയവയും വളര്‍ത്തുന്നുണ്ട്. നാരങ്ങ, ഓറഞ്ച്, അവക്കാഡോ (ബട്ടര്‍ ഫ്രൂട്ട്), സ്ട്രാബറി, ബാര്‍ബഡോസ് ചെറി, പപ്പായ, മാതളനാരകം, ഡ്രാഗണ്‍ഫ്രൂട്ട്, കസ്റ്റാര്‍ഡ് ആപ്പിള്‍, അത്തി, വെള്ളരി, പേരക്ക, സപ്പോട്ട തുടങ്ങിയ ഫലവര്‍ഗ്ഗങ്ങളും മറ്റുള്ളവയുടെ കൂട്ടത്തില്‍ അവര്‍ വിജയകരമായി വളര്‍ത്തി എടുത്തിട്ടുണ്ട്.

അനു കംപോസ്റ്റിങ് ബിന്നുമായി

”വീട്ടിലൊരു തോട്ടം നമ്മളെ ശരിക്കും ചീത്തയാക്കും. ജൈവമായി ഭക്ഷ്യ വസ്തുക്കള്‍ വളര്‍ത്താന്‍ ആരംഭിക്കുകയും അതിന്‍റെ രുചിയും പുതുമയും അറിയുകയും ചെയ്താല്‍ പിന്നെ ഒരു തിരിച്ചുപോക്ക് ഉണ്ടാവില്ല,” അനു ചിരിച്ച് കൊണ്ട് പറഞ്ഞു. നമ്മളോട് പങ്കുവെക്കാന്‍ കഴിയുന്ന രഹസ്യങ്ങളും തന്ത്രങ്ങളും പറഞ്ഞു തരുമ്പോള്‍ തന്നെ അവര്‍ തനിക്ക് പറ്റിയ അമളികളും പങ്കുവെച്ചു. നമ്മുടെ തോട്ടങ്ങളില്‍ അത് ആവര്‍ത്തിക്കാതിരിക്കാനായി.

ഒരു തോട്ടം വളര്‍ത്താന്‍ തീരുമാനിക്കുേമ്പാള്‍ തന്നെ നമുക്ക് എന്താണ് വേണ്ടതെന്ന കൃത്യമായ ധാരണ ഉണ്ടായിരിക്കണം, അനു പറയുന്നു. ”ആദ്യമൊക്കെ ഞാന്‍ നല്ല പണി വേണ്ടിവരുന്ന ഫാന്‍സി പച്ചക്കറികളായ ആര്‍ട്ടിചോക്കും ശതാവരിയുമൊക്കെ വളര്‍ത്താനാണ് ശ്രമിച്ചത്. നമുക്ക് ദിവസവും കഴിക്കാനുള്ള പച്ചക്കറികളാണ് വളര്‍ത്തേണ്ടതെന്ന് ഞാന്‍ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു.

പുറത്തുനിന്നുള്ള വാങ്ങല്‍ കുറയ്ക്കുകയുമാണ് എന്‍റെ ആവശ്യം. അങ്ങനെയെങ്കില്‍ പിന്നെ ശതാവരിയും ആര്‍ട്ടിച്ചോക്കുമൊക്കെ വളര്‍ത്തി പാടുപെടുന്നതെന്തിന്? ” അവര്‍ പറഞ്ഞു. കറിവെക്കാനായി വളര്‍ത്താന്‍ ഏറ്റവും എളുപ്പമുള്ള ചെടികളും ദിവസവും വേണ്ടിവരുന്നതുമായ ചീര, ബീന്‍സ്, സെലറി, ഉലുവ, ഇഞ്ചി, മഞ്ഞള്‍, ഉള്ളി എന്നിവയിലേക്ക് അനു തിരിഞ്ഞു.

ഇവയില്‍ ചിലത് വളര്‍ത്തുന്നത് എങ്ങനെയെന്ന് അവര്‍ വിശദീകരിക്കുന്നു.

 • ഉലുവ: നിങ്ങളുടെ അടുക്കളയില്‍ ഏറ്റവും എളുപ്പം കിട്ടുന്ന ഇതിന്‍റെ വിത്ത് ചെറിയ ചട്ടിയില്‍ പാകുക. പോഷക ഗുണമുള്ള ഇതിന്‍റെ ഇലകള്‍ മൂന്ന്, നാലാഴ്ചക്കുള്ളില്‍ എപ്പോള്‍ വേണമെങ്കിലും വിളവെടുക്കാം.
 • സാമ്പാര്‍ ഉള്ളി: കുറച്ച് ഉള്ളി ചട്ടിയില്‍ വെച്ച് കുറച്ച് മണ്ണെടുത്ത് മുകളിലൂടെ വിരിക്കണം. പച്ച തളിരുകള്‍ കുറച്ച് ആഴ്ചക്ക് ശേഷം മുളപൊട്ടുമ്പോഴേ മുറിച്ച് എടുക്കാം. ഇത് ചൈനീസ് ഫുഡിന്‍റെ കൂടെ ഉപയോഗിക്കാവുന്നതാണ്.
 • തക്കാളി: ഒരു മുറിച്ച തക്കാളി കഷണം എടുത്ത് ചട്ടിയില്‍ വെക്കുക. കുറച്ച് മണ്ണെടുത്ത് മുകളിലൂടെ വിതറണം.
 • വെളുത്തുള്ളി: വെളുത്തുള്ളി രണ്ട് അല്ലിയെടുത്ത് മണ്ണില്‍ കുഴിച്ച് വെക്കണം. മുള വരുമ്പോള്‍ ഒരു നുള്ള് സാലഡില്‍ ഉപയോഗിക്കാവുന്നതാണ്. ഇനി ഉള്ളി മുഴുവനായി വേണമെങ്കില്‍ തണ്ട് ഉണങ്ങുന്നത് വരെ കാക്കുക. ശേഷം മണ്ണില്‍ നിന്ന് കുഴിച്ചെടുത്താല്‍ മതി.

  ഒന്നും പാഴാക്കരുത്

 • മുളങ്കി ഇലകള്‍: നല്ല പോഷകഗുണമുള്ള ഈ ഇലകള്‍ പെട്ടെന്ന് തന്നെ വളരുമെന്ന് അനു പറയുന്നു. മുള്ളങ്കിയുടെ തലപ്പ് മുറിച്ച് ഒരു പാത്രത്തില്‍ വെളളമൊഴിച്ച് അതില്‍ മുക്കി വെച്ചിരുന്നാല്‍ ഇലകള്‍ കിളിര്‍ത്ത് വരും.
 • നിലക്കടല: നിലക്കടല മണ്ണിലേക്ക് ആഴ്ത്തി വെയ്ക്കണം. മൂന്നുനാല് മാസത്തിനകം തന്നെ ചെറിയ ഇലകളോട് കൂടിയ തണ്ടുകള്‍ പ്രത്യക്ഷപെട്ട് തുടങ്ങും. മണ്ണില്‍ നിന്ന്പറിച്ച് എടുത്താല്‍ നിറയെ നിലക്കടല തോടോടെ വളരുന്നത് കാണാം.
 • മഞ്ഞള്‍, ഇഞ്ചി: കഷ്ണങ്ങള്‍ രണ്ടിഞ്ച് ആഴത്തില്‍ മണ്ണില്‍ കുഴിച്ചുവെച്ച് സൂര്യപ്രകാശം ലഭിക്കുന്നിടത്ത് വെക്കണം. ഇലകള്‍ ഉണങ്ങികഴിഞ്ഞാല്‍ ഉടന്‍ വിളവെടുക്കാം.

ഒരുപാട് ഔഷധഗുണങ്ങള്‍ ഉള്ളതിനാല്‍, മഞ്ഞള്‍ കൃഷിയെ അനു കാര്യമായി പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ ശരീരത്തിനകത്തും പുറത്തും നീരുവെയ്ക്കുന്നതിനെ സുഖപെടുത്തുന്നു. കുര്‍കുമിന്‍ പരമാവധി നഷ്ടമാവാതെ മഞ്ഞള്‍ എങ്ങനെ വിളവെടുക്കാമെന്നും സംസ്‌കരിക്കാമെന്നുള്ള ചില സൂത്രങ്ങളും അനു പങ്കുവെച്ചു.

”മഞ്ഞള്‍ വിളവെടുത്ത് കഴിഞ്ഞാല്‍ വെള്ളത്തിലിട്ട് വെവിക്കണം. എന്നാലെ കര്‍കുമിന്‍റെ ഫലസിദ്ധി ഉണ്ടാവുകയുള്ളൂ. ചെറിയ കഷ്ണങ്ങളായി മുറിച്ച് തണലത്ത് വെച്ച് ഉണക്കണം. അല്ലെങ്കില്‍ അതിന്‍റെ നിറം പോവും. ഈ ഉണക്കുന്നതു മുഴുവന്‍ കഷ്ണവും പൊടിക്കരുത്. ഒരു മൂന്ന് മാസത്തേക്ക് ആവശ്യമുള്ളതേ പൊടിയ്ക്കാവൂ.

”ബാക്കിയുള്ളത് വായു കടക്കാത്ത ടിന്നില്‍ ഇട്ട് അടച്ചുവെയ്ക്കണം. മഞ്ഞള്‍ കുരുമുളകിനും എണ്ണയ്ക്കും ഒപ്പം വേണം ആഹാരത്തില്‍
ചേര്‍ക്കാന്‍. കുരുമുളകും എണ്ണയുമാണ് മഞ്ഞളിന്‍റെ ആന്‍റി ഓക്‌സിഡന്‍റ് ഗുണം നിങ്ങളുടെ ശരീരം വലിച്ചെടുക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍,” അവര്‍ പറഞ്ഞു.


ഇതുകൂടി വായിക്കാം: വര്‍ഷത്തില്‍ എല്ലാ ദിവസവും വിഷമില്ലാത്ത പച്ചക്കറി, 1 ഏക്കറില്‍ നിന്ന് 30 ടണ്‍, ലാഭം 8 ലക്ഷം രൂപ: ഉണ്ണികൃഷ്ണന്‍റെ ദേശീയ അംഗീകാരം നേടിയ കൃഷി പരീക്ഷണങ്ങള്‍


തുടര്‍ച്ചയായി കീടങ്ങളുടെ ആക്രമണം അനുഭവിക്കുന്നുണ്ടോ? ജൈവ ഉദ്യാനം തഴച്ച് വളരാന്‍ കീടാണുക്കളെ കൈകാര്യം ചെയ്യുന്നതിനും ചില പൊടിക്കൈകളുണ്ട്.

ആരോഗ്യമുള്ള ചെടികള്‍ക്ക് നല്ല വളം നല്‍കുമ്പാള്‍ തന്നെ നിങ്ങളുടെ പകുതി ജോലി കഴിയും. വളത്തിലുള്ള നൈട്രജനും കാര്‍ബണും മണ്ണിലെ സൂക്ഷമാണുക്കള്‍ക്ക് പോഷകാഹാരമാണ്. ഇനി വളത്തില്‍ വെള്ളത്തിന്‍റെ അംശം കൂടുതലാണെങ്കില്‍ ചകിരിച്ചോറും ഉണങ്ങിയ ഇലകളും കൂടി ചേര്‍ത്താല്‍ പാകമാവും.

ചെടികളെ ആക്രമിക്കുന്ന സാധാരണ കീടം കമ്പിളി മുഞ്ഞയാണ്. ഇത് തടയാനായി അഞ്ച് എം.എല്‍ വേപ്പെണ്ണ, അര ടീ സ്പൂണ്‍ സോപ്പിന്‍കായപ്പൊടി എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കണം. തളിക്കുമ്പോള്‍ ഇലകളുടെ അടിവശം വിട്ടുപോകരുത്. ഓരോ പത്ത് ദിവസം കൂടുമ്പോഴും ഇത് സ്‌പ്രേ ചെയ്യണം. ഉണക്കച്ചാണകം വെള്ളത്തില്‍ കുതിര്‍ത്ത് മൂന്ന് മണിക്കൂര്‍ വെയ്ക്കണം. ആ മിശ്രിതം ചെടിക്ക് ചുറ്റും ഒഴിക്കണം. ഇതിന് പോഷകഗുണമുണ്ടെന്ന് മാത്രമല്ല, കീടങ്ങളെയും അകറ്റും.

ഓര്‍ക്കേണ്ട കാര്യങ്ങള്‍

 • വീട്ടില്‍ ചട്ടിയില്ലെങ്കില്‍ പഴയ പാത്രങ്ങളോ ഷൂ ബോക്‌സോ പകരം ഉപയോഗിക്കാം. പക്ഷേ, വെള്ളം കെട്ടി നില്‍ക്കാതെ പുറത്ത് പോവാന്‍ സൗകര്യമുണ്ടെന്ന് ഉറപ്പ് വരുത്തണം എന്ന് മാത്രം. ചെടികളുടെ വേരുകള്‍ എത്രത്തോളം വളരുമെന്നത് അറിഞ്ഞു വേണം ചട്ടിയോ പാത്രമോ തെരഞ്ഞെടുക്കാന്‍.
 • ഉദാഹരണത്തിന്, തക്കാളി വിത്തുകള്‍ വളരെ ചെറുതാണെങ്കിലും അതിന്‍റെ വേര് വളരെയധികം വളരും. അതുകൊണ്ട് നല്ല ആഴമുള്ള ചട്ടി തന്നെ വേണം. വിത്തിന്‍റെ വലിപ്പത്തിന്‍റെ രണ്ടിരട്ടി ആഴത്തില്‍ വേണം പാകാന്‍. വിത്ത് എത്ര വലുതായിരിക്കുന്നുവോ അത്രയും ആഴത്തില്‍ കുഴിച്ച് വെക്കണം.
 • ചില വിളകള്‍ ചില ചെടികളുടെ സമീപത്ത് നിന്നാല്‍ നന്നായി വളരാറുണ്ട്. ഇത് അറിയാന്‍ കുറച്ച് ഗവേഷണം മതിയാവും. ഉദാഹരണത്തിന് മാരിഗോള്‍ഡിനും (ചെണ്ടുമല്ലി) ഇഞ്ചിക്കും സമീപത്താണ് തക്കാളി നന്നായി വളരുന്നത്. അതുപോലെ ഏതെല്ലാം വിളകള്‍ അടുത്തടുത്ത് നടാന്‍ പാടില്ലെന്നും ശ്രദ്ധിക്കണം. ചോളവും സെലറിയും അടുത്തടുത്ത് നടരുത്. ഒന്ന് മറ്റൊന്നിന്‍റെ വളര്‍ച്ച ഇല്ലാതാക്കും.
 • ചെടിക്ക് ചുറ്റും ഉണങ്ങിയ ഇലകള്‍ ഇടണം. ഇത് വേനല്‍കാലത്ത് മണ്ണ് ഉണങ്ങുന്നത് തടയും. (മഴയില്ലെങ്കില്‍) ചെടികള്‍ എന്നും നനയ്ക്കണം. ഒപ്പം നല്ല സൂര്യ പ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം. ഇനി കീടത്തിന്‍റെ ആക്രമണം ഉണ്ടായെന്നിരിക്കട്ടെ, ആ ചെടി മാത്രമായി മറ്റുള്ളതില്‍ നിന്ന് അകറ്റി വെക്കണം. ഒരു നനഞ്ഞ തോര്‍ത്ത് എടുത്ത് കീടത്തെ പ്രതിരോധിക്കാനുള്ള വേപ്പ് മിശ്രിതത്തില്‍ മുക്കി ഇലകളും തണ്ടുകളും നല്ലവണ്ണം വൃത്തിയാക്കണം.
 • കൂടാതെ മുഖത്ത് ഒരു ചിരിയാടെ വേണം ചെടികളുടെ പരിചരണം നടത്താന്‍, അത്രയ്ക്കങ്ങ് ഗൗരവം വേണ്ട. ഇതൊരു ഭാരിച്ച പണിയാണെന്ന് ഒരിക്കലും കരുതരുത്. ചെടികളുമായി ഇടപഴകുന്നത് നമ്മുടെ സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാക്കാന്‍ കൂടിയാണ്, അനു ചിരിച്ച്‌കൊണ്ട് പറഞ്ഞു.
 • നിങ്ങളുടെ കുട്ടികളെയും തോട്ടം നോക്കാന്‍ കൂടെക്കൂട്ടുന്നത് ദീര്‍ഘകാല ഫലം ചെയ്യും. കൃഷിയിലേക്കുള്ള തന്‍റെ തുടക്കം വളരെ കുട്ടിയായിരിക്കുമ്പോള്‍ ആയിരുന്നുവെന്ന് അനു ഓര്‍മ്മിക്കുന്നു. ”എട്ട് വയസ്സാകും വരെ ഞാന്‍ കുട്ടുകുടുംബത്തിലാണ് കഴിഞ്ഞിരുന്നത്. അമ്മൂമ്മയുടെ വീട്ടില്‍ ധാരാളം ചെടികളും മരങ്ങളും ഉണ്ടായിരുന്നു. ഒരുമിച്ച് ചെടി നനയ്ക്കാനായി അമ്മാവന്‍ ജോലി കഴിഞ്ഞ് വരുന്നതും കാത്ത് ഞാന്‍ ഇരുന്നിരുന്നു,” ഗൃഹാതുരത്വത്തോടെ അനു ഓര്‍ക്കുന്നു.

കുട്ടികളെ കൂടി പങ്കടുപ്പിക്കാവുന്ന ഒരു നല്ല കാര്യമാണിത്. അത് മടുപ്പിക്കേണ്ട ഒരു കാര്യവുമില്ല. രണ്ട് മക്കളെയും ഇതില്‍ പങ്കാളികളാക്കുകയും കുട്ടികള്‍ക്ക് വേണ്ടിയുള്ള ശില്‍പശാലകള്‍ നടത്തുകയും ചെയ്ത ശേഷം അവരില്‍ താല്‍പര്യം വളര്‍ത്താനുള്ള വഴികള്‍ അനുവിന് നന്നായി അറിയാം.

”വിത്തുകള്‍ മണ്ണില്‍ കുഴച്ച് സീഡ് ബോള്‍ ഉണ്ടാക്കുന്നത് രസകരമായ പ്രവൃത്തിയാണ്. എന്‍റെ മകളും കൂട്ടുകാരും അത് നല്ലവണ്ണം ആസ്വദിച്ചത് എനിക്ക് ഓര്‍മ്മയുണ്ട്. ഈ സീഡ് ബോളുകള്‍ നിങ്ങള്‍ക്ക് പിന്നീട് അയല്‍ക്കാര്‍ക്ക് കൊടുക്കുകയും ആവാം. ഗേറ്റിനു പുറത്ത് ഇത്തരത്തില്‍ അയല്‍കാര്‍ക്ക് വേണ്ടി സീഡ് ബോളുകള്‍ സൂക്ഷിക്കാറുണ്ടെന്നും അനു പറഞ്ഞു.

”ഇത്തരം പുതുമയാര്‍ന്ന വഴികളിലൂടെ ഭക്ഷണം ഉല്‍പാദിപ്പിക്കുന്നത് കുട്ടികളില്‍ താല്‍പര്യം വളര്‍ത്തും. കൃഷി നോക്കുന്നതില്‍ അവരെ
പങ്കാളികളാക്കുന്നതും അവര്‍ നട്ട് വിളവെടുത്ത ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച് ലളിതമായ സാലഡുകള്‍ ഉണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നതും ഭക്ഷണത്തെ കൂടുതല്‍ ബഹുമാനിക്കാനും അത് ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കാനും അവരെ പഠിപ്പിക്കും,” അവര്‍ പറഞ്ഞു.

കൃഷിയുടെ ആനന്ദം

ഹരിത ലോകത്തേക്ക്

ബെംഗളുരുവിലെയും അമേരിക്കയിലെയും കോര്‍പ്പറേറ്റ് മേഖലയില്‍ 14 വര്‍ഷത്തിലേറെയാണ് അനു ജോലിയെടുത്തത്. അഞ്ച് വര്‍ഷം മുമ്പ് ബെംഗളുരുവിലെ മാലിന്യപ്രശ്‌നം ശ്രദ്ധയില്‍ പെട്ടതോടെയാണ് അനു വീട്ടിലുണ്ടാകുന്ന മാലിന്യം സ്വയം സംസ്‌ക്കരിക്കുന്നതിനെ കുറിച്ച് ആലോചിച്ചത്.

”വളം ഉണ്ടാക്കലായിരുന്നു ആദ്യപടി. പക്ഷേ, എനിക്ക് ഇതൊട്ടും എളുപ്പമല്ലായിരുന്നു. ആദ്യമൊക്കെ ദുര്‍ഗന്ധം കുറെയേറെ വിഷമിപ്പിച്ചു, വിരകളും വരുമായിരുന്നു. പക്ഷേ, ഞാന്‍ ശ്രമം തുടര്‍ന്നു. നാല് മാസം കൊണ്ട് ആദ്യ ബാച്ച് വിജയകരമായി തയ്യാറാക്കി. അത് തന്ന ആത്മവിശ്വാസം എത്രയെന്ന് എനിക്ക് പറഞ്ഞറിയിക്കാന്‍ ആവില്ല. അത് എനിക്കൊരു കറുത്ത സ്വര്‍ണ്ണം പോലെ ആയിരുന്നു,”അവര്‍ ഓര്‍ത്തു.

ഉപയോഗിക്കാന്‍ വളം തയ്യാറായതോടെ തോട്ടം തയ്യാറാക്കുകയായി അടുത്ത പടി. ജനിതക മാറ്റം വരുത്തിയ വിളകളും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നവും അവരെ കൃഷിയിലേക്ക് വീണ്ടും തളളിവിട്ടു. പക്ഷേ, ഇവിടെയും മറ്റൊരു വെല്ലുവിളി കാത്തിരിപ്പുണ്ടായിരുന്നു.

സ്കൂളുകളില്‍ പരിശീലനം

”വലിയ പ്രതീക്ഷയോടെ ഞാന്‍ ഈ വിത്തുകള്‍ മണ്ണില്‍ പാകുമായിരുന്നു. എന്നിട്ട് എല്ലാ ദിവസും രാവിലെ പോയി പരിശോധിക്കും. പക്ഷേ, എനിക്ക് നിരാശ സമ്മാനിച്ച് അവിടെ ജീവന്‍റെ ഒരു സൂചനയും ഉണ്ടാവില്ലായിരുന്നു. അങ്ങനെയാണ് ഇതു സംബന്ധിച്ച ഒരു ശില്‍പശാലയില്‍ പങ്കടുക്കാന്‍ ഞാന്‍ തീരുമാനിച്ചത്. ക്ലാസുകളൊക്കെ നല്ല രസമായിരുന്നുവെങ്കിലും തിരിച്ചുവന്നപ്പോള്‍ ഈ കൃഷി സങ്കീര്‍ണ്ണം ആണെന്നാണ് എനിക്ക് തോന്നിയത്.”

ഭര്‍ത്താവിന്‍റെ പ്രോല്‍സാഹനം കൂടി ആയേതോടെ അനു നിശ്ചയദാര്‍ഢ്യത്തോടെ വീണ്ടും സജീവമായി. തിരിഞ്ഞ് നോക്കുമ്പോള്‍ തന്‍റെ ക്ഷമയില്‍ അവര്‍ക്കുതന്നെ വലിയ മതിപ്പും സന്തോഷവും തോന്നുന്നു. ”ഉദ്യാനകൃഷി നടത്തുന്നവര്‍ പ്രകൃതിയുമായി ഇണങ്ങുന്നവരും കരുണയും സൗമ്യതയും ഉള്ളവരായാണ് ഞാന്‍ ജീവതത്തില്‍ ഉടനീളം കണ്ടിട്ടുള്ളത്. എന്തെങ്കിലും ഒന്ന് വളരുന്നു എന്നതിനേക്കാള്‍ ആ മുഴുവന്‍ പ്രക്രിയ തന്നെ ശരിക്കും സന്തോഷം നല്‍കുന്നതാണ്. ചെടികളെ പരിപാലിക്കുന്നത് നിങ്ങളെ തികച്ചും ശാന്തശീലരും മെച്ചപ്പെട്ട മനുഷ്യരുമാക്കിത്തീര്‍ക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,” അവര്‍ പറഞ്ഞു.

അനുവിന്‍റെ അടുത്തുനിന്നും കൃഷി പഠിക്കാനെത്തിയവര്‍

കൃഷി വീടുകളിലേക്ക് പ്രകൃതിയെ കൊണ്ടുവരുന്നു. മാത്രമല്ല, ലോക്ക്ഡൗണ്‍ കാലത്ത് നല്ലൊരു ഹോബിയുമാണ്. നിങ്ങളുടെ മാനസിക ആരോഗ്യത്തിന് അത് നല്ലതാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. നിരവധി പേരില്‍ അത് ഉല്‍ക്കണ്ഠയും വിഷാദവും കുറയ്ക്കുന്നു.

അപ്പോള്‍പ്പിന്നെ, എന്തിനാണ് നിങ്ങളിനിയും മടിച്ചുനില്‍ക്കുന്നത്?


ഇതുകൂടി വായിക്കാം: സൂപ്പര്‍ ഫുഡ് ആയ മൈക്രോഗ്രീന്‍സ് എങ്ങനെ എളുപ്പം വളര്‍ത്തിയെടുക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
 • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
 • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
 • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം