Malaksing Gill Green architect
മലാക് സിങ് ഗില്ലും അദ്ദേഹംത്തിന്‍റെ ഒരു നിര്‍മ്മിതിയും

സ്റ്റീലും സിമെന്‍റുമില്ല, പൂര്‍ണമായും റീസൈക്കിള്‍ ചെയ്യാവുന്ന വീടുകള്‍: മണ്ണും കല്ലും പ്രകൃതിസൗഹൃദ വസ്തുക്കളും ഇഷ്ടപ്പെടുന്ന ആര്‍കിടെക്റ്റ്

മറ്റ് പല ആര്‍കിടെക്റ്റുകളേയും പോലെ വാസ്തുവിദ്യയുടെ ഗാന്ധി എന്ന് അറിയപ്പെടുന്ന ലാറി ബേക്കര്‍ ഈ ആര്‍കിടെക്റ്റിനെയും ആഴത്തില്‍ സ്വാധീനിച്ചു.

പുതിയ വീടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരോട് ആര്‍കിടെക്റ്റ് മലാക്‌സിങ് ഗില്‍ പറയുന്ന ഒരു കാര്യമുണ്ട്.

മണ്ണും മുളയും മരവുമടക്കം പ്രകൃതിക്കിണങ്ങുന്ന ഒരു വീട്ടിലേക്കാണ് നിങ്ങള്‍ താമസം മാറ്റുന്നതെന്ന് വിചാരിക്കൂ. പ്രദേശത്തുനിന്നു തന്നെ അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കാം, പണിക്കാരെയും നാട്ടില്‍ നിന്നുതന്നെ കിട്ടും. അങ്ങനെ ചെലവ് കുറയ്ക്കാം.

എഴുപത് വര്‍ഷം കഴിഞ്ഞാലും നിങ്ങളുടെ വീട് പാറപോലെ നില്‍ക്കും. ഇനി, അത് പൊളിച്ച് വേറെ പണിയണം എന്ന് തോന്നിയാലോ?

വീട് പൊളിച്ചാലുണ്ടാകുന്ന അവശിഷ്ടങ്ങള്‍ മുഴുവന്‍ പൂര്‍ണമായും റീസൈക്കിള്‍ ചെയ്യാവുന്നതും പ്രകൃതിക്ക് ഭാരമാകെ മണ്ണില്‍ അലിഞ്ഞുപോകുന്നവയും ആയിരിക്കും.

മലാക് സിങ് ഗില്ലും അദ്ദേഹംത്തിന്‍റെ ഒരു നിര്‍മ്മിതിയും

ഇതൊരു നല്ല കാര്യമാണ് എന്ന് തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കും അതുപോലൊരു വീട് തെരഞ്ഞെടുക്കാം.

“പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ എനിക്ക് മുംബൈയിലെ സാധാരണ ആര്‍കിടെക്റ്റുകള്‍ സ്വീകരിക്കുന്ന രീതികളോട് താല്‍പര്യമുണ്ടായിരുന്നില്ല,” ആര്‍കിടെക്റ്റ് മലാക്‌സിങ് ഗില്‍ പറയുന്നു. “പ്രാദേശിക സാഹചര്യങ്ങളും സംസ്‌കാരവും പ്രകൃതിയുമൊന്നും പരിഗണിക്കാതെയുള്ള കെട്ടിടനിര്‍മ്മാണത്തോടും രൂപകല്‍പനയോടും എനിക്ക് വലിയ വിയോജിപ്പുകള്‍ ഉണ്ടായിരുന്നു.”


കഴിഞ്ഞ 17 വര്‍ഷമായി പ്രകൃതിസൗഹൃദമായ നിര്‍മ്മാണ വസ്തുക്കളും പരിസ്ഥിതിക്ക് യോജിച്ച രീതികളും പിന്‍പറ്റിക്കൊണ്ട് ഈ 43-കാരന്‍  മനോഹരമായ നിര്‍മ്മിതികള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.


അതില്‍ ബംഗ്ലാവുകളും ഹൗസിങ്ങ് കോംപ്ലെക്‌സുകളും ഫാംഹൗസുകളുമൊക്കെയുണ്ട്.

മറ്റ് പല ആര്‍കിടെക്റ്റുകളേയും പോലെ വാസ്തുവിദ്യയുടെ ഗാന്ധി എന്ന് അറിയപ്പെടുന്ന ലാറി ബേക്കര്‍ ഈ ആര്‍കിടെക്റ്റിനെയും ആഴത്തില്‍ സ്വാധീനിച്ചു.

ലാറി ബെക്കര്‍. ഫോട്ടോ: ഫേസ്ബുക്ക്/ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ്

മുംബൈയിലെ രചനാ സന്‍സദ് അകാദമി ഓഫ് ആര്‍കിടെക്ചറിലെ കോഴ്‌സ് പൂര്‍ത്തിയാക്കി ഗില്‍ നേരെ തിരുവനന്തപുരത്തേക്ക് പോയി. ലാറി ബേക്കറിന്‍റെ സ്ഥാപനമായ കോസറ്റ്‌ഫോഡില്‍ ചേര്‍ന്നു.

“അവിടെ എന്‍റെ അധ്യാപകരെല്ലാം ഫീല്‍ഡിലായിരുന്നു, എന്‍റെ യൂനിവേഴ്‌സിറ്റി ഗ്രാമങ്ങളായിരുന്നു, ക്ലാസ്‌റൂമുകള്‍ ഇടിഞ്ഞുവീണ കെട്ടിടങ്ങളും ശില്പശാലകള്‍ പ്രാദേശിക കരകൗശല വിദഗ്ധരുടെ ആലകളുമായിരുന്നു. ഉറുമ്പിന്‍കൂടുകള്‍, ചിതല്‍പ്പുരകള്‍, തേനീച്ചക്കൂടുകള്‍…ഇതെല്ലാം എന്നെ വീടുകള്‍ പണിയുന്നതില്‍ സ്വാധീനിച്ചു,” ഗില്‍ കോസ്റ്റ്‌ഫോഡിലെ നാളുകളെക്കുറിച്ച് വാചാലനായി.

“സിമെന്‍റില്ലാത്ത കാലത്ത് നിര്‍മ്മിച്ച് ഏത് കെട്ടിടവും എടുത്തുനോക്കൂ, എന്നിട്ട് അവ ഒരു കേടുംകൂടാതെ കാലത്തെ വെല്ലുവിളിച്ച് അങ്ങനെ നില്‍ക്കുന്നത് ശ്രദ്ധിക്കൂ. ഞാന്‍ നൂറ് വര്‍ഷം പഴക്കമുള്ള പല വലുപ്പത്തിലുള്ള വീടുകളെക്കുറിച്ച് പഠിച്ചത് അത്തരം വീടുകള്‍ എത്രകാലം നില്‍ക്കും, താമസിക്കുന്നതിന്‍റെ സുഖം, കുറഞ്ഞ ചെലവ് എന്നിവയെക്കുറിച്ചൊക്കെയുള്ള എന്‍റെ ധാരണകളെ ഉറപ്പിക്കാന്‍ കൂടിയായിരുന്നു,” അദ്ദേഹം ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

കോണ്‍ക്രീറ്റ്, സ്റ്റീല്‍, സ്റ്റീല്‍ മെഷ് തുടങ്ങിയ ആധുനിക നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിക്കാന്‍ ഗില്ലിന് താല്‍പര്യമില്ലായിരുന്നു. പ്രകൃതിക്ക് യോജിച്ചതല്ലെന്ന് മാത്രമല്ല, നേരിട്ടും അല്ലാതെയും കാര്‍ബണ്‍ മലിനീകരണം ഉണ്ടാക്കുന്നവയാണ് ഈ നിര്‍മ്മാണ വസ്തുക്കള്‍. കണക്കുകള്‍ പ്രകാരം ലോകത്തെ കാര്‍ബണ്‍ ഡയോക്‌സൈഡ് മലിനീകരണത്തില്‍ എട്ട് ശതമാനം സിമെന്‍റിന്‍റെ സംഭാവനയാണ്.

ഇകോ-ആര്‍കിടെക്ചര്‍ ആശയങ്ങളുമായാണ് ഗില്‍ നിര്‍മ്മാണരംഗത്തേക്ക് കടക്കുന്നത്. അറിഞ്ഞുകൊണ്ട് തന്നെയുള്ള റിസ്‌ക് എടുക്കലായിരുന്നു അത്. നഗരങ്ങളില്‍ പരിസ്ഥിതിസൗഹൃദ നിര്‍മ്മാണ വസ്തുക്കള്‍ കിട്ടാനുള്ള ബുദ്ധിമുട്ട്, വലിയ വില എന്നിവയൊക്കെ പ്രതിബന്ധങ്ങളായി.

“ഞാന്‍ മുംബൈയില്‍ എന്‍റെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ വീട് പണിതപ്പോള്‍ നഗരത്തില്‍ നിന്നുതന്നെയുള്ള പ്രൊഫഷണല്‍ കോണ്‍ട്രാക്ടര്‍മാരെക്കൊണ്ട് ലാറി ബേക്കറിന്‍റെ രീതിയില്‍ ചെയ്യിപ്പിക്കുകയായിരുന്നു. അപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി. ഇത്രയും വിലകൊടുത്ത് സാധനങ്ങള്‍ വാങ്ങി പ്രൊഫഷണല്‍ കോണ്‍ട്രാക്ടര്‍മാരെ വെച്ച് വീടുപണിതാല്‍ ചെറിയ ടൗണുകളിലും ഗ്രാമങ്ങളിലും ഉള്ളവര്‍ക്ക് മുതലാവില്ല എന്ന്,” അദ്ദേഹം വിശദമാക്കുന്നു.

അപ്പോഴാണ് വീടുണ്ടാക്കുന്നവരും അതുപയോഗിക്കുന്നവരും തമ്മില്‍ ഗ്രാമങ്ങളിലും ആദിവാസി പ്രദേശങ്ങളിലുമുള്ള ബന്ധങ്ങളുടെ അര്‍ത്ഥം ശരിക്കും മനസ്സിലായതെന്ന് അദ്ദേഹം. നഗരങ്ങളില്‍ പിന്തുടരുന്ന രീതികളും സാമഗ്രികളും ഗ്രാമങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയില്ല എന്ന് ഉറപ്പിക്കാന്‍ അത് കാരണമായി.

അദ്ദേഹം ഗ്രാമീണരായ വീടുപണിക്കാരുമായി കൂടുതലായി ഇടപഴകാനും ആശയവിനിമയം നടത്താനും തുടങ്ങി. അവരെല്ലാം പ്രകൃതി സൗഹൃദ രീതികള്‍ പിന്തുടരാനും പുതിയ കാലത്തിനനുസരിച്ച് അവരുടെ രീതികള്‍ മെച്ചപ്പെടുത്താനും വലിയ ആവേശം കാണിച്ചു.

മറ്റൊരു മനോഹരനിര്‍മ്മിതി

ഓരോ പ്രോജക്ടിലും ഗില്‍ ചില അടിസ്ഥാനപരമായ കാര്യങ്ങള്‍ പിന്തുടര്‍ന്നു.
1. കുറഞ്ഞ ചെലവ്
2. നിര്‍മ്മാണം നടക്കുന്ന സ്ഥലത്തുനിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വസ്തുക്കളുടെ ഉപയോഗം.
3. പ്രദേശവാസികളെത്തന്നെ നിര്‍മ്മാണത്തിന് ഉപയോഗിക്കുക.
4. ഓരോ സൈറ്റിന്‍റെയും ലാന്‍ഡ്‌സ്‌കേപ്പുമായി ഇഴുകിച്ചേരുന്ന ഡിസൈന്‍.

അദ്ദേഹത്തിന്‍റെ നിര്‍മ്മിതികളില്‍ ചിലത്:

ഗില്ലിന്‍റെ ആദ്യത്തെ ഗ്രീന്‍ ബില്‍ഡിങ്ങ് മുംബൈയിലെ മലാഡ് എന്ന സ്ഥലത്താണ്. അവതാര്‍ എന്ന് പേരിട്ട ആ വീടിനെ മുംബൈയിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദഭവനം എന്നാണ് ഇന്‍ഡ്യാ ടുഡേ വിശേഷിപ്പിച്ചത്.

മലാഡില്‍ നിര‍്മ്മിച്ച അവതാര്‍ എന്ന വീട്

അറുപതേക്കര്‍ സ്വാഭാവിക വനത്തില്‍ താമസിക്കുന്ന ആദിവാസികള്‍ക്കുവേണ്ടി കര്‍ജാതില്‍ നിര്‍മ്മിച്ച കമ്യൂണിറ്റി ഹൗസ്. ഇതിന്‍റെ തറ മണ്ണും കല്ലു ഉപയോഗിച്ചാണ്. നിര്‍മ്മാണം പ്രദേശവാസികള്‍ തന്നെ. പരമാവധി സൂര്യപ്രകാശം അകത്തേക്ക് കിട്ടത്തക്ക വിധത്തിലാണ് ഇതിന്‍റെ നിര്‍മ്മാണം. കാരണം, പ്രദേശത്ത് വൈദ്യുതി എത്തിയിട്ടില്ലായിരുന്നു.

പ്രകൃതി സൗഹൃദ നിര്‍മ്മാണം മാത്രമല്ല, അതില്‍ കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കാനും ഗില്‍ താല്‍പര്യമെടുക്കുന്നു. ആര്‍കിടെക്ചര്‍ കോളെജുകളില്‍ പഠിപ്പിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തുന്നു. ക്ലാസ് മുറിക്ക് പുറത്താണ് പഠനം അധികവുമെന്ന് മാത്രം. അദ്ദേഹത്തിന്‍റെ രീതികളില്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികളെ സ്വന്തം ടീമിലേക്ക് എടുക്കുകയും ചെയ്യാറുണ്ട്.

കര്‍ജാതില്‍ കമ്യൂണിറ്റി ഹൗസ് നിര്‍മ്മാണം ആദ്യഘട്ടം

“ഇങ്ങനെയാണ് ഞാന്‍ എന്‍റെ ആശയങ്ങള്‍ പടര്‍ത്താന്‍ ആഗ്രഹിക്കുന്നത്. ഇത് സമൂഹത്തിലും വാസ്തുവിദ്യയിലും പരിസ്ഥിതിസൗഹൃദമാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ന് എന്‍റെ പല വിദ്യാര്‍ത്ഥികളും അധ്യാപകരാണ്, ചിലര്‍ ഗ്രാമങ്ങളില്‍ ഈ രീതികള്‍ പിന്തുടരുന്നു, പലര്‍ക്കും അവാര്‍ഡുകളും കിട്ടുകയും ചെയ്തു,” ഗില്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ സത്താറയില്‍ അവരുടെ അധ്യാപകനായ മലാക് സിങ് ഗില്ലിനൊപ്പം എത്തിയപ്പോഴാണ് ധ്രുവാങ്കും പ്രിയങ്കയും ആ വീട് കണ്ടത്.

ഒരു വൃദ്ധയുടെ വീട് കാണിക്കാനാണ് ഗില്‍ അവരെ അങ്ങോട്ട് കൊണ്ടുപോയത്. മണ്ണുകൊണ്ടുണ്ടാക്കി ചാണകം മെഴുകിയ ചുവരുകളായിരുന്നു വീടിന്‍റേത്. ചുവരില്‍ പല നിറത്തിലുള്ള വളകള്‍ മനോഹരമായി ഒട്ടിച്ചുവെച്ചിരുന്നു.

ആ മണ്‍വീട് പ്രിയങ്കയുടെയും ധ്രുവാങ്കിന്‍റെയും കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു. ഗില്‍ അവരെ ഗ്രാമയാത്രയില്‍ കൂടെക്കൂട്ടുമ്പോള്‍ അവര്‍ ആര്‍ക്കിടെക്ചര്‍ നാലാം വര്‍ഷവിദ്യാര്ഥികളായിരുന്നു.

കര്‍താജിലെ ഫാംഹൗസ് നിര്‍മ്മാണവേളയില്‍

രണ്ടുപേരും ഗില്ലിന്‍റെ കൂടെ കുറെക്കാലം ജോലി ചെയ്തു. ഇന്ന് ആ ദമ്പതികള്‍ സ്വന്തമായി നിര്‍മ്മാണക്കമ്പനി തുടങ്ങി.

“നമുക്കുള്ള അറിവ് അര്‍ഹിക്കുന്നതിനേക്കാളേറെ വിലയിടപ്പെട്ടതാണെന്ന് സര്‍ എപ്പോഴും പറയുമായിരുന്നു. യഥാര്‍ത്ഥ ജ്ഞാനം ചുറ്റുമുള്ളവരില്‍ നിന്ന് പഠിക്കാനുള്ള അവസരം ഒരിക്കലും പാഴാക്കാതിരിക്കാനുള്ള മനസ്സാണ്. ഏതെങ്കിലും മെറ്റീരിയലിനെപ്പറ്റിയോ ഡിസൈനെപ്പറ്റിയോ മാത്രം പഠിപ്പിക്കുന്ന ഒരധ്യാപകനല്ല ഗില്‍. അദ്ദേഹത്തിന്‍റെ ക്ലാസുകള്‍ ആര്‍കിടെക്ചറിന് പുറത്തേക്കും കടക്കും, അത് നിത്യജീവിതത്തെ ആഴത്തില്‍ തൊടുന്നതാണ്,” ധ്രുവാങ്ക് ടി ബി ഐയോട് പറയുന്നു.

മലാക് സിങ് ഗില്ലുമായി ബന്ധപ്പെടാം.


ഇതുകൂടി വായിക്കാം: വീടുണ്ടാക്കാന്‍ ബിയര്‍ ബോട്ടില്‍, ചിരട്ട, പ്ലാസ്റ്റിക് : ആക്രി കൊണ്ട് അല്‍ഭുതം തീര്‍ക്കുന്ന ആര്‍കിടെക്റ്റ്


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം