അനാഥരേയും വൃദ്ധരേയും സംഗീതം കൊണ്ട് സന്തോഷിപ്പിക്കാന്‍ സാക്സൊഫോണുമായി ഒരു പൊലീസുകാരന്‍

യാദൃച്ഛികമായാണ് സാക്‌സോഫോണിലേക്ക് ജോയിയുടെ ശ്രദ്ധ തിരിയുന്നത്. അത് പഠിച്ചതോ, ഒരു ആപ്പ് വഴിയും!

“ചെറുപ്പം മുതലേ വാദ്യോപകരണങ്ങളോട് എനിക്ക് ഏറെ പ്രിയമായിരുന്നു. എന്നാല്‍, കെട്ടിടനിര്‍മ്മാണത്തൊഴിലാളിയായ അപ്പന് അത് പഠിപ്പിക്കാന്‍ വിടുന്നത് ബുദ്ധിമുട്ടായിരുന്നു,” പറയുന്നത് തൃശ്ശൂര്‍ക്കാരനായ പൊലീസ് ഓഫീസര്‍ ജോയ് വി എം.

“സാഹചര്യങ്ങള്‍ അനുവദിക്കാത്തത് കൊണ്ട് അന്നൊന്നും സംഗീതം അഭ്യസിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും ഞാന്‍ വളരുന്നതിന്‍റെ കൂടെ തന്നെ സംഗീതത്തോടുള്ള എന്‍റെ അഭിനിവേശവും വളര്‍ന്നുവന്നു.”

തൃശ്ശൂര്‍ പാവറട്ടിയില്‍ മാത്യുവിന്‍റെയും ത്രേസ്യക്കുട്ടിയുടെയും രണ്ടു മക്കളില്‍ ഒരാളാണ് ജോയ്. പിന്നെ ഉള്ളത് ഒരു പെങ്ങളാണ്. ഒരു ജോലി കിട്ടുക എന്നതായിരുന്നു അന്നത്തെ സാഹചര്യങ്ങളില്‍ പ്രധാനം. അതുകൊണ്ട് ജോയ് സംഗീതമോഹം ഉള്ളില്‍ കുഴിച്ചുമൂടി.


അവരുടെ മോഹങ്ങള്‍ക്ക് കൂടി നമുക്ക് ചിറകുകള്‍ നല്കാം;  ഭിന്നശേഷിക്കാരായ കുട്ടികള്‍ നിര്‍മ്മിക്കുന്ന മനോഹരമായ വസ്തുക്കള്‍ വാങ്ങാംkarnival.com


“കുടുംബത്തിലെ ആണ്‍കുട്ടി ആയതുകൊണ്ട് തന്നെ പഠിക്കുക എന്നതായിരുന്നു പ്രധാനം,” അദ്ദേഹം ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പങ്കുവെയ്ക്കുന്നു. “അങ്ങനെ ഇരുപത്തിയേഴാം വയസില്‍ പോലീസില്‍ ജോലി കിട്ടിയത് എന്‍റെ ജീവിതത്തില്‍ തന്നെ ഒരു വഴിത്തിരിവായി എന്നു വേണം പറയാന്‍. കേരള ആംഡ് പൊലീസില്‍ ആണ് ഞാന്‍ ജോലി ചെയുന്നത്.”

ജോയ് വി എം ഔദ്യോഗിക വേഷത്തില്‍

ജോലിയൊക്കെയായപ്പോള്‍ കുഴിച്ചിട്ട മോഹങ്ങള്‍ പതിയെ മുളപൊട്ടി വെളിയില്‍ വന്നു.

“ജോലി കിട്ടിയപ്പോള്‍ ഒഴിവു സമയങ്ങള്‍ സന്തോഷമുള്ള എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചു. എത്രത്തോളം വിജയിക്കാനാകുമെന്ന ഉറപ്പൊന്നും ഇല്ലായിരുന്നെങ്കിലും സംഗീതം തന്നെയാണ് എനിക്ക് ഏറ്റവും സന്തോഷം തരുന്നതെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലായിരുന്നു.”


അങ്ങനെ ജോലിയൊക്കെ കിട്ടിയ ശേഷം പണ്ടു നടക്കാതിരുന്ന ആ ആഗ്രഹത്തിലേക്ക് ഞാന്‍ ചുവടുവെച്ചു.


ഓടക്കുഴല്‍ പഠിക്കാനായിരുന്നു അദ്ദേഹത്തിന് ഏറെ ഇഷ്ടം. ജോയ് തുടരുന്നു: ”പാലക്കാട് കല്‍പാത്തിയിലെ ഓടക്കുഴല്‍ വിദ്വാന്‍ കൃഷ്ണയ്യര്‍ ഗുരുക്കള്‍ക്ക് ദക്ഷിണ വച്ച് പഠനം ആരംഭിച്ചു. അദ്ദേഹത്തിന്‍റെ സംഗീത പാരമ്പര്യവും കഴിവും എനിക്ക് വലിയൊരു നേട്ടമായി. ഗുരുവിന്‍റെ ശിക്ഷണത്തില്‍ എനിക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ നന്നായി ഓടക്കുഴല്‍ സ്വായത്തമാക്കാന്‍ കഴിഞ്ഞു. അതു നല്‍കിയ ആത്മവിശ്വാസം വലുതായിരുന്നു.”

ഓടക്കുഴല്‍ വിദ്വാന്‍ കൃഷ്ണയ്യര്‍ ഗുരുക്കള്‍ക്ക് ദക്ഷിണ വച്ച് പഠനം ആരംഭിച്ചു

ജോലിക്കിടയില്‍ സംഗീതപഠനം എളുപ്പമായിരുന്നില്ല. ക്ലാസ്സുകള്‍ പലപ്പോഴും മുടങ്ങി. എന്നിട്ടും ആ പൊലീസുകാരന്‍ മോഹം കൈവിട്ടില്ല.

“പലപ്പോഴും ജോലിക്കിടയില്‍ മാസത്തില്‍ ഒരു തവണയൊക്കെയേ ക്ലാസ്സില്‍ പോകാന്‍ കഴിയുമായിരുന്നുള്ളൂ. എങ്കിലും എല്ലാ ദിവസവും അര മണിക്കൂര്‍ എങ്കിലും കണ്ടെത്തി പ്രാക്ടീസ് ചെയ്യാന്‍ ശ്രമിക്കും. പാശ്ചാത്യ സംഗീതവും എനിക്ക് ഏറെ ഇഷ്ടമായിരുന്നു. അങ്ങനെ കൃഷ്ണയ്യര്‍ ഗുരുക്കള്‍ക്ക് കീഴിലെ ആറു വര്‍ഷത്തെ പരിശീലനത്തിന് ശേഷം തൃശ്ശൂരില്‍ പാശ്ചാത്യ ഓടക്കുഴല്‍ വായനയില്‍ കേന്ദ്രീകരിച്ചു പഠനം ആരംഭിച്ചു. തുടര്‍ന്ന് കുറുങ്കുഴല്‍ വിധ്വാന്‍ പല്ലാവൂര്‍ കൃഷ്ണന്‍കുട്ടിയുടെ ശിക്ഷണത്തില്‍ മൂന്ന് കൊല്ലം കൂടി പഠിച്ചു. അതിനു ശേഷമാണു വേദിയില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയത്,” അദ്ദേഹം പറഞ്ഞു.

യാദൃച്ഛികമായാണ് സാക്‌സോഫോണിലേക്ക് ജോയിയുടെ ശ്രദ്ധ തിരിയുന്നത്. അത് പഠിച്ചതോ, ഒരു ആപ്പ് വഴിയും!

അതേക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ: “അങ്ങനെയിരിക്കെയാണ് തൃശ്ശൂരില്‍ ജോലി ചെയ്യുന്ന സമയത്ത് ഡിപ്പാര്‍ട്‌മെന്‍റ് ബാന്‍ഡിലെ സാക്‌സോഫോണ്‍ ശ്രദ്ധിക്കുന്നത്. അതു കണ്ടപ്പോള്‍ സാക്‌സോഫോണ്‍ പഠിക്കണമെന്ന ആഗ്രഹമായി. ബാന്‍ഡില്‍ ‘ബാഗ്പൈപ്പര്‍’ എന്ന മോഡല്‍ ആണ് ഉപയോഗിക്കുന്നത്. അത് വായിക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. എങ്കിലും ഞാന്‍ ഒരെണ്ണം വാങ്ങി. ഇന്‍റെര്‍നെറ്റ് വഴിയായിരുന്നു പഠനം. അതിനായി ‘സാക്സ്ട്യൂട്ടര്‍’ എന്ന ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്തു, അതിന്‍റെ ഫിംഗറിങ് ഒക്കെ പഠിച്ചെടുത്തു.”


ഇതുകൂടി വായിക്കാം:എം. ബി. ബി. എസ് കഴിഞ്ഞ് നേരെ അട്ടപ്പാടിക്ക് വണ്ടി കയറിയതാണ് ഈ പത്തുരൂപാ ഡോക്ടര്‍, 16 വര്‍ഷം മുമ്പ്


സംഗീതം പഠിച്ചത് സ്വന്തം ഇഷ്ടത്തിനും സന്തോഷത്തിനുമായാണ്. എന്നാല്‍ ആ സന്തോഷം ജീവിതത്തില്‍ നിന്ന് പലതരത്തില്‍ ഉപേക്ഷിക്കുന്നവരോടൊപ്പം പങ്കിടുമ്പോള്‍ അതിന് ഇരട്ടിമധുരമുണ്ടാവുമെന്ന് ജോയ് മനസ്സിലാക്കി. അങ്ങനെ അനാഥാലയങ്ങളിലും പകല്‍വീടുകളിലും വയോജന മന്ദിരങ്ങളിലും ഒക്കെ സ്‌നേഹത്തിന്‍റെ ഈണങ്ങളുമായി അദ്ദേഹമെത്തുന്നു, ഒഴിവുസമയങ്ങളില്‍.

“പിന്നീടങ്ങോട്ട് തൃശൂര്‍ ഉള്ള അനാഥാലയങ്ങളിലും വയോജന മന്ദിരങ്ങളിലും പോയി പരിപാടി അവതരിപ്പിച്ചു തുടങ്ങി. കുരുന്നുകള്‍ മുതല്‍ അപ്പൂപ്പന്മാരും അമ്മൂമ്മമാരും വരെയുള്ള അവിടെയെല്ലാം പരിപാടി അവതരിപ്പിക്കാന്‍ എനിക്ക് വല്ലാത്ത ആവേശമായിരുന്നു.

സംഗീതസംവിധായകന്‍ എം ജയചന്ദ്രനൊപ്പം.

”സംഗീതം എല്ലാവര്‍ക്കും ഇഷ്ടമാണല്ലോ. പഴയ ഹിന്ദി പാട്ടുകള്‍ക്കും നിത്യഹരിത മലയാളം പാട്ടുകള്‍ക്കുമാണ് ആരാധകരേറെ. ‘ആകാശമാകെ..’, ‘നീ മധു പകരൂ..’ തുടങ്ങിയ മലയാളം പാട്ടുകള്‍ സാക്സോഫോണില്‍ വായിക്കുമ്പോള്‍ ഉയരുന്ന കരഘോഷം എന്നെ സംബന്ധിച്ച് വിലമതിക്കാനാകാത്തതാണ്. പഴയ ഹിന്ദി പാട്ടുകളും വായിക്കും.”

”മലയാളം പാട്ടുകള്‍ കൂടുതല്‍ വഴങ്ങുന്നത് ഓടക്കുഴലിലാണ്. ‘ചന്ദ്ര കളഭം’, ‘രാജഹംസമേ..’, ‘കോലക്കുഴല്‍ വിളി കേട്ടോ..’ തുടങ്ങിയ മലയാളം പാട്ടുകളാണ് ഓടക്കുഴലില്‍ കൂടുതലും വായിക്കാറ്. പ്രായമായവരില്‍ ചിലര്‍ ഭക്തിഗാനങ്ങളും ആവശ്യപ്പെടും. അവര്‍ക്ക് വേണ്ടി ചില ഭക്തിഗാനങ്ങളും പ്രാക്ടീസ് ചെയ്ത് വെച്ചിട്ടുണ്ട്. ‘മെ ഷായാര്‍ തോ നഹീ..’, ‘മേരി സപ്‌നോം കി റാണി കബ്..’ പോലുള്ള പഴയ ഹിന്ദി പാട്ടുകള്‍ വായിക്കുമ്പോള്‍ എല്ലാവര്‍ക്കും ആവേശമാണ്,’ പങ്കുവെയ്ക്കലിന്‍റെ ആ സംഗീതാനുഭവത്തെക്കുറിച്ച് പറയുമ്പോള്‍ പൊലീസ് ഓഫിസറുടെ മുഖത്ത് സംതൃപ്തിയുടെ പലപല ഭാവങ്ങള്‍.

“വീണ്ടും വീണ്ടും വായിക്കാന്‍ ആവശ്യപ്പെടും. നമ്മുടെ പാട്ടുകള്‍ അവര്‍ അംഗീകരിച്ചു വീണ്ടും വായിക്കാന്‍ പറയുമ്പോള്‍ ലഭിക്കുന്ന സന്തോഷവും സംതൃപ്തിയും വളരെ വലുതാണ്. കുട്ടികളുടെ മുതല്‍ വയോധികര്‍ വരെയുള്ളവരുടെ മുഖത്തു വിരിയുന്ന പുഞ്ചിരിയാണ് എനിക്ക് ഇതില്‍ നിന്നും കിട്ടുന്ന പ്രതിഫലം. ആരോരുമില്ലാതെ കഴിയുന്ന ഒട്ടനവധി മനുഷ്യര്‍ നമുക്ക് ചുറ്റുമുണ്ട്. അവരെ സന്തോഷിപ്പിക്കാന്‍ ചെറുതെങ്കിലും നമ്മെ കൊണ്ട് ആകുന്നത് ചെയ്യുക.”

വി എം ജോയ്

ഓരോ പാട്ടുകളെ കുറിച്ചു സംസാരിക്കുമ്പോഴും അവ വായിച്ചുകേള്‍പ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്. കണ്ണുകളടച്ച്, വിരലുകള്‍ താളത്തില്‍ ചലിപ്പിച്ച് ഓടക്കുഴലും സാക്‌സോഫോണുമൊക്കെ വായിക്കുമ്പോള്‍ അദ്ദേഹം മറ്റൊരു ലോകത്താണെന്ന് തോന്നി.

സംസാരം ഔദ്യോഗിക ജീവിതത്തോടൊപ്പം സംഗീതവും ഒന്നിച്ചു കൊണ്ടുപോകുന്നതിനെ കുറിച്ചായി. “എന്‍റെ ജോലിയുടെ സ്വഭാവം അനുസരിച്ചു എനിക്ക് ഒട്ടും തന്നെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറി നില്ക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ പരിശീലനമെല്ലാം അധികസമയം കണ്ടെത്തിയിട്ട് വേണമായിരുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ ഉള്ള പരിശ്രമം കൊണ്ട് മാത്രമാണ് എനിക്ക് ഇതൊക്കെ പഠിച്ചെടുക്കാന്‍ കഴിഞ്ഞത്.

”കഴിഞ്ഞ ദേശീയ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് ഛത്തീസ്ഗഡിലായിരുന്നു ഡ്യൂട്ടി. ഒന്നര മാസം അവിടെ തങ്ങണമായിരുന്നു. അത്ര നീണ്ട നാളുകള്‍ സാക്സോഫോണ്‍ ഇല്ലാതെ തള്ളിനീക്കാന്‍ എനിക്കാകുമായിരുന്നില്ല. ട്രെയിനിലായിരുന്നു യാത്ര എന്നതുകൊണ്ട് സാക്സോഫോണും ഞാന്‍ കയ്യില്‍ കരുതി. ട്രെയിനില്‍ ഒഴിവുനേരങ്ങളില്‍ അത് വായിച്ചു. കൂടെ ജോലി ചെയ്യുന്നവര്‍ക്ക് ആ നീണ്ട യാത്രയില്‍ അത് ഒരു നേരംപോക്കായി.”

എന്നാല്‍ പിന്നീടുള്ള ദിവസങ്ങളിലായിരുന്നു സംഗീതം ശരിക്കും വലിയൊരാശ്വാസമായത്.

വി എം ജോയ്

”മാവോയിസ്‌റ്റ് ഭീഷണിയുള്ള സ്ഥലത്തായിരുന്നു ഞങ്ങളുടെ താമസം. ഒരു സ്‌കൂളുകളിലായിരുന്നു താമസസൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്. കറന്‍റ് ഇല്ല, മറ്റു വിനോദോപാധികള്‍ ഒന്നുമില്ല. രാത്രി വൈകിയും ഞാന്‍ സാക്സോഫോണ്‍ വായിച്ചു. എല്ലാവരും ചുറ്റുമിരുന്നു ആസ്വദിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എന്നേക്കാള്‍ എന്‍റെ സഹപ്രവര്‍ത്തകര്‍ക്കായിരുന്നു സാക്‌സോഫോണ്‍ കേള്‍ക്കാന്‍ ആവേശം.

”വളരെ അപകടം പിടിച്ച സ്ഥലമായിരുന്നു അത്. ആദ്യമൊന്നും ഞങ്ങള്‍ക്ക് അതിന്‍റെ ഗൗരവം മനസ്സിലായിരുന്നില്ല. അവിടുത്തെ ഉദ്യോഗസ്ഥര്‍ ആയുധം കൈയില്‍ കരുതാതെ പുറത്തിറങ്ങുന്നത് കര്‍ശനമായി വിലക്കിയിരുന്നു. ഞങ്ങളുടെ ഭാഗ്യവശാല്‍ അപകടം ഒന്നും ഉണ്ടായില്ല. ജോലിയുടെ ഉത്തരവാദിത്വങ്ങളില്‍ ഞാന്‍ ഒരിക്കലും വിട്ടുവീഴ്ചകള്‍ ചെയ്യില്ല. പകല്‍ മുഴുവന്‍ നീണ്ട ഡ്യൂട്ടിയ്ക്ക് ശേഷം രാത്രി സാക്സോഫോണ്‍ വായിക്കുന്നതായിരുന്നു അവിടെ ആകെ ഉണ്ടായിരുന്ന ഒരു ആശ്വാസം.

“അവിടത്തെ ഡ്യൂട്ടിയ്ക്കിടെ ഒരിക്കല്‍ സംസ്ഥാനത്തിന്‍റെ ഒരു അതിര്‍ത്തിയില്‍ നിന്നും മറ്റൊരു അതിര്‍ത്തിയിലേക്ക് ഞങ്ങള്‍ക്ക് ഒരു ദിവസം നീണ്ട യാത്ര ചെയ്യേണ്ടി വന്നു. അതിനായി പ്രത്യേകം ബസ് ഒരുക്കിയിരുന്നു. എന്നാല്‍ ബസില്‍ സാധനങ്ങള്‍ കയറ്റാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് സാധനങ്ങള്‍ എല്ലാം ഒരു ലോറിയിലാണ് കൊണ്ടുപോയത്. ആ യാത്രയ്ക്കിടയില്‍ സാക്സോഫോണിനു കേടുപാടുകള്‍ സംഭവിച്ചു. അതെനിക്ക് വലിയൊരു നഷ്ടം തന്നെയായിരുന്നു,” ആ നഷ്ടത്തിന്‍റെ ഓര്‍മ്മയില്‍ സംസാരം കുറച്ചുനേരം മുറിഞ്ഞു.

പിന്നീട് ഏറെ ബുദ്ധിമുട്ടുകള്‍ക്ക് ശേഷമാണ് മറ്റൊരു സാക്‌സോഫോണ്‍ സ്വന്തമാക്കാനായതെന്ന് അദ്ദേഹം തുടരുന്നു. ”ഇന്ത്യയില്‍ കഴിയുന്നിടത്തെല്ലാം ഞാന്‍ സാക്സോഫോണ്‍ അന്വേഷിച്ചു. എനിക്ക് ആവശ്യമുണ്ടായിരുന്ന മോഡല്‍ ഡല്‍ഹിയില്‍ ഉണ്ടെന്നറിഞ്ഞ് അവരെ ബന്ധപ്പെട്ടപ്പോള്‍ വലിയൊരു തുകയായിരുന്നു അഡ്വാന്‍സ് ആയി ആവശ്യപ്പെട്ടത്. അതിനുള്ള ശേഷി എനിക്കുണ്ടായിരുന്നില്ല,” ആ പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

ഓണ്‍ലൈനില്‍ ഇഷ്ടപ്പെട്ട മോഡല്‍ വാങ്ങാനാവുമെന്ന് അറിഞ്ഞ് ജോയ് അതില്‍ തെരഞ്ഞു. അപ്പോഴാണ് അറിയുന്നത്, അത് യു എസില്‍ മാത്രമേ ഡെലിവെറി ഉള്ളൂ എന്ന്. “ക്രെഡിറ്റ് കാര്‍ഡ് വഴിയേ വാങ്ങാനുമാകൂ. ഒടുവില്‍, ഒരുപാട് അന്വേഷണങ്ങള്‍ക്ക് ശേഷം ഒരു സുഹൃത്തിന്‍റെ സഹായത്തോടെ ഞാനിവനെ സ്വന്തമാക്കി,” യമഹയുടെ ഒരു ലക്ഷം രൂപയുടെ സ്റ്റുഡന്‍ഡ്‌സ് മോഡല്‍ സാക്‌സോഫോണ്‍ അരുമയോടെ കയ്യില്‍ പിടിച്ച് കൊതിച്ച കളിപ്പാട്ടം കയ്യില്‍ കിട്ടിയ ഒരു കുട്ടിയുടെ സന്തോഷത്തോടെ ജോയ് പറഞ്ഞു.

“ഇന്ത്യയില്‍ എവിടെയും ഇത് കിട്ടിയിരുന്നില്ല. പഠിപ്പിക്കുന്നവരും കുറവാണ്. ഡിപ്പാര്‍ട്ട്‌മെന്‍റിലെ ബാന്‍ഡ് സംഘത്തിന്‍റെ സഹായത്തോടെയാണ് കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചെടുത്തത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാര്യയും രണ്ടു മക്കളും അമ്മയും അടങ്ങുന്നതാണ് ജോയിയുടെ കുടുംബം. അപ്പന്‍ മരിച്ചു. ഒരു കൊല്ലം മുമ്പ് പാലക്കാട് വീട് സ്വന്തമായി വച്ചു. അടുത്തിടെ, വീടിനടുത്ത് മുട്ടിക്കുളങ്ങരയിലെ പോലീസ് ക്യാമ്പില്‍ ചാര്‍ജെടുത്തു. അതിനു മുമ്പ് കൊച്ചി വിമാനത്താവളത്തില്‍ അസിസ്റ്റന്‍റ് സെന്‍ട്രല്‍ ഇന്‍റെലിജന്‍സ് ഓഫീസര്‍ ആയിരുന്നു. പാലക്കാട് എത്തിയതോടെ സംഗീത ജീവിതം പുതിയൊരു തലത്തിലേക്ക് കടന്നിരിക്കുകയാണെന്ന് ജോയ് പറയുന്നു.

“പാലക്കാട് ജില്ലാ ലൈബ്രറിയുടെ മുകളില്‍ ‘മെഹ്ഫില്‍’ എന്ന പേരില്‍ ഞങ്ങള്‍ക്ക് ഒരു സംഗീതാസ്വാദകരുടെ കൂട്ടായ്മ ഉണ്ട്. പാടുന്നതിന്‍റെയും ആസ്വാദനത്തിന്‍റെയും ഒരു ആത്മാവിഷ്‌കാരമാണ് മെഹ്ഫില്‍. സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ എല്ലാ ശനിയാഴ്ചയും അവിടെ ഒത്തുകൂടി പാട്ട് പാടിയും ആസ്വദിച്ചും സൗഹൃദം പങ്കുവെച്ചും ചിലവഴിക്കും. സ്ത്രീകളും കുട്ടികളും പ്രായമായവരും എല്ലാവരും വരും.

“അവിടെ ജോലിയുടെയോ സമ്പത്തിന്‍റെയോ ഏറ്റക്കുറച്ചിലുകള്‍ ഇല്ല. ആര്‍ക്ക് പാടാന്‍ ആഗ്രഹം ഉണ്ടെങ്കിലും അവിടെ വരാം.. പാടാം.. സന്തോഷമായി തിരിച്ചു പോകാം. ഓരോ ആഴ്ചയും പുതിയ പാട്ടുകളുമായാണ് ഓരോരുത്തരും വരിക. അവരുടെ പാട്ടുകള്‍ക്ക് കോറസ് ആയി ഞാന്‍ ഓടക്കുഴലും സാക്സോഫോണും വായിക്കും. അതുകൊണ്ട് ഓരോ ആഴ്ചയും പുതിയ പാട്ടുകള്‍ക്കായുള്ള നോട്ട്‌സ് തയ്യാറാക്കി പഠിച്ചിട്ടു വേണം പോകാന്‍. സംഗീതം പഠിച്ചവര്‍ക്കെന്നല്ല മൂളിപ്പാട്ട് പാടുന്നവര്‍ക്കു പോലും അവിടെ പാടാന്‍ അവസരമുണ്ട്, കേള്‍ക്കാന്‍ ശ്രോതാക്കളും ഉണ്ട്.”

പാലക്കാട്ടെ ‘മെഹ്ഫില്‍’ കൂട്ടായ്മയുടെ ചടങ്ങില്‍ ജോയ് വി എം

അമ്പത്തിരണ്ടുകാരനായ ജോയ് ഇന്നും തന്‍റെ സംഗീത പഠനവും പരിശീലനവും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. 2010-ല്‍ സര്‍വീസില്‍ മികച്ച പ്രകടനത്തിന് മുഖ്യമന്ത്രിയുടെ കൈയില്‍ നിന്നും അവാര്‍ഡ് ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്. 2014-ല്‍ രാഷ്ട്രപതിയുടെ മെഡലിന് ശുപാര്‍ശയും ഉണ്ടായിരുന്നു.

“സമയം നമുക്ക് വേണ്ടി കാത്തു നില്‍ക്കില്ല. അതുകൊണ്ട് ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കായി സമയം ചിലവഴിക്കാതെ നമ്മുടെ ജോലിയും മറ്റു ഉത്തരവാദിത്തങ്ങളും ഏറ്റവും വൃത്തിയില്‍ ചെയുക; ശേഷിക്കുന്ന സമയത്ത് നമ്മുടെ കഴിവുകളെ മോടി പിടിപ്പിക്കുക. നമ്മുടെ കഴിവ് എന്താണെന്ന് കണ്ടെത്തിയാല്‍ ഒട്ടും താമസിക്കാതെ അത് പരിപോഷിപ്പിക്കുക. അതിലെ സംതൃപ്തിയും ആനന്ദവും വാക്കുകള്‍ക്ക് അതീതമാണ്,” ജോയ് തന്‍റെ വിജയമന്ത്രം വെളിപ്പെടുത്തുന്നു.


ഇതുകൂടി വായിക്കാം: സൈക്കിളില്‍ നാടുചുറ്റി പ്രളയബാധിതര്‍ക്കായി 3 ടണ്‍ അരിയും വസ്ത്രങ്ങളും ശേഖരിച്ച കൊച്ചുമിടുക്കി: അമ്മിണിയുടെ ഈ ഓണം നാല്‍പത് സെന്‍റിലെ ദുരിതബാധിതര്‍ക്കൊപ്പമാണ്


“ഈ ലോകത്ത് പഠിക്കാനായി നമുക്കേറെയുണ്ട്. എത്ര പ്രായമായാലും പഠിച്ചു തീരാത്ത അത്ര കാര്യങ്ങള്‍. പ്രായത്തെ പഴിച്ചു നമ്മള്‍ ആഗ്രഹങ്ങളെ മാറ്റിനിര്‍ത്തരുത്. പൊരുതി നേടുക. പഠിക്കാനുള്ള വഴി തേടുക. സാക്സോഫോണ്‍ ഞാന്‍ ഇന്‍റെര്‍നെറ്റ് വഴിയാണ് സ്വായത്തമാക്കിയത്. ഡിജിറ്റല്‍ യുഗമാണ് ഇന്ന്. എന്ത് വേണമെങ്കിലും ഒരു വിരല്‍തുമ്പില്‍ ലഭിക്കുന്ന കാലം. ആ പുരോഗമനങ്ങള്‍ നല്ല അറിവിനായി വിനിയോഗിക്കുക.”

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം