മാത്തുക്കുട്ടി എന്ന പേരു കേള്‍ക്കുമ്പോള്‍ ഒരു സത്യന്‍ അന്തിക്കാട് കഥാപാത്രത്തിന്‍റെ ഗെറ്റപ്പും തോളിലെ തോര്‍ത്തുമുണ്ടും മാടിക്കുത്തിയ കൈലിയും കയ്യിലൊരു കയറും, കയറിനറ്റത്തൊരു പശുവും ഒക്കെ ഓര്‍മ്മ വരുന്നുണ്ടോ (അതോ അതു നമ്മുടെ മാത്രം തോന്നലാണോ?)
ഇത് പാലാ മരങ്ങാട്ടുപ്പള്ളിക്കാരന്‍ മാത്തുക്കുട്ടി. പാലായെന്ന് കേട്ടപ്പോഴേക്കും അന്തിക്കാട് സിനിമയുടെ സെറ്റൊന്നും മനസ്സില്‍ നിന്ന് മാറ്റണ്ട. ഏകദേശം അതുപോലൊക്കെത്തന്നെയാണ് ഈ യുവതാരവും.
ഫ്‌ളാഷ് ബാക്കിലാണ് കഥ തുടങ്ങുന്നത്. ശമ്പളവും ഇന്‍സെന്റീവുമെല്ലാം ചേര്‍ത്ത് ഒന്നേകാല്‍ മുതല്‍ ഒന്നരലക്ഷം വരെ മാസം ബാങ്കിലെത്തും. കമ്പനി വക ആഢംബരക്കാറുകളില്‍ യാത്ര.. ഒഫീഷ്യല്‍ മീറ്റിങ്ങുകള്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍… ഇങ്ങനെയൊക്കെയായിരുന്നു മാത്തുക്കുട്ടിയുടെ ജീവിതം, പഠനം കഴിഞ്ഞിറങ്ങിയതുമുതല്‍. ഇതില്‍ കൂടുതലെന്ത് വേണം…?
ഇതുകൂടി വായിക്കാം: പത്രപ്രവര്‍ത്തനമോ മീന്‍വളര്‍ത്തലോ? മലപ്പുറംകാരന്‍ ഷഫീക്കിന്‍റെ തീരുമാനം ഇതായിരുന്നു
ഇതൊന്നും സിനിമയിലല്ല.. കോളെജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ കമ്പനി പൊക്കിക്കൊണ്ടുപോയതാണ് മാത്തുക്കുട്ടിയെ, ലക്ഷ്വറി ലൈഫിലേക്ക്. ലാന്‍ഡ് റോവറില്‍ നിന്ന് അടുത്ത ജോലി ബി എം ഡബ്ല്യുവില്‍. അവിടെയും ആഢംബരത്തിന് ഒരു കുറവുമില്ല.
അവധിക്ക് വീട്ടില്‍ വരുമ്പോള്‍ എന്തൊക്കെയോ മിസ് ചെയ്യുന്ന പോലെ തോന്നിയിട്ടുണ്ട്, എന്ന് മാത്തുക്കുട്ടി.
ആരും മോഹിച്ചു പോകുന്ന ആ ജീവിതം. പക്ഷേ, 25 വയസ്സായപ്പോഴേക്കും മാത്തുക്കുട്ടിക്ക് മടുത്തു. മരങ്ങാട്ടുപ്പള്ളിയിലെ വാഴത്തോട്ടത്തിലെ തണുപ്പ് ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ എ സി റൂമിനില്ലെന്ന തോന്നല്‍… റൂംഫ്രെഷ്‌നറിന്‍റെ ഗന്ധം വയലിലെ ചേറുമണത്തിനോളം വരില്ലെന്ന ഒരു വിചാരം. “അവധിക്ക് വീട്ടില്‍ വരുമ്പോള്‍ എന്തൊക്കെയോ മിസ് ചെയ്യുന്ന പോലെ തോന്നിയിട്ടുണ്ട്,” എന്ന് മാത്തുക്കുട്ടി.
റൊമാന്‍റിസവും നൊസ്റ്റാള്‍ജിയയും ഇത്തിരി കൂടിപ്പോയില്ലേ എന്ന് തോന്നുന്നുണ്ടെങ്കില്‍ നമുക്ക് തെറ്റി; കടുത്ത പ്രായോഗികവാദിയാണ് മാത്തുക്കുട്ടി. ചുമ്മാ കൃഷിയെന്നും പറഞ്ഞ് തൂമ്പായുമെടുത്തിറങ്ങിയാല്‍ എട്ടിന്‍റെ പണി കിട്ടുമെന്ന് പുള്ളിക്കാരനറിയാം. (ചുമ്മാതാണോ എം ബി എ പാസാവുമ്പോഴേക്കും ലാന്‍ഡ് റോവറുകാര്‍ വന്ന് കൊത്തിക്കൊണ്ടുപോയത്…!?)
സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും വലിയൊരു കൃഷി ലോകം സൃഷ്ടിച്ചിരിക്കുകയാണ് 29കാരനായ ഈ ചെറുപ്പക്കാരന്‍.
പഠിച്ചതിന് അനുസരിച്ച് ജോലി കിട്ടിയില്ല, കിട്ടിയ ജോലിയ്ക്കാകട്ടെ ശമ്പളം കുറവാണ് എന്നൊക്കെ പരിതപിക്കുന്ന അസുഖമുണ്ടെങ്കില്‍ ഒറ്റത്തവണ ഈ മാത്തുക്കുട്ടിയെ കണ്ടു സംസാരിച്ചാല്‍ മതി. ഈ ചെറുപ്പക്കാരന്‍റെ ജീവതാളം നിറയുന്ന കൃഷിയെക്കുറിച്ച് അറിഞ്ഞാല്‍ മതി… എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉടനടി പരിഹാരമുണ്ടാകും.
സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും വലിയൊരു കൃഷി ലോകം സൃഷ്ടിച്ചിരിക്കുകയാണ് 29കാരനായ ഈ ചെറുപ്പക്കാരന്‍. ടി ജെ ടി ഫാം എന്നാണ് മാത്തുക്കുട്ടിയുടെ സംയോജിത കൃഷിഭൂമിയുടെ പേര്.
ഇതുകൂടി വായിക്കാം: ‘ലൈക്കു’കളുടെ കളക്ഷന്‍ റെക്കോഡ് തകര്‍ത്ത് സ്വന്തം ആനവണ്ടി
കാറ്റിന് പോലും റബറിന്‍റെ മണമുള്ള പാലായിലെ മരങ്ങാട്ടുപ്പള്ളിയിലെ തെങ്ങുംതോട്ടത്തില്‍ മാത്തുക്കുട്ടിയുടെ വീട്ടില്‍ തെങ്ങ് മാത്രമല്ല. മാവും പ്ലാവും കവുങ്ങും ജാതിയും കോഴിയും പന്നിയും ആടും തറാവും മീനും പടവലവും ചീരയും കപ്പയും നെല്ലും വരെയുണ്ട്. പതിനെട്ട് ഏക്കറിന്‍റെ വിശാലതയില്‍ ഒത്തൊരുമയോടെ മൃഗങ്ങളും പക്ഷികളും മത്സ്യവുമൊക്കെ മനുഷ്യനോട് സ്‌നേഹം പങ്കിട്ട് ജീവിക്കുകയാണിവിടെ. ടോമിയുടെയും മോളിയുടെയും രണ്ട് ആണ്‍മക്കളില്‍ ഇളയവനാണ് മാത്തുക്കുട്ടി.
2012ല്‍ എംബിഎ പൂര്‍ത്തിയാക്കി തൊട്ടടുത്ത വര്‍ഷം ക്യാംപസ് ഇന്‍റര്‍വ്യൂവിലൂടെ ജഗ്വാര്‍ കമ്പനിയില്‍ ജോലിക്ക് കയറി. അവിടെ നിന്ന് ബിഎംഡബ്ല്യൂവിലേക്ക്… ശമ്പളവും ഇന്‍സെന്‍റീവും അടക്കം ഏതാണ്ട് ഒന്നര ലക്ഷം രൂപ മാസവരുമാനം ഉണ്ടായിരുന്നു. ആ ജോലി ഉപേക്ഷിച്ചാണ് കുടുംബഭൂമിയില്‍ കൃഷി ആരംഭിക്കുന്നത്.
സാധാരണ എല്ലാവരും ലക്ഷ്വറി ലൈഫില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണല്ലോ.. പക്ഷേ അതിലേക്ക് എത്തിയപ്പോഴും അതിലൊന്നും കാര്യമില്ല.. നമ്മുടെ പഴയ കൃഷിയും നാടുമൊക്കെയാണ് നല്ലതെന്നു തോന്നി
”ലാന്‍ഡ് റോവറിലും ബിഎംഡബ്ല്യൂ കമ്പനിയിലുമായി മൂന്നു വര്‍ഷക്കാലം ജോലി ചെയ്തു. ട്രെയ്‌നിങ്ങും കസ്റ്റമറിനെ കാണലുമൊക്കെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍.. അങ്ങനെ അടിപൊളിയായിരുന്നു. സാധാരണ എല്ലാവരും ലക്ഷ്വറി ലൈഫില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണല്ലോ..അതൊക്കെയാണല്ലോ സാധാരണ പലരുടെയും കണ്‍സപ്റ്റ്. പക്ഷേ അതിലേക്ക് എത്തിയപ്പോഴും അതിലൊന്നും കാര്യമില്ല.. നമ്മുടെ പഴയ കൃഷിയും നാടുമൊക്കെയാണ് നല്ലതെന്നു തോന്നി തുടങ്ങി. അങ്ങനെ കൃഷിയിലേക്ക് വരുന്നത്.” മാത്തുക്കുട്ടി പറഞ്ഞു തുടങ്ങി.
”കൃഷിയുടെ ആദ്യകാലങ്ങളില്‍ ഏതാണ്ട് ഒരു കൊല്ലത്തോളം കൃഷി പഠിക്കാനാണ് ശ്രമിച്ചത്. നാട്ടില്‍ മാത്രമല്ല ഇതരനാടുകളിലൂടെയും സഞ്ചരിച്ചു. പഞ്ചാബിലും കൃഷിയെക്കുറിച്ച് പഠിക്കാന്‍ പോയിട്ടുണ്ട്.. കൃഷി പഠിക്കാന്‍ പഞ്ചാബിലേക്ക് പോയതിനു കാരണമുണ്ട്. കൃഷി ചെയ്യാനുള്ള തീരുമാനം എടുത്ത ശേഷം നാട്ടിലെ പല കൃഷിയിടങ്ങളും ഫാമുകളും സന്ദര്‍ശിച്ചു.
“എന്നാല്‍ ഇവിടങ്ങളില്‍ നിന്നൊന്നും പോസിറ്റീവായ റിപ്ലൈ കിട്ടിയില്ല. റോള്‍ മോഡല്‍ ആക്കാനൊന്നും ആരെയും കിട്ടിയില്ല. പഞ്ചാബില്‍ കൂട്ടുകാരുണ്ട്.. അവര് പറഞ്ഞ് കേട്ടിട്ടുണ്ട്.. കൃഷി പാരമ്പര്യമുള്ള നാട് ആണെന്നും കുറേ കര്‍ഷകരുണ്ടെന്നൊക്കെ കേട്ടിട്ടുണ്ട്.. സുഹൃത്തിനെ വിളിച്ചപ്പോ അവന്‍ ധൈര്യമായി വന്നോളൂ എന്നാ പറഞ്ഞത്. രണ്ട് മാസക്കാലം അവിടുത്തെ കൃഷിയിടങ്ങളിലൂടെ സഞ്ചരിച്ചു. അതൊക്കെ കണ്ടപ്പോ ഇവിടെ എന്ത് കൊണ്ട് ചെയ്ത് കൂടാ എന്നാണ് തോന്നിയത്.”
ഇതുകൂടി വായിക്കാം: ബി ടെക്കുകാരനും ഹാന്‍ഡ്‌ബോള്‍ താരവും കൂണ്‍ കൃഷിയില്‍ നിന്ന് നേടുന്നത് മാസം 4 ലക്ഷം രൂപ
”നാട്ടിലെത്തിയ ശേഷം ചെറിയ രീതിയില്‍ പച്ചക്കറി കൃഷി തുടങ്ങി.. ഒരേ പോലുള്ള കൃഷിയാണ് ചെയ്തത്. പക്ഷേ ഒരേ ടൈപ്പ് കൃഷിവിളകള്‍ക്ക് മാര്‍ക്കറ്റ് കണ്ടെത്തുന്നത് ശ്രമകരമായി തോന്നി. പിന്നെ പലതരം പച്ചക്കറികള്‍ ചെയ്തു തുടങ്ങി.. അതൊക്കെയും ഇവിടെ തന്നെ വില്‍ക്കാനും തുടങ്ങി. ജൈവകൃഷിയിലൂടെ ഉണ്ടാക്കുന്ന പച്ചക്കറികള്‍ക്ക് ആവശ്യക്കാര്‍ വന്നു തുടങ്ങി. പക്ഷേ വലിയ വരുമാനമൊന്നും ഇതില്‍ നിന്നു കിട്ടി തുടങ്ങിയില്ല.
ഇവിടെയൊക്കെ തൊണ്ണൂറു ശതമാനത്തിലേറെയും ഇറച്ചി കഴിക്കുന്നവരാണ്. അങ്ങനെയാണ് മെല്ലെ ബ്രോയിലര്‍ ഇറച്ചി കോഴി വളര്‍ത്തല്‍ ആരംഭിക്കുന്നത്. അത് ക്ലിക്കായി.
“അങ്ങനെയാണ് സംയോജിത കൃഷിയിലേക്ക് എത്തുന്നത്. കോട്ടയം ജില്ലയില്‍ മാംത്സ്യത്തിന് ആവശ്യക്കാരേറെയാണ്. ഇവിടെയൊക്കെ തൊണ്ണൂറു ശതമാനത്തിലേറെയും ഇറച്ചി കഴിക്കുന്നവരാണ്. അങ്ങനെയാണ് മെല്ലെ ബ്രോയിലര്‍ ഇറച്ചി കോഴി വളര്‍ത്തല്‍ ആരംഭിക്കുന്നത്. അത് ക്ലിക്കായി..
“ഡ്രസ് ചെയ്ത് ക്വാളിറ്റിയുള്ള ഇറച്ചി വില്‍ക്കാന്‍ തുടങ്ങി. 500 കോഴികളായിരുന്നു തുടക്കത്തില്‍. ഇപ്പോള്‍ 7,000 കോഴികളുണ്ട്. ലോലിപോപ്പ്, ഡ്രംസ്റ്റിക് എന്നിവയ്ക്കായി നിത്യേന രണ്ടര മുതല്‍ മൂന്നര ടണ്‍ മാംസമാണ് ചിക്കന്‍ പ്രോസസിങ് യൂണിറ്റില്‍ നിന്നും പോകുന്നത്. ഹോട്ടലുകള്‍, കാറ്ററിങ്, ഹോസ്റ്റലുകള്‍ ഇവിടെയൊക്കെ വിതരണം ചെയ്യുന്നുണ്ട്. ഇവിടെ ഏതാണ്ട് 35 കിലോമീറ്റര്‍ ചുറ്റളവില്‍ നമ്മളാണ് ചിക്കന്‍ വിതരണം ചെയ്യുന്നത്. പുറത്ത് നിന്നും ചിക്കനെടുക്കുന്നുമുണ്ട്,” മാത്തുക്കുട്ടി പറയുന്നു.
ഇറച്ചിക്കോഴിയ്ക്ക് പിന്നാലെ മാത്തുക്കുട്ടി പിഗ് ഫാം ആരംഭിച്ചു. നാലു പന്നിക്കുഞ്ഞുങ്ങളുമായി തുടങ്ങിയ പിഗ് ഫാമില്‍ 200 പന്നികളുണ്ട് ഇപ്പോള്‍. കോഴി ഇറച്ചിയുടെ വേസ്റ്റുകള്‍ പന്നികള്‍ക്ക് ഭക്ഷണമായി. അതോടെ ചിക്കന്‍ വേസ്റ്റ് എങ്ങനെ കളയുമെന്ന ടെന്‍ഷനും പോയി. സംയോജിത കൃഷിയാണ് ഫോളോ ചെയ്യുന്നത്. ഗുണമേന്മയില്‍ ഒരു മാറ്റവും വരുത്താതെ ചെലവ് ചുരുക്കിയാണ് മാത്തുക്കുട്ടിയുടെ കൃഷി. കോഴിയും പന്നിയും മാത്രമല്ല ഇപ്പോള്‍ മാത്തുക്കുട്ടിയുടെ ഫാമിലുള്ളത്.
മുപ്പതോളം പോത്ത്, 40 ആട്, അഞ്ച് കുളങ്ങളിലായി ഇരുപതിനായിരത്തിലേറെ മത്സ്യം, 250 തറാവ്, നൂറിലേറെ നാടന്‍ കോഴികള്‍..
മുപ്പതോളം പോത്ത്, 40 ആട്, അഞ്ച് കുളങ്ങളിലായി ഇരുപതിനായിരത്തിലേറെ മത്സ്യം, 250 തറാവ്, നൂറിലേറെ നാടന്‍ കോഴികള്‍.. ഇതിനൊപ്പം പറമ്പ് നിറയെ ഫലവൃക്ഷങ്ങളുമുണ്ട്. മാവ്, പ്ലാവ്, പേര, റംമ്പൂട്ടാന്‍, ചാമ്പ പിന്നെ തെങ്ങ്, ജാതി, കവുങ്, കപ്പ ഇതൊക്കെയുമുണ്ട്.
രണ്ടര ഏക്കറില്‍ നെല്‍കൃഷിയും പച്ചക്കറി കൃഷി വേറെയുമുണ്ട്. സീസണ്‍ അനുസരിച്ച് പച്ചക്കറി കൃഷി മാറിക്കൊണ്ടിരിക്കും. എന്നാല്‍ ഒരു ഏഴ് തരം മിനിമം എന്നുമുണ്ടാകും. ചീര, വെണ്ട, പാവല്‍, കോവല്‍, പടവലം, തക്കാളി, വഴുതന ഇതൊക്കെ എന്നും കൃഷിയുണ്ടാകുമെന്നും മാത്തുക്കുട്ടി. ഇതിനൊപ്പം അലങ്കാര പക്ഷികളും കോഴികളും ഈ ഫാമിലുണ്ട്. താറാവും ടര്‍ക്കിയും വാത്തയും മുയലുമൊക്കെ ചേര്‍ന്ന് മാത്തുക്കുട്ടിയുടെ പതിനെട്ടേക്കര്‍ പുരയിടം സസ്യ-ജന്തു സാന്ദ്രതയില്‍ മറ്റേത് ഫാമിനെയും വെല്ലും.
ഇതുകൂടി വായിക്കാം: കുന്നിലും പാടത്തും ഓടുന്ന നാലുചക്ര വാഹനം 3,000 രൂപയ്ക്ക്: ആക്രിയില്‍ നിന്ന് ബൈക്കുണ്ടാക്കിയ 17-കാരന്‍
”പറമ്പിന്‍റെ വിവിധ ഇടങ്ങളിലായി മീന്‍ വളര്‍ത്തുന്നതിന് അഞ്ച് വലിയ കുളങ്ങളാണുള്ളത്. ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നു ലഭിച്ച ശുദ്ധജല മത്സ്യങ്ങളാണ് ഇവിടെ നീന്തിതുടിക്കുന്നത്. പന്നിഫാമിലെ വേസ്റ്റാണ് മീനുകളുടെ പ്രധാന ഭക്ഷണം. പന്നിഫാം വേസ്റ്റ് എങ്ങനെ സംസ്‌കരിക്കുമെന്നതിനെക്കുറിച്ച് ആലോചിച്ചപ്പോഴാണ് മീന്‍ വളര്‍ത്തലിലേക്ക് വരുന്നത്. പച്ചക്കറി കൃഷിയില്‍ ഓപ്പണ്‍ കൃഷിക്ക് പുറമേ മഴമറ കൃഷിയുമുണ്ട്. ഓപ്പണ്‍ ഡ്രിപ്പ് ഇറിഗേഷന്‍ ഹൈടെക് രീതിയാണ് സ്വീകരിച്ചിരിക്കുന്നത്,” യുവകര്‍ഷകന്‍ പറയുന്നു.
”ചിക്കന്‍ വേസ്റ്റും പന്നി ഫാമിലെ മാലിന്യവും ആടിന്‍ കാട്ടവും കോഴിക്കാഷ്ടവുമൊന്നും ഇവിടെ മാലിന്യമായി ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല. സീറോ ശതമാനം വേസ്റ്റ് ആണിവിടെ. ഒരു സാധനവും വേസ്റ്റില്ല.
കോഴിയെ വളര്‍ത്തി വലുതാക്കുന്നു.. ഇവിടെ തന്നെ പ്രോസസ് ചെയ്യുന്നു.. ആ വേസ്റ്റ് ലിക്വിഡ് വേസ്റ്റ് ബയോഗ്യാസ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.
“അതിന്‍റെ സ്ലറി ചെടിക്ക് വെള്ളത്തിനൊപ്പം തളിക്കുന്നു. ഇനി ഖരമാലിന്യങ്ങളും ഇവിടെ പന്നികള്‍ക്കും മത്സ്യത്തിനും നല്‍കുന്നു.. മാലിന്യം ഒരു പ്രശ്‌നമല്ല. ഇവിടെ വേസ്റ്റുകള്‍ മറ്റൊരു പ്രൊഡക്റ്റിന്‍റെ റോ മെറ്റീരിയല്‍ ആകുന്നു. ഇതിലൂടെ ചെലവും കുറയും. വേസ്റ്റ് കളയാന്‍ പ്രത്യേകം സ്ഥലം വേണ്ടി വരുന്നില്ല. എല്ലാ കൃഷിയും ഇങ്ങനെ തന്നെയാണ്.. വാഴക്കൃഷിയാണെങ്കില്‍ കൊല വെട്ടി വില്‍ക്കുന്നു. വാഴ ഇല മുയലിന്. പിണ്ടിയും മറ്റും പോത്തിന്‍റെയും ആടിന്‍റെയും ഭക്ഷണം. ഇനിയും ബാക്കി വരുന്നത് കംപോസ്റ്റ് വളമാക്കുന്നു. കംപോസ്റ്റ് വളം വില്‍പ്പനയുമുണ്ട്. ”
കൃത്യ സമയത്ത് ഡ്യൂട്ടിക്ക് കയറും എന്നൊന്നുമില്ല.. ഇതൊരു ആസ്വദിച്ച് ചെയ്യുന്ന പ്രസ്ഥാനമാണ്. ഈ ഫാമിലെ കോഴിയും ആടും തറാവും പന്നിയും പച്ചക്കറിയും മീനും മുയലുമെല്ലാം എന്‍റെ ജീവിതമാണ്.
എത്ര സമയം കൃഷിയിടത്തിലുണ്ടാകുമെന്ന എന്‍റെ ചോദ്യം കേട്ട് മാത്തുക്കുട്ടി ചിരിക്കുന്നു.. ”ഏതു നേരവും ഞാന്‍ ഇവിടെ തന്നെയുണ്ടാകും.. ഇതൊരു രാവിലെ ആരംഭിച്ച് വൈകുന്നേരം തീരുന്നതല്ല. ഫുള്‍ ടൈം വര്‍ക്കിങ് ആണ് ഫാം. ചിലപ്പോള്‍ പുലര്‍ച്ചെ നാലു മണിക്ക് ആരംഭിക്കും. ചിലപ്പോള്‍ തീരുന്നതാകും വെളുപ്പിന് നാലിന്. കൃത്യ സമയത്ത് ഡ്യൂട്ടിക്ക് കയറും എന്നൊന്നുമില്ല.. ഇതൊരു ആസ്വദിച്ച് ചെയ്യുന്ന പ്രസ്ഥാനമാണ്. ഈ ഫാമിലെ കോഴിയും ആടും തറാവും പന്നിയും പച്ചക്കറിയും മീനും മുയലുമെല്ലാം എന്‍റെ ജീവിതമാണ്. ഞാന്‍ ഒറ്റയ്ക്കല്ല കൃഷിയിടത്തില്‍. അപ്പന്‍ ടോമിയും അമ്മ മോളിയും ചേട്ടന്‍ സിജിന്‍, ചേട്ടത്തി ജോമിയുമുണ്ട് എല്ലാത്തിനും കൂടെ. സഹായത്തിന് ആറേഴ് ആളുകളുമുണ്ട്. ഇവരുടെയൊക്കെ പിന്തുണയോടെയാണ് കൃഷി നന്നായി പോകുന്നത്. ”
ഇതുകൂടി വായിക്കാം: മെറ്റനോയ: 8 പണിക്കാര്‍ 8 ദിവസം കൊണ്ട് ഒന്നരലക്ഷം രൂപയ്ക്ക് പണിത റിസോര്‍ട്ടിന്‍റെ ഉടമ
”എംബിഎയില്‍ ഫസ്റ്റ് ചോയിസ് സെക്കന്‍ഡ് ചോയിസ് എന്നൊക്കെയുണ്ട്.. എച്ച് ആര്‍, മാര്‍ക്കറ്റിങ്ങ് ഇങ്ങനെയൊക്കെ. എന്നാല്‍ ഇവിടെ ചോയ്‌സ് പണമാകരുത്. പണം മാത്രമാണ് ചോയിസ് എങ്കില്‍ കൃഷിയിലേക്ക് ഇറങ്ങരുത്.. പണം ലക്ഷ്യമാക്കരുത്. പണം ഉണ്ടാക്കാന്‍ വേറെ ഒത്തിരി മാര്‍ഗങ്ങളുണ്ട്. എന്‍റെ അഭിപ്രായത്തില്‍ മനുഷ്യന് ഏറ്റവും പ്രധാനപ്പെട്ടത് ശുദ്ധ വായു, ഭക്ഷണം, നല്ല വെള്ളം, കുടുംബം ഇതൊക്കെയാണ്.. പണം പണം എന്നു കരുതി മാത്രം കൃഷിയിലേക്ക് വരരുത്,’മാത്തുക്കുട്ടി ഓര്‍മ്മിപ്പിക്കുന്നു.
“പക്ഷേ, കൃഷി ഒരിക്കലും നഷ്ടമല്ല. നമ്മള്‍ ചെയ്യേണ്ട രീതിയില്‍ ചെയ്യണം. പരമാവധി കൃഷിയുടെ ചെലവ് കുറയ്ക്കണം. പരാമവധി വില ഉത്പന്നങ്ങള്‍ എങ്ങനെ ഉണ്ടാക്കും.. ഈ രണ്ട് കാര്യങ്ങള്‍ തമ്മില്‍ സംയോജിപ്പിച്ചാല്‍ കൃഷി നഷ്ടമാകില്ല. കൃഷിയില്‍ ഒരുപാട് ടെക്‌നിക്കുകള്‍ ഉണ്ട്. ഞാന്‍ എംബിഎ വരെ പഠിച്ചു. എന്നുവച്ച് 16 വര്‍ഷം പഠിച്ചതില്‍ പിന്നെയാണ് നല്ലൊരു കമ്പനിയില്‍ ഇത്രയും ഉയര്‍ന്ന ശമ്പളം കിട്ടാന്‍ തുടങ്ങിയത്. ഈ പഠിച്ചതിന്‍റെ പകുതിയുടെ പകുതി വേണ്ട കൃഷി നല്ല ലാഭകരമായി കൊണ്ടുനടക്കുന്നതിന്. ”
”നല്ല സാധനങ്ങള്‍ വാങ്ങാനും ഉത്പ്പാദിപ്പിക്കാനും ആളുകളുണ്ട്. എന്നാല്‍ ഇവര്‍ തമ്മില്‍ ഒന്നിക്കുന്ന സാഹചര്യമുണ്ടാകുന്നില്ല. ഇവരെ ഒരുമിപ്പിക്കണം. എന്‍റെ ഉത്പന്നങ്ങള്‍ ആവശ്യക്കാരില്‍ നല്ല വിലയ്ക്ക് എത്തിക്കാനായാല്‍ ഞാന്‍ വിജയിച്ചു. ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെ അതാണ് ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ വിപണനം ആരംഭിച്ചു. തലേദിവസം ഓര്‍ഡറെടുത്ത് പിറ്റെ ദിവസം വീട്ടിലെത്തിക്കുന്നതാണ് ഞങ്ങളുടെ പദ്ധതി. മരങ്ങാട്ടുപ്പള്ളിയില്‍ ഞങ്ങളുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ട്രയല്‍ റണ്‍ ചെയ്തു കൊണ്ടിരിക്കുകയാണിപ്പോള്‍. ടി ജെ ടി ഫാം ഓണ്‍ലൈന്‍ സ്റ്റോര്‍ എന്ന പേരിലാണ്. ടിജെടി എന്നാല്‍, ടി ടോമി.. അപ്പച്ചന്‍റെ പേര്. ജെ ജോസഫാണ്, വല്യപ്പച്ചന്‍. ടി തെങ്ങുംതോട്ടത്തില്‍… ഇതു ഞങ്ങളുടെ വീട്ടുപേരാണ്..” മാത്തുക്കുട്ടി പറയുന്നു.
. അന്നാളില്‍ കപ്പ പറിക്കലും കപ്പ വാട്ടലുമൊക്കെയായി ഉത്സവ പ്രതീതിയാണ് കൃഷി. പക്ഷേ പിന്നെ ഇത്തരം കൃഷിയൊക്കെ കുറഞ്ഞു, റബര്‍ കൃഷിയായി എല്ലായിടത്തും.
”ഇനി പാലാ-റ്റു-തിരുവല്ല ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിക്കുകയാണ്. ഓരോ നാലു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു റീട്ടെയ്ല്‍ ഔട്ട്‌ലെറ്റ് ആരംഭിക്കുകയാണ്. ഒരു മെയിന്‍ സെന്‍ററിലിരുന്ന് ആപ്പ്, വാട്ട്‌സ്ആപ്പ്, ഫോണ്‍ കോള്‍ വഴി ഓര്‍ഡര്‍ എടുക്കും. എടുത്ത ശേഷം രണ്ട് മണിക്കൂറിനുള്ളില്‍ പ്രൊഡക്റ്റ് കസ്റ്റമറുടെ കൈയില്‍ എത്തിക്കും. ഇത്തരത്തിലാണ് ഈ പദ്ധതി ചെയ്തിരിക്കുന്നത്. സ്‌റ്റോറിലൂടെ ഫാമിലെ ഉത്പന്നങ്ങള്‍ ആളുകളിലെത്തിക്കും. സീസണലി ആയിട്ടുള്ള പച്ചക്കറി, എല്ലാ സമയവും രണ്ട് മൂന്ന് തരം മീനുകള്‍, ഒമ്പത് തരം ഇറച്ചി, ഇത് ഫാമില്‍ ഉത്പ്പാദിപ്പിക്കുന്നത് മാത്രമല്ല നമ്മുടെ അയല്‍പ്പക്കത്തുള്ള ഫാമിലെ ഉത്പന്നങ്ങളും ഇറച്ചികള്‍ ഡ്രസ് ചെയ്ത് ഓരോ കിലോ പാക്കറ്റുകളായിരിക്കും. പച്ചക്കറിയും അങ്ങനെ തന്നെ. ഇതൊക്കെ നിത്യേന രാവിലെ ഈ സ്റ്റോറുകളില്‍ നിറയ്ക്കും.”
”മരങ്ങാട്ടുപ്പളി കൃഷി ഓഫിസാണ് ഞങ്ങളുടെ കൃഷി ഭവന്‍. അവിടുത്തെ കൃഷി ഓഫിസര്‍ റീന കുര്യന്‍ ഏറെ പിന്തുണച്ചിട്ടുണ്ട്. ഇങ്ങനെ കൃഷി വിപുലമായതിനും ഇവരുടെ പൂര്‍ണ സഹകരണമുണ്ടായിട്ടുണ്ട്. അക്വപൊണിക്‌സിന് മുകളില്‍ ഡക്കറി യൂണിറ്റ് ആരംഭിക്കാന്‍ പോകുകയാണിപ്പോള്‍. ഇതിനൊപ്പം മറ്റൊന്നു കൂടി ആരംഭിക്കുന്നുണ്ട്. ഓര്‍ഗാനിക് ഫെര്‍ട്ടിലൈസര്‍ യൂണിറ്റ്. നമ്മുടെ ഇവിടെ തന്നെയുണ്ടാകുന്ന വേസ്റ്റുകള്‍.. അതായത് വാഴയുടെ പിണ്ടിയും ഇലയും മറ്റും പശുവിനും മുയലിനുമൊക്കെ കൊടുത്ത് കഴിഞ്ഞിട്ട് ബാക്കിയുള്ള വേസ്റ്റ്, പോര്‍ക്ക് യൂനിറ്റില്‍ നിന്നുള്ള മാലിന്യങ്ങളുമൊക്കെ വളമാക്കാനുള്ള ഒരു യൂണിറ്റ് ഉടന്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ്. ഇതൊക്കെയാണ് ഇനി ഉടന്‍ ചെയ്യാനാഗ്രഹിക്കുന്നത്..” മാത്തുക്കുട്ടിയുടെ പ്ലാനുകള്‍ വളരെ കൃത്യമാണ്.
ഇതുകൂടി വായിക്കാം:സര്‍ജുവിനും കൂട്ടുകാര്‍ക്കും അറിയാം വിശന്ന വയറോടെ രാവുറങ്ങുന്നവരുടെ വേവ്
”പണ്ട് റബര്‍ കൃഷി ഒന്നും ഇല്ലാതിരുന്ന കാലമുണ്ട്. നെല്‍ കൃഷിയും തെങ്ങും ഇഞ്ചിയും കപ്പയും അങ്ങനെ പലതുമായിരുന്നു കൃഷി ചെയ്തിരുന്നത്. കുറേ പണിക്കാരും പശുക്കളുമെല്ലാം ഉണ്ടാകും.. അന്നാളില്‍ കപ്പ പറിക്കലും കപ്പ വാട്ടലുമൊക്കെയായി ഉത്സവ പ്രതീതിയാണ് കൃഷി. പക്ഷേ പിന്നെ ഇത്തരം കൃഷിയൊക്കെ കുറഞ്ഞു, റബര്‍ കൃഷിയായി എല്ലായിടത്തും. കാലാവസ്ഥ മാറ്റത്തിനുമൊക്കെ റബര്‍ ഒരു കാരണമാണ്. പത്ത് ഏക്കറോളം സ്ഥലത്ത് റബര്‍ വെട്ടി മറ്റു കൃഷികള്‍ ചെയ്യുകയാണിപ്പോള്‍. കമുക്, വാഴ, ജാതി.. ഇതിന്‍റെ ഇടയ്ക്കാണ് ഫാമുകള്‍ നടത്തുന്നത്. ചെറുപ്പത്തില്‍ എല്ലാത്തരം കൃഷിയും വീട്ടില്‍ ഉണ്ടായിരുന്നു.. അതൊക്കെ നഷ്ടം വന്നു. പണിക്കാരുടെ കുറവ്, വീട്ടുകാര്‍ക്ക് പ്രായമായി, പിന്നെ സാമ്പത്തികനഷ്ടവും അങ്ങനെയാണ് അതൊക്കെ ഇല്ലാതാകുന്നത്.
‘സാധാരണ നമ്മുടെ നാട്ടിലെ റബര്‍ കൃഷി ചെയ്യുന്ന പല കുടുംബങ്ങളിലും ഇങ്ങനെയൊക്കെയാണ്. മക്കള്‍ പഠിച്ച് ജോലിയായി പോകും. ഏക്കറു കണക്കിന് സ്ഥലവുമായി പ്രായമായ അപ്പനും അമ്മയും വെറുതേ ഇരിപ്പുണ്ടാകും. ആ സാഹചര്യത്തിലാണ് ഞാന്‍ കൃഷി ചെയ്യാമെന്നു തീരുമാനിക്കുന്നത്. അവധിക്ക് വീട്ടില്‍ വരുമ്പോള്‍ എന്തൊക്കെയോ മിസ് ചെയ്യുന്ന പോലെ തോന്നിയിട്ടുണ്ട്. ഒുവില്‍ 25ാം വയസില്‍ ജോലി രാജിവെച്ചു… കൃഷി ചെയ്തല്ലേ വീട്ടുകാര്‍ നോക്കിയതും പഠിപ്പിച്ചതും. എന്നാല്‍ പിന്നെ കൃഷിയിലേക്ക് ഇറങ്ങിയേക്കാം എന്നു കരുതി.. രണ്ടും കല്‍പ്പിച്ച് ഇറങ്ങി.”
നമ്മുടെ നാട്ടിലെ റബര്‍ കൃഷി ചെയ്യുന്ന പല കുടുംബങ്ങളിലും ഇങ്ങനെയൊക്കെയാണ്. മക്കള്‍ പഠിച്ച് ജോലിയായി പോകും. ഏക്കറു കണക്കിന് സ്ഥലവുമായി പ്രായമായ അപ്പനും അമ്മയും വെറുതേ ഇരിപ്പുണ്ടാകും.
അങ്ങനെ രണ്ടും കല്‍പിച്ചിറങ്ങുന്നതിന് മുമ്പ് പഞ്ചാബിലേക്കൊരു യാത്ര നടത്തി.
”പഞ്ചാബിലേക്ക് കൃഷിയെ അറിയാനുള്ള യാത്രയ്ക്ക് മുന്‍പേ ഓഫിസിലേക്ക് രണ്ട് കത്ത് അയച്ചു. ഒന്ന് ലീവ് ലെറ്റര്‍, രണ്ടാമത്തേത് രാജിക്കത്ത്.. ഇതില്‍ ഏതു വേണമെങ്കിലും സ്വീകരിക്കാവുന്നതാണെന്നു എച്ച്ആറിനോട് പറഞ്ഞു.
“എന്തായാലും രണ്ടുമാസം എന്നെ കിട്ടില്ല ഞാന്‍ കൃഷി പഠിക്കാന്‍ പോകുകയാണെന്നു പറഞ്ഞു. ജോലിയില്‍ പറയത്തക പേരുദോഷം കേള്‍പ്പിക്കാത്ത കൊണ്ട് അവര്‍ പറഞ്ഞു ലീവെടുത്തോ ബ്രേക്കിന് ശേഷം തിരികെയെത്തണമെന്നുമായിരുന്നു എച്ച്ആറിന്‍റെ മറുപടി. എന്നാല്‍ പത്തിരുപത് ദിവസം കഴിഞ്ഞപ്പോള്‍ കൃഷി ചെയ്യാം എന്ന ആത്മവിശ്വാസമൊക്കെ കിട്ടി. അതോടെ രാജിക്കത്ത് ഓഫിസിലേക്ക് അയച്ചു. പിന്നെ നാട്ടിലെത്തി കൃഷി തുടങ്ങി.” മാത്തുക്കുട്ടി.
”ചേട്ടന് കൃഷി ഇഷ്ടമായിരുന്നുവെങ്കിലും ഇങ്ങനെയൊക്ക ആരംഭിക്കണമെന്നു ആഗ്രഹമൊന്നും ഇല്ലായിരുന്നു. ആനിമേഷന്‍ രംഗത്തായിരുന്നു ജോലി. വീട്ടിലെ റബര്‍ കൃഷിയൊക്കെ ചേട്ടനാണ് നോക്കിയിരുന്നത്. റബര്‍ കൃഷിയിലുണ്ടായ നഷ്ടം ഞങ്ങളെയും ബാധിച്ചു. പിന്നെ കൃഷി ആരംഭിച്ചതോടെ ചേട്ടനും ഒപ്പം കൂടി. ഇപ്പോള്‍ ചേട്ടനും ചേട്ടത്തിയും സജീവമായി കൃഷിയിലാണ്.”
കൃഷിയോടുള്ള മാത്തുക്കുട്ടിയുടെ ആത്മാര്‍ഥയ്ക്ക് ചില അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്. 2018ലെ സംസ്ഥാന യുവകര്‍ഷക അവാര്‍ഡാണ് ഏറ്റവും ഒടുവില്‍ കിട്ടിയത്. ബ്ലോക്കിലെയും പഞ്ചായത്തിലെയും സംസ്ഥാനത്തെയും മികച്ച കര്‍ഷകനുള്ള അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ഹോര്‍ട്ടികള്‍ച്ചറിന്‍റെ മികച്ച കര്‍ഷകനുള്ള ജില്ല തല അവാര്‍ഡ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
മാത്തുക്കുട്ടിയുടെ ഫാം കോട്ടയം ജില്ലാതല ട്രെയിനിങ്ങ് സെന്‍ററായിട്ട് തെരഞ്ഞെടുത്തിട്ടുണ്ട്. മിക്കപ്പോഴും നാല്‍പ്പതും അമ്പതും പേരടങ്ങുന്ന ടീം ഇവിടെ സന്ദര്‍ശിക്കാന്‍ വരാറുണ്ട്. കൃഷി ഓഫിസര്‍, പുതുതലമുറയിലെ കൃഷിക്കാരുമൊക്കെയായി നിരവധിയാളുകള്‍ കാണാനും അറിയാനുമൊക്കെയായി ഇവിടെ വരുന്നുണ്ടെന്നു മാത്തുക്കുട്ടി.
പറയാനാണെങ്കില്‍ ഒരുപാടുണ്ട് മാത്തുക്കുട്ടിയെക്കുറിച്ച്. ഇതുതന്നെ ഒരുപാടായി. ബാക്കി നിങ്ങള്‍ക്ക് നേരിട്ട് ചോദിച്ചറിയാം. മാത്തുക്കുട്ടിയുടെ ഫോണ്‍ നമ്പര്‍: 8606155544.