ടെറസ് കൃഷിക്ക് നനയ്ക്കുന്നതിനെക്കുറിച്ച് ഇനി വിഷമിക്കുകയേ വേണ്ട; അഞ്ചുമിനിറ്റിനുള്ളില്‍ ആര്‍ക്കും ഫിറ്റ്  ചെയ്യാവുന്ന തിരിനന സംവിധാനവുമായി ബിജു 

പുതിയതായി ഡിസൈന്‍ ചെയ്തത് 30 രൂപയുടെ ഒരു വാള്‍വ് ഘടിപ്പിച്ചാണ്. നിങ്ങള്‍ 500 വാട്ടര്‍ സ്റ്റോറേജ് നിരത്തിയാലും 1,000 വാട്ടര്‍ സ്റ്റോറേജ് നിരത്തിയാലും വെറും 30 രൂപയുടെ വാള്‍വ് ഉപയോഗിച്ച് വര്‍ഷം മുഴുവനും വെള്ളം സംഭരിക്കാന്‍ കഴിയും. ടാങ്കില്‍ വെള്ളമുള്ളിടത്തോളം കാലം വാട്ടര്‍ സ്റ്റോറേജ് ബക്കറ്റ് നിറഞ്ഞുകൊണ്ടിരിക്കും.

ട്ടികളിലോ ഗ്രോബാഗിലോ വളര്‍ത്തുന്ന ചെടികള്‍ക്ക് ഒരു പ്രശ്നമുണ്ട്–കൃത്യമായി നനയ്ക്കണം. ടെറസിലാണ് കൃഷിയെങ്കില്‍ പിന്നെ പറയുകയും വേണ്ട. വേനലില്‍ ചിലപ്പോള്‍ രണ്ട് തവണ നനയ്ക്കേണ്ടി വരും. വെള്ളം കൂടിപ്പോവാനും പാടില്ല.

നനയും വളപ്രയോഗവും കൃത്യമാവണം, പിന്നെ കീടബാധയും ശ്രദ്ധിക്കണം. അങ്ങനെയാണെങ്കില്‍ വീട്ടിലേക്കാവശ്യമുള്ളതിലും അധികം പച്ചക്കറികള്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഉണ്ടാക്കാന്‍ കഴിയും.

പക്ഷേ, സ്ഥിരം കര്‍ഷകരല്ലാത്തവര്‍ക്കും ജോലിക്കാര്‍ക്കുമൊക്കെ കൃത്യസമയത്ത് വെള്ളമൊഴിക്കലൊക്കെ വലിയ പാടായിരിക്കും. ഇതിനെല്ലാം പരിഹാരം വികസിപ്പിച്ചെടുത്തിരിക്കുകയാണ് കരുനാഗപ്പിള്ളിക്കാരനായ ബിജു ജലാല്‍.

ബിജു തന്‍റെ മട്ടുപ്പാവ് തോട്ടത്തില്‍

ചെലവുകുറഞ്ഞതും എളുപ്പത്തില്‍ ഫിറ്റ് ചെയ്യാവുന്നതുമായ തിരിനന (wick irrigation) സമ്പ്രദായമാണ് ബിജു ജലാല്‍ പരീക്ഷിക്കുന്നത്. സ്വയം പരീക്ഷിച്ചും പരിഷ്‌കരിച്ചും അദ്ദേഹമത് ഒരുപാട് കര്‍ഷകര്‍ക്ക് സഹായമാകുന്ന തരത്തില്‍ വികസിപ്പിച്ചുകഴിഞ്ഞു.

സ്വയം ഒരു കര്‍ഷകന്‍ ആയതുകൊണ്ട് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് തികച്ചും പ്രായോഗികമായ പരിഹാരങ്ങളാണ് അദ്ദേഹം മുന്നോട്ടുവെയ്ക്കുന്നത്. തിരിനനയോടൊപ്പം തന്നെ ഗ്രോബാഗില്‍ ഉറുമ്പുകയറാതിരിക്കാനും കീടബാധയെ ചെറുക്കാനും ലളിതമായ സാങ്കേതിക വിദ്യകളാണ് ബിജു പറഞ്ഞുതരുന്നത്.

ബിജു ജലാല്‍

“വര്‍ഷങ്ങളായി മട്ടുപ്പാവില്‍ കൃഷി ചെയ്യുന്ന ആളാണ് ഞാന്‍. 2004 മുതല്‍ 2010 വരെ ഗള്‍ഫില്‍ അക്കൗണ്ടന്‍റായിരുന്നു. പിന്നീട് നാട്ടില്‍ വന്നപ്പോള്‍ കുറച്ച് കാലം തിരക്കഥാകൃത്ത് ടി.എ റസാഖിന്‍റെ അസിസ്റ്റന്‍റ് ആയി ജോലി ചെയ്തു. എഴുത്തിനോട് താല്‍പര്യമുണ്ടായിരുന്നു,” ബിജു ജലാല്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞുതുടങ്ങുന്നു.

“വീട്ടില്‍ സ്വന്തമായി കൃഷി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഉണ്ടായ പ്രയാസം ഒഴിവാക്കാനാണ് ഈ വാട്ടര്‍ സ്റ്റോറേജ് അടങ്ങുന്ന തിരിനന രൂപകല്‍പ്പന ചെയ്തത്,” അദ്ദേഹം പറഞ്ഞു.

ചുരുക്കിപ്പറഞ്ഞാല്‍ വെള്ളം നിറച്ചുവെയ്ക്കാന്‍ ഒരു പ്ലാസ്റ്റിക് പാത്രം/ബക്കറ്റ് (സ്‌റ്റോറേജ്). അതിന് മേലെ ദ്വാരമുള്ള ഒരു ട്രേ. ഈ ദ്വാരത്തിലൂടെ കട്ടിയുള്ള കോട്ടണ്‍ തിരി (wick) കടത്തിവെയ്ക്കും. ഈ തിരി താഴെ സ്‌റ്റോറേജിലെ വെള്ളത്തില്‍ ആഴ്ന്നിരിക്കും. തിരിയുടെ മറ്റേ അറ്റം ഗ്രോബാഗിന് താഴെ ദ്വാരമിട്ട് അതിലൂടെ കടത്തിവെച്ചുവേണം അതില്‍ മണ്ണ് നിറച്ച് ചെടി നടാന്‍.

ബിജു ജലാല്‍ തയ്യാറാക്കിയ തിരിനന സംവിധാനം

ഇതാണല്ലോ സാധാരണ തിരിനനയുടെ രീതി.

ബിജു അതൊന്നുകൂടി പരിഷ്‌കരിച്ചു. ഇപ്പോള്‍ ബിജുവിന്‍റെ തിരിനന സംവിധാനത്തില്‍ മാസത്തില്‍ ഒരിക്കല്‍ വെള്ളം നിറച്ചാല്‍ മതി. ഇടയ്ക്ക് വളമിടാനും വിളപറിക്കാനും മാത്രം ചെന്നുനോക്കിയാല്‍ മതി.

ഗ്രോബാഗ് ട്രേ

ആദ്യമായി ബിജു രൂപകല്‍പ്പന ചെയ്തത് ഗ്രോബാഗ് ട്രേയാണ്. ഉറുമ്പുകളും മറ്റു കീടങ്ങളും ഗ്രോബാഗുകളില്‍ കയറുന്നത് മൂലമുണ്ടാകുന്ന ഉപദ്രവം ഒഴിവാക്കാനാണ് ട്രേ ഡിസൈന്‍ ചെയ്തത്. ഇതിനോടൊപ്പം ചെടികളെയും കായ്കളെയും കാറ്റില്‍ നിന്നും മഴയില്‍ നിന്നും ഒടിഞ്ഞു താഴെ വീണുപോകാതെ സംരക്ഷിക്കാനുള്ള താങ്ങും തയ്യാറാക്കിയിട്ടുണ്ട്. മുക്കാല്‍ ഇഞ്ചിന്‍റെ അലുമിനിയം കര്‍ട്ടന്‍ പൈപ്പ് ഈ ഗ്രോബാഗ് ട്രേയില്‍ കുത്തിനിര്‍ത്തുകയാണ് ചെയ്യുന്നത്.

പല ചട്ടികള്‍/ഗ്രോബാഗുകളില്‍ ഒരേ സമയം വെള്ളമെത്തിക്കാന്‍ കഴിയുന്ന സംവിധാനമാണ് ബിജു രൂപകല്‍പന ചെയ്തത്. വെള്ളം സ്റ്റോര്‍ ചെയ്യുന്ന പാത്രങ്ങള്‍ തമ്മില്‍ പി വി സി പൈപ്പ് വഴി ബന്ധിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഇത് ടാപ്പുമായി കണക്ട് ചെയ്യുന്നതോടെ സംവിധാനം പൂര്‍ത്തിയാവുന്നു.

വെള്ളം തുറന്നുവിട്ടാല്‍ അവസാനത്തെ വാട്ടര്‍ സ്റ്റോറേജില്‍ നിറഞ്ഞ് കവിയാതിരിക്കാന്‍ ഒരു കാപ്പ് വെച്ച് അടയ്ക്കാം.

”ഇങ്ങനെ നിറയ്ക്കുന്ന വെള്ളം രണ്ടാഴ്ചത്തേക്ക് നമുക്ക് ഉപയോഗിക്കാനുണ്ടാകും. ഒരു പ്രാവശ്യം സെറ്റ് ചെയ്തുകഴിഞ്ഞാല്‍ രണ്ടാഴ്ചയിലൊരിക്കല്‍ ടാപ്പില്‍ നിന്ന് വെള്ളം തുറന്നുവിട്ടാല്‍ മതി. ഇങ്ങനെയായിരുന്നു ഇത്രയുംകാലം ഉപയോഗിച്ചിരുന്നത്,” ബിജു പറയുന്നു.

സ്റ്റോറേജ് ബക്കറ്റ്

ഒരുപാട് ടെറസ് കര്‍ഷകര്‍ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. “ആളുകളുടെ ആവശ്യപ്രകാരം മാസത്തില്‍ ഒരിക്കല്‍ വെള്ളം നിറയ്ക്കാന്‍ കഴിയുന്ന രീതിയിലേക്ക് ഞാന്‍ ഇത് വീണ്ടും രൂപകല്‍പ്പന ചെയ്തു.” ബിജു തുടരുന്നു. “ഇപ്പോള്‍ എട്ട് മാസത്തിന് ശേഷം പുതിയതായി രൂപകല്‍പ്പന ചെയ്ത തിരിനന സിസ്റ്റം പ്രകാരം മാസത്തില്‍ ഒരിക്കല്‍ വെള്ളം നിറച്ചാല്‍ മതി.”

അപ്പോഴാണ് ചില കര്‍ഷകര്‍ മറ്റൊരു അഭിപ്രായം പറഞ്ഞത്. ഈ സംവിധാനത്തില്‍ വെള്ളം നിറച്ചുവെക്കുന്ന ബക്കറ്റില്‍ ജലം തീര്‍ന്നുപോകുന്നത് പുറത്തുനിന്ന് കാണാന്‍ കഴിയില്ല എന്ന്. ബിജു അതിനും ഒരു ലളിതമായ പരിഹാരം കണ്ടെത്തി.
“വെള്ളം തീരുന്നത് പുറത്ത് നിന്ന് കാണാന്‍ പറ്റില്ലെന്ന് പലരും പറഞ്ഞതു കാരണം പുതിയ ഒരു വാള്‍വ് ഉണ്ടാക്കി ഘടിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ എല്ലാ വാട്ടര്‍ സ്റ്റോറേജിലും (ബക്കറ്റ്) ഒരേ അളവില്‍ വെള്ളം നില്‍ക്കും. എത്ര വാട്ടര്‍ സ്റ്റോറേജ് ഉണ്ടോ അത്രയും നിറയും.”

സ്റ്റോറേജ് ബക്കറ്റില്‍ വാല്‍വ് ഘടിപ്പിച്ചിരിക്കുന്നു. (ഇത് മറ്റൊരു കര്‍കന്‍റെ പരീക്ഷണം ആണ്) ബിജു ഇതിനേക്കാള്‍ ചെലവ് കുറഞ്ഞ വാല്‍വ് ആണ് തയ്യാറാക്കിയിരിക്കുന്നത്.

ഇനിയിപ്പോള്‍ മാസം തോറും വെള്ളം നിറയ്‌ക്കേണ്ട കാര്യവുമില്ല. വീട്ടിലെ ഓവര്‍ഹെഡ് ടാ്ങ്കുമായാണ് ഈ സിസ്റ്റം കണെക്ട് ചെയ്തിരിക്കുന്നതെങ്കില്‍ ടാങ്കില്‍ വെള്ളമുള്ളിടത്തോളം കാലം തിരിനന സംവിധാനത്തെക്കുറിച്ച് വേവലാതിപ്പെടേണ്ട കാര്യമേയില്ല.

“പുതിയതായി ഡിസൈന്‍ ചെയ്തത് 30 രൂപയുടെ ഒരു വാള്‍വ് ഘടിപ്പിച്ചാണ്. നിങ്ങള്‍ 500 വാട്ടര്‍ സ്റ്റോറേജ് നിരത്തിയാലും 1,000 വാട്ടര്‍ സ്റ്റോറേജ് നിരത്തിയാലും വെറും 30 രൂപയുടെ വാള്‍വ് ഉപയോഗിച്ച് വര്‍ഷം മുഴുവനും വെള്ളം സംഭരിക്കാന്‍ കഴിയും. ടാങ്കില്‍ വെള്ളമുള്ളിടത്തോളം കാലം വാട്ടര്‍ സ്റ്റോറേജ് ബക്കറ്റ് നിറഞ്ഞുകൊണ്ടിരിക്കും. നിങ്ങളുടെ ഹോസ് ടാപ്പുമായി ഘടിപ്പിച്ച് ടാപ്പ് തുറന്ന് വിട്ട് കൊടുത്താല്‍ മാത്രം മതി,” ബിജു വിശദമാക്കുന്നു.

“ഗ്രോബാഗില്‍ മണ്ണ് നിറയ്ക്കുമ്പോള്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ലതാണ്. പത്ത് ഗ്രോബാഗ് നിറയ്ക്കാനുള്ള മണ്ണ് ശേഖരിച്ച് ഏകദേശം രണ്ടാഴ്ച നന്നായി ഉണക്കണം. പിന്നീട് ഒരാഴ്ച ഈ മണ്ണിന് അല്‍പം ഈര്‍പ്പം നല്‍കി ഡോളോമൈറ്റ് കൂടി ചേര്‍ത്ത് പാകപ്പെടുത്തിയെടുക്കണം.ഗുണമേന്‍മയുള്ള ചകിരിച്ചോര്‍ കൂടി ചേര്‍ത്ത് നിറയ്ക്കുന്നത് നല്ലതാണ്.”  മണ്ണ് പാകപ്പെടുത്തിയെടുക്കാന്‍ പലര്‍ക്കും അറിയാത്തതും ഗ്രോബാഗ് കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ബിജു പറയുന്നു.

“ഗ്രോബാഗിലേക്ക് തിരി ഇറക്കിവെക്കുന്നതിന് മുമ്പ് പത്ത് മിനിറ്റ് നേരമെങ്കിലും വെള്ളത്തില്‍ നന്നായി മുക്കിവെക്കുന്നത് നല്ലതാണ്. തിരി വെച്ചതിന് ശേഷം നമ്മള്‍ മണ്ണ് ഇടുമ്പോള്‍ തിരിയുടെ അല്‍പം ഭാഗം മണ്ണില്‍ നിന്ന് ഉയര്‍ന്ന് നില്‍ക്കണം. അതിന് ശേഷം നന്നായി നനയ്ക്കണം. ചെടി നട്ടതിനുശേഷം ഉണങ്ങിയ ഇല കൊണ്ട് പുതയിടണം.” ചെടി നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

മട്ടുപ്പാവിന്‍റെ വലുപ്പം അനുസരിച്ച് തിരിനന സംവിധാനം പ്രയോജനപ്പെടുത്താം. 10 ജലസംഭരണികളും 10 ഗ്രോബാഗ് ട്രേകളും 10 തിരികളുമടങ്ങുന്ന യൂണിറ്റാണ് ഏറ്റവും ചെറുത്. ഇതില്‍ 9 കഷണം പി.വി.സി പൈപ്പുകള്‍ ഉണ്ടായിരിക്കും. ഒരു സെറ്റ്-എന്‍ഡ് ക്യാപ്പ് റെഡ്യൂസറും (set-end cap reducer) ഉണ്ടായിരിക്കും. എത്ര യൂണിറ്റ് വേണമെങ്കിലും ഒരാള്‍ക്ക് വാങ്ങാം.

“30 എണ്ണമുള്ള ഒരു യൂണിറ്റിന് 4,200 രൂപയാണ് വില. ഈ ബില്‍ അടുത്തുള്ള കൃഷിഭവനില്‍ കൊടുത്താല്‍ 2,000 രൂപ അക്കൗണ്ടിലേക്ക് സബ്സിഡിയായി തരും. ഇപ്പോള്‍ തിരിനനയ്ക്കും സര്‍ക്കാര്‍ സബ്സിഡി കൊടുക്കുന്നുണ്ട്. രണ്ടോ മൂന്നോ ദിവസത്തില്‍ കൂടുതല്‍ വെള്ളം സംഭരിച്ചു വെക്കാന്‍ ഇതിന് കഴിയില്ല.് 5000 രൂപയോളം ഇതിന് ചെലവ് വരുന്നുണ്ടെങ്കില്‍ വാട്ടര്‍ സ്റ്റോറേജ് അടക്കമുള്ള ഈ തിരിനനയ്ക്ക് 3,000 രൂപയേ വില വരുന്നുള്ളു,” ബിജു പറയുന്നു.

“പോളിഹൗസുകളില്‍ വെച്ചുകഴിഞ്ഞാല്‍ സൂര്യപ്രകാശം നേരിട്ട് അടിക്കുകയില്ല. അള്‍ട്രാവയലറ്റ് ട്രീറ്റഡ് ഉത്പന്നമാണ് ഉപയോഗിക്കുന്നത്. 20 വര്‍ഷമായാലും 50 വര്‍ഷമായാലും അതേപോലെ നിലനില്‍ക്കും. ഏത്ര ഭാരം വേണമെങ്കിലും താങ്ങാന്‍ കഴിയും. ഫെയ്സ്ബുക്ക് വഴിയും വാട്സ് ആപ്പ് വഴിയും ആളുകളിലേക്ക് എത്തുന്നു. മണ്ണില്ലാക്കൃഷിയിലും ഈ തിരിനന സമ്പ്രദായം ഉപയോഗിക്കുന്നുണ്ട്. മണ്ണ് ഉപയോഗിച്ച് കൃഷി ചെയ്യുമ്പോള്‍ കരിയില വെച്ചോ പേപ്പര്‍ വെച്ചോ പുതയിടണം. ഇല്ലെങ്കില്‍ സൂര്യപ്രകാശം വഴിയുള്ള ബാഷ്പീകരണം കാരണം വെള്ളം വറ്റാന്‍ ഇടയാകും.”

“മുളക്, തക്കാളി, വെണ്ടയ്ക്ക, കാരറ്റ് എന്നിവ ഞാന്‍ മട്ടുപ്പാവില്‍ കൃഷി ചെയ്തിരുന്നു. വെള്ളീച്ചകള്‍ വന്ന് നീര് ഊറ്റിക്കുടിക്കും. വെള്ളീച്ച ഒരെണ്ണം വന്നിരുന്നാല്‍ പെട്ടെന്ന് വളരുകയും വ്യാപിക്കുകയും ചെയ്യും. വെളുത്തുള്ളി-വേപ്പെണ്ണ-മിശ്രിതം ആയിരുന്നു അന്നൊക്കെ ഉപയോഗിച്ചിരുന്നത്. ഇതിന്‍റെ മണം കാരണം വെള്ളീച്ചകള്‍ അടുത്ത് വരില്ല. ഇത് ഉപയോഗിക്കുമ്പോള്‍ ആ സമയത്ത് മാത്രമേ ഫലമുണ്ടാകുകയുള്ളു.

“ഇലയുടെ അടിഭാഗത്താണ് ഇത് സ്പ്രേ ചെയ്യുന്നത്. എന്നും ടെറസില്‍ കയറി വെള്ളീച്ചയ്ക്കും കായീച്ചയ്ക്കും മരുന്ന് അടിക്കുകയെന്നത് പ്രായോഗികമല്ല.”

കായീച്ചകളെയും വെള്ളീച്ചകളെയും അകറ്റി നിര്‍ത്താനുള്ള വഴി ആലോചിച്ചപ്പോഴാണ് ‘കണ്‍ട്രോള്‍ പാനല്‍’ കൂടി രൂപകല്‍പ്പന ചെയ്യണമെന്ന തോന്നലുണ്ടായത്. അതും ബിജു സ്വന്തമായി തന്നെ ഉണ്ടാക്കിയെടുത്തു. ചെടി പൊതിഞ്ഞുവെയ്ക്കാന്‍ കഴിയുന്ന ഒരു നെറ്റും താങ്ങിനിര്‍ത്താനുള്ള സംവിധാനവുമാണിതിലുള്ളത്.

കായീച്ചയേയും കീടങ്ങളേയും തുരത്താനുള്ള നെറ്റ്

“പോളിഹൗസില്‍ വിരിയ്ക്കുന്ന നെറ്റ് ഉപയോഗിച്ചാണ് കണ്‍ട്രോള്‍ പാനല്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്,” ബിജു വിവരിക്കുന്നു.

“ഗ്രോ ബാഗിനകത്ത് മണ്ണിടുന്നതിന് മുമ്പാണ് ഈ കണ്‍ട്രോള്‍ പാനല്‍ സ്ഥാപിക്കേണ്ടത്. ഇതിനെ അടിസ്ഥാനമാക്കി ഓരോ ഗ്രോബാഗിലും വേറെ വേറെ ഇന്‍സെക്റ്റ് നെറ്റ് വിരിക്കാന്‍ സാധിക്കും. വെള്ളീച്ച പോലുള്ള പ്രാണികളില്‍ നിന്നും ചെടികളെ സമ്പൂര്‍ണമായി സംരക്ഷിക്കാന്‍ ഈ വല കൊണ്ട് സാധിക്കും,” ബിജു അവകാശപ്പെടുന്നു.

“രാസകീടനാശിനികളോ ജൈവകീടനാശിനികളോ ഇവിടെ ഉപയോഗിക്കേണ്ടതില്ല. ഒരു പേനയ്ക്ക് എങ്ങനെയാണോ ക്യാപ്പ് ഇടുന്നത് അതേ ലാഘവത്തോടെ നമുക്ക് ഇത് ഘടിപ്പിക്കാന്‍ കഴിയും,” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

“കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ 20,000 ല്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് വഴി വിറ്റഴിച്ചു. അഗ്രോ ബസാര്‍ വഴി ആവശ്യക്കാര്‍ക്ക് നല്‍കുന്നുണ്ട്. ഒരു സ്ഥലത്തും ഞാന്‍ സ്വയം പോയി വാട്ടര്‍ സ്റ്റോറേജ് ഘടിപ്പിച്ചു കൊടുത്തിട്ടില്ല. എല്ലാം വാങ്ങുന്നവര്‍ സ്വയം ചെയ്യുന്നതാണ്. ”

നിരവധി പേര്‍ ബിജുവിന്‍റെ തിരിനന സംവിധാനം വാങ്ങി ഉപയോഗിക്കുന്നുണ്ട്. ചിലര്‍ സ്വന്തം നിലയില്‍ ഈ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താനും ശ്രമിക്കുന്നുണ്ട്.
കണ്ണൂര്‍ ജില്ലയിലെ താജുദ്ദീന്‍ എന്ന കൃഷിക്കാരന്‍ അനുഭവം പങ്കുവെയ്ക്കുന്നു: “മട്ടുപ്പാവില്‍ പയര്‍, കുറ്റി ബീന്‍സ്, മുളക്, പച്ചമുളക്, കാന്താരി മുളക്, ചുവന്ന മുളക്, കാപ്സിക്കം, കോളിഫ്ളവര്‍ എന്നിവയ്ക്ക് തിരിനന ഉപയോഗിച്ചാണ് നനയ്ക്കുന്നത്. 10 എണ്ണമുള്ള ഒരു യൂണിറ്റാണ് ഞാന്‍ വാങ്ങിയത്. വളരെയേറെ ഉപകാരപ്രദമായ രീതിയാണ് ഇത്. വെള്ളീച്ചകളുടെ ഉപദ്രവം ഇപ്പോള്‍ ഇല്ല.

“ഇതിന്‍റെ ഗുണം മനസിലാക്കിയതുകൊണ്ട് കൂടുതല്‍ യൂണിറ്റുകള്‍ ഞാന്‍ വാങ്ങി കണ്ണൂര്‍ ജില്ലയിലെ മറ്റുള്ള കൃഷിക്കാരുടെ വീടുകളില്‍ പോയി ഞാന്‍ തന്നെ സെറ്റ് ചെയ്ത് നല്‍കാറുണ്ട്. മാട്ടൂല്‍ എന്ന സ്ഥലത്തെ കായല്‍ത്തീരം റെസ്റ്റോറന്‍റിലും പയ്യാമ്പലം സ്റ്റേറ്റ് ബീച്ച് റിസോര്‍ട്ട് സ്പായിലും ഞാന്‍ തിരിനന സെറ്റ് ചെയ്ത് കൊടുത്തിട്ടുണ്ട്.”


ഇതുകൂടി വായിക്കാം: നഷ്ടം വന്ന് അച്ഛന്‍ കൃഷിയുപേക്ഷിച്ചു, പക്ഷേ ‘ടെക്കി’യായ മകന്‍ വിട്ടില്ല: ഇന്ന് 900 കര്‍ഷകര്‍ക്ക് നല്ല വരുമാനം നല്‍കുന്നു പ്രദീപിന്‍റെ കാര്‍ഷിക സംരംഭം


ബിജു രൂപകല്‍പ്പന ചെയ്ത വാട്ടര്‍ സ്റ്റോറേജ് സിസ്റ്റവും കണ്‍ട്രോള്‍ പാനലും ഉപയോഗിച്ച താജുദ്ദീന്‍റെ അനുഭവത്തില്‍ നിന്ന് വെള്ളീച്ചകള്‍ക്കെതിരെയുള്ള ഫലപ്രദമായ സംവിധാനമാണ് ഇതെന്ന് ഉറപ്പിച്ച് പറയുന്നു. സ്വന്തം അനുഭവത്തില്‍ നിന്ന് എനിക്ക് തോന്നുന്നത് പച്ചക്കറികള്‍ക്ക് മാത്രമല്ല, പൂച്ചെടികള്‍ക്കും ഈ തിരിനന സംവിധാനം വളരെ ഫലപ്രദമാണ് എന്നാണ്.

“വീടുകളില്‍ ഇന്‍റെര്‍ലോക്ക് ചെയ്തിരിക്കുന്ന മുറ്റത്ത് പ്ലാസ്റ്റിക് ചട്ടികളില്‍ പൂക്കള്‍ വെച്ചാല്‍ കാണാനും വളരെ ഭംഗിയായിരിക്കും. മൂന്നാഴ്ചത്തേക്ക് വെള്ളം നനയ്ക്കുകയും വേണ്ട. പൂന്തോട്ടം ഉണ്ടാക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും ഈ തിരിനന സമ്പ്രദായം ഉപയോഗപ്പെടുത്താം. കുള്ളന്‍ പപ്പായ, ബോണ്‍സായി എന്നിവയെല്ലാം പ്ലാസ്റ്റിക് ചട്ടികളില്‍ വളര്‍ത്തുമ്പോളും ഇത് ഉപയോഗിക്കാം.”

കൊല്ലം കരുനാഗപ്പള്ളിക്കാരനായ സാബുവും ഗ്രോബാഗിലാണ് കൃഷി ചെയ്തിരുന്നത്. മുളക്, തക്കാളി, വെണ്ട, വഴുതന എന്നിവയെല്ലാം കൃഷി ചെയ്യുന്നുണ്ട്. “വേനല്‍ക്കാലത്ത് എത്ര തിരക്കായാലും ചെടികള്‍ക്ക് മറക്കാതെ വെള്ളം നല്‍കാന്‍ ഈ വാട്ടര്‍ സ്റ്റോറേജ് സമ്പ്രദായം സഹായിക്കുന്നു. ഇത് ഉപയോഗിക്കുന്നതിന് മുമ്പ് വെള്ളീച്ചകളെ തുരത്താന്‍ ജൈവകീടനാശിനികള്‍ ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ അതിന്‍റെ ആവശ്യം ഇല്ല. പ്രയോഗിക്കാനും വളരെ എളുപ്പമാണ്. ഉപയോഗിക്കേണ്ട വിധം വീഡിയോ അയച്ചു തന്നിരുന്നു. വളങ്ങളും ഈ വെള്ളത്തോടൊപ്പം കലക്കി ഒഴിച്ചാല്‍ ഒരുമാസത്തോളം ചെടികള്‍ക്ക് പോഷകങ്ങളും കിട്ടും.”

“ഈ തിരിനന ഉപയോഗിക്കുന്നതിന് മുമ്പാണെങ്കില്‍ എല്ലാ ദിവസവും ചെടികള്‍ക്ക് നനച്ചുകൊടുക്കണമായിരുന്നു. കൂടുതല്‍ വെള്ളം ചെലവാകുകയും ചെയ്തിരുന്നു,” കോഴിക്കോട് കൂടരഞ്ഞിയിലെ ജേക്കബ് പറയുന്നു. “നനച്ചുകൊടുക്കുമ്പോള്‍ വെള്ളം പുറത്തു പോകുമെന്ന് ഉറപ്പാണ്. ഈ വാട്ടര്‍ സ്റ്റേറേജ് സമ്പ്രദായത്തിലൂടെ നനയ്ക്കുമ്പോള്‍ വെള്ളം അല്‍പം പോലും പുറത്ത് പോകുന്നില്ല.”

വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ ബിജുവും ഉണ്ടാക്കുന്നുണ്ട്. ഒരു കുടുംബത്തിന് മൂന്ന് യൂണിറ്റ് മതിയെന്ന് ബിജു പറയുന്നു. “ഇതില്‍ 30 വാട്ടര്‍ സ്റ്റോറേജ് ഉണ്ടായിരിക്കും. വര്‍ഷം മുഴുവനും സമൃദ്ധമായി പച്ചക്കറികള്‍ കിട്ടാന്‍ ഇത് ധാരാളം.”

ഇനി മുതല്‍ അടുക്കള മാലിന്യങ്ങള്‍ വളമായി ഉപയോഗപ്പെടുത്താനുള്ള സംവിധാനവും കൂടി ഉള്‍പ്പെടുത്തി തിരിനന സമ്പ്രദായം പുതുക്കി ഡിസൈന്‍ ചെയ്യാനുള്ള ശ്രമത്തിലാണ് ബിജു ജലാല്‍. “മാലിന്യങ്ങള്‍ തനിയെ വളമായി മാറുന്ന രീതിയിലേക്ക് മാറ്റുകയാണ്.” മട്ടുപ്പാവ് കര്‍ഷകര്‍ക്കും അടുക്കളത്തോട്ടമുണ്ടാക്കുന്നവര്‍ക്കും പൂന്തോട്ടമുണ്ടാക്കുന്നവര്‍ക്കും ജോലി കൂടുതല്‍ എളുപ്പമാക്കാനുള്ള വഴി തേടിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം.

തിരിനന സംവിധാനം: വീഡിയോ കാണാം.


ഇതുകൂടി വായിക്കാം: പൊലീസുകാര്‍ കൃഷി തുടങ്ങി, നാട്ടില്‍ 11 ആഴ്ച പൂര്‍ണ്ണ സമാധാനം: തെളിവെടുപ്പ് മാത്രമല്ല വിളവെടുപ്പും വഴങ്ങുമെന്ന് തെളിയിച്ച കാക്കിക്കുള്ളിലെ കര്‍ഷകര്‍


ചിത്രങ്ങള്‍ക്ക് കടപ്പാട്: ബിജു ജലാല്‍/ ഫേസ്ബുക്ക്.   / ഫോണ്‍: 9847475673

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം