ഇറ്റലി സ്വപ്‌നം കണ്ട് പഠിക്കാന്‍ പോയ നിഷ ചെന്നെത്തിയത് ബിഹാറിലെ കുഷ്ഠരോഗികളുടെ ഗ്രാമത്തില്‍: മരുന്നും ഭക്ഷണവുമായി ഊരുകള്‍ തേടി കാടുകയറുന്ന ഡോക്ടര്‍

കുഷ്ഠരോഗികളുടെ ഗ്രാമത്തിലേക്ക് ഭക്ഷണവും മരുന്നുമൊക്കെയായി രാമദാസ് പോകുമായിരുന്നു. അതിനൊപ്പം നിഷയും ചേര്‍ന്നു

 ഠിച്ച് ഇറ്റലിയിലേക്ക് പറക്കണം എന്ന മോഹവുമായാണ് നിഷ കേരളത്തില്‍ നിന്നും ബിഹാറിലെത്തുന്നത്.

ബിഹാറില്‍ പോവാനുമുണ്ട് കാരണം. നിഷ പഠിച്ച ഇലക്ട്രോ ഹോമിയോപതി കോഴ്‌സിന് അവിടെ ഫീസും മറ്റു ചെലവുകളും കുറവായിരുന്നു. പിന്നെ, അവിടെ അമ്മയുടെ സഹോദരന്‍ താമസിക്കുന്നുമുണ്ടായിരുന്നു.

“ശരിക്കും പറഞ്ഞാല്‍ ഇറ്റലി സ്വപ്നം കണ്ടാണ് ഉപരിപഠനത്തിനായി ഞാന്‍ ബീഹാറിലെത്തുന്നത്. വേണമെങ്കില്‍ ഈ കോഴ്സ് പഠിക്കാനായി എനിക്ക് ഡല്‍ഹിയിലേക്ക് പോകാമായിരുന്നു. ഡല്‍ഹിയിലെ പഠനച്ചെലവ് താങ്ങാവുന്നതിലും അപ്പുറമായിരുന്നതുകൊണ്ടും ബന്ധുക്കള്‍ ബീഹാറിലുള്ളതുകൊണ്ടുമാണ് അവിടേക്ക് പോയത്,” ഡോ. നിഷ പറയുന്നു.

പക്ഷേ, ബിഹാര്‍ അവരുടെ മോഹങ്ങളെയെല്ലാം മാറ്റിമറിച്ചു. ഇറ്റലിയിലേക്ക് പോകാനിരുന്ന ആള്‍ ബിഹാറിലെ കുഷ്ഠരോഗികളെ പാര്‍പ്പിച്ചിരിക്കുന്ന ഗ്രാമങ്ങളില്‍ സേവനത്തിനിറങ്ങി. അത് അവരുടെ ആഗ്രഹങ്ങളെയും ജീവിതത്തെക്കുറിച്ചുള്ള ധാരണകളെയും മറ്റൊന്നാക്കി മാറ്റി.

‍ഡോ. നിഷ

“സമൂഹം മുഖംതിരിക്കുന്ന അല്ലെങ്കില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാത്ത എത്രയെത്ര കുഷ്ഠരോഗ ഗ്രാമങ്ങള്‍ ബീഹാറിലുണ്ടെന്നോ,” നിഷ പറയുന്നു. ഇന്‍ഡ്യയില്‍ തന്നെ ഏറ്റവുമധികം കുഷ്ഠരോഗികളുള്ള ബീഹാറിലെ ചില ഗ്രാമങ്ങളിലേക്കാണ് അമ്മാവന്‍ എം എ രാമദാസ് നിഷയെ കൊണ്ടുപോയത്.

വിദ്യാഭ്യാസ ചെലവുകള്‍ക്ക് വരുമാനം കണ്ടെത്തുന്നതിനു വേണ്ടിയാണ് നിഷ അമ്മാവന്‍ ബീഹാറില്‍ നടത്തിയിരുന്ന റഹ്ബോത് മിഷന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളെ പഠിപ്പിക്കാന്‍ തുടങ്ങുന്നത്. ഒഴിവുസമയങ്ങളിലായിരുന്നു പഠിപ്പിക്കല്‍. “അങ്ങനെ, അദ്ദേഹത്തിന്‍റെ വഴിയിലൂടെ ഞാനും സഞ്ചരിച്ചു തുടങ്ങി,” നിഷ പറയുന്നു.

കുഷ്ഠരോഗികളുടെ ഗ്രാമത്തിലേക്ക് ഭക്ഷണവും മരുന്നുമൊക്കെയായി രാമദാസ് പോകുമായിരുന്നു. അതിനൊപ്പം നിഷയും ചേര്‍ന്നു. “ആ മനുഷ്യന്‍ എനിക്കു പകര്‍ന്നുതന്ന പാഠങ്ങളില്‍ ഏറ്റവും വലുത്…. അവര്‍ക്ക് ഒരു നേരത്തേ ആഹാരവുമായി പോകുന്ന അമ്മാവന്‍ എനിക്കു വഴികാട്ടിയായി… പൊതുസമൂഹം പൊതുവെ ഭയത്തോടെ കാണുന്ന അത്തരം ഗ്രാമങ്ങളിലേയ്ക്ക് (കുഷ്ഠരോഗം പടരുമോയെന്ന പേടി കാരണം പൊതുജനങ്ങള്‍ സാധാരണ അവിടേയ്‌ക്കൊന്നും പോകാറില്ല) ഭക്ഷണവും മരുന്നുമായി അമ്മാവനൊപ്പം ഞാനും ചെന്നു,” നിഷ തുടരുന്നു.

ഡോ. നിഷ ആദിവാസി ഗ്രാമങ്ങളില്‍

“ബീഹാറിലെ കുഷ്ഠ രോഗികളുടെ നരകതുല്യമായ ജീവിതം എന്‍റെ വിദേശ മോഹങ്ങളെ ഇല്ലാതാക്കുകയായിരുന്നു. മാത്രമല്ല, തമസ്‌ക്കരിക്കപ്പെട്ടു പോകുന്ന ജീവിതങ്ങളുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കാനെന്നെ പ്രചോദിപ്പിച്ചതും ആ പ്രവര്‍ത്തനങ്ങള്‍ തന്നെ. ബിഹാറില്‍ നിന്ന് കേരളത്തിലേക്ക് തിരികെയെത്തിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ ഗ്രാമങ്ങളിലെ ഒന്‍പതു കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പണം ഞാന്‍ എന്‍റെ തുച്ഛമായ വരുമാനത്തില്‍ നിന്നും പങ്കിട്ടു നല്‍കുന്നുണ്ട്. അവരുടെ അതിജീവനം, എല്ലാത്തിനേയും നേരിടാന്‍ അവരെ കരുത്തരാക്കുക…ഇതൊക്കെ എന്‍റെ സ്വപ്നങ്ങളാണ്,” ബീഹാറിലെ ആ ഗ്രാമങ്ങളിലെ കുട്ടികളും മുതിര്‍ന്നവരും ഡോക്ടര്‍ ദീദി എന്ന് വിളിക്കുന്ന നിഷ പറയുന്നു.

കേരളത്തില്‍ തിരിച്ചെത്തി എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ ക്ലിനിക് തുടങ്ങിയെങ്കിലും ഇടയ്കിടെ ഡോ. നിഷ കാടുകയറും, ഇപ്പോഴും ഗുഹകളിലും അളകളിലും ജീവിക്കുന്ന നിലമ്പൂരിലെ ചോല നായ്ക്കരെയും മറ്റും തേടി.


ഗോത്ര മനുഷ്യരുടെ അതിജീവനത്തിന് നിങ്ങള്‍ക്കും സഹായിക്കാം. ആദിവാസി സ്ത്രീകള്‍ തുന്നിയെടുത്ത മനോഹരമായ കുഷന്‍ കവറുകള്‍ വാങ്ങാം,shop.thebetterindia.com-ല്‍ നിന്ന്.

“വിശപ്പു സഹിക്കാന്‍ വയ്യാതെ തൂങ്ങി മരിച്ച ശ്രുതി എന്ന ആദിവാസി പെണ്‍കുട്ടിയുടെ വാര്‍ത്ത വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏതോ പത്രത്താളുകളില്‍ കാണാനിടയായി. ആദിവാസി-ഗോത്ര സമൂഹങ്ങളുടെ സേവനത്തിനായി പ്രവര്‍ത്തിക്കണമെന്ന് തീരുമാനിക്കാന്‍ പ്രേരിപ്പിച്ച വാര്‍ത്തയായിരുന്നു അത്,” ഡോ. നിഷ പറയുന്നു.

ആദിവാസി ഊരുകളില്‍

“നരകജീവിതമെന്നതിന് ആദിവാസി ജീവിതമെന്ന പര്യായമല്ലാതെ ഒന്നും എനിക്കും പറയാനില്ല. അതിനൊരു കാരണമായി ഞാനൊരു കാര്യം പറയാം. ആദിവാസി കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ട്. പക്ഷെ അവരില്‍ തന്നെയുള്ള നിരവധി വിഭാഗങ്ങളില്‍ പണിയ, അടിയ, കാട്ടുനായ്ക്കര്‍, കുറുമ, എന്നീ വിഭാഗങ്ങള്‍ പള്ളിക്കുടത്തിനുപുറത്താണ്. അതിനും അപ്പുറം പറഞ്ഞാല്‍ കുട്ടികള്‍ സ്‌കൂളിലേക്കെത്തുന്നത് ഉച്ചക്കഞ്ഞി കുടിക്കാനാണ്.


അവരുടെ വിശപ്പിന്‍റെ കാഠിന്യം ഇതിനുമപ്പുറം വിശദീകരിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല.


“നിലമ്പൂരിലെ കാട്ടുനായ്ക്കരും ചോലനായ്ക്കരും കേരളത്തിലെ മറ്റ് ആദിവാസി-ഗോത്ര സമൂഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമൂഹത്തിലേയ്ക്ക് ഇറങ്ങിവരാനും നാട്ടുകാരോട് ഇടപെടാനും മടികാണിക്കാറുണ്ട്. ഉള്‍ക്കാടുകളിലാണ് അവര്‍ ജീവിക്കുന്നത്. സ്ത്രീകള്‍ പൊതുസമൂഹവുമായി യാതൊരു തരത്തിലും ഇടപെഴകാറില്ല. മാത്രമല്ല പുറത്തു നിന്ന് ആരെങ്കിലും അവരുടെ വാസസ്ഥലങ്ങളില്‍ കയറിയാല്‍ അത് കത്തിച്ചു കളയണമെന്ന വിശ്വാസവും പൊതുവെ അവര്‍ക്കിടയിലുണ്ട്,” ഡോ. നിഷ പറയുന്നു.

ആദിവാസി ഊരുകളില്‍

“അവരുടെ പട്ടിണി അവര്‍ അകറ്റിയിരുന്നത് മുണ്ടു മുറുക്കിയുടുത്തും വെറ്റിലമുറുക്കിയുമാണ്. അവര്‍ക്കിടയിലേയ്ക്കാണ് ഞാന്‍ ആദ്യമായി കടന്നു ചെല്ലുന്നത് എന്‍റെ ഗവേഷണവുമായി ബന്ധപ്പെട്ടായിരുന്നു. പിന്നെ മെഡിക്കല്‍ ക്യാമ്പുകളിലൂടെ ഊരുകളുടെ ജീവിതം ഞാന്‍ മനസിലാക്കിത്തുടങ്ങി. നാം വിചാരിക്കുന്നതിലും എന്തൊരു വിമുഖതയായിരുന്നെന്നോ, ആദ്യമൊക്കെ,” ആദിവാസി ഊരുകളിലേക്ക് ആദ്യം പോയതിനെക്കുറിച്ച് നിഷ.

“പക്ഷെ, കുറച്ചു മരുന്നുകള്‍ മാത്രമായി അവരുടെ ഇടയിലേക്ക് കടന്നു ചെല്ലുന്നത് അത്ര സുഖകരമായി എനിക്കു തോന്നിയില്ല. കാരണം നമ്മെ വിശ്വാസമില്ലാത്തവര്‍ നാം നല്‍കുന്ന മരുന്നിനെ എങ്ങനെ വിശ്വസിക്കും. പിന്നെ അവരുമായി പതിയെ പതിയെ അടുക്കാനുള്ള വഴികള്‍ ആലോചിച്ചു തുടങ്ങി,” ഡോ. നിഷ പറഞ്ഞു.


ഇതുകൂടി വായിക്കാം: കൂട്ടിന് പുലിയും കാട്ടുപോത്തും, കെട്ടും മറയുമില്ലാത്ത ഈറ്റപ്പുരയില്‍ മുരളി മാഷ് ഒറ്റയ്ക്കിരുന്ന് എഴുതിത്തീര്‍ത്ത ഗോത്രചരിത്രം


അരവയറു പട്ടിണിയുമായി നടക്കുന്നവരുടെ ഹൃദയങ്ങള്‍ കീഴടക്കാന്‍ ഭക്ഷണമല്ലാതെ മറ്റൊരു വഴിയില്ലെന്ന് അവര്‍ക്ക് മനസ്സിലായി. “ആദ്യമൊക്കെ എന്നില്‍ നിന്നവര്‍ ഓടി മറഞ്ഞിരുന്നു. ആദ്യത്തെ മെഡിക്കല്‍ ക്യാമ്പ് കഴിഞ്ഞതോടെ പിന്നെ ഊരുകള്‍ കയറുമ്പോള്‍ അവര്‍ക്കുള്ളതു കൂടി കരുതാന്‍ മറക്കാറില്ല. പ്രത്യേകിച്ച് ബിരിയാണിയെന്നു നാം വിളിക്കുന്ന മഞ്ഞച്ചോറ് അവര്‍ക്ക് ഏറെ പ്രിയമാണ്. അങ്ങനെ പതിയെ പതിയെ അവരുമായി സൗഹൃദം സ്ഥാപിച്ചു,” നിലമ്പൂരിലെ കാട്ടുചോലനായ്ക്കരുള്‍പ്പടെയുള്ള ആദിവാസി സമൂഹങ്ങളോട് സൗഹൃദത്തിലായതിനെപ്പറ്റി നിഷ വിവരിച്ചതിങ്ങനെയാണ്.

ആദിവാസി ഊരുകളില്‍

“പിന്നെ ചികില്‍സയിലൂടെയൊക്കെ എനിക്കു ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് ഞാന്‍ കാടുകയറും. വണ്ടിക്കൂലിയ്ക്കു മാത്രം പണം മാറ്റിവെച്ച് മലയിറങ്ങും.


ചികില്‍സയിലൂടെ കിട്ടുന്ന പണം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഞാന്‍ ഉപയോഗിക്കാറുള്ളത്. അതിനായി ഞാന്‍ ആരുടെ മുന്നിലും തലകുനിക്കാറില്ല.


“ആദ്യ ഏഴുവര്‍ഷക്കാലവും എന്‍റെ അധ്വാനത്തിന്‍റെ വിലയാണ് ഞാനവര്‍ക്കായി നീക്കിവെച്ചത്. ഇപ്പോള്‍ എന്‍റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി അതില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്ന സുമനസുകളുടെ സഹായവും എനിക്ക് ലഭിക്കുന്നുണ്ട്,” നിഷ തുടരുന്നു.

ആദിവാസി ഊരുകളുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ക്യാമ്പുകളൊക്കെ സജീവമാണെങ്കിലും വിശപ്പെന്ന അടിസ്ഥാന പ്രശ്നം പരിഹരിക്കാതെ അവര്‍ക്ക് മരുന്നു നല്‍കിയിട്ടു യാതൊരു കാര്യവുമില്ലെന്നാണ് നിഷ പറയുന്നത്.  “മരുന്നിനേക്കാള്‍ ഭക്ഷണമാണ് അവരുടെ ആവശ്യവും. അമ്മാ നീങ്ങളീ തന്നിട്ടു പോകുന്ന മരുന്നൊന്നും ഞങ്ങള് കഴിക്കാറില്ല കാടുകയറി ചെന്ന് അവരോട് കൂട്ടുകൂടിയ കാലത്ത് അവരെന്നോട് പറഞ്ഞതാണിത്,” അവര്‍ സ്വന്തം അനുഭവത്തില്‍ നിന്ന് പറയുന്നു.

ഒരു മെഡിക്കല്‍ ക്യാമ്പ്.

വയനാട്ടിലും പാലക്കാട്ടും തിരുവനന്തപുരത്തും മൂന്നാറും തുടങ്ങി കേരളത്തിലെ പല ജില്ലകളിലെയും ആദിവാസി ഊരുകളില്‍ നിഷ ഇപ്പോള്‍ സുപരിചിതയാണ്. പൊലീസ്, ഫോറസ്റ്റ്, ആദിവാസി-ഗോത്ര ക്ഷേമ വിഭാഗം തുടങ്ങി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഇപ്പോള്‍ നിഷ കാടുകയറുന്നത്.


ഇതുകൂടി വായിക്കാം: കാന്‍സറുമായി നിരന്തരയുദ്ധം, എന്നിട്ടും നിര്‍ത്താതെ ഒരുമിച്ചുള്ള യാത്രകള്‍: കണ്ണീരണിയാതെ എങ്ങനെ വായിച്ചുതീര്‍ക്കും, ഇവരുടെ പ്രണയകഥ?


“ഊരുകളില്‍ എന്‍റെ മരുന്നുകള്‍ക്ക് ഏറെ പ്രിയമാണ്. പലപ്പോഴും ഞാന്‍ ചെല്ലുന്നതിനായി അവര്‍ കാത്തിരിക്കാറുണ്ട്. തീയതിയൊക്കെ നോക്കിവെക്കുന്നവര്‍ അവിടെ കുറവാണ്. എന്തോ കുത്തുകളുപയോഗിച്ചാണ് അവര്‍ ദിവസങ്ങളെ പിന്തുടരുന്നത്.

“അതുകൊണ്ട് തന്നെ ഞാനൊരു തീയതിയൊക്കെ പറഞ്ഞു തിരികെ മലയിറങ്ങിയാല്‍ അവര്‍ ആ ദിവസമൊക്കെ കാത്തിരിക്കും. ഒരു പക്ഷെ എത്തിപ്പെടാന്‍ പറ്റാത്ത സാഹചര്യമുണ്ടായാല്‍ പിന്നെ ചെല്ലുമ്പോള്‍ നിഷാമ്മ വരുന്നതു വരെ ഞങ്ങള്‍ കാത്തിരുന്നു എന്നൊക്കെ പറയും. അവര്‍ക്കെന്നേയും എന്‍റെ മരുന്നിനേയും പറ്റി അത്ര വിശ്വാസമുള്ളതുകൊണ്ടാണല്ലോ ആ കാത്തിരുപ്പ്. പിന്നെ പലരും തോറ്റിടത്ത് വളരെ ആത്മവിശ്വാസത്തോടെയാണ് ഞാനവിടെയെത്തിയത്. അതിന് കൃത്യമായ ഫലമുണ്ടാകുകയും ചെയ്തു,”നിഷ വ്യക്തമാക്കുന്നു.

വൃദ്ധനായ രോഗിയുമായി ആശുപത്രിയിലേക്ക്.

വൈദ്യകുടുംബത്തില്‍ നിന്ന്…

“കൊല്ലം ജില്ലയിലെ പ്രശസ്തമായ സ്രായിക്കാട്ട് വൈദ്യ കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. അച്ഛന്‍റെ അമ്മ ട്രാവന്‍കൂര്‍ മെഡിക്കല്‍ കൗണ്‍സിലില്‍ നിന്നും വിഷവൈദ്യത്തില്‍ വിശാരദപട്ടം നേടിയ ആദ്യവനിതയായ ജാനകി അമ്മയാണ്. 1931-ലാണത്.  ഉന്നതവിദ്യാഭ്യാസം പോയിട്ട് വിദ്യാഭ്യാസം പോലും വനിതകള്‍ക്ക് അന്യമായ അക്കാലത്താണ് ഉന്നത വിദ്യാഭ്യാസവുമായി അച്ഛാമ്മ വിഷചികില്‍സയുമായി എത്തുന്നത്.

‍ ഡോ. നിഷയുടെ അച്ഛാമ്മ ജാനകിക്ക് കിട്ടിയ സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പി. ഒപ്പം കൊട്ടാരത്തില്‍ നിന്ന് അയച്ച അഭിനന്ദനക്കത്തും.

“ചെറിയ കുട്ടിയായിരുന്നപ്പോള്‍ തന്നെ അച്ഛാമ്മയുടെ കുട്ടിയായിരുന്നു ഞാന്‍. സ്‌കൂളില്ലാത്ത സമയമങ്ങളില്‍ അച്ഛാമ്മയുടെ ഒരു ഉപഗ്രഹം പോലെ ഞാന്‍ ചികില്‍സാ മുറിയില്‍ ചുറ്റിത്തിരിഞ്ഞു. നാട്ടുവൈദ്യത്തേക്കുറിച്ചൊക്കെയുള്ള ആദ്യ അറിവുകള്‍ കിട്ടുന്നത്. ഒരിക്കല്‍ മെഡിക്കല്‍ കോളേജില്‍ നിന്നു പോലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ രാംദാസ് എന്നൊരാള്‍ പാമ്പുകടിയേറ്റ നിലയില്‍ വീട്ടില്‍ ചികില്‍സയ്ക്കെത്തി. വളരെയേറേ വിഷമേറ്റ നിലയിലാണ് അയാളെകൊണ്ടു വന്നത്. ഏതാണ്ട് ഒരാഴ്ചയ്ക്കുള്ളില്‍ അയാളെ പഴയപടിയാക്കി തിരിച്ചയക്കാനായി,” വൈദ്യത്തിലെ പാരമ്പര്യം ഇതാണെന്ന് നിഷ പറയുന്നു.

“പിന്നെയൊരിക്കല്‍ അമിത രക്തസ്രാവവുമായി വന്നയൊരു സ്ത്രീയെ തൊടിയില്‍ നിന്നും പറിച്ചെടുത്ത ചെമ്പരത്തിപ്പൂവിന്‍റെ നീരുകൊണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍വ്വസ്ഥിതിയിലാക്കിയ അച്ഛാമ്മയുടെ കൈപ്പുണ്യം, ഇതെല്ലാം കണ്ടു കൊണ്ട് ഞാന്‍ വളരുകയായിരുന്നു. ശരിക്കും അദ്ഭുതം തോന്നിയിട്ടുണ്ട്,”നിഷ ബാല്യകാലത്തെക്കുറിച്ച് വിവരിച്ചതിങ്ങനെ..

ആദിവാസി ഊരുകളില്‍

പക്ഷെ, ആദ്യകാല വൈദ്യര്‍ കുടുംബം അത്താഴപ്പട്ടിണിയാണോ അരപ്പട്ടിണിയാണോയെന്ന് വന്നുകയറുന്നവര്‍ നോക്കാതിരുന്ന കാലം.


എത്ര പട്ടിണിയാണെങ്കിലും വരുന്നവരുടെ പോക്കറ്റിന്‍റെ കനം നോക്കാതെ തൃപ്തികരമായ രീതിയില്‍ ചികില്‍സ നല്‍കിയിരുന്നു.


ഇലക്ട്രോ ഹോമിയോപ്പതിയെന്ന ചികില്‍സാരീതി പഠിക്കുന്നതിന് പ്രേരിപ്പിച്ചവയില്‍ മറ്റു ചില ഘടകങ്ങളും ഉണ്ടായിരുന്നുവെന്ന് അവര്‍ പറയുന്നു. “ചെറുപ്പത്തില്‍ പൊടിയുടെ കടുത്ത അലര്‍ജി മൂലം എന്‍റെ മുടികൊഴിഞ്ഞുപോയിരുന്നു. ഞാനോര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്ത നാളുകളാണത്. തലയില്‍ വെപ്പുമുടിയുമായാണ് സ്‌കൂളില്‍ പോയിരുന്നത്. സഹപാഠികളുടെ കളിയാക്കലുകള്‍… അങ്ങനെ മുടിവളരാന്‍ പലമരുന്നുകളും പരീക്ഷിച്ചു. അവസാനം അച്ഛാമ്മ ചില പച്ചമരുന്നുകളുടെ കൂട്ടുപയോഗിച്ച് കാച്ചിത്തന്ന എണ്ണ ഫലിച്ചു. അതുപയോഗിച്ച് ഒരു മാസത്തിനുള്ളില്‍ തന്നെ അതിന്‍റെ ഫലം കാണാന്‍ തുടങ്ങി.

“അങ്ങനെ പാരമ്പര്യമായി പകര്‍ന്നു കിട്ടിയ ചികില്‍സാ സമ്പ്രദായവും ഒപ്പം എന്‍റെ അമ്മ പഠിച്ചിരുന്ന ഹോമിയോപ്പതിയും ചേര്‍ത്ത് പുതിയൊരു വൈദ്യശാസ്ത്ര ശാഖ ഞാന്‍ ഉപരിപഠനത്തിനായി കണ്ടെത്തുകയായിരുന്നു. അങ്ങനെ എന്‍റെ അന്വേഷണം ഇലക്ട്രോ ഹോമിയോപ്പൊതിയിലേക്കെത്തി(Electro Homoeopathyis a plant-orientated system of herbal medicine). പച്ചില മരുന്നുകളെ കുഴമ്പുരൂപത്തിലാക്കിയശേഷം ഹോമിയോപ്പതി രൂപത്തില്‍ മരുന്നു നല്‍കുന്നു,” നിഷ വിശദമായി പറഞ്ഞു തന്നു.

അലോപ്പൊതിയോ ഹോമിയോപ്പൊതിയോ, ആയുര്‍വ്വേദമോ പോലെ വളര്‍ന്നു പന്തലിക്കാത്ത വൈദ്യശാസ്ത്ര ശാഖയാണിത്. ഇലകളുടെ ചാറാണ് ഇലക്ട്രോ ഹോമിയോപ്പൊതിയിലെ മരുന്നിന്‍റെ പ്രധാന ഘടകങ്ങളിലൊന്ന്. ആയുര്‍വ്വേദം അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തുന്ന മരുന്നുകള്‍ ഹോമിയോ രൂപത്തിലാക്കി നല്‍കും, അവര്‍ കൂട്ടിച്ചേര്‍ത്തു.

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലാണ് ഇലക്ട്രോ ഹോമിയോപ്പൊതി ചികില്‍സാ കേന്ദ്രമായ പൈതൃക ക്ലിനിക്ക് നിഷ സ്ഥാപിച്ചത്. ആദ്യമൊക്കെ ആളുകള്‍ വരാന്‍ വിമുഖത കാട്ടിയിരുന്നെങ്കിലും കേട്ടറിഞ്ഞ് ആളുകള്‍ എത്തിത്തുടങ്ങി.

ഒരു മെഡിക്കല്‍ ക്യാമ്പ്.

അതിജീവനം

പഠനകാലത്ത് ബീഹാറില്‍ നിന്നാണ് സേവനരംഗത്തേയ്ക്ക് നിഷ കടക്കുന്നതെങ്കിലും സഹോദരന്‍റെ കരള്‍ രോഗമാണ് നിഷയെ സേവനമേഖലയുമായി കൂടുതല്‍ അടുപ്പിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ചികില്‍സയ്ക്കിടയില്‍ സഹോദരന്‍റെ സര്‍ജറിക്കാവശ്യമായ രക്തം കണ്ടെത്തുന്നതിനു വേണ്ടിയുള്ള ഫോണ്‍വിളികള്‍ ഓള്‍ കേരളാ ബ്ലഡ് ഡോണേഴ്സ് അസോസിയേഷനുമായി നിഷയെ അടുപ്പിച്ചു. പിന്നെ നിഷ അതിന്‍റെ ഭാഗമാവുകയും അസോസിയേഷനും ജില്ലാ പഞ്ചായത്തും ഒരുമിച്ച് നടത്തുന്ന പ്രൊജക്ടായ ബ്ലഡ് ഫോര്‍ ബേബിയുടെ സ്റ്റേറ്റ് കോര്‍ഡിനേറ്ററാണ്. പ്രസവസമയത്ത് രക്തം അടിയന്തരമായി രക്തം ആവശ്യം വരുന്ന സ്ത്രീകള്‍ക്ക് രക്തം എത്തിക്കുന്ന പദ്ധതിയാണിത്.

“തുടര്‍ന്നാണ് പറവൂരില്‍ ഏജ് ഫ്രണ്ട്ലി പദ്ധതി ആരംഭിക്കുന്നത്. (ഏജ് ഫ്രണ്ട്ലി എറണാകുളം മിഷന്‍റെ ഭാഗമാണ്) വയോജനങ്ങള്‍ക്ക് ടാക്സിയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതിന്‍റെയും കോര്‍ഡിനേറ്ററായിരിക്കാന്‍ എനിക്കവസരം ലഭിച്ചു. തനിച്ച് യാത്ര ചെയ്യാന്‍ പ്രയാസമുള്ള വയോധികര്‍ക്കു വേണ്ടി ടാക്സി പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. അവരെ ആശുപത്രിയിലെത്തിക്കുക, ആരാധനാലയങ്ങളില്‍ കൊണ്ടുപോകുക, ബന്ധുവീടുകളില്‍ കൊണ്ടുപോകുക തുടങ്ങിയ കാര്യങ്ങളാണ് ഏജ് ഫ്രണ്ട്ലി മിഷന്‍റെ ഭാഗമായ സീനിയര്‍ ടാക്സികൊണ്ട് ഉദ്യേശിക്കുന്നത്. ഓട്ടോ ഡ്രൈവര്‍മാര്‍ തന്നെ ഏറ്റെടുത്ത് അവരെ സംരക്ഷിക്കുന്നു,” നിഷ പറഞ്ഞു.

മുതിര്‍ന്ന പൗരന്‍മാര്‍ക്കു വേണ്ടി നടത്തി വരുന്ന അത്ലറ്റിക് മീറ്റിന്‍റെയും കോര്‍ഡിനേറ്റര്‍മാരിലൊരാളാണ് ഈ ഡോക്ടര്‍. മാത്രമല്ല കൊച്ചിയിലെ നാല്പതു കുടുംബങ്ങള്‍ക്ക് ഒരു മാസത്തേക്കുള്ള ഭക്ഷ്യഉല്‍പന്നങ്ങള്‍  വിതരണം ചെയ്യുന്നതില്‍ നിഷ മുന്‍കൈ എടുത്തു. തുച്ഛമായ വരുമാനത്തില്‍ നിന്ന് പകുത്തുനല്‍കി ബീഹാറിലെ ഒന്‍പത് കുഞ്ഞുങ്ങള്‍ക്കും കേരളത്തിലെ ഒന്‍പതു വിദ്യാര്‍ത്ഥികള്‍ക്കും ഡോ നിഷ രക്ഷകയാവുന്നു.

മാജിക്‌സ് എന്ന സംഘടനയുടെ സ്ഥാപകനും കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ പബ്ലിക് ഹെല്‍ത് ചീഫും ജെറിയാട്രിക് വിഭാഗം തലവനുമായ  ഡോക്ടര്‍ പ്രവീണ്‍ ജി പൈയെ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിഷ സഹായിക്കുന്നുണ്ട്.

ഡോ.പ്രവീണ്‍ ജി പൈയുടെ  ഭാര്യ ലത, നിഷയുടെ സുഹൃത്ത് ജോണ്‍സ് അഗസ്റ്റിന്‍, ബാലു, ബോണി, സുധീര്‍ ബാബു എന്നിവര്‍ നാട്ടിലെ സേവനപ്രവര്‍ത്തനങ്ങളിലും (മജീദ്,ബിബിന്‍ -എമര്‍ജന്‍സി റെസ്‌ക്യൂ യൂണിറ്റ്), ഓള്‍ കേരളാ ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷന്റെ പ്രധാന അംഗം ജാഫര്‍, അഡ്വ.ആശീശ്, സെര്‍ണാസ് കല്പറ്റ ,ജുബിന്‍ യാക്കൂബ്, മനു മുരളി, അനീഷ് എ കെ എസ്, മാനു, ലുലു ഷെബീര്‍, ബിബിന്‍ താമരത്തൊടി,  എന്നിവരൊക്കെ നിഷയുടെ വനമേഖലകളിലെ പ്രവര്‍ത്തനങ്ങളിലും ഒപ്പം നില്‍ക്കുന്നു.

വിഷമേറ്റ പ്രളയം

ആദിവാസി ഊരുകളില്‍

കഴിഞ്ഞ പ്രളയകാലത്തിന്‍റെ ഒരാണ്ട് തികയുമ്പോഴാണ് ഞങ്ങള്‍ ഡോ. നിഷയോട് സംസാരിക്കുന്നത്. ആ ദുരന്തത്തിന്‍റെ വ്യാപ്തി അവരുടെ ഹൃദയത്തിലും ശരീരത്തിലും മുറിവുകള്‍ അവശേഷിപ്പിക്കുന്നുണ്ടെന്ന് ഓരോ വാക്കിലും വ്യക്തമായിരുന്നു.

“വടക്കന്‍ പറവൂരിലെ ക്ലിനിക്കില്‍ ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴാണ്, തഹസീല്‍ദാര്‍ എം എച്ച് ഹരീഷിന്‍റെ  നേതൃത്വത്തിലുള്ള സംഘം സര്‍ക്കാര്‍ ജീവനക്കാരുടെയും പൊതുപ്രവര്‍ത്തകരുടേയും സാമൂഹ്യപ്രവര്‍ത്തകരുടെയും യോഗം വിളിക്കുന്നത്. ഉടനെ ഞാന്‍ അവിടെയെത്തി. നാട്ടുകാരെ ക്യാമ്പുകളിലേയ്ക്ക് മാറ്റുന്നതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത് എന്നും അടിയന്തരയോഗത്തില്‍ തീരുമാനമായി.

“പെട്ടെന്ന് ഓടിപ്പോരുമ്പോള്‍ ക്ലിനിക്ക് അടയ്ക്കാന്‍ മറന്നു. സുഖമില്ലാതിരിക്കുന്ന അമ്മയേക്കുറിച്ചും ഓര്‍ത്തില്ല.

ഭക്ഷണവും അവശ്യവസ്തുക്കളുമായി ആദിവാസി ഊരുകളില്‍

“രാത്രി  വൈകിയാണ് വീട്ടിലെത്തിയത്. അപ്പോള്‍ വീണ്ടും ഫോണിലേക്ക് വിളി… കുഞ്ഞുങ്ങളുള്‍പ്പടെയുള്ള സംഘം പറവൂരിലെ ഒരു വീട്ടില്‍ കുടുങ്ങിക്കിടങ്ങുന്നു. ഓരോ മിനിറ്റിലും വെള്ളം അതിവേഗത്തില്‍ കയറിവരികയാണ്. അമ്മയെ സുരക്ഷിത സ്ഥാനത്തേക്കുമാറ്റി. എന്നിട്ട് അവിടുത്തെ ഒരു സംഘത്തിനൊപ്പം വീണ്ടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങി,”നിഷ ആ പ്രളയകാലം ഓര്‍ക്കുന്നു.

പറവൂരിലെ സംഘത്തിനെ രക്ഷിക്കാന്‍ വേണ്ടി പൊലീസിനും സന്നദ്ധപ്രവര്‍ത്തകര്‍ക്കും സന്ദേശം കൈമാറി. പിന്നെ അവിടേക്കൊരോട്ടമായിരുന്നു. ഓട്ടോയിലാണ് ഞാനുള്ളത്. മുന്നിലൊന്നും കാണാന്‍ കഴിയുന്നില്ല. ഓട്ടോയ്ക്കും മുന്നോട്ട് പോകാന്‍ കഴിയുന്നില്ല. പക്ഷെ ദൂരെ നിന്ന് ഒരു ടോര്‍ച്ചിന്‍റെ വെട്ടമൊക്കെ കാണുന്നുണ്ട്. രക്ഷാ പ്രവര്‍ത്തകരോടൊപ്പം അരയ്ക്കൊപ്പം വെള്ളത്തിലേയ്ക്ക് ഇറങ്ങി. മുന്നില്‍ ഒഴുകിപ്പരന്നു കിടക്കുന്നതിനെപ്പറ്റി ചിന്തിച്ചില്ല. കാതില്‍ മുഴുങ്ങിക്കേള്‍ക്കുന്നത് പിഞ്ചുകുഞ്ഞുങ്ങളുടെ നിലവിളി മാത്രം. കാല് നിലത്തുറയ്ക്കുന്നില്ല. എങ്കിലും മുന്നോട്ടുനീങ്ങി.

ഡോ. നിഷയും സന്നദ്ധ പ്രവര്‍ത്തകരും

“എന്‍റെ കൂടെയുള്ളവര്‍ മുതിര്‍ന്നവരെ എടുത്തു. ഞാന്‍ രണ്ടു കുഞ്ഞുങ്ങളേയുമെടുത്ത് മുന്നോട്ടുനീങ്ങി. നെഞ്ചോളം വെള്ളത്തിലൂടെ കഴുത്തിലിരുത്തിയാണ് അവരെ കൊണ്ടുവരുന്നത്. നേരേ നോക്കുമ്പോള്‍ ഒരു കൂട്ടം പാമ്പുകള്‍ പ്രാണരക്ഷാര്‍ത്ഥം ഇഴഞ്ഞുവരുന്നു. കൈയ്യിലെ കുഞ്ഞുങ്ങളുടെ മുഖവും അവരുടെ സുരക്ഷയും ഓര്‍ത്തപ്പോള്‍ പാമ്പ് ഒന്നുമായി തോന്നിയില്ല. അവരെ എങ്ങനെയോ ക്യാമ്പിലെത്തിച്ചു. അപ്പോഴാണ് എന്തോ അസ്വാഭാവികത എനിക്ക് തോന്നിയത്… ഒരു പാമ്പ് ശരീരത്തില്‍ നിന്ന് ഇഴഞ്ഞു താഴെയിറങ്ങി. ശരീരം ആകെ വിറയ്ക്കുന്നതു പോലെ തോന്നി. പക്ഷെ നിസാഹയരായി നിലവിളിയ്ക്കുന്ന മനുഷ്യരുടെ മുന്നില്‍ പാമ്പ് നിസാരമായി തോന്നി.

“ഇട്ട ഡ്രസില്‍ രണ്ടു ദിവസം മുഴുവന്‍ രക്ഷാപ്രവര്‍ത്തനം. പിന്നെ കൈയ്യില്‍ കിട്ടിയ ഒരു ഡ്രസുമായി വസ്ത്രം മാറാന്‍ പോയി. വെള്ളത്തില്‍ നനഞ്ഞ് കുതിര്‍ന്ന് ശരീരമാകെ പൊട്ടിയിട്ടുണ്ട്. പിന്നെ നോക്കുമ്പോള്‍ പാമ്പു കയറിയ ഭാഗത്ത് ചോര പൊടിയുന്നു. വിഷം തീണ്ടിയില്ലെങ്കിലും വിഷമേറ്റിട്ടുണ്ടെന്ന് എനിക്കു മനസിലായി. ശരീരത്തില്‍ ഇപ്പോഴും ആ വിഷബാധയുണ്ട്…,”നിഷ പറയുന്നു.


ഇതുകൂടി വായിക്കാം: ഇന്‍ഡ്യയിലെ ആദ്യ ഇലക്ട്രിക് കാര്‍ നിര്‍മിച്ചത് എറണാകുളം മുന്‍ കലക്റ്ററുടെ മകന്‍; മൈക്രോവേവ് അവന്‍ അടക്കം പലതും ആദ്യം അവതരിപ്പിച്ച സാഹസികന്‍


പ്രളയവാര്‍ഷികത്തിലാണ് നിഷയുമായി സംസാരിച്ചത്. പിന്നെ വീണ്ടും വിളിച്ചു. കാരണം വയനാട്ടിലും കണ്ണൂരും കോഴിക്കോട്ടും മൂന്നാറിലും ഈ വര്‍ഷവും പ്രളയം കനത്ത പ്രഹരമാണ് ഏല്‍പിച്ചത്. നിരവധി ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടുപോയി എന്ന വാര്‍ത്തകള്‍… നിഷയെ വീണ്ടും വിളിക്കുമ്പോള്‍ അവര്‍ വാര്‍ത്തയറിഞ്ഞ് ഈ ഊരുകളിലേയ്ക്ക് പോകാന്‍തയ്യാറെടുക്കുകയായിരുന്നു. സേവനസന്നദ്ധരായ ഒരു കൂട്ടം മനുഷ്യരും നിഷയെ അനുഗമിക്കുന്നുണ്ട്.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം