ര ണ്ട് വർഷം മുൻപാണ് കണ്ണൂരുകാരി സജ്‌നയ്ക്ക് തന്‍റെ ഇഷ്ടത്തിനൊത്ത ഒരു വീട് സ്വന്തമായി ഉണ്ടാക്കാന്‍ കഴിഞ്ഞത്. കുടുംബത്തിലെ എല്ലാവരുടെയും വർഷങ്ങളുടെ അധ്വാനത്തിന്‍റെ ഫലം കൂടിയായിരുന്നു ആ വീട്.
എന്നാൽ മഴക്കാലം എത്തിയതോടെ വീടിനോടുള്ള സ്നേഹം ഭയത്തിന് വഴിമാറി. വെള്ളക്കെട്ടുള്ള പ്രദേശത്തായിരുന്നു വീട് എന്ന് മനസിലായത് മഴ പെയ്തപ്പോഴാണ്. അപ്പോഴേക്കും വെള്ളം വീടിനുള്ളിലേക്ക് കയറുകയും താഴത്തെ നിലയിലെ താമസം ബുദ്ധിമുട്ടാവുകയും ചെയ്തു. പല ഗൃഹോപകരണങ്ങളും വെള്ളം കയറി നശിച്ചു.
ഏറെ മോഹിച്ചു പണിത വീട് ഉപേക്ഷിക്കാനും വയ്യ, എന്നാൽ പ്രായമായ ആളുകളുമായി ആ വീട്ടിൽ താമസിക്കാനും വയ്യ എന്ന വിഷമഘട്ടത്തിലാണ് ആഷിഖ് എന്ന എഞ്ചിനീയർ സജ്നയുടെയും കുടുംബത്തിന്‍റെയും രക്ഷയ്ക്ക് എത്തുന്നത്. സുഹൃത്ത് പറഞ്ഞാണ് എറണാകുളം സ്വദേശിയായ ആഷിഖിനെ വിളിക്കുന്നത്. വീട് ഇപ്പോള്‍ നില്‍ക്കുന്ന നിലയില്‍ തന്നെ നാലടിയോളം ഉയർത്തുക എന്ന നിർദ്ദേശമാണ് ആഷിഖ് മുന്നോട്ട് വച്ചത്.
പണി തീർന്ന വീട് ഉയർത്തുകയോ? ആദ്യം കേട്ടവർക്കെല്ലാം തന്നെ അത്ഭുതമായിരുന്നു. ചിലർ നെറ്റിചുളിച്ചു, മറ്റു ചിലർ വീടിന് ബലക്ഷയമുണ്ടാകും എന്ന് പറഞ്ഞു. എന്നാൽ ആഷിഖിന്‍റെ നേതൃത്വത്തിലുള്ള ഒപ്റ്റിയൂം ബിൽഡേഴ്‌സ് വിജയകരമായി ഈ ദൗത്യം പൂർത്തിയാക്കി.
ഒരു മാസം കൊണ്ടാണ് 1,500 ചതുരശ്ര അടി വിസ്തീര്‍ണ്ണുള്ള ആ ഇരുനില വീട് പൂർണമായും നാലടി ഉയർത്തിവെച്ചു. വെള്ളക്കെട്ടിൽ നിന്നും സജനയ്ക്കും കുടുംബത്തിനും ആശ്വാസമായി.
ഇത് സജ്നയുടെ മാത്രം കഥയല്ല. ആഷിഖ് ഇബ്രാഹിമിന്‍റെ നേതൃത്വത്തിൽ ഇത്തരത്തിൽ അഞ്ഞൂറിലധികം വീടുകളാണ് കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ഇങ്ങനെ വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ഉയര്‍ത്തിവെച്ചത്.
2018-ലെ പ്രളയത്തോടെയാണ് വീട് ഉയർത്തുന്നതിന് ആവശ്യക്കാർ വർധിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ വീടുള്ളവരില്‍ പലരും വീടുകള്‍ ഉയര്‍ത്തിവെയ്ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. വീടുകൾ മാത്രമല്ല, അപ്പാർട്ട്മെന്റുകൾ, കൊമേഷ്യൽ ബിൽഡിംഗുകൾ എന്നിവയെല്ലാം തന്നെ ഇത്തരത്തിൽ ഉയർത്താൻ കഴിയും എന്ന് ആഷിഖ്.
”വീട് ഉയര്‍ത്തല്‍ എന്ന് പറയുമ്പോള്‍ എല്ലാവര്‍ക്കും അത്ഭുതമാണ്. എന്നാൽ അതിനുള്ള സാങ്കേതിക വിദ്യ ഞങ്ങൾ വിജയകരമായി പലയിടത്തും നടപ്പിലാക്കിക്കഴിഞ്ഞു. വീടുകള്‍ക്ക് യാതൊരുവിധത്തിലുള്ള കേടുപാടുകളും കൂടാതെയാണ് അവയുടെ അടിത്തറ ഉയര്‍ത്തുന്നത്. ഒരു വീട് ഉയര്‍ത്തുന്നതിനായി തീരുമാനിച്ചാല്‍ എത്ര അടിയാണ് ഉയര്‍ത്തേണ്ടതെന്നു നിര്‍ണയിക്കും.
സാധാരണയായി മൂന്നടി മുതൽ എട്ടടി വരെയാണ് വീടുകൾ ഉയർത്തുന്നത്.
അടിത്തറയ്ക്ക് ഇളക്കം തട്ടാത്ത രീതിയിലാണ് ഇത് ചെയ്യുന്നത്. ഇതിനായി മികച്ച പരിശീലനം ലഭിച്ച ഒരു ടീം തന്നെ അതിനായി ഞങ്ങള്‍ക്കൊപ്പമുണ്ട്,”ആഷിഖ് ഇബ്രാഹിം പറയുന്നു
സിംപിളല്ല… പക്ഷെ, പവർഫുൾ ആണ്
വീട് ഉയർത്തുക എന്നത് പറയുന്നത് പോലെ അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ കഴിഞ്ഞ 25 വർഷക്കാലമായി നിർമ്മാണ രംഗത്ത് സജീവമായി നില്‍ക്കുന്ന കുടുംബത്തില്‍ നിന്നും വരുന്ന ആഷിഖിന് അതൊരു പ്രശ്നമല്ല. പിതാവ് തുടങ്ങി വച്ചതാണ് ഈ കെട്ടിട നിർമ്മാണ സ്ഥാപനം. എന്നാല്‍ ബി ടെക് കഴിഞ്ഞെത്തിയതോടെ അതേറ്റെടുത്ത് നടത്തേണ്ട ചുമതല ആഷിഖിനായി.
എന്നാൽ വെറുതെ കുറെ കെട്ടിടം പണിത് കൂട്ടുക എന്നതല്ലാതെ, ആളുകൾക്ക് ഗുണകരമാകുന്ന ഒരു പ്രശ്ന പരിഹാരം എന്ന നിലയ്ക്ക് എഞ്ചിനീയറിംഗ് വൈദഗ്ധ്യം വിനിയോഗിക്കാനാണ് ആഷിഖ് തീരുമാനിച്ചത്. അതിനെത്തുടർന്ന് നടത്തിയ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും ഫലമായാണ് കെട്ടിടങ്ങൾ ഉയർത്തുക എന്ന സാങ്കേതിക വിദ്യയിൽ ആഷിഖ് നേടിയ വിജയം.
വെള്ളക്കെട്ടുള്ള പ്രദേശത്ത് പണിത വീടുകള്‍ മാത്രമല്ല, ഭൂമിയ്ക്ക് ഉറപ്പ് കുറവായതിനാൽ ഒരു വശം ചെരിഞ്ഞുപോയ വീടുകള്‍, പണി നടക്കുമ്പോൾ തന്നെ ഭൂമിക്കടിയിലേക്ക് ഇരുന്നു പോയ വീടുകള്‍ തുടങ്ങിയവയാണ് പ്രധാനമായും ഉയർത്തുന്നത്.
ഓപ്റ്റിയും ബില്‍ഡേഴ്സ് കേരളത്തില്‍ എറണാകുളം, കോട്ടയം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, ആലപ്പുഴ തുടങ്ങിയ ജില്ലകളിലായി വീടുകള്‍, റിസോര്‍ട്ടുകള്‍, അഞ്ചു നിലയോളം വരുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍, 50 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള വീടുകള്‍ എന്നിവയടക്കം 500-ലേറെ കെട്ടിടങ്ങള്‍ പൂര്‍ണമായ സുരക്ഷിതത്വത്തോടെ മൂന്നടി മുതല്‍ എട്ടടി വരെ ഉയരത്തില്‍ ഉയര്‍ത്തിയിട്ടുണ്ട്.
വീട് എത്രയടി ഉയര്‍ത്തണം എന്നത് ആ പ്രദേശത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടിനനുസരിച്ചാണ് നിശ്ചയിക്കുന്നത്. അതിനു ശേഷം വീടിന്‍റെ ഉറപ്പും ബലവും ആയുസ്സുമൊക്കെ കൃത്യമായി പരിശോധിക്കും. വീടുയര്‍ത്തുന്നതുകൊണ്ട് കാര്യമായ പ്രയോജനം ലഭിക്കില്ല എങ്കില്‍ അത് തുറന്നു പറയുകയും ചെയ്യും, അദ്ദേഹം പറയുന്നു.
എത്ര ചെലവ് വരും
വീട് ഉയർത്തുക എന്നത് ഘട്ടം ഘട്ടമായി ചെയ്യുന്ന കാര്യമാണ്. വീടിന്‍റെയും വീട്ടുകാരുടെയും സുരക്ഷാ പൂർണമായി ഉറപ്പാക്കിയ ശേഷമാണ് ഇത് ചെയ്യുന്നത്. വീട് ഉയർത്തുന്നതിനായി കരാർ ഒപ്പിട്ടു കഴിഞ്ഞാൽ പിന്നെ വീടിന്‍റെ ഉത്തരവാദിത്വം ആഷിഖിനാണ്. ഒന്ന് മുതല്‍ ഒന്നര മാസത്തോളം സമയമെടുത്താണ് ഇത് ചെയ്യുന്നത്. വീടിന്‍റെ ബലം, ഉറപ്പ്, ഘടന എന്നിവ പരിശോധിച്ച ശേഷം ജാക്കി ഉപയോഗിച്ച് വീട് അടിത്തറയില്‍ നിന്നും ഉയർത്തും. ഏറെ ശ്രമകരമായതും പ്രാഗത്ഭ്യം വേണ്ടതുമായ ഒരു ജോലിയാണിത്.
ജാ ക്കി ഉപയോഗിച്ച് വീട് ഉയര്‍ത്തിയ ശേഷം പുതിയ അടിത്തറ കെട്ടി ഉറപ്പിക്കുന്നു. വീടിന്‍റെ അടിത്തറയ്ക്കു താഴെ ഓരോന്നായി ഇരുമ്പ് ജാക്ക് പിടിപ്പിച്ച് വീട് മുഴുവനായി ജാക്കിന് മുകളില്‍ വരുംവിധം ക്രമീകരിക്കുകയും അതിനുശേഷം ഒരേ അളവില്‍ ജാക്ക് തിരിച്ച് വീട് ഉയര്‍ത്തിയശേഷമാണ് കട്ടകെട്ടി ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.ചതുശ്ര അടിക്ക് 250 രൂപ മാത്രമാണ് ചെലവ് വരിക. ലക്ഷങ്ങൾ മുടക്കിയുണ്ടാക്കിയ വീട് വെള്ളം കയറി നശിക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത് വളരെ ചെറിയ തുകയാണ്.
വീടുകൾ തറനിരപ്പില്‍ നിന്നും ഉയര്‍ത്തുന്നതിന് മുന്നോടിയായി ചുവരുകളുടെ രണ്ടുവശത്തും രണ്ടരയടി താഴ്ചയിലും വീതിയിലും കുഴി എടുത്താണ് ഉയര്‍ത്തല്‍ ആരംഭിക്കുന്നത്. ബെൽറ്റ് വാർത്ത വീടുകൾ ഉയർത്താൻ എളുപ്പമാണ്. ഇനി അതില്ല എങ്കിൽ ഇരുമ്പിന്‍റെ സി ചാനല്‍ പൈപ്പ് പിടിപ്പിച്ച് അതിന്മേല്‍ ജാക്കി ഉറപ്പിക്കും. ഒരു വീട് ഉയര്‍ത്തുന്നതിനായി ശരാശരി 300 ജാക്കിയെങ്കിലും വേണ്ടിവരും. കെട്ടിടം ഉയര്‍ത്തിക്കഴിഞ്ഞ ശേഷം പ്രത്യേക രീതിയില്‍ തയാറാക്കിയ കോണ്‍ക്രീറ്റ് മിശ്രിതംകൊണ്ട് കെട്ടിടത്തെയും പുതിയ അടിത്തറയെയും ബന്ധിപ്പിക്കും. ഇതോടെ വീടിന് ഡബിള്‍ സുരക്ഷ ഉറപ്പാക്കും. കെട്ടിടം ഉയര്‍ത്തിക്കഴിഞ്ഞാല്‍ മുറ്റം മണ്ണിട്ട് സമനിരപ്പാക്കുന്നു. ഒന്നരമാസത്തിനുള്ളിൽ വീട് പഴയതിനേക്കാൾ മികച്ച രീതിയിൽ ഉടമസ്ഥര്‍ക്ക് തിരികെ ലഭിക്കും. വീട് ഉയർത്തുന്ന കാലത്തും വീട്ടുകാര്‍ക്ക് വീടിന്‍റെ മുകളിലത്തെ നിലയിൽ താമസിക്കാവുന്നതാണ്. വയറിംഗ്, പ്ലംബിംഗ് എന്നിവയൊന്നും തന്നെ മാറ്റേണ്ടി വരില്ല. ആകെ മാറ്റേണ്ടി വരിക ഫ്‌ളോറിങ് ആയിരിക്കും.
കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി വലിയ പിന്തുണയാണ് ആഷിഖിന്‍റെ ഈ വീടുയർത്തൽ സാങ്കേതിക വിദ്യക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ ഉയർത്തിയ വീടുകൾക്ക് പിന്നീട് എന്ത് സർവീസ് അനിവാര്യമായി വന്നാലും ചെയ്തുകൊടുക്കാന്‍ ഒരുക്കമാണെന്നും ആഷിഖ് ഉറപ്പുനല്‍കുന്നു. എന്നാൽ അത്തരത്തിലുള്ള യാതൊരു ആഫ്റ്റർ കെയർ സർവീസും ഇത് വരെ ചെയ്തു കൊടുക്കേണ്ടി വന്നിട്ടില്ല എന്നും അദ്ദേഹം അവകാശപ്പെടുന്നു.
ഇതുകൂടി വായിക്കാം: ഒഴിവുസമയത്തെ മുത്തുകൃഷി: ഈ പുസ്തക കച്ചവടക്കാരന്‍ നേടുന്നത് വര്‍ഷം 4 ലക്ഷം രൂപ
”വീട് ഉയർത്തുക എന്ന് പറയുന്നത് ഒരു ശാസ്ത്രീയമായ രീതിയാണ്. എല്ലാവർക്കും ചെയ്യാൻ കഴിയില്ല. അതിനു പ്രത്യേക പരിശീലനം ലഭിച്ച വ്യക്തികളെ ആവശ്യമാണ്. ഞാൻ എന്‍റെ കൂടെ അത്തരത്തിലുള്ള ഒരു ടീമിനെ കാലങ്ങളായി നിലനിർത്തുന്നുണ്ട്. അതിനാൽ തന്നെ എത്ര ചെറിയ സ്ഥലത്തുള്ള വീടുകളും ഉയർത്തുക എന്നത് എളുപ്പമാണ്. 2018 -ലെ പ്രളയം കഴിഞ്ഞതോടെയാണ് ആളുകൾ വീടിന്‍റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുക്കളാകുന്നത്. എന്നാൽ വെള്ളപൊക്കത്തിൽ പൂർണമായും മുങ്ങിയ വീടുകൾ ഇത്തരത്തിൽ ഉയർത്തുന്നത്കൊണ്ട് പ്രയോജനമുണ്ടാകില്ല. സമാനമായ രീതിയിൽ വെള്ളപൊക്കം വന്നാൽ മുങ്ങുക തന്നെ ചെയ്യും. എന്നാൽ അല്ലാത്ത അവസ്ഥയിൽ വീട് ഉയർത്തുന്നത് ഗുണം ചെയ്യും. പ്രളയം , വെള്ളക്കെട്ട് എന്നിവ നമ്മുടെ നാട്ടിൽ സ്ഥിരം പ്രശ്നങ്ങളാകാൻ തുടങ്ങിയതോടെയാണ് വീട് ഉയർത്താൻ ആവശ്യക്കാരും വർധിച്ചത്,” ആഷിഖ് പറയുന്നു.
പുഷ്പം പോലെ ഉയർത്തി 7,000 ചതുരശ്ര അടിയുള്ള വീട്
വീട് ഉയർത്തുമ്പോൾ വീടിന്റെ വലുപ്പം ഒരിക്കലും ഒരു പ്രശ്‌നമേയല്ല. എറണാകുളം, കോട്ടയം, കോഴിക്കോട്, തൃശൂര്‍ , കണ്ണൂര്‍, ആലപ്പുഴ തുടങ്ങിയ ജില്ലകളിലായി 3,000 ചതുരശ്ര അടിക്ക് മുകളിൽ വലുപ്പമുള്ള നിരവധി വീടുകൾ ഇത്തരത്തിൽ ആഷിഖ് ഉയർത്തിയിട്ടുണ്ട്. കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായത് കോട്ടയത്ത് നിന്നും 7,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് ഉയര്‍ത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വീട്ടുടമ ജോയ് തോമസ് സമീപിച്ചതാണ് . അദ്ദേഹം കായൽ തീരത്ത് ഏറെ ആഗ്രഹിച്ചുണ്ടാക്കിയ വീടാണത്. എന്നാൽ സമീപത്തെ കായലിൽ വെള്ളം പൊങ്ങിയപ്പോൾ വീട് വെള്ളത്തിനടിയിലായി.
കോണ്ട്രാക്റ്റ് ഏറ്റെടുത്ത ആഷിഖ് പണി തുടങ്ങി. ഒന്നര മാസത്തിനുള്ളിൽ വീട് എട്ടടിയോളം ഉയർത്തി പെയിന്‍റിങ്ങും ഗാര്‍ഡനിങ്ങും വരെ പൂർത്തിയാക്കി ആഷിഖ് തിരിച്ചു നൽകി. ഇപ്പോഴിതാ വീട് പഴയതിനേക്കാൾ തലയെടുപ്പോടെ നിൽക്കുന്നു.
”വീട് എന്നൊക്കെ പറഞ്ഞാൽ ഓരോരുത്തരുടെ വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. അത് വെള്ളം കയറി നശിക്കുമ്പോൾ ഉണ്ടാകുന്ന വേദന പലതവണ ഞാൻ നേരിൽ കണ്ടിട്ടുണ്ട്. വീട് ഉയർത്തി നൽകുമ്പോൾ അവർക്ക് നഷ്ടപ്പെട്ടു പോയ ശ്വാസം തിരിച്ചു കിട്ടുന്ന പോലെയാണ്. കണ്ണ് നിറയും ആ സന്തോഷം കാണുമ്പോൾ. ഞാൻ ചെയ്യുന്നത് എന്‍റെ തൊഴിലാണ് എന്നാൽ ഇത്തരം ചില സന്തോഷങ്ങളാണ് ഈ മേഖലയിൽ കൂടുതൽ മുന്നേറുന്നതിന് എന്നെ പ്രാപ്തനാക്കുന്നത്,” ആഷിഖ് ഇബ്രാഹിം പറയുന്നു.
റിസോര്‍ട്ടുകള്‍, അഞ്ചു നിലയോളം വരുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയും ഓപ്റ്റിയും ബില്‍ഡേഴ്സ് ഉയര്‍ത്തിയിട്ടുണ്ട്. അന്‍പത് വര്‍ഷത്തിലേറെ പഴക്കം വരുന്ന ചില വീടുകള്‍ വരെ യാതൊരു കേടുപാടുകളും കൂടാതെ ഉയർത്തിയിട്ടുണ്ട്.
“പല വീടുകളും നല്ല ഉറപ്പോടെ തന്നെയായിരിക്കും പണിയുന്നത്. പക്ഷെ മണ്ണിന്‍റെ കാര്യം എങ്ങനെയാണ് നമുക്ക് പറയാൻ പറ്റില്ല. മേൽമണ്ണ് ഇളകി കഴിയുമ്പോൾ ആണ് പ്രശ്നം അറിയുക. ചെലപ്പോൾ വീട് അങ്ങ് താഴ്ന്നു പോകും. ഇങ്ങനെ വരുമ്പോൾ വീട് ഉയർത്തുകയല്ലാതെ എന്താ ചെയ്യാൻ പറ്റുക? അടുത്തിടെയാണ് ഇത്തരം അവസ്ഥ കേരളത്തിൽ സ്ഥിരമാണ്. പണി പൂർത്തിയാകും മുൻപാണ് പല വീടുകളും താഴേക്ക് ഇരിക്കുന്നത്,” ആഷിഖ് പറയുന്നു.
വെള്ളപ്പൊക്കം സ്ഥിരമാകുന്ന ആലപ്പുഴ, കോട്ടയം, കണ്ണൂർ ഭാഗങ്ങളിൽ നിന്നും ഈ സാങ്കേതിക വിദ്യക്ക് ആവശ്യക്കാർ വർധിക്കുകയാണ്. പ്രകൃതി കലഹിക്കുന്ന അവസരങ്ങളിൽ ഇത്തരത്തിൽ പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന, പ്രകൃതിയെ ചൂഷണം ചെയ്യാത്ത രീതിയിലുള്ള സാങ്കേതിക വിദ്യകളും ഇടപെടലുകളുമാണ് ആവശ്യമെന്നു തന്‍റെ സംരംഭത്തിലൂടെ പറയാതെ പറഞ്ഞു വയ്ക്കുകയാണ് ആഷിഖ് ഇബ്രാഹിം.
വിവരങ്ങള്‍ക്ക്: 9341707070
ഇതുകൂടി വായിക്കാം: സ്റ്റീലും സിമെന്‍റുമില്ല, പൂര്‍ണമായും റീസൈക്കിള്‍ ചെയ്യാവുന്ന വീടുകള്‍: മണ്ണും കല്ലും പ്രകൃതിസൗഹൃദ വസ്തുക്കളും ഇഷ്ടപ്പെടുന്ന ആര്‍കിടെക്റ്റ്