ക്ലാസില്‍ നിന്ന്

ഇംഗ്ലിഷും ഹിന്ദിയും മാത്രമല്ല, ജര്‍മ്മന്‍ ഭാഷയും അട്ടപ്പാടിയിലെ ഈ കുട്ടിട്ടീച്ചര്‍ പഠിപ്പിക്കുന്നുണ്ട്!

യു ആര്‍ എഫ് യൂത്ത് ഐക്കണ്‍ പുരസ്കാരവും ഈ കൊച്ചു മിടുക്കിയെ തേടിയെത്തി

കൊറോണക്കാലത്ത് നാടെങ്ങും സ്കൂള്‍ വിദ്യാഭ്യാസം ഓണ്‍ലൈന്‍ ക്ലാസ്സുകളിലേക്ക് മാറിയപ്പോള്‍ അനാമികയുടെ അയല്‍വീടുകളിലെ കുട്ടികള്‍ കളിച്ചു നടക്കുകയായിരുന്നു. ഓണ്‍ലൈന്‍ പഠനസൗകര്യങ്ങളില്ലാത്ത കളിച്ചനടന്നവര്‍ക്കിടയില്‍ അനാമിക എന്ന എട്ടാംക്ലാസ്സുകാരി ഒരു കുട്ടിട്ടീച്ചറുടെ വേഷം സ്വയമണിഞ്ഞു.

അയല്‍പക്കത്തെ കുട്ടികളെ ഇംഗ്ലീഷും ഹിന്ദിയും മലയാളവും മാത്രമല്ല ജര്‍മ്മന്‍ ഭാഷയും പഠിപ്പിക്കുന്നുണ്ട് ഈ ടീച്ചര്‍. ഏതാനും ദിവസങ്ങളായി അട്ടപ്പാടിയിലെ ഈ കുട്ടി ടീച്ചറാണ് നവമാധ്യമങ്ങളിലെ താരം.

എന്നാല്‍ ആ വേഷത്തിലൂടെ കുട്ടി ടീച്ചര്‍ നേടിയത് ഒരുപാട് പേരുടെ സ്നേഹവും പിന്തുണയും മാത്രമായിരുന്നില്ല. ഈ വര്‍ഷത്തെ യു ആര്‍ എഫ് യൂത്ത് ഐക്കണ്‍ പുരസ്കാരവും ഈ കൊച്ചു മിടുക്കിയെ തേടിയെത്തി.

നാടന്‍പാട്ട് കലാകാരനായ സുധീറിന്‍റെയും സജിയുടെയും രണ്ടു മക്കളില്‍ മൂത്തവളാണ് അനാമിക. അഗളി ജി വി എച്ച് എസ് എസില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മൗലികയാണ് ഇളയവള്‍.

തിരുവനന്തപുരം ജവഹര്‍ നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ് അനാമിക. പഠനത്തിലും കലയിലും സ്പോര്‍ട്സിലുമൊക്കെ മികവ് തെളിയിച്ചിട്ടുണ്ട് ഈ മിടുക്കി. ലോക്ക് ഡൗണും കൊറോണയുമൊക്കെയായി സ്കൂള്‍ അടച്ചപ്പോള്‍ അഗളി ആനക്കെട്ടി ഇരുള കോളനിയിലെ വീട്ടിലേക്കെത്തിയതാണ് അനാമിക.

അപ്രതീക്ഷിതമായി അധ്യാപികയുടെ വേഷമണിഞ്ഞതിനെക്കുറിച്ചും പുരസ്കരത്തിന്‍റെ സന്തോഷവുമൊക്കെ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് അനാമിക പങ്കുവയ്ക്കുന്നു.

അനാമിക സുധീര്‍

“കഴിഞ്ഞ മാര്‍ച്ചിലാണ് തിരുവനന്തപുരത്ത് നിന്ന് വീട്ടിലേക്ക് വരുന്നത്. പിന്നീട്  സ്കൂളിലേക്ക് മടങ്ങി പോകാന്‍ സാധിച്ചില്ല. എല്ലാവര്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകളും ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് സ്മാര്‍ട്ട്ഫോണ്‍ കിട്ടിയിരുന്നു, പക്ഷേ കറന്‍റ് ഇല്ലല്ലോ. ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ അയല്‍ വീട്ടില്‍ പോകേണ്ട അവസ്ഥയായിരുന്നു.

“ഞങ്ങള് രണ്ടാള്‍ക്കും കൂടി ഒരു സ്മാര്‍ട്ട്ഫോണ്‍ മാത്രമായിരുന്നു. പിന്നീട് എന്‍റെ സ്കൂളില്‍ നിന്നും സ്മാര്‍ട്ട് ഫോണ്‍ നല്‍കി. കഴിഞ്ഞ ഓണക്കാലത്താണ് വീട്ടില്‍ വൈദ്യുതി കിട്ടുന്നത്.

“അപ്പോഴേക്കും അയല്‍വീടുകളിലെ കുട്ടികളെ പഠിപ്പിച്ചു തുടങ്ങിയിരുന്നു. ജൂലൈ മാസത്തിലാണ് കുട്ടികളെ പഠിപ്പിക്കാന്‍ ആരംഭിക്കുന്നത്. ആ കുട്ടികളിലേറെപ്പേരുടെയും വീട്ടില്‍  ടെലിവിഷനും സ്മാര്‍ട്ട് ഫോണും ഒന്നുമില്ല.

“വൈദ്യുതി കണക്ഷന്‍ കിട്ടാത്ത വീടുകളുമുണ്ട്. ചിലര്‍ക്കൊക്കെ ഫോണ്‍ ഉണ്ടെങ്കില്‍ തന്നെ ഇൻ്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടാകില്ല. ആ കുട്ടികളൊക്കെ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചിട്ടും പഠിക്കാനാകാതെ ഓടിയും ചാടിയുമൊക്കെ കളിച്ചു നടക്കുകയായിരുന്നു.

“അച്ഛനാണ് ആ കുട്ടികളെയും കൂടി പഠിപ്പിക്കുന്നതിനെക്കുറിച്ച് പറയുന്നത്. കുറേ കുട്ടികളെ ഒരുമിച്ച് കളിക്കാനും കിട്ടുമല്ലോ. അച്ഛന്‍റെ ഐഡിയ എനിക്കും ഇഷ്ടപ്പെട്ടു. അങ്ങനെയാണ് കുട്ടികളെ പഠിപ്പിക്കാന്‍ തുടങ്ങുന്നത്. വീടിന് മുന്നിലെ ഓല ഷെഡ് ആണ് ക്ലാസ് മുറി.

പഠനമുറിക്ക് മുന്നില്‍ വിദ്യാര്‍ഥികള്‍

“ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചതിന് ശേഷം മൗലികയ്ക്കൊപ്പമാണ് ഷെഡ്ഡില്‍ പഠിക്കാനിരിക്കുന്നത്. ഞങ്ങള്‍ക്ക് പഠിക്കാന്‍ വേണ്ടി കെട്ടിയതല്ല, ഇത് ഞങ്ങളുടെ വീട് ആയിരുന്നു.

“പുതിയ വീട്ടിലേക്ക് താമസം മാറിയപ്പോ ഈ ഷെഡ് പഠിക്കാനിരിക്കുന്ന ഇടമാക്കിയെന്നേയുള്ളൂ. പുതിയ വീടിന്‍റെ മുന്നിലാണ് പഴയ വീട്. കഴിഞ്ഞ മാര്‍ച്ചിലാണ് പുതിയ വീട്ടിലേക്ക് പാലു കാച്ചി കയറിയത്.” ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളെ അനാമിക പഠനത്തില്‍ സഹായിക്കുന്നുണ്ട്. അനിയത്തി മൗലികയും അനാമികയും ഉള്‍പ്പെടെ 14 കുട്ടികളുണ്ട് ആ പഠനക്കൂട്ടായ്മയില്‍.

“ദിവസവും ഒമ്പത് മണിക്ക് എല്ലാവരും വീട്ടിലേക്ക് വരും. ഉച്ചയ്ക്ക് ഒന്നര മണി വരെയാണ് ക്ലാസിന്‍റെ സമയം. ആ സമയം വരെ അവരെ എഴുതാനും വായിക്കാനുമാണ് പഠിപ്പിച്ചു കൊടുക്കുന്നത്,” അനാമിക തുടരുന്നു.

“അവരുടെ പാഠപുസ്തകത്തിലെ ഭാഗങ്ങള്‍ പഠിപ്പിക്കാന്‍ നോക്കിയിരുന്നു, പക്ഷേ പലര്‍ക്കും അക്ഷരങ്ങളൊന്നും അത്ര അറിയില്ല. ഇത്രയും സമയം കൊണ്ട് അവരെ അക്ഷരങ്ങളൊക്കെ പഠിപ്പിച്ചെടുത്തു.

ക്ലാസില്‍ നിന്ന്

“എല്ലാവരെയും ഹിന്ദിയും ഇംഗ്ലിഷും എഴുതാനും വായിക്കാനും പഠിപ്പിച്ചു കൊടുക്കുന്നുണ്ട്. വിദേശഭാഷയും പഠിപ്പിക്കുന്നുണ്ട്. ജര്‍മ്മനാണ് പഠിപ്പിക്കുന്നത്. ആറാം ക്ലാസ് മുതല്‍ ഞാന്‍ ജര്‍മ്മന്‍ ഭാഷ പഠിക്കുന്നുണ്ട്.

“എല്ലാവര്‍ക്കും പഠിക്കാനിഷ്ടമാണ്. ഏതു വിഷയം പഠിപ്പിച്ചാലും അവര്‍ കേട്ടിരുന്നോളും. ഇവരെ പഠിപ്പിക്കാനൊന്നും ഒരു ടെന്‍ഷനുമില്ലായിരുന്നു. എല്ലാ കുട്ടികളെയും അറിയാവുന്നതല്ലേ. പഠിപ്പിക്കുന്ന നേരത്ത് ആരും വിക‍ൃതിയൊന്നും കാണിക്കാറില്ല,” എന്തെങ്കിലും പറഞ്ഞാല്‍ അതൊക്കെ അവര്‍ അനുസരിക്കാറുമുണ്ട് എന്ന് പറഞ്ഞ് ആ കുട്ടിട്ടീച്ചര്‍ ചിരിക്കുന്നു.  ഓണ്‍ലൈന്‍ ക്ലാസുകളും അവര്‍ ഈ കൂട്ടായ്മയില്‍ വെച്ചുതന്നെ കാണുന്നു.

അനാമികയെ ആദരിക്കുന്ന ചടങ്ങില്‍ നിന്ന്

അഞ്ചാം ക്ലാസ് വരെ തിരുവനന്തപുരം വെള്ളല്ലൂരിലെ സ്കൂളിലായിരുന്നു അനാമിക പഠിച്ചത്. കുറച്ചുകാലം കുടുംബത്തോടൊപ്പം തിരുവനന്തപുരത്താണ് താമസിച്ചിരുന്നതെന്ന് അനാമികയുടെ അച്ഛനും നാടന്‍പാട്ട് കലാകാരനുമായ സുധീര്‍ പറയുന്നു.

“കിളിമാനൂരില്‍ റബര്‍ ടാപ്പിങ് തൊഴിലുമായി അഞ്ചു വര്‍ഷമുണ്ടായിരുന്നു. ആ സമയത്ത് വരമൊഴിക്കൂട്ടം എന്ന സമിതിയില്‍ പാടുന്നുമുണ്ടായിരുന്നു.  ചെറിയ പ്രായത്തില്‍ അമ്മയെ നഷ്ടമായി. അട്ടപ്പാടിയില്‍ ജനിച്ചുവെങ്കിലും തിരുവനന്തപുരത്തും പാലക്കാടുമൊക്കെയായിരുന്നു പഠനം. പ്ലസ് ടുവിന് ശേഷം പഠനവും നിറുത്തി. പിന്നെ കൂലിപ്പണിയൊക്കെ ചെയ്തു. സ്വന്തമായി വീടും സ്ഥലവും ഒന്നുമില്ലായിരുന്നു.


ഇതുകൂടി വായിക്കാം:വിശന്ന കുഞ്ഞുങ്ങളുടെ കരച്ചില്‍ ഇനി കേള്‍ക്കാതിരിക്കാന്‍ അട്ടപ്പാടിയിലെ അമ്മമാര്‍; കേരളം കേള്‍ക്കാനാഗ്രഹിക്കുന്ന കാര്‍ത്തുമ്പിയുടെ വിജയകഥ


“ഒരു പെങ്ങള്‍ മാത്രമേയുണ്ടായിരുന്നു, അവള്‍ അങ്കമാലിയിലാണ്, വിവാഹിതയാണ്. അങ്ങനെ ഒറ്റപ്പെട്ട് നിന്ന വേളയിലാണ് സുഹൃത്തുക്കള്‍ക്ക് ഒപ്പം തൊഴിലും മറ്റുമായി തിരുവനന്തപുരത്തേക്കൊക്കെ പോയത്.

പഠിക്കാനെത്തിയവര്‍ക്ക് പുഴുങ്ങിയ മുട്ട വിതരണം ചെയ്യുന്നു

“പിന്നീട് നാട്ടിലേക്ക് തന്നെ മടങ്ങി. അമ്മയുടെ പേരിലുണ്ടായിരുന്ന 75 സെന്‍റ് സ്ഥലം നിയമപോരാട്ടമൊക്കെ നടത്തിയാണ് സ്വന്തമാക്കുന്നത്. കുട്ടികളിപ്പോള്‍ പഠിക്കുന്ന ഓലഷെഡ് അന്ന് ആ ഭൂമിയില്‍ കെട്ടിയതാണ്.

“ഒന്നര വര്‍ഷം മുന്‍പ് ഞങ്ങളുടെ അവസ്ഥയും മക്കള്‍ പഠിക്കാന്‍ മിടുക്കരാണെന്നൊക്കെ അറിഞ്ഞ് സാമൂഹ്യപ്രവര്‍ത്തകയായ ഉമ പ്രേമനാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്.

“പക്ഷേ അന്ന് വെള്ളവും വൈദ്യുതിയും കിട്ടിയിരുന്നില്ല. ലോക്ക്ഡൗണ്‍ സമയത്താണ് വെള്ളത്തിന്‍റെ കണക്ഷന്‍ കിട്ടുന്നത്. കഴിഞ്ഞ ഉത്രാടത്തിനാണ് വീട്ടില്‍ വൈദ്യുതി കിട്ടുന്നത്.” അതുകൊണ്ട്, വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് സ്മാര്‍ട്ട് ഫോണ്‍ കിട്ടിയിരുന്നുവെങ്കിലും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മക്കള്‍ കഷ്ടപ്പെട്ടിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ അയല്‍ വീട്ടില്‍ പോകേണ്ട അവസ്ഥയായിരുന്നു. വൈദ്യുതി കണക്ഷന്‍ കിട്ടിയതോടെ ആ പ്രശ്നം തീര്‍ന്നു.

“അതിനു മുന്‍പേ കുട്ടികളുടെ കൂട്ടായ്മയ്ക്ക് ടെലിവിഷനും പഠനോപകരണങ്ങളും റോട്ടറി ക്ലബ് സമ്മാനിച്ചിരുന്നു. പിന്നീട് ഇതേക്കുറിച്ച് അറിഞ്ഞ് പലരും സഹായിച്ചു.

“പഠനോപകരണങ്ങള്‍ സമ്മാനിക്കുക മാത്രമല്ല ചിലരൊക്കെ കുട്ടികള്‍ക്ക് ക്ലാസ്സെടുക്കുകയും ചെയ്തു. ബി ആര്‍ സി കോഡിനേറ്റര്‍ വിജയന്‍ സാര്‍, വോയിസ് ഓഫ് അട്ടപ്പാടി, കലാകാരനായ മുരളിയും കുപ്പുസ്വാമിയും.. ഇങ്ങനെ ഒരുപാട് വ്യക്തികളുടെയും സംഘടനകളുടെയും പിന്തുണ ലഭിച്ചു. സാമ്പത്തിക സഹായമൊന്നും ആരില്‍ നിന്നും സ്വീകരിക്കുന്നില്ല. ഓണ്‍ലൈന്‍ ക്ലാസിന് വേണ്ട സൗകര്യങ്ങളൊക്കെയാണ് പലരില് നിന്നും സ്വീകരിച്ചത്,” അദ്ദേഹം പറ‍ഞ്ഞു.

കൂട്ടത്തില്‍ അനാമികയ്ക്കും കൂട്ടുകാര്‍ക്കും സൈലന്‍റ് വാലിയിലേക്ക് ഒരു യാത്രയ്ക്കുള്ള അവസരവും കിട്ടി. വന്യജീവി വരാഘോഷത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം വനായനം എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുട്ടികളെ വിനോദ-പഠനയാത്രയ്ക്ക് കൊണ്ടുപോയത്.

സൈലന്‍റ് വാലിയിലേക്കുള്ള യാത്രയ്ക്കിടെ

“ബി എഡ് കഴിഞ്ഞൊരു ടീച്ചര്‍ ഇവിടെ അടുത്തുണ്ട്. ദിവസവേതനത്തിന്  പഠിപ്പിക്കാന്‍ പോയിരുന്ന ടീച്ചര്‍ക്ക് ഇപ്പോള്‍ ജോലിയില്ല. തൊഴിലുറപ്പ് പണിക്ക് പോകുകയാണ്. സമയം കിട്ടുമ്പോള്‍ കുട്ടികളെ പഠിപ്പിക്കാന്‍ വരാമെന്ന് ഏറ്റിട്ടുണ്ട്. അനാമികയുടെ ജര്‍മ്മന്‍ ടീച്ചര്‍ ശരണ്യയും പിന്തുണ അറിയിച്ചിട്ടുണ്ട്. ഓണ്‍ലൈനിലൂടെ ഇവിടെയുള്ള മറ്റു കുട്ടികളെയും ജര്‍മ്മന്‍ പഠിപ്പിക്കാമെന്നും പറഞ്ഞിട്ടുണ്ട്,” സുധീര്‍ പറഞ്ഞു. അനാമിക പഠിക്കുന്ന നവോദയ സ്കൂളിലെ പ്രിന്‍സിപ്പല്‍ ഇടയ്ക്കിടെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇങ്ങനെ ഒരുപാട് പേരുടെ പിന്തുണ കിട്ടുന്നതിന്‍റെ സന്തോഷത്തിലാണ് സുധീര്‍. അനാമികയും മൗലികയും നന്നായി പഠിക്കുന്ന കുട്ടികളാണ്. അവരെ നന്നായി പഠിപ്പിക്കുകയാണ് ലക്ഷ്യം എന്ന് പ്രതീക്ഷയോടെ പറഞ്ഞു.

പരിമിതികള്‍ക്കുള്ളില്‍ ഞെരുങ്ങിപ്പോകാതെ പുതിയ സാധ്യതകള്‍ കണ്ടെത്തിയ അനാമികയ്ക്കും കൂട്ടുകാര്‍ക്കും ദ് ബെറ്റര്‍ ഇന്‍ഡ്യയുടെ എല്ലാ വിധ ആശംസകളും.


ഇതുകൂടി വായിക്കാം:വീട്ടിലെ കഷ്ടപ്പാടുകൊണ്ട് സ്കൂള്‍ പഠനം നിലച്ചു, കടയില്‍ 700 രൂപയ്ക്ക് പണിക്കുനിന്നു; പ്രതിസന്ധികളെ അതിജീവിച്ച് അട്ടപ്പാടി ഊരില്‍ നിന്നും ഡോക്റ്ററേറ്റ് നേടിയ രങ്കസ്വാമിയുടെ ജീവിതകഥ


 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം