ആരും തിരിഞ്ഞു നോക്കാതിരുന്ന ഈ സ്കൂളില്‍ ഇപ്പോള്‍ രാത്രി പത്തിനും ആളും വെട്ടവും കാണും; അധ്യാപകരും നാട്ടുകാരും കുട്ടികളും ചേര്‍ന്ന് ഒരു സ്കൂളിനെ വിജയിപ്പിച്ചെടുത്തതിങ്ങനെ

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിദ്യാര്‍ഥികളില്ലാതെ പരുങ്ങലിലായ സ്കൂളായിരുന്നു ഈ സിഎംഎസ് എല്‍പി സ്കൂള്‍. 16വര്‍ഷം മുന്‍പ് 197 കുട്ടികള്‍ മാത്രമായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം 650 കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.

“പത്തുകോഴി കുഞ്ഞുങ്ങളെ മുത്തിയമ്മ പോറ്റി…
പത്തിലൊരു കുഞ്ഞിനെയാ നത്തു വന്നു റാഞ്ചി…”

ക്ലാസുമുറിക്കുള്ളില്‍ നിന്നു ഉച്ചത്തില്‍ ജെസി ടീച്ചര്‍ പാടുമ്പോള്‍ കുട്ടികളും ഒപ്പം കൂടി. ജെസി ടീച്ചറെ എല്ലാവര്‍ക്കും അറിയാം. പാട്ടിലൂടെ കണക്ക് പഠിപ്പിക്കുന്ന ജെസി ടീച്ചറുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നല്ലോ.

ജെസി ടീച്ചറുടെ ചേച്ചിയൊരാളുണ്ട്. ജോളി ടീച്ചര്‍… മുഹമ്മക്കാരായ ജോളി ടീച്ചറും ജെസി ടീച്ചറും പഠിപ്പിക്കുന്നതും ഒരേ സ്കൂളില്‍ തന്നെയാണ്. ഇവര്‍ കളിച്ചു വളര്‍ന്ന, കണ്ടറിഞ്ഞ മുഹമ്മ എന്നു കൊച്ചുഗ്രാമത്തിലെ സി എം എസ് എല്‍ പി സ്കൂളിലെ പ്രധാനാധ്യാപികയാണ് ജോളി ടീച്ചര്‍.

പാട്ടിലൂടെയും കഥയിലൂടെയും കുട്ടികള്‍ക്ക് അക്ഷരങ്ങള്‍ മാത്രമല്ല ഇവര്‍ പറഞ്ഞു കൊടുക്കുന്നത്. കൃഷിയുടെ നല്ല പാഠങ്ങളും പകര്‍ന്നു നല്‍കുന്നുണ്ട് ജോളി ടീച്ചറും കൂട്ടരും.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങളിലേക്ക് മാറേണ്ട സമയമായി. സന്ദര്‍ശിക്കൂ: Karnival.com

സംസ്ഥാന സര്‍ക്കാരിന്‍റെ കാര്‍ഷിക പുരസ്കാരങ്ങള്‍ അടക്കം 50-ലേറെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. സ്കൂളിന്‍റെ ഓഫീസിലെ അലമാരകള്‍ നിറയെ ജോളി ടീച്ചറും കുട്ടികളും അധ്യാപകരും രക്ഷിതാക്കളുമൊക്കെ കൂടി സ്വന്തമാക്കിയ അംഗീകാരങ്ങളാണ്.

വിളവെടുത്ത പച്ചക്കറികളുമായി സി എം എസിലെ വിദ്യാര്‍ഥികള്‍

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിദ്യാര്‍ഥികളില്ലാതെ അടച്ചു പൂട്ടല്‍ നേരിട്ട സ്കൂളായിരുന്നു ഈ സിഎംഎസ് എല്‍പി സ്കൂള്‍. 16 വര്‍ഷം മുന്‍പ് 197 കുട്ടികള്‍ മാത്രമായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം 650 കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.

കഴിഞ്ഞ 16 വര്‍ഷമായി ജോളി ടീച്ചറാണ് സ്കൂളിന്‍റെ പ്രധാനാധ്യാപിക. മികവിന്‍റെ അംഗീകാരങ്ങള്‍ സ്വന്തമാക്കി മുന്നേറുന്ന സ്കൂളിനെ മാറ്റിയെടുത്തതിന്‍റെ വലിയൊരു ക്രെഡിറ്റ് ജോളി ടീച്ചര്‍ക്ക് തന്നെയാണ്.

ജോളി ടീച്ചര്‍ തനിച്ചായിരുന്നില്ല. സ്കൂളിലെ കുഞ്ഞുങ്ങളും ശുഭകേശനെയും സെബാസ്റ്റ്യനെയും പോലുള്ള രക്ഷിതാക്കളും പിന്നെ ജെസി ടീച്ചര്‍, റാഫി മാഷ്, അനീറ്റ ടീച്ചര്‍ ഷേര്‍ളി ടീച്ചര്‍ തുടങ്ങി കുറേ നല്ല അധ്യാപകരും…

കൃഷി കുട്ടികള്‍ക്കും വലിയ ആവേശമാണ്: സ്കൂളിലെ തോട്ടത്തില്‍ നിന്ന്.

“ഞാനിവിടെ പ്രധാനാധ്യാപികയായി ചുമതലയേല്‍ക്കുമ്പോള്‍ കുട്ടികള്‍ കുറവായിരുന്നല്ലോ. ആ കുറവില്‍ നിന്നാണ് ഞങ്ങളെല്ലാവരും ഈ വലിയ നേട്ടങ്ങളിലേക്ക് എത്തിയത്.

“കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും സഹ അധ്യാപകരുടെയുമൊക്കെ പിന്തുണയോടെയാണ് സ്കൂളിനെ മാറ്റിയെടുക്കാന്‍ സാധിച്ചത്. ഇതൊരു കൂട്ടായ്മയുടെ വിജയമാണ്.”  അടച്ചു പൂട്ടല്‍ ഭീഷണി നേരിട്ട സ്കൂളിനെ മികച്ച വിദ്യാലയമാക്കി മാറ്റിയെടുത്തതിന് പിന്നിലെ കഥകളും കഷ്ടപ്പാടുകളുമൊക്കെ ജോളി ടീച്ചര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പങ്കുവയ്ക്കുന്നു.

ജോളി ടീച്ചറും സംഘവും വിളവെടുപ്പിനിടെ

“കുട്ടികളുടെ എണ്ണം കൂട്ടാന്‍ ക്യാന്‍വാസിങ്ങോ പുറത്തുള്ളവരെ പോയി കണ്ട് സ്കൂളില്‍ കുട്ടികളെ ചേര്‍ക്കണമെന്നു നിര്‍ബന്ധിക്കുകയോ ഒന്നും ചെയ്തിട്ടില്ല. പക്ഷേ സ്കൂളില്‍ നടക്കുന്ന ഓരോ കാര്യവും ജനങ്ങളിലേക്കെത്തിക്കുമായിരുന്നു.


ഇവിടെ ഇങ്ങനെയൊരു സ്കൂളുണ്ട്.., ഇവിടെ കുറേ നല്ല കാര്യങ്ങള്‍ നടക്കുന്നുണ്ട് എന്നൊക്കെ എല്ലാരേം അറിയിക്കും.


“നമ്മുടെ സ്കൂളിനെക്കാള്‍ നന്നായി പ്രവര്‍ത്തിക്കുന്ന ഒരുപാട് സ്കൂളുകള്‍ ഉണ്ട്. പക്ഷേ പുറത്തറിയുന്നില്ലെന്നു മാത്രം. പണ്ട് സ്കൂളിന്‍റെ അയല്‍പ്പക്കത്തുള്ളവര്‍ മാത്രമാണ് ഇവിടേക്ക് പഠിക്കാന്‍ വന്നിരുന്നതെങ്കില്‍ ഇപ്പോ പത്തു കിലോമീറ്റര്‍ അകലത്തിലുള്ള സ്ഥലത്തു നിന്നും കുട്ടികള്‍ ഇവിടെ പഠിക്കാന്‍ വരുന്നുണ്ട്,” ടീച്ചര്‍ പറഞ്ഞു.

നെല്‍പ്പാടത്തിന് മുകളിലെ മുളപ്പാലം

“ഇവിടേക്ക് വന്നാല്‍ ഞങ്ങള്‍ അധ്യാപകരുടെ സ്നേഹത്തണലില്‍ നിന്നു പറന്നു പോകാന്‍ കുഞ്ഞുങ്ങളെ അനുവദിക്കില്ല, ഇവിടെ വരേണ്ടെന്നു കുട്ടികളൊരിക്കലും പറയില്ല. അത്രയേറെ സ്നേഹവും കരുതലുമൊക്കെ കൊടുത്താണ് കുഞ്ഞങ്ങളെ ഞങ്ങള്‍ അധ്യാപകര്‍ ചേര്‍ത്തു നിറുത്തുന്നത്,” ജോളി ടീച്ചര്‍ തുടര്‍ന്നു.

എന്തിനും ഏതിനും സഹായവുമായി രക്ഷിതാക്കളും സ്കൂളിനൊപ്പം ഉണ്ട്. എയ്ഡഡ് സ്കൂളായതുകൊണ്ട് സര്‍ക്കാര്‍ സഹായത്തിന് പരിമിതിയുണ്ട്. ആ കുറവ് നികത്തുന്നത് രക്ഷിതാക്കളും നാട്ടുകാരുമാണ്.

“അതുപോലെ പണം വാങ്ങിച്ചല്ല സ്കൂളിലെ നിയമനങ്ങള്‍. അതുകൊണ്ട് വലിയ സാമ്പത്തിക ഭദ്രതയുള്ള മാനെജ്മെന്‍റ് അല്ല. അങ്ങനെയൊന്നും നിയമനം നടത്തരുതെന്നതാണ് മാനെജ്മെന്‍റ് നയം.

“ഇങ്ങനെയുള്ള ഈ സ്കൂളിന് വേണ്ടി എല്ലാത്തരത്തിലുള്ള പിന്തുണയും നല്‍കുന്നവരാണ് രക്ഷിതാക്കള്‍. കുഞ്ഞുങ്ങള്‍ക്ക് വേണ്ടുന്നതൊക്കെയും നമ്മള്‍ കൊടുക്കുമ്പോള്‍ അവര് തിരിച്ച് നല്‍കുന്നു അത്രേയുള്ളൂ,” ജോളി ടീച്ചര്‍ വിനയപൂര്‍വ്വം പറഞ്ഞു.

പച്ചമുളക് വിളവെടുപ്പിന് ശേഷം

സ്കൂളിനെക്കുറിച്ച് അറിഞ്ഞും കേട്ടും നാട്ടുകാരൊക്കെ മക്കളെ സി എം എസ് സ്കൂളില്‍ ചേര്‍ക്കാന്‍ തുടങ്ങി.

സ്കൂള്‍ മുറ്റത്ത് 50 സെന്‍റില്‍ കുട്ടികളും അധ്യാപകരും രക്ഷിതാക്കളുമൊക്കെ ചേര്‍ന്നു ചെയ്യുന്ന കൃഷി. 32 ഇനം പച്ചക്കറി, രക്തശാലി നെല്ല്, ഗോതമ്പ്, ചോളം ഇതൊക്കെ ഈ എല്‍ പി സ്കൂളിന്‍റെ മുറ്റത്തുണ്ട്.

കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച തുറന്ന പരീക്ഷ, ‘അമ്മയോടൊപ്പം’  പോലുള്ള കുറേയേറെ പദ്ധതികളുണ്ട്.

കൃഷിയെക്കുറിച്ച് പഠിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍സ്കൂളില്‍ കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലം മാറ്റിവെച്ച് അതൊഴികെ മുഴുവന്‍ സ്ഥലത്തും ഓരോ കൃഷികളാണ്. സ്കൂളിലെ 650 കുട്ടികളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. 25 പേരടങ്ങുന്ന രക്ഷകര്‍ത്താക്കളുടെ രണ്ടു ടീമുകളുണ്ട്. ഓരോ ടീമും കുട്ടികളുടെ ഗ്രൂപ്പിനൊപ്പം ചേര്‍ന്നാണ് കൃഷി.

പാവല്‍, പടവലം, ക്യാബേജ്, ക്വാളിഫ്ലവര്‍, ക്യാരറ്റ്, വെളുത്തുള്ളി, ചീരകള്‍, വെണ്ട തുടങ്ങി ഒട്ടുമിക്ക പച്ചക്കറിയും സ്കൂള്‍ മുറ്റത്തെ കൃഷിത്തോട്ടത്തിലുണ്ട്. നാലു വര്‍ഷം മുന്‍പാണ് പച്ചക്കറി കൃഷി തുടങ്ങിയത്.

“പക്ഷേ നെല്‍കൃഷി ആരംഭിച്ചിട്ടിപ്പോള്‍ ഒരു വര്‍ഷമാകുന്നതേയുള്ളൂ. കുറച്ചു പൂച്ചെടികളുടെ കൃഷിയുമുണ്ട്. ഓറഞ്ചും മഞ്ഞയും ജമന്തിയാണ് നട്ടിരിക്കുന്നത്. ജമന്തി ചെടികള്‍ കീടനാശിനി കൂടിയാണല്ലോ.

“നെല്ല് ആദ്യമായാണ് ചെയ്യുന്നത്. ഒരു പരീക്ഷണമാണിത്. വിതച്ചിട്ടേയുള്ളൂ. കൊയ്യാറായിട്ടില്ല. ഒരു ദിവസമെങ്കിലും കുട്ടികള്‍ക്ക് അവര്‍ കൃഷി ചെയ്തുണ്ടാക്കിയ നെല്ലു കുത്തിയെടുത്ത അരി കൊണ്ടു കഞ്ഞി വച്ചു നല്‍കണമെന്നാണ് ആഗ്രഹം,” ജോളി ടീച്ചര്‍ പറഞ്ഞു.

അധ്യാപകര്‍ക്കൊപ്പം കുട്ടികളും കൃഷിപ്പണിയില്‍

“നെല്ലും ഗോതമ്പും ചോളവുമൊക്കെ കണ്ടാല്‍ കുഞ്ഞുങ്ങള്‍ക്ക് മനസിലാകണം. അതിന് വേണ്ടിയാണിതൊക്കെ നട്ടിരിക്കുന്നത്. അതുകൊണ്ട് അതൊക്കെ വളരെ കുറച്ചുമാത്രമേയുള്ളൂ.


പച്ചക്കറി തോട്ടത്തില്‍ നിന്നു നല്ല വിളവ് കിട്ടാറുണ്ട്. ഏതാനും ദിവസം മുന്‍പാണ് പടവലം വിളവ് എടുത്തത്. 100 കിലോ പടവലം കിട്ടി. ഇനിയും കുറേ കായ്ച്ചു കിടക്കുന്നുണ്ട്.


“ഈ സ്കൂള്‍ മുറ്റത്തുണ്ടാകുന്ന പച്ചക്കറിയും പൂക്കളും എല്ലാം കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ഉച്ചക്കഞ്ഞിയ്ക്കുള്ള കറിയ്ക്ക് വേണ്ട പച്ചക്കറിയൊക്കെ ഈ തോട്ടങ്ങളില്‍ നിന്നു കിട്ടുന്നുണ്ട്.

“വിളവ് കുറേ കിട്ടാറുണ്ടല്ലോ… കുഞ്ഞുങ്ങളുടെ ആവശ്യത്തിന് ശേഷവും കുറേ ബാക്കി വരാറുണ്ട്. അതൊക്കെ വില്‍ക്കുകയാണ് പതിവ്. സ്കൂളിലെ കുട്ടികളുടെ വീടുകളിലേക്കാണ് വില്‍പ്പന കൂടുതലും.

“നാട്ടുകാരും പച്ചക്കറി വാങ്ങാന്‍ വരാറുണ്ട്. ജൈവപച്ചക്കറികള്‍ പൊതുവിപണിയില്‍ നല്ല വിലയുള്ള കാലമാണ്. കുട്ടികളുടെ വീടുകളിലേക്ക് വില കുറച്ചാണ് വില്‍ക്കുന്നത്. പക്ഷേ പൊതുജനങ്ങളുടെ കൈയില്‍ നിന്നു പൊതുവിപണിയെക്കാള്‍ അഞ്ചോ പത്തോ രൂപ കൂടുതലും ഈടാക്കാറുണ്ട്.

“സ്കൂളിലെ ഉച്ചഭക്ഷണത്തിന് വേണ്ടതെല്ലാം എടുത്തശേഷം മാത്രമേ വില്‍പ്പനയുള്ളൂവെന്നു മാത്രം. ചീരയും പയറും പടവലവുമാണിപ്പോള്‍ വില്‍ക്കാനുള്ള അത്രയും കിട്ടിയിരിക്കുന്നത്,” ടീച്ചര്‍ വ്യക്തമാക്കുന്നു.

കുട്ടികളെ കൃഷി പഠിപ്പിച്ചു കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളില്‍ കൃഷി തുടങ്ങിയത്. പാഠഭാഗവുമായി ബന്ധപ്പെട്ട് ചെറിയ രീതിയില്‍ തുടങ്ങിയ ആ കൃഷിയാണിപ്പോള്‍ നാട്ടുകാര്‍ക്കും കൊടുക്കാനുള്ളത്ര വിളവുണ്ടാക്കുന്ന തരത്തില്‍ വിപുലമായിരിക്കുന്നത്.

കുഞ്ഞുങ്ങളുടെ കൃഷിയെ നാട്ടുകാരും സഹായിക്കുന്നുണ്ടെന്ന് അധ്യാപകര്‍ പറയുന്നു.

“വളം നല്‍കിയും മറ്റുമാണ് സഹായങ്ങള്‍ കിട്ടുന്നത്. റോട്ടറി ക്ലബ് വളമൊക്കെ നല്‍കാറുണ്ട്. ചാണകമൊക്കെ കുറഞ്ഞ വിലയ്ക്കും സൗജന്യമായും തരുന്നവരുണ്ട്. കുമരകം കൃഷി ഭവനില്‍ നിന്നാണ് വിത്തുകള്‍ വാങ്ങുന്നത്,” ജോളി ടീച്ചര്‍ വിശദമാക്കുന്നു.

“കുട്ടികളുടെ രക്ഷിതാക്കളും കൃഷിയില്‍ സഹകരിക്കാറുണ്ടെന്നു പറഞ്ഞല്ലോ, അക്കൂട്ടത്തില്‍ ശുഭകേശനും സെബാസ്റ്റ്യനുമാണ് നേരത്തെ പറഞ്ഞ ടീമുകളുടെ ലീഡര്‍മാര്‍.

“കഞ്ഞിക്കുഴി പയര്‍ വികസിപ്പിച്ചെടുത്ത കര്‍ഷകനാണ് ശുഭകേശന്‍. സെബാസ്റ്റ്യനും കൃഷിയില്‍ സജീവമാണ്. ഞാറ്റുവേല, പാഠം ഒന്ന് പാഠത്തേക്ക് എന്ന പേരുകളില്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുമുണ്ട്. ആ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് കൃഷി ചര്‍ച്ചകള്‍ നടത്തുന്നത്.

“അധ്യാപകര് വൈകുന്നേരം ആറു മണിവരെയൊക്കെ ഇവിടെയുണ്ടാകും. രാവിലെ 9.20- മുതല്‍ ഉച്ച തിരിഞ്ഞ് 3.45 വരെയാണ് സ്കൂള്‍ ടൈം.


ഇപ്പോ വൈകുന്നേരത്തെ ലാസ്റ്റ് ബെല്‍ കേട്ടാല്‍ വീട്ടിലേക്ക് അല്ല കൃഷിപ്പറമ്പിലേക്കാണ് കുട്ടികള്‍ ഓടുന്നത്.


“രാവിലെ എട്ട് മണിക്ക് മുന്‍പ് വരുന്ന അധ്യാപകരൊക്കെയുണ്ട്. അവരും നേരത്തെ വരുന്ന കുട്ടികളുമൊക്കെ പറമ്പില്‍ ഓരോന്ന് ചെയ്യും. നനയ്ക്കലും കള പറിക്കലുമൊക്കെ അവര് ചെയ്യും.

“എല്ലാ ദിവസവും കുട്ടികള്‍ക്ക് അരമണിക്കൂര്‍ കൃഷിയാണ് പഠിപ്പിക്കുന്നത്. ആ സമയം കുഞ്ഞുങ്ങളെല്ലാവരും മുറ്റത്തെ തോട്ടത്തിലായിരിക്കും. എല്‍കെജി മുതല്‍ നാലാം ക്ലാസ് വരെയുള്ള എല്ലാവര്‍ക്കും ഈ പിരീഡ് ഉണ്ട്. …കൃഷിയുമായി ബന്ധപ്പെട്ട് അവര്‍ക്ക് പ്രൊജക്റ്റ് വര്‍ക്കൊക്കെ കൊടുക്കാറുമുണ്ട്.

“കുട്ടികള്‍ക്ക് ഈ പണിയൊക്കെ ചെയ്യാനും ഇഷ്ടമാണ്. ഒരു മടിയുമില്ലാതെ ഉത്സാഹത്തോടെയാണ് കുഞ്ഞുങ്ങള്‍ ഓരോന്നും ചെയ്യുന്നത്.

സ്കൂളിലെ വിദ്യാര്‍ഥിയുടെ രക്ഷിതാവ് കൃഷിപ്പണിയില്‍

“സ്കൂള്‍ മുറ്റത്തെ എല്ലാ ചെടികളെയും കുറിച്ച് കുഞ്ഞുങ്ങള്‍ക്ക് അറിയാം. പേരെഴുത്ത് മത്സരമൊക്കെ സംഘടിപ്പിക്കാറുണ്ട്. ഒരു നോട്ടുപുസ്തകവുമായി കൃഷിത്തോട്ടത്തിലേക്ക് കുട്ടികളെ പറഞ്ഞു വിടും.

“അവര്‍ക്ക് അറിയാവുന്ന സസ്യങ്ങളുടെയൊക്കെ പേര് എഴുതി കൊണ്ടുവരാന്‍ പറയും. അതുമായി ബന്ധപ്പെട്ട് എന്തൊക്കെ അവര്‍ക്ക് ശേഖരിക്കാന്‍ സാധിക്കുന്നു അതൊക്കെയും അവര്‍ പുസ്തകങ്ങളില്‍ കുറിച്ചു വയ്ക്കും.


ഇതുകൂടി വായിക്കാം: ‌‌ഹൃദയത്തിൽ തൊടുന്ന ഒരുപാടുണ്ട് ആലപ്പുഴയിലെ ഈ സര്‍ക്കാര്‍ സ്കൂളിന് പറയാന്‍


“ഇപ്പോ സ്കൂളിലെ കുട്ടികളില്‍ പലര്‍ക്കും തൈകളൊക്കെ തിരിച്ചറിയാം. ഇല കണ്ടാലും പൂവ് കണ്ടാലും ചെടിയേതെന്നു അവരിപ്പോ പറയും,”  പ്രധാനാധ്യാപിക വളരെ സന്തോഷത്തോടെ പറയുന്നു.

രാത്രി ഏഴ് മണി മുതല്‍ 10 മണി വരെ ചിലപ്പോള്‍ രക്ഷിതാക്കള്‍ കൃഷിപ്പണിയുമായി സ്കൂളിലുണ്ടാകും. കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ അവരുടെ ജോലി കഴിഞ്ഞുള്ള സമയമാണ് സ്കൂളിനും കൃഷിക്കുമായി മാറ്റിവെയ്ക്കുന്നത്.

“ഞാനൊക്കെ ആറര ആറേമുക്കാലൊക്കെയാകുമ്പോഴേക്കും പോകും. രാവിലെ മാത്രമല്ല വൈകുന്നേരവും ഞങ്ങള്‍ ടീച്ചര്‍മാര്‍ ഓരോന്ന് ചെയ്യാറുണ്ട്.


നാലു മണി മുതല്‍ ആറു മണി വരെയൊക്കെ നനയ്ക്കൊലൊക്കെ ടീച്ചര്‍മാര്‍ ചെയ്യും.


“ടീച്ചര്‍മാരെയും ഗ്രൂപ്പുകളാക്കി തിരിച്ചിട്ടുണ്ട്. ഓരോ കാര്യങ്ങള്‍ ആര് ചെയ്യണം, എപ്പോ ചെയ്യണം എങ്ങനെ വേണമെന്നൊക്കെ കൃത്യമായ പ്ലാനുണ്ട്. വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഇതൊക്കെ പരസ്പരം എല്ലാരെയും അറിയിക്കും. …” ടീച്ചര്‍ വിശദമാക്കുന്നു.

തുള്ളിനനയാണ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് വെള്ളം അനാവശ്യമായി ചെലവാകുന്നില്ല. ജീവാമൃതം ഉള്‍പ്പടെയുള്ള ജൈവവളങ്ങളാണ് കൃഷിയ്ക്ക് ഉപയോഗിക്കുന്നത്. മണ്ണിര കംപോസ്റ്റ് സ്കൂളില്‍ തന്നെയുണ്ടാക്കുന്നുണ്ട്.

രണ്ട് വര്‍ഷം മുന്‍പ് സ്കൂള്‍ പരിസരത്ത് ബയോഗ്യാസ് പ്ലാന്‍റ് സ്ഥാപിച്ചിട്ടുണ്ട്. അതിലെ സ്ലറിയും ചെടികള്‍ക്ക് നല്‍കാറുണ്ട്.

സ്കൂള്‍ മുറ്റത്ത് ഒരു ഇഞ്ച് സ്ഥലം പോലും വെറുതേ ഇടാതെ കൃഷി ചെയ്യുന്നുണ്ട്.

“ഇനി പുതുതായി എന്തെങ്കിലും നടാനുള്ള സ്ഥലമില്ല. എല്ലായിടത്തും പച്ചക്കറിയും ചെടിയും തൈകളുമൊക്കെ നിറഞ്ഞു നില്‍ക്കുകയാണ്.

“ഇടയ്ക്ക് ബുദ്ധിമുട്ടുകളോര്‍ക്കുമ്പോ ഇതൊക്കെ അവസാനിപ്പിച്ചാല്‍ മതിയായിരുന്നു എന്നു തോന്നാറുണ്ട്. പക്ഷേ ആ തോന്നലിന് വലിയ ആയുസ്സ് ഇല്ല. പച്ചക്കറികളും പൂക്കളും നെല്ലുമൊക്കെ ഈ പറമ്പില്‍ നിറഞ്ഞു നില്‍ക്കുന്നത് കാണുമ്പോ വലിയ സന്തോഷമാണ്.

“ആ ഭൂമി തരിശായി ഇടാനൊന്നും മനസ് അനുവദിക്കില്ല. അതുകൊണ്ട് ഇനി എക്കാലവും കൃഷി കൂടെയുണ്ടാകും.” കുഞ്ഞുങ്ങളും രക്ഷിതാക്കളും അധ്യാപകരുമെല്ലാം ആവേശത്തോടെയുള്ളടത്തോളം കാലം കൃഷി  ചെയ്യുമെന്നു ജോളി ടീച്ചര്‍ ഉറപ്പിച്ചു പറയുന്നു.

“ഞാനിവിടെ ഹെഡ്മിസ്ട്രസ് ആയിട്ടിപ്പോള്‍ 16 വര്‍ഷമായി.” സ്കൂളിന്‍റെ വിജയത്തിന്‍റെ പിന്നിലെ കാര്യങ്ങളെക്കുറിച്ച് ടീച്ചര്‍.  ജനിച്ചു വളര്‍ന്ന എന്‍റെ നാടാണിത്. സ്വന്തം നാട്ടിലെ സ്കൂളിനോട് ഒരു ഇഷ്ടം കൂടുതലുണ്ടാകുമല്ലോ,” എന്ന് ജോളി ടീച്ചര്‍.

“രാത്രി നേരത്തൊക്കെ സാധാരണ സ്കൂളുകളില്‍ വെട്ടം ഒന്നും ഉണ്ടാകില്ലല്ലോ. പക്ഷേ ഇവിടെ പത്ത് മണിക്കും നല്ല പ്രകാശമായിരിക്കും. കുടുംബം അടച്ച് എല്ലാരും ഇവിടേക്ക് പോരും.

“എന്‍റെ സഹ അധ്യാപകരെല്ലാവരും തമ്മില്‍ നല്ല ഐക്യമാണ്. ഞാന്‍ പറയുന്നതിന് അപ്പുറത്തേക്ക് മറുത്തൊരു വാക്ക് ആരും പറയില്ല. എന്തേലും ഒരു കാര്യം ചെയ്യാന്‍ ഏല്‍പ്പിച്ചാല്‍ അവര് പത്തു കാര്യം ചെയ്യും.

“അതെനിക്കൊരു ആശ്വസം തന്നെയാണ്. എന്നെക്കാള്‍ കൂടുതല്‍ കഷ്ടപ്പെടുന്നവര്‍ എന്‍റെ സ്കൂളിലെ ടീച്ചര്‍മാരാണ്. എല്ലാവര്‍ക്കും ഓരോ ഡ്യൂട്ടി എല്‍പ്പിക്കും. അവരത് കൃത്യമായി ചെയ്യുകയും ചെയ്യും.”  ഈ കൂട്ടായ്മയാണ് വിജയമെന്നു ടീച്ചര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ജോളി ടീച്ചറും ജെസി ടീച്ചറും

കൃഷിയ്ക്ക് മാത്രമല്ല ഈ സ്കൂളിനെ തേടി പുരസ്കാരങ്ങളെത്തിയിരിക്കുന്നത്. 2014-ലെ സംസ്ഥാനത്തെ മികച്ച അധ്യാപികയ്ക്കുള്ള അവാര്‍ഡ് ജോളി ടീച്ചര്‍ക്കായിരുന്നു. ചേര്‍ത്തല റോട്ടറി ക്ലബിന്‍റെ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് ജെസി ടീച്ചര്‍ക്ക് കിട്ടിയിട്ടുണ്ട്.

ഇംഗ്ലീഷ് അധ്യാപികയായ അനീറ്റ ടീച്ചര്‍ക്ക് മാരാരിക്കുളം റോട്ടറി ക്ലബിന്‍റെ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ്, അറബി അധ്യാപകന്‍ മുഹമ്മദ് റാഫി മാഷിന് മികച്ച സ്കൗട്ട് മാസ്റ്റര്‍ക്കുള്ള അവാര്‍ഡ് മൂന്നു തവണ കിട്ടിയിട്ടുണ്ട്.

“മികച്ച പ്രകടനം എന്ന പേരില്‍ ടീച്ചര്‍മാര്‍ക്കും കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്‍കാറുണ്ട്. അസംബ്ലിയില്‍ ഇവരെ ആദരിക്കുന്നതൊക്കെ പ്രോത്സാഹനമല്ലേ. കുട്ടികളും ഉത്സാഹഭരിതരാകും,” ടീച്ചര്‍ കൂട്ടിച്ചേര്‍ക്കുന്നു.

 

കൃഷി പോലെ കുട്ടികളുടെ പഠനകാര്യങ്ങള്‍ക്കും ഇവിടെ പ്രാധാന്യമുണ്ട്. സ്കൂളിന്‍റേതുമാത്രമായ ചില വ്യത്യസ്ത ശൈലികളുമുണ്ട്. തുറന്ന പരീക്ഷ, അമ്മയോടൊപ്പം, അഭിമാനരേഖ, ഇന്‍ലന്‍റ് മാഗസിന്‍ ഇങ്ങനെ ചില പദ്ധതികളൊക്കെയുണ്ട്.

“കുട്ടികള്‍ക്ക് രക്ഷിതാക്കളെ കൊണ്ട് പരീക്ഷ എടുപ്പിക്കും.  എന്നിട്ട് അവര് തന്നെ മാര്‍ക്കും ഇടും. ഇങ്ങനെയൊരു പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. രക്ഷിതാവ് ക്ലാസില്‍ വരും, ചോദ്യങ്ങളൊക്കെ ടീച്ചര്‍മാര്‍ തയാറാക്കി കൊടുക്കും.

“ആ ചോദ്യപേപ്പര്‍ അനുസരിച്ച് രക്ഷിതാക്കള്‍ പരീക്ഷ നടത്തും, അവരു തന്നെ വാല്യൂവേഷനും നടത്തും.” ഇതാണ് തുറന്ന പരീക്ഷയെന്നു ജോളി ടീച്ചര്‍.

കുട്ടികളുടെ വിവരങ്ങള്‍ അടങ്ങിയ അഭിമാനരേഖ

“അമ്മയോടൊപ്പം… പേരു പോലെ തന്നെയാണ് ഈ പദ്ധതി. ഒരു ക്ലാസില്‍ ഒരു ദിവസം പൂര്‍ണമായും ഏതെങ്കിലും ഒരു കുട്ടിയുടെ അമ്മയെ ഇരുത്തും, ക്ലാസില്‍ ടീച്ചറിനൊപ്പം.

“പലര്‍ക്കും അറിയില്ലല്ലോ എങ്ങനെയൊക്കെയാണ് പഠിപ്പിക്കുന്നതെന്ന്. ടീച്ചര്‍മാരുടെ മികവും അവര്‍ക്ക് നേരിട്ട് കാണാലോ. ആഗ്രഹിക്കുന്ന അമ്മമാര്‍ക്ക് ഒരു ദിവസം ഇങ്ങനെ വരാം.


കഴിഞ്ഞ ദിവസം ജെസി ടീച്ചറുടെ ക്ലാസില്‍ അഞ്ചു മാസം പ്രായമായ കുഞ്ഞിനെയും കൊണ്ടാണൊരു അമ്മ വന്നത്.


“അഭിമാന രേഖ- ഇതൊരു ഫയലാണ്. കുട്ടികളുടെ സകല വിവരവും ഇതിലുണ്ടാകും. ഓരോ കുട്ടിക്കും ഓരോ ഫയല്‍. വര്‍ഷാദ്യം പേരും ക്ലാസുമൊക്കെ എഴുതി തയാറാക്കും.

“പിന്നീടുള്ള കുട്ടിയുടെ നേട്ടങ്ങളും പരാജയങ്ങളുമെല്ലാം ആ ഫയലില്‍ കുറിച്ചു വയ്ക്കും. വര്‍ഷാവസാനം കുട്ടിക്ക് തിരിച്ച് നല്‍കും. കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് ഇന്‍ലന്‍റ് മാഗസിന്‍.

“കുട്ടികളുടെ വീട്ടില്‍ എന്തെങ്കിലുമൊക്കെ ക്രിയേറ്റീവായി ചെയ്യുന്നവരുണ്ടാകില്ലേ. വിദ്യാര്‍ഥിയുടെ അമ്മയോ അച്ഛനോ ചേട്ടനോ അനിയത്തിയോ… ഇവര്‍ക്ക് ഇന്ല‍ന്‍റില്‍ കഥയോ കവിതയോ പാട്ടോ എഴുതാം, വരയ്ക്കാം, അറിവുകള്‍ കുറിക്കാം.

“ഇങ്ങനെ കിട്ടുന്ന ഇന്‍ലന്‍റുകള്‍ കൂട്ടിച്ചേര്‍ത്താണ് മാഗസിനുണ്ടാക്കുന്നത്. കുട്ടികളെ പേപ്പര്‍ ബാഗുണ്ടാക്കാന്‍ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍. അധികം വൈകാതെ എല്ലാവര്‍ക്കും തുണി സഞ്ചി വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് ഞങ്ങളെല്ലാവരും.”ജോളി ടീച്ചര്‍ക്ക് സ്കൂളിലെ വിശേഷങ്ങള്‍ എത്ര പറഞ്ഞാലും തീരുന്നില്ല.


ഇതുകൂടി വായിക്കാം: ഗോതമ്പും ഓട്സും 78 ഇനം പച്ചക്കറികളും ഓറഞ്ചും നെല്ലും വിളയുന്ന രാജകുമാരിയിലെ കുഞ്ഞ് ഏദന്‍തോട്ടം


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം