വിശന്ന കുഞ്ഞുങ്ങളുടെ കരച്ചില്‍ ഇനി കേള്‍ക്കാതിരിക്കാന്‍ അട്ടപ്പാടിയിലെ അമ്മമാര്‍; കേരളം കേള്‍ക്കാനാഗ്രഹിക്കുന്ന കാര്‍ത്തുമ്പിയുടെ വിജയകഥ

2016-ല്‍ അട്ടിപ്പാടിയിലെ ഒരു കൂട്ടം അമ്മമാര്‍ പട്ടിണിക്കെതിരെ സ്വയം ഉണര്‍ന്നു. ഇന്നത് നൂറിലധികം കുടുംബങ്ങള്‍ക്ക് താങ്ങായി മാറി. അട്ടപ്പാടിയുടെ സാഹചര്യം അറിയുന്ന മലയാളികള്‍ക്കറിയാം, അതൊരു ചെറിയ കാര്യമല്ലെന്ന്.

നി മൂര്‍ച്ഛിച്ചപ്പോള്‍ ഒന്ന് ആശുപത്രിയില്‍ കൊണ്ട് പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍, വിശന്നു കരഞ്ഞപ്പോള്‍ ഒരു പിടി ചോറു കൊടുക്കാന്‍ ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ അട്ടപ്പാടിയിലെ ലക്ഷ്മിയുടെ രണ്ടര വയസ്സുകാരിയായ മകള്‍ മരണപ്പെടില്ലായിരുന്നു.

എന്നാല്‍ വീട്ടിലെ സ്ഥിതി അതിനനുവദിച്ചില്ല. അട്ടപ്പാടിയില്‍ ഇതുപോലുള്ള ഒരു പാട് നിസ്സഹായരായ അമ്മമാരെ കാണാനാകും. കേരള വികസനമാതൃകയ്ക്ക് എന്നും പുറത്തുനിന്ന ആദിവാസികളുടെ ഹൃദയഭൂമി. പട്ടിണിയും ശിശുമരണങ്ങളും അടയാളപ്പെടുത്തുന്ന നാട്.

എന്നാല്‍, 2016-ല്‍ അട്ടിപ്പാടിയിലെ ഒരു കൂട്ടം അമ്മമാര്‍ പട്ടിണിക്കെതിരെ സ്വയം ഉണര്‍ന്നു. ഇന്നവര്‍ നൂറിലധികം കുടുംബങ്ങള്‍ക്ക് താങ്ങായി മാറി. അട്ടപ്പാടിയുടെ സാഹചര്യം അറിയുന്ന മലയാളികള്‍ക്കറിയാം, അതൊരു ചെറിയ കാര്യമല്ലെന്ന്.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനൊപ്പം നമുക്ക് ഗ്രാമങ്ങളിലെ കരകൗശല നിര്‍മ്മാതാക്കളെ സഹായിക്കുകയും ചെയ്യാം. സന്ദര്‍ശിക്കൂ: karnival.com

സാമ്പത്തികമായി നേട്ടമുണ്ടായാല്‍ മാത്രമേ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയൂ എന്ന് മനസിലാക്കിയ ഇവര്‍ തമ്പ് എന്ന ആദിവാസി സംഘടനക്ക് കീഴില്‍ കുട നിര്‍മ്മാണം ആരംഭിച്ചു. ഊരുകളിലെ സ്ത്രീകള്‍ക്ക് സ്ഥിരവരുമാനം ലഭിക്കണം എന്ന ഉദ്ദേശത്തോടെയാണ് അത് തുടങ്ങിയത്.

കാര്‍ത്തുമ്പി കുടകള്‍ ഇന്ന് ഒരുപാട് ആദിവാസി സ്ത്രീകളുടെ മുഖത്ത് സ്വാശ്രയത്വത്തിന്‍റെ ചിരി വിടര്‍ത്തുന്നു.

പോഷകാഹാരക്കുറവ് മൂലം അട്ടപ്പാടിയില്‍ നവജാത ശിശുക്കള്‍ മരണമടഞ്ഞ വാര്‍ത്തകള്‍ പുറത്തുവന്ന കാലത്തുതന്നെയാണ് അവിടെയുള്ള അമ്മമാര്‍ ഒന്നിക്കുന്നത്. പട്ടിണിമൂലം ഇനിയൊരു കുഞ്ഞുപോലും അട്ടപ്പാടിയുടെ മണ്ണില്‍ മരിച്ചുവീഴരുത് എന്ന തീരുമാനത്തില്‍ മനസ്സുറപ്പിച്ചുകൊണ്ട് അവരിന്ന് വര്‍ണ്ണക്കുടകള്‍ നെയ്‌തെടുക്കുകയാണ്.

കാര്‍ത്തുമ്പി എന്ന ബ്രാന്‍ഡില്‍ വിപണിയിലെത്തുന്ന കുടകളില്‍ അട്ടപ്പാടിയിലെ ഊരുകളിലെ അമ്മമാരുടെ വേദനകളെല്ലാം കാണാത്ത ലിപികളാല്‍ തുന്നിച്ചേര്‍ത്തുവെച്ചിട്ടുണ്ട്. പട്ടിണിയുടെയും പ്രാരാബ്ദങ്ങളുടെയും നിറങ്ങളില്ലാത്ത ലോകത്തിരുന്നു കൊണ്ട് ഏറെ പ്രതീക്ഷയോടെയാണ് അവര്‍ കുടകള്‍ ഉണ്ടാക്കുന്നത്.


ഇതുകൂടി വായിക്കാം:എട്ടുവയസ്സില്‍ അമ്മ ഉപേക്ഷിച്ചു, ഇരട്ടി പ്രായമുള്ള ഒരാളുടെ നാലാം ഭാര്യയായി, 26-ാം വയസ്സില്‍ വിധവ: ഇന്ന് ആയിരങ്ങളെ സ്പര്‍ശിക്കുന്ന കാരുണ്യത്തിന്‍റെ കരുത്ത്


കുടനിര്‍മ്മാണത്തില്‍ പരിശീലനം നല്‍കാന്‍ ആരംഭിക്കുമ്പോള്‍ തമ്പിന്‍റെ പ്രവര്‍ത്തകര്‍ക്ക് മൂലധനമായി സ്വരുക്കൂട്ടാന്‍ ഒന്നുമുണ്ടായിരുന്നില്ല. ഉദ്ദേശ്യം നല്ലതായതിനാല്‍ സുമനസുകളുടെ കാരുണ്യത്താല്‍ ലഭിച്ച തുകകൊണ്ടാണ് കുടനിര്‍്ത്ന വശ്യമായ സാമഗ്രികള്‍ വാങ്ങിയത്. മുപ്പത് വര്‍ഷമായി ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന തമ്പിന്‍റെ നേതൃത്വത്തില്‍ തൃശ്ശൂരിലെ ‘അതിജീവന’ എന്ന സംഘടനയാണ് കുട നിര്‍മ്മാണത്തിനുള്ള പരിശീലനം നല്‍കിയത്.

കാര്‍ത്തുമ്പി കുടകള്‍ ഒരുങ്ങുന്നു

കുടകള്‍ വിപണിയിലെത്താന്‍ തുടങ്ങിയതോടെ ഓണ്‍ലൈന്‍ കൂട്ടായ്മയായ പീസ് കലക്ടീവിന്‍റെ സാമ്പത്തിക സഹായവും കുടനിര്‍മ്മാണത്തിനു ലഭിച്ചു തുടങ്ങി. തുടക്കം എന്ന നിലക്ക് ആദ്യവര്‍ഷം 800-ല്‍ താഴെ മാത്രം കുടകളാണ് കര്‍ത്തുമ്പി വിപണിയിലെത്തിച്ചത്. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കുടകളുടെ എണ്ണം വര്‍ധിച്ചു. കഴിഞ്ഞ വര്ഷം 40,000-ത്തോളം കുടകളാണ് കാര്‍ത്തുമ്പി വിപണിയിലെത്തിച്ചത്.

”വിപണിയിലെ മുന്‍നിരബ്രാന്ഡുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അതേ ഗുണനിലവാരത്തില്‍ തന്നെയാണ് കാര്‍ത്തുമ്പി കുടകളും നിര്‍മ്മിക്കുന്നത്,” തമ്പിന്‍റെ പ്രസിഡണ്ടും സാമൂഹ്യപ്രവര്‍ത്തകനുമായ രാജേന്ദ്രപ്രസാദ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു. “വിപണിയില്‍ കിട്ടുന്നതില്‍ വച്ച് ഏറ്റവും മികച്ച തുണികളാണ് കുട തയ്ക്കുന്നതിനായി വാങ്ങുന്നത്. മുന്‍നിര ബ്രാന്‍ഡുകളില്‍ കുടനിര്‍മ്മാണം ഫാക്റ്ററികളിലെ മെഷീനുകള്‍ ചെയ്യുമ്പോള്‍ ഇവിടെ പൂര്‍ണമായും മനുഷ്യാരാണ് ചെയ്യുന്നത് എന്നതാണ് പ്രധാന വ്യത്യസം.

“കുടശീലമുറിക്കുക, തയ്ക്കുക തുടങ്ങി എല്ലാക്കാര്യങ്ങളും അട്ടപ്പാടിയിലെ അമ്മമാര്‍ തന്നെയാണ് ചെയ്യുന്നത്.


2016-ല്‍ തുടക്കം കുറിക്കുമ്പോള്‍ നാല് അമ്മമാര്‍ മാത്രമാണ് പദ്ധതിയുടെ ഭാഗമായിരുന്നത്.


“എന്നാല്‍ കാര്‍ത്തുമ്പി എന്ന ബ്രാന്‍ഡ് ശ്രദ്ധേയമാകുകയും സ്ഥിരമായ വരുമാനം ലഭിക്കാന്‍ തുടങ്ങുകയും ചെയ്തതോടെ കൂടുതല്‍ ആളുകള്‍ കാര്‍ത്തുമ്പികുടകളുടെ നിര്‍മ്മാണത്തിലേക്ക് കടന്നുവന്നു. ഇന്ന് 70-ലധികം സ്ത്രീകളാണ് കുട നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്,” രാജേന്ദ്രപ്രസാദ് കൂട്ടിച്ചേര്‍ത്തു.

സ്‌കൂളുകളില്‍ തുടങ്ങി ഇന്‍ഫോപാര്‍കിലേക്ക്

കുട നിര്‍മ്മാണപരിശീലനം നല്‍കുന്നു എന്ന് പറഞ്ഞപ്പോള്‍ തുടക്കത്തില്‍ പദ്ധതിയില്‍ താല്പര്യം പ്രകടിപ്പിച്ച് വളരെക്കുറച്ചുപേര്‍ മാത്രമാണ് എത്തിയത് എന്ന് തമ്പിന്‍റെ പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ പദ്ധതിയില്‍ നിന്നും പിന്മാറാതെ ഉള്ളവര്‍ക്ക് പരിശീലനം നല്‍കി മുന്നോട്ട് പോകാനായിരുന്നു അവരുടെ തീരുമാനം. അങ്ങനെ 2016-ല്‍ കുട നിര്‍മ്മാണത്തില്‍ വിദഗ്ദരായ ആളുകളെ കൊണ്ടുവന്ന് പരിശീലനം തുടങ്ങി. സംഘടന നല്‍കിയ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് അമ്മമാര്‍ മൂന്നു മടക്കുള്ള കുടകളും ഉണ്ടാക്കി.

മന്ത്രി എ കെ ബാലന് തമ്പ് പ്രവര്‍ത്തകര്‍ കാര്‍ത്തുമ്പി കുടകള്‍ സമ്മാനിക്കുന്നു.

വിപണി കണ്ടെത്തുക എന്നതായിരുന്നു അടുത്ത നടപടി. തുടക്കത്തില്‍ അഗളി ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകളിലായിരുന്നു കുട വിറ്റത്. മുന്‍നിര ബ്രാന്‍ഡുകളെ അപേക്ഷിച്ച് വിലക്കുറവായതിനാല്‍ ആവശ്യക്കാര്‍ ധാരാളമായെത്തി. അതോടെ ഉല്‍പാദനവും വര്‍ധിപ്പിച്ചു.

പിന്നീട് അഗളി ഗ്രാമപഞ്ചായത്ത് കാര്‍ത്തുമ്പി കുടകളുടെ പ്രമോഷന്‍ ഏറ്റെടുത്തു. എറണാകുളം വൈപ്പിന്‍ മേഖലയിലെ വിദ്യാഭ്യാസ പദ്ധതിയായ ‘വെളിച്ച’ത്തിനു വേണ്ടി 2,000 കുടകള്‍ നിര്‍മ്മിക്കുന്നതിനായുള്ള ഓര്‍ഡര്‍ കാര്‍ത്തുമ്പിയെത്തേടിയെത്തിയത് ഒരു തുടക്കം മാത്രമായിരുന്നു. തുടര്‍ന്ന്, ഷോളയാര്‍ ഗ്രാമപഞ്ചായത്ത്, ഇന്‍ഫോപാര്‍ക്ക്, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, തുടങ്ങി പല സ്ഥലത്തുനിന്നും വലിയ ഓര്‍ഡറുകള്‍ വന്നു. ഇന്ന് അട്ടപ്പാടിയിലെ 100-ലേറെ കുടുംബങ്ങളില്‍ കാര്‍ത്തുമ്പിയിലൂടെ സ്വാശ്രയത്വത്തിന്‍റെ വെളിച്ചമെത്തുന്നു.

ഷോളയൂര്‍ പഞ്ചായത്തിലെ നല്ലശിങ്ക ഊര്, ചൊറിയനൂര്, പിന്നെ അഗളി പഞ്ചായത്തിലെ കള്ളമല, പുതൂര്‍ പഞ്ചായത്തിലെ പൊട്ടിക്കല്ല് എന്നിവിടങ്ങളിലാണ് സജീവമായി പ്രവര്‍ത്തിക്കുന്ന യൂണിറ്റുകള്‍ ഉള്ളത്. അഗളിയില്‍ തന്നെ നെല്ലിപ്പതി ഊരില്‍ പുതുതായി യൂണിറ്റ് തുടങ്ങിയിട്ടുണ്ട്.

ദിവസം 700 രൂപ വരെ വരുമാനം

തൊഴിലൊന്നും ചെയ്യാതെ വീട്ടിലിരുന്നിരുന്ന അട്ടപ്പാടിയിലെ വീട്ടമ്മമാര്‍ ഇന്ന് കര്‍ത്തുമ്പികുടകളുടെ നിര്‍മ്മാണത്തിലൂടെ ദിവസത്തില്‍ 700 രൂപക്ക് മേല്‍ വരുമാനം നേടുന്നുണ്ടെന്ന് കാര്‍ത്തുമ്പിയുടെ പ്രവര്‍ത്തകര്‍ പറയുന്നു.


ഒരു കുട നിര്‍മ്മിക്കുമ്പോള്‍ കൂലിയിനത്തില്‍ ഒരാള്‍ക്ക് 100 രൂപ കിട്ടും.


കുട നിര്‍മ്മാണത്തിന് അങ്ങനെ പ്രത്യേക സമയം ഒന്നും ഇല്ല. എന്നാലും രാവിലെ ഒന്‍പതര മുതല്‍ ഇവര്‍ പണി തുടങ്ങും. അഞ്ചുമണിവരെ പണിയെടുക്കും. രാത്രി ഇരുന്നു ചെയ്യുന്നവരും ഉണ്ട്. ദിവസം ആറു മുതല്‍ ഏഴു കുടകള്‍ വരെ ഒരാള്‍ നിര്‍മ്മിക്കുന്നു.

ഇതുവരെ 200-ല്‍ പരം അമ്മമാര്‍ കുടനിര്‍മ്മാണത്തില്‍ പരിശീലനം നേടിയിട്ടുണ്ട്. ഇപ്പോള്‍ അഞ്ച് നിര്‍മ്മാണ യൂണിറ്റുകളാണ് അട്ടപ്പാടിയിലുള്ളത്. മുടുക, കുറുമ്പ, ഇരുള വിഭാഗതില്‍ പെട്ട അമ്മാരാണ് കുടനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

സംരംഭത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ 16 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

”ഒരുപാട് ട്രൈബല്‍ ഫണ്ട് വരുന്നുണ്ടെങ്കിലും അത് അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി കൃത്യമായി ഉപയോഗിക്കപ്പെടുന്നില്ല. എന്നാല്‍ ഫണ്ടിനൊന്നും കാത്ത് നില്‍ക്കാതെ തന്നെ ആദിവാസി സമൂഹത്തിലെ ആവശ്യങ്ങള്‍ നടക്കണം. അതിനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമാണ് കാര്‍ത്തുമ്പി. വളരെക്കുറച്ച് ആളുകളിലേക്ക് മാത്രമേ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനത്തിന്‍റെ ഗുണം ലഭിക്കുന്നുള്ളൂ എന്നതാണ് ഞങ്ങളുടെ വിഷമം. കൂടുതല്‍ അമ്മമാരിലേക്ക് അതിന്‍റെ ഗുണമെത്തിക്കാനുള്ള ശ്രമത്തിലാണ്,” രാജേന്ദ്ര പ്രസാദ് വിശദമാക്കുന്നു.

മുംബൈയില്‍ നിന്നും കുട നിര്‍മ്മാണത്തിനു വേണ്ട സാമഗ്രികള്‍ തമ്പ് പ്രതിനിധികള്‍ നേരിട്ടു പോയാണ് എടുക്കുന്നത്. കേരള സ്‌റ്റൈല്‍ എന്നറിയപ്പെടുന്ന ആറ് നിറങ്ങളിലുള്ള ത്രീ-ഫോള്‍ഡ് കുടകളാണ് പ്രധാനമായും നിര്‍മ്മിക്കുന്നത്. കളര്‍ ത്രീ-ഫോള്‍ഡ് കുടയ്ക്ക് ഒന്നിന് 325 രൂപയും ത്രീ-ഫോള്‍ഡ് കറുപ്പിന് 310 രൂപയുമാണ് വില. തൊഴിലുറപ്പ് പദ്ധതിക്ക് പോകുന്നതിലും ലാഭകരമാണ് കുടനിര്‍മ്മാണമെന്ന് അട്ടപ്പാടിയിലെ അമ്മമാരും അഭിപ്രായപ്പെടുന്നു.

ടെക്കികളുടെ പിന്തുണ

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഐ ടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി കാര്‍ത്തുമ്പി കുടകള്‍ക്ക് മികച്ച പിന്തുണയാണ് നല്‍കുന്നത്. ഇവര്‍ പ്രീ-സെയില്‍ കൂപ്പണുകള്‍ നല്‍കി കാര്‍ത്തുമ്പി നിര്‍മ്മാതാക്കള്‍ക്ക് മൂലധനം ഉറപ്പുവരുത്തുന്നു. സര്‍ക്കാര്‍ വകുപ്പുകള്‍, സ്‌കൂളുകള്‍, കോളെജുകള്‍, സഹകരണ ബാങ്കുകള്‍ തുടങ്ങിയവ വഴിയും വില്‍പന നടത്തുന്നു.

ട്രൈബല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് ഇപ്പോള്‍ വിതരണം ചെയ്യുന്നതും കാര്‍ത്തുമ്പി കുടകളാണ്.

സോഷ്യല്‍ മീഡിയയിലൂടെയാണ് കുടകള്‍ക്ക് വിപണി ലഭിക്കുന്നത്. ഫോണ്‍ മുഖേന ഓര്‍ഡര്‍ എടുക്കുന്നവര്‍ക്ക് പോസ്റ്റല്‍ മുഖേനയും കുട എത്തിക്കും.

ഈ വര്‍ഷം മികച്ച കച്ചവടം പ്രതീക്ഷിച്ചുകൊണ്ടാണ് കുടനിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍ മഴക്കാലത്ത് സാധാരണ രീതിയില്‍ മഴ പെയ്യുന്നതിനു പകരം പ്രളയം ഉണ്ടായതിനാല്‍ തിരിച്ചടി നേരിട്ടു. വില്‍പന വലിയ രീതിയില്‍ താഴേക്ക് പോയി. മാത്രമല്ല, ഇപ്പോള്‍ ഉണ്ടാക്കിയ കുടകളത്രയും കെട്ടിക്കിടക്കുകയുമാണ്.

എന്നാല്‍ ഹോസ്റ്റലുകള്‍ക്ക് വേണ്ടി കുടകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഓര്‍ഡര്‍ ലഭിച്ചതിനാല്‍ ഈ നഷ്ടത്തില്‍ നിന്നും കരകയറാനാകും. ഈ വര്‍ഷത്തെ ലാഭവിഹിതം ഉപയോഗിച്ച് കൂടുതല്‍ ഊരുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് ശ്രമം.

ഇതു കൂടാതെ സ്‌കൂള്‍ ബാഗ്, നോട്ടുബുക്ക് ,റാഗിപ്പൊടി, തേന്‍, മുളയരി, മുള ഉത്പന്നങ്ങള്‍, കുന്തിരിക്കം എന്നിവയുടെ ഉത്പാദനവും തുടങ്ങുന്നുണ്ട്. കുട്ടികള്‍ക്കായുള്ള കുടകള്‍ക്കും മികച്ച വിപണിയാണുള്ളത്. ബാഗ് നിര്‍മ്മാണം കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് തമ്പ്. ഇപ്പോള്‍ ബാഗിന്‍റെ മെറ്റീരിയല്‍ മുറിക്കുന്നതിന് മാത്രമാണ് അട്ടപ്പാടിയിലെ അമ്മമാര്‍ സഹായിക്കുന്നത്. വിദഗ്ധരാണ് ഉണ്ടാക്കുന്നത്. വരും വര്‍ഷങ്ങളില്‍ അത് മാറണം എന്നാണ് ലക്ഷ്യം, രാജേന്ദ്ര പ്രസാദ് പറഞ്ഞു.


ഇതുകൂടി വായിക്കാം: എം. ബി. ബി. എസ് കഴിഞ്ഞ് നേരെ അട്ടപ്പാടിക്ക് വണ്ടി കയറിയതാണ് ഈ പത്തുരൂപാ ഡോക്ടര്‍, 16 വര്‍ഷം മുമ്പ്


കാര്‍ത്തുമ്പി എന്ന ബ്രാന്‍ഡ് കൂടുതല്‍ പേരിലേക്ക് എത്തിക്കുവാനുള്ള ഒരുക്കത്തിലാണ് തമ്പ്. കാര്യങ്ങള്‍ വിചാരിച്ച പോലെ മുന്നോട്ട് പോകുകയാണെങ്കില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹ്യ സംരംഭമായിമാറാന്‍ കാര്‍ത്തുമ്പിക്ക് അധികകാലം വേണ്ടി വരില്ല. ആദ്യവര്‍ഷം 300 കുടകള്‍ മാത്രം നിര്‍മ്മിച്ചിരുന്നിടത്ത് ഇത്തവണ മുപ്പതിനായിരത്തിലധികം കുടകളാണ് നിര്‍മ്മിച്ചത്. തമ്പ് പ്രവര്‍ത്തകരും കാര്‍ത്തുമ്പിയിലെ അമ്മമാരും വലിയ പ്രതീക്ഷയിലാണ്.

***
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം:  രാജേന്ദ്രപ്രസാദ്: 9447139784
കാര്‍ത്തുമ്പിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാം

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം