വെള്ളം വേണ്ടാത്ത ഒരു ലക്ഷം ശുചിമുറികള്‍ സ്ഥാപിച്ച 70-കാരന്‍! പരിസരം വൃത്തിയാവും, കര്‍ഷകര്‍ക്ക് സൗജന്യമായി വളവും കിട്ടും

ഓരോ വര്‍ഷവും ഒരു ടോയ്‌ലെറ്റ് യൂനിറ്റ് നാനൂറ് കിലോ വളം ഉല്‍പാദിപ്പിക്കും. സമൂഹ ശുചിമുറികളില്‍ നിന്ന് 1,177 കിലോ വരെ വളം കിട്ടും. ഇത് കര്‍ഷകര്‍ക്ക് സൗജന്യമായാണ് നല്‍കുന്നത്.

മിഴ് നാട്ടിലെ തിരുച്ചിറപ്പിള്ളിയില്‍ നിന്നും 42 കിലോമീറ്റര്‍ മാറിയാണ് മുസിരി പഞ്ചായത്ത്. കാവേരി നദിയോട് ചേര്‍ന്നുകിടക്കുന്ന സ്ഥലം. ജലസമൃദ്ധം. നല്ല വിളവുതരുന്ന പാടങ്ങള്‍. പച്ചക്കറികൃഷിയും ധാരാളം.

ഭൂഗര്‍ഭജലവിതാനം ഉയര്‍ന്നാണിരിക്കുന്നത്. അതുകൊണ്ടൊരു പ്രശ്‌നമുണ്ട്. സാധാരണ കക്കൂസുകള്‍ ഗുണത്തേക്കാളേറെ ദോഷമാണിവിടെ ചെയ്യുന്നത്. ശരിയായ വിധത്തില്‍ സംസ്‌കരിക്കപ്പെട്ടില്ലെങ്കില്‍ വെള്ളം മലിനപ്പെടാനുള്ള സാധ്യത ഏറെയാണ്.


വീട്ടില്‍ സ്ഥിരമായി ഉപയോഗിക്കുന്ന രാസവിഷവസ്തുക്കള്‍ ഒഴിവാക്കാം… പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ഉല്‍പന്നങ്ങള്‍ വാങ്ങാം. Karnival.com

ഈ പ്രശ്‌നത്തിന് പരിഹാരമായാണ് സൊസൈറ്റി ഫോര്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ ആന്‍റ് പീപിള്‍സ് എജ്യുകേഷന്‍ (SCOPE) ഇകോസാന്‍ ടോയ്‌ലെറ്റുകള്‍ മുസിരിയില്‍ പരീക്ഷിക്കുന്നത്. ഗ്രാമീണ വികസനത്തിനായി മരാച്ചി സുബ്ബുരാമന്‍ 1986-ല്‍ തുടങ്ങിവെച്ച സംഘടനയാണിത്.

വെളിയിട വിസര്‍ജ്ജനം ജലസ്രോതസ്സുകളെ മലിനമാക്കുന്നു.

ഈ ടോയ്‌ലെറ്റ് സംവിധാനത്തില്‍ ഫ്‌ളഷ് ഇല്ല. സീവേജ് സിസ്റ്റവുമായി ബന്ധിപ്പിക്കുന്ന പൈപ്പ് കണക്ഷനും ഇല്ല. അതായത്, ഏതെങ്കിലും ജലസ്രോതസ്സ് മലിനപ്പെടാനുള്ള സാധ്യത ഇല്ല എന്നുതന്നെ പറയാം.

2000-ത്തിലാണ് ആദ്യത്തെ ഇകോസാന്‍ കക്കൂസ് കാലിപ്പാളയം ഗ്രാമത്തില്‍ സ്ഥാപിക്കുന്നത്. 2005 ആയപ്പോഴേക്കും ഈ സാങ്കേതിക വിദ്യ അവര്‍ കൂടുതല്‍ മെച്ചപ്പെടുത്തി. ഒപ്പം ഏഴ് ടോയ്‌ലെറ്റുകളുള്ള ഒരു സമൂഹ ശൗചാലയം സ്ഥാപിക്കുകയും ചെയ്തു. അതില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വയസ്സായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേകം കക്കൂസുകള്‍ ഉണ്ടായിരുന്നു.

തിരുച്ചിറപ്പിള്ളിയില്‍ മാത്രം സ്‌കോപ് ഇത്തരം ഇരുപതിനായിരത്തിലധികം ശൗചാലയങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു.

സ്കോപിന്‍റെ സ്ഥാപകന്‍ സുബ്ബുരാമന്‍

സ്‌കോപ് തുടങ്ങി ഗ്രാമീണ തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോഴാണ് തുറന്ന സ്ഥലത്തെ മലവിസര്‍ജ്ജനം പ്രദേശത്ത് എത്രമാത്രം വ്യാപകവും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതുമാണെന്ന് സംഘടനയുടെ പ്രവര്‍ത്തകര്‍ക്ക് നേരിട്ട് മനസ്സിലായത്. അങ്ങനെയാണ് സ്‌കോപ് ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ തുടങ്ങുന്നത്.

ഇതിനകം രാജ്യത്തെ 26 സംസ്ഥാനങ്ങളിലായി ഒരു ലക്ഷത്തിലധികം ശൗചാലയങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു. വലിയ പ്രോജക്ടുകള്‍ ബിഹാര്‍, ആന്ധ്ര പ്രദേശ്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ അസ്സാം എന്നിവിടങ്ങളിലാണ്.

ഇകോസാന്‍ ശുചിമുറികള്‍ സെപ്റ്റിക് ടാങ്ക് നിര്‍മ്മിക്കാന്‍ ബുദ്ധിമുട്ടുള്ള പാറപ്രദേശങ്ങള്‍ക്ക് യോജിക്കുന്നതാണെന്ന് സ്‌കോപിന്‍റെ സ്ഥാപകന്‍ മരാച്ചി സുബ്ബുരാമന്‍ പറയുന്നു. “വെള്ളത്തിന് ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലും ഈ കക്കൂസുകള്‍ ഉപയോഗിക്കാം. കാരണം വെള്ളത്തിന്‍റെ ആവശ്യം പരിമിതമാണ്.”

സ്കോപ് സ്ഥാപിച്ച ഇകോസാന്‍ ശുചിമുറികള്‍

ഈ കക്കൂസിന് രണ്ട് പാനുകളാണ് ഉള്ളത്. ഒന്ന് മലവിസര്‍ജ്ജനം നടത്താനും മറ്റൊന്ന് മൂത്രമൊഴിക്കാനും. കഴുകുന്നതിനുമുള്ള സൗകര്യവുമുണ്ടിതില്‍. ഈ ഭാഗങ്ങളെല്ലാം തന്നെ താഴെ പ്രത്യേകം അറകളുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ശുചിമുറി ഭൂമിയ്ക്ക് മുകളില്‍ ഉയരത്തിലാണ് നിര്‍മ്മിക്കുക. ഓരോ യൂനിറ്റും അതിന് താഴെ മാലിന്യം ശേഖരിക്കുന്ന പ്രത്യേകം അറകളുമായി ബന്ധിപ്പിച്ചിരിക്കുന്നു.

താഴത്തെ അറകള്‍ കോണ്‍ക്രീറ്റുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ട് ജലസ്രോതസ്സുകളേയോ ഭൂഗര്‍ഭജലത്തേയോ മലിനമാക്കുന്നില്ല.
മൂത്രവും മലവും പ്രത്യേകം അറകളിലാണ് ശേഖരിക്കപ്പെടുന്നത്. ഇത് സംസ്‌കരിച്ച് യൂറിയയായും വളമായും മാറ്റുന്നു.

ഒരുതവണ ഉപയോഗിച്ചാല്‍ അറയിലേക്ക് ചാരം വിതറുന്നു.

“മുസിരിയിലെങ്ങും ഒരു പ്രത്യേകതരം പുല്ല് വ്യാപകമായി വളരുന്നത് കാണാം. ഇത് ചിലപ്പോള്‍ എരിച്ച് അതിന്‍റെ ചാരമാണ് ഉപയോഗിക്കുന്നത്. ചാരം ഈര്‍പ്പം വലിച്ചെടുക്കുകയും വളമായി മാറുന്ന പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യും. ചാരത്തിന് ബാക്റ്റീരിയകളെ നശിപ്പിക്കുന്നതിനുള്ള കഴിവുമുണ്ട്,” സുബ്ബുരാമന്‍ പറയുന്നു.

മുസിരിയിലെ സമൂഹ ശുചിമുറി

പ്രദേശത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലാണ്. അതുകൊണ്ട് ഞങ്ങള്‍ താഴത്തെ അറകള്‍ തുറക്കുന്നതിന് മുമ്പ് അറ് മുതല്‍ 12 മാസം വരെ കാത്തുനില്‍ക്കും. അപ്പോഴേക്കും കംപോസ്റ്റായിട്ടുണ്ടായിരിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓരോ വര്‍ഷവും ഒരു ടോയ്‌ലെറ്റ് യൂനിറ്റ് നാനൂറ് കിലോ വളം ഉല്‍പാദിപ്പിക്കും. സമൂഹ ശുചിമുറികളില്‍ നിന്ന് 1,177 കിലോ വരെ വളം കിട്ടും. ഇത് കര്‍ഷകര്‍ക്ക് സൗജന്യമായാണ് നല്‍കുന്നത്.

പ്രദേശത്തെ ഒരുപാട് കര്‍ഷകര്‍ക്ക് ഇതൊരു വലിയ കാര്യമാണ്. നേരത്തെ യൂറിയയ്ക്കും വളത്തിനും വേണ്ടി വര്‍ഷം 20,000 രൂപ വരെ ചെലവിടേണ്ടി വരുമായിരുന്നുവെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ അതില്‍ വലിയ തോതില്‍ ചെലവ് കുറഞ്ഞിട്ടുണ്ട്.

ഈ വളം സൗജന്യമായാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്

ഓരോ ശുചിമുറി യൂനിറ്റിനും നിര്‍മ്മാണച്ചെലവ് 30,000 രൂപ വരും. സമൂഹ ശുചിമുറികള്‍ക്ക് ചെലവ് കൂടും. “തുടക്കത്തില്‍ സമൂഹ ശൗചാലയങ്ങള്‍ക്ക് ഞങ്ങള്‍ എട്ട് ലക്ഷം രൂപയാണ് ഈടാക്കിയിരുന്നത്. ഇപ്പോള്‍ അത് 15 ലക്ഷം ആയി. നിര്‍മ്മാണ വസ്തുക്കളുടെ വിലക്കയറ്റമാണ് ഈ വര്‍ദ്ധനവിന് കാരണം. ടോയ്‌ലെറ്റ് യൂനിറ്റുകളുടെ എണ്ണം കൂടുന്നതിനനുസരിച്ചും വലുപ്പം അനുസരിച്ചും ചെലവ് മാറും,” സുബ്ബുരാമന്‍ വിശദമാക്കി.


ഇതുകൂടി വായിക്കാം: കക്കൂസ് മാലിന്യം നിറഞ്ഞ, മൂക്കുപൊത്താതെ കടക്കാനാവാതിരുന്ന ഏക്കറുകണക്കിന് പാടം ഈ ചെറുപ്പക്കാര്‍ മാറ്റിയെടുത്തതിങ്ങനെ


ഈ ശുചിമുറികളെല്ലാം തന്നെ പല സന്നദ്ധസംഘടനകളുമായും കമ്പനികളുടെ സാമൂഹ്യ ഉത്തരവാദിത്വ പദ്ധതികളുമായി യോജിച്ചാണ് ഗ്രാമീണ മേഖലകളില്‍ നിര്‍മ്മിക്കുന്നത്.

1975-ല്‍ തിരുച്ചിറപ്പിള്ളി ഇ.വി.ആര്‍ കോളെജില്‍ നിന്നും ബി എസ് സി കെമിസ്ട്രി പാസായ ശേഷം സുബ്ബുരാമന്‍ തുങ്കൂരിലെ സിദ്ധാര്‍ത്ഥ കോളെജ് ഓഫ് എജ്യുക്കേഷനില്‍ നിന്ന് ബി എഡ് നേടി. 1976-ല്‍ ഗുണ്ടൂരിലെ വില്ലേജ് റീകണ്‍സ്ട്രക്ഷന്‍ ഓര്‍ഗനൈസേഷന്‍ എന്ന എന്‍ ജി ഓ-യില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. ചെലവുകുറഞ്ഞ വീടുകള്‍ നിര്‍മ്മിച്ചുനല്‍കുന്ന ഒരു സംഘടനയായിരുന്നു അത്.

ഇകോസാന്‍ ശുചിമുറിയുടെ താഴത്തെ ചേംബറുകള്‍ 6 മുതല്‍ 12 മാസം വരെ കഴിയുമ്പോള്‍ തുറക്കും. അപ്പോഴേക്കും അത് കംപോസ്റ്റും യൂറിയയുമായിട്ടുണ്ടാവും.

“ഞാന്‍ അവിടെ 16 വര്‍ഷം ജോലി ചെയ്തു. അതിന്‍റെ സ്ഥാപകന്‍ ഫാദര്‍ മൈക്കല്‍ വിന്‍ഡി ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് പ്രചോദനം നല്‍കി. അങ്ങനെയാണ് 1986-ല്‍ ഞാന്‍ സ്‌കോപ് സ്ഥാപിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

തുടക്കത്തില്‍ ഗ്രാമീണരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു സ്‌കോപ് ശ്രദ്ധിച്ചിരുന്നത്. മറ്റു പല സന്നദ്ധ സംഘടനകളുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുകയും ചെയ്തു.

പിന്നീടാണ് ശുചിത്വമേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിക്കുന്നത്. വെള്ളം കുറച്ചുമാത്രം ഉപയോഗിക്കുന്ന ടോയ്‌ലെറ്റുകളായിരുന്നു തുടക്കത്തില്‍ നിര്‍മ്മിച്ചത്. അന്ന് തുറന്ന സ്ഥലത്തെ മലവിസര്‍ജ്ജനം ഒഴിവാക്കുകയെന്നതായിരുന്നു ഉദ്ദേശം.

ചെന്നൈയില്‍ ഒരു സെമിനാറില്‍ പങ്കെടുക്കുകയും ബെല്‍ജിയത്തില്‍ നിന്നുള്ള പോള്‍ കാല്‍വെര്‍ട് എന്ന എന്‍ജിനീയറെ പരിചയപ്പെടുകയും ചെയ്തപ്പോഴാണ് ഇകോസാന്‍ ടോയ്‌ലെറ്റുകളെക്കുറിച്ച് സുബ്ബുരാമന്‍ അറിയുന്നത്.

ഇകോസാന്‍ ടോയ്ലെറ്റ് ഉപയോഗിക്കാനുള്ള ക്യൂ

“പോള്‍ അന്ന് തിരുവനന്തപുരത്ത് താമസിച്ച് തീരദേശമത്സ്യത്തൊഴിലാളികളെക്കുറിച്ച് പഠിക്കുകയായിരുന്നു. ആ ശില്‍പശാലയില്‍ അദ്ദേഹം ഇകോസാന്‍ ടോയ്‌ലെറ്റുകളെക്കുറിച്ച് വിശദമായി സംസാരിച്ചു. അങ്ങനെയാണ് 2000-ല്‍ ഞാന്‍ അതിനെക്കുറിച്ച് അറിയുന്നത്.”

തിരിച്ചുവന്ന് അദ്ദേഹം കാലിപാളയത്തില്‍ ഒരു ഇകോസാന്‍ ടോയ്‌ലെറ്റ് സ്ഥാപിച്ചു.

ഇന്ന് രാജ്യം മുഴുവനും സ്‌കോപിന്‍റെ ടോയ്‌ലെറ്റുകള്‍ ഉണ്ടെങ്കിലും ഇതുവരെയുള്ള യാത്ര വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു.

“ടോയ്‌ലെറ്റ് സൗജന്യമായി ഉപയോഗിക്കാമായിരുന്നിട്ടും ആളുകള്‍ പുറംതിരിഞ്ഞുനിന്നു,” സുബ്ബുരാമന്‍ പറയുന്നു. “പുറത്തുതന്നെ കാര്യം സാധിക്കുന്നതാണ് എളുപ്പമെന്നാണ് അന്ന് പലരും പറഞ്ഞിരുന്നത്. വെളിയിട വിസര്‍ജ്ജനത്തിന്‍റെ പ്രശ്‌നങ്ങളെക്കുറിച്ചൊന്നും അവര്‍ അത്ര കാര്യമാക്കിയിരുന്നില്ല.”

ശുചിമുറി ഉപയോഗിക്കാന്‍ പണം നല്‍കുന്നു

ആളുകളെ ശുചിമുറി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കാന്‍ സ്‌കോപ് പണവും കൊടുക്കാന്‍ തുടങ്ങി. ഒരു ദിവസം ഇകോസാന്‍ ടോയ്‌ലെറ്റ് ഉപയോഗിച്ചാല്‍ ഒരു രൂപ വെച്ചു നല്‍കുമായിരുന്നു! അങ്ങനെ നാല് വര്‍ഷം തുടര്‍ന്നു. ശുചിമുറി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു.

“ഓരോ വര്‍ഷവും 12,000 രൂപ വരെ ആളുകളെ ശുചിമുറി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കാനായി ചെലവാക്കിയിരുന്നു. നാല് വര്‍ഷം കൊണ്ട് ഞങ്ങള്‍ അതിനായി മാത്രം 48,000 രൂപ ചെലവഴിച്ചു. നെതര്‍ലാന്‍ഡ്‌സിലെ WASTE എന്ന സംഘടന ഇതിന് ഞങ്ങള്‍ക്ക് സഹായം നല്‍കി,” സുബ്ബുരാമന്‍ പറഞ്ഞു.

ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണ പരിപാടികളും നടത്തി.

ഈ വെല്ലുവിളികളൊക്കെ മറികടന്ന് സ്‌കോപ് രാജ്യത്തെ പല സംസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു. അതില്‍ UNICEF-ന്‍റെ സഹായവുമുണ്ടായിരുന്നു.

“ഞങ്ങള്‍ യുനിസെഫുമായി ചേര്‍ന്ന് ഗ്രാമീണ വികസന പദ്ധതികള്‍ ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങള്‍ ശുചിത്വമേഖലയില്‍ ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ അസ്സാം, കേരള, തമിഴ് നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാന്‍ അവര്‍ സഹായം നല്‍കി,” അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ 2018-ലെ പ്രളയത്തിന് ശേഷം നൂറോളം ഇകോസാന്‍ ശുചിമുറികള്‍ സ്‌കോപ് നിര്‍മ്മിച്ചു. യുനിസെഫുമായി ചേര്‍ന്ന് രാജ്യത്ത് 28,000 ഇകോസാന്‍ ടോയ്‌ലെറ്റുകള്‍ അവര്‍ സ്ഥാപിച്ചിട്ടുണ്ട്.

“കക്കൂസ് മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത് നമ്മുടെ നാട്ടില്‍ വലിയൊരു പ്രശ്‌നം തന്നെയാണ്. സെപ്റ്റിക് ടാങ്ക് ക്ലീന്‍ ചെയ്യേണ്ടി വരുമ്പോള്‍ അവരത് മിക്കവാറും ഏതെങ്കിലും ജലാശയത്തിലോ ആളൊഴിഞ്ഞ പ്രദേശത്തോ കൊണ്ടുപോയി തട്ടും. ഇതുണ്ടാക്കുന്ന പാരിസ്ഥിതികവും ആരോഗ്യസംബന്ധവുമായ പ്രശ്‌നങ്ങള്‍ ചില്ലറയല്ല,” സുബ്ബുരാമന്‍ ചൂണ്ടിക്കാട്ടുന്നു.

മാലിന്യസംസ്‌കരണത്തിനായി അധികാരികള്‍ രാജ്യമൊട്ടുക്കും സംസ്‌കരണ ശാലകള്‍ സ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

“വെള്ളം വേണ്ടാത്ത ഇകോസാന്‍ ശുചിമുറികള്‍ ഫലപ്രദമാണെന്നാണ് എന്‍റെ അനുഭവം. രണ്ട് തരത്തിലാണ് അതിന്‍റെ ഗുണം. ഒന്നാമതായി വെളിയിട വിസര്‍ജ്ജനം ഒഴിവാക്കാം, ജലസ്രോതസ്സുകളുടെ മലിനീകരണം കുറയ്ക്കാം.” രാജ്യം പൂര്‍ണമായും വെളിയിട വിസര്‍ജ്ജനവിമുക്തമാവുന്ന ദിവസം സ്വപ്‌നം കാണുകയാണ് അദ്ദേഹം.


ഇതുകൂടി വായിക്കാം: 50 വര്‍ഷം മുമ്പ് 7,000 ഗ്രാമീണര്‍ ചേര്‍ന്ന് 17 കിലോമീറ്റര്‍ റോഡുവെട്ടി; ഇന്ന് അവരുടെ 3,000 പിന്‍മുറക്കാര്‍ ഒറ്റദിവസം കൊണ്ട് പുഴ വൃത്തിയാക്കി, ടണ്‍ കണക്കിന് മാലിന്യം നീക്കി


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം