“താ നൊരു കര്‍ഷകനാകുമെന്ന് നരേന്ദ്രകുമാര്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. നാട്ടില്‍ അധികമാരും കേള്‍ക്കാത്ത മുത്തുകൃഷിയിലേക്ക് എത്തിപ്പെട്ടുവെന്നത് അദ്ദേഹത്തിനിന്നും അല്‍ഭുതമാണ്.
വീട്ടില്‍ മുത്തു കൃഷി ചെയ്യാനാകില്ലെന്ന് കട്ടായം കെട്ടിയവരെ മല്ലിട്ടാണ് ഈ മനുഷ്യന്‍ മികച്ച വരുമാനമുണ്ടാക്കുന്നത്.
രാജസ്ഥാനിലെ കിഷന്‍ഗഢ് സ്വദേശിയാണ് നരേന്ദ്ര. കുടുംബത്തില്‍ ആരും തന്നെ കൃഷി ചെയ്തിട്ടില്ല. വീട്ടുവളപ്പിലെ തക്കാളിയും വഴുതനയും മാത്രമായിരുന്നു പേരിനെങ്കിലും കൃഷിയുമായുള്ള നരേന്ദ്രയുടെ ബന്ധം. എന്നാല്‍ ഈ 45-കാരന്‍ ഇന്ന് മുത്തുകൃഷിയിലൂടെ മികച്ച വരുമാനം ഉണ്ടാക്കുന്നു.
പുസ്തകക്കടയും കൃഷിയും
ബിഎ പഠനം കഴിഞ്ഞ ശേഷം അച്ഛന്‍റെ ബുക്‌സ്റ്റോറിലേക്കാണ് നരേന്ദ്ര ചെന്നത്. അച്ഛനോടൊപ്പം പുസ്തകക്കട നോക്കി നടത്തി. കഴിഞ്ഞ പത്ത് വര്‍ഷമായി അതുതന്നെയായിരുന്നു വരുമാനമാര്‍ഗ്ഗം.
“പണ്ടൊക്കെ കാര്‍ഷിക പരിപാടികള്‍ ടിവിയില്‍ കാണുമായിരുന്നു. ഭക്ഷ്യവിഭവങ്ങള്‍ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നോര്‍ത്ത് പലപ്പോഴും അല്‍ഭുതപ്പെട്ടിട്ടുമുണ്ട്. ബുക്‌സ്റ്റോറില്‍ ജോലിയെടുക്കാന്‍ തുടങ്ങിയപ്പോഴും ആ താല്‍പ്പര്യം തുടര്‍ന്നു. യൂട്യൂബില്‍ കാര്‍ഷിക വിഡിയോകള്‍ കാണുകയായിരുന്നു പ്രധാന ഹോബി. എന്നാല്‍ കൃഷി ചെയ്യുന്നതിനെ കുറിച്ച് ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഞങ്ങള്‍ക്ക് കൃഷി ഭൂമിയും ഇല്ലല്ലോ,” കൃഷിയിലെ താല്‍പ്പര്യത്തെകുറിച്ച് നരേന്ദ്ര ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
“കൃഷി ചെയ്യാന്‍ വലിയ ഭൂമിയൊന്നും വേണ്ടതില്ലെന്ന് വിശദമാക്കുന്ന ഒരു യൂട്യൂബ് വിഡിയോയാണ് നരേന്ദ്ര കുമാറിന്‍റെ ജീവിതത്തില്‍ വഴിത്തിരിവായത്. അത് കണ്ടതോടുകൂടി വീട്ടില്‍ പച്ചക്കറി ചെറുതായി കൃഷി ചെയ്യാന്‍ തുടങ്ങി,” നരേന്ദ്ര കുമാര്‍ ആദ്യ കാല്‍വെപ്പിനെ കുറിച്ച് വ്യക്തമാക്കുന്നു.
മുത്തുകൃഷിയിലെ വിജയം
യൂട്യൂബ് വിഡിയോകള്‍ തന്നെയാണ് മുത്തുകൃഷിക്കും പ്രചോദനമായി മാറിയത്. കൃത്രിമമായി മുത്തുകൃഷി ചെയ്യാന്‍ സാധ്യമാകുമെന്നറിഞ്ഞതോടെ പുതിയൊരു ലോകം അയാള്‍ക്ക് മുന്നില്‍ തുറക്കുകയായിരുന്നു. മുത്തുകൃഷിയെ കുറിച്ച് പഠിക്കാന്‍ നരേന്ദ്ര കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങി.
തനിക്ക് ഒട്ടും അറിയാത്ത കാര്യമാണെങ്കിലും മുത്തുകൃഷി പരിശീലിക്കണമെന്ന അടങ്ങാത്ത ആഗ്രഹം നരേന്ദ്രയ്ക്കുണ്ടായിരുന്നു. “പഠിച്ചെടുക്കണമെന്ന ഇച്ഛാശക്തിയുണ്ടായിരുന്നു. വീട്ടില്‍ ചെറുതായാണെങ്കിലും കൃഷി ചെയ്യാനുള്ള സ്ഥലവുമുണ്ട്. എന്നാല്‍ ശരിയായ മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രമാണ് തുടക്കത്തില്‍ ലഭിക്കാതിരുന്നത്,” ആദ്യനാളുകളെക്കുറിച്ച് നരേന്ദ്ര പറയുന്നു.
അതിന് പരിഹാരവും അയാള്‍ കണ്ടെത്തി. ഭുവനേശ്വറിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫ്രഷ് വാട്ടര്‍ അക്വാകള്‍ച്ചര്‍ (സിഐഎഫ്എ) നടത്തുന്ന അഞ്ച് ദിവസത്തെ പരിശീലന പദ്ധതിയായിരുന്നു നരേന്ദ്രയുടെ രക്ഷയ്‌ക്കെത്തിയത്. ‘സംരംഭകത്വ വികസനത്തിന് ശുദ്ധജല മുത്തുകൃഷി’യെന്ന കോഴ്‌സിനാണ് നരേന്ദ്ര ചേര്‍ന്നത്, 2017-ലായിരുന്നു അത്. മുത്തുകൃഷിയിലെ സങ്കീര്‍ണതകള്‍ മനസിലാക്കാന്‍ ഏറ്റവും ഉപകരിക്കുന്ന കോഴ്‌സാണിതെന്ന് അദ്ദേഹം പറയുന്നു.
“കുറച്ച് വൈദഗ്ധ്യം വേണ്ട സംഭവമാണ് മുത്തുകൃഷി. ചെയ്യുന്നതിനെ കുറിച്ച് കൃത്യമായ അറിവില്ലെങ്കില്‍ വമ്പന്‍ നഷ്ടമാകും സംഭവിക്കുക. മുത്തുകൃഷിയെ കുറിച്ചുള്ള തിയറിയും പ്രായോഗിക പരിശീലനങ്ങളും ഈ കോഴ്‌സ് നല്‍കുന്നു. കൃഷി എങ്ങനെ കൈകാര്യം ചെയ്യണം, കക്കകള്‍ക്ക് എത്തരത്തിലുള്ള ഭക്ഷണമാണ് വേണ്ടത്, അതിന്‍റെ ഘടനാശാസ്ത്രമെന്താണ്, പേള്‍ ന്യൂക്ലിയസി(ശേഖരിക്കുന്ന കക്കകള്‍ പിളര്‍ന്ന് അതിനുള്ളില്‍ ഗുളിക രൂപത്തിലുള്ള പൊടി നിക്ഷേപിച്ച ശേഷമുള്ളത്)നെ കുറിച്ചുള്ള അവബോധം തുടങ്ങി മുത്തുകൃഷിയുമായി ബന്ധപ്പെട്ട സകല കാര്യങ്ങളും പഠിപ്പിക്കുന്ന കോഴ്‌സാണിത്,”സിഐഎഫ്എയിലെ മുതിര്‍ന്ന സൈന്റിസ്റ്റായ ഡോ. ശൈലേഷ് സൗരഭ് പറയുന്നു.
സി ഐ എഫ് എയില്‍ പഠിച്ച് മുത്തുകൃഷിയില്‍ വിജയം വരിച്ച സംരംഭകരെ ഓരോ വര്‍ഷവും അഭിനന്ദിക്കുന്ന പതിവുണ്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍. അടുത്ത വര്‍ഷത്തേക്ക് അതിന് നരേന്ദ്രയെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ഡോ. ശൈലേഷ് പറയുന്നു. 10×10അടി വിസ്തീര്‍ണ്ണത്തില്‍ 40,000 രൂപ മുതല്‍മുടക്കിയാണ് നരേന്ദ്ര മുത്തുകൃഷിക്കായി ഫാം സജ്ജീകരിച്ചത്. ഇന്നതില്‍ നിന്ന് വര്‍ഷം നാല് ലക്ഷം രൂപ അയാള്‍ വരുമാനമുണ്ടാക്കാവുന്നുണ്ടെന്ന് ശൈലേഷ് പറയുന്നു.
എങ്ങനെയാണ് കൃഷി?
രണ്ട് തരത്തിലുള്ള മുത്തുകളാണ് നരേന്ദ്ര വിളയിച്ചെടുക്കുന്നത്. ഒന്ന് ഡിസൈനര്‍ പേളുകളാണ്. പല തരത്തിലുള്ള ഡിസൈനുകള്‍ക്ക് വേണ്ടിയാണ് അതുണ്ടാക്കുന്നത്. മറ്റൊന്ന് വൃത്താകൃതിയിലുള്ള മുത്തുകളും. ആദ്യഗണത്തില്‍ പെടുന്ന മുത്തുകള്‍ ഉണ്ടാക്കിയെടുക്കാന്‍ ഒരു വര്‍ഷവും രണ്ടാമത്തെ ഇനം വികസിപ്പിച്ചെടുക്കാന്‍ ഒന്നര വര്‍ഷവും എടുക്കുന്നു.
മുത്തുകൃഷിക്കായി ഒരു കൃത്രിമ കുളവും നിര്‍മ്മിച്ചിട്ടുണ്ട് നരേന്ദ്ര, ഏകദേശം അഞ്ചടി ആഴം വരും അതിന്. വീട്ടില്‍ തന്നെയാണ് കുളം. കക്ക കള്‍ച്ചര്‍ ചെയ്യുന്നതിനുള്ള ഉപകരണങ്ങള്‍, മരുന്നുകള്‍, അമോണിയ മീറ്റര്‍, പിഎച്ച് മീറ്റര്‍, തെര്‍മോമീറ്റര്‍, ആന്‍റിബയോട്ടിക്കുകള്‍, മൗത്ത് ഓപ്പണര്‍ (കക്കയുടെ വായ്ഭാഗം തുറക്കാന്‍), പേള്‍ ന്യൂക്ലിയസ് തുടങ്ങിയവയാണ് ഈ രാജസ്ഥാനി കര്‍ഷകന്‍റെ മുത്തുകൃഷിയില്‍ ഉപയോഗപ്പെടുത്തുന്ന മറ്റ് സാമഗ്രികള്‍.
മേല്‍പ്പറഞ്ഞതെല്ലാം സജ്ജീകരിച്ച ശേഷം കക്കകള്‍ക്ക് ഭക്ഷണം തയാറാക്കുന്നു (ഉപ്പ് വെള്ളത്തില്‍ അധിഷ്ഠിതമായ പരിസ്ഥിതി സൃഷ്ടിക്കുകയാണ് നല്ലത്). ചാണകത്തില്‍ നിന്നുള്ള ആല്‍ഗേ, യൂറിയ, സൂപ്പര്‍ഫോസ്‌ഫേറ്റ് എന്നിവയും ഇതിനായി ഉപയോഗിക്കുന്നു.
തുടക്കത്തില്‍ 10,000 കക്കകളാണ് മുംബൈയില്‍ നിന്നും കൃഷിക്കായി നരേന്ദ്ര വരുത്തിച്ചത്. ഓരോന്നിനും പത്ത് രൂപ വില വരും. ഈ കക്കകള്‍ ശുദ്ധമായ വെള്ളത്തില്‍ 24 മണിക്കൂര്‍ വെക്കും. അതിന് ശേഷം കൃത്രിമമായി നിര്‍മ്മിച്ച കുളത്തിലേക്ക് അവയെ മാറ്റും. തുടര്‍ന്ന് ഏകദേശം 15 ദിവസത്തോളം കക്കകള്‍ക്ക് ഭക്ഷണം നല്‍കും, അവ നശിച്ചുപോകുന്നതിന്‍റെ എണ്ണം കുറയ്ക്കുന്നതിനാണത്. അതും കഴിഞ്ഞാണ് കക്കകള്‍ പിളര്‍ന്ന് അതിനുള്ളില്‍ ഗുളിക രൂപത്തിലുള്ള പൊടി അഥവാ പേള്‍ ന്യൂക്ലിയസ് നിക്ഷേപിക്കുന്നത്.
ഇതുകൂടി വായിക്കാം: മുന്തിരിയും സ്‌ട്രോബെറിയും വീട്ടില്‍ എളുപ്പം വിളയിക്കാം; വിജയസൂത്രം സുജാത പറഞ്ഞുതരും
നരേന്ദ്ര തന്നെ ആ പ്രക്രിയ വിശദമാക്കുന്നു.”പേള്‍ ന്യൂക്ലിയസ് വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്ത് ഓരോ കക്കയുടെയും ഉള്ളില്‍ നിക്ഷേപിക്കുന്നു. ശേഷം അത് വെള്ളത്തില്‍ മുക്കിവെക്കും (15 മുതല്‍ 30 ഡിഗ്രി വരെ ചൂടുള്ള വെള്ളമാണ് നല്ലത്). കക്കകള്‍ക്കുള്ള ഭക്ഷണമായി ആല്‍ഗെ നല്‍കും. വെള്ളത്തിലുള്ള ബാക്റ്റീരിയകളെയും അവ സ്വാംശീകരിച്ച് ഭക്ഷണമാക്കും. ഒരു വര്‍ഷത്തിന് ശേഷം ഉറ പോലുള്ള കവചം ഉള്ളില്‍ നിക്ഷേപിച്ച മുത്തിന്‍റെ ന്യൂക്ലിയസിന് പുറത്ത് വികസിച്ചിട്ടുണ്ടാകും. കാല്‍സ്യം കാര്‍ബണേറ്റ് അടങ്ങിയതാണത്. 100-ഓളം ആവരണങ്ങള്‍ ന്യൂക്ലിയസിനെ പൊതിയും. അതാണ് മുത്തുകളായി മാറുന്നത്.”
മുത്തുകൃഷിക്കായുള്ള കുളം നിര്‍മിച്ച് കഴിഞ്ഞാല്‍ അത് പരിപാലിക്കുന്നതിന് പ്രത്യേക ചെലവൊന്നുമില്ലെന്ന് നരേന്ദ്ര പറയുന്നു. എന്നാല്‍ കുളത്തിലെ ജല നിരപ്പ്, കക്കകളുടെ ആരോഗ്യം, ആല്‍ഗെകളുടെ സാന്നിധ്യം തുടങ്ങി നിരവധി കാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണമെന്നും ഈ കര്‍ഷകന്‍ പറയുന്നു.
കക്കകള്‍ നശിക്കുന്നത് തടയാന്‍ പിഎച്ച് ലെവല്‍ 7-8 നിലനിര്‍ത്തുന്നതാണ് നല്ലതെന്ന് നരേന്ദ്ര നിര്‍ദേശിക്കുന്നു. “അമോണിയയുടെ അളവ് തീരെയില്ലെന്ന് ഉറപ്പാക്കണം. പരിശോധനയില്‍ അമോണി സാന്നിദ്ധ്യം പൂജ്യം അല്ലെങ്കില്‍ പകുതി ജലവും മാറ്റണമെന്ന് അദ്ദേഹം പറയുന്നു. അല്ലെങ്കില്‍ കുമ്മായമോ മറ്റോ ചേര്‍ത്ത് ജലത്തിന്‍റെ പി എച്ച് ലെവല്‍ കൂട്ടാനും ശ്രമിക്കാം. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരു വര്‍ഷം ക്ഷമയോടെ നിങ്ങള്‍ കാത്തിരിക്കുകയെന്നതാണ്.”
ഒരു വര്‍ഷത്തിന് ശേഷം മുത്തുകള്‍ പുറത്തെടുത്താല്‍ ഉടന്‍ ലബോറട്ടറിയിലേക്കയക്കും നരേന്ദ്ര. ഗുണനിലവാരം അനുസരിച്ച് ഒരു മുത്തിന് 200 രൂപ മുതല്‍ 1,000 രൂപ വരെ ലഭിക്കാം. മുത്തുകൃഷിയില്‍ ഇപ്പോള്‍ വര്‍ഷങ്ങളുടെ പരിചയമുണ്ട് നരേന്ദ്രയ്ക്ക്. അതിനാല്‍ തന്നെ കൂടുതല്‍ മുത്തുകള്‍ ഓരോ വര്‍ഷം കഴിയുന്തോറും ഉല്‍പ്പാദിപ്പിക്കുന്നു. പ്രതിവര്‍ഷം 3,000 മുത്തുകള്‍ നിര്‍മ്മിക്കുന്ന അവസ്ഥയിലേക്ക് ഉയര്‍ന്നു കഴിഞ്ഞു ഈ കര്‍ഷകന്‍. കക്കകളുടെ മരണ നിരക്ക് 70 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി കുറയുകയും ചെയ്തു.
അറിവ് പകര്‍ന്ന് നല്‍കുന്നു
മുത്തുകൃഷി ചെയ്യാന്‍ കൃത്യമായ പരിശീലനമാണ് ഒരാള്‍ക്ക് ആദ്യം ലഭിക്കേണ്ടത്. ഇത് സ്വന്തം അനുഭവങ്ങളില്‍ നിന്ന് നരേന്ദ്രയ്ക്ക് മനസിലായ കാര്യമാണ്. അതിനാല്‍ തന്നെ ഈ വ്യത്യസ്ത കൃഷി രീതിയെ കുറിച്ചുള്ള അറിവുകള്‍ പരമാവധി ആളുകളിലേക്ക് എത്തിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു. അടുത്തിടെയാണ് ഇത് സംബന്ധിച്ച ക്ലാസുകള്‍ നല്‍കാന്‍ നരേന്ദ്ര തുടങ്ങിയത്. ഇതിനകം വിവിധ പ്രായത്തിലുള്ള 100-ലധികം പേര്‍ക്ക് മുത്തുകൃഷിയെ കുറിച്ചുള്ള പാഠങ്ങള്‍ പകര്‍ന്ന് നല്‍കി നരേന്ദ്ര.
“ഞാന്‍ മുത്തുകൃഷി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ എന്‍റെ കുടുംബം തന്നെ കളിയാക്കി. വീട്ടില്‍ മുത്തുകള്‍ കൃഷി ചെയ്യുന്നത് അസാധ്യമാണെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ആരും എന്നെ പ്രോല്‍സാഹിപ്പിക്കാന്‍ ഉണ്ടായിരുന്നില്ല. അങ്ങനെ ഒരവസ്ഥ ഇനി ആര്‍ക്കും വരരുത്. അതിനാലാണ് ഞാനിപ്പോള്‍ രണ്ട് ദിവസത്തെ മുത്തുകൃഷി ശില്‍പ്പശാലകള്‍ ഇടയ്ക്കിടെ നടത്തുന്നത്. അതില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കുന്നു. മാത്രമല്ല, ഇത്തരം ശില്‍പ്പശാലകളിലൂടെ എനിക്ക് അധിക വരുമാനവും ലഭിക്കുന്നുണ്ട്,” ആത്മവിശ്വാസത്തോടെ നരേന്ദ്ര പറയുന്നു.
“ഈ ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നതിന് മുമ്പ് ഞാന്‍ ചിന്തിച്ചത് രണ്ട് ദിവസം കൊണ്ട് ഇതൊന്നും പഠിക്കാന്‍ സാധിക്കില്ലെന്നാണ്. എന്നാല്‍ മുത്തുകൃഷിയുടെ പ്രക്രിയ ഞങ്ങള്‍ക്കായി വളരെ ലളിതവല്‍ക്കരിച്ച് പറഞ്ഞുതന്നു അദ്ദേഹം. ക്ഷമയോടെ ഞങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയുകയും ചെയ്തു. വളരെ ഉപകാരപ്രദമായിരുന്നു ആ ക്ലാസ്. ഇതിനോടകം തന്നെ ഞാന്‍ 700 മുത്തുകള്‍ കൃഷി ചെയ്തു,” നരേന്ദ്രയുടെ ശില്‍പ്പശാലയില്‍ പങ്കെടുത്ത നട്‌വര്‍ ആചാര്യ പറയുന്നു.
സ്ഥിരതയാര്‍ന്ന വരുമാനവും സുരക്ഷിതമായ ജീവിതവും ലഭിക്കുമെന്നതാണ് മുത്തുകൃഷിയുടെ ഏറ്റവും വലിയ സവിശേഷതയെന്ന് നരേന്ദ്ര പറയുന്നു. “കൊറോണ മഹാമാരിയുടെ വരവോടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചല്ലോ. അതിന് ശേഷം ബുക്‌സ്‌റ്റോറിലേക്ക് വരുന്ന ഉപഭോക്താക്കളുടെ എണ്ണം കാര്യമായി കുറഞ്ഞു. മുത്തുകൃഷി വീട്ടില്‍ തന്നെ ചെയ്യുന്നതിനാല്‍ ലോക്ക്ഡൗണ്‍ കാലം കൂടുതല്‍ ക്രിയാത്മകമായി, വരുമാനമുണ്ടാക്കുന്നതിനായി ഉപയോഗപ്പെടുത്തി,” നരേന്ദ്ര പറഞ്ഞു നിര്‍ത്തുന്നു.
മുത്തുകൃഷിയെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ഈ മൊബൈല്‍ നമ്പറുകളില്‍ നരേന്ദ്രയെ ബന്ധപ്പെടാവുന്നതാണ്, 94145 19379, 8112243305. ഇ-മെയ്ല്‍ nkgarwa@gmail.com
ഇതുകൂടി വായിക്കാം: അന്ന് എല്ലാം തകര്‍ന്നു, വീട് പണയത്തിലായി; ഇന്ന് അമേരിക്കയിലെ ‘ദോശ രാജാവായ’ പ്രവാസി