സ്കൂളിലെ തെങ്ങ് കയറിയും പാറ പൊട്ടിച്ച് മതില്‍ കെട്ടിയും കുളംകുത്തിയും പ്രധാനാധ്യാപകന്‍

സ്വന്തം പോക്കറ്റില്‍ നിന്നു കാശെടുത്താണ് ഈ മാഷ് ഓരോ കാര്യങ്ങളും ചെയ്യുന്നത്

സ്കൂള്‍ മുറ്റത്ത് പാറക്കെട്ട് കൂടം കൊണ്ട് അടിച്ചുപൊട്ടിച്ച് മതില്‍ കെട്ടുകയാണ് സ്കൂളിലെ പ്രധാനാധ്യാപകന്‍. സ്കൂള്‍ പറമ്പിലെ തെങ്ങില്‍ കയറി തേങ്ങയിടുകയും പരിസരം കിളച്ച് വ‍‍ൃത്തിയാക്കി ചേനയും ചേമ്പും കപ്പയും നട്ടു വളര്‍ത്തുന്നതും കുളം കുത്തി മത്സ്യങ്ങളെ വളര്‍ത്തുന്നതുമൊക്കെ അദ്ദേഹം തന്നെ.

കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻപുഴ മലമുകളിലെ സെന്‍റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിലെ പ്രധാനാധ്യാപകനാണ് ലൈജു തോമസ്. ഇരുവഴഞ്ഞിപ്പുഴ പിറവിയെടുക്കുന്ന വെള്ളരിമലയുടെ ചരിവില്‍ പുഴയ്ക്ക് സമീപമാണ് ഈ സ്കൂള്‍.

സ്വന്തമായി പിടിഎ ഫണ്ടും സ്കൂള്‍ ഫണ്ടും ഒന്നുമില്ലാത്തതുകൊണ്ട് സ്വന്തം പോക്കറ്റില്‍ നിന്നു കാശെടുത്താണ് ലൈജു മാഷ് പല കാര്യങ്ങളും ചെയ്യുന്നത്. പിന്നെ അധ്വാനിക്കാന്‍ ഒട്ടും മടിയില്ലാത്തതുകൊണ്ട് സ്കൂളിലെ കൊത്തും കിളയും കപ്പ നടലുമൊക്കെ അദ്ദേഹം സ്വയമങ്ങ് ചെയ്യും.

ലോക്ക്ഡൗണ്‍ കാലം മുഴുവനും ലൈജുമാഷ് സ്കൂളിലെ പണികള്‍ക്കായി മാറ്റിവെച്ചു.

ലൈജു തോമസ്

2018 ഏപ്രില്‍ ഒന്നിനാണ് ലൈജു തോമസ് സെന്‍റ് സെബാസ്റ്റ്യൻസ് സ്കൂളിലേക്ക് വരുന്നത്. പ്രധാനാധ്യാപകനായി സ്ഥാനക്കയറ്റം കിട്ടിയിട്ടുള്ള ആദ്യ പോസ്റ്റിങ്ങായിരുന്നു അത്.

“‍ആര്‍ക്കും വേണ്ടാത്ത ഇടം പോലെയായിരുന്നു സ്കൂളിന്‍റെ അവസ്ഥ. മദ്യപാനികളുടെ കേന്ദ്രമായിരുന്നു ഈ പരിസരം. അതു മാത്രമല്ല സ്കൂള്‍ പരിസരം നിറയെ പ്ലാസ്റ്റിക് മാലിന്യങ്ങളായിരുന്നു,” ലൈജു മാഷ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

വിരലില്‍ എണ്ണാവുന്നത്രയും വിദ്യാര്‍ത്ഥികള്‍ മാത്രമേ സ്കൂളിലുള്ളൂ. കൃത്യമായി ക്ലാസില്‍ വരാത്ത കുട്ടികളും വൃത്തിഹീനമായ പരിസരവും… ഇതെല്ലാം ശരിയാക്കിയെടുക്കണമെന്ന് അദ്ദേഹം ഉറപ്പിച്ചു.

സ്കൂള്‍ പരിസരത്തെ വാഴക്കൃഷി

“സ്കൂള്‍ പരിസരത്ത് നിന്നു പെറുക്കിയെടുത്ത മദ്യക്കുപ്പികള്‍ മാത്രം രണ്ട് ചാക്ക് ഉണ്ടായിരുന്നു. കുറേ പ്ലാസ്റ്റിക് മാലിന്യങ്ങളും കിട്ടി. സ്കൂള്‍ പരിസരത്താണ് ബസുകള്‍ വന്ന് ഹാള്‍ട്ട് ചെയ്യുന്നത്.  (മലമുകളിലായതുകൊണ്ട് ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ നിരപ്പായ വേറെ സ്ഥലമില്ലാത്തതുകൊണ്ട് സ്കൂള്‍ അധികൃതര്‍ അതിനായി സൗകര്യമൊരുക്കുകയായിരുന്നു. നാല് ബസുകള്‍ ഇവിടെ രാത്രി പാര്‍ക്ക് ചെയ്യും. ചില ബസ് ജീവനക്കാര്‍ സ്കൂളിലെ ഹാളില്‍ താമസിക്കുകയും ചെയ്യും.)

“(അതുകൊണ്ട്) എത്ര വൃത്തിയാക്കിയാലും  പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വീണ്ടും വന്നു കൊണ്ടേയിരിക്കും. … അതുകൊണ്ട് ഞാന്‍ തന്നെ വൃത്തിയാക്കി,” ആ അധ്യാപകന്‍ തുടരുന്നു. “സ്കൂളില്‍ തന്നെയാണ് ഞാന്‍ താമസിക്കുന്നത്. അതുകൊണ്ട് ആരും മാലിന്യമെറിയാതിരിക്കാനും ശ്രദ്ധിക്കാനായി. ”

കുട്ടികള്‍ക്കൊപ്പം ലൈജു തോമസ്

“അതിനൊപ്പം കുട്ടികളുടെ പഠനകാര്യത്തിലാണിപ്പോള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. ഇവിടെ നിന്നു പഠിച്ചിറങ്ങിയവര്‍ക്ക് പോലും എഴുത്തും വായനയും അറിയാത്ത സാഹചര്യമുണ്ടായിരുന്നു.

“ആ തിരിച്ചറിവിലാണ് കുട്ടികള്‍ക്ക് പ്രത്യേക ക്ലാസെടുത്ത് തുടങ്ങുന്നത്. സ്കൂളിലെ കുട്ടികള്‍ക്ക് മാത്രമല്ല ഇവിടെ നിന്നു പഠിച്ചിറങ്ങി വേറെ ഹൈസ്കൂളില്‍ ചേര്‍ന്നവര്‍ക്കും ക്ലാസെടുത്തു.” വളരെ പിന്നാക്കം നില്‍ക്കുന്ന ആദിവാസി മേഖലകളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയെന്നത് മാത്രമാണ് അവരെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള വഴി എന്ന് അദ്ദേഹം വിശ്വസിക്കുന്നു.  എല്‍പി ക്ലാസിലെ കുട്ടികളെയും പഠിച്ചുപോയവരെയുമൊക്കെ അദ്ദേഹം വൈകുന്നേരങ്ങളില്‍ പഠിപ്പിക്കാന്‍ ആരംഭിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നു

“20 കുട്ടികളാണ് സ്കൂളില്‍ പഠിക്കുന്നത്. പണിയ വിഭാഗത്തില്‍ നിന്നുള്ള 11 കുട്ടികളുണ്ട് സ്കൂളില്‍. തമിഴ് നാട്ടുകാരായ മൂന്നു കുട്ടികളും. ബാക്കിയുള്ളവരും നിര്‍ധനരായ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്,” അദ്ദേഹം വിശദമാക്കുന്നു.

ആനയും കാട്ടുപോത്തും കുരങ്ങന്‍മാരും കടുവകളുമൊക്കെ വിഹരിക്കുന്ന വനപ്രദേശത്തോട് ചേര്‍ന്നാണ് ഈ കോളനികള്‍. കാട്ടുമൃഗങ്ങളുടെ ശല്യം കാരണമാണ് പലരും മലയില്‍ നിന്ന് താഴേക്ക് താമസം മാറിയത് തന്നെ.

പട്ടിക വര്‍ഗ വിഭാഗത്തിലെ കുട്ടികള്‍ക്കായുള്ള മലമുകളിലെ ഏക എയ്ഡഡ് സ്കൂളാണിത്. മലമുകളിലുള്ള കുട്ടികളുടെ ഏക ആശ്രയവും ഈ സ്കൂള്‍ തന്നെ. ഈ സ്കൂള്‍ പൂട്ടിപ്പോയാല്‍ നിര്‍ധനരായ കുട്ടികളുടെ പഠനമാണ് അവസാനിക്കുന്നത്.

“കോളനിയില്‍ നിന്നു അകലയെല്ലെങ്കിലും കുട്ടികള്‍ കൃത്യസമയത്ത് സ്കൂളിലേക്ക് വരാൻ പോലും മടിക്കുന്നവരുണ്ട്.” അദ്ദേഹം തുടരുന്നു. “കൂട്ടത്തില്‍ പലര്‍ക്കും വീടുകളില്‍ നല്ല ഭക്ഷണം പോലും കിട്ടാനുള്ള സാഹചര്യമില്ലാത്തവരാണ്.

സ്കൂളിലെ കൃഷി

“രണ്ട് പണിയ വിഭാഗം കോളനികളും ഒരു മുതുവാൻ വിഭാഗ കോളനിയുമായി മൂന്നു കോളനികളാണിവിടെയുള്ളത്. ഇവിടെയെല്ലാം കൂടി 48 വീടുകളുണ്ട്. ഇവരെ കൂടാതെ അഞ്ച് തമിഴ് കുടുംബങ്ങളുമാണ് ഇവിടെ താമസിക്കുന്നത്.

“പലരുടെയും വീടുകള്‍ മോശം അവസ്ഥയിലുള്ളതാണ്. ഷീറ്റ് വലിച്ച് കെട്ടിയ വീടുകളിൽ ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള സംവിധാനങ്ങൾ പോലും ഇല്ല.

“പഠിക്കണമെന്നൊന്നും ആ കുട്ടികള്‍ക്ക് ചിന്തയൊന്നും ഇല്ല. അതിനുള്ള പക്വതയൊന്നും എല്‍പി ക്ലാസുകളിലെ കുട്ടികള്‍ക്കുണ്ടാകില്ലല്ലോ. രക്ഷിതാക്കളില്‍ ചിലര്‍ക്കൊക്കെ മക്കളെ പഠിപ്പിക്കണമെന്നൊക്കെ താത്പര്യമുള്ളവരാണ്.

“എന്നാല്‍ ആദിവാസി മേഖലയിലെ കുഞ്ഞുങ്ങളുടെ പലരുടെയും രക്ഷിതാക്കള്‍ക്ക് വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യമൊന്നും അറിയില്ല.” ലൈജു തോമസ് കൂട്ടിച്ചേര്‍ത്തു.

കുളം നിര്‍മ്മിക്കുന്നതിനിടയില്‍ ലൈജു തോമസ്.

കൊറോണവ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ വന്നതോടെ കുട്ടികള്‍ സ്കൂളിലേക്ക് വരുന്നില്ല. പക്ഷേ, ലൈജു മാഷ് സ്കൂളില്‍ തന്നെയുണ്ട്.

“കുട്ടികളുടെ വീട്ടില്‍ പോയും ക്ലാസെടുക്കുന്നുണ്ട്. പണിയ കോളനികളിലെ കുട്ടികള്‍ക്ക് വേണ്ടി ടെലിവിഷന്‍ കൊടുത്തിട്ടുണ്ട്. പക്ഷേ, ഓണ്‍ലൈന്‍ ക്ലാസുകളിലൊന്നും കുട്ടികള്‍ അത്ര ശ്രദ്ധിക്കില്ല.”  മാത്രമല്ല, പലര്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ലഭിക്കാവുന്ന സാഹചര്യങ്ങളുമല്ല. അതുകൊണ്ടാണ് അദ്ദേഹം അവിടേക്ക് ചെന്ന് ക്ലാസ്സുകള്‍ എടുക്കുന്നത്.

ലോക്ക് ഡൗണ്‍ കാലത്തെ ക്ലാസ്

ദുര്‍ഘടമായ മല കയറിയാണ് തമിഴ് നാട്ടില്‍ നിന്നുള്ള തൊഴിലാളികള്‍ വന്നുതാമസിക്കുന്ന ഇടങ്ങളില്‍ ക്ലാസ്സെടുക്കാന്‍ പോകുന്നത്. പകുതി ദൂരം ബൈക്കിലും പിന്നീട് നടന്നുമാണ് മലമുകളിലേക്ക് പോകുന്നത്. ബുദ്ധിമുട്ടൊക്കെയുണ്ടെങ്കിലും ക്ലാസ് കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ സന്തോഷമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

സുനില്‍ എന്നൊരു അധ്യാപകന്‍ കൂടിയുണ്ട് സ്കൂളില്‍. ഓഫീസ് കാര്യങ്ങള്‍ക്കൊക്കെ സുനില്‍ മാഷും ലൈജു തോമസിനെ സഹായിക്കാറുണ്ട്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം മാത്രമല്ല, പ്രഭാത ഭക്ഷണവും നല്‍കുന്നുണ്ട്. ഭക്ഷണം പാചകം ചെയ്യാനൊരാളുണ്ട്.

“ഒരു കുട്ടിക്ക് എട്ടു രൂപ എന്ന കണക്കിലാണ് ഉച്ചഭക്ഷണത്തിനുള്ള തുക സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ആഴ്ചയില്‍ രണ്ട് ദിവസം പാല്‍, ഒരു ദിവസം മുട്ട ഇതൊക്കെ കൊടുക്കണം.” സാധനസാമഗ്രികളുടെ വില, ഗ്യാസ്…എല്ലാം സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായം തികയാറില്ല. അതുകൊണ്ട്, കുട്ടികളുടെ രണ്ടുനേരത്തെ ഭക്ഷണം മുടങ്ങാതെ നോക്കാന്‍ മാഷിന് മിക്കപ്പോഴും സ്വന്തം പഴ്സ് തുറക്കേണ്ടി വരും.

സെന്‍റ് സെബാസ്റ്റ്യന്‍ എല്‍ പി സ്കൂള്‍

“സ്കൂളിന് പ്രത്യേകിച്ച് പിടിഎ ഫണ്ടോ മാനെജ്മെന്‍റ് ഫണ്ടോ ഒന്നുമില്ല. കിട്ടുന്ന ശമ്പളം ഇത്തരം കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് എന്താ വേറെ ഒന്നിനും ആരെയും കണക്ക് കാണിക്കേണ്ടതില്ല. ഉച്ചഭക്ഷണത്തിന്‍റെ കണക്ക് മാത്രം കാണിച്ചാല്‍ മതിയല്ലോ.

“സ്കൂളിന് വേണ്ടി ഇങ്ങനെയൊക്കെ ചെയ്തു സംതൃപ്തിയോടെ ഉറങ്ങാന്‍ സാധിക്കുന്നു. അതല്ലേ വലുത്. കുട്ടികളൊക്കെ പഠിച്ച് വലുതായ ശേഷം മാഷേ എന്ന് സ്നേഹത്തോടെ വിളിക്കുമല്ലോ അത് മതി,” അതാണ് വലിയ പ്രതിഫലമെന്ന് ആ അധ്യാപകന്‍.

സ്കൂള്‍ മുറ്റത്ത് പച്ചക്കറികൃഷി അദ്ദേഹം നേരത്തെ തന്നെ ചെയ്യുമായിരുന്നു. വാഴയും ചേനയും ചേമ്പും പയറും കോവലുമൊക്കെ ധാരാളം…ഇപ്പോള്‍ മത്സ്യകൃഷിയും തുടങ്ങി. അതിനുവേണ്ടിയുള്ള കുളവും ലൈജു മാഷ് തന്നെ കുത്തി.


ഇതുകൂടി വായിക്കാം: 6 വര്‍ഷത്തിനിടയില്‍ 34 പേര്‍ ആത്മഹത്യ ചെയ്ത ആദിവാസി ഊരിനെ പുതിയൊരു ലഹരി നല്‍കി വീണ്ടെടുത്ത എക്സൈസ് ഉദ്യോഗസ്ഥര്‍


“കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് മത്സ്യം വാങ്ങിക്കാറുണ്ടായിരുന്നു. സ്വന്തമായി മത്സ്യകൃഷിയുണ്ടെങ്കില്‍ പിന്നെ അതിനു വേണ്ടി കാശ് കണ്ടെത്തേണ്ടല്ലോ. മാലിന്യങ്ങളൊക്കെ കൂട്ടിയിട്ടിരുന്ന പ്രദേശത്താണ് കുളം കുത്തിയത്.

“ആ കുളത്തില്‍ 25-ലേറെ നാടന്‍ തിലാപ്പിയയുണ്ട്. 75-ഓളം തിലാപ്പിയ കുഞ്ഞുങ്ങളും വളരുന്നുണ്ട്,” അദ്ദേഹം ആവേശത്തോടെ പറയുന്നു.  സ്കൂളിലും പരിസരങ്ങളിലുമായി 150-ഓളം റോസാച്ചെടികളും നട്ടിട്ടുണ്ട്.

ഒരിക്കല്‍, രാവിലെ കുട്ടികള്‍ക്ക് അവല്‍ നനയ്ക്കാന്‍ തേങ്ങയില്ല. ലൈജു മാഷ് മടിച്ചുനിന്നില്ല, തോര്‍ത്ത് തളപ്പാക്കി വേഗം തെങ്ങില്‍ കയറി തേങ്ങയിട്ടു. കുഞ്ഞുങ്ങള്‍ക്ക് അവലില്‍ തേങ്ങയും ശര്‍ക്കരയുമൊക്കെ ചേര്‍ത്ത് കഴിക്കാനുണ്ടാക്കി കൊടുക്കുകയും ചെയ്തു.

“വളരെ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളാണിവിടെയുള്ളത്. പലരുടേയും വീടുകളില്‍ ഭക്ഷണമൊന്നും നേരത്തിന് കഴിക്കാനുണ്ടാകില്ല. അതുകൊണ്ടാണ് ഉച്ചഭക്ഷണത്തിനൊപ്പം പ്രഭാതഭക്ഷണവും നല്‍കുന്നത്,” അദ്ദേഹം പറയുന്നു.  വൈകീട്ടത്തെ ക്ലാസിന് ശേഷം കുട്ടികള്‍ക്ക് രാത്രിഭക്ഷണവും നല്‍കിയിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്കായി ബിരിയാണി തയാറാക്കുന്ന അധ്യാപകന്‍

“ഏത് തൊഴിലും മഹത്തരമാണ് എന്ന് അവരുടെ അധ്യാപകന്‍ തന്നെ കാണിച്ചു കൊടുക്കുമ്പോള്‍ ആ കുട്ടികള്‍ക്ക് ഏത് തൊഴില്‍ ചെയ്യാനുമുള്ള മനസുണ്ടാകും. അവര്‍ക്ക് ഞാന്‍ മാതൃക കാണിക്കണം.” ഈ ചിന്തയാണ് ലൈജു മാഷിനെ നയിക്കുന്നത്.

ഇങ്ങനെ ഏത് തൊഴില്‍ ചെയ്യുന്നതിനും തന്നെ പ്രാപ്തനാക്കിയത് മൂത്ത ജ്യേഷ്ഠൻ ജോളി തോമസ് ആണ് എന്ന് അദ്ദേഹം പറയുന്നു. “ഏത് പണിയും കക്ഷി ചെയ്യും. ജ്യേഷ്ഠനെ കണ്ട് എല്ലാ തൊഴിലും ഞാനും പഠിച്ചു. കൂടരഞ്ഞിയിലുള്ള അദ്ദേഹം കർഷകനാണ്. തൊടുപുഴയിലാണ് ജനിച്ചതെങ്കിലും പിന്നീട് വയനാടും കോഴിക്കോടുമൊക്കെയായിരുന്നു താമസം.

“തോമസ് എന്നാണ് അച്ഛന്‍റെ പേര്. അമ്മ റോസമ്മയും. കോഴിക്കോട് ദേവഗിരി സെന്‍റ് ജോസഫ് കോളെജില്‍ നിന്ന് പഠനമൊക്കെ പൂര്‍ത്തിയാക്കിയാണ് വിലങ്ങാട് സെന്‍റ് ജോര്‍ജ് ഹൈസ്കൂളില്‍ ജോലിക്കെത്തുന്നത്.

“ഇവിടെ നിന്ന് പൂതം പാറ, തലയാട്, വേനപ്പാറ, കട്ടിപ്പാറ എന്നിവിടങ്ങളിൽ പഠിപ്പിച്ചു. ഇതിനൊക്കെ ശേഷമാണ് മുത്തന്‍പ്പുഴയിലെ ഈ സ്കൂളിലേക്ക് വരുന്നത്.

മത്സ്യക്കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിക്കുന്നു

“സ്കൂളിലെ മാവിന് ചുറ്റും കെട്ടണം, പള്ളിക്കൂടത്തിന് മതിലും ഗേറ്റും വേണം കുട്ടികള്‍ക്ക് കളിക്കാനൊരു പാര്‍ക്ക്, സ്കൂളിന്‍റെ നാലു മൂലകളിലും സിസിടിവി ക്യാമറയും വേണം.” ഇനിയുള്ള ലക്ഷ്യങ്ങള്‍ ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്പോര്‍ട്സിലും ലൈജു മാഷ് മികവ് തെളിയിച്ചിട്ടുണ്ട്. 2000 മുതൽ 2002വരെ വടകര വിദ്യാഭ്യാസ ജില്ലയുടെ അത് ലറ്റിക് ടീമിന്‍റെ മാനെജരായും 2003 മുതൽ 2019 വരേയും കോഴിക്കോട് ജില്ലയുടെ സ്കൂൾ അത്ലെറ്റിക്സ് ടീം മാനെജരുമായിരുന്നു.

2012-ൽ പഞ്ചാബിലെ ലുധിയാനയിൽ നടന്ന ദേശീയ സ്കൂൾ അത്ലെറ്റിക്സ് മത്സരത്തിൽ വിജയിച്ച കേരളാടീമിന്‍റെ മാനെജർമാരിൽ ഒരാൾ കൂടിയായിരുന്നു.
കോഴിക്കോട് നടന്ന ദേശീയ സ്കൂൾ മീറ്റിലും സംസ്ഥാന സ്കൂൾ ടീമിന്‍റെ ഭാഗമായിരുന്നു ഇദ്ദേഹം.


ഇതുകൂടി വായിക്കാം: വൈകിക്കിട്ടിയ പെന്‍ഷനില്‍ നിന്ന് 1.87 ലക്ഷം രൂപ കൊടുത്ത് പാവപ്പെട്ട കുട്ടികള്‍ക്ക് ടാബ് വാങ്ങി നല്‍കിയ അധ്യാപകന്‍


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം