പൊലീസുകാര്‍ കൃഷി തുടങ്ങി, നാട്ടില്‍ 11 ആഴ്ച പൂര്‍ണ്ണ സമാധാനം: തെളിവെടുപ്പ് മാത്രമല്ല വിളവെടുപ്പും വഴങ്ങുമെന്ന് തെളിയിച്ച കാക്കിക്കുള്ളിലെ കര്‍ഷകര്‍

കൃഷിയിലൂടെ വിഷമില്ലാത്ത മീനും പച്ചക്കറിയും മാത്രമല്ല നാട്ടില്‍ ക്രമസമാധാനവും പുലര്‍ത്താനാകുമെന്നും കൂത്താട്ടുകുളത്തെ നാട്ടുകാരും പൊലീസുകാരും കാണിച്ചു തരികയാണ്.

പൊലീസുകാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം..!?
അഴകിയ രാവണന്‍ എന്ന സിനിമയില്‍ പൊലീസ് വേഷത്തിലെത്തുന്ന ഇന്നസെന്‍റിനോട് സൈനുദ്ദീന്‍ ചോദിക്കുന്ന ഈ ചോദ്യം ഓര്‍മ്മയില്ലേ?

‘ജനമൈത്രി’ ആയെന്നൊക്കെ പറഞ്ഞാലും പൊലീസുകാര്‍ വീട്ടില്‍ക്കയറി വന്നാല്‍ ജീവിതത്തിലും ഇങ്ങനെയൊക്കെ തന്നെയാകും ആളുകള്‍ ചോദിക്കുക–മനസ്സിലേ ചോദിക്കൂ എന്ന് മാത്രം.

കാക്കിയിട്ടവരോട് പൊതുവെയുള്ള ഒരു പേടി. പൊലീസ് സ്റ്റേഷനില്‍  പരാതി കൊടുക്കാന്‍ പോകാന്‍ പോലും ഇന്നും പലര്‍ക്കും ഭയമാണ്.

എന്നാല്‍ കൂത്താട്ടുകുളംകാര്‍ക്ക് അന്ത ഭയം ഇല്ല. ഇവിടെ പൊലീസും നാട്ടുകാരും തമ്മില്‍ കട്ട ദോസ്തി ആണ്.

രണ്ടുകൂട്ടരും ചേര്‍ന്ന് പച്ചക്കറി നടുന്നു, വളമിടുന്നു, വിളവെടുക്കുന്നു… മീന്‍ പിടിക്കുന്നു… ആകെമൊത്തം ഒരാഘോഷമാണ്. പൊലീസാണെന്ന അഹങ്കാരം അവര്‍ക്കുമില്ല, ആ അകല്‍ച്ച നാട്ടുകാര്‍ക്കുമില്ല.


നിങ്ങളുടെ വീട്ടിലും കൃഷി തുടങ്ങാം, സ്ഥലമില്ലെങ്കില്‍ ചെറിയ ഹൈഡ്രോപോണിക്സ് പരീക്ഷിക്കാം.  സന്ദര്‍ശിക്കുക: KARNIVAL.COM

ദാ ഇനിയിപ്പോ ഈ ജൈവ പച്ചക്കറിയും മീനുമൊക്കെ വില്‍ക്കാന്‍ ഔട്ട്ലെറ്റ് കൂടി ആരംഭിച്ച് കൃഷി വ്യാപിപ്പിക്കാനുമുള്ള ശ്രമത്തിലാണിവര്‍.

കൃഷിയിലൂടെ വിഷമടിക്കാത്ത മീനും പച്ചക്കറിയും മാത്രമല്ല നാട്ടില്‍ ക്രമസമാധാനവും പുലര്‍ത്താനാകുമെന്നും ഇവിടെ നാട്ടുകാരും പൊലീസുകാരും ചേര്‍ന്ന് തെളിയിക്കുന്നു.

റെഡ് ലേഡി പപ്പായ വിളവെടുപ്പ്

പൊലീസും ജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നതിന്‍റെ ഭാഗമായാണ് കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും നാട്ടിലെ 42 റസിഡന്‍റ്സ് അസോസിയേഷന്‍കാരും കൂടി കൃഷിക്കിറങ്ങുന്നത്.

കഴിഞ്ഞവര്‍ഷമാണ് ഇങ്ങനെയൊരു കൃഷിയ്ക്ക് തുടക്കമിട്ടത്,“ഇപ്പോള്‍
പിറവം സ്റ്റേഷനില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ സിബി അച്യുതന്‍ അതിനെപ്പറ്റി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
“ഹരിതസമൃദ്ധി എന്നാണ് ഈ പദ്ധതിയുടെ പേര്. … അന്നത്തെ സബ് ഇന്‍സ്പെക്റ്ററായിരുന്ന കെ.ബ്രിജുകുമാറിന്‍റെ ആശയമായിരുന്നു ഇത്. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍  പലയിടങ്ങളിലായി അമ്പത് ഏക്കര്‍ സ്ഥലത്താണ് കൃഷി ചെയ്തത്. തുടക്കം ഇതായിരുന്നു.”

ഈയടുത്താണ് അദ്ദേഹം കൂത്താട്ടുകുളത്തുനിന്ന് സ്ഥലംമാറ്റം കിട്ടി പിറവത്തെത്തുന്നത്. എങ്കിലും കൃഷി സമൃദ്ധി പദ്ധതിയുമായി ഇപ്പോഴും സഹകരിക്കുന്നുണ്ട്.

പച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ്

പലതരം പച്ചക്കറികളും വാഴയും ചേനയും മീനുമൊക്കെയാണ് കൃഷി ചെയ്തത്. അതിലേറെയും വിളവെടുത്തു കഴിഞ്ഞു. തുടക്കത്തില്‍ തന്നെ വലിയ ജനപിന്തുണ കിട്ടി, മണ്ണും തുണച്ചു.

“ഇനിയിപ്പോ രണ്ടാം ഘട്ട കൃഷി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. ഓരോ റസിഡന്‍റ്സുകാരും അവരുടെ സൗകര്യപ്രദമായ ഇടങ്ങളിലായാണ് കൃഷി ചെയ്തത്.

“ഇക്കൂട്ടത്തില്‍ പൊലീസ് ക്വാര്‍ട്ടേഴ്സിലെ സ്ഥലത്തും കൃഷി ചെയ്തിട്ടുണ്ട്. കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനില്‍ നിന്നു കുറച്ചകലെയാണത്.


ആള്‍ത്താമസമില്ലാതെ കിടക്കുന്ന ക്വാര്‍ട്ടേഴ്സിലെ ഭൂമിയിലാണ് റെഡ് ലേഡി പപ്പായയും ചേനയും വാഴയും പച്ചക്കറികളുമൊക്കെ നട്ടത്.


കാടുപിടിച്ചു കിടക്കുകയായിരുന്നു പറമ്പ് വൃത്തിയാക്കിയെടുത്തതും ഇതൊക്കെ നട്ടു പിടിപ്പിച്ചതുമൊക്കെ പൊലീസുകാരാണ്.

മീന്‍ വിളവെടുപ്പിനിടെ ജില്ല പൊലീസ് മേധാവി കെ.കാര്‍ത്തിക്

“ഒരേക്കറിലായിരുന്നു ഇവിടെ കൃഷി. നല്ല വിളവും കിട്ടി. എണ്‍പതിലേറെ പപ്പായയാണ് കൃഷി ചെയ്തത്. 200 നേന്ത്രവാഴ, അമ്പതിലേറെ ചേനയും ഇവിടെ നട്ടിരുന്നു.

“കൂട്ടത്തില്‍ വാഴയും ചേനയും കൂടിയേ ഇനി വിളവെടുക്കാനുള്ളൂ. മീന്‍ കുളവും ഈ പറമ്പില്‍ തന്നെയായിരുന്നു. പടുതാക്കുളത്തിലാണ് മീന്‍ കൃഷി ചെയ്തത്. സാധാരണ പലരും മീന്‍ കൃഷി ചെയ്യുമ്പോള്‍ വേസ്റ്റുകളാണ് മീനിനു നല്‍കുന്നത്. ഇവിടെ അങ്ങനെയല്ല.

“നല്ല വൃത്തിയുള്ള ഭക്ഷണം നല്‍കിയാണ് ഞങ്ങള്‍ മീനുകളെ വളര്‍ത്തിയത്. ഗിഫ്റ്റ് തിലാപ്പിയയാണ് കൃഷി ചെയ്തത്. നല്ല ലാഭവുമായിരുന്നു,” സിബി പറഞ്ഞു.

പപ്പായത്തോട്ടത്തില്‍ നിന്ന്

മത്സ്യസമൃദ്ധി എന്നുപേരിട്ട ഈ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കഴിഞ്ഞ ദിവസമാണ് തുടക്കമിട്ടത്.  ഇത്തവണ വീടുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുന്നുണ്ട്. പതിനഞ്ചോളം വീടുകളില്‍ മത്സ്യകൃഷി ആരംഭിച്ചു കഴിഞ്ഞു. ഇതു വിപുലമാക്കാന്‍ വീടുകളില്‍ കുളങ്ങള്‍ തയാറാക്കി കൊടുക്കാനും പൊലീസിന് ആലോചനയുണ്ട്.

പദ്ധതി വിപുലമാക്കുന്നതിന് മുമ്പായി ജനമൈത്രി സുരക്ഷ സമിതി കണ്‍വീനര്‍ പി.സി മാര്‍ക്കോസിനെയും  ഹരിതസമിതി കണ്‍വീനറും മുന്‍ എസ് ഐ-യുമായ  സാബു സാറിനെയും മത്സ്യകൃഷിയെക്കുറിച്ച് പഠിക്കാന്‍ എറണാകുളത്തിന് അയച്ചിരുന്നു. അവരതു പൂര്‍ത്തിയാക്കി എത്തുകയും ചെയ്തു, അദ്ദേഹം പറയുന്നു.

റെഡ് ലേഡി പപ്പായ വിളവെടുപ്പിനിടെ എസ് ഐ ബ്രിജുകുമാര്‍
ആള്‍ത്താമസമില്ലാതിരുന്ന പൊലീസ് ക്വാര്‍ട്ടേഴ്സിലെ പപ്പായ തോട്ടം

അത്രയും വിഷരഹിതമായ പച്ചക്കറി സര്‍ക്കാര്‍ സ്കൂളുകള്‍ക്കോ അനാഥാലയങ്ങള്‍ക്കോ കൊടുക്കാം. ഇങ്ങനെയൊരു ആലോചനയുമുണ്ട്.


ഈ വീടുകളിലും പൊലീസ് ഇടയ്ക്കിടെ എത്തി കൃഷിത്തോട്ടം പരിശോധിക്കും.


“ഇത്രയും കുടുംബങ്ങളുമായി പൊലീസിന് നല്ല സൗഹൃദവുമാകും. ഒരു കുടുംബത്തില്‍ കുറഞ്ഞതു നാലു പേരെങ്കിലുമുണ്ടാകുമല്ലോ. അത്രയും ആളുകളും പൊലീസും തമ്മില്‍ നല്ല ബന്ധമുണ്ടായാല്‍ ക്രമസമാധാനപാലത്തിന് ഗുണം ചെയ്യുമല്ലോ.

“ആ കുടുംബങ്ങളിലുള്ളവര്‍ എന്തെങ്കിലുമൊക്കെ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അവര്‍ക്ക് ധൈര്യമായി പൊലീസിനോട് പറയാം. ഭയമില്ലാതെ ഇടനിലക്കാരില്ലാതെ പൊലീസ് സ്റ്റേഷനിലേക്ക് വരാനുമാകും.

“പൊലീസും പൊതുജനങ്ങളുമായുള്ള സൗഹൃദം മെച്ചപ്പെടുത്താം. പൊലീസ് എന്നു പറഞ്ഞാല്‍ ഭീകരജീവിയാണെന്ന ഒരു തോന്നലുണ്ട്. ആള്‍ക്കാരുടെ മനസില്‍. അതൊക്കെ മാറ്റിയെടുക്കാനും ഇതിലൂടെ സാധിക്കും.

“പൊതുജനങ്ങള്‍ക്ക് പൊലീസില്‍ വിശ്വാസ്യത വര്‍ധിക്കണം. വെറും വാക്കുകളിലൂടെ അതൊന്നും ആര്‍ക്കും മനസിലാകില്ല. അനുഭവത്തിലൂടെ മാത്രമേ ആ വിശ്വാസ്യത നേടാനാകൂ. തെറ്റിദ്ധാരണകള്‍ മാറ്റിയെടുക്കണം. പേടിയില്ലാതെ കാര്യങ്ങള്‍ പറയാനാകണം,” ഇങ്ങനെയൊരു പദ്ധതിയിലൂടെ അതിനൊക്കെ സാധിക്കുമെന്നും സിബിക്ക് വിശ്വാസമുണ്ട്.

നാട്ടിലെങ്ങും കൃഷി തുടങ്ങിയതോടെ നാട്ടിലെ അന്തരീക്ഷവും മാറിയെന്ന് പൊലീസുകാര്‍ പറയുന്നു.

സിബി അച്യുതന്‍ തോട്ടത്തില്‍
രണ്ടാംഘട്ട മത്സ്യ സമൃദ്ധിയുടെ ഭാഗമായി മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു

“വിഷരഹിത പച്ചക്കറിയും മീനും മാത്രമല്ല ക്രമസമാധാനപാലനത്തിനും ഹരിതസമൃദ്ധി പദ്ധതിയിലൂടെ സാധിച്ചുവെന്നു നേരത്തെ പറഞ്ഞില്ലേ.


“ഒന്നോ രണ്ടോ ദിവസമല്ല തുടര്‍ച്ചയായി 82 ദിവസങ്ങളില്‍ ഈ പ്രദേശത്ത് ഒരു ക്രൈമും റിപ്പോര്‍ട്ട് ചെയ്തില്ല.


“82 സീറോ അസോള്‍ട്ട് (കുറ്റകൃത്യങ്ങളില്ലാത്ത സ്ഥിതി) ദിനങ്ങള്‍! ഇതിനു കാരണവും ജനങ്ങളും പൊലീസും തമ്മിലുള്ള ബന്ധമാണ്. പൊലീസിന്‍റെ സ്ഥിര സാന്നിധ്യവും അവരോട് സൗഹൃദപരമായി ജനങ്ങള്‍ക്ക് ഇടപെടാനുള്ള സാഹചര്യവുമാണ് കൃഷിയിലൂടെയുണ്ടായത്.

“നാട്ടിലെ കാര്യങ്ങള്‍ വേഗത്തില്‍ പൊലീസിന് അറിയാനും സാധിച്ചു. പ്രദേശത്ത് അടിപിടി കുറ്റകൃത്യങ്ങള്‍ കുറഞ്ഞതിനു കാരണവും ഹരിതസമൃദ്ധി തന്നെയാണ്. ഈ പദ്ധതിയെക്കുറിച്ചറിഞ്ഞ് വിദേശനാട്ടില്‍ നിന്നു പോലും പലരും ഞങ്ങളെ വിളിച്ചിരുന്നു,” അദ്ദേഹം പറഞ്ഞു.

കൃഷിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍

എസ് ഐ ബ്രിജുകുമാര്‍ സാറിന്‍റെ ആശയം എല്ലാവരും ഏറ്റെടുക്കുകയായിരുന്നു. അദ്ദേഹത്തിനൊപ്പം സിഐ മോഹന്‍ദാസ്, ജനമൈത്രി സുരക്ഷ സമിതി കണ്‍വീനര്‍ പി.സി. മാര്‍ക്കോസ്, ഹരിതസമൃദ്ധി പദ്ധതി ചെയര്‍മാന്‍ കെ. മോഹനന്‍, കണ്‍വീനര്‍ പി.എസ്.സാബു, മേഖല റസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ബേബി ആലുങ്കല്‍ ഇവരുടെയെല്ലാം സഹകരണത്തോടെയാണ് ഇങ്ങനെയൊരു പരിപാടി വിജയിപ്പിക്കുന്നത്.

“റസിഡന്‍റ്സ് അസോസിയേഷനിലെ ജനങ്ങള്‍ക്കൊപ്പം ഞങ്ങള്‍ പൊലീസുകാരും മണ്ണില്‍ ഇറങ്ങി പണിയെടുത്തു. ഇതൊരു കൂട്ടായ്മയുടെ വിജയമാണ്. സിഐമാരും എസ്ഐമാരും പിന്തുണയോടെ കൂടെയുണ്ട്.

“ആരു വന്നു ഇതൊക്കെ കണ്ടാലും അത്ഭുതപ്പെടും. ആര്‍ക്കും ഇതിനോടൊന്നും പിന്തുണക്കാതിരിക്കാനാകില്ല. ജനമൈത്രി പൊലീസിന് പൊതുജനങ്ങളുടെയും വലിയ പിന്തുണയുണ്ട്.

“എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇതൊക്കെ വേണമെന്നു പലരും പറയുന്നുണ്ട്.” സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള വെറുതേ കിടക്കുന്ന സ്ഥലങ്ങളില്‍ ഇങ്ങനെ കൃഷി ചെയ്യുകയാണെങ്കില്‍ നല്ലതായിരുന്നവെന്നാണ് സിബിയുടെ അഭിപ്രായം.

പപ്പായ വിളവെടുക്കുന്ന പൊലീസ് ഇന്‍സ്പെക്റ്റര്‍ കെ.ആര്‍ മോഹന്‍ദാസ്

കാര്‍ഷിക കൂട്ടായ്മയായ ഹരിതസമൃദ്ധി ഇപ്പോള്‍ ഹരിതസമൃദ്ധി സൊസൈറ്റിയാണ്. കൃഷി വിപുലമാക്കുന്നതിനൊപ്പം പുതിയ പദ്ധതികളും ആലോചിക്കുന്നുണ്ട്. കൂടുതല്‍ അളവില്‍ റെഡ് ലേഡി ക‍ൃഷി ചെയ്തു വിപണി കണ്ടെത്താനും ചാണകപ്പൊടി പാക്കറ്റുകളിലാക്കി വില്‍ക്കാനുമൊക്കെയാണ് ആലോചിക്കുന്നത്.

കാര്‍ഷിക മേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ ഉപദേശക സമിതിയുണ്ടാക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും സിബി വ്യക്തമാക്കി.

പച്ചക്കറി തൈ നടുന്നു
നേന്ത്രവാഴ വിളവെടുപ്പ് മൂവാറ്റുപുഴ ഡി വൈ എസ്‍ പി കെ.അനില്‍ കുമാര്‍ നിര്‍വഹിക്കുന്നു

“വിദഗ്ധരുടെ അഭിപ്രായമനുസരിച്ചാണ് കൃഷി ചെയ്യുന്നത്. വെറുതേ ആളുകളെ പറ്റിക്കുന്ന പരിപാടിയൊന്നും അല്ല. കാര്‍ഷിക മേഖലയിലെ വിദഗ്ധരുടെ പിന്തുണയുമുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഹരിതസമൃദ്ധിയുടെ ആദ്യ ഘട്ടത്തില്‍ അമ്പതേക്കറിലാണ് കൃഷി ചെയ്തതെങ്കില്‍ രണ്ടാം ഘട്ടം കുറച്ചു കൂടി വിപുലമാക്കുകയാണ് പൊലീസും റസിഡന്‍സ് അസോസിയേഷന്‍കാരും.

ഇത്തവണ സ്ത്രീകളെ കൂടുതലായി കൃഷിയില്‍ പങ്കാളികളാക്കുകയാണ്. ഇതിന്‍റെ ഭാഗമായി 250 കുടുംബങ്ങള്‍ക്ക് വിത്തുകളും തൈകളും മണ്ണിര കംപോസ്റ്റും വളവുമൊക്കെ വിതരണം ചെയ്തു കഴിഞ്ഞുവെന്നും സിബി.

സബ് ഇന്‍സ്പെക്റ്റര്‍ കെ. ബ്രിജു കുമാര്‍: ഈ ഓഫീസറുടെ ആശയമാണ് ഹരിതസമൃദ്ധി.

“സൗജന്യമായാണ് തൈകളും വളവുമൊക്കെ നല്‍കിയത്. ഇവര്‍ക്കായി ഒരു മത്സരവും സംഘടിപ്പിക്കുന്നുണ്ട്. മികച്ച വിളവുണ്ടാക്കുന്ന പത്ത് കര്‍ഷകര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.”

വീട്ടമ്മമാരെ കൃഷിയില്‍ സജീവമാക്കുന്നതിനൊപ്പം പ്രദേശത്തെ അനാഥാലയങ്ങളിലേക്കും സ്കൂളുകളിലേക്കും സൗജന്യമായി വിഷരഹിത പച്ചക്കറികളെത്തിക്കാനുള്ള ആലോചനയുമുണ്ട്. 250 വീട്ടില്‍ നിന്ന് ജൈവരീതിയില്‍ കൃഷി ചെയ്ത പച്ചക്കറികളില്‍ നിന്ന് രണ്ട് കിലോ വീതം ശേഖരിച്ചാല്‍ തന്നെ 500 കിലോ കിട്ടുമല്ലോ എന്നാണ് കണക്കുകൂട്ടല്‍.

കൃഷി ചെയ്യുന്നവര്‍ക്ക് ക്ലാസും നല്‍കാറുണ്ട്. അമ്പത് പേരുള്ള സംഘമാക്കിയാണ് കര്‍ഷകര്‍ക്ക് ക്ലാസ് നല്‍കിയത്. ഇതിനെല്ലാം കൃഷി വകുപ്പിന്‍റെ സഹകരണമുണ്ടെന്നും സിബി കൂട്ടിച്ചേര്‍ത്തു.

സിബി അച്യുതനും കൃഷിയില്‍ സജീവമാണ്. “ഞാന്‍ വലിയ കൃഷിക്കാരനൊന്നും അല്ല. കൂത്താട്ടുകുളം ടൗണിലാണ് വീട്. വീട്ടില്‍ കുറച്ചു സ്ഥലമേയുള്ളൂ. പത്ത് സെന്‍റ് മാത്രം. പക്ഷേ കൃഷി ചെയ്യുന്നുണ്ട്.

“ഈ സ്റ്റേഷനിലേക്ക് വന്നിട്ട് അധികകാലമായിട്ടില്ല. കൂത്താട്ടുകളത്തായിരിക്കുമ്പോള്‍ വടകര സെന്‍റ്.ജോണ്‍സ് സ്കൂളിലെ സ്റ്റുഡന്‍റ്സ് കേഡറ്റ് യൂനിറ്റിന്‍റെ ചുമതലയുണ്ടായിരുന്നു.


ഇതുകൂടി വായിക്കാം: ഇതാണ് പൊലീസ്! ജനഹൃദയത്തില്‍ തൊട്ട് ഒരു സല്യൂട്ട്


“സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിന്‍റെയും റസിഡന്‍റസ് അസോസിയേഷന്‍റെയും സഹകരണത്തോടെ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനില്‍ നിന്നു 57 ലോഡ് അവശ്യവസ്തുക്കളാണ് പ്രളയബാധിത പ്രദേശങ്ങളിലേക്ക് നല്‍കിയത്.

“പലരുടെയും സഹായത്തോടെ ഒരു വിദ്യാര്‍ഥിക്ക് ആറു ലക്ഷം രൂപയുടെ വീട് നിര്‍മിച്ചും നല്‍കാനും സാധിച്ചിട്ടുണ്ട്.” സിബി അച്യുതന്‍ പറഞ്ഞു.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം