വെറും 4 സ്‌ക്വയര്‍ഫീറ്റില്‍ 30 പച്ചക്കറികള്‍! വെള്ളം നനയ്ക്കാന്‍ ആപ്പ്: മായയുടെ വീട്ടിനുള്ളിലെ വെര്‍ട്ടിഗ്രോവ്  കൃഷി

“ഞങ്ങളെ എല്ലാവരും ‘കന്നാസും കടലാസും’ എന്നാണ് വിളിക്കാറ്. കാരണം എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ തോളോട് തോള്‍ ചേര്‍ന്നുണ്ടാകും. ആ വിളി എനിക്കിഷ്ടമാണ്.”

ഴിഞ്ഞ കുറെ മാസങ്ങളായി കൊച്ചിക്കാരി മായ വര്‍ഗീസ് വീട്ടിലുണ്ടാകുന്ന ഭക്ഷ്യാവശിഷ്ടങ്ങള്‍ പുറത്ത് കളയാറില്ല. എല്ലാം പൂര്‍ണ്ണമായും വീട്ടിനകത്തുതന്നെ കംപോസ്റ്റാക്കും. ആ കംപോസ്റ്റ് കൊണ്ട് വീട്ടിനകത്തുതന്നെ–ഹാളിലും അടുക്കളയിലുമൊക്കെത്തന്നെ–ചീരയും വെണ്ടയും മല്ലിയും പുതിനയുമൊക്കെ കൃഷി ചെയ്യുകയും ചെയ്യുന്നു!

“ഒരു അമ്മ എന്ന നിലയില്‍ മാലിന്യം നമ്മുടെ വരും തലമുറക്ക് വിനയാകാതെ ആരോഗ്യകരമായ രീതിയില്‍ തന്നെ എങ്ങനെ ഗുണമുള്ളതാക്കി മാറ്റാം എന്ന ചിന്തയായിരുന്നു എനിക്കെപ്പോഴും. അങ്ങനെയാണ് ഞാന്‍ ‘വെര്‍ട്ടിഗ്രോവ്’ എന്ന ആശയത്തിലേക്ക് എത്തിച്ചേരുന്നത്. ഇപ്പോള്‍ കഴിഞ്ഞ എട്ടു മാസക്കാലമായി ഞാന്‍ ഭക്ഷ്യ മാല്യന്യങ്ങള്‍ പുറത്തു കൊടുക്കാറില്ല,” കൊച്ചിയിലെ പ്രമുഖ ഐ ടി കമ്പനിയിലെ മാനേജ്മന്‍റ് റെപ്രെസന്‍ററ്റീവ് ആയ മായ വര്‍ഗീസ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. ഭര്‍ത്താവ് വര്‍ഗീസ് ഡാനിയേല്‍ അതേ കമ്പനിയുടെ സി ഇ ഒ ആണ്.

സാങ്കേതിക വിദ്യ എങ്ങനെ കൃഷിയില്‍ ഉപയോഗിക്കാം എന്നതില്‍ കുറെക്കാലം ഗവേഷണം ചെയ്ത മായ ഇന്ന് ‘ഗ്രോ യുവര്‍ ഓണ്‍ ഫുഡ്’ എന്ന സ്റ്റാര്‍ട്ട് അപ്പിനായുള്ള അവസാന ഒരുക്കങ്ങളിലാണ്.

മായാ വര്‍ഗീസ്

“കൊച്ചിയിലാണ് ഞാന്‍ താമസിക്കുന്നത്. ഒരു സിറ്റി ലൈഫ് ആയതുകൊണ്ട് തന്നെ വീട്ടിലെ മാലിന്യങ്ങള്‍ യഥാക്രമം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചു എനിക്ക് എന്നും ആവലാതിയായിരുന്നു. പ്ലാസ്റ്റിക് വേസ്റ്റ് യഥാര്‍ത്ഥത്തില്‍ റീസൈക്കിളേഴ്‌സിന്‍റെ കൈയിലെത്തുന്നുണ്ടോ, എല്ലാവരും അതിന് ശ്രമിക്കുന്നുണ്ടോ എന്ന ചിന്ത എന്നെ ഒരുവശത്തു അലട്ടിക്കൊണ്ടിരുന്നു. മറുവശത്തു ഫുഡ് വേസ്റ്റ് പുറത്ത് കൊടുക്കാതെ നമുക്ക് അതുകൊണ്ട് വെര്‍മി കമ്പോസ്റ്റോ മറ്റോ ഉണ്ടാക്കിക്കൂടെ എന്ന ഒരു സ്പാര്‍ക് മനസ്സില്‍ വീണു,” മായ തുടരുന്നു.

നാല് വര്‍ഷം മുമ്പാണ് പ്ലാസ്റ്റിക് മാലിന്യവും മറ്റും സംസ്‌കരിക്കാന്‍ തനിക്കെന്തു ചെയ്യാന്‍ കഴിയുമെന്ന് അറിയാന്‍ മായ ഇറങ്ങിത്തിരിച്ചത്.

“ഞാന്‍ റോട്ടറി ക്ലബ് അംഗമാണ്. ഞങ്ങളുടെ ക്ലബ്ബിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞാനും എന്‍റെ സുഹൃത്ത് സിമി സെബാസ്റ്റിയനും പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെ കൂടുതല്‍ ഗൗരവമായി കണക്കാക്കി പ്രവര്‍ത്തനമാരംഭിച്ചു. ഞങ്ങളെ എല്ലാവരും ‘കന്നാസും കടലാസും’ എന്നാണ് വിളിക്കാറ്. കാരണം എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ തോളോട് തോള്‍ ചേര്‍ന്നുണ്ടാകും. ആ വിളി എനിക്കിഷ്ടമാണ്,” മായ ചിരിക്കുന്നു.

“അങ്ങനെ ഞങ്ങള്‍ കേരള പ്ലാസ്റ്റിക് റീസൈക്കിളേഴ്സ് അസോസിയേഷനും (KPRA) കേരള സ്‌ക്രാപ്പ് മര്‍ച്ചന്‍റ് അസോസിയേഷനും (KSMA) ചേര്‍ന്ന് പ്ലാസ്റ്റിക് ശേഖരിച്ചു റീസൈക്ലിങ് യൂണിറ്റിലേക്ക് എത്തിക്കാന്‍ ഉള്ള പരിശ്രമം ആരംഭിച്ചു. നമ്മുടെ സമൂഹത്തിന്‍റെ അടിവേര് തന്നെ വിദ്യാര്ഥികളാണല്ലോ. അതുകൊണ്ട് ഇത്തരമൊരു വോര്‍ക്‌ഷോപ് സ്‌കൂളുകളില്‍ നിന്നും തുടങ്ങണമെന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു,” മായ വിശദമാക്കുന്നു.

“കന്നാസും കടലാസും” പ്ലാസ്റ്റിക് പെറുക്കാന്‍ ഒരു സ്കൂളില്‍ ചെന്നപ്പോള്‍

അങ്ങനെ അവര്‍ (സിമിയും മായയും) ഏകദേശം 25 സ്‌കൂളുകള്‍ സന്ദര്‍ശിച്ച് കുട്ടികള്‍ക്ക് ബോധവത്കരണ ക്ലാസുകള്‍ നല്‍കി. എങ്ങനെ പ്ലാസ്റ്റിക് തരം തിരിക്കണം, എങ്ങനെ അവ കഴുകി വൃത്തിയാക്കണം, അവ എങ്ങനെയാണ് റീസൈക്കിളേഴ്‌സ്‌നു കൈ മാറേണ്ടത്, പ്ലാസ്റ്റിക് കൃത്യമായി സംസ്‌കരിക്കുന്നതിലൂടെ സമൂഹത്തിനുണ്ടാകുന്ന നന്മയെക്കുറിച്ചൊക്കെയാണ് ക്ലാസ് നല്കുക.

“കുട്ടികളോട് രണ്ടു ദിവസത്തിനുള്ളില്‍ പ്ലാസ്റ്റിക് കുപ്പികളും മറ്റും ശേഖരിച്ചു സ്‌കൂളിലെത്തിക്കാന്‍ നിര്‍ദ്ദേശിക്കും. യഥാര്‍ത്ഥത്തില്‍ ഓരോ സ്‌കൂളിലെയും കുഞ്ഞുങ്ങള്‍ ഞങ്ങളെ അത്ഭുതപ്പെടുത്തുകയായിരുന്നു. പ്ലാസ്റ്റിക് വൃത്തിയാക്കി കൊണ്ടുവരാന്‍ പറഞ്ഞതിന് അവര്‍ കഴുകിയുണക്കി സുഗന്ധം പുരട്ടിയൊക്കെയാണ് ഞങ്ങള്‍ക്ക് സമര്‍പ്പിക്കുക. ഈ കുഞ്ഞുങ്ങളുടെ ആവേശം ഇത്ര ഉണ്ടെങ്കില്‍ നമ്മള്‍ മുതിര്‍ന്നവര്‍ എന്ത് കൊണ്ട് ഇതിനായി ഇറങ്ങിക്കൂടാ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.”

കുട്ടികളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് റീസൈക്കിളേഴ്സ് സ്‌കൂളിലെത്തി സ്വീകരിക്കും. സ്‌കൂളിന് ഇതിനുള്ള വില നല്‍കാനും അവര്‍ മറക്കില്ല എന്ന് മായ. കേരളത്തില്‍ എണ്‍പതോളം രേജിസ്‌റ്റേഡ് റീസൈക്ലിങ് പ്ലാന്‍റുകളുണ്ട് എന്ന് മായ പറയുന്നു.

“രണ്ടു വ്യക്തികളെക്കുറിച്ചു പറയാതെ വയ്യ. കേരള സ്‌ക്രാപ്പ് മെര്‍ച്ചന്‍റ്സ് അസോസിയേഷന്‍റെ (KSMA) സെക്രെട്ടറി ആയ അബു സാറും മറ്റൊരു ചെറുപ്പക്കാരനായ സിയാദും. സിയാദ് പ്ലാസ്റ്റിക് റീസൈക്ലിങ് ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്‍ (PRIA)പ്രസിഡന്‍റ് ആണ്. ഞങ്ങള്‍ അറിയിക്കുന്നതിനനുസരിച്ചു അബു സാറിനെയും സിയാദിനെയും പോലുള്ളവര്‍ വണ്ടിയുമായി എത്തി അതിന്റെ വില സ്‌കൂളിന് നല്‍കി എടുത്ത് കൊണ്ടുപോകും,” മായ ഒപ്പം സഹകരിക്കുന്ന എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു.

കന്നാസും കടലാസും അഥവാ മായാ വര്‍ഗീസും (വലത്) സിമി സെബാസ്റ്റ്യനും

മായയും സിമിയും പ്ലാസ്റ്റിക് പൂരം എന്ന പേരില്‍ ഒരു ക്യാമ്പയിന്‍ നടത്തിയിരുന്നു. പ്ലാസ്റ്റിക് ശേഖരിച്ചു വലിയൊരു കൂനയാക്കി റീസൈക്കിളേഴ്‌സ്‌നു കൈമാറുന്ന ഈ ക്യാമ്പയിന്‍ ഒരു ആഘോഷമെന്ന രീതിയിലാണ് നടത്തുന്നത്.

“വിവിധയിടങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക് ഒരു സ്ഥലത്തു തന്നെ ശേഖരിച്ചു റീസൈക്കിളേഴ്‌സ്‌നു കൈമാറും. എല്ലാം കൂടി കൂട്ടിയിടുമ്പോള്‍ ഒരു വലിയ കൂന തന്നെയുണ്ടാകും. ഒരു പ്ലാസ്റ്റിക് പൂരം. ഇങ്ങനെ ഒരു സ്വകാര്യ കോളേജില്‍ നിന്നും 575 കിലോ പ്ലാസ്റ്റിക് കയറ്റിയയച്ചു. അവര്‍ക്ക് ഏഴായിരം രൂപ ആ വേസ്റ്റ് വിറ്റത് കൊണ്ട് മാത്രം വരവായി ലഭിച്ചു. പ്ലാസ്റ്റിക് പൂരം കുട്ടികള്‍ക്കൊക്കെ ഒരു ആഘോഷമാണ്. അവരുടെ ആവേശം ഒന്ന് കാണേണ്ടതാണ്,” മായ കൂടുതല്‍ പ്രസന്നയായി.


ഇതുകൂടി വായിക്കാം: 90-ാം വയസ്സില്‍ സംരംഭകയായ മുത്തശ്ശി


ഈ കന്നാസും കടലാസും ചേര്‍ന്ന് പലയിടങ്ങളില്‍ നിന്നായി ഏകദേശം 7.8 ടണ്‍ പ്ലാസ്റ്റിക് കുപ്പികള്‍ റീസൈക്ലിങ്ങിനായി കയറ്റി അയച്ചിട്ടുണ്ട്.

വീട്ടിലുണ്ടാകുന്ന ഭക്ഷണമാലിന്യം എങ്ങനെ കൈകാര്യം ചെയ്യാം എന്നതായിരുന്നു മായയുടെ അടുത്ത ചിന്ത. ആദ്യം മണ്ണിര കംപോസ്റ്റ് പരീക്ഷിച്ചു. ഓറഞ്ചിന്‍റെ തൊലിയും പഴത്തൊലിയും പച്ചക്കറിമാലിന്യും എല്ലാം ചെറിയ കഷണങ്ങളാക്കി മണ്ണിരയെ ഇട്ട് മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കാനായിരുന്നു ശ്രമം. അത് വേണ്ടത്ര വിജയിച്ചില്ല.

മറ്റൊരു വഴി തേടിയുള്ള അന്വേഷണം ചെന്നെത്തിയത് അറക്കപ്പൊടിയിലായിരുന്നു.

“ഇതിനായി വലിയ മൂടിയുള്ള പ്ലാസ്റ്റിക് പാത്രം വേണം. പാത്രത്തിന്‍റെ അടിയിലും മൂടിയിലും ചെറിയ ദ്വാരമുണ്ടാക്കിയിരിക്കണം. അതില്‍ അറക്കപ്പൊടി ഇടുക, അതിലേക്ക് ചെറുതായി മുറിച്ചു വച്ചിട്ടുള്ള ഭക്ഷ്യമാലിന്യം ഇട്ടുകൊടുത്തു ഇളക്കി മൂടിവെക്കാം. പ്ലാസ്റ്റിക് ഇടരുത്. മാലിന്യം ഇടുന്നതിനു മുമ്പ് അതിലേക്ക് ചാണകവെള്ളം തളിച്ച് കൊടുക്കണം. ചാണകവെള്ളം ഒരു കുപ്പിയില്‍ എടുത്തു സ്‌പ്രേ ചെയുന്നതാകും എളുപ്പം. അങ്ങനെ ആ പ്ലാസ്റ്റിക് പാത്രം നിറയുന്നത് വരെ ഈ രീതി തുടരാം. ഓരോ തവണയും മാലിന്യം ചേര്‍ക്കുമ്പോള്‍ അറക്കപ്പൊടിയുമായി ഇളക്കി യോജിപ്പിക്കണം. നിറഞ്ഞു കഴിഞ്ഞാല്‍ ഒരു 60 മുതല്‍ 120 ദിവസം വരെ അടച്ചു സൂക്ഷിച്ചാല്‍ ഇത് നല്ല കമ്പോസ്റ്റ് ആയി മാറും. ഒരു ദുര്‍ഗന്ധവും ഉണ്ടാകില്ല.

“ആദ്യ നാളുകളില്‍ ഭക്ഷ്യമാലിന്യം എങ്ങനെയെങ്കിലും നിര്‍മാര്‍ജനം ചെയ്യണമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ പിന്നീട് കമ്പോസ്റ്റ് അധികമാകാന്‍ തുടങ്ങി. വെറുതെ കമ്പോസ്റ്റ് ഉണ്ടാക്കിക്കൂട്ടിയാല്‍ പോരല്ലോ എന്ന് ചിന്തിച്ചപ്പോള്‍ എന്തെങ്കിലും കൃഷി ചെയ്യാമെന്ന് കരുതി. പക്ഷെ നഗര ജീവിതത്തില്‍ കൃഷി നല്ല രീതിയില്‍ ചെയ്യാനുള്ള സ്ഥലമോ ജോലിത്തിരക്കിനിടയില്‍ സമയമോ ഉണ്ടായിരുന്നില്ല. ആ സാഹചര്യത്തിലാണ് ‘വെര്‍ട്ടിഗ്രോവ്’ എന്ന ആശയത്തിലേക്കെത്തുന്നത്.”
അങ്ങനെ മായ വെര്‍ട്ടിഗ്രോവ് രീതിയില്‍ സ്വീകരണ മുറിയില്‍ തന്നെ കൃഷി സ്ഥലം ഒരുക്കി!

മായാ വര്‍ഗ്ഗീസിന്‍റെ വെര്‍ട്ടിഗ്രോവ് തോട്ടം

“ഈ രീതിയില്‍ നമ്മുടെ സ്വീകരണ മുറിയിലോ അടുക്കളയിലോ വരാന്തയിലോ എവിടേയുമാകട്ടെ മികച്ച രീതിയില്‍ തന്നെ കൃഷി ചെയ്യാം. വിഷരഹിത പച്ചക്കറികള്‍ നിങ്ങളുടെ സ്വീകരണ മുറിയില്‍ വിളയട്ടെ. ഭക്ഷ്യമാലിന്യങ്ങളില്‍ നിന്നും തയ്യാറാക്കുന്ന കമ്പോസ്റ്റ് തന്നെ ധാരാളം മതി അവക്ക്. അപ്പോള്‍ മാലിന്യസംസ്‌കരണവും വിഷരഹിത പച്ചക്കറി ഉല്പാദനവും ഒരുപോലെ നടക്കുന്നു,” മായ വിശദീകരിച്ചു.

മായ തുടര്‍ന്നു. “ഒരാള്‍ നാല്‍പതു ഗ്രാം ഇലവര്‍ഗങ്ങളെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം എന്നാണ് കണക്ക്. എന്നാല്‍ നമ്മില്‍ അധികം പേരും എട്ടു ഗ്രാം പോലും ഇലക്കറികള്‍ കഴിക്കുന്നില്ല എന്നാണ് പഠനം പറയുന്നത്.”

അതുകൊണ്ട് വിഷരഹിതമായ ഇല വര്‍ഗ്ഗങ്ങള്‍ ഉത്പാദിപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യവും.

“പാലക് ചീര, ചുവന്ന നാടന്‍ ചീര, വെള്ള ചീര, കറി വേപ്പില, വെണ്ടയ്ക്ക, പച്ചമുളകിന്‍റെ പലയിനങ്ങള്‍ ഒക്കെയാണ് ഞാന്‍ വെര്‍ട്ടിഗ്രോവ് കൃഷിക്കായി പരീക്ഷിച്ചു നോക്കിയത്. അവയെല്ലാം നല്ല ഫലവും തന്നു. അതെനിക്ക് ഇതിലേക്ക് ആഴത്തില്‍ ഇറങ്ങി ചെല്ലാനുള്ള പ്രചോദനമായിരുന്നു. തക്കാളിയും മറ്റും ചെയ്തു നോക്കിയെങ്കിലും നമ്മള്‍ വിചാരിക്കുന്ന വിളവ് കിട്ടില്ല. ഇല വര്‍ഗ്ഗങ്ങളും പച്ചമുളകിനങ്ങളും വെണ്ടക്കയും ആവോളം കൃഷി ചെയ്യാം. പൊതിനയും മല്ലിയിലയും ഒക്കെ ഇതിലൂടെ നമുക്കുണ്ടാകാം,” മായ ആവേശത്തോടെ പറഞ്ഞു.

കൊച്ചിയിലെ കാലാവസ്ഥക്ക് അനുയോജ്യമാകും വിധവും ജോലിത്തിരക്കിനിടയില്‍ പരിപാലിക്കാന്‍ കഴിയുന്ന രീതിയിലും കൃഷിയെ നൂതനമാക്കിയിരിക്കുകയാണ് മായ ഇപ്പോള്‍.

“ഈ രീതിയുടെ പ്രത്യേകത എന്തെന്നാല്‍ വെര്‍ട്ടിക്കല്‍ ആയി ഘടിപ്പിച്ചിട്ടുള്ള തൈകള്‍ അടങ്ങിയ ചട്ടികള്‍ നമുക്ക് ആവശ്യാനുസരണം വരാന്തയിലോ മറ്റോ വക്കാം. എവിടുന്ന് വീണെങ്കിലും എങ്ങോട്ട് വേണെങ്കിലും എളുപ്പത്തില്‍ മാറ്റാം. സൂര്യപ്രകാശം ലഭിക്കാന്‍ പുറത്തു കൊണ്ട് പോയി വെക്കാം. സ്വീകരണ മുറിയിലോ കിടപ്പ് മുറിയിലോ അടുക്കളയിലോ വെക്കാം. നമ്മള്‍ ഉണ്ടാക്കുന്ന കമ്പോസ്റ്റ് ഇതിനു വളമായി നല്‍കുകയും ചെയ്യാം,” മായ തുടര്‍ന്നു.

ഡിജിറ്റല്‍ സാങ്കേതികവിദ്യ ഇതിനോടൊപ്പം ചേരുന്നതോടെ മായയുടെ പരീക്ഷണം മറ്റൊരു ലെവലിലേക്ക് മാറി.

കുറഞ്ഞ സ്ഥലത്ത് 30 ഇനം പച്ചക്കറികളെങ്കിലും വളര്‍ത്താം

“വെര്‍ട്ടിഗ്രോവ് ഒരു ആപ്പുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മുപ്പത് ചട്ടികളുള്ള ഒരു സെറ്റില്‍ ഒരു ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടാകും. ആ ചിപ്പ് വഴി മൊബൈലില്‍ പ്രവര്‍ത്തിക്കുന്ന വെര്‍ട്ടിഗ്രോവ് ആപ്പുമായി സംയോജിപ്പിച്ചാണ് കൃഷി. പ്ലേയ് സ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്ന ഈ ആപ്പ് വഴി പ്രദേശത്തെ തത്സമയ കാലാവസ്ഥയും മണ്ണിലെ ഈര്‍പ്പവും മറ്റും അളക്കും. അത് ആപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈലിലേക്ക് നോട്ടിഫിക്കേഷന്‍ ആയി എത്തും”

“മാത്രമല്ല വെട്രിഗ്രോവ് സെറ്റ് പുറത്തു വച്ചിരിക്കുകയാണെങ്കില്‍ വലിയ മഴയോ കനത്ത വെയിലോ വരുന്നത് നിരീക്ഷിച്ചു അതും അറിയിപ്പായി മൊബൈലില്‍ എത്തും. അതിനനുസരിച്ചു പുറത്തിരിക്കുന്ന ചെടികളെ നമുക്ക് അകത്തേക്ക് വെക്കാം. നമ്മള്‍ സ്ഥലത്തില്ലെങ്കിലും ഏഴു ദിവസം വരെ ജലസേചനം ചിപ്പ് പ്രവര്‍ത്തിക്കുന്നത് വഴി നടക്കും,” ആ അറിവ് എനിക്ക് പുതുമയായിരുന്നു. നമ്മള്‍ സ്ഥലത്തില്ലാത്തപ്പോള്‍ ചെടികള്‍ക്ക് വേണ്ട വെള്ളം എങ്ങനെയാണു കിട്ടുക, ഞാന്‍ ചോദിച്ചു.

മായ ചിരിച്ചുകൊണ്ട് തുടര്‍ന്നു. “മനുഷ്യരെ നിയന്ത്രിക്കുന്ന റോബര്‍ട്ട് ഉള്ള ഈ കാലത്തു ചെടികള്‍ക്ക് വേണ്ട പരിപാലനവും നന്നായി നടക്കണ്ടേ. നമ്മള്‍ ഒരു യാത്ര പോയാല്‍ തിരിച്ചു വരുമ്പോള്‍ ചെടികള്‍ വാടി കരിഞ്ഞിരിക്കില്ലേ, അത്യാവശ്യ യാത്രകള്‍ പോകാതിരിക്കാനും ആകില്ലലോ. അതിനാല്‍ വെര്‍ട്ടിഗ്രോവ് ഒരു ഓട്ടോമേറ്റഡ് റീചാര്‍ജ് ബാറ്ററി കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്.

“ഏഴു ദിവസം വരെ അത് പ്രവര്‍ത്തിക്കും. ചാര്‍ജ് തീര്‍ന്നാല്‍ ഫോണ്‍ ബാറ്ററി റീചാര്‍ജ് ചെയുന്നത് പോലെ റീചാര്‍ജ് ചെയ്യണം. ചട്ടികളുടെ മുകളിലായി ഒരു വലിയ ചട്ടി സ്ഥാപിച്ചിട്ടുണ്ട്. അതില്‍ വെള്ളം നിറച്ചിരിക്കണം. പിന്നീട് കാലാവസ്ഥക്ക് അനുസരിച്ചു ജലസേചനം ബാറ്ററി വഴി നടന്നോളും.

“വെള്ളം നിറക്കുന്ന ചട്ടിയില്‍ വെള്ളം തീരാറാകുമ്പോഴും മൊബൈലിലേക്ക് അറിയിപ്പ് കിട്ടും. അപ്പോള്‍ വെള്ളം ഒഴിച്ച് കൊടുക്കണം. ഓഫീസില്‍ പോകാന്‍ ഇറങ്ങുമ്പോഴാണ് ചെടി നനച്ചിലാലോ എന്ന ഓര്‍മ്മ വരുന്നതെങ്കില്‍ പേടിക്കേണ്ട, തല്‍ക്കാലം ബാറ്ററി മാനേജ് ചെയ്‌തോളും, മേല്‍ച്ചട്ടിയില്‍ വെള്ളം ഉണ്ടായിരിക്കണം കേട്ടോ,” മായ ചിരിക്കുന്നു.

വെര്‍ട്ടിക്കല്‍ രീതിയായതുകൊണ്ട് സ്ഥലവും കുറച്ചുമതി. മുപ്പത് ചെടികള്‍ വളര്‍ത്താന്‍ വെറും നാല് സക്വയര്‍ഫീറ്റ് തന്നെ ധാരാളം.

“മേല്‍ച്ചട്ടിയില്‍ വെള്ളം കഴിഞ്ഞാല്‍ ബാറ്ററി ഡിസ്‌കണക്ട് ആകാനുള്ള സംവിധാനവും ഉണ്ട്. …നമുക്കെവിടെ ഇരുന്നും ഇതൊക്കെ അറിയാന്‍ സാധിക്കുന്നതാണ്,” അവര്‍ വിശദമാക്കുന്നു

ഈ രീതിയില്‍ ഒരു വെര്‍ട്ടിഗ്രോവ് സ്വന്തമാക്കാന്‍ എത്ര ചിലവ് വരും എന്നായിരുന്നു അടുത്ത ചോദ്യം.

“ഒരു സെറ്റില്‍ മുപ്പത് ചട്ടികളുണ്ടാകും. ഇതെല്ലാം ചിപ്പ് ഘടിപ്പിച്ചു ആപ്പുമായി ബന്ധിപ്പിച്ചു പ്രവര്‍ത്തിപ്പിക്കുന്ന രീതിയിലാണ് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. അതിനു 9,250 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. പലയിടങ്ങളിലെ നഴ്‌സറിയുമായി സംസാരിച്ചു ഡീല്‍ ഉറപ്പിക്കാനാണ് വിചാരിക്കുന്നത്. അത് വഴി വിവിധ ഇടങ്ങളിലായി നമുക്കിത് വിതരണം ചെയ്യാം,” മായ പുഞ്ചിരിച്ചു.

വെര്‍ടിഗ്രോവിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ അവരുടെ വെബ്സൈറ്റ്  സന്ദര്‍ശിക്കാം. 


ഇതുകൂടി വായിക്കാം: പഴയ പത്രക്കടലാസുകള്‍ കൊണ്ട് മണ്ണില്ലാകൃഷി, ഒപ്പം തിരിനനയും: മട്ടുപ്പാവ് കൃഷിയുടെ ഭാരം കുറയ്ക്കാനും വിളവ് കൂട്ടാനും ഷിബുകുമാറിന്‍റെ പരീക്ഷണം


 

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം