ഈ ചായയ്ക്ക് സ്നേഹം ഇത്തിരി കൂടും: 94-കാരന്‍റെ ചായക്കടയില്‍ ദിവസവും 200-ലധികം യാചകര്‍ക്ക് സൗജന്യ ഭക്ഷണം

“ഞാനിത് എന്‍റെ സന്തോഷത്തിനായി ചെയ്യുന്നതാണ്. അത് ഞാനെന്‍റെ അവസാനശ്വാസം വരെയും ചെയ്തുകൊണ്ടേയിരിക്കും”

 ല്ലാ ദിവസവും അതിരാവിലെ മൂന്ന് മണിക്ക് അയാള്‍ ഉറക്കമുണരും. അധികം വൈകാതെ സ്വന്തം കടയിലേക്ക്. അപ്പോഴേക്കും കടയ്ക്ക് മുന്നില്‍ നല്ല ആള്‍ക്കൂട്ടമായിക്കാണും. അവര്‍ക്കിടയിലൂടെ കടന്ന് കടയുടെ ഷട്ടര്‍ തുറന്ന് അന്നത്തെ ജോലികള്‍ തുടങ്ങും.

നാലരയാവുമ്പോഴേക്കും അദ്ദേഹത്തിന്‍റെ പ്രസിദ്ധമായ കടക് മസാല ചായ് റെഡിയായിട്ടുണ്ടാവും.

കഴിഞ്ഞ 73 വര്‍ഷമായി ഗുലാബ് സിങ്ജി ധീരാവതിന്‍റെ പതിവ് ഇതാണ്–ജയ്പൂരിന്‍റെ ഏറ്റവും പ്രിയങ്കരനായ ചായ്‌വാല!

മിര്‍സാ ഇസ്മായില്‍ റോഡിലെ ഗണപതി പ്ലാസയുടെ ഇടുങ്ങിയ പാര്‍ക്കിങ്ങ് ഏരിയയിലാണ് ഗുലാബ് ജി ചായ്‌വാലെ എന്ന ചെറിയ ചായക്കട. 1946 മുതല്‍ ഇവിടെ ഗുലാബ് സിങ്ജി നല്ല ആവി പറക്കുന്ന മസാല ചായ വില്‍ക്കുന്നുണ്ട്. ഈയടുത്ത കാലത്തായി സമോസയും ബണ്‍ മസ്‌കയും കൂടെയുണ്ട്.

Source: (L) Aaloo.kachaloo/Facebook; (R) राहुल देवतवाल/Facebook

നഗരത്തിലെത്തുന്ന ചായ ഫാന്‍സ് പറയുന്നത് ഗുലാബ് സിങ്ജിയുടെ മസാലച്ചായ ഒരിറക്ക് കുടിച്ചാല്‍ മതി ചരിത്ര നഗരത്തിന്‍റെ മുഴുവന്‍ രുചിയുമറിയാം എന്നാണ്.

എന്താണ് ഗുലാബ് സിങ്ജിയുടെ ചായയുടെ രഹസ്യം. “മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ പ്രത്യേകിച്ചൊന്നും ചേര്‍ക്കുന്നില്ല,’ ഗുലാബ് സിങ്ജി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. ‘സാധാരണ ചായ ഉണ്ടാക്കുന്ന പോലെ മസാല, പാല്, തേയില, പഞ്ചസാര. അത്രയേ ഉള്ളൂ. പക്ഷേ, പലരും പറയുന്ന പോലെ, മാജിക് വരുന്നത് വികാരങ്ങളില്‍ നിന്നല്ലേ…ഞങ്ങളുടെ ചായയില്‍ സനേഹം ഒട്ടും കുറയ്ക്കാറില്ല.”


ശരിയാണ്, രുചിയുടെ മാജിക്ക് ഉണ്ടാക്കുന്നവരുടെ ഉള്ളില്‍ നിന്നാണ് വരുന്നത്.
എങ്കിലും നല്ല ഓര്‍ഗാനിക് തേയിലയുണ്ടെങ്കില്‍ നമ്മുടെ വീട്ടിലുണ്ടാക്കിയാലും ആ രുചി കുറച്ചൊക്കെ കിട്ടും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ജൈവ തേയില വാങ്ങാം: shop.thebetterindia.com

ചായയും ചര്‍ച്ചയും തമ്മിലുള്ള ബന്ധത്തിന് ഏത്രയോ കാലങ്ങളുടെ പഴക്കം കാണും. ഗുലാബ് ജിയുടെ ചായക്കടയിലും അങ്ങനെ തന്നെ. ഇതിന് പിന്നിലുമുണ്ട് ഒരു വലിയ കഥ.

Source: (L) hornoktata.blogspot; (R) gulab_ji_chai/Instagram

“1946-ല്‍ ഈ കട തുടങ്ങുമ്പോള്‍ എന്നെ ആരും പിന്തുണച്ചിരുന്നില്ല,” ഗുലാബ് സിങ്ജി പറയുന്നു. “ഞാന്‍ സമിന്ദാര്‍ രാജ്പുത് കുടുംബത്തില്‍ നിന്നാണ് വരുന്നത്. അങ്ങനെയുള്ള ഞാന്‍ ഒരു ചായക്കട തുടങ്ങുന്നത് മുഴുവന്‍ സമുദായത്തിനും അപമാനമാണെന്നാണ് അവര്‍ കരുതിയത്. അതുകൊണ്ട് അവരെല്ലാം എന്നില്‍ നിന്ന് അകലം പാലിച്ചു. സമുദായത്തിന്‍റെ അന്തസ്സിന് എന്‍റെ പണി ചേരില്ല എന്നതുകൊണ്ട്…പക്ഷേ, അതെന്‍റെ തീരുമാനമായിരുന്നു, ഞാന്‍ അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു.

“ഇപ്പോള്‍, അവര്‍ക്കെല്ലാം മനസ്സിലായി…പലരും എന്‍റെ വഴി പിന്തുടരുന്നു,” 94-കാരനായ ചായക്കടക്കാരന്‍ അഭിമാനത്തോടെ പറഞ്ഞു.

Source: Nishant Sharma/Twitter

തുടക്കം ഒരു ചായവണ്ടിയിലായിരുന്നു. പിന്നീട്, 1974-ലാണ് ഗുലാബ് സിങ് ജി കടയിടുന്നത്. അന്ന് കടയിടാന്‍ 130 രൂപയാണ് ചെലവായതെന്ന് അദ്ദേഹം പറഞ്ഞു. ഇന്നിവിടെ ദിവസം 20,000 രൂപയുടെ കച്ചവടം നടക്കുന്നുണ്ട്. 20 രൂപയ്ക്ക് ചായയും മറ്റ് കടികളും കിട്ടും. ദിവസം നാലായിരത്തിലധികം ആളുകള്‍ വന്ന് ചായ കുടിച്ചുപോകുന്നുണ്ട് എന്ന് അദ്ദേഹം പറയുന്നു.

ഈ പ്രായത്തിലും..!? അതൊന്നും അത്രവലിയ കാര്യമായി അദ്ദേഹം കണക്കാക്കുന്നില്ല.

“ആളുകള്‍ എന്‍റെ പ്രായത്തെക്കുറിച്ചും ഈ പ്രായത്തില്‍ ജോലിയെടുക്കുന്നതിനെക്കുറിച്ചുമൊക്കെ വലിയ കാര്യമായിട്ടൊക്കെ പറയും. പക്ഷെ എനിക്കതിലൊന്നും പ്രത്യേകിച്ചൊരു മഹത്വവും തോന്നാറില്ല. മടിയന്മാരെ സംബന്ധിച്ചിടത്തോളം ഇതൊക്കെ വലിയ കാര്യമായിരിക്കാം. എന്നാല്‍ എന്നെപ്പോലെ ജീവിതം മുഴുവന്‍ കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയും കടന്നുവന്ന ഒരാള്‍ക്ക് ഓരോ ദിവസവും ജോലിയെടുക്കാന്‍ കഴിയുക എന്നത് ഒരു അനുഗ്രഹമാണ്. എന്‍റെ ശരീരം അനുവദിക്കുന്ന കാലത്തോളം ഞാന്‍ പണിയെടുക്കുക തന്നെ ചെയ്യും,” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Source: (L) Nishant Sharma/Facebook; (R) Jaipur Buzz/Facebook

ഗുലാബ് സിങ്ജിയ്ക്ക് ഈ കട ജീവിക്കാനുള്ള ഒരു വഴി മാത്രമല്ല. “ഇത് എന്‍റെ ജീവിതത്തിന് ഒരു അര്‍ത്ഥം കൂടി നല്‍കുന്നുണ്ട്,” അദ്ദേഹം പറയുന്നു.

എല്ലാ ദിവസവും രാവിലെ ആറുമണിക്കും ഉച്ചയ്ക്കും 250-ല്‍ കുറയാത്തത്രയും ഭിക്ഷക്കാരും വിശന്നുവലയുന്നവരും ഈ കടയ്ക്കുമുന്നില്‍ തടിച്ചുകൂടും. അവര്‍ക്കെല്ലാം ചായയും സമൂസയും അല്ലെങ്കില്‍ നാല് കഷണം ബ്രെഡും ബട്ടറും അദ്ദേഹം കൊടുക്കും. അത് സൗജന്യമാണ്.


ഇതുകൂടി വായിക്കാം: 40-വര്‍ഷമായി വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ അന്നം, ആരോരുമില്ലാത്തവര്‍ക്ക് സൗജന്യ ട്യൂഷന്‍; ഈ കോളെജിലെ കുട്ടികള്‍ എന്നും ‘ന്യൂജെന്‍’


“എല്ലാവരും സ്വന്തം കാര്യങ്ങളെക്കുറിച്ചും നമ്മുടെ വസ്തുവകകളെക്കുറിച്ചുമൊക്കെ ഓര്‍ത്തുകൊണ്ടിരിക്കും. അവസാനം നമ്മളൊന്നും കൊണ്ടുപോകുന്നില്ലല്ലോ, അനുഗ്രഹങ്ങളും സന്തോഷവുമല്ലാതെ… ഞാനിത് എന്‍റെ സന്തോഷത്തിനായി ചെയ്യുന്നതാണ്. അത് ഞാനെന്‍റെ അവസാനശ്വാസം വരെയും ചെയ്തുകൊണ്ടേയിരിക്കും,” ഗുലാബ് സിങ്ജി വ്യക്തമാക്കുന്നു.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം