സൈക്കിളില്‍ നാടുചുറ്റി പ്രളയബാധിതര്‍ക്കായി 3 ടണ്‍ അരിയും വസ്ത്രങ്ങളും ശേഖരിച്ച കൊച്ചുമിടുക്കി

ഞാന്‍ നല്ല ഡ്രെസ്സില്‍… അവിടെ അമ്മമാരും കുട്ടികളും പ്രായമായവരുമൊക്കെ നനഞ്ഞു നില്‍ക്കണതും കണ്ടപ്പോ സഹിച്ചില്ല…

പേ ര് ശ്വേത എന്നാണെങ്കിലും നാട്ടുകാരും വീട്ടുകാരും വിളിക്കുന്നത് അമ്മിണി എന്നാണ്. തൃശൂര്‍ ചേര്‍പ്പിനടുത്ത് ചെറുവത്തേരിയിലാണ് അഞ്ചാംക്ലാസ്സുകാരിയുടെ വീട്.  നാട്ടിലെ ഹീറോയാണിപ്പോള്‍ ഈ മിടുക്കിക്കുട്ടി!

2018 ജൂണില്‍ മഴ കനത്തപ്പോള്‍ ചേര്‍പ്പിലെ പല പ്രദേശങ്ങളെയും വെള്ളത്തിലായി, ജനങ്ങള്‍ ദുരിതത്തിലും. അമ്മിണിയുടെ അച്ഛന്‍ സുനിലും അമ്മ രതിയും നാട്ടുകാര്‍ക്കൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.

“2018 ജൂണിലെ പ്രളയകാലത്ത് ചില സംഘടനകളോടൊപ്പം ചേര്‍ന്ന് നാട്ടുകാരില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പിലേക്ക് വേണ്ട സാധനങ്ങള്‍ക്കായി ശേഖരണം തുടങ്ങി. ബക്കറ്റു പിടിച്ചായിരുന്നു ശേഖരണം,” സുനില്‍ ദ് ബെറ്റര്‍ ഇന്‍ഡ്യ (ടി ബി ഐ) യോട് പറയുന്നു.

ശ്വേത (അമ്മിണി). ഫോട്ടോ. കടപ്പാട്: സുനില്‍ സൂര്യ/ഫേസ്ബുക്ക്

“എന്‍റെ ഭാര്യ രതിയും ഞങ്ങളുടെ കൂടെ ചേര്‍ന്ന് പിരിവു നടത്തി. അവളും ഫോട്ടോഗ്രാഫര്‍ ആണ്. സാധാരണ ഇത്തരം പ്രവര്‍ത്തനങ്ങളില്‍  കുടുംബവും കൂടെ കൂടാറുണ്ട്. എന്നാല്‍ ബക്കറ്റ് പിടിച്ചുള്ള പിരിവു കണ്ടു നാട്ടുകാരില്‍ പലരും ഞങ്ങളെ കളിയാക്കിയതുകൊണ്ട് ഞാന്‍ ഇതില്‍ മക്കളെ കൂട്ടിയിരുന്നില്ല. അങ്ങനെ ശേഖരിച്ച സാധനങ്ങള്‍ ഞങ്ങള്‍ ചേര്‍പ്പിലെ ക്യാമ്പുകളില്‍ കൊടുത്തു.

“എന്നാല്‍ ഇതിനെ കുറിച്ചു ഞങ്ങള്‍ വീട്ടില്‍ രാത്രി സംസാരിച്ചപ്പോഴാണ് അമ്മിണി എന്നോട് പറഞ്ഞു ‘അച്ഛന്‍ എന്നെ കൂട്ടിയില്ലല്ലോ,’ എന്ന്. കൊച്ചുകുട്ടിയുടെ വാക്കുകളായേ അതിനെ ഞാന്‍ കണ്ടുള്ളൂ. എന്നാല്‍, അവള്‍ അവിടെ നിര്‍ത്തിയില്ല. നിരന്തരമായി എന്നോട് പറഞ്ഞുകൊണ്ടേയിരുന്നു,” സുനില്‍ തുടരുന്നു.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനൊപ്പം ഗ്രാമീണ സ്ത്രീകളുടെ സംരംഭങ്ങളെയും നമുക്ക് സഹായിക്കാനാകും. സന്ദര്‍ശിക്കൂ: Karnival.com

“ഞാന്‍ അവളെ ആശ്വസിപ്പിച്ചു, കൊച്ചുകുട്ടികള്‍ക്ക് ഇതൊന്നും പറ്റൂല കുട്ട്യേ എന്ന്. അങ്ങനെയിരിക്കെ 2018 ഓഗസ്റ്റ് 16-നു രാത്രി വീണ്ടും വെള്ളം കയറി ഞങ്ങളുടെ ചുറ്റുവട്ടത്തെ പ്രദേശത്തെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതായി പ്രാദേശിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ മെസ്സേജ് വന്നു. ഞാന്‍ അവിടേക്ക് പോകാന്‍ തയ്യാറായപ്പോഴേക്കും  അവളും വരുന്നെന്ന് പറഞ്ഞ് അമ്മിണിയുമെത്തി. അവളുടെ പരാതി മാറിക്കോട്ടെ എന്നു കരുതി ഞാന്‍ കൂടെ കൊണ്ടുപോയി,” അമ്മിണിയെ കൂടെക്കൂട്ടാനുണ്ടായ സാഹചര്യത്തെ കുറിച്ച് സുനില്‍ വിവരിച്ചു.

കടകളിൽ നിന്നും സാധനങ്ങൾ സ്വീകരിക്കുന്ന അമ്മിണി
കടപ്പാട്: ഫേസ്ബുക്/സുനിൽ

പിന്നീട് കാര്യങ്ങള്‍ പറഞ്ഞത് അമ്മിണിയായിയിരുന്നു:
“ഞാന്‍ അച്ഛനോടൊപ്പം ചേര്‍പ്പിലെ ഗവണ്മെന്‍റ് സ്‌കൂളിലെ ക്യാമ്പിലേക്കാണ് പോയത്. ഞങ്ങള്‍ ചെല്ലുമ്പോള്‍ അവിടെ കുറെ പേരുണ്ടായിരുന്നു. എല്ലാവരും മഴ നനഞ്ഞു ചേറു പുരണ്ടു നില്‍ക്കണത് കണ്ടപ്പോ എനിക്ക് ആകെ വിഷമായി. ഞാന്‍ അങ്ങോട്ടേക്ക് പോവാനായി ഡ്രസ്സ് ഒക്കെ മാറിയിട്ടുണ്ടായിരുന്നു.


ഞാന്‍ നല്ല ഡ്രെസ്സിലും അവിടെ അമ്മമാരും കുട്ടികളും പ്രായമായവരുമൊക്കെ നനഞ്ഞു നില്‍ക്കണതും കണ്ടപ്പോ സഹിച്ചില്ല…”


ക്യാമ്പില്‍ കണ്ട കാര്യങ്ങള്‍ പറയുമ്പോള്‍ ആ പത്തു വയസ്സുകാരിക്കിപ്പോഴും സങ്കടം വരും.

“നനഞ്ഞു നില്‍ക്കുന്ന ആളുകളെ കണ്ടപ്പോള്‍ മോള്‍ക്ക് വലിയ വിഷമമായി,” സുനില്‍ തുടരുന്നു. ”നമ്മുടെ കടയിലെ ഡ്രസ്സുകള്‍ ഇവര്‍ക്ക് കൊടുക്കാമെന്ന് അവള്‍ എന്നോട് പറഞ്ഞു. നാട്ടില്‍ എനിക്കു ചെറിയൊരു തുണിക്കടയുണ്ട്. അവിടെ പോയി ഞങ്ങള്‍ ഓണത്തിനായി കൊണ്ടുവന്ന സ്റ്റോക്കില്‍ ഭൂരിഭാഗവും ക്യാമ്പിലേക്ക് കൊണ്ട് വന്നു ക്യാമ്പില്‍ കൊടുത്തു,” അന്ന് 200-ഓളം പേര്‍ അവര്‍ കൊടുത്ത വസ്ത്രം ധരിച്ചാണ് ഈറന്‍ മാറിയത് എന്ന് പറയുമ്പോള്‍ സുനിലിന്‍റെ വാക്കുകളില്‍ നിറഞ്ഞ സംതൃപ്തി.

വീട്ടിൽ സാധനങ്ങൾ നേരിട്ടെത്തി ഏല്പിക്കുന്ന നാട്ടുകാരന്‍. കടപ്പാട്: ഫേസ്ബുക്/സുനിൽ

അന്നുരാത്രി ഒരുപാട് വൈകിയാണ് സുനിലും അമ്മിണിയും സഹോദരന്മാരും വീട്ടിലെത്തിയത്. “അന്ന് ഞങ്ങള്‍ക്കു ആര്‍ക്കും ഉറക്കം വന്നില്ല എന്നതാണ് സത്യം. … അങ്ങനെയാണ് അടുത്ത ദിവസം മുതല്‍ അമ്മിണി അവളുടെ ഗഡിയായ സൈക്കിളുമായി നാട്ടുകാരില്‍ നിന്നും കൂട്ടുകാരില്‍ നിന്നും സാധനങ്ങള്‍ ശേഖരിക്കാന്‍ ഇറങ്ങിത്തിരിച്ചത്.

“അമ്മിണിയെ നന്നായി അറിയുന്നവരായത് കൊണ്ട് തന്നെ ആരും അവളെ വെറുംകയ്യോടെ മടക്കിയില്ല. ചെറുതെങ്കിലും എല്ലാവരും അവര്‍ക്ക് കഴിയുന്നത് പോലെ സഹായിച്ചു. ആദ്യ ദിവസങ്ങളില്‍ കുറച്ചു പഴയ ഡ്രെസ്സുകള്‍ ആണ് അവള്‍ കൊണ്ട് വന്നത്. പഴയ ഡ്രെസ്സുകള്‍ എങ്ങനെയാ കൊടുക്ക എന്ന് ഞാന്‍ അവളോട് ചോദിച്ചപ്പോള്‍ ‘സാരമില്ല അച്ഛാ, നമുക്കിതെങ്കിലും കൊടുക്കാം’ എന്ന് മോള്‍ പറഞ്ഞപ്പോള്‍ കുട്ടി ഇതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണെന്ന് എനിക്ക് ബോധ്യമായി.

പാക്കിങ്ങിൽ തിരക്കോടെ കടപ്പാട്:ഫേസ്ബുക്/സുനിൽ സൂര്യ

“ഒരു പാക്കറ്റ് ബിസ്‌കറ്റോ ടൂത്ത് പേസ്റ്റോ സോപ്പോ ആയാലും സ്വരൂപിച്ചാല്‍ മതിയെന്നു ഞാന്‍ അമ്മിണിയോട് പറഞ്ഞു. അടുത്ത ദിവസം മുതല്‍ അവള്‍ ബിസ്‌കറ്റ്, സോപ്പ്, ഫെനോയില്‍ പോലുള്ള സാധനങ്ങള്‍ അവളുടെ സൈക്കിള്‍ നിറച്ചു കവറുകളില്‍ മറ്റുമായി ശേഖരിച്ചു വീട്ടില്‍ എത്തിച്ചു തുടങ്ങി. ആദ്യമൊക്കെ ഞങ്ങള്‍ അത് അടുത്തുള്ള ക്യാമ്പുകളില്‍ എത്തിച്ചു. പിന്നീട് 21 ക്യാമ്പുകളില്‍ സാധനങ്ങള്‍ എത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു,” സുനില്‍ പറഞ്ഞു.

“എനിക്ക് വെള്ളപൊക്കം ബാധിച്ചവരുടെ സങ്കടം കണ്ടപ്പോ ആകെ വിഷമായി. അവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി,” അത്രയേയുള്ളൂ ആ കുട്ടിക്ക്.


ഇതുകൂടി വായിക്കാം: എം. ബി. ബി. എസ് കഴിഞ്ഞ് നേരെ അട്ടപ്പാടിക്ക് വണ്ടി കയറിയതാണ് ഈ പത്തുരൂപാ ഡോക്ടര്‍, 16 വര്‍ഷം മുമ്പ്


ഈ പ്രളയകാലത്തും അമ്മിണിക്കുട്ടിക്ക് വെറുതെ ഇരിക്കാന്‍ കഴിഞ്ഞില്ല. അവള്‍ അച്ഛനോട് പറഞ്ഞു: “അച്ഛാ നമുക്ക് ക്യാമ്പുകളിലേക്ക് ആവശ്യങ്ങള്‍ എന്തോക്കെയാണെന്ന് അന്വേഷിച്ചിട്ട് അവ എത്തിച്ചു കൊടുക്കണം.”

സാധനങ്ങൾ കയറ്റുന്ന തിരക്കിൽ. കടപ്പാട്: ഫേസ്ബുക്/സുനിൽ സൂര്യ

മകളുടെ കാരുണ്യ പ്രവര്‍ത്തനങ്ങളിലെല്ലാം കട്ട സപ്പോര്‍ട്ട് നല്‍കുന്ന സുനില്‍ എപ്പോഴേ തയ്യാര്‍!

“ഞാന്‍ ഉടന്‍ തന്നെ വില്ലേജ് ഓഫിസറെ വിളിച്ചു ക്യാമ്പ് എവിടെയാണ് തുടങ്ങിയിരിക്കുന്നത് എന്നന്വേഷിച്ചു. എന്നാല്‍ ക്യാമ്പ് തുടങ്ങാനായി കുറച്ചു ഔദ്യോഗിക നടപടിക്രമങ്ങള്‍ ഉണ്ട്, സ്‌കൂളുകള്‍ ക്യാമ്പിനായി വിട്ടു തരുന്നില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. അങ്ങനെയാണ് ഞാന്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടത്. എന്‍റെ വീട്ടില്‍ 50 പേര്‍ക്കുള്ള താമസസൗകര്യവും ഭക്ഷണവും ഒരുക്കാം. ആര്‍ക്ക് വേണമെങ്കിലും വരാം എന്നായിരുന്നു പോസ്റ്റിന്‍റെ ഉള്ളടക്കം.

“പോസ്റ്റിന് നല്ല പ്രതികരണം കിട്ടി. ഒരുപാട് പേര്‍ എന്നെ ഫോണില്‍ ബന്ധപെട്ടു. പക്ഷെ അടുത്ത ദിവസം തന്നെ ക്യാമ്പ് ആരംഭിച്ചത് കൊണ്ട് അതിന്‍റെ ആവശ്യം വന്നില്ല. ക്യാമ്പ് തുടങ്ങിയ ദിവസം തന്നെ ഞങ്ങള്‍ അവിടെ പോയി എല്ലാവരേയും കണ്ടു വിവരങ്ങള്‍ അന്വേഷിച്ചു. ഭാഗ്യവശാല്‍ ഈ വര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ ഞങ്ങളുടെ നാട്ടില്‍ കാര്യമായ പ്രശ്‌നങ്ങളോ നാശനഷ്ടങ്ങളോ സംഭവിച്ചില്ല,” സുനില്‍ കൂട്ടിച്ചേര്‍ത്തു.

ബാക്കി പറഞ്ഞത് അമ്മിണിയാണ്: “കവളപ്പാറയിലും നിലമ്പൂരിലും വലിയ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായതും അതിന്‍റെ കാഴ്ചകളും ഞാന്‍ ടിവിയിലും പത്രത്തിലും ഒകെ കണ്ടിരുന്നു. ഈ വര്‍ഷം അവിടെയാണ് പ്രശ്‌നങ്ങള്‍ സംഭവിക്കുന്നത് എന്നെനിക്ക് മനസിലായി. ഞാന്‍ അച്ഛനോട് പറഞ്ഞു നമുക്ക് അവിടെ സാധനങ്ങള്‍ എത്തിക്കാം എന്ന്.”

സഹോദരങ്ങളായ ആകാശിനും മാനവിനും അമ്മ രതിക്കും അച്ഛന്‍ സുനിലുമൊപ്പം   അമ്മിണി

വണ്ടി പോട്ടെ നാല്പതുസെന്റിലേക്ക്… കടപ്പാട്:ഫേസ്ബുക്/സുനിൽഅമ്മിണി തന്നെ ആയിരുന്നു എല്ലാത്തിനും തുടക്കം ഇട്ടത്. തന്‍റെ ചങ്കു ബഡ്ഡി ആയ സൈക്കിളുമായി അവള്‍ വീണ്ടും സാധനങ്ങള്‍ ശേഖരിക്കാനിറങ്ങി. “ഇതു കുട്ടിടെ ഏഴാമത്തെ സൈക്കിള്‍ ആണ്. ഓരോ സൈക്കിളും അവള്‍ സൈക്കിള്‍ ഇല്ലാത്ത ആര്‍ക്കെങ്കിലും കൊടുത്തിട്ട് വരും,” സുനില്‍ ചിരിച്ചു കൊണ്ട് ഇടയ്ക്ക് പറഞ്ഞു. അച്ഛന്‍റെ ആ വാക്കുകള്‍ അമ്മിണിയെ തെല്ലൊന്നു ചൊടിപ്പിച്ചു. അവള്‍ അച്ഛന്‍റെ കയ്യില്‍ നുള്ളി പ്രതിഷേധം അറിയിച്ചു.

“സൈക്കിള്‍ നിറയെ സാധനങ്ങളുമായി മോള്‍ തിരിച്ചെത്തും,” സുനില്‍ തുടര്‍ന്നു. ”ഞാനും ഭാര്യയും അമ്മിണിയുടെ മൂത്ത സാഹോദരങ്ങളായ മാനവും ആകാശും ഞങ്ങളുടേതായ രീതിയിലും കളക്ഷന്‍ തുടര്‍ന്നു. ഞാന്‍ ഒരു ഫോട്ടോഗ്രഫര്‍ കൂടിയാണ്. ജോലിയുടെ ആവശ്യങ്ങള്‍ക്കായി എനിക്ക് രണ്ടു വാഹനങ്ങള്‍ ഉണ്ട്.

“അതില്‍ ഞാന്‍ സാധനങ്ങള്‍ ഓരോ സ്ഥലങ്ങളില്‍ പോയി ശേഖരിച്ചു. ഇതിനായി ജോലിയും മറ്റുള്ള കാര്യങ്ങളൊക്കെ രണ്ടു ദിവസത്തേക്ക് മാറ്റിവെച്ചു. ഞങ്ങള്‍ കുടുംബത്തോടെ ഇറങ്ങി.

അങ്ങനെ രണ്ടു ദിവസം കൊണ്ട് ശേഖരിച്ച സാധനങ്ങളെല്ലാം ഒരു ലോറിയില്‍ നിറച്ചു കവളപ്പാറക്ക് അടുത്ത് കരുളായി എന്ന സ്ഥലത്തെ ചെമ്മാണ്ടിപ്പ എന്ന ഊരില്‍ എത്തിച്ചു.

അപ്പൊ എങ്ങനെയാ !! മ്മൾ പോകല്ലേ.. ഡ്രൈവര്‍ മാമന്‍ മാറി നിന്ന തക്കത്തിന് സ്റ്റിയറിങ്ങ് വീലിന് പിന്നിലിരുന്ന് വികൃതി. കടപ്പാട്: സുനിൽ സൂര്യ

“അവിടെ വച്ച് എന്‍റെ സുഹൃത്ത് കൂടിയായ പെരിന്തല്‍മണ്ണയിലെ പോലീസ് ഉദ്യോഗസ്ഥന്‍ ആണ് പറഞ്ഞത് മലപ്പുറം കാളികാവിനടുത്ത് നാല്പതുസെന്‍റ് എന്ന ഒരു ഊരില്‍ മഹാമാരി പെയ്ത് ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്ന്. കുറേ ആദിവാസികള്‍ അവിടെ കുടുങ്ങിയിട്ടുണ്ടെന്നും അവരെ സഹായിക്കാനായാല്‍ എല്ലാവിധ പിന്തുണയും നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് നാല് ദിവസം സാധനങ്ങള്‍ക്കായി നാട്ടുകാരും കൂട്ടുകാരും ഒക്കെ കൈ കോര്‍ത്തപ്പോള്‍ ഒരു ടോറസ് നിറയെ സാധനങ്ങള്‍ സമാഹരിച്ചു നാല്പതുസെന്‍റില്‍ എത്തിച്ചു.

“ഈ വര്‍ഷവും ഓണത്തിനായി കടയില്‍ എത്തിച്ച സ്റ്റോക്ക് പ്രളയബാധിതര്‍ക്കായി മാറ്റിവെച്ചു. മാവോയിസ്‌റ്റ് ഭീഷണിയുള്ള സ്ഥലമായത് കൊണ്ട് തന്നെ പോലീസിന്‍റെ സഹായത്തോടുകൂടി മാത്രമേ നമുക്ക് ആ ഊരിലേക്ക് പ്രവേശിക്കാന്‍ കഴിയുകയുള്ളു. അമ്മിണിക്ക് നേരിട്ട് നാല്പതുസെന്‍റില്‍ എത്തി സാധനങ്ങള്‍ കൈമാറാന്‍ അതിയായ ആഗ്രഹം ആയിരുന്നു. ഞങ്ങള്‍ കുടുംബത്തോടെ പ്രത്യേക വാഹനത്തില്‍ ടോറസിനോടൊപ്പം നേരിട്ട് എത്തിയാണ് സാധനങ്ങള്‍ കൈമാറിയത്.

നാല്പതുസെന്റിലേക്ക് പ്രവേശിക്കാൻ സഹായിച്ച പോലീസ് സംഘത്തോടൊപ്പം
കടപ്പാട്: ഫേസ്ബുക്/സുനിൽ
നാല്പതു സെന്റിൽ നേരിട്ടെത്തി സാധനങ്ങൾ കൈമാറുന്ന അമ്മിണി
കടപ്പാട്: ഫേസ്ബുക്/സുനിൽ
നാല്പതുസെന്റില്‍. കടപ്പാട്:ഫേസ്ബുക്/സുനിൽ

”നാല്പതുസെന്‍റിലെ വീടുകള്‍ കണ്ടാല്‍ ശെരിക്കും വിഷമം വരും,” അമ്മിണി പറഞ്ഞു. ”കറുത്ത ഷീറ്റ് കൊണ്ട് മുകളില്‍ മാത്രം മറച്ച വീടുകളാണ് അവിടെ ഉള്ളത്. ഇത്രയൊക്കെ മഴ പെയ്തിട്ടും എങ്ങനെയാ അതില്‍ താമസിച്ചത് എന്ന് തോന്നി.”

സൈക്കിളില്‍ നാടുചുറ്റിയും സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തിയും അമ്മിണിയും കൂട്ടരും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിച്ചത് മൂന്നു ടണ്‍ അരിയും അതിനാവശ്യമായ പച്ചക്കറികളും കൂടാതെ വന്‍തോതില്‍ വസ്ത്രങ്ങളും മറ്റു നിത്യോപയോഗ സാധനങ്ങളുമാണ്.


ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സൈക്കിളില്‍ ചുറ്റിയുള്ള ശേഖരണവുമെല്ലാം മാധ്യമങ്ങളില്‍ വന്നതോടെ അമ്മിണി നാട്ടിലൊരു ഹീറോയായി. സ്‌കൂളിലും താരമാണ് അമ്മിണിയിപ്പോള്‍.


സ്കൂളിലെ പ്രത്യേക ചടങ്ങിൽ ഹെഡ്മിസ്ട്രസ് അമ്മിണിയെ അഭിനന്ദിക്കുന്നു.
കടപ്പാട്:ഫേസ്ബുക്/സുനിൽ

ക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ അച്ഛനും സഹോദരന്മാരുംകൂടി രാത്രി പാക്കിങ് നടത്തുമ്പോള്‍ അമ്മിണിയും കൂടും സഹായത്തിന്. രാത്രി മൂന്നുമണി വരെ നീളുന്ന പാക്കിങ്ങില്‍ അവസാനം വരെ അവളുണ്ടാകും. അതുകൊണ്ട് ക്ലാസ്സില്‍ വൈകിയാണ് എത്തിയിരുന്നത്. എങ്കിലും സ്‌കൂളില്‍ നിന്നും പൂര്‍ണ പിന്തുണ ഉണ്ടായിരുന്നു എന്ന് അമ്മിണി പറയുന്നു.

സ്‌കൂളില്‍ ഹെഡ്മിസ്ട്രസ് പ്രത്യേക ചടങ്ങു സംഘടിപ്പിച്ചു അമ്മിണിയെ അഭിനന്ദിക്കുകയും ചെയ്തു. കുരിയച്ചിറ സെന്‍റ് പോള്‍സ് സ്‌കൂളിലെ അഞ്ചാം ക്ളാസ്സുകാരിയാണ് അമ്മിണി.


ഇതുകൂടി വായിക്കാം: വിശന്ന കുഞ്ഞുങ്ങളുടെ കരച്ചില്‍ ഇനി കേള്‍ക്കാതിരിക്കാന്‍ അട്ടപ്പാടിയിലെ അമ്മമാര്‍; കേരളം കേള്‍ക്കാനാഗ്രഹിക്കുന്ന കാര്‍ത്തുമ്പിയുടെ വിജയകഥ


“ഈ പ്രവര്‍ത്തനങ്ങളില്‍ താങ്ങായി ഒട്ടനവധി പേര്‍ കൂടെ നിന്നു,” സുനില്‍ ഓര്‍ക്കുന്നു. “ക്യാമ്പുകളില്‍ സാധനങ്ങള്‍ എത്തിക്കാന്‍ വാടകക്കെടുത്ത വാഹനങ്ങളുടെ ഉടമകള്‍ കൂലി പോലും വാങ്ങാതെ പിന്തുണച്ചു.”
.
വസ്ത്രവ്യാപാരവും സ്റ്റുഡിയോയും മാത്രമല്ല നാട്ടില്‍ അക്ഷയകേന്ദ്രവും നടത്തുന്നുണ്ട് സുനില്‍. “എല്ലാ കൊല്ലവും ഓണത്തിന് ഞാന്‍ കുടുംബവുമൊത്ത് ജീവനക്കാരുമായി സൗജന്യമായി ചെറിയ യാത്ര സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ ഇക്കൊല്ലം ഉല്ലാസയാത്രക്ക് പകരം ഓണക്കോടിയുമായി നമുക്ക് നാലപതുസെന്‍റില്‍ പോകാം എന്നാണ് മോള്‍ പറയുന്നത്. അതിനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍,” മകളെ ചേര്‍ത്തുപിടിച്ചുകൊണ്ട് സുനില്‍ പറഞ്ഞു.

അതുകേട്ടപ്പോള്‍ അമ്മിണിയുടെ കണ്ണിലും സന്തോഷത്തിളക്കം.

***
ഫോട്ടോകള്‍ക്ക് കടപ്പാട്: സുനില്‍ സൂര്യ/ ഫേസ്ബുക്ക്

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം