മട്ടാഞ്ചേരിക്കാരുടെ പ്രിയപ്പെട്ടവന്‍. മുഹമ്മദ് എന്നാണ് പേര്. തുണിക്കച്ചവടക്കാരനായിരുന്നു. ആരെയും എപ്പോഴും സഹായിച്ചിരുന്നൊരു മനുഷ്യന്‍. മുഹമ്മദിന് പക്ഷേ ബിസിനസില്‍ അടി പറ്റി.
പലരും കടത്തിനാണ് മുഹമ്മദില്‍ നിന്നു തുണിത്തരങ്ങള്‍ വാങ്ങിയിരുന്നത്. ‘പൈസ ഇപ്പോ ഇല്ലാ.. പിന്നെ തരാട്ടാ…’ ഈ വാക്കിനെ വിശ്വസിച്ച മുഹമ്മദിന് പക്ഷേ പലരും പൈസയൊന്നും തിരികെ കൊടുത്തില്ല. അത് ചോദിക്കാനും അദ്ദേഹത്തിന് വിഷമമായിരുന്നു. ഒടുവില്‍ തുണിക്കട പൂട്ടേണ്ടി വന്നു.
ഭാര്യ റുഖിയയും എട്ട് മക്കളുമുള്ള കുടുംബത്തെ കഷ്ടപ്പെട്ടാണ് മുഹമ്മദ് പോറ്റിയത്. ഈ കഷ്ടപ്പാടുകള്‍ക്കിടയിലും കാരുണ്യപ്രവര്‍ത്തികളിലും സജീവമായിരുന്നു. മുഹമ്മദ് ഇന്ന് ജീവിച്ചിരിപ്പില്ല. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം മരിച്ചു. ഈ മുഹമ്മദിനെ മലയാളികള്‍ക്ക് പരിചയമുണ്ടാകില്ല. പക്ഷേ നൗഷാദ് എന്ന അദ്ദേഹത്തിന്‍റെ മകന് ഇന്ന് ലോകമെങ്ങും ആരാധകരാണ്.
ദുരിതമഴയുടെ സങ്കട വാര്‍ത്തകള്‍ക്കിടയിലും ശ്രദ്ധിക്കപ്പെട്ടൊരു പേരാണിത്. നൗഷാദ്. സ്വന്തം കടയിലെ വസ്ത്രങ്ങള്‍ മുഴുവനും പ്രളയദുരിതത്തില്‍പ്പെട്ടവര്‍ക്കായി വാരിക്കൊടുത്ത മാലിപ്പുറംകാരന്‍ നൗഷാദ്. വൈപ്പിന്‍ മാലിപ്പുറം പനച്ചിക്കല്‍ പറമ്പില്‍ നൗഷാദ് നാടിന്‍റെ സ്നേഹ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുന്ന തിരക്കുകളിലാണിപ്പോള്‍.
പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com
വിശേഷണങ്ങളൊന്നും ആവശ്യമില്ലാത്ത മട്ടാഞ്ചേരിക്കാരന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് സംസാരിക്കുന്നു.
“കുറേ സ്ഥലത്ത് നിന്നു പലരും വിളിക്കുകയും നേരിട്ടെത്തി അഭിനന്ദിക്കുകയും ദാ..ഇപ്പോള്‍ കണ്ണൂരില്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാനിരിക്കുകയുമാണ്.
“ഈ തിരക്കുകളുണ്ടെങ്കിലും കടയിലെ കാര്യങ്ങളൊക്കെ നോക്കണ്ടേ. തത്ക്കാലം ഇക്കയും അനിയനും കൂടെയാണ് അതൊക്കെ നോക്കുന്നത്. അധികം വൈകാതെ എനിക്കെന്‍റെ കടയിലേക്ക് പോണം. പഴയതു പോലെ വഴിയോരത്തെ കടയില്‍ തുണി വില്‍ക്കാനിരിക്കണം. അതാണെന്‍റെ സന്തോഷം.
“ഞങ്ങള് ഒരു സാധാരണ കുടുംബമാണ്. വാപ്പയും ഉമ്മയും എട്ടുമക്കളുമൊക്കെയായി കഷ്ടപ്പെട്ടാണ് ജീവിച്ചത്. മട്ടാഞ്ചേരിയാണ് സ്വന്തം നാട്. വാപ്പയ്ക്ക് തുണിക്കച്ചവടമായിരുന്നു.
“പേരിനും പ്രശസ്തിയ്ക്കും വേണ്ടിയല്ല ആരെയെങ്കിലുമൊക്കെ സഹായിക്കുന്നത്. വാപ്പായ്ക്ക് മറ്റുള്ളവരെ സഹായിക്കുന്ന ഒരു സ്വാഭാവമായിരുന്നു. വാപ്പയില്‍ നിന്നാകും എനിക്ക് അങ്ങനെയൊക്കെ ചെയ്യാനുള്ള മനസ് കിട്ടിയതെന്നു തോന്നുന്നു.
വാപ്പായ്ക്കും തുണിക്കച്ചവടമായിരുന്നു. മട്ടാഞ്ചേരിയില്‍ വീടിന് അടുത്ത് ഒരു ചെറിയ തുണിക്കടയായിരുന്നു. വലിയ സാമ്പത്തികമൊന്നുമില്ല. അഷ്റഫ്, സുഹറ, നജീബ്, സൈനബ, ജുമൈല, റഫീഖ്, സലാം ഇവരാണ് സഹോദരങ്ങള്‍. കൂട്ടത്തില്‍ സുഹ്റ ജീവിച്ചിരിപ്പില്ല.
“കടം കടം കൊടുത്ത് കച്ചവടത്തില്‍ നിന്നും ലാഭം കിട്ടാതെയായി. നഷ്ടം വന്നാണ് അതൊക്കെ അവസാനിപ്പിച്ചത്. അന്നത്തെ സാഹചര്യത്തില്‍ പഠിക്കണമെന്നും തോന്നിയില്ല. മട്ടാഞ്ചേരി പാലസ് റോഡിലെ ഹാജി ഈസ ഹാജി മൂസ മെമ്മോറിയല്‍ സ്കൂളില്‍ ആറാം ക്ലാസ് വരേയെ പഠിച്ചുള്ളൂ. പിന്നെ വാപ്പായ്ക്കൊപ്പം കച്ചവടത്തിന് കൂടി.
“പിന്നെ ചെറിയ ബിസിനസുമൊക്കെ ചെയ്താണ് ജീവിച്ചത്. കല്യാണത്തിന് ശേഷമാണ് ഗള്‍ഫിലേക്ക് പോകുന്നത്. സൗദി അറേബ്യയിലേക്കായിരുന്നു. നജീബിക്കയും അനിയന്‍ സലാമും സൗദിയിലുണ്ടായിരുന്നു. ഞങ്ങള് മൂന്നാള്‍ക്കും ഒരുമിച്ച് തന്നെയായിരുന്നു ജോലി. ഫ്രൂട്ട് മാര്‍ക്കറ്റിലായിരുന്നു ഞങ്ങള്.
“മുവാറ്റുപുഴക്കാരിയാണ് ഭാര്യ നിസ. മൂത്തമകള്‍ ഫര്‍സാന ജനിച്ച് ആറു മാസം കഴിഞ്ഞപ്പോഴാണ് സൗദിയിലേക്ക് പോയത്. ഒമ്പത് വര്‍ഷം അവിടെയുണ്ടായിരുന്നു. സൗദിയില്‍ സ്വദേശിവത്ക്കരണം വന്നില്ലേ.. അതോടെ ഞങ്ങളുടെ ജോലി പോയി. എന്നെക്കാള്‍ മുന്‍പ് ഗള്‍ഫില്‍ പോയതാണ് നജീബിക്ക. ഇക്ക 13 വര്‍ഷം സൗദിയിലുണ്ടായിരുന്നു.”
ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിയ ശേഷമാണ് നൗഷാദ് തുണിക്കച്ചവടം ആരംഭിക്കുന്നത്. എറണാകുളം ബ്രോഡ്‍വേയില്‍ വഴിയോരക്കച്ചവടം. ആ കച്ചവടം ആരംഭിക്കുന്നതിന് എന്നെ ഒരാള് സഹായിച്ചിരുന്നുവെന്നു നൗഷാദ് പറയുന്നു.
“കറുകപ്പള്ളിക്കാരന്‍ സുലൈമാനിക്ക. സൗദിയില്‍ നിന്ന് രക്ഷയില്ലാതെയാണല്ലോ നാട്ടിലേക്ക് വരുന്നത്. അന്ന് എന്നെ സഹായിച്ച ഇക്കയാണിത്. കലൂര്‍ കറുകപ്പള്ളിയിലാണ് സുലൈമാനിക്കയുടെ വീട്,” വഴിയോരക്കച്ചവടത്തിലേക്കെത്തിയതിനെക്കുറിച്ച് നൗഷാദ്.
“പഴയ ഗള്‍ഫ് കാരനാണെങ്കിലും എന്തെങ്കിലും ജോലി ചെയ്യണമല്ലോ.. അല്ലാതെ പറ്റില്ലല്ലോ. അങ്ങനെയാണ് സുലൈമാനിക്കയുടെ അടുത്ത് വരുന്നത്. ജോലി നഷ്ടപ്പെട്ടു വന്ന എനിക്ക് സഹായം ചെയ്തു തന്ന മനുഷ്യനാണിത്.
“സുലൈമാനിക്കയുടെ കടയില്‍ നിന്നുള്ള തുണികളൊക്കെ ഓരോ കടകളില്‍ കൊണ്ടുപോയി കൊടുക്കുമായിരുന്നു. പക്ഷേ അതിലും ഒരു രക്ഷയില്ലായിരുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ എനിക്ക് കുറച്ചു തുണിത്തരങ്ങളൊക്കെ എടുത്ത് തന്നിട്ട് സുലൈമാനിക്ക പറഞ്ഞു, ഇതൊക്കെ ഫുട്പാത്തില്‍ കൊണ്ടുപോയി കച്ചവടം ചെയ്തോളൂന്ന്.
“അങ്ങനെ കുറച്ചുകാലം കച്ചവടം ചെയ്തു. ആള് ഇന്നില്ല.. അദ്ദേഹം മരണപ്പെടുന്നതിന് മുന്‍പ് തന്നെ ഞാന്‍ സ്വന്തമായി വഴിയോരക്കച്ചവടം ആരംഭിച്ചിരുന്നു.
“ബ്രോഡ്‍വേയില്‍ തുണിക്കച്ചവടം ആരംഭിക്കുന്നതിന് കാരണക്കാരനായതു ഈ മനുഷ്യനാണ്. ഇങ്ങനെയൊക്കെ പലരും എന്നെയും സഹായിച്ചിട്ടുണ്ട്.
“എന്നെ കൊണ്ടാകുന്നതു പോലെ പലരെയും സഹായിച്ചിട്ടുണ്ട്. വീട്ടുകാര്‍ക്കൊക്കെ അറിയാം. ഞാനിങ്ങനെയൊക്കെയാണെന്ന്. ആരും അറിയാന്‍ വേണ്ടിയല്ല ഈ വസ്ത്രങ്ങളൊക്കെ അവര്‍ക്ക് കൊടുത്തത്. കഴിഞ്ഞ പ്രളയത്തിലും ഇതുപോലെ പലര്‍ക്കും വസ്ത്രങ്ങള്‍ നല്‍കിയിട്ടുണ്ട്.
“ആരെങ്കിലുമൊക്കെ സഹായം ചോദിച്ചാല്‍ കൊടുക്കാതിരിക്കാനാകില്ല. നമ്മള്‍ വലതുകൈ കൊണ്ട് കൊടുക്കുന്നത് ഇടതു കൈ അറിയരുതെന്നാണല്ലോ.. എനിക്കും ആ വിശ്വാസം തന്നെയാണ്. അങ്ങനെ തന്നെയാണ് ഇത്തവണയും വസ്ത്രങ്ങള്‍ കൊടുത്തത്. പക്ഷേ എല്ലാവരും അറിഞ്ഞുവെന്നു മാത്രം.
“കുസാറ്റിലെ കുറച്ച് കുട്ടികളും രാജേഷ് ശര്‍മ്മ എന്നൊരു ചേട്ടനുമൊക്കെ ബ്രോഡ്‍വേയില്‍ സഹായം ചോദിച്ചു വന്നിരുന്നു. പ്രളയസഹായത്തിനാണ് അവര്‍ വന്നത്. പക്ഷേ ആരുമൊന്നും കൊടുക്കാത്ത പോലെ… അവര് യാചിക്കുന്ന പോലെ തോന്നി. അതുകണ്ടപ്പോള്‍ സങ്കടം തോന്നി.
“പക്ഷേ അതിനു മുന്‍പ് പലര്‍ക്കും വസ്ത്രം നല്‍കാമെന്നു ഓഫര്‍ ചെയ്തിട്ടുണ്ടായിരുന്നു. അപ്പോഴാണ് ഇവരെ കാണുന്നത്. എന്‍റെ കൂടെ വാ… നിങ്ങക്ക് ആവശ്യമുള്ള സാധനങ്ങള്‍ തരാമെന്നു പറഞ്ഞു. അവരെ വസ്ത്രങ്ങളൊക്കെ സൂക്ഷിക്കുന്ന ഗോഡൗണിലേക്ക് കൊണ്ടുപോയി. അവര്‍ക്കും വലിയ സന്തോഷമായി.
“എത്ര വസ്ത്രം കൊടുത്താലും അതൊക്കെ നഷ്ടപ്പെട്ടവര്‍ക്ക് കൊടുക്കാനുള്ളതാകില്ലല്ലോ. ഞാന്‍ വസ്ത്രങ്ങളൊക്കെ പെറുക്കി കൊടുക്കുന്നത് അവര് വിഡിയോ എടുക്കുന്നുണ്ടായിരുന്നു. പക്ഷേ പക്ഷേ അതിങ്ങനെ ഫെയ്സ്ബുക്കിലൊക്കെ വരുന്നതൊന്നും അറിഞ്ഞില്ല. ദൈവത്തെ മുന്‍നിറുത്തിയാണിതൊക്കെ ചെയ്യുന്നത്.
“ഭാര്യയാണ് വിളിച്ചു പറയുന്നത്, നിങ്ങ ഫേസ്ബുക്കിലൊക്കെ വരുന്നുണ്ടല്ലോന്ന്. അങ്ങനെയാണ് ഇതൊക്കെ അറിയുന്നത്. മകന്‍ ഫഹദ് വസ്ത്രങ്ങളൊക്കെ കൊടുക്കുന്നതിന്‍റെ വിഡിയോ ഫേസ്ബുക്കില്‍ കണ്ടിട്ട് വീട്ടില്‍ ഉമ്മയെ കാണിച്ചു കൊടുക്കുകയായിരുന്നു. അതുകണ്ടിട്ടാണ് ഭാര്യ ഫോണ്‍ ചെയ്തു പറയുന്നത്.” സോഷ്യല്‍ മീഡിയകളില്‍ വൈറലായതിനെക്കുറിച്ച് നൗഷാദ് പറയുന്നു.
ഞാന്‍ ചെയ്തത് വലിയ കാര്യമാണെന്നൊന്നും തോന്നിയില്ലെന്നു അദ്ദേഹം പറയുന്നു. “ഇത്രയും സ്വീകരണം കിട്ടുമെന്നൊന്നും കരുതിയില്ല. പലരും വിളിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നില്ലല്ലോ. ഇതൊന്നും ആഗ്രഹിച്ചല്ല ഓരോന്നും ചെയ്യുന്നതും.
“സിനിമാക്കാര്‍ മാത്രമല്ല സാധാരണക്കാരും ഫോണ്‍ വിളിക്കാറുണ്ട്. ഇപ്പോഴും പലരും വിളിക്കും. അവരുടെയൊക്കെ പ്രാര്‍ഥനകളില്‍ ഞാനുമുണ്ടെന്നാണ് പറയുന്നത്.
“ആ ദിവസം പുലര്‍ച്ചെ വരെ ഫോണ്‍ കോളുകള്‍ വന്നു കൊണ്ടേയിരുന്നു. അവസാനം ഫോണ്‍ എടുത്ത് സംസാരിച്ച്, സംസാരിച്ച് മതിയായി. പിന്നെ ഫോണ്‍ സൈലന്‍റ് മോഡിലാക്കിയിട്ട് വയ്ക്കുകയായിരുന്നു.
ഇതുകൂടി വായിക്കാം: രാജ്യം ചുറ്റാനിറങ്ങിയ ‘ഫ്രീക്കത്തി’ അമ്മൂമ്മമാര്‍: ‘നാട്ടുകാര് നല്ലതും വെടക്കും പറയും, അതൊന്നും ഞങ്ങള് നോക്കാറില്ല’
“മോള് ഫര്‍സാന ഭര്‍ത്താവിന്‍റെ വീട്ടിലായിരുന്നു. അവള് വിളിച്ചിട്ട് പോലും കിട്ടിയില്ല. പിന്നെ വീട്ടിലേക്ക് നേരെ വരികയായിരുന്നു. ഫര്‍സാനയ്ക്ക് രണ്ട് മക്കളുണ്ട്, ഉമ്മുവും ആമിനയും.
“അഞ്ച് വര്‍ഷം മുന്‍പ് വരെ മട്ടാഞ്ചേരിയിലാണ് താമസിച്ചിരുന്നത്. മാലിപ്പുറത്തേക്ക് വീട് മാറിയിട്ട് അധികം കാലമായില്ല. പലരും കുറേ സഹായവാഗ്ദാനങ്ങളൊക്കെ തന്നു. പക്ഷേ എനിക്കതൊന്നും വേണ്ട. എനിക്കിപ്പോള്‍ അത്ര പ്രശ്നങ്ങളൊന്നുമില്ല. സഹായം ആവശ്യമുള്ളവര്‍ കുറേയുണ്ട്. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍. എനിക്ക് ഒന്നും തരണ്ട. നഷ്ടപ്പെട്ടവര്‍ക്ക് സഹായങ്ങള്‍ നല്‍കിയാല്‍ മതി,” എന്ന് നൗഷാദ്.
വസ്ത്രക്കടയിലെ ഉടുപ്പുകള്‍ മുഴുവന്‍ പ്രളയബാധിതര്‍ക്ക് നല്‍കിയ നൗഷാദിന് പലരും സഹായഹസ്തം വാഗ്ദാനം ചെയ്തിരുന്നു. അക്കൂട്ടത്തില്‍ അദ്ദേഹത്തിനും കുടുംബത്തിനും വിദേശത്ത് പോകാനുള്ള അവസരം വരെ നല്‍കിയവരുണ്ട്.
കൂട്ടത്തില്‍ ഒരു ലക്ഷം രൂപ വാഗ്‍ദാനം ചെയ്തയാളോട് കടയില്‍ നിന്നു ആ രൂപയ്ക്ക് വസ്ത്രം വാങ്ങിക്കോളൂ. ആ ഉടുപ്പുകള്‍ പ്രളയബാധിതര്‍ക്ക് കൊടുത്താല്‍ മതിയെന്നാണ് നൗഷാദ് പറഞ്ഞത്.
പ്രവാസിയായ അഫി അഹമ്മദ് കുട്ടി ഒരു ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ വാങ്ങി ദുരിതമേഖലയ്ക്ക് കൈമാറുകയും ആ വസ്ത്രങ്ങള്‍ക്കായി കിട്ടിയ തുക നൗഷാദ് ദുരിതാശ്വാസ നിധിയിലേക്കും കൊടുത്തു.
നൗഷാദിപ്പോള്‍ പുതിയൊരു കട ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പ്രളയം വരുന്നതിന് മുന്‍പ് കണ്ടുവെച്ചിരിക്കുന്ന കടയാണ് നൗഷാദിക്കാന്‍റെ കട എന്ന പേരില്‍ ഉദ്ഘാടനം ചെയ്തത്. പുതിയ സ്റ്റോക്കുകള്‍ വന്ന ശേഷം കട ആരംഭിക്കാനിരിക്കുകയായിരുന്നു. ഈ കടയില്‍ നിന്നാണ് അഫി അഹമ്മദ് വസ്ത്രമെടുത്തത്.
നജീബിക്കയും അനിയന്‍ സലാമും കൂടെ കച്ചവടത്തിനുണ്ട്. ” അനിയന്‍ നേരത്തെ മുതല്‍ എന്‍റൊപ്പം കച്ചവടത്തിനുണ്ടായിരുന്നു. വില്‍പ്പനയ്ക്കുള്ള വസ്ത്രങ്ങളെടുക്കാന്‍ പോകുമ്പോള്‍ കച്ചവടത്തിന്‍റെ ചുമതല ഇവനായിരിക്കും. കുറച്ചു നാളു മുന്‍പാണ് നജീബിക്കയും എന്‍റെയൊപ്പം കൂടിയത്.
“ഇക്കയ്ക്ക് ബ്രോഡ് വേയില്‍ കോര്‍പറേഷന്‍ ബസാറില്‍ ചെറിയൊരു പെട്ടിക്കടയുണ്ടായിരുന്നു. ഏതാനും നാള്‍ മുന്‍പ് ഇവിടെയൊരു തീപ്പിടുത്തമുണ്ടായല്ലോ. അതിന് സമീപത്ത് കുറേപ്പേര് കട നടത്തിയിരുന്നല്ലോ.
“അവിടെ എന്‍റെ ചേട്ടനും കടയുണ്ടായിരുന്നു. ഈ വഴിയോര കടകള്‍ കാരണം ഫയര്‍ഫോഴ്സിന് അവിടെ എത്തിപ്പെടാന്‍ സാധിച്ചില്ലല്ലോ… അങ്ങനെ ആ പരിസരത്തെ കടകളൊക്കെ കോര്‍പ്പറേഷന്‍ ഒഴിപ്പിച്ചു.
“അക്കൂട്ടത്തില്‍ ചേട്ടന്‍റെ കടയും ഉണ്ടായിരുന്നു. അഞ്ചെട്ട് കടയൊക്കെ പൊളിച്ചു മാറ്റിയിരുന്നു. ചേട്ടന്‍റെ കഞ്ഞിയും ഇറച്ചിച്ചോറുമൊക്കെ വില്‍ക്കുന്ന ചെറിയൊരു പെട്ടിക്കടയായിരുന്നു. അതായിരുന്നു ആളുടെ വരുമാനം. അതില്ലാതെ വന്നതോടെ എനിക്കൊപ്പം ആളും വന്നു തുടങ്ങി.”
ഗള്‍ഫിലായിരുന്നു നജീബിക്ക. നൗഷാദിനെപ്പോലെത്തന്നെ ജോലി പോയപ്പോള്‍ തിരികെ നാട്ടിലേക്ക് പോന്നു. അങ്ങനെയാണ് ബ്രോഡ് വേയില്‍ വഴിയോരത്ത് കഞ്ഞിക്കട തുടങ്ങുന്നത്.
“അങ്ങനെ പണിയൊക്കെ നഷ്ടപ്പെട്ടൊരു സാഹചര്യത്തില്‍ ഞാനാണ് കോര്‍പറേഷന്‍ ബസാറില്‍ പെട്ടിക്കട ശരിയാക്കി കൊടുത്തത്. ഈ കട ഒഴിപ്പിച്ചതോടെ അദ്ദേഹത്തിന്‍റെ വരുമാനം മാര്‍ഗം നഷ്ടമായി. വീണ്ടും ജോലി ഇല്ലാത്ത അവസ്ഥയിലേക്കെത്തരുതെന്നു കരുതിയാണ് ആളെ ഇപ്പോ എന്‍റെ കൂടെ കൂട്ടിയത്,” നൗഷാദ് തുടരുന്നു.
ഇതുകൂടി വായിക്കാം: ലക്ഷങ്ങള്‍ മുടക്കി ക്വാറി വാങ്ങി കാടുണ്ടാക്കി, അതില്‍ 5 കുളങ്ങളും അരുവിയും നിര്‍മ്മിച്ചു, നൂറുകണക്കിന് മരങ്ങളും ചെടികളും പിടിപ്പിച്ചു
കണ്ടാല്‍ മിമിക്രിതാരവും നടനുമായിരുന്ന അബിയെ പോലുണ്ടെങ്കിലും അദ്ദേഹവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നു നൗഷാദ് ചിരിച്ചുകൊണ്ട് പറഞ്ഞു. ” പലരും ഞങ്ങളിലെ സാമ്യം കണ്ടിട്ട് ബന്ധുക്കളാണോ എന്നൊക്കെ ചോദിച്ചിട്ടുണ്ട്.
“അവരോടൊക്കെ ഞാന്‍ പറയും, അബിയുടെ അമ്മായിയുടെ മകനാണ് ഞാനെന്ന്. അദ്ദേഹം മരിക്കുന്നതിന് മുന്‍പ്, അബിയാണെന്നു കരുതി പലരും എന്‍റെയടുക്കല്‍ വന്നു സംസാരിച്ചിട്ടുണ്ട്, സ്നേഹത്തോടെ കെട്ടിപ്പിടിച്ചിട്ടുണ്ട്,” നൗഷാദ് പറയുന്നു.
ഒന്നും ആഗ്രഹിക്കാതെ, മറ്റൊന്നും ആലോചിക്കാതെ ദുരിതബാധിതര്‍ക്കുവേണ്ടി തനിക്കുളളതെല്ലാം വാരിക്കൊടുത്ത ആ മനുഷ്യന് എല്ലാവരോടുമൊപ്പം ദ് ബെറ്റര്‍ ഇന്‍ഡ്യയും നന്ദി പറയുന്നു. ഒപ്പം പ്രളയക്കെടുതിയില്‍ മുങ്ങിത്താണവര്‍ക്ക് കൈത്താങ്ങായ എല്ലാവരെയും സ്നേഹപൂര്‍വ്വം ഓര്‍ക്കുന്നു.