ലക്ഷക്കണക്കിന് പേര്‍ക്ക് അനുഗ്രഹമാകുന്ന, രാസവസ്തുക്കള്‍ ആവശ്യമില്ലാത്ത മലിനജല സംസ്‌കരണ സംവിധാനം പരിചയപ്പെടാം

ഈ സാങ്കേതിക വിദ്യ ആദ്യമായി വികസിപ്പിച്ചത് 1980-കളില്‍ ഐ ഐ ടി ബോംബെയിലെ പ്രൊഫ. എച്ച് എസ് ശങ്കര്‍ ആണ്. അവിടെ കെമിക്കല്‍ എന്‍ജിനീയറിങ്ങ് അധ്യാപകനായിരുന്നു അദ്ദേഹം.

ഞാന്‍ നോര്‍ത്ത് ഈസ്റ്റില്‍ നിന്നാണ് വരുന്നത്. അവിടെ മഴയ്ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. അതുകൊണ്ട് ജലക്ഷാമത്തെക്കുറിച്ച് ചിന്തിക്കേണ്ടി വന്നിട്ടുമില്ല.

എന്നാല്‍ ഈയടുത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അത്ര നല്ല സൂചനകളല്ല നല്‍കുന്നത്. മഴ കുറയുന്നു, കൃഷി നശിക്കുന്നു, ഭൂഗര്‍ഭജലവിതാനം കുറയുന്നു… ജലക്ഷാമം ലോകമെങ്ങും പ്രശ്‌നങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നു. യുനൈറ്റഡ് നാഷന്‍സിന്‍റെ വേള്‍ഡ് വാട്ടര്‍ ഡെവലപ്‌മെന്‍റ് റിപ്പോര്‍ട്ട് പറയുന്നത് ലോകത്ത് രണ്ട് ബില്യണ്‍ ആളുകള്‍ ജലക്ഷാമവും തുടര്‍ന്നുള്ള പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നുവെന്നാണ്.

പ്രശ്‌നം സങ്കീര്‍ണവും രൂക്ഷവുമാണെന്ന് ഇന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇതിനെന്തൊക്കെയാണ് പരിഹാരം?


വീട്ടില്‍ സ്ഥിരമായി ഉപയോഗിക്കുന്ന രാസവിഷവസ്തുക്കള്‍ ഒഴിവാക്കാം… പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ഉല്‍പന്നങ്ങള്‍ വാങ്ങാം. Karnival.com

ആദ്യം മനസ്സില്‍ വരുന്നത് മലിനജലം സംസ്‌കരിക്കുക എന്നതാണ്. ഇതുകൊണ്ട് രണ്ടുണ്ട് കാര്യം. വറ്റിക്കൊണ്ടിരിക്കുന്ന ജലസ്രോതസ്സുകള്‍ കൂടുതലായി ചൂഷണം ചെയ്യുന്നില്ല. മലിനജലം ചെന്നുചേര്‍ന്ന് ജലാശയങ്ങള്‍ കൂടുതല്‍ മലിനമാക്കപ്പെടുന്നുമില്ല.

പ്ലാന്‍റിന്‍റെ ഒരു ഭാഗം

മുംബൈയിലെ വിഷന്‍ ഏര്‍ത്ത്‌കെയര്‍ എന്ന കമ്പനി സീവേജും വ്യവസായങ്ങള്‍ പുറന്തള്ളുന്ന മലിനജലവും സംസ്‌കരിക്കുന്നതിന് ഒരു പ്രത്യേക രീതിയാണ് പ്രയോജനപ്പെടുത്തുന്നത്. 2004-ല്‍ സ്ഥാപിക്കപ്പെട്ട കമ്പനി ഐ ഐ ടി ബോംബെയിലെ പ്രൊഫ. എച്ച് എസ് ശങ്കറിന്‍റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ സോയില്‍ ബയോ-ടെക്‌നോളജി സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്.

വിഷന്‍ എര്‍ത്ത് കെയറിന്‍റെ ഈ പുതിയ സാങ്കേതികവിദ്യ CAMUS-SBT (Continuous Aerobic Multi-Stage Soil Bio-Technology) എന്നാണ് അറിയപ്പെടുന്നത്.

“ജലക്ഷാമം അനുഭവിക്കുന്ന സമൂഹങ്ങളില്‍ അത് പകുതിയോളം കുറയ്ക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്,” കമ്പനിയുടെ സി ഇ ഓ ചന്ദ്രശേഖര്‍ ശങ്കര്‍ പറയുന്നു.

രാജ്യത്തിന്‍റെ പലയിടങ്ങളിലായി 120 മലിനജല സംസ്‌കരണ സംവിധാനങ്ങള്‍ അവര്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇതുവരെ ദിവസവും ഏകദേശം 120 മെഗാലീറ്റര്‍ (10 ലക്ഷം ലീറ്ററാണ് ഒരു മെഗാലീറ്റര്‍) റീസൈക്കിള്‍ ചെയ്യാന്‍ കമ്പനിക്ക് കഴിഞ്ഞു. 1.2 ദശലക്ഷം മനുഷ്യര്‍ക്ക് ഇതിന്‍റെ പ്രയോജനം കിട്ടി.

ചന്ദ്രശേഖര്‍

ഇതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്

സാധാരണഗതിയില്‍ മൂന്ന് സാങ്കേതിക വിദ്യകളാണ് മലിനജലസംസ്‌കരണത്തിനായി പ്രയോജനപ്പെടുത്തുന്നത്. അനെയറോബിക് രീതി (anaeroobic technique) ആണ് ഒന്ന്. ഇതില്‍ ഓക്‌സിജന്‍റെ അഭാവത്തില്‍ സൂക്ഷ്മജീവികള്‍ ജൈവമാലിന്യങ്ങള്‍ ബയോഗ്യാസാക്കി മാറ്റുന്നു.

മറ്റൊരു മാര്‍ഗ്ഗം എയറോബിക് (aerobic) സാങ്കേതിക വിദ്യയാണ്. ഇതില്‍ കംപ്രസറോ ബ്ലോവറോ ഉപയോഗിച്ച് വെള്ളത്തിലേക്ക് ഓക്‌സിജന്‍ പമ്പ് ചെയ്യുന്നു. “ഓക്‌സിജന്‍ പമ്പ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ബബ്‌ളിങ്ങ് മൂലം പൊങ്ങിവരുന്ന മാലിന്യങ്ങള്‍ ഫില്‍റ്റര്‍ ഉപയോഗിച്ച് നീക്കം ചെയ്യുകയാണ് ചെയ്യുന്നത്,” ചന്ദ്രശേഖര്‍ (40) വിശദമാക്കുന്നു.

അടുത്ത മാര്‍ഗ്ഗം ആക്റ്റിവേറ്റഡ് കാര്‍ബണ്‍ ഉപയോഗിച്ച് ജൈവമാലിന്യങ്ങളെ അരിച്ചുമാറ്റുകയെന്നതാണ്.

“ഇപ്പോള്‍ വിപണിയിലുള്ള പരിഹാരമാര്‍ഗ്ഗങ്ങളെല്ലാം ഈ മൂന്ന് സാങ്കേതിക വിദ്യകളുടെ പല വിധത്തിലുള്ള കോമ്പിനേഷനുകളാണ്. എയറോബിക് രീതിയില്‍ ഓക്‌സിജന്‍ തുടര്‍ച്ചയായി പമ്പ് ചെയ്യേണ്ടതുകൊണ്ട് ഒരുപാട് വൈദ്യുതി ആവശ്യമുണ്ട്. അതുകൊണ്ട് ചെലവും കൂടും,” അദ്ദേഹം പറയുന്നു.

ഗുരുഗ്രാമിലെ ഡി എല്‍ എഫ് ഗാര്‍ഡന്‍ എസ്റ്റേറ്റില്‍ റീസൈക്കിള്‍ ചെയ്ത വെള്ളം ഉപയോഗിക്കുന്നു

CAMUS-SBT മാതൃകയില്‍ എയറോബികും ആക്റ്റിവേറ്റഡ് കാര്‍ബണ്‍ ഉപയോഗിച്ചുള്ള അബ്‌സോര്‍ബ്റ്റീവ് മോഡലും ചേര്‍ത്ത് ഉപയോഗിച്ചിരിക്കുന്നു. മലിനജലം മണ്ണ് പോലെയുള്ള ഒരു മാധ്യമം നിറഞ്ഞ ഒരു പാത്തിയിലൂടെ കടത്തിവിടും. ഇത് കട്ടിയുള്ള ഗ്രാവല്‍/ചരല്‍, ലാറ്ററൈറ്റ്, ഇഷ്ടിക എന്നിവ അടങ്ങുന്നതാണ്, ബയോ-ആക്ടീവുമാണ്. ഇതിലൂടെ കടന്നുപോകുമ്പോള്‍ തന്നെ വെള്ളം ഉപയോഗയോഗ്യമാവുമെന്ന് കമ്പനി പറയുന്നു.

ഈ മണ്ണ് പോലുള്ള മിശ്രിതം ബാക്ടീരിയയുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതാണ്. ഈ ബാക്ടീരിയ സീവേജ്, ഗ്രേവാട്ടര്‍ എന്നിവയുടെ സംസ്‌കരണം വേഗത്തിലാക്കുന്നു. അതിനോടൊപ്പം സ്വാഭാവികമായി ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് യാന്ത്രികമായി ഓക്‌സിജന്‍ കടത്തിവിടേണ്ട ആവശ്യമില്ല.

മറ്റ് സാങ്കേതികവിദ്യകളെ അപേക്ഷിച്ച് CAMUS-SBT-ക്ക് മൂന്നിലൊന്ന് വൈദ്യുതി മാത്രം മതിയാവും. മലിനജലം ശുദ്ധീകരിക്കാന്‍ രാസവസ്തുക്കളൊന്നും ആവശ്യവുമില്ല. മാത്രമല്ല, ദുര്‍ഗന്ധമുണ്ടാക്കുന്ന ഒരു തരത്തിലുള്ള അവശിഷ്ടങ്ങളൊന്നും പുറത്തുവരുന്നുമില്ല. പ്രവര്‍ത്തനത്തിനും പരിപാലനത്തിനും ചെറിയ ചെലവേയുള്ളൂ.

ട്രീറ്റ് ചെയ്ത വെള്ളം പല ഘട്ടങ്ങളില്‍

“മലിനജലം വളരെയധികം വിഷലിപ്തമാണെങ്കില്‍ അത് സംസ്‌കരിച്ചെടുക്കുത്ത് ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിന് മുമ്പ് ഞങ്ങള്‍ അവര്‍ക്ക് ചില മുന്നറിയിപ്പ് നല്‍കും. ദേഹത്തും ചര്‍മ്മത്തിലും പറ്റാതെ സൂക്ഷിക്കണം എന്ന്. ട്രീറ്റ് ചെയ്ത വെള്ളം ഫ്‌ളഷിങ്ങിനും മാളുകള്‍ പോലെയുള്ള വലിയ കെട്ടിടങ്ങളിലെ എയര്‍ കണ്ടീഷനറുകളിലും നിര്‍മ്മാണ മേഖലയിലുമൊക്കെയാണ് ഉപയോഗിക്കുന്നത്,” ചന്ദ്രശേഖര്‍ പറഞ്ഞുതന്നു.

ഈ സാങ്കേതിക വിദ്യ ആദ്യമായി വികസിപ്പിച്ചത് 1980-കളില്‍ ഐ ഐ ടി ബോംബെയിലെ പ്രൊഫ. എച്ച് എസ് ശങ്കര്‍ ആണ്. അവിടെ കെമിക്കല്‍ എന്‍ജിനീയറിങ്ങ് അധ്യാപകനായിരുന്നു അദ്ദേഹം. ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളും പി എച്ച് ഡി സ്‌കോളര്‍മാരും ഗവേഷകരുമായുമൊക്കെച്ചേര്‍ന്ന് അദ്ദേഹം ഈ സാങ്കേതിക വിദ്യ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പരിശ്രമം നടത്തി. 1993-ലാണ് അത് പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. പൈലറ്റ് പ്രോജക്ട് ബോറിവാലിയിലെ ഇന്ദിരാഗാന്ധി സെന്‍ററില്‍ ആണ് പ്രദര്‍ശിപ്പിച്ചത്.

മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ വര്‍ളിയില്‍ സ്ഥാപിച്ച പ്ലാന്‍റില്‍ നിന്നുള്ള വെള്ളം വിശാലമായ പൂന്തോട്ടങ്ങള്‍ നനയ്ക്കാന്‍ ഉപയോഗിക്കുന്നു.

വിഷന്‍ എര്‍ത്ത്‌കെയറിന്‍റെ മേധാവിയായ ചന്ദ്രശേഖര്‍ അന്ന് ഐ ഐ ടി ബോംബെയിലെ വിദ്യാര്‍ത്ഥിയായിരുന്നു. 1997-ലാണ് അദ്ദേഹം അവിടെ ബി ടെക് വിദ്യാര്‍ത്ഥിയായി ചേരുന്നത്. ഈ സാങ്കേതിക വിദ്യയുടെ ഗവേഷണത്തില്‍ പങ്കാളിയാവുകയും ചെയ്തു.

2001-ല്‍ മറ്റീരിയല്‍ സയന്‍സസില്‍ പി എച്ച്ഡി പഠനത്തിനായി അമേരിക്കയിലേക്ക് പോയി. പോസ്റ്റ് ഡോക്റ്ററല്‍ പഠനം പെട്രോളിയം-കെമിക്കല്‍ എന്‍ജിനീയറിങ്ങിലായിരുന്നു. ഈ സമയത്താണ് നേരത്തെ വികസിപ്പിച്ച ടെക്‌നോളജിയില്‍ ഇന്‍ഡ്യയില്‍ പേറ്റന്‍റിനായി അപേക്ഷിക്കുന്നത്. 2004-ല്‍ പ്രൊഫ. ശങ്കര്‍ അതിനായി വിഷന്‍ ഏര്‍ത്ത് കെയര്‍ എന്ന കമ്പനിയും സ്ഥാപിച്ചു.

ആ സമയത്ത് ചന്ദ്രശേഖര്‍ യൂനിവേഴ്‌സിറ്റി ഓഫ് മിഷിഗണില്‍ ടീച്ചിങ് അസിസ്റ്റന്‍റായി ജോലി നോക്കുകയായിരുന്നു. ഒപ്പം പ്രൊഫ. ശങ്കറിന്‍റെ പദ്ധതികളുമായി സഹകരിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ 2010-ല്‍ ചന്ദ്രശേഖര്‍ കമ്പനിയുടെ സി ഇ ഓ-ആയി സ്ഥാനമേറ്റെടുത്തു.

ഒരു ക്ലയന്‍റിന് വേണ്ടി ഉണ്ടാക്കിയ 25 KLD പ്ലാന്‍റ്

വിഷന്‍ എര്‍ത്ത് കെയര്‍ അതിന്‍റെ മലിനജല സംസ്‌കരണ പ്ലാന്‍റുകള്‍ വലിയ വ്യവസായ ശാലകളിലും ഹോസ്പിറ്റലുകളിലും സ്‌കൂളുകളിലും മുനിസിപ്പാലിറ്റികളിലും ടൗണ്‍ഷിപ്പുകളിലും അപാര്‍ട്ട്‌മെന്‍റുകളിലും വീടുകളിലുമൊക്കെ സ്ഥാപിച്ചുകഴിഞ്ഞു.

കമ്പനിയുടെ ആദ്യത്തെ വലിയ പ്ലാന്‍റ് മുംബൈയിലെ വര്‍ളിയില്‍ ബോംബെ മുനിസിപ്പല്‍ കോര്‍പറേഷന്‍ സ്ഥാപിക്കുന്നത് 2005-ലാണ്. “ഏകദേശം 800 എം എല്‍ ഡി സീവേജാണ് അറബിക്കടലിലേക്ക് തുറന്നുവിട്ടുകൊണ്ടിരുന്നത്. അതുകൊണ്ട് ഈ മലിനീകരണം കുറയ്ക്കാനാണ് കോര്‍പറേഷന്‍ പ്ലാന്‍റ് സ്ഥാപിച്ചത്,” ചന്ദ്രശേഖര്‍ പറഞ്ഞു.

പ്ലാന്‍റിന് മൂന്ന് എം എല്‍ ഡി ശേഷിയുണ്ട്. ഇവിടെ ട്രീറ്റ് ചെയ്ത വെള്ളം വെല്ലിങ്ടണ്‍ സ്‌പോര്‍ട്‌സ് ക്ലബ്, മഹാലക്ഷ്മി റേസ് കോഴ്‌സ് എന്നിവടങ്ങളിലാണ് ഉപയോഗിക്കുന്നത്. അവിടെയുള്ള സെന്‍ട്രല്‍ കൂളിങ് സിസ്റ്റത്തിലും നനയ്ക്കാനും ഒക്കെ ഉപയോഗിക്കുന്നു.

സംസ്കരണശേഷി, എത്ര ജനങ്ങളുള്ള പ്രദേശമാണ് എന്നീ ഘടകങ്ങള്‍ക്കനുസരിച്ച് പ്ലാന്‍റിന്‍റെ ചെലവില്‍ വ്യത്യാസം വരും. “ഒരു ദിവസം ഒരാള്‍ 135 ലിറ്റര്‍ മലിനജലം പുറത്തേക്ക് തള്ളുന്നുവെന്നാണ് കണക്ക്. ഇതെല്ലാം കണക്കിലെടുത്താണ് പ്ലാന്‍റ് സ്ഥാപിക്കുന്നത്,” ചന്ദ്രശേഖര്‍ തുടരുന്നു.

ആയിരം ആളുകളുള്ള ഒരു മുനിസിപ്പല്‍ പ്രദേശത്തെ 1 എം എല്‍ ഡി ശേഷിയുള്ള പ്ലാന്‍റിന് ഒന്നര മുതല്‍ രണ്ട് കോടി രൂപ വരെ ചെലവ് വരും. കമ്പനി ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ വ്യാപകമായി വലിയ പ്ലാന്‍റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കാം: സ്വയം ‘ക്ലീന്‍ ആവുന്ന’ 798 സ്മാര്‍ട്ട് ശുചിമുറികള്‍ സ്ഥാപിച്ച ദമ്പതികള്‍; ഡെല്‍ഹി മെട്രോ മുതല്‍ തുര്‍ക്കി സര്‍ക്കാര്‍ വരെ ആവശ്യപ്പെട്ട മാതൃക


കേന്ദ്രസര്‍ക്കാരും നബാര്‍ഡുമൊക്കെ മലിനജല സം്‌സ്‌കരണത്തിനായി ഏറ്റവും നല്ല ടെക്‌നോളജികളിലൊന്നായി എസ് ബി ടി എന്ന് അംഗീകരിച്ചിട്ടുണ്ട്.

“ഈ സാങ്കേതിക വിദ്യ എത്രമാത്രം ഫലപ്രദമാണെന്ന് ജനം കൂടുതലായി മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നമ്മുടെ രാജ്യത്തെ ജനസംഖ്യ 133.92 കോടിയാണ്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഇതില്‍ പത്ത് ശതമാനം പേരുടെ ജീവിതങ്ങളെ മെച്ചപ്പെടുത്താന്‍ കഴിയുമെങ്കില്‍ ഞങ്ങളെ സംബന്ധിച്ച് അത് വലിയൊരു നേട്ടം തന്നെയായിരുക്കും,” ചന്ദ്രശേഖര്‍ പ്രതീക്ഷയോടെ പറയുന്നു.
***

കൂടുതല്‍ അറിയാന്‍. contactus@visionearthcare.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം