“എനിക്ക് പത്ത് വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു. 17 വയസ്സുള്ളപ്പോള്‍ മാതാവും. പിന്നെ മൂത്ത സഹോദരന്‍മാരാണ് വളര്‍ത്തിയത്,” മന്‍സൂര്‍ അലി കാപ്പുങ്ങല്‍, 32, പറയുന്നു.
തീരെ ചെറുപ്പത്തില്‍ തന്നെ ജീവിതം നല്‍കിയ തിരിച്ചടികളിലൊന്നും പക്ഷേ, മന്‍സൂര്‍ പതറിയില്ല. പാലക്കാട്ടെ എടത്തനാട്ടുകര എന്ന ഗ്രാമത്തില്‍ നിന്നാണ് അദ്ദേഹം വരുന്നത്. ഇപ്പോള്‍ കാസര്‍ഗോഡ് സബ് ജയില്‍ സൂപ്രണ്ടായി ജോലി ചെയ്യുന്നു.
ഇത് അദ്ദേഹത്തിന് കിട്ടിയ നിരവധി ജോലികളില്‍ ഒന്നു മാത്രം. കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ 60 പി എസ് സി പരീക്ഷകള്‍ എഴുതി. അതില്‍ 51-ലും മികച്ച റാങ്ക്. കഴിഞ്ഞ വര്‍ഷം ഹൈസ്‌കൂള്‍ അസിസ്റ്റന്‍റ് പരീക്ഷയില്‍ 9-ാമത്തെ റാങ്കായിരുന്നു.
എന്നാല്‍ തന്‍റെ പേര് റാങ്ക് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ അദ്ദേഹം കേരള പബ്ലിക് സര്‍വീസ് കമ്മീഷനോട് അപേക്ഷിച്ചു.
“ഞാന്‍ കൂടുതല്‍ മെച്ചപ്പെട്ട ഒരു റാങ്കാണ് പ്രതീക്ഷിച്ചിരുന്നത്. ഞാന്‍ കാരണം മറ്റൊരാളുടെ അവസരം കളയാന്‍ എനിക്ക് ആഗ്രഹമില്ല,” അദ്ദേഹം ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.
യു ജി സി യുടെ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റും (NET) സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റും (SET) സെന്‍ട്രല്‍ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റും (CTET)യുമെല്ലാം അദ്ദേഹം പാസായിട്ടുണ്ട്.
ഹിസ്റ്ററിയില്‍ പി.ജിയും ബി എഡും കഴിഞ്ഞതിന് ശേഷം അദ്ദേഹം ഒരു പി എസ് സി പരീക്ഷ എഴുതി. അതില്‍ പാസാവുകയും ചെയ്തു. ഇത്തിരി കഠിനാധ്വാനവും ഉറച്ച തീരുമാനവും ഉണ്ടെങ്കില്‍ പി എസ് സി കടമ്പ കടക്കുക എന്നത് അത്രയൊന്നും ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് അന്ന് അദ്ദേഹത്തിന് തോന്നി.
“പുതിയ ലക്ഷ്യങ്ങള്‍ മുന്നില്‍ വെയ്ക്കുക എന്നതും അത് നേടുക എന്നതും എനിക്കൊരു ക്രേയ്‌സായി മാറി,” അദ്ദേഹം തുറന്നുപറയുന്നു. “ഞാന്‍ മുന്‍കാലങ്ങളിലെ പി എസ് സി ചോദ്യപ്പേപ്പറുകളെടുത്തുവെച്ച് പരിശീലിക്കാന്‍ തുടങ്ങി. തുടര്‍ച്ചയായ പരിശീലനം. ഏഴാം ക്ലാസ് യോഗ്യത മാത്രം ആവശ്യമുള്ള സബ് ഇന്‍സ്‌പെക്ടര്‍ ലെവല്‍ പരീക്ഷ മുതല്‍ എല്ലാം ഞാന്‍ വിജയിക്കാന്‍ തുടങ്ങി.”
ഇതുകൂടി വായിക്കാം: ഈ 61-കാരന്‍റെ സൗജന്യ പരിശീലനത്തിലൂടെ കേന്ദ്ര-സംസ്ഥാന സര്‍വ്വീസുകളില്‍ ജോലി നേടിയത് നൂറോളം പേര്‍
അങ്ങനെയാണ് അദ്ദേഹം പി എസ് സി അടക്കമുള്ള പരീക്ഷകള്‍ പാസ്സാവാന്‍ മറ്റുള്ളവരെക്കൂടി സഹായിക്കാന്‍ തുടങ്ങിയത്. ഇന്ന് ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അദ്ദേഹം ഒരു വലിയ സഹായവും പ്രചോദനവുമാണ്. ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബ് വീഡിയോകളിലൂടെയും മന്‍സൂര്‍ അലി ആയിരക്കണക്കിന് പേര്‍ക്കാണ് പി എസ് സി വിജയമന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കുന്നത്.
Uncademy ചാനലില്‍ അദ്ദേഹത്തിന്‍റെ ഇന്‍റെറാക്റ്റീവ് വീഡിയോകള്‍ 30 ലക്ഷത്തിലധികം പേരാണ് കണ്ടത്. ഇതിന് പുറമെ PSC Thriller എന്ന ഫേസ്ബുക്ക് പേജിലെ പോസ്റ്റുകളിലൂടെ നിരവധി പേരെയാണ് അദ്ദേഹം പി എസ് സി എല്‍ ഡി സി പരീക്ഷ പാസാവാന്‍ സഹായിക്കുന്നത്.
“പണം മുടക്കി കോച്ചിങ് ക്ലാസ്സുകള്‍ക്ക് പോകാന്‍ പാടുപെടുന്ന ഒരുപാട് പേരുണ്ടെന്ന് എനിക്കറിയാം. മറ്റുപലര്‍ക്കും പി എസ് സിയുടെ സാധ്യതകള്‍ അറിയുക പോലുമില്ല. ഒരാളെയെങ്കിലും എനിക്ക് സഹായിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയൊരു കാര്യമല്ലേ,” എന്നായിരുന്നു അദ്ദേഹത്തിന്‍റെ ചിന്ത.
“മന്‍സൂര്‍ അലി സാറിന്‍റെ വീഡിയോകളും അദ്ദേഹം ആശയങ്ങള്‍ പറഞ്ഞുതരുന്നതും വളരെ വ്യത്യസ്തമായാണ്. ഒരുതവണ കണ്ടാല്‍ മനസ്സില്‍ പതിഞ്ഞു കിടക്കും. അതുകൊണ്ട് അദ്ദേഹത്തിന് ഇത്രയും ഫോളോവേഴ്‌സ് ഉണ്ടായതില്‍ അല്‍ഭുതമൊന്നുമില്ല,” അദ്ദേഹത്തിന്‍റെ വീഡിയോകളും പോസ്റ്റുകളും വിടാതെ പിന്‍തുടരുന്ന വിസ്മയ ആര്‍ പറയുന്നു.
നേരത്തെ ഇന്‍ഡ്യന്‍ റിസര്‍വ്വ് ബെറ്റാലിയനില്‍ ചേര്‍ന്ന മന്‍സൂര്‍ അലി കൂടുതല്‍ വലിയ സ്വപ്‌നങ്ങള്‍ ലക്ഷ്യമിട്ട് അഞ്ച് മാസം കഴിഞ്ഞപ്പോള്‍ രാജിവെച്ചിറങ്ങിയതാണ്. ഇപ്പോള്‍ വീണ്ടും കാക്കിക്കുപ്പായത്തിലെത്തി.
2018-ലാണ് പി എസ് സി വഴി ജയില്‍ സൂപ്രണ്ടായി നിയമനം ലഭിക്കുന്നത്. എങ്കിലും പരീക്ഷയെഴുതി കോളെജ് അധ്യാപകനാകണമെന്ന മോഹം അദ്ദേഹം വിട്ടുകളഞ്ഞിട്ടില്ല. അതിനായുള്ള കാത്തിരിപ്പിലാണ്.
“ജോലി കഴിഞ്ഞ് തിരിച്ചുപോയി ഞാന്‍ ദിവസവും രണ്ടോ മൂന്നോ പി എസ് സി ചോദ്യപ്പേപ്പറുകള്‍ ചെയ്തുനോക്കും. കഴിഞ്ഞ 13 വര്‍ഷങ്ങള്‍ക്കിടയില്‍ എന്‍റെ ഫേസ്ബുക്ക് പേജില്‍ 7,000 പി എസ് സി ചോദ്യപ്പേപ്പറുകള്‍ ഉത്തരം സഹിതം പോസ്റ്റ് ചെയ്തിട്ടുണ്ട്. 2017-ല്‍ പി എസ് സി പരീക്ഷകളില്‍ ചോദിച്ച 70% ചോദ്യങ്ങളും എന്‍റെ പേജില്‍ നേരത്തെ പോസ്റ്റ് ചെയ്തവയായിരുന്നു,” മന്‍സൂര്‍ അലി പറയുന്നു.
പി എസ് സി ചോദ്യോത്തരങ്ങള്‍ മാത്രമല്ല, ജോലി ഒഴിവുകളെപ്പറ്റിയുള്ള അറിയിപ്പുകളും പോസ്റ്റുചെയ്യാന്‍ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്.
***
മന്‍സൂര്‍ അലി കാപ്പുങ്ങലിനെ യൂട്യൂബില്‍ പിന്തുടരാം. ഫേസ്ബുക്ക് പേജ് ലിങ്ക് ഇതാണ്.
ഇതുകൂടി വായിക്കാം: പ്രദീപിന്‍റെ സൗജന്യ പി എസ് സി കോച്ചിങിലൂടെ ജോലി നേടിയത് 372 പേര്‍, റാങ്ക് ലിസ്റ്റുകളില്‍ കയറിയത് 700-ലധികം പേര്‍!
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.