കൃഷ്ണദാസും വിജയശേഖരന്‍ മാസ്റ്ററും

അട്ടപ്പാടി ഊരില്‍ നിന്ന് ആദ്യമായി IIT പ്രവേശനം നേടി കൃഷ്ണദാസ്, ആ നേട്ടത്തിന് പിന്നില്‍ തണലായി ഒരു അധ്യാപകന്‍

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ 1973 മുതല്‍ വിജയശേഖരന്‍ മാസ്റ്റര്‍ സൗജന്യമായി പഠിപ്പിക്കുന്നു.

പാതിവഴിയിൽ പഠനം അവസാനിപ്പിക്കുന്ന കുട്ടികള്‍ കേരളത്തിലെ ആദിവാസി ഊരുകളിൽ ധാരാളമുണ്ട്. ജീവിതദുരിതങ്ങള്‍ക്കും കാലങ്ങളായുള്ള അവഗണനയും കൊണ്ട് കു‍ഞ്ഞിലേ തളര്‍ന്നുപോകുന്നവര്‍, ശരിയായ മാര്‍ഗനിര്‍ദ്ദേശം നല്‍കാനാളില്ലാത്തതിനാല്‍ നല്ല വിദ്യാഭ്യാസം നേടിയിട്ടും മുന്നോട്ടുപോകാനാവാതെ പകച്ചുനില്‍ക്കുന്നവര്‍…, ആദിവാസി ഊരുകളുടെ പിന്നാക്കാവസ്ഥയില്‍ പിന്‍തള്ളപ്പെട്ടുപോയ ഒരുപാട് ജീവിതങ്ങളുണ്ട്.

എന്നാല്‍ ഈ പ്രതിസന്ധികളെ ഇച്ഛാശക്തികൊണ്ട് മറികടന്ന് സ്വപ്നങ്ങളിലെത്തിപ്പിടിച്ചവരുമുണ്ട്. വിലങ്ങാട് ആദിവാസി സമൂഹത്തില്‍ നിന്നുള്ള ആദ്യ ഡോക്റ്റര്‍ ജോഷ്ന, അട്ടപ്പാടി ഊരില്‍ നിന്ന് ഡോക്റ്ററേറ്റ് നേടിയ രങ്കസ്വാമി… ഇങ്ങനെ നീളുന്ന ആ കൂട്ടത്തിലേക്ക് ഒരാള്‍ കൂടിയെത്തിയിരിക്കുകയാണ്. പാലക്കാട് അട്ടപ്പാടി ആദിവാസി ഊരില്‍ നിന്ന് ഐഐടിയിലേക്കെത്തുന്ന ആദ്യ വിദ്യാര്‍ത്ഥി കൃഷ്ണദാസ്. കൃഷ്ണദാസ്

എന്നാല്‍ ഈ വിജയത്തില്‍ തനിച്ചല്ല, തനിക്കൊപ്പം പിന്തുണയോടെ നിന്നവരേറെയുണ്ടെന്ന് കൃഷ്ണദാസ്. അട്ടപ്പാടി കോട്ടത്തറയിലെ കൽക്കണ്ടിയൂർ ആദിവാസി ഊരില്‍ നിന്ന് പാലക്കാട് ഐഐടിയിലേക്കെത്തിയ ജീവിതത്തെക്കുറിച്ച് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് സംസാരിക്കുകയാണ് കൃഷ്ണദാസ്.

“നാലാം ക്ലാസ് വരെ നാട്ടിലെ മുള്ളി ഗവണ്‍മെന്‍റ് എല്‍ പി സ്കൂളിലായിരുന്നു പഠിച്ചത്. അഞ്ചാം ക്ലാസിലേക്കെത്തിയപ്പോള്‍ വീട്ടില്‍ നിന്ന് ഏതാണ്ട് 100 കിലോമീറ്റര്‍ അകലെയുള്ള പാലക്കാട്ട് പട്ടഞ്ചേരിയിലെ സ്കൂളിലാണ് ചേര്‍ന്നത്. താമസം പട്ടഞ്ചേരിയില്‍ ട്രൈബല്‍ ഹോസ്റ്റലില്‍ ആയിരുന്നു. പഠിക്കാനിഷ്ടമായിരുന്നു. പഠിച്ച് നല്ല ജോലിയൊക്കെ നേടണമെന്നും ആഗ്രഹിച്ചിരുന്നു.


ആഗ്രഹിച്ചതൊക്കെയും സ്വന്തമാക്കാന്‍ പിന്തുണച്ചത് കെ. വിജയശേഖരന്‍ മാഷായിരുന്നു.


“മാഷ് സ്കൂളില്‍ എന്ന പഠിപ്പിച്ചിട്ടില്ല. മാഷ് വണ്ടിത്താവളം കെകെഎം എച്ച് എസ് എസിലായിരുന്നു പഠിപ്പിച്ചിരുന്നത്. ഞാൻ അഞ്ചാം ക്ലാസിലേക്കെത്തുമ്പോഴേക്കും മാഷ് വിരമിച്ചിരുന്നു. പക്ഷേ ഞങ്ങളുടെ ഹോസ്റ്റലിലെ കുട്ടികളെ പഠിപ്പിക്കാൻ മാഷ് വരുമായിരുന്നു. ട്യൂഷൻ ക്ലാസ് പോലെ വൈകുന്നേരങ്ങളിൽ മാഷ് എല്ലാവരെയും വന്നു പഠിപ്പിക്കുമായിരുന്നു.

“കുറേ വർഷങ്ങളായി മാഷ് ഇവിടുള്ള കുട്ടികൾക്ക് പ്രത്യേക ക്ലാസെടുക്കുന്നുണ്ടായിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളെയാണ് മാഷ് കാശൊന്നും വാങ്ങാതെ പഠിപ്പിച്ചത്. ഞങ്ങളുടെ ഹോസ്റ്റലിന് സമീപം തന്നെയാണ് മാഷിന്‍റെ വീടും. വിജയശേഖരന്‍ മാഷിനെ കണ്ടുമുട്ടുന്നതും ഈ വൈകുന്നേരത്തെ ക്ലാസുകളിലാണ്.”

വിജയശേഖരന്‍ മാസ്റ്ററുടെ ക്ലാസ്

സ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ കൃഷ്ണദാസിന് എൻജിനീയറാകണമെന്നൊരു ആ​ഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് പത്താം ക്ലാസിന് ശേഷം തൃശ്ശൂരില്‍ എൻട്രൻസ് കോച്ചിങ്ങിന് ചേരുന്നതും. വണ്ടിത്താവളം കെകെഎം എച്ച് എസ് സ്കൂളിലാണ് പ്ലസ് ടു പഠിച്ചത്. എൻട്രൻസ് കടമ്പ കടന്ന് അകത്തേത്തറ എൻജിനീയറിങ്ങ് കോളെജിൽ നിന്ന് കൃഷ്ണദാസ് മെക്കാനിക്കൽ എൻജിനീയറിങ്ങ് പൂർത്തിയാക്കി.

“പി സി തോമസ് സാറിന്‍റെയടുക്കല്‍ എന്‍ട്രന്‍സ് കോച്ചിങ്ങിന് ചേര്‍ന്നതും വിജയശേഖരന്‍ മാഷിന്‍റെ പിന്തുണയോടെയാണ്. പിന്നീട് ​ഗേറ്റ് (Graduate Aptitude Test in Engineering-GATE) പരീക്ഷയ്ക്കും മാഷ് പരിശീലനം തന്നിരുന്നു. ആദ്യ രണ്ട് ശ്രമങ്ങളിലും വിജയിക്കാനായില്ല. ഒടുവിൽ മൂന്നാമത്തെ ശ്രമത്തിൽ ​ഗേറ്റ് കടന്നു. അങ്ങനെയാണ് പാലക്കാട് ഐഐടിയിൽ പ്രവേശനം കിട്ടുന്നതും എംടെക്കിന് ചേർന്നതും. ക്ലാസ് ആരംഭിച്ചിട്ടിപ്പോൾ ഒരാഴ്ച കഴിഞ്ഞു.

“പത്താം ക്ലാസിന് ശേഷം അവധിക്കാലങ്ങളിലൊക്കെ മാഷിന്‍റെ വീട്ടിലായിരുന്നു. ദാ ഇപ്പോഴും മാഷിനൊപ്പമുണ്ട്. അദ്ദേഹത്തിന്‍റെ പിന്തുണയാണ് ഇവിടെ വരെയെത്തിച്ചത്.


ഇതുകൂടി വായിക്കാം:കലക്റ്റർ ആരെന്നുപോലുമറിയാത്ത ആദിവാസി ​ഗ്രാമത്തിലെ കുടിലിൽ വളർന്ന ഡോക്റ്റർ-ഐ എ എസുകാരൻ


“നാട്ടിൽ ആയിരുന്നുവെങ്കിൽ ഒരു പക്ഷേ ബിടെക്ക് പഠിക്കാനോ ഐഐടിയില്‍ ചേരാനോ സാധിക്കുമായിരുന്നില്ല,” കൃഷ്ണദാസ് പറഞ്ഞു.

കൃഷ്ണദാസും വിജയശേഖരന്‍ മാസ്റ്ററും

വർഷങ്ങളായി നിർധനരും ആദിവാസി മേഖലകളിൽ നിന്നുമുള്ള കുട്ടികൾക്ക് പ്രത്യേക പരി​ഗണന നൽകി സൗജന്യമായി പഠിപ്പിക്കുന്ന അധ്യാപകനാണ്  വിജയശേഖരന്‍ മാസ്റ്റര്‍.

കൃഷ്ണദാസിന്‍റെ ശ്രമങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണിതെന്നു കെ.വിജയശേഖരന്‍ മാസ്റ്റര്‍  ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“നന്നായി കഠിനാധ്വാനം ചെയ്യുന്ന വിദ്യാര്‍ത്ഥിയാണ് കൃഷ്ണദാസ്. ഇവന്‍ ആഗ്രഹിച്ചതു പോലെ ഐഐടിയില്‍ കിട്ടുകയും ചെയ്തു. ഗേറ്റിന്‍റെ പരിശീലനക്കാലത്ത് എനിക്കൊപ്പം വീട്ടില്‍ തന്നെയായിരുന്നു.

“ഇടയ്ക്ക് നാട്ടിലേക്ക് മടങ്ങിയാല്‍ അവന്‍റെ ശ്രദ്ധ ഇതില്‍ മാറുമെന്നു കരുതിയാണ് ഒപ്പം കൂട്ടിയത്. കൃഷ്ണദാസിന്‍റെ പരിശ്രമങ്ങളാണ് വിജയത്തിന്‍റെ കാരണം. അതിലേക്കെത്താൻ ഞാനൊരു നിമിത്തമായെന്നു മാത്രം.


ഒരുപാട് കുട്ടികളെ സൗജന്യമായി പഠിപ്പിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ​കൂട്ടത്തിലൊരാൾക്ക് ഐഐടിയിൽ പ്രവേശനം ലഭിക്കുന്നത്.


“ഇതിനു മുൻപ് കുറേ വിദ്യാർത്ഥികൾക്ക് ​ഗേറ്റിനുള്ള പരീശിലനക്ലാസ് നൽകിയിരുന്നു. അവരും മിടുക്കർ തന്നെയായിരുന്നു. പക്ഷേ, ബി. ടെക്ക് പൂർത്തിയാക്കി ജോലി കിട്ടുന്നതോടെ പലർക്കും എം ടെക്കിന് ചേരാനുള്ള താല്പര്യമൊക്കെ പോകും. അട്ടപ്പാടി ഊരിൽ നിന്നുള്ള ആദ്യ ഐഐടി വിദ്യാർത്ഥിയാണ് കൃഷ്ണദാസ് എന്ന കാര്യം അവന്‍റെ വിജയത്തിന്‍റെ മാറ്റ് കൂട്ടുന്നു.

ആദിവാസി കുട്ടികളെ മാത്രമല്ല  എവിടെ നിന്നുള്ളവരാണെങ്കിലും പഠിക്കാൻ തയാറാണെങ്കിൽ പിന്തുണയ്ക്കാൻ ഞങ്ങളുണ്ടാകും. പലപ്പോഴും പന്ത്രണ്ട് വയസ് ഒക്കെയാകുമ്പോഴേക്കും കുട്ടികളുടെ പഠനമൊക്കെ ഒരു ചടങ്ങ് മാത്രമാകുന്നു.

“കുട്ടികൾക്ക് താല്പര്യം ഇല്ലാതെയാകുന്നു. വാശി പിടിച്ച് പഠിക്കുന്നവരൊക്കെ കുറവാണ്. അവന്‍റെ അമ്മയ്ക്കും അച്ഛനുമൊന്നും അവന്‍റെ നേട്ടത്തെക്കുറിച്ച് അത്ര ധാരണയില്ല. പക്ഷേ, മക്കൾ പഠിക്കണമെന്നും നല്ല നിലയിൽ വരണമെന്നും ആ​ഗ്രഹിക്കുന്ന അച്ഛനും അമ്മയുമാണ് കൃഷ്ണദാസിന്‍റേത്.”

പഠിക്കാനാഗ്രഹിക്കുന്ന കുട്ടികള്‍ ട്രൈബല്‍ ഹോസ്റ്റലിന് സമീപമുള്ള തന്‍റെ വീട്ടിലേക്കും വരാറുണ്ടെന്ന് വിജയശേഖരന്‍ മാഷ് പറയുന്നു.

“ഫിസിക്സ് ആയിരുന്നു എന്‍റെ വിഷയമെങ്കിലും കണക്കാണ് കൂടുതലും പഠിപ്പിച്ചത്. 32 വർഷം വണ്ടിത്താവളം കെകെഎം എച്ച് എസ് സ്കൂളിൽ പഠിപ്പിച്ചു. ഇപ്പോഴും കുട്ടികൾക്ക് ക്ലാസെടുക്കുന്നുണ്ട്. കോവിഡ് അല്ലേ, അതുകൊണ്ടു കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ട്. പഠിക്കാനായി രണ്ടുമൂന്നു പേർ ഇപ്പോഴും വീട്ടിലുണ്ട്.

“കുട്ടികളെ പഠിപ്പിക്കുന്നതു മാത്രമല്ല, പലരും ഈ വീട്ടിൽ തന്നെയാണ് താമസിക്കുന്നതും. ഇവിടെ കൃഷ്ണദാസിനെപ്പോലെ താമസിച്ച് പഠിക്കാൻ വരുന്നവരെ എല്ലാം  മക്കളെപ്പോലെയാണ് കാണുന്നത്.

“വീട്ടിലെ ഒരംഗം എന്ന പോലെയാണ് ഞങ്ങള്‍ കാണുന്നത്. എല്ലാത്തിനും പിന്തുണയേകി ഭാര്യയും മോനും ഒപ്പമുണ്ട്. സരസ്വതിയാണ് ഭാര്യ. സിവി എന്നാണ് മകന്‍റെ പേര്.”

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരുപാട് കുട്ടികളെ വിജയശേഖരന്‍ മാസ്റ്റര്‍ പഠിപ്പിക്കുന്നുണ്ട്. 1973- ൽ ആരംഭിച്ചതാണിത്. അങ്ങനെ പഠിപ്പിച്ചവരിൽ പലരും നല്ല ജോലിയൊക്കെ നേടി.

“കൂട്ടത്തിൽ ചിലരൊക്കെ ജോലിയിൽ നിന്നു വിരമിച്ചു. ഇവരടക്കം ഒരുപാട് ആളുകളുടെ പിന്തുണയുണ്ട്,” കൃഷ്ണദാസിന്‍റേതടക്കമുള്ള നേട്ടങ്ങൾ ഞങ്ങൾ ടീമിന്‍റെ കൂടി വിജയവും സന്തോഷവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാക്കുലൻ എന്നാണ് കൃഷ്ണദാസിന്‍റെ അച്ഛന്‍റെ പേര്. അമ്മ സാവിത്രി. വിദ്യാർത്ഥികളായ രണ്ട് അനിയൻമാരാണുള്ളത്. സോമരാജും മഹേഷും.  കൃഷ്ണദാസിന് ഐഐടിയിൽ പ്രവേശനം കിട്ടിയതിന്‍റെ സന്തോഷത്തിലാണ് വീട്ടുകാരെല്ലാം.

“ഈ നേട്ടത്തിന് ശേഷം നാട്ടിലേക്ക് പോയിട്ടില്ല,” സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ പഠനകാര്യങ്ങൾക്ക് സഹായിക്കണമെന്നൊക്കെ ആ​ഗ്രഹമുണ്ടെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.


ഇതുകൂടി വായിക്കാം:വീട്ടിലെ കഷ്ടപ്പാടുകൊണ്ട് സ്കൂള്‍ പഠനം നിലച്ചു, കടയില്‍ 700 രൂപയ്ക്ക് പണിക്കുനിന്നു; പ്രതിസന്ധികളെ അതിജീവിച്ച് അട്ടപ്പാടി ഊരില്‍ നിന്നും ഡോക്റ്ററേറ്റ് നേടിയ രങ്കസ്വാമിയുടെ ജീവിതകഥ


 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം