‌‌ഹൃദയത്തിൽ തൊടുന്ന ഒരുപാടുണ്ട് ആലപ്പുഴയിലെ ഈ സര്‍ക്കാര്‍ സ്കൂളിന് പറയാന്‍

ഒരു സര്‍ക്കാര്‍ എല്‍ പി സ്കൂള്‍. ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരുടെ മക്കളാണ് അവിടെ പഠിക്കുന്നവരില്‍ ഏറെയും. എന്നിട്ടും ഏതൊരു സ്കൂളിനും മാതൃകയാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ ഓരോ വര്‍ഷവും നടത്തുന്നത്. 

Promotion

യിരങ്ങളെ വീടുകളിൽ നിന്നും ഇറക്കിവിട്ട വെള്ളപ്പൊക്കം ആലപ്പുഴയിലും കുട്ടനാട്ടിലും നിരവധി ജീവിതങ്ങളെ നിരാധാരമാക്കി. ദുരന്തത്തിന്‍റെ ഒാർമ്മകളെ കുടഞ്ഞുകളഞ്ഞ് ജീവിതം തിരിച്ചുപിടിക്കാൻ തയ്യാറെടുക്കുമ്പോൾ അവരറിഞ്ഞു, ഒന്നും പഴയതുപോലെയാവില്ലെന്ന്, ഒരുപാട് കാര്യങ്ങൾക്കായി കൈ നീട്ടേണ്ടി വരുമെന്ന്… ഉടുതുണിക്കുപോലും.

“പ്രിയരെ,

“ഓണം, പെരുന്നാൾ ,ക്രിസ്തുമസ്, ജന്മദിനം, വിവാഹം.. സന്തോഷ അവസരങ്ങളിൽ നാം പുത്തനുടുപ്പ് അണിയുമ്പോൾ നമുക്കിടയിൽ സാമ്പത്തിക പരാധീനത മൂലം വസ്ത്രമെടുക്കാതെ സങ്കടപ്പെടുന്നവരുണ്ടോ ?

എനിക്ക് എപ്പോൾ പുത്തൻ വസ്ത്രം എടുക്കും എന്ന കുട്ടി കുറുമ്പിന്‍റെ   ചോദ്യത്തിന് മുന്നിൽ പിടയുന്ന പിതൃഹൃദയമുണ്ടോ ?…”

മറ്റത്തില്‍ ഭാഗം സ്കൂളിലെ മഴവില്‍ സൗഹൃദ വസ്ത്രശാല

മറ്റത്തിൽ ഭാഗം സർക്കാർ എൽ പി സ്കൂളിന്‍റെ   ഫേസ്ബുക്ക് പേജിൽ ഒക്ടോബർ പത്താം തിയ്യതി പ്രത്യക്ഷപ്പെട്ട കുറിപ്പിലെ ഭാഗമാണിത്. ഹൃദയത്തിൽ തൊടുന്ന ഈ ചോദ്യത്തിന് പിന്നാലെ ഒരു അഭ്യർത്ഥനയുമുണ്ടായിരുന്നു.

സ്കൂളിൽ തുടങ്ങാൻ പോകുന്ന ഒരു വസ്ത്രശാലയെക്കുറിച്ച്. പാവപ്പെട്ട കുട്ടികൾക്ക് ഇഷ്ടപ്പെട്ട നിറത്തിലുള്ള പുതുവസ്ത്രങ്ങൾ തെരഞ്ഞെടുക്കാവുന്ന ഒരു സൗജന്യ വസ്ത്രാലയത്തെക്കുറിച്ചുള്ള സങ്കൽപമാണത് പങ്കുവെച്ചത്.

പ്രളയത്തിന് ശേഷം സ്കൂളുകളിൽ തിരിച്ചെത്തിയ പല വിദ്യാർത്ഥികൾക്കും പുതിയ ഉടുപ്പുകൾ ആവശ്യമാണെന്ന് ആലപ്പുഴ അരൂക്കുറ്റി പഞ്ചായത്തിലെ മറ്റത്തിൽ ഭാഗം സർക്കാർ എൽ പി സ്കൂളിലെ അധ്യാപകർ മനസ്സിലാക്കി.സ്കൂളിൽ ഒരു തുണിക്കട തുടങ്ങുക എന്നതായിരുന്നു പ്രശ്നപരിഹാരമായി ഉയർന്നുവന്ന ഒരു നിർദ്ദേശം. അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും കുട്ടികളുമെല്ലാം ഒത്തുപിടിച്ചപ്പോള്‍ ആ ആശയവും യാഥാര്‍ത്ഥ്യമായി.

എഴുന്നൂറ്റിയമ്പതോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഒരു വസ്ത്രാലയം തുറന്നു.

കുട്ടികൾക്ക് ഇഷ്ടപ്പെട്ട വസ്ത്രം അവിടെ നിന്നും സൗജന്യമായി തെരഞ്ഞെടുക്കാം. അവരതിന് മഴവിൽ സൗഹൃദ വസ്ത്രശാല എന്ന് പേരിട്ടു.

Mattathil Bhagom school
മറ്റത്തില്‍ ഭാഗം ഗവ. എല്‍ പി സ്കൂള്‍ . Source: ഫേസ്ബുക്ക്

അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും ഒന്നുചേർന്നപ്പോൾ 160 ജോഡി വസ്ത്രങ്ങൾ ആദ്യദിവസം തന്നെ വസ്ത്രശേഖരത്തിലെത്തി–സംഭാവനയായി കിട്ടിയ പുതുവസ്ത്രങ്ങൾ. ഒക്ടോബർ മധ്യത്തിലാണ് ഇൗ സൗജന്യ വസ്ത്രശേഖരം കുട്ടികൾക്കായി തുറന്നത്.

“ഞങ്ങളുടെ അഭ്യർത്ഥനയ്ക്ക് അതിശയിപ്പിക്കുന്ന പ്രതികരണമാണ് ലഭിച്ചത്,” സ്കൂളിലെ അധ്യാപകൻ ഹൂസൈബ് വടുതല ദ ബെറ്റർ ഇൻഡ്യയോട് പറഞ്ഞു. “നാട്ടുകാരും രക്ഷിതാക്കളും കുട്ടികളും ഒരുപോലെ പ്രോത്സാഹനം നൽകി. ഒരു കുട്ടി അവളുടെ ജന്മദിനത്തിന് ഉടുപ്പെടുത്തപ്പോൾ ഒരു ജോടി ഉടുപ്പ് കൂട്ടുകാരിക്കും വാങ്ങി സംഭാവന ചെയ്തു.”

”ഞങ്ങളുടെ സ്കൂളിലെ മിക്ക കുട്ടികളും സാമ്പത്തികമായി നല്ല സ്ഥിതിയുള്ള കുടുംബങ്ങളിൽ നിന്നല്ല വരുന്നത്. പ്രളയം അവരുടെ അവസ്ഥ കൂടുതൽ മോശമാക്കി. ഉൽസവകാലങ്ങളിൽ പോലും പുതുവസ്ത്രം വാങ്ങാൻ അവരുടെ കുടുംബങ്ങൾക്ക് കഴിയാതെ വന്നു,” ഹുസൈബ് പറയുന്നു.“മറ്റു കുട്ടികൾ ജന്മദിനത്തിൽ പുതുവസ്ത്രങ്ങളണിഞ്ഞുവരുമ്പോൾ ജന്മദിനത്തിൽപ്പോലും അതിന് കഴിയാത്ത നിരവധി കുട്ടികൾ ഈ സ്കൂളിലുണ്ടായിരുന്നു. ആ സ്ഥിതി ഒഴിവാക്കാനുള്ള ഒരു ശ്രമമാണ് ഞങ്ങൾ നടത്തുന്നത്,” അദ്ദേഹം പറഞ്ഞു.

എല്ലാ വ്യാഴാഴ്ചയും കട തുറക്കും. ഏതെങ്കിലും കുട്ടിക്ക് ശരിയായ അളവിലുള്ള വസ്ത്രം കിട്ടിയില്ലെങ്കിൽ പുറത്തേതെങ്കിലും കടയിൽ നിന്ന് ഇഷ്ടമുള്ളത് വാങ്ങാനായി സൗജന്യകൂപ്പണും സ്കൂളിൽ നിന്നും വിതരണം ചെയ്യുന്നു.

Promotion

വ്യത്യസ്തമായ പദ്ധതികളിലൂടെ മറ്റത്തിൽഭാഗം സ്കൂൾ ഇതിന് മുമ്പും പ്രതീക്ഷകൾക്ക് ചിറകുനൽകിയിട്ടുണ്ട്.

മറ്റത്തില്‍ ഭാഗം എല്‍ പി സ്കൂള്‍. ഫോട്ടോ: ഫേസ്ബുക്ക്

രക്ഷിതാക്കളുടെ സാമ്പത്തിക സ്ഥിതി മെച്ചമാക്കുന്നതിനും അവരെ സ്വയം പര്യാപ്തരാക്കുന്നതിനുമായി ബാഗ്, മെഴുകുതിരി, എൽ ഇ ഡി നിർമ്മാണം സ്ക്രീൻ പ്രിന്‍റിങ്ങ്, കാടക്കൃഷി എന്നിവയിൽ പരിശീലനം നൽകുന്നുണ്ട്. ഓരോ രക്ഷിതാവിനും ഒരു കൈത്തൊഴിൽ എന്നാണ് ഈ പദ്ധതിയുടെ പേര്.

പഴയ തുണിത്തരങ്ങൾ ഉപയോഗിച്ച് ബാഗ് തുന്നിയെടുക്കുന്ന വിദ്യ താൽപര്യമുള്ള മാതാപിതാക്കളെ പഠിപ്പിച്ചു. പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം കുറക്കുന്നതോടൊപ്പം രക്ഷിതാക്കൾക്ക് ചെറിയൊരു വരുമാനം ഉറപ്പാക്കുന്നതിനുമുള്ള മാർഗമാണ് അതിലൂടെ തേടുന്നത്.

കിടപ്പുരോഗികളെ സഹായിക്കാൻ സ്കൂൾ ഒരു നിധി രൂപീകരിക്കുകയും അവർക്ക് മാസം തോറും സഹായധനം നൽകുകയും ചെയ്തുവരുന്നുണ്ടെന്നും ഹുസൈബ് വടുതല അറിയിച്ചു. കഴിഞ്ഞ നാലഞ്ച് വർഷമായി ഈ പദ്ധതി തുടരുന്നു.

പ്രളയദുരിതകാലത്തും മറ്റത്തിൽ ഭാഗം സ്കൂളിലെ കുട്ടികളും അധ്യാപകരും സഹായങ്ങളുമായി ദുരിതബാധിതരെ തേടിയെത്തിയിരുന്നു.

മറ്റത്തില്‍ ഭാഗം എല്‍ പി സ്കൂളില്‍ രക്ഷിതാക്കള്‍ക്കുള്ള തൊഴില്‍ പരിശീലനം. ഫോട്ടോ: ഫേസ്ബുക്ക്

ഭക്ഷ്യവസ്തുക്കളും നോട്ടുപുസ്തകളും പഠനോപകരണങ്ങളും ശേഖരിച്ച് കുട്ടികളും അധ്യാപകരും ദുരിതമനുഭവിക്കുന്നവരെത്തേടിയെത്തി. “ഞങ്ങളുടെ ദുരിതത്തിൽ കൈതാങ്ങായ കൊച്ചു കുട്ടികളെയും അദ്ധ്യാപകരെയും ജീവിതത്തിൽ ഒരിക്കലും മറക്കില്ല,” സുഷമ അജയൻ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ വർഷമാണ്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിക്ക് താമസയോഗ്യമായ വീടില്ലെന്ന് അധ്യാപകർ തിരിച്ചറിഞ്ഞു. മഴപെയ്താൽ ചോർന്നൊലിക്കുന്ന, അടച്ചുറപ്പുള്ള വാതിലില്ലാത്ത ഷീറ്റുമറച്ച ഒരു വീട്ടിൽ നിന്നാണ് ആ പെൺകുട്ടി വന്നിരുന്നത്. അമ്മയ്ക്കും അപ്പൂപ്പനും ഒപ്പം ആ വീട്ടിൽ. പഠിക്കാനവൾ മിടുക്കിയായിരുന്നു. അവൾക്കൊരു കൂരയൊരുക്കാൻ അധ്യാപകർ തീരുമാനിച്ചു. രക്ഷിതാക്കളും നാട്ടുകാരും ഒപ്പം നിന്നു. പാണാവള്ളി പഞ്ചായത്തിൽ ഇന്ന് ആ കുട്ടിക്കൊരു  വീടുണ്ട്– ഒരു വിദ്യാലയത്തിന്‍റെ   കരുതൽ.നൂറ് വർഷത്തിലധികം പഴക്കമുണ്ട് ഈ സ്കൂളിന്, ഹുസൈബ് പറ‍ഞ്ഞു. ശ്രീമൂലം തിരുനാൾ മഹാരാജാവിന്‍റെ   കാലത്ത് ദിവാനായിരുന്ന പി രാജഗോപാലാചാരി കായലിൽ കൂടി ബോട്ടിൽ പോകുമ്പോൾ മുഹമ്മദാലി എന്ന മുസ്ലീം പണ്ഡിതൻ അദ്ദേഹത്തെ കരയിലേക്ക് ക്ഷണിക്കുകയും സ്കൂളിന് തറക്കല്ലിടീക്കുകയുമായിരുന്നു, ഹുസൈബ് സ്കൂളിന്‍റെ ചരിത്രത്തെക്കുറിച്ചൊരു ചിത്രം നൽകി.

അമ്പത്തിയഞ്ച് സെന്‍റ് സ്ഥലത്താണ് സ്കൂൾ ഇരിക്കുന്നത്. എഴുന്നൂറ്റിയമ്പതോളം കുട്ടികളാണ് ഇവിടെ അഞ്ചാംക്ലാസ് വരെ പഠിക്കുന്നത്. സ്ഥലപരിമിതി സ്കൂളിനെ വല്ലാതെ ഞെരുക്കുന്നുണ്ടെന്ന് അധ്യാപകർ പരാതിപ്പെടുന്നു.  കുറച്ചുകൂടി സ്ഥലം കൂട്ടിച്ചേർത്ത് വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകളിലാണ് അധ്യാപകരും നാട്ടുകാരും. സ്വന്തം പരാധീനതകൾ തീർക്കുന്നതിനും കൂട്ടായ പരിശ്രമത്തിൽ തന്നെയാണ് അവരുടെ വിശ്വാസം മുഴുവൻ.  സ്ഥലം ഉണ്ടെങ്കിൽ കെട്ടിടം പണിയാനുള്ള തുക ജനപ്രതിനിധികളുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും നൽകാമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ട്. കണ്ടുവെച്ച സ്ഥലത്തിന് 40 ലക്ഷം രൂപ കണ്ടെത്തണം. ഇതിനകം 16 ലക്ഷം രൂപ സ്വരൂപിച്ചുകഴി‍ഞ്ഞു. ബാക്കി തുക സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് അധ്യാപകരും രക്ഷിതാക്കളും.

ഇത്രയൊക്കെ ചെയ്യുന്ന സ്കൂളിന് ബാക്കി തുക സംഘടിപ്പിക്കാൻ കഴിയുക തന്നെ ചെയ്യും, എല്ലാവരും ഒത്തുപിടിച്ചാൽ…

കൂടുതൽ അറിയാനും മറ്റത്തിൽ ഭാഗം സ്കൂളിന്‍റെ പ്രവർത്തനങ്ങളിൽ പങ്കുചേരാനും ബന്ധപ്പെടാം. 9446691218

ഈ രചന ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
ഞങ്ങളുമായി ബന്ധപ്പെടാം. Facebook ,Twitter.

Promotion

One Comment

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

തെരഞ്ഞെടുപ്പില്‍ ഫ്ളെക്സ് വേണ്ട: പ്രചാരണത്തിന് ഓഗ്മെന്‍റഡ് റിയാലിറ്റി മൊബൈല്‍ ആപ്പുമായി യുവ ടെക്കികള്‍

തൊടിയില്‍ നൂറിലധികം പഴങ്ങൾ, എല്ലാം നാട്ടുകാർക്ക്: അൽഭുതത്തോട്ടമൊരുക്കി മലപ്പുറംകാരൻ റഷീദ്