രാത്രി 2 മണി. ഭക്ഷണം കഴിക്കാനാരെങ്കിലുമുണ്ടോ എന്നന്വേഷിച്ച് ഒരു റൗണ്ട് കറങ്ങിയതും പൊതിച്ചോറെല്ലാം തീര്‍ന്നു! ഞങ്ങള്‍ക്ക് കരച്ചിലടക്കാനായില്ല: ‘ഇന്നത്തെ അത്താഴം’ പ്രവര്‍ത്തകരുടെ അനുഭവങ്ങള്‍

“രാത്രിയില്‍ വിശന്നുറങ്ങുന്ന പട്ടിണിപ്പാവങ്ങളായിരുന്നു ആശുപത്രിയിലെ രോഗികളുടെ ആ കൂട്ടിരിപ്പുകാര്‍,” കണ്ണീരോടെയാണ് ഇന്നത്തെ അത്താഴത്തിന്‍റെ തുടക്കം കേരള സോഷ്യല്‍ മീഡിയാ ഫോറം പ്രവര്‍ത്തകര്‍ പറഞ്ഞുതീര്‍ത്തത്.

നേരം വല്ലാതങ്ങ് ഇരുട്ടിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളെജിന്‍റെ ഇരുണ്ട ഇടനാഴിയില്‍ ആ നാലുയുവാക്കള്‍ തളര്‍ന്നിരുന്നു.ആരുടെ കൈയ്യിലും ഇനി നയാപൈസ ബാക്കിയില്ല. രാവിലെ മുതല്‍ അവര്‍ ഒന്നും കഴിച്ചിട്ടുമില്ല.

അഞ്ചു സുഹൃത്തുക്കളും കൂടി ഒരു യാത്ര പോയതാണ്. വഴിയില്‍ ഒരപകടത്തില്‍ പെട്ടു. അതിലൊരാള്‍ക്ക് ഗുരുതരമായ പരിക്ക്. അങ്ങനെയാണ് അവരവിടെ എത്തിയത്. രാവിലെ മുതല്‍ സുഹൃത്തിന്‍റെ ജീവന്‍ രക്ഷിക്കാനുള്ള തത്രപ്പാടിലായിരുന്നു.

“അവര്‍ ആ ഇരുപ്പ് തുടര്‍ന്നപ്പോഴാണ് ഞങ്ങള്‍ അവിടെയെത്തുന്നതും കുറച്ച് ഭക്ഷണപ്പൊതികള്‍ അവര്‍ക്കു നേരേ നീട്ടുന്നതും. അവര്‍ ദൈന്യതയോടെ ഞങ്ങളെ നോക്കി.’എത്ര രൂപയാ?’ അതിലൊരാള്‍ ചോദിച്ചു.

“ഒന്നും വേണ്ട സൗജന്യമാണ്. അതുകേട്ടപ്പോഴുണ്ടല്ലോ അവരുടെ മുഖത്തുണ്ടായ ആ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഞങ്ങള്‍ കൊടുത്ത പൊതി ആര്‍ത്തിയോടെ കഴിച്ചുകഴിഞ്ഞപ്പോഴാണ് അവര്‍ ആ ദിവസത്തെ ദുരിതം അവര്‍ പങ്കുവെച്ചത്.

‘നിങ്ങള്‍ വന്നില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ പട്ടിണി കിടന്നേനെ’, അവര്‍ പറഞ്ഞു.”

കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ‘ഇന്നത്തെ അത്താഴം’ ടീം ഭക്ഷണപ്പൊതികളുമായി രാത്രിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴുണ്ടായ അനുഭവം അവര്‍ തലസ്ഥാനത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിലിരുന്ന് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പങ്കുവെയ്ക്കുകയാണ്.

സ്വന്തം മനസ് നാടിനായി നീക്കിവെച്ച് സമൂഹത്തിന്‍റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ കഥയാണ് ‘ഇന്നത്തെ അത്താഴ’ത്തിന് പറയാനുള്ളത്. കേരളാ സോഷ്യല്‍ മീഡിയാ ഫോറം എന്ന പേരില്‍ ഫേസ്ബുക്കില്‍ നാലു പേര്‍ ചേര്‍ന്നു രൂപം നല്‍കിയ സംഘടനയുടെ ഒരു പദ്ധതിയാണ് ‘ഇന്നത്തെ അത്താഴം’.

”ഒരു വലിയ സാമൂഹ്യമാറ്റത്തിന് തുടക്കം കുറിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ നാലുപേര്‍ ചേര്‍ന്ന് കേരളാ സോഷ്യല്‍ മീഡിയാ ഫോറത്തിന് രൂപം നല്‍കിയത്,” മെഡിക്കല്‍ റെപ്രസെന്‍റേറ്റീവായ അനുരാജ് പറഞ്ഞുതുടങ്ങുന്നു.


പ്രകൃതി സൗഹൃദവസ്തുക്കള്‍ വാങ്ങാം, സാമൂഹ്യമാറ്റങ്ങള്‍ക്ക് ഒപ്പം നില്‍ക്കാം: Karnival.com

“സമൂഹനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണം. ജാതിമതവര്‍ണ്ണവര്‍ഗ്ഗരാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ അതിന്‍റെയൊന്നും ലേബലില്ലാതെ നിലനില്ക്കണം. അതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. മൂന്നുവര്‍ഷം മുന്‍പാണ് ഇത്തരമൊരാലോചന വരുന്നത്. അങ്ങനെ ഐ ടി പ്രൊഫഷണല്‍സായ ഇക്ബാലും സമദും വസ്ത്രവ്യാപാരിയായ ഷമീറും പിന്നെ ഞാനും ചേര്‍ന്ന് ഗ്രൂപ്പിന് രൂപം നല്‍കി.

കേരള സോഷ്യല്‍ മീ‍‍ഡിയ ഫോറം പ്രവര്‍ത്തകര്‍

“സെക്രട്ടറിയേറ്റ് പടിക്കല്‍ നടന്ന ഒരു സമരമായിരുന്നു കേരള സോഷ്യല്‍ മീഡിയാ ഫോറത്തിലേക്കുള്ള വഴി തെളിച്ചത്.ആ സമരത്തിനാകെ കേരള ജനതയുടേയും സര്‍ക്കാരിന്‍റേയും ശ്രദ്ധ ആകര്‍ഷിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. തുടര്‍ന്നാണ് വിശക്കുന്ന വയറുകള്‍ക്ക് ഒരുനേരത്തേ ഭക്ഷണമെത്തിക്കുക എന്ന ദൗത്യത്തിലേക്ക് ഞങ്ങളെത്തുന്നത്,” കേരളാ സോഷ്യല്‍ മീഡിയാ ഫോറം വളര്‍ന്ന് ‘ഇന്നത്തെ അത്താഴ’ത്തിലേക്ക് എത്തിയതിനെപ്പറ്റിയുള്ള വിവരങ്ങള്‍ അനുരാജ് പങ്കുവെച്ചു.

ഇന്നത്തെ അത്താഴമെന്ന പേരൊക്കെ സ്വീകരിക്കും മുന്‍പ് കേരള സോഷ്യല്‍ മീഡിയാ ഫോറം വിശന്ന് വഴിയരികില്‍ ഉറങ്ങുന്നവര്‍ക്ക് ആഴ്ചയിലൊരിക്കല്‍ ഭക്ഷണമെത്തിച്ചു തുടങ്ങിയിരുന്നു.


തിരുവനന്തപുരം തമ്പാനൂര്‍ കേന്ദ്രീകരിച്ചായിരുന്നു തുടക്കം. ആദ്യമൊക്കെ വഴിയരികില്‍ ഉറങ്ങിയിരുന്ന അന്‍പതോളം പേര്‍ക്ക് ഭക്ഷണവുമായി കെഎസ്എംഎഫിലെ അംഗങ്ങള്‍ സഞ്ചരിച്ചു.


”…ഒരിക്കല്‍ കേറ്ററിംഗ് സര്‍വ്വീസ് നടത്തുന്ന ഞങ്ങളുടെ സുഹൃത്തുക്കളിലൊരാള്‍ വിളിച്ചു. രാത്രിയിലെ ഒരു വലിയ ചടങ്ങ് കഴിഞ്ഞ് ഭക്ഷണം ബാക്കിയായെന്നും അത് ആര്‍ക്കെങ്കിലും എത്തിക്കാന്‍ പോംവഴിയുണ്ടോയെന്നും ചോദിച്ചു. അങ്ങനെ അന്ന് 270 പേര്‍ക്കുള്ള ഭക്ഷണപ്പൊതിയാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. തമ്പാനൂര് കുറച്ചു പേര്‍ക്ക് അന്നത്തെ ഭക്ഷണം കൊടുത്തു. പിന്നെയും ഭക്ഷണം ബാക്കി. എന്തു ചെയ്യും എന്ന ആലോചനയിലാണ് മെഡിക്കല്‍ കോളേജ് ഒരു ഓപ്ഷനാണെന്നു തോന്നിയത്.

“അവിടെ രാവിലെയും വൈകുന്നേരവും ഭക്ഷണം കൊടുക്കാന്‍ ആളുകള്‍ എത്താറുണ്ട്. എന്നാല്‍ രാത്രി ഭക്ഷണം ആരും കൊടുക്കാറില്ലെന്നും ഒരുപാടുപേര്‍ വിശന്നുറങ്ങാറുണ്ടെന്നും അറിയാമായിരുന്നു. അന്ന് വന്ന ബാക്കി ഭക്ഷണവുമായി ഞങ്ങള്‍ മെഡിക്കല്‍ കോളെജിലേക്കു (എസ് എ റ്റി) ചെന്നു. അപ്പോഴേക്കും സമയം ഏതാണ്ട് രാത്രി രണ്ടു മണിയോടടുത്തിരുന്നു. ഞങ്ങള്‍ അകത്തു കയറി ആരെങ്കിലും ഭക്ഷണം കഴിക്കാത്തവരുണ്ടോ എന്നു ചോദിച്ചു നടന്നു.

“ഒരു റൗണ്ട് പൂര്‍ത്തിയാക്കും മുന്‍പേ ഞങ്ങളുടെ കൈയ്യിലിരുന്ന ഭക്ഷണപ്പൊതികള്‍ അപ്പാടെ തീര്‍ന്നിരുന്നു. അപ്പോഴേക്കും ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു, കാരണം രാത്രിയില്‍ വിശന്നുറങ്ങുന്ന പട്ടിണിപ്പാവങ്ങളായിരുന്നു ആശുപത്രിയിലെ രോഗികളുടെ ആ കൂട്ടിരിപ്പുകാര്‍,” കണ്ണീരോടെയാണ് ഇന്നത്തെ അത്താഴത്തിന്‍റെ തുടക്കം  ഫോറം പ്രവര്‍ത്തകര്‍ പറഞ്ഞുതീര്‍ത്തത്.

പക്ഷെ അന്ന് ഭക്ഷണമെത്തിക്കാന്‍ ആളുകള്‍ നന്നേ കുറവായിരുന്നു. അതോടെ കേരളാ സോഷ്യല്‍ മീഡിയാ ഫോറത്തില്‍ അംഗങ്ങള്‍ വര്‍ദ്ധിച്ചു തുടങ്ങി. അതിന് ശേഷമാണ് ഇന്നത്തെ അത്താഴം എന്ന പേര് നല്‍കുന്നതും

ഇന്നത്തെ അത്താഴത്തിന്‍റെ തുടക്കക്കാര്‍

”ഇന്നത്തെ അത്താഴത്തിലൂടെ ഒരു വലിയ സാമൂഹ്യമാറ്റമുണ്ടാക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു എന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. വിവാഹം, നൂലുകെട്ട്, പിറന്നാള്‍ ആഘോഷം,വിവാഹ റിസപ്ഷന്‍ ആഘോഷമെന്തുമാകട്ടെ ബാക്കിയാകുന്ന ഭക്ഷണം ഇപ്പോള്‍ തിരുവനന്തപുരത്തുകാര്‍ കുഴിച്ചുമൂടാറില്ല എന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. ഭക്ഷണം ബാക്കിയാകുമ്പോള്‍ അവര്‍ ഞങ്ങളെ വിളിക്കും. ഞങ്ങള്‍ ചെന്നത് പൊതികെട്ടി കൊണ്ടുപോകും. വിശക്കുന്നവര്‍ക്ക് നല്‍കും,”ഇക്ബാല്‍ പറയുന്നു.

ഒരുവര്‍ഷമായി ഇവര്‍ ഭക്ഷണപ്പൊതി വിതരണം തുടങ്ങിയിട്ട്. യൂണിവേഴ്സിറ്റി കോളെജിലെ എം എ വിദ്യാര്‍ത്ഥിയായ രാഹുലാണ് ‘ഇന്നത്തെ അത്താഴം’ കോര്‍ഡിനേറ്റ് ചെയ്യുന്നത് . അംഗങ്ങള്‍ ഏറെയുണ്ടെങ്കിലും മുപ്പതോളം പേര്‍ ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി നിരവധി പേര്‍ ഇപ്പോഴും അംഗങ്ങളാകാനുള്ള തയ്യാറെടുപ്പിലാണ്.

”ഇന്നത്തെ അത്താഴം ശരിക്കും ഒരുപാട് സങ്കടവും സന്തോഷവും ഞങ്ങള്‍ക്ക് തന്നിട്ടുണ്ട്. ഒരിക്കല്‍ വലിയതുറയില്‍ മല്‍സ്യത്തൊഴിലാളികള്‍ക്കായുള്ള ക്യാമ്പില്‍ രാത്രിയില്‍ ഭക്ഷണമില്ല. ആ സമയത്ത് ഞങ്ങളുടെ ക്യാമ്പ് അംഗങ്ങളില്‍ ഒരാള്‍ കാറ്ററിംഗ് പരിപാടിയില്‍ നില്‍ക്കുകയായിരുന്നു. അവിടെ അതിഥികള്‍ക്ക് ഭക്ഷണം വിളമ്പി പകുതി ആയതേയുള്ളു. വീണ്ടും വീണ്ടും കുറെപ്പേര്‍ വരുന്നുമുണ്ടായിരുന്നു.

“ആ സമയത്താണ് നമ്മുടെ രാഹുല്‍ പരിപാടിയുടെ നടത്തിപ്പുകാരനായ ഗൃഹനാഥനോട് വിവരം പറഞ്ഞത്. ആ മനുഷ്യനുണ്ടല്ലോ അപ്പോള്‍ പറഞ്ഞ മറുപടി മാസാണ്. ‘ഇവിടെ കുറച്ച് ഭക്ഷണം ബാക്കി വെച്ചിട്ട് ബാക്കി മുഴുവന്‍ നിങ്ങള്‍ കൊണ്ട്പൊയ്ക്കൊള്ളുക.’ അപ്പോഴും അവിടുത്തെ വിരുന്ന് തീര്‍ന്നില്ലെന്നോര്‍ക്കണം.

“എന്തായാലും വലിയതുറയിലെ ക്യാമ്പിലേക്ക് അന്നത്തെ അത്താഴത്തിന് ആ വിരുന്നിന്‍റെ ബാക്കിയാണ് എത്തിച്ചത്,” ആ ചെറുപ്പക്കാര്‍ ഏറെ സന്തോഷത്തോടെയാണ് ആ അനുഭവങ്ങള്‍ പങ്കിടുന്നത്.

”പക്ഷെ ഇതേ ടീമിന് മോശപ്പെട്ട അനുഭവങ്ങളും വളരെ കുറച്ചിടങ്ങളില്‍ നിന്നുണ്ടായിട്ടുണ്ട്. ഒരിക്കല്‍ ഒരു വിരുന്ന് ഒരിടത്ത് നടക്കുകയാണ്. ബാക്കിവന്ന ഭക്ഷണം കൊണ്ടുപോകാന്‍ ഞങ്ങളെ വിളിച്ചു. ഞങ്ങള്‍ കുറച്ചുപേര്‍ അവിടെ ചെന്നു.പക്ഷെ നിര്ഭാ‍ഗ്യകരമെന്നു പറയട്ടെ കുറെ ഭക്ഷണവും തന്ന് ഞങ്ങളെ ഗേറ്റില്‍ കൊണ്ടാക്കിയ ശേഷം ഞങ്ങള്‍ കയറിയ ഇടം അടിച്ചുതളിച്ചു വൃത്തിയാക്കുന്ന തിരക്കിലായിരുന്നു വീട്ടുകാര്‍.


“കണ്ടപ്പോള്‍ കണ്ണു നിറഞ്ഞു. ഭക്ഷണം തിരികെ കൊടുത്തിട്ടുപോയാലോ എന്നു പോലും തോന്നി. പക്ഷെ വിശക്കുന്നവന് അന്നം പ്രധാനമാണല്ലോ. ഇങ്ങനെയുമുണ്ടല്ലോ ആളുകള്‍. അങ്ങനെ കരുതിയാല്‍ മതി എന്ന് ഞങ്ങളങ്ങ് തീരുമാനിച്ചു,” അവര്‍ പറഞ്ഞു.


ഇപ്പോള്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ വിളിക്കുന്നു. പക്ഷെ പല കാരണങ്ങളും കൊണ്ട് തിരുവനന്തപുരം സിറ്റി ലിമിറ്റില്‍ നിന്നും തൃശൂരില്‍ നിന്നും മാത്രമേ ഭക്ഷണം കളക്ട് ചെയ്യാന്‍ കഴിയുന്നുള്ളു. മാത്രമല്ല രണ്ടാമത്തെ തവണ ഭക്ഷണം ബാക്കിയായി എന്നു പറഞ്ഞു വിളിക്കുന്നവരോട് അവര്‍ തന്നെ ഭക്ഷണം വിതരണം ചെയ്യാന്‍ ആവശ്യപ്പെടുന്നു.

അങ്ങനെ എല്ലാവരേയും ഒരു സാമൂഹ്യമാറ്റത്തിന്‍റെ ഭാഗമാക്കി മാറ്റാനാണ് ഇന്നത്തെ അത്താഴത്തിന്‍റെ ശ്രമം. മാത്രമല്ല ഇപ്പോള്‍ പല പരിപാടിക്കു ശേഷവും ബാക്കി വരുന്ന ഭക്ഷണം ഞങ്ങള്‍ കളക്ട് ചെയ്ത് കൊണ്ടുപോകുമ്പോള്‍ വീട്ടുകാര്‍ തന്നെ കൂടെ എത്തുകയും സന്തോഷത്തോടെ അതില്‍ പങ്കു ചേരുകയും ചെയ്യുന്നുണ്ട്.

അതോടൊപ്പം തന്നെ പൊതുജനങ്ങളോട് ആ പ്രവര്‍ത്തകര്‍ക്ക് ഒരപേക്ഷയുണ്ട്: “ഭക്ഷണം ബാക്കിയാണ് എന്നു പറയാന്‍ വിളിക്കുന്നവരോട് ഞങ്ങള്‍ക്കൊരപേക്ഷയുണ്ട് കഴിയുന്നതും നേരത്തെ നിങ്ങള്‍ വിളിക്കുക. ഭക്ഷണമാണ് വേഗം ചീത്തയായി പോകുന്ന സാധനമാണ്. അതുകൊണ്ട് തന്നെ അര്‍ഹരായവരിലേക്കതെത്തുമ്പോള്‍ മേന്മയോടെ തന്നെയിരിക്കട്ടെ.

“മാത്രമല്ല ഉച്ചയ്ക്ക് ബാക്കിയാകുന്ന ചോറും കറികളും രാത്രിയില്‍ കൊണ്ടുപോകാന്‍ കഴിയില്ല. കാരണം സദ്യ വൈകുന്തോറും ചീത്തയായിക്കൊണ്ടേയിരിക്കും. നമ്മുടെ വേസ്റ്റ് കഴിക്കാനും മോശപ്പെട്ട ഭക്ഷണം കഴിക്കാനും ഇരിക്കുന്നവരല്ലല്ലോ വിശന്ന വയറുമായിരിക്കുന്നുവര്‍. മാത്രമല്ല, ഭക്ഷണം വേസ്റ്റാകും മുന്‍പ് എന്നാല്‍ ഞങ്ങളുടെ വിരുന്നിന് കുറച്ചുകൂടുതല്‍ ഉണ്ടാക്കി വിശന്നു വലയുന്ന പട്ടിണിപ്പാവങ്ങള്‍ക്ക് പങ്കിടാം എന്നു കരുതുന്നവര്‍ വിരളമാണ്.

അങ്ങനെയല്ലാത്ത നല്ല മനുഷ്യര്‍ ഒരുപാടുണ്ടെന്നാണ് ഇന്നത്തെ അത്താഴം പ്രവര്‍ത്തകരുടെ അനുഭവം.

“ഈയടുത്ത കാലത്ത് കഴക്കൂട്ടത്ത് ഒരു തലശേരി റെസ്റ്റോറന്‍റുകാരന്‍ കുറച്ച് ബിരിയാണി ഉണ്ടാക്കി ഇന്നത്തെ അത്താഴത്തിന് മാത്രമായി തന്നു. ഇതൊക്കെ നല്ലകാര്യങ്ങളല്ലേ്,”കേരളാ സോഷ്യല്‍ മീഡിയാ ഫോറം അംഗങ്ങള്‍ ചോദിക്കുന്നു.

”ഇപ്പോള്‍ ഞങ്ങള്‍ അതാതു സ്ഥലങ്ങളിലെത്തി ഭക്ഷണം പൊതിക്കെട്ടുകളാക്കിയാണ് വിതരണത്തിനെത്തിക്കുന്നത്. പലപ്പോഴും അത് വീട്ടുകാര്‍ക്ക് അസൗകര്യമാണ്. എന്നാല്‍ എവിടേലും കുഴിച്ചുമൂടേണ്ട ഭക്ഷണം ആര്‍ക്കേലും പ്രയോജനപ്പെടട്ടേ എന്നുകരുതിയാണ് ഞങ്ങളിതു ചെയ്യുന്നത്. മാത്രമല്ല ഞങ്ങള്‍ ഭക്ഷണം ശേഖരിക്കാന്‍ പോകുന്നതിന് ആരോടും പണം ഈടാക്കാറുമില്ല. ഞങ്ങളുടെ അംഗങ്ങളുടെ സ്വന്തം സ്‌കൂട്ടറുകളിലാണ് ഇതെത്തിക്കുന്നത്,” അവര്‍ വിശദീകരിച്ചു.

ഇനി ഭക്ഷണം കളക്റ്റ് ചെയ്ത് കൊണ്ടു പോയി കൊടുക്കാന്‍ ചെറിയൊരു വണ്ടിയും വലിയ പാത്രങ്ങളുമാണ് വേണ്ടത്. അതിനാവശ്യമായ കുറച്ചു വലിയ പാത്രങ്ങള്‍ തന്ന് ആരെങ്കിലും സഹായിച്ചാല്‍ അത് സോഷ്യല്‍ മീഡിയ ഫോറത്തിനും വിശന്നിരിക്കുന്നവര്‍ക്കും വളരെ ഉപകാരമായിരിക്കും. മാത്രമല്ല തിരുവജനന്തപുരം മെഡിക്കല്‍ കോളേജിലും മറ്റും ഭക്ഷണം വിതരണം ചെയ്യുമ്പോള്‍ സ്‌കൂട്ടറിന്‍റെ വെട്ടത്തിലാണ് ചെയ്യുന്നത്. അവരുടെ ചില പരമിതികളെ കുറിച്ച് അവര്‍ തുറന്നുപറഞ്ഞു.

പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നു

ഇന്നത്തെ അത്താഴം തുടങ്ങിയകാലത്താണ് കേരളത്തിലേക്ക് പ്രളയമെത്തുന്നത്. കേരളാ സോഷ്യല്‍ മീഡിയാ ഫോറത്തിലെ അംഗങ്ങള് തിരുവനന്തപുരത്തെ പല ഫ്ലഡ് റിലീഫ് കലക്ഷന്‍ പോയിന്‍റുകളിലും സജീവമായിരുന്നു. എന്നാല്‍ കലക്ടുടെ നേതൃത്വത്തിലുള്ള ഫ്ലഡ് റിലീഫ് ക്യാമ്പ് വിട്ട് പിന്നീട് അവര് തന്നെ സ്വന്തമായി തുടങ്ങി. അതില്‍ പ്രമുഖ നിര്‍മ്മാതാവ് മേനകാ സുരേഷും അദ്ദേഹത്തിന്‍റെ മകളും നടിയുമായ കീര്‍ത്തി സുരേഷും ഭാര്യ മേനകയുമൊക്കെ സജീവമായി പങ്കെടുത്തിരുന്നു.

“മാത്രമല്ല ഇവരുടെ സഹായത്തോടെ ട്രിവാന്‍ഡ്രം ഫിലിം ഫ്രറ്റേണിറ്റിയാണ് ഞങ്ങളോടൊപ്പം പ്രളയ ദുരിതാശ്വാസം സ്വീകരിക്കാന്‍ മുന്‍നിരയില്‍ നിന്നത്. മോഹന്‍ലാലും,ടൊവിനോയും സന്ദീപ് സേനനും ഉള്‍പ്പടെയുള്ള ആളുകള്‍ ക്യാമ്പിലെത്തി. അവരുടെ കൂടി സഹായത്തോടെ 62 ലോഡ് സാധനങ്ങളാണ് ഞങ്ങള്‍ ചെങ്ങന്നൂരില്‍ എത്തിച്ചത്. അമീന്‍ എന്ന സുഹൃത്താണ് ഇതിനായി ടോറസ് വിട്ടുനല്‍കിയത്. ഡീസല്‍ പോലും അടിച്ചായിരുന്നു അന്നയാള്‍ ഞങ്ങള്‍ക്ക് വണ്ടി നല്‍കിയത്,” അനുരാജ് പറഞ്ഞു.

ഇത്തവണ നിലമ്പൂരും വയനാട്ടിലും ഉണ്ടായ മഴദുരന്തത്തിലും അവര്‍ സഹായവുമായി എത്തി. അഞ്ച് ലോഡ് സാധനങ്ങള്‍ അവിടേക്ക് എത്തിക്കാന്‍ കഴിഞ്ഞുവെന്ന് അവര്‍ പറഞ്ഞു. “എഴുനൂറ് ജോഡി വസ്ത്രങ്ങള്‍ ഞങ്ങള്‍ കളക്ട് ചെയ്ത് വെച്ചിട്ടുണ്ട്. ഓണം കഴിയുന്നതോടെ ഈ വസ്ത്രങ്ങള്‍ ദുരിതമനുഭവിക്കുന്ന ആദിവാസി കോളനികളിലേക്ക് എത്തിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല ആലപ്പുഴ വീയപുരത്തും കാഞ്ഞിരംതുരുത്തിലും കടത്തുകോളനിയിലും പ്രളയത്തില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും എത്തിച്ചു. മാത്രമല്ല ഇത്തവണത്തെ ആസാം വെള്ളപ്പൊക്ക ദുരിതാശ്വാസത്തിലേക്കും ഞങ്ങള്‍ക്ക് സാധനങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞു,” കേരളാ സോഷ്യല്‍ മീഡിയാ ഫോറം അംഗങ്ങള്‍ പറയുന്നു.

”ഇന്നത്തെ അത്താഴത്തിനൊപ്പം കേരളാ സോഷ്യല്‍ മീഡിയാ ഫോറം മറ്റനേകം പ്രവര്‍ത്തനങ്ങള്‍ കൂടി ചെയ്യുന്നുണ്ട്. പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈകള്‍ നടുക, അത് സംരക്ഷിക്കുന്നതിന് പ്രത്യേക സംഘം രൂപീകരിക്കുക തുടങ്ങിയവ. കേരളാ ബ്ലഡ് ഫോറമെന്ന പേരില്‍ രക്തം ആവശ്യമുള്ളവര്‍ക്ക് ഞങ്ങള്‍ സംഘടിപ്പിച്ചു നല്‍കുന്നു.

പ്രളയബാധിതര്‍ക്കായി ശേഖരിച്ച വസ്തുക്കള്‍

“എന്നാല്‍ അതാത് ആശുപത്രിക്കാരുടെ നിര്‍ദ്ദിഷ്ട ഫോറത്തില്‍ ആവശ്യമുള്ളവരുടെ ഡീറ്റെയ്ല്‍സ് നല്‍കിയാല്‍ മാത്രമേ ഞങ്ങളുടെ അംഗങ്ങളെത്തി രക്തം നല്‍കാറുള്ളു. രക്തദാനത്തില്‍ നിരവധി ഫ്രോഡുകള്‍ നടക്കുന്നതുകൊണ്ടാണിത്. പലപ്പോഴും ഇടനിലക്കാര്‍ ബ്ലഡ് ബാങ്കുകള്‍ വഴി ബ്ലഡ് ശേഖരിക്കുന്നതിനു വിളിക്കുകയും ഇത് വലിയ വിലക്ക് വില്‍ക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെടുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധാപൂര്‍വ്വം മാത്രമേ ഞങ്ങള്‍ രക്തം ദാനം ചെയ്യാറുള്ളു,” അവര്‍ കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ കൂള്‍

എല്ലാവര്‍ഷവും ഏപ്രില്‍ ഒന്നിന് ലോകത്താകമാനം ഏപ്രില്‍ ഫൂള്‍ ആഘോഷിക്കുമ്പോള്‍ കേരളാ സോഷ്യല്‍ മീഡിയാ ഫോറം ഏപ്രില്‍ കൂളാണ് ആഘോഷിക്കുന്നത്.


ഇതുകൂടി വായിക്കാം:മഞ്ജു വാര്യരുടെ സിനിമ കണ്ട ആവേശത്തില്‍ ടെക്നോപാര്‍ക്കിലെ ജോലി രാജിവെച്ച മുന്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റിന്‍റെ കൃഷിവിശേഷങ്ങള്‍


”അന്നേദിവസം വെയിലത്തു ജോലിയെടുക്കുന്ന എല്ലാവര്‍ക്കും ഞങ്ങള്‍ കുടിവെള്ളം എത്തിച്ചു നല്‍കും. പ്രത്യേകിച്ച് പൊലീസുകാര്‍, സെക്യൂരിറ്റി ജീവനക്കാര്‍, മറ്റ് തൊഴിലാളികള്‍ എന്നിവര്‍ക്ക്. മാത്രമല്ല അന്നേ ദിവസം വൈകുന്നേരും തിരഞ്ഞെടുത്ത പത്ത് ഓട്ടോ സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് അവയ്ക്ക് സമീപത്തായി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും ഇതിന്റെ സംരക്ഷണ ചുമതല അവിടുത്തെ ഓട്ടോത്തൊഴിലാളികളെ തന്നെ ഏല്‍പിക്കുകയും ചെയ്യും. ഇതൊരു മാതൃക മാത്രമാണ്. മറ്റുള്ള ആളുകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും ചെയ്യാനാകുന്ന മാതൃക,”അവര്‍ വിശദമാക്കി.

”സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകം ഉള്‍പ്പടെയുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്യുക എന്നതാണ് കേരളാ സോഷ്യല്‍ മീഡിയാ ഫോറത്തിന്‍റെ മറ്റൊരു പ്രധാന പ്രവര്‍ത്തനം. ഈ സ്‌കൂള്‍ വര്‍ഷം എഴുനൂറോളം കുട്ടികള്‍ക്കാണ് ഇത്തരത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. തൃശൂര്‍ തളിക്കുളത്ത് സര്‍ക്കാര്‍ സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഈ വര്‍ഷം പഠനക്കിറ്റ് നല്‍കി,” അവര്‍ പറഞ്ഞു.


”ബുക്ക് വിതരണത്തിനിടയില്‍ ഒരമ്മയും മകനും ഞങ്ങളേ കാണാന്‍ എത്തിയിരുന്നു.അവര്‍ക്ക് ബുക്കും പുസ്തകവും ആവശ്യമില്ലെന്നും അവരുടെ മകന് ഈ വര്‍ഷം സ്‌കൂളില്‍ പോകാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.


“ആ കുട്ടിയുടെ ഇരു കിഡ്ണികളും തകരാറായിരുന്നു. കിഡ്നി മാറ്റിവെക്കാനുള്ള സഹായമായിരുന്നു അവര്‍ അഭ്യര്‍ത്ഥിച്ചത്.

“പക്ഷെ ഇതുവരെ അത്തരം പ്രവര്‍ത്തനങ്ങളില്‍ ഭാഗമായിട്ടില്ലാത്തതിനാല്‍ ഞങ്ങള്‍ പ്രതിസന്ധിയിലായി. എങ്കിലും സംഘാംഗങ്ങള്‍ ഒരുമിച്ച് അവരെ സഹായിക്കാന്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് പേജില്‍ കുറിപ്പിട്ടു. അവരുടെ അക്കൗണ്ട് നമ്പറാണ് നല്‍കിയത്. കുറെ പണം അങ്ങനെ സമാഹരിച്ചു. സര്‍ക്കാര്‍ ധനസാഹയവും ലഭിച്ചു. എന്തായാലും സര്‍ജറി കഴിഞ്ഞ് ആ കുട്ടി ഇപ്പോള്‍ വിശ്രമത്തിലാണ്. ആരോഗ്യമന്ത്രി കെ കെ ശൈലജ നേരിട്ടെത്തി കുട്ടിയ്ക്ക് സഹായം കൈമാറുകയാണുണ്ടായത.”

പ്രളയത്തില്‍ ഒരു കൈത്താങ്ങ്

തിരുവനന്തപുരത്തെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നിശാഗന്ധിയിലിരുന്നാണ് കേരളാ സോഷ്യല്‍ മീഡിയാ ഫോറം പ്രവര്‍ത്തകര്‍ അവരുടെ പ്രവര്‍ത്തനങ്ങളേ കുറിച്ചുള്ള വിവരങ്ങള്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയുമായി പങ്കിട്ടത്. അവരോട് സംസാരിക്കാനായി ഗ്രൂപ്പ് അഡ്മിനെ ഫോണില്‍ വിളിച്ചപ്പോഴെ പറഞ്ഞത് അടുത്ത ദിവസം നേരില്‍ കണ്ടു സംസാരിക്കാമെന്നാണ്.

അവരോട് സംസാരിക്കാനായി അവിടെയെത്തുമ്പോള്‍ നിശാഗന്ധിയില്‍ ഓണാഘോഷത്തിന്‍റെ ഒരുക്കങ്ങള്‍ തകൃതിയില്‍ നടക്കുന്നുണ്ടായിരുന്നു. മാത്രമല്ല രണ്ടോ മൂന്നോ അംഗങ്ങളെ മാത്രമേ ഞാന്‍ പ്രതീക്ഷിച്ചിരുന്നുള്ളു. പക്ഷെ ഗ്രൂപ്പ് അഡ്മിനും പ്രധാന അംഗങ്ങളും ഉള്‍പ്പടെയുള്ള പന്ത്രണ്ടോളം പേരാണ് സ്വന്തം ചങ്കായി കൊണ്ടു നടക്കുന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കാന്‍ എത്തിയത്.

“ഞങ്ങള്‍ക്ക് കുവൈത്തില്‍ ഒരു പ്രതിനിധിയുണ്ട്… അവിടത്തെ പ്രവാസികളുടെ പ്രശ്നങ്ങളില്‍ ഇടപെട്ട്, അത് ഇവിടെ ‍ഞങ്ങള്‍ വഴി ചെയ്യുന്ന ബിന്ദുച്ചേച്ചി,” അവര്‍ പറഞ്ഞു.

ഇന്നത്തെ അത്താഴത്തെക്കുറിച്ചും മറ്റുള്ളവരുടെ വിശപ്പും വേദനയും അറിഞ്ഞതിലൂടെയുണ്ടായ മാറ്റത്തെക്കുറിച്ചുമൊക്കെ അവര്‍ ഒരുപാട് പറഞ്ഞു.

അവര്‍ മെഡിക്കല്‍ കോളെജിന്‍റെ വരാന്തയില്‍ കണ്ടറിഞ്ഞ വിശന്നുതളര്‍ന്ന മുഖങ്ങള്‍ അവരുടെ ഹൃദയത്തില്‍ ഒരു നോവായി പലപ്പോഴും കിടപ്പുണ്ടെന്നു തോന്നി.

“നമ്മളെ കൊണ്ട് ആവുന്നത്ര ചെയ്യണം. തോറ്റുമടങ്ങരുത്. ഈ പ്രവര്‍ത്തനം ചെറുതല്ല. ഒരുപാട് പ്രതിസന്ധികള്‍ ഞങ്ങളുടെ മുന്നിലുണ്ട്. പക്ഷെ വലിയൊരു സാമൂഹ്യമാറ്റത്തിനായി ഞങ്ങള്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്,”ടീം അംഗങ്ങള്‍ ഒരുമിച്ചു പറയുന്നു.


ഇതുകൂടി വായിക്കാം: പ്രദീപിന്‍റെ സൗജന്യ പി എസ് സി കോച്ചിങിലൂടെ ജോലി നേടിയത് 372 പേര്‍, റാങ്ക് ലിസ്റ്റുകളില്‍ കയറിയത് 700-ലധികം പേര്‍!


അവരുടെ വാക്കുകളില്‍ അളവില്ലാത്ത ആത്മവിശ്വാസം. സംസാരത്തിനിടയിലെല്ലാം അവരില്‍ പലരുടേയും ഫോണുകള്‍ ബെല്ലടിക്കുന്നുണ്ട്. മിക്കവയിലും ഭക്ഷണം എടുക്കാമോയെന്ന് ചോദിച്ചുള്ള വിളികള്‍ തന്നെ. പക്ഷെ ചോറും കറികളുമൊക്കെ വൈകുമ്പോഴേയ്ക്കും ചീത്തയാകും. അതുകൊണ്ട് അതൊന്നും എടുക്കാന്‍ സാധ്യമല്ലെന്ന് അവര്‍ വ്യക്തമാക്കുന്നു. പിന്നെ നിങ്ങള്‍ക്കു കഴിയുമെങ്കില്‍ മുന്‍കൂട്ടി തയ്യാറാക്കിയ ഭക്ഷണം ഇന്നത്തെ അത്താഴത്തിന് തരാന്‍ തയ്യാറാകണം. ഇതവരുടെ ഒരപേക്ഷയാണ്, അവര്‍ ഫോണിലൂടെ പറയുന്നുണ്ട്.

സംസാരം അവസാനിപ്പിച്ച് എഴുന്നേല്‍ക്കുമ്പോള്‍ പുറത്ത് സൂര്യന്‍ മാഞ്ഞിരുന്നു. ചെറുതായ ചാറ്റല്‍ മഴയും. എന്തെന്നില്ലാത്ത ആത്മവിശ്വാസത്തോടെ ആ യുവാക്കള്‍ ആ രാത്രിയില്‍ വിശന്നുറങ്ങാന്‍ കിടക്കുന്നവര്‍ക്ക് ഭക്ഷണം സംഘടിപ്പിക്കാനായി തിരക്കിട്ട് നടന്നു.

***
കേരള സോഷ്യല്‍ മീഡിയ ഫോറത്തിന്‍റെ പ്രവര്‍ത്തകര്‍ക്കും അവരുടെ ഇന്നത്തെ അത്താഴം പദ്ധതിക്കും ടി ബി ഐയുടെ ഹൃദയം നിറഞ്ഞ ആശംസകളും നന്ദിയും. അവരോട് സഹകരിച്ചുപ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍.


ഇതുകൂടി വായിക്കാം: അനാഥരേയും വൃദ്ധരേയും സംഗീതം കൊണ്ട് സന്തോഷിപ്പിക്കാന്‍ സാക്സൊഫോണുമായി ഒരു പൊലീസുകാരന്‍


***
മുപ്പത് സജീവാംഗങ്ങളാണ് കേരളാ സോഷ്യല്‍ മീഡിയാ ഫോറത്തിലുള്ളത്. ഇന്നത്തെ അത്താഴം രാഹുല്‍ ശേഖര്‍,നിധിന്‍ ,ജിതിന്‍ എന്നിവര്‍ ചേര്‍ന്നു നിയന്ത്രിക്കുന്നു. കേരളാ ബ്ലഡ് ഫോറമാകട്ടെ ഷാലു, സായി,ഗോകുല്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

കേരളാ സോഷ്യല്‍ മീഡിയാ ഫോറത്തില്‍ നിങ്ങള്‍ക്കും പങ്കുചേരാം. അംഗങ്ങള്‍ ആകാന്‍ ചില നിബന്ധനകളുണ്ട്.

(1)അംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ വിദ്യാര്‍ത്ഥിയോ ജോലിചെയ്യുന്നവരോ ആകണം(ഇത്തരമൊരു നിബന്ധന നിഷ്‌കര്‍ഷിക്കുന്നതിനു പിന്നിലെ പ്രധാനകാരണം നിസ്വാര്‍ത്ഥ സേവനമാകണം അംഗങ്ങളില്‍ നിന്നുണ്ടാകേണ്ടത്.അല്ലാതെ സംഘടനയുടെ ചെലവില്‍ ജീവിക്കുന്നവരോ ആളാകുന്നവരോ ആയിരിക്കരുത്.)

(2)ഒരു തരത്തിലുമുള്ള സ്വയംപുകഴ്ത്തലും പ്രോല്‍സാഹിപ്പിക്കുന്നതല്ല (3)കേരളാ സോഷ്യല്‍ മീഡിയാ ഫോറം സംഘടപ്പിക്കുന്ന പരിപാടികളില്‍ മിനിമം നാലെണ്ണത്തില്‍ പങ്കെടുത്തിരിക്കണം…

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം:095390 75952
***

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം