22 വര്‍ഷമായി കരിക്കും തേന്‍വെള്ളവും വേവിക്കാത്ത പച്ചക്കറികളും മാത്രം ഭക്ഷണം: ഈ 61-കാരന്‍റെ സൗജന്യ പരിശീലനത്തിലൂടെ കേന്ദ്ര-സംസ്ഥാന സര്‍വ്വീസുകളില്‍ ജോലി നേടിയത് നൂറോളം പേര്‍

പുതിയ സിവില്‍ പൊലീസ് ഓഫിസര്‍, സിവില്‍ എക്സൈസ് ഓഫിസര്‍, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് തുടങ്ങിയ പ്രവേശനപരീക്ഷാ റാങ്ക് ലിസ്റ്റുകളില്‍ ബാലകൃഷ്ണന്‍ പരിശീലനം നല്‍കിയ 84 പേര്‍ ഇടം നേടിയിട്ടുണ്ട്.

ണ്ണൂര്‍ വെള്ളോറ കാര്യപ്പള്ളിയിലെ പി സി ഡൊമിനിക്കിനിപ്പോള്‍ 85 വയസ്സുണ്ട്. എല്ലാ ദിവസവും രാവിലെ അദ്ദേഹം കര്യാപ്പള്ളിയില്‍ നിന്നും ബസുപിടിച്ച് കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തിലെത്തും. രണ്ട് മണിക്കൂറിലധികം യാത്ര ചെയ്യണം അവിടെയെത്താന്‍. അതുകൊണ്ട് രാവിലെ 5.30-ന് തന്നെ ഡൊമിനിക് പുറപ്പെടും.

തൃക്കരിപ്പൂരിലെത്തുമ്പോള്‍ അവിടെ ഗ്രൗണ്ടില്‍ ഒരുപത്തിരുപത് ചെറുപ്പക്കാര്‍ എത്തിയിട്ടുണ്ടാവും കായികപരിശീലനത്തിന്. കര്‍ഷകനായ ഡൊമിനിക്കിന് വെറ്ററന്‍സ് കായികമേളകളില്‍ മത്സരിക്കണം; അതിനാണ് സ്ഥിരമായുള്ള പരിശീലനം. അവിടെക്കൂടിയിരിക്കുന്ന ചെറുപ്പക്കാര്‍ക്കാവട്ടെ പരിശീലനം ജീവിതപ്രശ്‌നമാണ്.

അധികം വൈകാതെ തന്നെ മെലിഞ്ഞുനീണ്ട ഒരു മനുഷ്യന്‍ സൈക്കിളില്‍ അവിടെയെത്തും, 61-കാരനായ ബാലകൃഷ്ണന്‍ പാലായി.

ദിവസവും കിലോമീറ്ററുകള്‍ സൈക്കിള്‍ ചവിട്ടും ഈ 61-കാരന്‍: ബാലകൃഷ്ണന്‍ പാലായി തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തിലെത്തുന്നു

അദ്ദേഹമാണ് പരിശീലകന്‍. പല പി എസ് സി പരീക്ഷകളുടെയും ആര്‍മി, പൊലീസ് തെരഞ്ഞെടുപ്പുകളുടെയും ഭാഗമായുള്ള കായികക്ഷമതാ ടെസ്റ്റുകള്‍ വിജയിക്കാനുള്ള പരിശീലനം വര്‍ഷങ്ങളായി മുടങ്ങാതെ കൊടുക്കുന്നു ഈ റിട്ടയേഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. പരിശീലനം പൂര്‍ണമായും സൗജന്യമാണ്.

കഴിഞ്ഞ ദിവസം രാവിലെ ഞങ്ങള്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തിലെത്തുമ്പോള്‍ 24 പേരുണ്ട് പരിശീലനത്തിന്. സൈനിക റിക്രൂട്ട്‌മെന്‍റിന് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളാണ് അവരെല്ലാം.  യുവാക്കള്‍ക്കൊപ്പം ഓടിയും, ഓടിച്ചും വ്യായാമമുറകള്‍ കാണിച്ചുകൊടുത്തും ഒരു കളിക്കൂട്ടുകാരനെപ്പോലെ ബാലകൃഷ്ണന്‍.


അദ്ദേഹത്തെ കണ്ടാലറിയാം അതെല്ലാം അദ്ദേഹം ശരിക്കും ആസ്വദിക്കുന്നുണ്ടെന്ന്.


“ബാലകൃഷ്ണന്‍റെ ഓട്ടത്തിന്‍റെ സ്റ്റൈല്‍ കണ്ടാണ് ഞാന്‍ ഇവിടെ പരിശീലനത്തിനെത്തിയത്,” ഡൊമിനിക് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.
“ഹൈദരാബാദില്‍ വെച്ച് മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് മീറ്റില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ബാലകൃഷ്ണനെ പരിചയപ്പെട്ടത്. സംസ്ഥാനത്തെ മികച്ച കായിക പരിശീലകനെന്നതിനുപുറമെ ഓടാന്‍ മടിയുള്ളവരെപ്പോലും മുന്‍നിരയിലെത്തിക്കുന്ന പരിശീലനതന്ത്രം ബാലകൃഷ്ണനുണ്ട്.”

ബാലകൃഷ്ണന്‍റെ ഏറ്റവും പ്രായം ചെന്ന ‘ശിഷ്യ’നാണ് ഡൊമിനിക്.

പരിശീലനത്തിനിടയില്‍: കുട്ടികളോടൊപ്പം 15 കിലോമീറ്റര്‍ വരെ ചിലപ്പോള്‍ ബാലകൃഷ്ണന്‍ ഓടും

”ഒരു ദിവസം ഞാന്‍ പതിനഞ്ച് കിലോമീറ്ററോളം ഇവര്‍ക്കൊപ്പം ഓടാറുണ്ട്. എന്നാല്‍ എനിക്കൊട്ടും ക്ഷീണം തോന്നാറില്ല,” ബാലകൃഷ്ണന്‍ പാലായി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു. “രാവിലെ മിക്ക ദിവസവും സൂര്യോദയത്തിന് 15 മിനുട്ടിനുശേഷം 10 മിനിട്ടോളം സൂര്യപ്രകാശം കൊള്ളും ഇത് എനിക്ക് നല്ല ഉന്മേഷവും ഊര്‍ജ്ജവും നല്കുന്നുണ്ട്.”

രസകരമായ കാര്യം ബാലകൃഷ്ണന്‍റെ ഭക്ഷണ രീതിയാണ്. പ്രധാന ഭക്ഷണം കരിക്കിന്‍വെള്ളമാണ്. പിന്നെ തേനും വേവിക്കാത്ത പച്ചക്കറികളും.


ജൈവനാളികേര ഉല്‍പന്നങ്ങള്‍ക്കും ഇന്‍ഡ്യയുടെ പലഭാഗങ്ങളില്‍ നിന്നുമുള്ള കാട്ടുതേന്‍, തേന്‍വിഭവങ്ങള്‍ എന്നിവ ഓണ്‍ലൈന്‍ ആയി വാങ്ങാം. സന്ദര്‍ശിക്കൂ: shop.thebetterindia.com

35-ാം വയസ്സില്‍ ബാലകൃഷ്ണന് ഗ്യാസ്‌ട്രോഈസാഫാജിയന്‍ റിഫ്‌ളക്‌സ് ഡിസീസ് എന്നൊരു രോഗം പിടിപെട്ടു. ആമാശയത്തിലെ അമ്ലരസങ്ങള്‍ അന്നനാളത്തിലേക്ക് തരിച്ചുകയറുന്ന ഒരു രോഗമാണിത്. കടുത്ത നെഞ്ചെരിച്ചില്‍, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട്, ഛര്‍ദ്ദി…അങ്ങനെ വല്ലാത്തൊരു രോഗമാണത്.

ആ രോഗമാണ് കരിക്കുജീവിതത്തിലേക്ക് എത്തിച്ചത്.

,സാധാരണ ദിവസങ്ങളില്‍ രണ്ട് കരിക്കാണ് ബാലകൃഷ്ണന്‍ കുടിക്കുക. ചിലപ്പോള്‍ മൂന്നുവരെയാകും

ആ കഥ അദ്ദേഹം തന്നെ പറയുന്നു: “ചെറുപ്പത്തിലേ ഫുട്‌ബോള്‍ പ്രേമിയായിരുന്നു. രണ്ടുവര്‍ഷം പോലീസ് കോണ്‍സ്റ്റബിളായി ജോലി ചെയ്താണ് സര്‍വ്വീസിന്‍റെ തുടക്കം. പിന്നീട് റവന്യൂ വകുപ്പില്‍ ടൈപ്പിസ്റ്റായി ജോലിക്കുകയറി. കാസര്‍ഗോഡും കാഞ്ഞങ്ങാടും കണ്ണൂരിലുമെല്ലാം ജോലി ചെയ്തു.

“ഇതിനിടയില്‍ അന്നനാളത്തെയും ആമാശയത്തെയും ബാധിക്കുന്ന ഈ മാരക രോഗത്താല്‍ വലഞ്ഞു. ഒന്നരവര്‍ഷത്തോളം തുടര്‍ച്ചയായി മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല.


ആഹാരം കഴിച്ച് അരമണിക്കൂര്‍ ആകും മുന്‍പ് ഛര്‍ദ്ദിക്കുന്ന അവസ്ഥയായതോടെ അലോപ്പതി ചികിത്സ വിട്ട് പ്രകൃതി ചികിത്സയില്‍ അഭയംതേടി.”


പലതരം ചികിത്സകള്‍ വര്‍ഷങ്ങളോളം ചെയ്തതിന് ശേഷമാണ് യാദൃച്ഛികമായി എറണാകുളത്തെ സി ആര്‍ ആര്‍ വര്‍മ്മ എന്ന പ്രകൃതി ചികിത്സകനെ കാണാനിടയായത് എന്ന് ബാലകൃഷ്ണന്‍. “ആ കൂടിക്കാഴ്ച എന്‍റെ ജീവിതത്തിന് പുതിയ ദിശാബോധം നല്‍കി. കഴിക്കുന്ന ആഹാരമെല്ലാം നിമിഷ നേരംകൊണ്ട് ശരീരം പുറംതള്ളാന്‍ തുടങ്ങിയ സാഹചര്യത്തില്‍ വര്‍മ്മാജിയാണ് കരിക്ക് പരീക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചത്. ആദ്യം കുമ്പളങ്ങാ നീരില്‍ 22 കൂവളത്തിന്‍റെ ഇലയുടെയും 15 തുളസിയിലയുടെയും നീര് പിഴിഞ്ഞ് കഴിച്ചിരുന്നു. ക്രമേണ അത് നിര്‍ത്തി കരിക്ക് സ്ഥിരാഹാരമാക്കുകയായിരുന്നു.”

ഇരുപത്തിരണ്ട് വര്‍ഷമായി കരിക്കുതന്നെയാണ് പ്രധാന ആഹാരമെന്ന് അദ്ദേഹം പറഞ്ഞു.

പരിശീലനത്തിനിടയില്‍: തെളിനീര്‍ എന്ന ഡോക്യുമെന്‍ററിയില്‍ നിന്നും ഒരു ദൃശ്യം.

ദിവസവും രണ്ടോ മൂന്നോ കരിക്കിന്‍റെ വെള്ളവും ഒന്നര ലിറ്ററോളം തേന്‍വെള്ളവും ഒരുപിടി പച്ചക്കറികളും മാത്രമാണ് ഭക്ഷണമെന്ന് ബാലകൃഷ്ണന്‍. ഈ കരുത്തിലാണ് അദ്ദേഹം രാവിലെയും വൈകീട്ടും കായികപരിശീലനം നടത്തുന്നതും കൃഷിയും കന്നുകാലിവളര്‍ത്തലുമൊക്കെ മുന്നോട്ടുകൊണ്ടുപോകുന്നതും. കണ്ണൂര്‍-കാസര്‍ഗോഡ് അതിര്‍ത്തിയോടടുത്ത് കാലിക്കടവിന് സമീപം ചന്തേരയില്‍ ആണ് അദ്ദേഹത്തിന്‍റെ വീട്.


“ഞാന്‍ രാവിലെ പരിശീലനത്തിനുശേഷം വീട്ടിലെത്തിയാല്‍ ഒരു കരിക്കിന്‍വെള്ളം കുടിച്ച് പശുവിന് പുല്ലുചെത്താന്‍ പോകും. 12 മണിയോടെ തിരിച്ചെത്തി ഒരു പിടി പച്ചക്കറി കഴിക്കും.


ഇതില്‍ പപ്പായ, കുമ്പളം, ക്യാബേജ്, വെള്ളരി എന്നിവയെല്ലാം ഉള്‍പ്പെടുത്തും. പിന്നീട് കൃഷിയിടത്തിലിറങ്ങും. 4.30 ന് മറ്റൊരു ഇളനീരുകൂടി കഴിക്കും. ഇതിനിടയില്‍ തേന്‍ വെള്ളമല്ലാതെ മറ്റൊന്നും കഴിക്കാറില്ല. ചില ദിവസങ്ങളില്‍ മാത്രം മൂന്ന് ഇളനീര്‍ കഴിക്കും,” അദ്ദേഹം പറഞ്ഞു.

“വീട്ടില്‍ ഓണത്തിനും വിഷുവിനും സദ്യയൊരുക്കുമ്പോള്‍ എനിക്ക് അവ രുചിച്ചുനോക്കണമെന്നുപോലും തോന്നാറില്ല. 35-ാം വയസ്സില്‍ രോഗ ബാധിതനായി നിരാശനായ എനിക്ക് പ്രകൃതി ജീവനം നല്കിയത് ഒരു പുനര്‍ജീവനമാണ്.”

പരിശീലനത്തിനിടയില്‍

രോഗമൊക്കെ മാറിയപ്പോള്‍ ബാലകൃഷ്ണന്‍ കായികരംഗത്ത് വീണ്ടും സജീവമായി. “50 വയസ്സിനുശേഷം കായിക രംഗത്ത് തിരിച്ചെത്തിയ എനിക്ക് സമൂഹത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അതുകൊണ്ടാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കായിക പരിശീലനം നല്‍കുന്നത്,” ബാലകൃഷ്ണന്‍ പറയുന്നു. അദ്ദേഹത്തിന് നല്ല ഉയരമൊക്കെയുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ ശരീരഭാരം 50 കിലോ മാത്രം. .

കരിക്കിന്‍ വെള്ളത്തിന്‍റെ കരുത്തില്‍ ഈ അറുപത്തൊന്നുകാരന്‍ നല്‍കുന്ന കായിക പരിശീലനത്തിന്‍റെ കൂടി ബലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍വ്വീസുകളില്‍ ഇതിനകം ജോലി നേടിയത് നൂറോളം പേര്‍. അവസാനമായി പുറത്തിറങ്ങിയ സിവില്‍ പൊലീസ് ഓഫിസര്‍, സിവില്‍ എക്സൈസ് ഓഫിസര്‍, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് തുടങ്ങിയ പ്രവേശനപരീക്ഷാ റാങ്ക് ലിസ്റ്റുകളില്‍ ബാലകൃഷ്ണന്‍ പരിശീലനം നല്‍കിയ 84 പേര്‍ ഇടം നേടിയിട്ടുണ്ട്.


ഇതുകൂടി വായിക്കാം: രാജ്യം ചുറ്റാനിറങ്ങിയ ‘ഫ്രീക്കത്തി’ അമ്മൂമ്മമാര്‍: ‘നാട്ടുകാര് നല്ലതും വെടക്കും പറയും, അതൊന്നും ഞങ്ങള് നോക്കാറില്ല’


കണ്ണൂര്‍ കളക്‌ട്രേറ്റിലെ റവന്യു വകുപ്പില്‍ നിന്ന് ഫെയര്‍ കോപ്പി സൂപ്രണ്ടായി വിരമിച്ച ബാലകൃഷ്ണന്‍റെ സൗജന്യ പരിശീലന കളരിയില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും നിരവധി യുവാക്കള്‍ എത്താറുണ്ട്. സൈന്യത്തിലും, പോലീസിലും, ഫയര്‍ഫോഴ്‌സിലും, റെയില്‍വെയിലും, വനംവകുപ്പിലും ജോലി പ്രതീക്ഷിച്ച് പരിശീലനത്തിനെത്തുന്നവര്‍ക്ക് പുറമെ സിവില്‍ സര്‍വ്വീസ് മീറ്റിന് പങ്കെടുക്കാനുള്ള പരിശീലനത്തിനും വെറ്ററന്‍ മീറ്റിനുവേണ്ടിയും നിരവധി ആളുകള്‍ എത്താറുണ്ട്.

ബാലകൃഷ്ണന്‍ പാലായിയും ശിഷ്യന്മാരും

രാവിലെ 6 മണിതൊട്ട് രണ്ട് ബാച്ചുകളിലായി 40-ഓളം പേര്‍ക്ക് തൃക്കരിപ്പൂര്‍ സ്റ്റേഡിയത്തിലും വൈകിട്ട് 4.30 മുതല്‍ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍, ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിച്ച് കാത്തിരിക്കുന്ന വനിതകള്‍ക്കും ബാലകൃഷ്ണന്‍ പരിശീലനം നല്കുന്നുണ്ട്. 1,600 മീറ്റര്‍ ഓട്ടം അഞ്ചര മിനിറ്റുകൊണ്ട് ഫിനിഷ് ചെയ്യാന്‍ ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുകയാണ് ഇദ്ദേഹത്തിന്‍റെ ലക്ഷ്യം.

തൃക്കരിപ്പൂര്‍ പരിശീലന കളരിയിലേക്ക് പയ്യന്നൂര്‍ ഒളവറയില്‍ നിന്ന് 40 കിലോമീറ്റര്‍ സഞ്ചരിച്ചെത്തുന്ന സുബീഷ് പറയുന്നു: “ഏറ്റവും പിന്നിലുള്ളവരെപ്പോലും ശ്രദ്ധിക്കാന്‍ ബാലകൃഷ്ണന്‍സാറിന് കഴിയുന്നു. ശരീര ഭാരം കൊണ്ട് ഒരു തവണപോലും പുഷ്-അപ് എടുക്കാന്‍ കഴിയാതിരുന്ന എനിക്ക് പ്രചോദനമായത് ഈ പരിശീലനകേന്ദ്രമാണ്.”

പല സ്ഥലങ്ങളിലും പണംകൊടുത്ത് പരിശീലനത്തിനുപോയി കായികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്ക് ഒരാശ്വാസമാണ് ഈ കേന്ദ്രമെന്ന് ഇവിടെനിന്നും പരിശീലനം പൂര്‍ത്തിയാക്കി പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ച നീലേശ്വരത്തെ രഞ്ജിത്ത് പറഞ്ഞു.

രോഗം മാറാന്‍ കരിക്കിന്‍ വെളളത്തിലേക്ക് മാറിയെങ്കിലും കായികതാരമെന്ന പേരുമാറ്റാന്‍ ബാലകൃഷ്ണന്‍ ഒരുക്കമായിരുന്നില്ല. അതുകൊണ്ട് പുലര്‍ച്ചെ തുടങ്ങുന്ന ഓട്ടത്തിനും നടത്തത്തിനുമൊപ്പം വ്യായാമങ്ങളും ദിനചര്യയുടെ ഭാഗമാക്കി. പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേല്‍ക്കും. രണ്ടുഗ്ലാസ്സ് വെള്ളത്തില്‍ നാല് ടീ സ്പൂണ്‍ തേനൊഴിച്ച് ഒരു തുള്ളി നാരങ്ങ നീരും കൂടിയൊഴിച്ച് കുടിച്ചാണ് കായികപരിശീലനത്തിന് ഗ്രൗണ്ടിലെത്തുന്നത്.

കഴിയുന്നിടത്തോളം കാലം കായിക പരിശീലന രംഗത്ത് ഉറച്ച് നില്‍ക്കണമെന്നാണ് ഈ അറുപത്തൊന്നുകാരന്‍റെ ആഗ്രഹം.


ഒന്നും രണ്ടും തവണയല്ല ആറുവര്‍ഷത്തോളം സംസ്ഥാന സിവില്‍ സര്‍വ്വീസ് കായിക മേളയില്‍ താരമായിരുന്നു ഈ കരിക്കുപ്രേമി.


2009 മുതല്‍ 2014 വരെ സിവില്‍ സര്‍വ്വീസ് കായികമേളയില്‍ 10000, 5000, 1500 മീറ്റര്‍ ഓട്ടത്തില്‍ ബാലകൃഷ്ണന്‍ തന്നെയായിരുന്നു സംസ്ഥാനത്ത് ഒന്നാമത്. ആറുവര്‍ഷവും സംസ്ഥാനത്തിന്‍റെ ജഴ്‌സിയണിഞ്ഞ് ദേശീയതലത്തിലും തിളങ്ങി.

ഏഴുവര്‍ഷം മുമ്പ് മലേഷ്യയില്‍ നടന്ന വെറ്ററന്‍സ് ഏഷ്യാഡിലും കരിക്കുംവെള്ളക്കാരന്‍ 150 പേരോട് മാറ്റുരച്ചു. 10 കിലോമീറ്റര്‍ റോഡ് റെയ്‌സില്‍ ആദ്യത്തെ 15 പേരില്‍ ഒരാളായി ഫിനിഷ് ചെയ്ത് ട്രോഫി കരസ്ഥമാക്കി. അവിടെയും കരിക്ക് തന്നെയായിരുന്നു ആഹാരം എന്ന് ബാലകൃഷ്ണന്‍.

ഒരിക്കല്‍ ചണ്ഡിഗഡില്‍ ഒരു കായികമത്സരത്തിന് പോയ കഥ അദ്ദേഹം ഓര്‍ക്കുന്നു. കൂടെയുണ്ടായിരുന്ന യുവാവിന് അവിടെയെത്തിയപ്പോള്‍ ഭക്ഷണമൊന്നും പിടിക്കുന്നില്ല. ഒന്നുംകഴിക്കാന്‍ വയ്യാതായപ്പോള്‍ അയാള്‍ മത്സരത്തില്‍ നിന്നുതന്നെ പിന്‍വാങ്ങി. കരിക്കെവിടെയും കിട്ടുമല്ലോ. അതുകൊണ്ട് ബാലകൃഷ്ണന് പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. “ഞാന്‍ ആ മത്സരത്തില്‍ എട്ടാമത് ഫിനിഷ് ചെയ്യുകയും ചെയ്തു,” ബാലകൃഷ്ണന്‍ ചിരിക്കുന്നു.

2017-ല്‍ മൈസൂരില്‍ നടന്ന ദേശീയ വെറ്ററന്‍സ് ചാമ്പ്യന്‍ഷിപ്പിലെ 5 കിലോമീറ്റര്‍ നടത്തത്തിലും 10,000 മീറ്റര്‍, 5,000 മീറ്റര്‍ ഓട്ടത്തിലും ബാലകൃഷ്ണനാണ് ഒന്നാമതെത്തിയത്.

റിട്ടയേര്‍ഡ് സ്‌കൂള്‍ അധ്യാപികയായ ഭാര്യ ഗൗരി ബാലകൃഷ്ണന് എല്ലാ പിന്തുണയും നല്കുന്നുണ്ട്. 2012-ലും 2014-ലും കേരളത്തിനുവേണ്ടി സന്തോഷ് ട്രോഫി കളിച്ചിരുന്നു മകന്‍ അനഘ്. ഇപ്പോള്‍ പോസ്റ്റല്‍ അസിസ്റ്റന്‍റായി കാഞ്ഞങ്ങാട് ജോലി ചെയ്യുന്നു. രണ്ടാമത്തെ മകന്‍ ആശിഷും ഫുട്‌ബോള്‍ താരമാണ്. പയ്യന്നൂര്‍ കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. പിതാവിനൊപ്പം ചില ദിവസങ്ങളില്‍ പരിശീലനം നല്‍കാന്‍ ഇവരും എത്താറുണ്ട്. ഒരുകാലത്ത് വനിതകളുടെ പ്രതീക്ഷയായിരുന്ന വനിതാ ഫുട്‌ബോളിന് പരിശീലനം നല്‍കിയ ഗ്രാന്‍സിന്‍ ആര്‍ട്‌സ് ആന്‍റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്‍റെ വൈസ് പ്രസിഡന്‍റുകൂടിയായിരുന്നു ഭാര്യ ഗൗരി.


ഇതുകൂടി വായിക്കാം: എട്ടുവയസ്സില്‍ അമ്മ ഉപേക്ഷിച്ചു, ഇരട്ടി പ്രായമുള്ള ഒരാളുടെ നാലാം ഭാര്യയായി, 26-ാം വയസ്സില്‍ വിധവ: ഇന്ന് ആയിരങ്ങളെ സ്പര്‍ശിക്കുന്ന കാരുണ്യത്തിന്‍റെ കരുത്ത്


പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്കുവേണ്ടി കായിക പരിശീലനത്തിന് എത്തിയ യുവാക്കള്‍ ബാലകൃഷ്ണനെക്കുറിച്ച് ഒരു ഡോക്യുമെന്‍ററി ചെയ്തിട്ടുണ്ട്. ലിനീഷ് കോതിരി ആണ് ഡോക്യുമെന്‍ററിയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

തെളിനീര്‍ എന്നാണ് ഡോക്യുമെന്‍ററിക്ക് അവര്‍ പേരിട്ടത്. അദ്ദേഹത്തിന്‍റെ ജീവിതത്തെക്കുറിക്കാന്‍ ഇതിലും നല്ലൊരു പേര് വേറെ എന്തുണ്ട്!?

തെളിനീര്‍ എന്ന ഡോക്യുമെന്‍ററി കാണാം:

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം