മീന്‍ വില്‍ക്കാന്‍ സോളാര്‍ പന്തല്‍, സൗരോര്‍ജ്ജ ബോട്ട്, ഫൈബര്‍ മാലിന്യങ്ങള്‍ കൊണ്ട് ചെലവുകുറഞ്ഞ ബോട്ട്: വിന്‍സെന്‍റിന്‍റെ കണ്ടുപിടുത്തങ്ങളെല്ലാം കടലിന്‍റെ മക്കള്‍ക്കായി

അങ്ങനെ, ഫൈബര്‍ ബോട്ടുണ്ടാക്കുന്നതിന്‍റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് മടക്കിയെടുക്കാവുന്ന ഒരു പന്തല്‍ അദ്ദേഹം വികസിപ്പിച്ചെടുത്തു. പകല്‍ അത് സൗരോര്‍ജ്ജം ശേഖരിച്ചുവെച്ച് രാത്രി വെളിച്ചം പകരും.

 ത്തുന്ന വെയിലിലും കൊടുംമഴയിലും വഴിയോരങ്ങളില്‍ മീന്‍ വില്‍ക്കാനിരിക്കുന്ന എത്രയോ അമ്മമാരെ നമ്മള്‍ കണ്ടിട്ടുണ്ട്. നേരം ഇരുട്ടിയാലും തെരുവിളക്കിന് കീഴിലോ ഒരു മെഴുകിതിരിവെട്ടത്തിലോ മണ്ണെണ്ണവിളക്കിന്‍റെ പുകഞ്ഞവെളിച്ചത്തിലോ മറ്റോ അവര്‍ ഇരിക്കുന്നുണ്ടാവും. തലയ്ക്കുമീതെ പലപ്പോഴും ഒരു മറയൊന്നും കാണില്ല. മഴയത്ത് നനഞ്ഞിരുന്നാവും മീന്‍ വില്‍പന.

ഈ അമ്മമാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചൊന്നും നമുക്ക് പക്ഷേ വലിയ അറിവുണ്ടാവില്ല. കാരണം, നമുക്കതൊരു സാധാരണ കാഴ്ചയാണ്. എന്നാല്‍ വി്ന്‍സെന്‍റ് ജെയിന് അതങ്ങനെയല്ല.

കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട് നീരോടിയെന്ന തീരദേശഗ്രാമത്തില്‍ നിന്നാണ് വിന്‍സെന്‍റ് ജെയിന്‍ വരുന്നത്. ഒരു സാധാരണ ഗവണ്‍മെന്‍റ് സ്‌കൂളില്‍ പഠിച്ചു.

വിന്‍സെന്‍റ് ജെയിന്‍ രൂപകല്‍പന ചെയത സോളാര്‍ മീന്‍വില്‍പനപ്പന്തല്‍

അച്ഛന്‍ ഏജീസ് ഓഫീസിലെ ജീവനക്കാരനായിരുന്നു. എന്നാല്‍ അച്ഛന്‍റെയും അമ്മയുടെയും അടുത്ത ബന്ധുക്കളെല്ലാം കടലുമായും മീന്‍പിടുത്തവുമായുമൊക്കെ ബന്ധപ്പെട്ടാണ് ഇപ്പോഴും ജീവിക്കുന്നത്.

അതുകൊണ്ട് അദ്ദേഹത്തിന് കടലിന്‍റെ മക്കള്‍ എല്ലാ ദിവസവും നേരിടുന്ന ജീവിതപ്രശ്‌നങ്ങള്‍ അടുത്തറിയാം. ഒരു പക്ഷേ, മറ്റുള്ളവര്‍ കാണാതെ പോകുന്ന ചെറിയ വലിയ കാര്യങ്ങള്‍ അദ്ദേഹത്തിന്‍റെ കണ്ണില്‍ പതിയും.

വെയിലിലും മഴയിലും ജീവിതം തള്ളിനീക്കാന്‍ കഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് തലയ്ക്കുമുകളില്‍ ഒരു മറവേണമെന്ന് അദ്ദേഹത്തിന് തോന്നി.”ഈ പ്രശ്നത്തിനൊരു പരിഹാരമായാണ് സോളാര്‍ പന്തല്‍ എന്ന ആശയത്തിലേക്ക് ഞങ്ങള്‍ എത്തുന്നത്,” വിന്‍സെന്‍റ് ജെയിന്‍ ദ ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.


അങ്ങനെ, ഫൈബര്‍ ബോട്ടുണ്ടാക്കുന്നതിന്‍റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് മടക്കിയെടുക്കാവുന്ന ഒരു പന്തല്‍ അദ്ദേഹം വികസിപ്പിച്ചെടുത്തു. പകല്‍ അത് സൗരോര്‍ജ്ജം ശേഖരിച്ചുവെച്ച് രാത്രി വെളിച്ചം പകരും.


“പകല്‍ സമയങ്ങളില്‍ മീന്‍വില്‍ക്കുന്ന സ്ത്രീകള്‍ക്കു വേണ്ടി സ്മാര്‍ട് തണല്‍ പന്തലുകള്‍. അന്തിമയങ്ങുമ്പോള്‍ കടല്‍ക്കാറ്റ് ഊതിക്കെടുത്താത്ത സൈരോര്‍ജ്ജ വിളക്കുകളാകും അവ. മല്‍സ്യത്തൊഴിലാളികള്‍ക്കായി ഞങ്ങള്‍ രൂപീകരിച്ചിരിക്കുന്ന ഈ സോളാര്‍ പന്തലിന് ഓണിംഗ് (awning)എന്നാണ് വിളിക്കേണ്ടത്. പകല്‍ തണല്‍ നല്‍കുന്ന ഒരു കൂരയായി പ്രവര്‍ത്തിക്കുന്ന സോളാര്‍ പാനല്‍ രാത്രിയിലേക്കുള്ള ചൂട് ശേഖരിക്കുകയാണ് ചെയ്യുന്നത്,” എന്ന് സോളാര്‍ സ്മാര്‍ട് പന്തലെന്ന ആശയം വികസിപ്പിച്ച ചെയ്ത സൗത്ത് ഇന്‍ഡ്യന്‍ ഫെഡറേഷന്‍ ഓഫ് ഫിഷര്‍മാന്‍ സൊസൈറ്റിയുടെ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് കൂടിയായ് വിന്‍സെന്‍റ് ജെയിന്‍ പറയുന്നു.

“വള്ളം നിര്‍മ്മിക്കുമ്പോള്‍ ബാക്കി വരുന്ന ഫൈബറാണ് സോളാര്‍ പാനലിന്‍റെ നിര്‍മ്മാണത്തിന് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്. ഫൈബര്‍ ഗ്ലാസ് മെറ്റീരിയലുകള്‍, പി വി സി പൈപ്പ്, എല്‍ ഇ ഡി ബള്‍ബ്, ബാറ്ററി ഇവയാണ് പന്തലിന്‍റെ പ്രധാന ഘടകങ്ങള്‍. ഇവയില്‍ സോളാര്‍ പാനലും ബള്‍ബും ഒഴികെയുള്ളതെല്ലാം പാഴ് വസ്തുക്കളാണെന്ന പ്രത്യേകതയുമുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ആദ്യഘട്ട നിര്‍മ്മാണത്തിനാവശ്യമായ സാധനസാമഗ്രികള്‍ ആക്രിക്കടകളില്‍ നിന്നും തെരുവുകളില്‍ നിന്നുമൊക്കെയാണ് ഞാന്‍ സംഘടിപ്പിക്കുന്നത്. അത്തരത്തില്‍ നിര്‍മ്മിച്ച ചെറിയൊരു മൂല്യവര്‍ദ്ധിത ഉല്‍പന്നമാണ് ശരിയ്ക്കും പറഞ്ഞാല്‍ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പിയില്‍ ഉണ്ടാക്കിയ സോളാര്‍ ലൈറ്റ്,”വിന്‍സെന്‍റ് വിശദമാക്കുന്നു.


ഇതുകൂടി വായിക്കാം: രാജ്യം ചുറ്റാനിറങ്ങിയ ‘ഫ്രീക്കത്തി’ അമ്മൂമ്മമാര്‍: ‘നാട്ടുകാര് നല്ലതും വെടക്കും പറയും, അതൊന്നും ഞങ്ങള് നോക്കാറില്ല’


മീന്‍ വില്‍ക്കുന്നവര്‍ക്ക് എളുപ്പം കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് പന്തലിന്‍റെ രൂപകല്പന. ഇത് അഴിച്ചെടുക്കാവുന്ന രീതിയിലാണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്. ഒരു പന്തല്‍ നിര്‍മ്മാണത്തിന് നാലായിരത്തോളം രൂപ ചിലവ് വരും. മാത്രമല്ല ഇരിപ്പിടങ്ങളില്‍ മീന്‍വെട്ടാനുള്ള പലകയും ഇവയോടൊപ്പം നല്‍കും, അദ്ദേഹം വിശദീകരിക്കുന്നു.

“തിരുവനന്തപുരത്ത് വലിയതുറയിലും കന്യാകുമാരിയിലും മുപ്പതോളം പേര്‍ക്ക് സൗജന്യമായി ഈ പന്തല്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്.മത്സ്യത്തൊഴിലാളികളായ സ്ത്രീകള്‍ക്ക് ഇത്തരമൊരു കണ്ടുപിടുത്തം ഏറെ ഗുണം ചെയ്യും,” വിന്‍സെന്‍റ് തുടരുന്നു.

”മാത്രമല്ല രാത്രിയില്‍ മീന്‍ വില്‍ക്കുന്ന സമയങ്ങളില്‍ കത്തിയെരിയുന്ന മണ്ണെണ്ണ വിളക്കിന്‍റേയും മെഴുകുതിരിയുടേയും പുകയേറ്റുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും കനത്ത ചൂടേറ്റുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളില്‍ നിന്നും ചെറുകിട മീന്‍ വില്പനക്കാരികള്‍ക്ക് സോളാര്‍ പന്തലൊരു ആശ്വാസമായിരിക്കും” എന്നാണ് അദ്ദേഹത്തിന്‍റെ പ്രതീക്ഷ.

തിരുവനന്തപുരത്ത് വലിയതുറയിലും, കഴക്കൂട്ടത്തും കന്യാകുമാരിയിലെ വിവിധയിടങ്ങളിലും സോളാര്‍ സ്മാര്‍ട് പന്തലുകള്‍ സാന്നിദ്ധ്യമറിയിച്ചു തുടങ്ങിയിട്ടുണ്ട്.

സോളാര്‍ പന്തലില്‍ മാത്രം ഒതുങ്ങുന്നതല്ല വിന്‍സെന്‍റ് ജെയിനിന്‍റെ കണ്ടുപിടുത്തങ്ങള്‍. “മത്സ്യത്തൊഴിലാളികളുടെ പ്രതിസന്ധികളും പ്രശ്നങ്ങളും വളരെ ചെറുപ്പത്തിലേ തന്നെ നേരിട്ടറിഞ്ഞയാളാണ് ഞാന്‍. അവര്‍ക്കുവേണ്ടി വേണ്ടി ഞാന്‍ കണ്ടെത്തുന്ന ഓരോന്നിലും അതിന്‍റെ പ്രതിഫലനം നിങ്ങള്‍ക്ക് കണ്ടെത്താനാവും. ഞാന്‍ അടിസ്ഥാനപരമായി എന്‍ജിനിയറല്ല. പക്ഷെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക് എന്‍ജിനിയേഴ്സ് (ഐ-ട്രിപ്പിള്‍ ഇ-അമേരിക്ക ആസ്ഥാനമാക്കി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന തൊഴില്‍ വിദഗ്ധരുടെ സംഘടന) എന്ന സംഘടനയില്‍ ഞാന്‍ അംഗത്വം നേടിയിട്ടുണ്ട്,” അദ്ദേഹം പറയുന്നു.

സാധാരണ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നു പ്രാഥമിക വിദ്യാഭ്യാസവും എക്കണോമിക്സിലും എന്‍വയറോണ്‍മെന്‍റ് ആന്‍ഡ് എക്കോളജിയിലും മാസ്റ്റര്‍ ബിരുദവും എംബിഎയും, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും നേടിയ വിന്‍സെന്‍റ്  ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് വസ്തുക്കളില്‍ നിന്നും സോളാര്‍ ട്രാഫിക് ലൈറ്റ്,സൈഡ് ഇന്‍ഡിക്കേറ്റേഴ്‌സ് കൂടാതെ നിരവധി മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്

ഉള്‍ക്കടലില്‍ മല്‍സ്യബന്ധനത്തിനു പോകുന്ന ചെറുവള്ളങ്ങള്‍ തമ്മില്‍ വെച്ച് ശരിയായ വെളിച്ചമില്ലാത്തതിനാല്‍ പലപ്പോഴും ഹാര്‍ബര്‍ മൗത്തിന് പുറത്തേക്കു കടക്കുമ്പോളും അകത്തേക്കു വരുമ്പോഴും ഇടിക്കുക പതിവാണ്. ഇതിനൊരു പരിഹാരമായാണ് നാവിഗേഷന്‍ ലൈറ്റും ഇന്‍ഡിക്കേറ്ററുമൊക്കെ വിന്‍സെന്‍റ് ജെയിന്‍ സോളാറില്‍ നിര്‍മ്മിച്ചത്.

വിന്‍സെന്‍റ് ജെയിന്‍

“തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഡെവലപ്മെന്‍റില്‍ പ്രോജക്ട് അസോസിയേറ്റായാണ് ഞാനെന്‍റെ തൊഴില്‍ ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് 1995-ലാണ് ഞാന്‍ സിഫ്സില്‍ (SIFFS-) ലെത്തുന്നത്. അതോടെ മല്‍സ്യബന്ധന രംഗത്തും മല്‍സ്യത്തൊഴിലാളികള്‍ക്കിടയിലും വലിയ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അവസരമൊരുങ്ങി,” അദ്ദേഹം പറയുന്നു.

“പക്ഷെ 2013-14 കാലത്താണ് മല്‍സ്യബന്ധന രംഗത്ത് സൗരോര്‍ജ്ജം എങ്ങനെ ഉപയോഗിക്കാമെന്ന എന്‍റെ ആദ്യ കണ്ടെത്തല്‍ ഞാന്‍ നടത്തുന്നത്. അങ്ങനെ സോളാര്‍ പാനല്‍ ഘടിപ്പിച്ച ബോട്ടിന്‍റെ മൂന്നടി നീളമുള്ള ഒരു മാതൃക ഞാനുണ്ടാക്കിയെടുത്തു,” സോളാര്‍ പന്തലെന്ന ആശയത്തിനു മുന്‍പ് സൗരോര്‍ജ്ജ ബോട്ടുകള്‍ നിര്‍മ്മിച്ചതിനെപ്പറ്റി വിന്‍സെന്‍റ് ജെയിന്‍ ഓര്‍ക്കുന്നു.

സൂര്യന്‍റെ ഊര്‍ജ്ജവുമായി കടലിലേക്ക്

സിഫ്സിന്‍റെ നേതൃത്വത്തില്‍ തമിഴ്നാട്ടിലെ പരമ്പരാഗത മത്സ്യബന്ധന ഗ്രാമമായ തൂത്തൂരിലാണ് വിന്‍സെന്‍റ് ജെയിന്‍ ആദ്യ സൗരോര്‍ജ്ജ ബോട്ട് നിര്‍മ്മിക്കുന്നത്. മൂന്നടി നീളമുള്ള കുഞ്ഞന്‍ സൗരോര്‍ജ്ജ ബോട്ട് നിര്‍മ്മിച്ച് പരീക്ഷിച്ച ശേഷമാണ് അറുപതടി നീളമുള്ള വലിയ സൗരോര്‍ജ്ജ ബോട്ട് ഉണ്ടാക്കുന്നത്. വള്ളത്തിന്‍റെ എന്‍ജിനൊഴികെ ബാക്കിയെല്ലാം സോളാറില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് അത് രൂപകല്പന ചെയ്തത്. അന്ന് സിഫ്സിന്‍റെ പരമ്പരാഗത മല്‍സ്യബന്ധന തൊഴിലാളി വിഭാഗത്തിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു അദ്ദേഹം.

“അക്കാലത്ത് തൂത്തൂരിലെ ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ വിദഗ്ധരായ മല്‍സ്യത്തൊഴിലാളികള്‍ പരമ്പരാഗത റോയിംഗ് ബോട്ടുകളും റാഫ്റ്റുകളും ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് പൂര്‍ണമായും ഡീസല്‍ ബോട്ടുകളിലേക്ക് മാറിയിരുന്നു. നാനൂറു നോട്ടിക്കല്‍ മൈല്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്നവയാണ് ഇത്തരം ബോട്ടുകള്‍. ഏകദേശം ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന മല്‍സ്യബന്ധനത്തിന് അക്കാലത്ത് ഏകദേശം അഞ്ചു ലക്ഷത്തോളം രൂപ ചിലവാണ്. ചിലവിന്‍റെ എഴുപതു ശതമാനത്തോളം തുക ഡീസലിനാണ് താനും.

“ഏകദേശം പത്തു മുതല്‍ പതിനാലു പേര്‍ വരെയാണ് പേരാണ് ഈ ബോട്ടില്‍ കടലുകളിലേക്ക് പോകുന്നത്. ഇങ്ങനെയുള്ള ബോട്ടുകളില്‍ എന്‍ജിനുകളുടെ പ്രവര്‍ത്തനമൊഴികെ ഫിഷ് ഫൈന്‍ഡര്‍,വയര്‍ലെസ് സെറ്റ്, ജിപിഎസ്, ബോട്ടിലെ ലെറ്റുകള്‍ മുതലായവ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.. തൂത്തൂരിലെ ലിറ്റില്‍ ഫ്ളവര്‍ എന്ന ബോട്ടിലാണ് ആദ്യമായി ഇത്തരത്തില്‍ സൗരോര്‍ജ്ജ പാനല്‍ ഘടിപ്പിച്ചത്.

ഫോസില്‍ ഇന്ധനം ഉപയോഗിക്കുന്നതുമൂലമുള്ള ഹരിതഗൃഹ വാതകങ്ങള്‍ പിന്തള്ളുന്നത് കുറയ്ക്കുന്നതിനൊപ്പം ഭാരിച്ച ചെലവ് കുറയ്ക്കുന്നതിനും സോളാര്‍ ബോട്ടുകള്‍ സഹായകരമായി. അങ്ങനെ മല്‍സ്യബന്ധന ബോട്ടുകളില്‍ രാജ്യത്ത് ആദ്യമായി സൗരോര്‍ജ്ജം ഉപയോഗിച്ചത് തുത്തൂരിലാണ്, വിന്‍സെന്‍റ് ജെയിന്‍ പറഞ്ഞു.

ചെറുബോട്ടുകള്‍ക്കായി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന നാവിഗേഷന്‍ ലൈറ്റ്

ആ പദ്ധതിക്ക് നബാര്‍ഡിന്‍റെ സഹായം ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് സൗരോര്‍ജ്ജ ബോട്ടുകളേക്കുറിച്ച് അമേരിക്കയിലൊരു പ്രബന്ധം അവതരിപ്പിക്കുന്നതിന് വിന്‍സെന്‍റ് ജെയിന് അവസരം ലഭിക്കുകയും ചെയ്തു. സിഫ്സിന്‍റെ അന്നത്തെ സി ഇ ഒ ആയിരുന്ന സതീശ് ബാബുവിന്‍റെ പൂര്‍ണപിന്തുണയായിരുന്നു സൗരോര്‍ജ്ജ ബോട്ടെന്ന ആശയത്തിന് കരുത്ത് പകര്‍ന്നതെന്നും വിന്‍സെന്‍റ് ജെയിന്‍ കൂട്ടിച്ചേര്‍ത്തു.

നബാര്‍ഡിനൊപ്പം നൂതന-പുനരുല്‍പാദക ഊര്‍ജ്ജ മന്ത്രാലയത്തിന്‍റേയും BOBP-IGO, NFDB,IEEE-SIGHTഎന്നിവരുടെ സഹായവും സൗരോര്‍ജ്ജ പദ്ധതിയ്ക്കു കിട്ടുന്നുണ്ട്.

“എന്നാല്‍ അവിടെയും പ്രതിസന്ധി ബാക്കിയായി. വാണിജ്യ തലത്തില്‍ ഇത്തരം ബോട്ടുകള്‍ നിര്‍മ്മിക്കുന്നതിന് സൗരോര്‍ജ്ജ പദ്ധതി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികളെ സമീപിച്ചെങ്കിലും ഇതിന്‍റെ നിര്‍മ്മാണ ചിലവിനായി വന്‍തുക ആവശ്യപ്പെട്ടു,” അദ്ദേഹം തുടരുന്നു.

“ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജഗത് ജ്യോതിയും ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിരിസ് കണ്‍ട്രോളും പദ്ധതി നിര്‍മ്മാണത്തിനായി മുന്നോട്ടു വന്നു. എന്നാല്‍ അവരെ സംബന്ധിച്ചും ഇത് വലിയൊരു വെല്ലുവിളിയായിരുന്നു. കാരണം അവരാരും നേരത്തേ മല്‍സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരായിരുന്നില്ല. എങ്കിലും പദ്ധതിയുമായി മുന്നോട്ടു പോകുകയും നടപ്പിലാക്കുകയും ചെയ്തു.

“എന്നാല്‍ ഇത്തരമൊരു പദ്ധതി രാജ്യത്തെ ആഴക്കടല്‍ മല്‍സ്യബന്ധന മേഖലകളില്‍ വാണിജ്യാടിസ്ഥാനത്തില്‍ നടപ്പിലാക്കണമെങ്കില്‍ കൂടുതല്‍ ഗവേഷണം നടത്തുകയും ഫണ്ടു കണ്ടെത്തുകയും വേണം,”വിന്‍സെന്‍റ് ജെയിന്‍ പറയുന്നു. സര്‍ക്കാരുകളുടെ ശ്രമത്തിനൊപ്പം അര്‍പ്പണ ബോധമുള്ള എന്‍ജിഒകളുടേയും വോളന്‍റിയേഴ്സിന്‍റേയും മല്‍സ്യത്തൊഴിലാളികളുടേയും സഹകരണമുണ്ടെങ്കില്‍ മാത്രമേ സര്‍ക്കാരുകള്‍ ശ്രമിച്ചാല്‍ മാത്രമേ പദ്ധതികള്‍ മേഖലയിലാകെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മീന്‍ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ സൗരോജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന റഫ്രിജറേഷന്‍ സംവിധാനമായിരുന്നു വിന്‍സെന്‍റ് ജെയിന്‍ അടുത്തതായി പരീക്ഷിച്ചത്.

മല്‍സ്യം കൊണ്ടുപോകുന്ന വാഹനങ്ങളില്‍ സാധാരണയായി ഒരു ടണ്‍ മീനിന് ഒരു ടണ്‍ ഐസ് എന്ന രീതിയിലാണ് ഉപയോഗിക്കുന്നത്. അത്രയും ഐസ് ഇല്ലെഹ്ങ്കില്‍ മീന്‍ കേടാകും. മൈനസ് അഞ്ചു ഡിഗ്രി സെല്‍ഷ്യസാണ് സാധരണയായി മീന്‍ കേടാകാതിരിക്കുന്നതിന് ആവശ്യമായ തണുപ്പ്. മാത്രമല്ല മീനും ഐസും കൂടും രണ്ട് ടണ്‍ സാധനങ്ങള്‍ കൊണ്ടു പോകുന്നതിനുള്ള വാഹനങ്ങളും അത്രയും ട്രാന്‍സ്പോര്‍ട്ടേഷന്‍ ചിലവുമുണ്ടാകും. ഇതിനൊരു പരിഹാരമായാണ് മല്‍സ്യവാഹനങ്ങളില്‍ സോളാര്‍ റെഫ്രിജറേഷന്‍ സംവിധാനമെന്ന ആശയത്തിലേക്കെത്തുന്നത്, അദ്ദേഹം ആ സംവിധാനത്തെക്കുറിച്ച് വിശദമാക്കുന്നു.

സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന റഫ്രിജറേഷന്‍ സംവിധാനം

തൂത്തൂരില്‍ തന്നെയാണ് സോളാറില്‍ പ്രവര്‍ത്തിക്കുന്ന ആ സംവിധാനം ആദ്യമൊരുക്കിയത്. “എന്നാല്‍ ഫണ്ടിന്‍റെ അഭാവം മൂലം ഇതേതാണ്ട് പാതിവഴിയില്‍ നിന്ന മട്ടാണ്. നിര്‍മ്മിക്കുന്നവര്‍ തന്നെ നടപ്പാക്കാനും നടക്കുന്നത് ഏറെ പ്രതിസന്ധിയാണ്. അതേ സമയം സോളാര്‍ റെഫ്രിജറേഷന്‍ സംവിധാനം നടപ്പിലാക്കുക വഴി വലിയൊരു ലാഭം മല്‍സ്യവ്യാപാര രംഗത്തുണ്ടാക്കാന്‍ കഴിഞ്ഞേക്കും. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ തലത്തില്‍ വേണം ഇതിനു മുന്‍കൈ എടുക്കേണ്ടത്,” അദ്ദേഹം ആവര്‍ത്തിക്കുന്നു.

സോളാര്‍ ട്രൈസൈക്കിള്‍

തലയില്‍ മീന്‍കുട്ട ചുമന്നുകൊണ്ടു പോകുന്ന സ്ത്രീകള്‍ സങ്കടക്കടലാണ്. പൊതുഇടങ്ങളിലും ബസുകളിലും മറ്റും അവരനുഭവിക്കേണ്ടി വരുന്ന അവഗണന വലിയ വേദനയാണ്.

“ഓട്ടോറിക്ഷകളിലും ബസുകളിലും മറ്റും മീന്‍കുട്ടയുമായി എത്തുന്ന സ്ത്രീകള്‍ പലപ്പോഴും ഒഴിവാക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്നത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. ഇതിനൊരു പരിഹാരമായാണ് മൂന്ന് മീന്‍വില്‍പനക്കാരികള്‍ക്ക് ഒരുമിച്ച് യാത്ര ചെയ്യാവുന്ന തരത്തിലൊരു സോളാര്‍ ട്രൈസൈക്കിള്‍ എന്ന ആശയത്തിലേക്കെത്തുന്നത്. ഒരു സ്ത്രീ സൈക്കിള്‍ ഓടിക്കുകയും  മറ്റ് രണ്ടു പേര്‍ക്ക് പുറകില്‍ മീന്‍ കുട്ടയുമായി യാത്ര ചെയ്യുകയും ചെയ്യാവുന്ന തരത്തിലായിരുന്നു ഇതിന്‍റെ നിര്‍മ്മാണം,” അദ്ദേഹം പറയുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് എന്‍ജിനിയേഴ്‌സ് സാമ്പത്തിക സഹായവും അണ്ണൈ വേളാങ്കണ്ണി കോളേജ് ഓഫ് എന്‍ജിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും സാങ്കേതിക സഹായവും ചെയ്തു. മൂന്നു സ്ത്രീകളേയും ഒപ്പം 600 കിലോ ഭാരവും ഭാരം വലിക്കാന്‍ കഴിവുള്ള മോട്ടാറാണ് ഇതിനുള്ളിലുള്ളത്. തൂത്തൂരിലാണിത് ആദ്യമായി അത് നിരത്തിലിറക്കിയത്.

സോളാര്‍ ട്രൈസൈക്കിള്‍ നിരത്തിലിറക്കുന്നു.

ഓഖി ചുഴലിക്കാറ്റും അത് വിതച്ച നാശവും മത്സ്യബന്ധനമേഖലയില്‍ മറ്റൊരു പ്രതിസന്ധി കൂടി അവശേഷിപ്പിച്ചു. മല്‍സ്യത്തൊഴിലാളികള്‍ അവരുടെ ഫൈബര്‍ ബോട്ടുകളുടെ സുരക്ഷയെക്കുറിച്ച് കടുത്ത ആശങ്കിയിലായി. “അതിനൊരു പരിഹാരമായാണ് ടി എം ടി എല്ലിന്‍റെ(TAFE Motors and Tractors Ltd) സഹായത്തോടെ സിഫ് സീ-ഡ്രാഗണ്‍ 44 എന്ന ബോട്ട് മല്‍സ്യത്തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ചത്. പുതിയ ബോട്ടില്‍ പിടിച്ച മീനുകള്‍ സൂക്ഷിക്കുന്നതിനും മീന്‍വലകള്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ബോട്ടിന്‍റെ ഡെക്കിനു താഴെ പോളിയുറീതേന്‍ ഫോം പാക്ക് നിര്‍മ്മിച്ചിട്ടുണ്ട്,” സിഫ് ബോട്ട് യാര്‍ഡിന്‍റെ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് കൂടിയായ വിന്‍സെന്റ് ജെയിന്‍ വ്യക്തമാക്കി.

പാക്കേജിംഗ് വസ്തുക്കള്‍ ‘പൂമ്പാറ്റ’കളാകുന്നു

”നിര്‍മ്മാണ യൂണിറ്റുകളില്‍ നിന്ന് ശേഖരിക്കപ്പെടുന്ന ഹാര്‍ഡ്ബോര്‍ഡ്, പ്ലൈവുഡ്, കൂടാതെ ഫൈബര്‍ ഗ്ലാസ് എന്നീ പാക്കേജിംഗ് വസ്തുക്കള്‍ ഉപയോഗിച്ച് പൂമ്പാറ്റ എന്ന പേരില്‍ രൂപകല്പന ചെയ്യുന്ന ചെറുവള്ളങ്ങള്‍ എന്‍റെയും സൗത്ത് ഇന്‍ഡ്യന്‍ ഫെഡറേഷന്‍ ഫോര്‍ ഫിഷര്‍മാന്‍ സൊസൈറ്റിയുടെയും സ്വപ്ന പദ്ധതികളിലൊന്നാണ്. കാരണം ചെറുകിട മല്‍സ്യത്തൊഴിലാളികള്‍ക്ക് വലിയ വില നല്‍കാതെ ചെറുവള്ളങ്ങള്‍ വാങ്ങാന്‍ ഈയോരു പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ വലിയ സഹായകമായേക്കും. അതും ശരാശരി ചെലവിന്‍റെ പകുതി വിലയ്ക്ക്,” പന്ത്രണ്ടടി നീളം വരുന്ന ചെറുവള്ളങ്ങളുടെ നിര്‍മ്മാണത്തെക്കുറിച്ചാണ് വിന്‍സെന്‍റ് ജെയിന്‍ പറഞ്ഞുവരുന്നത്.

ചെലവുകുറഞ്ഞ ബോട്ട് നിര്‍മ്മാണത്തിനിടയില്‍

”പൂമ്പാറ്റയെന്ന ചെറുവള്ളത്തിന്‍റെ പരീക്ഷണം തിരുവനന്തപുരത്ത് വേളി തടാകത്തില്‍ നടന്നു കഴിഞ്ഞു. സാധാരണ നാല്പതിനായിരം മുതല്‍ അന്‍പതിനായിരം രൂപ വരെ വില വരുന്ന ചെറുവള്ളങ്ങള്‍ ഇത്തരത്തില്‍ ഏതാണ്ട് 20,000 രൂപയ്ക്ക് നിര്‍മ്മിക്കാനാകും എന്നാണ് കരുതുന്നത്. മാത്രമല്ല ബോട്ട് എന്‍ജിനുകളുടെയും ജനറേറ്ററകളുടെയും പാക്കേജിംഗ് വസ്തുക്കള്‍ സാധാരണയായി കടലിലേക്കാണ് തള്ളാറുണ്ട്. മെറ്റീരിയലിനെ സാധാരണയായി ഫൈബര്‍ ഗ്ലാസ് ഉപയോഗിച്ച് ലാമിനേറ്റ് ചെയ്തിരിക്കും. ഇതെല്ലാം സമുദ്ര പരിസ്ഥിതിയ്ക്കും ഏറെ ദോഷമാണ്. അത്തരത്തില്‍ മാലിന്യം കുറയ്ക്കുക എന്ന രീതിയും പൂമ്പാറ്റയുടെ നിര്‍മ്മാണത്തിന്‍റെ പിന്നിലുണ്ട്. കൂടാതെ ഇത്തരത്തിലുള്ള ബോട്ട് നിര്‍മ്മാണത്തില്‍ സ്ത്രീകളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് തൊഴിലിലൂടെ സ്ത്രീശാക്തീകരണമെന്നതും ഞങ്ങള്‍ ലക്ഷ്യമിടുന്നു. സിഫ്സിന്‍റെ സിഇഒ സേവ്യര്‍ ജോസഫ് എന്‍റെ പദ്ധതിക്ക് പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്,” വിന്‍സെന്‍റ്  സ്വപ്‌ന പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നു.

സൗത്ത് ഇന്‍ഡ്യന്‍ ഫെഡറേഷന്‍ ഓഫ് ഫിഷര്‍മെന്‍ സൊസൈറ്റി

മല്‍സ്യതൊഴിലാളി മേഖലയില്‍ നിന്ന് വരുന്ന വിന്‍സെന്‍റ് ജെയിന്‍ മറൈന്‍ ഫിഷറീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിഫ്സില്‍ എത്തുന്നത് വളരെ യാദൃശ്ചികമായാണ്. സാധാരണ തൊഴിലാളിയായി ഇരുപത്തിനാലു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അദ്ദേഹം സിഫ്സിലെത്തുന്നത്. എന്നാല്‍ സിഫ്സില്‍ എത്തിയതോടെ ഇക്കണോമിക്സിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദമുള്ള വിന്‍സെന്‍റ് ജെയിന്‍ എന്‍ജിനിയറിംഗിന്‍റെ പാഠങ്ങള്‍ കൂടി ഉള്‍പ്പെടുത്തി നിരവധി സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചു.

”ആഴക്കടല്‍ മല്‍സ്യ ബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിഫ്സിന് ത്രിതല സംഘടനാ മാതൃകയാണുള്ളത്. ആദ്യം തലം ഗ്രാമങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്,” കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, തമിഴ്നാട്ടിലെ നാഗപട്ടണം, തിരുവള്ളൂര്‍, തഞ്ചാവൂര്‍, കടലൂര്‍, കാഞ്ചീവരം, കന്യാകുമാരി, തൂത്തൂക്കുടി, രാമനാഥപുരം തുടങ്ങി നിരവധി തീരദേശ ജില്ലകളിലാണ് സിഫ്സിന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിട്ടുള്ളത്.

സിഫ്സിന് രാജ്യാന്തര പ്രമുഖ കാര്‍ഗോ ഷിപ്പ് കമ്പനിയായ MAERSK ആണ് മീന്‍വില്‍പനക്കാര്‍ക്കുള്ള സോളാര്‍ പന്തലിനും സോളാര്‍ നാവിഗേഷന്‍ ലൈറ്റിനും ഫണ്ട് നല്‍കിയത്. പരമ്പരാഗത മല്‍സ്യബന്ധന മേഖലയിലും സമുദ്രഗവേഷണവുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പല സ്ഥാപനങ്ങളും സിഫ്സിന്‍റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കാറുണ്ട്.


ഇതുകൂടി വായിക്കാം: എം. ബി. ബി. എസ് കഴിഞ്ഞ് നേരെ അട്ടപ്പാടിക്ക് വണ്ടി കയറിയതാണ് ഈ പത്തുരൂപാ ഡോക്ടര്‍, 16 വര്‍ഷം മുമ്പ്


”സോളാറില്‍ തീര്‍ക്കുന്ന എന്‍റെ മാതൃകകളാണെങ്കിലും മറ്റ് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാണെങ്കിലും ആദ്യം ഞാന്‍ മാതൃകകളുണ്ടാക്കുകയും പിന്നീട് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളുടെയും മറ്റ് കാര്‍പ്പെന്‍റെര്‍മാരുടേയും ഇലക്ട്രീഷ്യന്‍മാരുടേയും മറ്റും സഹായത്തോടെയാണ് പൂര്‍ണമായി വലിയ മാതൃകകള്‍ നിര്‍മ്മിക്കുന്നത്,” വിന്‍സെന്‍റ് ജെയിന്‍ അതിന്‍റെയെല്ലാം ക്രെഡിറ്റ് കൂടെ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കുമായി നല്‍കുന്നു.

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം