മലയാളിയുടെ സ്വന്തം ഈരെഴത്തോര്‍ത്ത് ലോക ഫാഷന്‍വൃത്തങ്ങളിലേക്കെത്തിച്ച അമ്മയും മകളും

തോര്‍ത്തുമുണ്ടിനെ അമേരിക്കയിലും താരമാക്കിയിരിക്കുകയാണ് ഈ അമ്മയും മകളും കൂടി. ഒപ്പം പരമ്പരാഗത നെയ്ത്തുകാര്‍ക്കൊരു കൂടുതല്‍ വരുമാനവും.

തോര്‍ത്തും മലയാളികളും. ആ അടുപ്പം തുടങ്ങിയിട്ട് എത്ര കാലമായിക്കാണും? വല്യ പിടിയില്ലെങ്കിലും ആ ഒരു കെമിസ്ട്രി എത്രയോ കാലമായുണ്ട്. അല്ലെങ്കില്‍ ഇങ്ങനെ ഒട്ടിച്ചേര്‍ന്നിരിക്കുമോ?

അടുക്കളപ്പണിക്കിടെ കൈ തുടയ്ക്കാന്‍, തുണി നനയ്ക്കുമ്പോള്‍ എപ്രണ്‍ പോലെ കെട്ടാന്‍, തലയില്‍ കെട്ടാന്‍, കുളിച്ചു തോര്‍ത്താന്‍.. എന്തിന് മലയാളികളുടെ സ്വന്തം പൊറോട്ടയ്ക്ക് മാവുകുഴച്ച് പരുമവാവാന്‍ തോര്‍ത്തുകൊണ്ട് മൂടി വെയ്ക്കും. തോര്‍ത്തിന്‍റെ കാര്യം പറഞ്ഞു തുടങ്ങിയാല്‍ പിന്നെ തീരില്ല…


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com


തനി നാടനായ ഈരിഴത്തോര്‍ത്തിനെ ഒതുക്കിയാണ് പച്ച പരിഷ്ക്കാരിയായ വലിയ ടവ്വലും ‘ടര്‍ക്കിടവലു’മൊക്കെ നമ്മുടെ വീടുകളില്‍ കയറിക്കൂടുന്നത്. അങ്ങനെ പലരും തോര്‍ത്തിനെ മറന്ന് ടര്‍ക്കിക്കു പിന്നാലെ പോയി.

ഇന്ദു മേനോനും മകള്‍ ചിത്ര ഗോപാലകൃഷ്ണനും

അതുകൊണ്ടൊന്നും തോര്‍ത്തിനെ തുടച്ചുമാറ്റാന്‍ കഴിഞ്ഞില്ല. അത് മലയാളികള്‍ക്കൊപ്പം സഞ്ചരിച്ചു. ആ തോര്‍ത്തുമുണ്ടിനെ അമേരിക്കയിലും താരമാക്കിയിരിക്കുകയാണ് കാഞ്ഞിരമറ്റത്തെ ഈ അമ്മയും മകളും. തോര്‍ത്തിനെ ഗ്ലോബല്‍ ബാത്ത് ടവലാക്കിമാറ്റാനുള്ള ശ്രമത്തിലാണിവര്‍.

എറണാകുളം കാഞ്ഞിരമറ്റത്ത് പരിയാരത്ത് വീട്ടിലെ  ഇന്ദു മേനോനും മകള്‍ ചിത്ര ഗോപാലകൃഷ്ണനുമാണ് തോര്‍ത്തുമുണ്ടിനെ‍ ട്രെന്‍റിയാക്കി വിദേശവിപണിയിലേക്കെത്തിച്ചിരിക്കുന്നത്. ഒപ്പം ദുരിതക്കയത്തിലേക്ക് വീണുപോകുന്ന കൈത്തറി മേഖലയിലെ കുറച്ചുപേര്‍ക്കെങ്കിലും നല്ല വരുമാനം ഉണ്ടാക്കിക്കൊടുക്കാനും ഇവര്‍ക്ക് കഴിയുന്നു.

കേരളത്തിലെ നെയ്ത്തുശാലകളില്‍ നിന്നുണ്ടാക്കുന്ന തോര്‍ത്തിനെ കര വീവ്സ് എന്ന പേരില്‍ അമേരിക്കന്‍ വിപണിയിലെത്തിച്ച ഇന്ദു മേനോന്‍ എന്ന സാമൂഹ്യ നരവംശശാസ്ത്രജ്ഞ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് കരയുടെ കഥ പറയുന്നു.

കരയുടെ നെയ്ത്തുശാലയില്‍ തയ്യാറാക്കിയ കൈത്തറിവസ്ത്രങ്ങള്‍.

” ജോലി ചെയ്തു കൊണ്ടിരിക്കുന്ന നാളിലാണ് ആദ്യമായി നെയ്ത്തുകാരെ കാണാന്‍ പോകുന്നത്. നാട് എറണാകുളത്ത് കാഞ്ഞിരമറ്റത്താണ്. പക്ഷേ ജനിച്ചതും പഠിച്ചതും ജോലി ചെയ്തതുമൊക്കെ കേരളത്തിന് പുറത്താണ്. അച്ഛന്‍ സ്റ്റീല്‍ പ്ലാന്‍റില്‍ എന്‍ജിനീയര്‍ ആയിരുന്നു. ഇടയ്ക്കിടെ ട്രാന്‍സഫറുണ്ടാകുമല്ലോ..


അങ്ങനെ ബീഹാറിലും ഒറീസയിലും ആന്ധ്രപ്രദേശിലുമൊക്കെയായിരുന്നു ജീവിതം. പിന്നീട് വിവാഹം കഴിഞ്ഞു സെറ്റിലാകുന്നത് അഹമ്മദാബാദിലും.


ഡോ.ഗോപാലകൃഷ്ണന്‍ ആണ് ഭര്‍ത്താവ്. ഒരു മകള്‍ മാത്രേയുള്ളൂ–ചിത്ര. സാന്‍റിയാഗോ യൂനിവേഴ്സിറ്റിയില്‍ ഗ്രാഫിക് ഡിസൈന്‍ അധ്യാപികയാണ് മകള്‍.

“കാഞ്ഞിരമറ്റത്ത് നെയ്ത്തുകാരൊക്കെയുണ്ട്. പക്ഷേ അവരെ കാണാന്‍ പോകുന്നത് അഹമ്മദാബാദില്‍ ജോലി ചെയ്യുമ്പോഴാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനെജ്മെന്‍റില്‍ റിസര്‍ച്ച് അസോസിയേറ്റ് ആയിരുന്നു.

“ആയിടയ്ക്ക് കൈത്തറി മേഖലയെക്കുറിച്ചുള്ള ഒരു പ്രൊജക്റ്റില്‍ ഞാനും ചേര്‍ന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ നെയ്ത്തുശാലകളിലേക്ക് പോകുന്നത് അങ്ങനെയാണ്.

1983-ലാണത്. കാഞ്ഞിരമറ്റത്തുള്ള നെയ്ത്തുശാലകളിലും പോയി. അങ്ങനെ എല്ലാവരെയും കണ്ടും സംസാരിച്ചു. ആ വിവരങ്ങളൊക്കെ ചേര്‍ത്ത് ദി വിമന്‍ വിവേഴ്സ് എന്ന പേരിലൊരു പുസ്തകമിറക്കി. ഞാനും രണ്ട് സഹപ്രവര്‍ത്തകരും കൂടിയാണ് പുസ്തകമെഴുതിയത്.


ഇതുകൂടി വായിക്കാം: ക്വട്ടേഷനെടുത്ത ഗുണ്ട പോലും സുനിതയെ ആക്രമിക്കാതെ പിന്‍മാറി: ‘ക്രിമിനല്‍ ഗോത്ര’ങ്ങളെന്ന് മുദ്ര കുത്തപ്പെട്ടവര്‍ക്കുവേണ്ടി ഉയര്‍ന്ന സ്ത്രീശബ്ദം


പിന്നീട് നെയ്ത്തുകാരെകുറിച്ചൊന്നും അന്വേഷിച്ചില്ല.. അതിനുള്ള സമയം കിട്ടിയില്ലെന്നതാണ് നേര്. ഇരുപത് വര്‍ഷത്തിനിപ്പുറമാണ് വീണ്ടും കാഞ്ഞിരമറ്റത്തെ നെയ്ത്തുകാരെ കാണാന്‍ പോകുന്നതെന്നു ഇന്ദു പറയുന്നു.

“ജോലിയില്‍ നിന്നു വിരമിച്ചു. നാട്ടില്‍ താമസം തുടങ്ങി.” വെറുതേ ഇരിക്കുകയല്ലേ.. ആര്‍ക്കെങ്കിലും ഉപകാരപ്പെടുന്ന കാര്യങ്ങള്‍ ചെയ്യണമെന്നു തോന്നി. “അന്നാളില്‍ പഴയ നെയ്ത്തുകാരെ കാണാന്‍ പോയതൊക്കെ ഓര്‍ത്തു. ഒന്നു കൂടി കാണാന്‍ പോയാലോ എന്നു തോന്നി. വീണ്ടും ആ നെയ്ത്തുശാലകളിലേക്ക് പോയി.


പക്ഷേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ട കാഴ്ചകളായിരുന്നില്ല.. നെയ്ത്തുകാരുടെ എണ്ണം കുറഞ്ഞു, ജോലിക്ക് കൂലി കുറവ്.


“അങ്ങനെ ബുദ്ധിമുട്ടുകളിലാണ് അവര് ജീവിക്കുന്നത്. ഇവര്‍ക്കു കൂടി പ്രയോജനപ്പെടുന്ന എന്തെങ്കിലും ചെയ്യാമെന്നു തീരുമാനിച്ചാണ് വീട്ടിലേക്ക് വരുന്നത്. മോള് ചിത്രയാണ്.. തോര്‍ത്ത് മുണ്ടിനെ റീബ്രാന്‍ഡ് ചെയ്യാമെന്നു പറയുന്നത്. നെയ്ത്തുകാര്‍ക്കു കൂടി പ്രയോജനപ്പെടുമല്ലോ.

“ഞാനും മോളും മാത്രമായിരുന്നില്ല.. വേറെ രണ്ടു സ്ത്രീകള്‍ കൂടിയുണ്ട് കര വീവ്സിന്‍റെ ഫൗണ്ടര്‍മാരില്‍. അതിലൊന്ന് എന്‍റെ അമ്മ തന്നെയാണ്. സുലോചന– മറ്റൊരാള്‍ അഭിനേത്രിയും സംവിധായകയുമൊക്കെയായ രേവതി.

“വീട്ടിലും കൂട്ടുകാരോടുമൊക്കെ ഇതേക്കുറിച്ചു പറഞ്ഞു. തോര്‍ത്ത് തന്നെ അവതരിപ്പിക്കാന്‍ പറ്റില്ലല്ലോ.. അങ്ങനെ പുതിയ ഡിസൈനുകളിലൂടെ അവതരിപ്പിക്കാമെന്നു തീരുമാനിച്ചു. ചിത്ര വരയ്ക്കുമല്ലോ.. അവള് തന്നെ ഓരോ ഡിസൈനുകള്‍ ചെയ്തു. 2007-ലാണിതൊക്കെയും.

“വെറും തോര്‍ത്തല്ല ആ നൂലില്‍ ബാത്ത് ടവ്വല്‍, നാപ്കിന്‍ ടവ്വല്‍, കര്‍ച്ചീഫ് തുടങ്ങി ബീച്ച് ടവ്വല്‍ വരെ നെയ്തെടുത്തു.” കര വീവ്സ് അന്താരാഷ്ട്ര തലത്തിലേക്കെത്തുന്നതിനെക്കുറിച്ച് ഇന്ദു മേനോന്‍ പറയുന്നു.

കര വീവ്സിന്‍റെ സ്റ്റുഡിയോ കാണാനെത്തിയവര്‍

” അന്ന് ഓണ്‍ലൈന്‍ വില്‍പ്പനയൊന്നും സജീവമല്ല.. പക്ഷേ ഞങ്ങളാരംഭിച്ച് ഓണ്‍ലൈന്‍ കച്ചവടമാണ്. ഒരു വെബ്സൈറ്റും ആരംഭിച്ചു. ഇതൊക്കെ നടക്കുന്നത് 2008-ലാണട്ടോ..

“ഇന്നല്ലേ ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമുമൊക്കെ വരുന്നത്. അന്ന് അതൊന്നും ഇല്ലല്ലോ.. ബ്ലോഗ് എഴുത്തായിരുന്നു അന്നത്തെ ട്രെന്‍ഡ്.”

ചിത്ര കര വീവ്സിനെക്കുറിച്ച് ബ്ലോഗില്‍ ഒരു കുറിപ്പെഴുതിയിട്ടു. ചിത്രയുടെ ബ്ലോഗ് വായിക്കുന്നവരുടെ കൂട്ടത്തിലൊരു അമെരിക്കന്‍ ഫാഷന്‍ ട്രെന്‍റ് ഫോര്‍കാസ്റ്ററായ ഗ്രേസി ബോണിയുണ്ടായിരുന്നു. ബ്ലോഗ് വായിച്ച് അതേക്കുറിച്ച് ഒരു കുറിപ്പും അവരെഴുതിയിട്ടു, അവരുടെ ബ്ലോഗില്‍. അതു വന്‍ ഹിറ്റായി..

എല്ലാവരും ശ്രദ്ധിച്ചു. തൊട്ടടുത്ത ദിവസം മുതല്‍ കര വീവ്സിന്‍റെ ആവശ്യക്കാരുടെ എണ്ണം കൂടി. ഇന്ത്യക്കാരല്ല അമെരിക്കയില്‍ നിന്നുള്ളവരായിരുന്നു ആവശ്യക്കാര്‍.

പിന്നീടൊരിക്കല്‍ ചിത്രയുടെ ബ്ലോഗെഴുത്തുകള്‍ യുഎസിലെ മാഗസിനുകളില്‍ വന്നു തുടങ്ങി. കര വീവ്സിനെക്കുറിച്ച് ഫീച്ചറുകള്‍ വന്നു തുടങ്ങിയതോടെ അന്നാട്ടിലെ റീട്ടെയ്ല്‍ ഷോപ്പുകളും ഓര്‍ഡറുകളുമായി സമീപിച്ചു. നാട്ടില്‍ ഹിറ്റകും മുന്‍പേ വിദേശത്താണ് ആവശ്യക്കാരെ കിട്ടിയതെന്നു ഇന്ദു പറയുന്നു.

തോര്‍ത്ത്മുണ്ട് മാത്രമല്ല കര വീവ്സ് തുന്നിയെടുക്കുന്നത്. നീല, മഞ്ഞ, പച്ച, ചുവപ്പ് തുടങ്ങി കരകളില്‍ നിറമുള്ള തോര്‍ത്തുകളുണ്ട്. ചെറിയ കര്‍ച്ചീഫുകള്‍, കോട്ടന്‍ നാപ്കിന്‍, ബേബി ബ്ലാങ്കറ്റ്, സ്കാര്‍ഫ്, ബീച്ച് ടവ്വല്‍, ഏപ്രണ്‍, കഫ്ത്താന്‍, ബാത്ത് റോബ്സ് ഇങ്ങനെ കുറേ വെറൈറ്റികളുണ്ട് കര വീവ്സില്‍. ഇതൊക്കെയും കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളിലുള്ള നെയ്ത്തുശാലകളിലാണ് നെയ്തെടുക്കുന്നത്.

കാഞ്ഞിരമറ്റത്തെ നെയ്ത്തുകാരില്‍ നിന്ന് മാത്രമല്ല, ചേന്ദമംഗലം, കണ്ണൂര്‍, കൂത്താമ്പിള്ളി, ബാലരാമപുരം നെയ്ത്തുശാലകളില്‍ നിന്നാണ് കര വീവ്സ് തുണി വാങ്ങുന്നത്.


ഇതുകൂടി വായിക്കാം: സോളാര്‍ പവറിലോടുന്ന ഇലക്ട്രിക് സൈക്കിള്‍, ഫാന്‍ കുട: ഒരു വഴിയോരക്കച്ചവടക്കാരന്‍റെ സൗരോര്‍ജ്ജ പരീക്ഷണങ്ങള്‍


ഡിസൈനും പാറ്റേണും ഒക്കെ ചെയ്യാന്‍ ഇന്ദുമേനോന് ഒരു സ്റ്റുഡിയോയുണ്ട്. ആ ഡിസൈന്‍ നെയ്ത്തുശാലകളിലേക്ക് നല്‍കും. നിറമൊക്കെ നല്‍കിയാണ് അവര്‍ തരുന്നത്.

ആ തുണി വസ്ത്രങ്ങളാക്കുന്നതിന് ഒരു തയ്യല്‍ യൂനിറ്റുമുണ്ട്. തുന്നേണ്ടതു മാത്രം ഈ യൂനിറ്റില്‍ തയ്ച്ചെടുക്കും. “ഈ പ്രോസസിനിടയ്ക്ക് പരിശോധിക്കും.. വിദേശത്തേക്ക് അയക്കേണ്ടതല്ലേ.. കൃത്യമായ പരിശോധനയുണ്ട്,” അവര്‍ പറയുന്നു.

നെയ്ത്തുശാലയില്‍ നിന്ന്

വിദേശത്തുള്ളവര്‍ക്ക് മാത്രമല്ല നാട്ടിലുള്ളവര്‍ക്കും കരയുടെ ഉത്പന്നങ്ങള്‍ വാങ്ങാമെന്നു ഇന്ദു പറയുന്നു. “തോര്‍ത്ത് വേണോ.. ടവ്വല്‍ വേണോ എന്തു വേണമെങ്കിലും ഇപ്പോള്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങിലൂടെ സ്വന്തമാക്കാം.”


നേരിട്ട് വില്‍പ്പനയില്ല. പക്ഷേ ഇതൊക്കെ വാങ്ങി വില്‍ക്കുന്നവരുണ്ട്. കടവന്ത്രയില്‍ ഒരു റീട്ടെയ്ല്‍ ഷോപ്പില്‍ കര വീവ്സിന്‍റെ ഉത്പന്നങ്ങള്‍ കിട്ടും.


ഇന്ദു മേനോന്‍ മാത്രമല്ല കരയുടെ പിന്നിലെ ശക്തി. ഇന്ദുവിന്‍റെ അമ്മ സുലോചന മേനോനും ചിത്രയും സിനിമാതാരം രേവതിയും സ്മിത ജേക്കബും സരസ്വതി വെങ്കിട്ടരാമനുമൊക്കെയായി സ്ത്രീകള്‍ തന്നെയാണ് കരയുടെ ശക്തി കേന്ദ്രം. ഇന്ദും അമ്മയും ചിത്രയും രേവതിയും പാര്‍ട്ണര്‍മാരാണ്.സ്മിതയും സരസ്വതിയും അഡ്വൈസര്‍മാരാണ്.

ഇന്ദുമേനോന്‍റെ ഭര്‍ത്താവ് ഡോ. ഗോപാലകൃഷ്ണന്‍ ജോലിയില്‍ നിന്നൊക്കെ വിരമിച്ചു. ഇപ്പോള്‍ അദ്ദേഹം പ്രൈവറ്റ് ഓയില്‍ കമ്പനികളുടെ കണ്‍സള്‍ട്ടന്‍റായി പ്രവര്‍ത്തിക്കുന്നുണ്ട്.

ഐ ഐ എമ്മില്‍ നിന്നു വിരമിച്ചുവെങ്കിലും ഇപ്പോഴും ഏതുനേരവും ജോലിത്തിരക്കുകളിലാണ്. 67 വയസായി.. പക്ഷേ കരയുടെ സ്റ്റുഡിയോയും മാര്‍ക്കറ്റിങ്ങുമൊക്കെയായി വെറുതേ ഇരിക്കാനുള്ള സമയം കിട്ടാറില്ല, ഇന്ദുമേനോന്‍ പറയുന്നു.


ഇതുകൂടി വായിക്കാം: വീട്ടിലും 65 സെന്‍റ് പുരയിടത്തിലും തീരദേശത്തെ കുട്ടികള്‍ക്കായി ശാസ്ത്ര മ്യൂസിയം ഒരുക്കുന്ന ചാവക്കാട്ടുകാരന്‍


“ഡിസൈനിങ്ങിലൊക്കെ കുറച്ചൊക്കെ ഞാനും സഹായിക്കാറുണ്ട്. ചിത്രയാണ് ഡിസൈന്‍ കാര്യങ്ങള്‍ നോക്കുന്നത്. അവള്‍ പെയിന്‍ററാണ്. സ്റ്റുഡിയോയില്‍ ഇന്‍റേണ്‍ഷിപ്പിനു കുട്ടികള്‍ വരാറുണ്ട്. പിന്നെ തയ്ക്കാനൊക്കെയായി ജോലിക്കാരുമുണ്ട്.”

ഇനിയും തോര്‍ത്തുമുണ്ടില്‍ നിന്നും പുതിയ കാലത്തിനിണങ്ങുന്ന തുണിത്തരങ്ങളുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇന്ദു മേനോന്‍.

ഫോട്ടോ കടപ്പാട് – കര വീവ്സ്/ ഫേസ്ബുക്ക്

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം