മുത്ത് വിളവെടുക്കുന്നു

സര്‍ക്കാര്‍ ജോലി കളഞ്ഞ് മുത്തുകൃഷി തുടങ്ങിയ കെമിസ്ട്രി പോസ്റ്റ് ഗ്രാജ്വേറ്റ്; പരിഹസിച്ചവര്‍ ഇന്ന് പ്രശംസകൊണ്ട് മൂടുന്നു

കൃത്യമായ പരിശീലനം ലഭിക്കുകയാണെങ്കില്‍ കര്‍ഷകര്‍ക്ക് മുത്തുകൃഷിയിലൂടെ 5 ലക്ഷം രൂപ വരെ ലാഭം കൊയ്യാം എന്ന് ജയ് ശങ്കര്‍

“വി ദ്യാഭ്യാസം നേടിയാല്‍ അതിനനുസരിച്ചുള്ള നല്ലൊരു ജോലി കിട്ടണം എന്നാണ് നമ്മുടെ രാജ്യത്തെ പൊതുവിലുള്ള ധാരണ. അതിനാല്‍ തന്നെ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം നേടിയ ഞാന്‍ കൃഷി ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ എല്ലാവരുമൊന്നു ഞെട്ടി. അവര്‍ക്കെല്ലാം കൃഷി ഒരു ‘ലോ സ്റ്റാറ്റസ്’ ജോലിയാണ്. ‘ദൈവത്തിനറിയാം, ഇവനീക്കാണിക്കുന്നതെന്താണെന്ന്’ എന്ന മനോഭാവമായിരുന്നു എല്ലാര്‍ക്കും,” 52-കാരനായ ജയ് ശങ്കര്‍കുമാര്‍ പറയുന്നു.

ബിഹാറുകാരനായ ജയ് ശങ്കര്‍ പണ്ട് മുത്തുകൃഷി ചെയ്യാനിറങ്ങിയപ്പോള്‍ സകലരും പരിഹസിച്ചു. എന്നാല്‍ ഇന്ന് ശുദ്ധജല മുത്തുകൃഷിയിലൂടെ ലക്ഷക്കണക്കിന് രൂപയുടെ വരുമാനം നേടുകയാണ് ഇദ്ദേഹം. 11 വര്‍ഷത്തെ അനുഭവപരിചയമുണ്ട് ജയ് ശങ്കറിന് ഈ മേഖലയില്‍. മുത്തുകൃഷി ചെയ്യാന്‍ സാഹസം കാണിച്ച ആദ്യകാല കര്‍ഷകരില്‍ ഒരാളുമാണ് അദ്ദേഹം.

ജയ് ശങ്കര്‍ തന്‍റെ ഫാമില്‍

ബെഗുസാരായിലെ തെതരി ഗ്രാമത്തിലാണ് ജയ് ശങ്കര്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം. എന്നാല്‍ ഇന്നദ്ദേഹം വളരെ വ്യത്യസ്തവും തനതുമായ ജൈവ കൃഷി രീതിയാണ് തന്‍റെ ഒന്നര ബിഗ (ബിഹാറിലും മറ്റും ഭൂമി അളക്കുന്നതിന് ഉപയോഗിക്കുന്ന പ്രാദേശിക യൂണിറ്റാണ് ബിഗ. ഒരു ബിഗ ഏകദേശം 1,500 മുതല്‍ 6,771 വരെ ചതുരശ്ര മീറ്ററാണ്) ഭൂമിയില്‍ വ്യത്യസ്തതയോടെ മുത്തുകൃഷി ചെയ്യുകയാണ് ജയ് ശങ്കര്‍. അതിനോടൊപ്പം തന്നെ മല്‍സ്യകൃഷിയും ജൈവ പച്ചക്കറി തോട്ടവും വിവിധയിനം പഴങ്ങളുടെ കൃഷിയും വെര്‍ട്ടിക്കല്‍ ഹെര്‍ബല്‍ ഗാര്‍ഡനുമുണ്ട് കക്ഷിക്ക്. ഔഷധ സസ്യങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന ജയ് ശങ്കറിന്‍റെ തോട്ടത്തില്‍ മണ്ണിരകമ്പോസ്റ്റും ജൈവവളവും ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു. പലതരം കോഴികളെയും വളര്‍ത്തുന്നുണ്ട് അദ്ദേഹം.


ഒരേക്കറില്‍ താഴെ സ്ഥലം മതി ഇതുപോലൊരു സംയോജിത ഫാം സജ്ജീകരിക്കാനെന്നാണ്  ജയ് ശങ്കര്‍ പറയുന്നത്.


വിവിധ ഉല്‍പ്പന്നങ്ങളിലൂടെ മികച്ച ലാഭമുണ്ടാക്കാന്‍ വൈവിധ്യങ്ങള്‍ നിറഞ്ഞ ഇത്തരം ഫാമിലൂടെ സാധിക്കുമെന്ന് ആത്മവിശ്വാസത്തോടെ ഈ കര്‍ഷകന്‍ പറയുന്നു.

ഒരു കാലത്ത് ഗ്രാമവാസികളുടെ കടുത്ത പരിഹാസത്തിന് പാത്രമായിരുന്നു ജയ് ശങ്കര്‍. എല്ലാവരും വട്ട്‌കേസെന്ന് പറഞ്ഞാണ് ഇയാളെ തള്ളിക്കളഞ്ഞത്. എന്നാല്‍ ഇന്ന് ദേശീയതലത്തില്‍ വലിയ അംഗീകാരം തന്നെ ലഭിച്ചിരിക്കുന്നു ഈ കര്‍ഷകന്. അടുത്തിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മന്‍ കീ ബാത്തി’ല്‍ ജയ് ശങ്കറിന്‍റെ പേര് പരാമര്‍ശിച്ചത്. ബിഹാര്‍ കര്‍ഷകന്‍റെ നൂതനാത്മകമായ മുത്തുകൃഷി രീതികളെ കുറിച്ചായിരുന്നു പ്രധാനമന്ത്രി ‘മന്‍ കീ ബാത്തി’ല്‍ പറഞ്ഞത്. 11 വര്‍ഷത്തെ തന്‍റെ കഠിനാധ്വാനത്തിന് ഒടുവില്‍ അംഗീകാരം ലഭിച്ചിരിക്കുന്നുവെന്ന വലിയ സംതൃപ്തിയായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍ ജയ് ശങ്കറിലുണ്ടാക്കിയത്.

“ചുറ്റുമുള്ളവരുടെ നെഗറ്റീവ് കമന്‍റുകള്‍ ഞാനൊരിക്കലും കാര്യമാക്കിയിരുന്നില്ല. എന്നെ കുറിച്ചും ഞാന്‍ തെരഞ്ഞെടുത്ത ജോലിയെ കുറിച്ചും വളരെ മോശം അഭിപ്രായമാണ് പലരും പറഞ്ഞിരുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടേത് പോലുള്ള ഒരു വലിയ പ്ലാറ്റ്‌ഫോമില്‍ എനിക്ക് അംഗീകാരം ലഭിച്ചത് ഏറെ സന്തോഷം നല്‍കുന്നു. അതിലുപരി ഒരു വലിയ മാറ്റം കൂടിയാണത്. മുത്തു കൃഷിയുടെ അല്‍ഭുതങ്ങളിലേക്ക് അത് രാജ്യത്തിന്‍റെ ശ്രദ്ധ തിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ കര്‍ഷകരുടെ തലവര മാറ്റിമറിക്കാന്‍ ശേഷിയുള്ള മേഖലയാണ് മുത്തുകൃഷി,” ജയ് ശങ്കര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

മുത്ത് വിളവെടുക്കുന്നു

കെമസിട്രിയില്‍ നിന്ന് മുത്തുകൃഷിയിലേക്ക്

1952-ലായിരുന്നു തുടക്കം. പ്രശസ്തമായ ഒരു ഹിന്ദി മാസികയിലാണ് ജയ് ശങ്കര്‍ മുത്തുകൃഷിയെ കുറിച്ചുള്ള ഒരു ലേഖനം വായിക്കുന്നത്. അതിന്‍റെ നേട്ടങ്ങളെ കുറിച്ച് ലേഖനത്തില്‍ വിശദമായി പറഞ്ഞിരുന്നു. അതാണ് മുത്തുകൃഷിയില്‍ വലിയ താല്‍പ്പര്യം ജയ് ശങ്കറിലുണ്ടാക്കിയത്. പുതിയൊരു കൃഷിയെ കുറിച്ചുള്ള കൗതുകവും ജനിച്ചു. മുത്തുകൃഷിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. എന്നാല്‍ മുത്തുകൃഷി ചെയ്യുകയെന്നതിനെ കുറിച്ച് അപ്പോഴൊന്നും താന്‍ ചിന്തിച്ചിരുന്നില്ലെന്ന് ജയ് ശങ്കര്‍.

ആയിടയ്ക്കാണ് ദര്‍ബാന്‍ഗയിലെ സിഎം സയന്‍സ് കോളെജില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി ജയ് ശങ്കര്‍ പുറത്തിറങ്ങുന്നത്. പിജി നേടിയ ഏതൊരു വിദ്യാര്‍ത്ഥിയെയും പോലെ നല്ലൊരു ജോലി തേടിയിറങ്ങി.

“വളരെ പാവപ്പെട്ട കുടുംബത്തില്‍ നിന്നുമാണ് ഞാന്‍ വരുന്നത്. കര്‍ഷ കുടുംബമായിരുന്നു ഞങ്ങളുടേത്. അതിനാല്‍ തന്നെ ഉന്നത വിദ്യാഭ്യാസം നേടുകയെന്നത് തന്നെ എന്നെ സംബന്ധിച്ച് മഹത്തായ കാര്യമായിരുന്നു. ഡിസ്റ്റിങ്ഷനോടെ പഠനം പൂര്‍ത്തിയാക്കിയ എന്‍റെ മുന്നിലുണ്ടായിരുന്ന സ്വാഭാവിക ലക്ഷ്യം ഒരു സര്‍ക്കാര്‍ ജോലി എന്നതായിരുന്നു. മനസിനിണങ്ങിയ ഒന്നും തന്നെ വന്നില്ല. ഒടുവില്‍ ഒരു ഹൈ സ്‌കൂളിലെ ക്ലാര്‍ക്കിന്‍റെ ജോലിയില്‍ അഭയം തേടി.

ജയ് ശങ്കര്‍ താന്‍ വിളയിച്ചെടുത്ത മുത്തുകളുടെ പ്രദര്‍ശനം നടത്തുന്നു

“അതേസമയം എന്തെങ്കിലും വ്യത്യസ്തമായി തുടങ്ങാന്‍ ധൈര്യം കാണിക്കണമെന്നായിരുന്നു മനസ് പറഞ്ഞുകൊണ്ടിരുന്നത്. ഞാന്‍ പഠിച്ച കാര്യങ്ങള്‍ പ്രയോഗത്തില്‍ വരുത്തുന്ന എന്തെങ്കിലും ചെയ്യണമെന്നതായിരുന്നു ഉള്‍വിളി. അങ്ങനെയാണ് പാരമ്പര്യമായി ലഭിച്ച കാര്‍ഷികവൃത്തിയിലേക്ക് തന്നെ തിരിയാന്‍ തീരുമാനിച്ചത്. എന്നാല്‍ ഒരു ‘ട്വിസ്റ്റു’ണ്ടായിരുന്നു, പരമ്പരാഗത കൃഷിയെന്ന സങ്കല്‍പ്പത്തിന് പകരം മുത്തുകൃഷിയിലേക്കാണ് ഞാന്‍ കാലെടുത്ത് വച്ചത്. ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ജനതയ്ക്കും അന്ന് ഇതിനെ കുറിച്ച് യാതൊരുവിധ ധാരണയുമുണ്ടായിരുന്നില്ല. അപ്പോ, ബിഹാറിന്‍റെ കാര്യം പറയേണ്ടതില്ലല്ലോ,” തുടക്കത്തെ കുറിച്ച് ജയ് ശങ്കര്‍ വ്യക്തമാക്കുന്നു.

മുത്തുകൃഷി ചെയ്യാന്‍ തീരുമാനിച്ച ജയ് ശങ്കര്‍ സഹായത്തിനായി ചെന്നത് ഭുവനേശ്വര്‍ കേന്ദ്രമാക്കിയ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ചിന്‍റെ ഭാഗമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫ്രഷ് വാട്ടര്‍ അക്വാകള്‍ച്ചര്‍ (സിഐഎഫ്എ) എന്ന സ്ഥാപനത്തിലേക്കാണ്. മുത്തുകൃഷിയെ കുറിച്ച് അവിടെയുള്ള വിദഗ്ധര്‍ ജയ് ശങ്കറിന് വളരെ വിശദമായി പറഞ്ഞുകൊടുത്തു. എല്ലാവിധ മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയതിന് പുറമെ കൃത്യമായ പരിശീലനവും നല്‍കി.

“സിഐഎഫ്എ-യില്‍ നിന്നും ഔദ്യോഗിക പരിശീലനം എനിക്ക് ലഭിച്ചെന്ന് പറയാനാകില്ല. അവിടെ പഠിച്ച ഒരു മുന്‍ വിദ്യാര്‍ത്ഥിയാണ് എന്നെ പ്രായോഗികമായി ഇക്കാര്യത്തില്‍ സഹായിച്ചത്. ശുദ്ധജല കക്കകള്‍ ഉപയോഗപ്പെടുത്തി മുത്തുകൃഷി ചെയ്യുന്ന പ്രക്രിയ നേരിട്ട് കണ്ട് ബോധ്യപ്പെടാന്‍ എനിക്ക് സാധിച്ചു.”

2009-ലാണ് കാര്യങ്ങള്‍ക്ക് ഒരു രൂപമായത്. ഒരു ബിഗ ഭൂമിയില്‍ ഒരു കുളമുണ്ടാക്കി ജയ് ശങ്കര്‍. അഞ്ച് അടി ആഴവും 15 അടി വീതിയില്‍ ചെളിമണ്ണുകൊണ്ട് അതിര്‍ത്തിയും കെട്ടിയ കുളമായിരുന്നു അത്. ചുരുങ്ങിയത് 5,000 കക്കകളാണ് ഈ കുളത്തില്‍ കൃഷിക്കായി അയാള്‍ ഉപയോഗപ്പെടുത്തിയത്. “ഇതിലൂടെ ഡസന്‍കണക്കിന് ബക്കറ്റ് നിറയെ മുത്തുകള്‍ വിളയിച്ചെടുക്കാം ഓരോ വര്‍ഷവും,” ജയ് ശങ്കര്‍ പറയുന്നു.

500 മുതല്‍ 4,000 രൂപവരെയുള്ള നിലവാരത്തിലാണ് ഉന്നത ഗുണനിലവാരമുള്ള ഈ മുത്തുകള്‍ വിപണിയില്‍ വില്‍ക്കുന്നത്.

“ജയ് ശങ്കറിന് ഇപ്പോള്‍ വലിയ അംഗീകാരം ലഭിക്കുന്നത് കാണുമ്പോള്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ട്. മുത്തുകൃഷിയെ കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധമുണ്ടാകാന്‍ ഇത് സഹായിക്കും. വളരെ കൃത്യതയാര്‍ന്ന പരിശീലനവും മികച്ച സജ്ജീകരണങ്ങളുമുണ്ടെങ്കില്‍, ഒരേക്കര്‍ കുളത്തിലെ 1-1.5 വര്‍ഷത്തെ മുത്തുകൃഷിയിലൂടെ കര്‍ഷകര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ലാഭം കൊയ്യാം,”സിഐഎഫ്എ-യിലെ ശാസ്ത്രജ്ഞനായ ഡോ. ശൈലേഷ് സൗരഭ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

ജൈവരീതിയില്‍ മുത്തുകൃഷി

അടുത്തുള്ള ശുദ്ധജലാശയങ്ങളില്‍ നിന്നാണ് മുത്തുകൃഷിക്കായുള്ള കക്കകള്‍ ജയ് ശങ്കര്‍ ശേഖരിക്കുന്നത്. നിരവധി പരീക്ഷണങ്ങള്‍ക്കൊടുവിലാണ് കക്കകളുടെ മരണനിരക്ക് കുറയ്ക്കാനും മികച്ച ഗുണനിലവാരമുള്ള വലിയ മുത്തുകള്‍ വിളയിച്ചെടുക്കാനും ഈ കര്‍ഷകന് സാധിച്ചത്.

എന്നാല്‍ മുത്തുകൃഷിയില്‍ എപ്പോഴും ജയ് ശങ്കര്‍ ഓര്‍ത്ത് വയ്ക്കുന്ന ഒരു കാര്യമുണ്ട്. എല്ലാ പ്രക്രിയകളും പരമാവധി സ്വാഭാവികമായി തന്നെ നിലനിര്‍ത്തുക. അങ്ങനെയെങ്കില്‍ മാത്രമേ മികച്ച മുത്തുകള്‍ ലഭിക്കുകയുള്ളൂ.


ഇതുകൂടി വായിക്കാം: ഒഴിവുസമയത്തെ മുത്തുകൃഷി: ഈ പുസ്തക കച്ചവടക്കാരന്‍ നേടുന്നത് വര്‍ഷം 4 ലക്ഷം രൂപ


“തീര്‍ത്തും സ്വാഭാവികമായ സാഹചര്യങ്ങളില്‍ കക്കകളില്‍ നിന്ന് മുത്തുകള്‍ വിളയുന്നത് ഒരു പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായാണ്. അതായത്, അവയുടെ തോടിനുള്ളിലേക്ക് പുറത്തുനിന്നുള്ള എന്തെങ്കിലും പദാര്‍ത്ഥങ്ങള്‍, വസ്തുക്കള്‍ കയറുമ്പോള്‍ അതിനോടുള്ള പ്രതികരണമെന്ന നിലയില്‍. എന്നാല്‍ മുത്തുകൃഷിയില്‍ കക്കയുടെ തോട് കൃത്രിമമായി തുറന്ന് ഒരു ന്യൂക്ലിയസ് (ഗുളിക രൂപത്തിലുള്ള ഒരു പൊടിയാണിത്) അതിനകത്തേക്ക്, പുറമെ നിന്നുള്ള പദാര്‍ത്ഥമായി നിക്ഷേപിക്കണം. അങ്ങനെയാണ് കാലക്രമേണ മുത്തുകള്‍ വിളയുന്നത്. ന്യൂക്ലിയസിന് മുകളില്‍ ആവരണങ്ങള്‍ രൂപപ്പെടാന്‍ കാത്തിരുന്നാണ് മുത്തുകള്‍ വിളയിച്ചെടുക്കുക. ഇപ്പറഞ്ഞ പ്രക്രിയ അല്ലാതെ കൃത്രിമമായ ഇടപെടലുകളൊന്നും എന്റെ കൃഷിയില്‍ ഇല്ല. പരമാവധി എല്ലാ കാര്യങ്ങളും സ്വാഭാവികമായി നിലനിര്‍ത്താനാണ് ഞാന്‍ ശ്രമിക്കുന്നത്,” ജയ്ശങ്കര്‍ വിശദമാക്കുന്നു.

“ടാങ്കിലും ബക്കറ്റിലുമൊന്നും മുത്തുകൃഷി നടത്താതെ കുളത്തില്‍ തന്നെ ചെയ്യുന്നത് പരമാവധി സ്വാഭാവികത നിലനിര്‍ത്താനാണെന്ന് അദ്ദേഹം. മീനുകളും ആല്‍ഗെയുമെല്ലാം നിറഞ്ഞ കുളത്തില്‍ സ്വാഭാവികമായാണ് കൃഷി. മുത്തുകള്‍ വിളയുന്നതിന് സഹായകമായ ഊഷ്മാവും കുളത്തില്‍ ലഭ്യമാകും. ഗ്രീന്‍ ആല്‍ഗെയാണ് കക്കകളുടെ ഭക്ഷണം. അതും സ്വാഭാവികമായി കുളത്തില്‍ വളരുന്ന തരത്തിലാണ് ജയ് ശങ്കര്‍ സജ്ജീകരിച്ചിരിക്കുന്നത്. 2-3 വര്‍ഷം കഴിഞ്ഞാല്‍ തന്നെ കക്കളില്‍ നിന്ന് മുത്തുകള്‍ ലഭിക്കും. എന്നാല്‍ കക്കയുടെ മുഴുവന്‍ ജീവിതചക്രമായ 9-10 വര്‍ഷങ്ങള്‍ കാത്തിരുന്ന ശേഷം വിളവെടുക്കാനാണ് ജയ്ശങ്കറിന് താല്‍പ്പര്യം. അതിനിടയില്‍ സ്വാഭാവികമായി മരണമടയുന്ന കക്കകളില്‍ നിന്ന് മുത്തുകള്‍ വേര്‍തിരിച്ചെടുക്കുകയും ചെയ്യും. സ്വാഭാവികമായി തന്നെ കുറേ കക്കകള്‍ ഓരോ വര്‍ഷവും ഇല്ലാതാകും,” ലാഭം മാത്രമല്ല തന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

കക്കകള്‍ക്കൊപ്പം തന്നെ കുളത്തില്‍ മീനുകളെയും വളര്‍ത്തുന്നത് കുളം എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ സഹായിക്കുമെന്ന് ഈ കര്‍ഷകന്‍ പറയുന്നു. ഒരു കക്കയ്ക്ക് 40 ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ ശേഷിയുണ്ടെന്ന് ജയ് ശങ്കര്‍. “ജലത്തിലെ സ്വാഭാവിക അഴുക്കുകളെല്ലാം കക്കകള്‍ തുടച്ചുനീക്കും. കുളത്തില്‍ മീനുകള്‍ ആരോഗ്യത്തോടെയാണ് വളരുന്നതെന്നും ഇതിലൂടെ ഉറപ്പാക്കാം.”

മുത്തുവളര്‍ത്തുന്ന കുളത്തില്‍ തന്നെ ജയ് ശങ്കര്‍ മീനും വളര്‍ത്തുന്നു

“അലങ്കാരിക ആവശ്യങ്ങള്‍ക്ക് പുറമെ കക്കകള്‍ക്കും മുത്തുകള്‍ക്കും ഒരുപാട് ഔഷധഗുണങ്ങളുമുണ്ട്. കാല്‍സ്യത്താലും കര്‍ബണാലും സമ്പന്നമാണിവ. ജീവനറ്റ കക്കകളുടെ തോടുകള്‍ പൊടിച്ചിടുന്നത് മണ്ണിനെ കൂടുതല്‍ സമ്പുഷ്ടമാക്കും. എന്‍റെ ഓര്‍ഗാനിക് തോട്ടത്തില്‍ കക്കത്തോട് പൊടിച്ച് ഞാന്‍ വളമായി ഉപയോഗിക്കുന്നുണ്ട്.”

തീര്‍ത്തും സ്വാഭാവികമായ ഈ മുത്തുകൃഷിയിലൂടെ ഇതിനോടകം തന്നെ ജയ്ശങ്കര്‍ വിറ്റത് ലക്ഷക്കണക്കിന് രൂപ വിലമതിപ്പുള്ള 2000-ത്തിലധികം മുത്തുകളാണ്. 11 വര്‍ഷത്തിനിടെ വിളയിച്ചെടുത്ത ഉന്നത ഗുണനിലവാരമുള്ള 10,000-ത്തോളം മുത്തുകള്‍ അദ്ദേഹത്തിന്‍റെ ശേഖരത്തിലുമുണ്ട്.

“ശുദ്ധജലാശയങ്ങളാല്‍ സമ്പന്നമായ ബിഹാറിനെ സംബന്ധിച്ചിടത്തോളം ഇപ്പോഴും അപാരസാധ്യതകളുള്ള മേഖലയാണ് മുത്തുകൃഷി. കൃത്യമായ അവബോധവും സര്‍ക്കാര്‍ സഹായവുമുണ്ടെങ്കില്‍ സംസ്ഥാനത്തിന്‍റെ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കാന്‍ ഇതിന് സാധിക്കും. ആയിരക്കണക്കിന് കര്‍ഷകരുടെ ജീവിതം അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യും.”

ബിഹാറിലെ യുവതലമുറയ്ക്ക് മുന്നില്‍ ഒരു മാതൃക തീര്‍ക്കാനാണ് തന്‍റെ ഫാമിലൂടെ ഉദ്ദേശിക്കുന്നതെന്ന് ജയ് ശങ്കര്‍ പറയുന്നു. അവരുടെ ജീവിതം കൂടുല്‍ മികച്ച രീതിയില്‍ മാറ്റാന്‍ ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാമെന്നും ഈ കര്‍ഷകന്‍ പറയുന്നു.

മുത്തുകൃഷിയില്‍ താല്‍പ്പര്യമുള്ള ആര്‍ക്കും സൗജന്യമായി പരിശീലനം ലഭിക്കുന്ന ഒരു കൃഷിയിടമായി തന്‍റെ ഫാം തുറന്നുവച്ചിരിക്കുകയാണ് ജയ് ശങ്കര്‍.


ഇതുകൂടി വായിക്കാം: ബക്കറ്റില്‍ മുത്ത് കൃഷി ചെയ്ത് ഈ മലയാളി കര്‍ഷകന്‍ നേടുന്നത് ലക്ഷങ്ങള്‍


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം