ഇന്ദിരാഗാന്ധിയുടെ മഷിപ്പേന പണിമുടക്കിയപ്പോള്‍ ചികിത്സിച്ചത് തൃശ്ശൂരിലെ ഈ ആശുപത്രിയിലാണ്

വിവിധ തരം പേനകള്‍ നന്നാക്കിയും പഴയ പേനകളില്‍ മഷി നിറച്ചുനല്‍കിയും 1979 മുതല്‍ ഈ മനുഷ്യന്‍ ഇവിടെ ജീവിക്കുകയാണ്.

ശുപത്രിയ്ക്ക് മുന്നില്‍ ഡോക്ടറെ കാണാന്‍ കാത്തുനില്‍ക്കുന്നവരുടെ നീണ്ടനിര. തൃശൂരിലെ തിരക്കേറിയ പാലസ് റോഡിന്‍റെ നടപ്പാതയിലേക്കും നീണ്ടു ആ നില്‍പ്പ്.

രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെയാണ് കണ്‍സള്‍ട്ടിംഗ് സമയം. ഇതിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ഡോക്ടറെ കാണാന്‍ അവസരമുണ്ടെങ്കിലും തിരക്കിന് ഒരു കുറവുമില്ല.

Photo source: Pexels

രോഗം നിര്‍ണ്ണയിക്കാം, ചികിത്സിക്കാം, പൂര്‍ണ്ണ ശമനത്തോടെ മടങ്ങാം. പക്ഷെ ഈ ആശുപത്രിക്ക് ഒരു പ്രത്യേകതയുണ്ട്. പേനകളുടെ രോഗങ്ങള്‍ മാത്രമാണ് ഇവിടെ ചികിത്സിക്കാറുള്ളത്. കേരളത്തിലെ ഏക ‘പെന്‍ ഹോസ്പിറ്റല്‍’. അവിടെ നാല്‍പ്പത് വര്‍ഷത്തിലേറെയായി പേനകളെ മാത്രം ചികിത്സിക്കുന്ന ഒരു ‘പെന്‍ ഡോക്ടറും’.


ഹോസ്പിറ്റലിന്‍റെ ഉടമയായ നാസര്‍ തന്നെയാണ് ഏക ഡോക്ടറും. ഒരുപക്ഷേ, കേരളത്തിലെ തന്നെ ഒരേയൊരു പേന ചികിത്സാ വിദഗ്ദന്‍.


ഹോസ്പിറ്റലിന്‍റെ ഉടമയായ നാസര്‍ തന്നെയാണ് ഏക ഡോക്ടറും. ഒരുപക്ഷേ, കേരളത്തിലെ തന്നെ ഒരേയൊരു പേന ചികിത്സാ വിദഗ്ദന്‍. വിവിധ തരം പേനകള്‍ നന്നാക്കിയും പഴയ പേനകളില്‍ മഷി നിറച്ചുനല്‍കിയും ലോകപ്രശസ്തമായ ബ്രാന്‍ഡുകളുടെ പേനകള്‍ വിറ്റും 1979 മുതല്‍ തന്നെ ഈ മനുഷ്യന്‍ ഇവിടെ ജീവിക്കുകയാണ്.


ഇതുകൂടി വായിക്കാം: പത്രപ്രവര്‍ത്തനമോ മീന്‍വളര്‍ത്തലോ? മലപ്പുറംകാരന്‍ ഷഫീക്കിന്‍റെ തീരുമാനം ഇതായിരുന്നു


അപകടത്തില്‍പ്പെട്ട ഒരു പേന സ്‌ട്രെച്ചറില്‍ കൊണ്ടുപോകുന്ന ചിത്രമുള്ള ചുമരിനോട് ചേര്‍ന്ന ഇടുങ്ങിയ മുറിയിലാണ് പെന്‍ ഹോസ്പിറ്റലിന്‍റെ പ്രവര്‍ത്തനം. പേന നന്നാക്കുന്ന ഉപകരണങ്ങള്‍ക്കും പലതരം മഷിക്കുപ്പികള്‍ക്കും നടുവില്‍ നാസര്‍ പേനകളെ പരിചരിച്ചുകൊണ്ടേയിരിക്കുന്നു. പേനകളുമായുള്ള സഹവാസത്തിലൂടെ പുരണ്ട മഷി കൈയില്‍ ഉണങ്ങാതെ കിടക്കുന്നു.
ചികിത്സ കാത്തുക്കിടക്കുന്ന അനേകം പേനകള്‍ തിങ്ങിനിറഞ്ഞ മേശയ്ക്ക് മുന്നിലിരുന്ന് വിശദമായി രോഗവിവരങ്ങള്‍ തിരക്കി നാസര്‍ തന്നെത്തേടിവരുന്ന ഓരോ സന്ദര്‍ശകരെയും തൃപ്തിപ്പെടുത്തുന്നു. ഒപ്പം ഓരോ പേനകളെയും എങ്ങനെയാണ് ഉടമസ്ഥര്‍ തന്നെ സ്വയം സൂക്ഷിക്കേണ്ടതെന്ന് അവരോട് പറഞ്ഞുപഠിപ്പിക്കുന്നു. കണ്‍സള്‍ട്ടിംഗ് ഫീസ് എന്നൊരു സംവിധാനം നാസറിന്‍റെ ആശുപത്രിയിലില്ല. പേനകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനായി ഉപയോഗിക്കേണ്ടിവരുന്ന സാധനങ്ങളുടെ പണം മാത്രമാണ് നാസര്‍ വാങ്ങാറുള്ളത്. അതുമല്ലെങ്കില്‍ നിറയ്ക്കുന്ന മഷിയുടെ തുക.


നഗരമധ്യത്തിലുള്ള ‘ഓണസ്റ്റ് ‘ പെന്‍ ഹോസ്പിറ്റല്‍ സ്ഥാപിതമായത് 1959 ലാണ്.


പേന ഡോക്ടറെക്കുറിച്ചറിയാന്‍ ചെല്ലുമ്പോള്‍ തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറും ക്യൂവിലുണ്ടായിരുന്നു. തടിച്ചുരുണ്ട രണ്ട് പച്ച മഷിപ്പേനകള്‍ വാങ്ങി അദ്ദേഹവും പോയതോടെയാണ് പേന ഡോക്ടര്‍ സംസാരിച്ചുതുടങ്ങിയത്. നഗരമധ്യത്തിലുള്ള ‘ഓണസ്റ്റ് ‘ പെന്‍ ഹോസ്പിറ്റല്‍ സ്ഥാപിതമായത് 1959 ലാണ്. നാസറിന്‍റെ പിതാവ് കോലോത്തു പറമ്പില്‍ അബ്ദുല്ലയായിരുന്നു ആദ്യ ഡോക്ടര്‍. അച്ഛന്‍റെ മരണശേഷമാണ് മകന്‍ കെ.എ നാസര്‍ ഹോസ്പിറ്റലിന്റെ ചുമതല ഏറ്റെടുക്കുന്നത്.


ഇതുകൂടി വായിക്കാം:  ‘ലൈക്കു’കളുടെ കളക്ഷന്‍ റെക്കോഡ് തകര്‍ത്ത് സ്വന്തം ആനവണ്ടി


നാസര്‍ പെന്‍ ഹോസ്പിറ്റലില്‍

”അച്ഛന്‍ ഇങ്ങനെയൊരു സ്ഥാപനം തുടങ്ങിയത് എന്നെ ഏറെ സന്തോഷിപ്പിച്ചിരുന്നു. അന്ന് ഞാന്‍ ഈ റോഡിന്‍റെ മറുവശത്തുള്ള മോഡല്‍ ബോയ്‌സ് സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. ഇന്റര്‍വെല്‍ സമയങ്ങളിലെല്ലാം കടയിലേക്ക് ഓടി ചെല്ലും. അച്ഛന് പേനകളോട് വല്ലാത്ത സ്‌നേഹമായിരുന്നു. വാത്സല്യപൂര്‍വ്വം അച്ഛന്‍ പേനകള്‍ നന്നാക്കുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ട്.

“പിന്നീട് അച്ഛന്‍ പുറത്തുപോകുമ്പോഴെല്ലാം പതിവായി ഞാനവിടെ പോയിരിക്കും. നന്നാക്കാന്‍ കൊണ്ടുവരുന്ന പേനകള്‍ വാങ്ങിവെച്ച് കൊണ്ടുവരുന്ന ആളുകളുടെ പേരെഴുതി അച്ഛനു കൊടുക്കും. പല വലിപ്പത്തിലും നിറത്തിലുമുള്ള പേനകള്‍ ഞാന്‍ കാണുന്നത് അങ്ങനെയാണ്. വില കൂടിയ പേനകള്‍ തൊടുമ്പോള്‍ വല്ലാത്ത സന്തോഷമാണ്. അങ്ങനെ ഞാന്‍ കടയിലെ നിത്യ സന്ദര്‍ശകനായി. അച്ഛന്‍ പതിയെ വരവ് കുറച്ചു. ഇതിനിടയില്‍ പേനകള്‍ നന്നാക്കാനും പേനകളുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനുമൊക്കെ ഞാനും പഠിച്ചു.” പേനകളുടെ ഡോക്ടറായി മാറിയ കാലത്തെ നാസര്‍ ഓര്‍ത്തെടുക്കുന്നു.


പേനകളുമായെത്തുന്നവരുടെ അനുഭവങ്ങള്‍ കേള്‍ക്കാനാണ് നാസറിനേറെയിഷ്ടം.


നാസറിനെ സംബന്ധിച്ച് ഇതൊരു വരുമാന മാര്‍ഗ്ഗം മാത്രമല്ല. തന്നെ ത്രസിപ്പിക്കുന്ന എന്തൊക്കെയോ ഒന്ന് ഇതില്‍ തന്നെ തുടരാന്‍ നിര്‍ബന്ധിക്കുന്നു എന്നാണ് നാസര്‍ കരുതുന്നത്. പേനകളുമായെത്തുന്നവരുടെ അനുഭവങ്ങള്‍ കേള്‍ക്കാനാണ് നാസറിനേറെയിഷ്ടം. ഓരോരുത്തരുടെയും പെന്നനുഭവങ്ങള്‍ക്ക് കാതോര്‍ക്കാന്‍ കൂടി തിരക്കിട്ട പണികള്‍ക്കിടയിലും നാസര്‍ സമയം കണ്ടെത്താറുണ്ട്. പേനകളെ ചികിത്സിക്കാന്‍ എത്തുന്നവര്‍ക്കും നാസറിന്‍റെ ഈ സമീപനം ഏറെ ആശ്വാസകരമായി മാറുന്നു.


ഇതുകൂടി വായിക്കാം: ബി ടെക്കുകാരനും ഹാന്‍ഡ്‌ബോള്‍ താരവും കൂണ്‍ കൃഷിയില്‍ നിന്ന് നേടുന്നത് മാസം 4 ലക്ഷം രൂപ


”പലര്‍ക്കും പേനകളുമായി ബന്ധപ്പെട്ട് പല തരം ഓര്‍മ്മകളാണുള്ളത്. ചിലര്‍ക്കത് ഏറ്റവും പ്രിയപ്പെട്ടവരില്‍ നിന്ന് സമ്മാനമായി ലഭിച്ചതാകാം. മറ്റു ചിലര്‍ക്ക് തങ്ങളുടെ കഴിവിനുള്ള അംഗീകാരമായി ലഭിച്ചതാകാം. ചില പേനകള്‍ കൊണ്ട് എഴുതിയതുകൊണ്ട് ജോലി ലഭിച്ചവരുണ്ടാകാം, പ്രണയം സഫലമായവരുണ്ടാകാം, പരീക്ഷയില്‍ വിജയിച്ചവരുണ്ടാകാം. ഇങ്ങനെ പേനകളെ പലരീതിയില്‍ സ്‌നേഹിക്കുന്നവരാണ് മിക്കപ്പോഴും ഇവിടെ എത്തിച്ചേരുന്നത്. അത്തരക്കാര്‍ ഏറെയും ഉപയോഗിക്കാറുള്ളത് മഷിപ്പേനകളാണ്. വര്‍ഷങ്ങളോളം അവരത് സൂക്ഷിക്കുന്നുണ്ട്. ഇങ്ങനെയുള്ള പലരെയും എനിക്കറിയാം. സമൂഹത്തിന്‍റെ പല മേഖലകളില്‍ നിന്നുള്ളവര്‍ അക്കൂട്ടത്തിലുണ്ട്.”

നാസര്‍ പെന്‍ ഹോസ്പിറ്റലില്‍

ചികിത്സയ്‌ക്കൊപ്പം രണ്ട് രൂപയുടെ റീഫില്ലുകള്‍ മുതല്‍ ആയിരങ്ങള്‍ വിലവരുന്ന പേനകള്‍ വരെ നാസര്‍ വില്‍ക്കുന്നുണ്ട്. ഫ്രാന്‍സ്, അമേരിക്ക, ജപ്പാന്‍, ജര്‍മ്മന്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള പേനകളും ഇവിടെ ലഭിക്കും. ആളുകളുടെ ജോലിക്കും ഇഷ്ടത്തിനും അനുസരിച്ച് ഏറ്റവും അനുയോജ്യമായ പേനകള്‍ നാസര്‍ നിര്‍ദ്ദേശിക്കാറുമുണ്ട്. കൈയ്യക്ഷരങ്ങള്‍ നോക്കിയും ഏതുപേനയാണ് അഭികാമ്യമെന്ന് പറയാന്‍ നാസറിന് കഴിയും.


ഒരു പേന കഴിവതും നിത്യേന തന്നെ ഉപയോഗിക്കണം. ഇല്ലെങ്കില്‍ അവയ്ക്ക് പല അസുഖങ്ങളും വരും.


പെന്‍ ഡോക്ടര്‍ ആയി 40 വര്‍ഷം തികയുന്ന വേളയില്‍ വ്യത്യസ്തങ്ങളായ ഒരുപാട് അനുഭവങ്ങളും ഓര്‍മ്മകളുമാണ് നാസറിന് പങ്കുവെക്കാനുള്ളത്. പേനകളുമൊത്ത് ഇത്രയേറെ ഇഴുകിച്ചേര്‍ന്നിട്ടുള്ള, പേനകളെ ഇത്രകണ്ട് അറിയാന്‍ ശ്രമിച്ചിട്ടുള്ള ഒരാളെ നാസര്‍ പോലും അദ്ദേഹത്തിന്‍റെ യാത്രകള്‍ക്കിടയില്‍ കണ്ടുമുട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ തന്‍റെ അറിവും അനുഭവവും പെന്‍ ഹോസ്പിറ്റലില്‍ എത്തുന്നവരോട് പങ്കുവയ്ക്കുന്നതിന് അദ്ദേഹം ഏറെ താത്പര്യം കാണിക്കാറുണ്ട്.


ഇതുകൂടി വായിക്കാം: മെറ്റനോയ: 8 പണിക്കാര്‍ 8 ദിവസം കൊണ്ട് ഒന്നരലക്ഷം രൂപയ്ക്ക് പണിത റിസോര്‍ട്ടിന്‍റെ ഉടമ


‘പേനകളെ കുഞ്ഞുങ്ങളെ പോലെ പരിചരിക്കണം. പേനകളോട് സ്‌നേഹവും പരിഗണനയുമുണ്ടാകണം. അവയെ നമ്മുടെ കൂടെ തന്നെയുള്ള ഒരു വ്യക്തിയായി കാണണം. ഒരു പേന കഴിവതും നിത്യേന തന്നെ ഉപയോഗിക്കണം. ഇല്ലെങ്കില്‍ അവയ്ക്ക് പല അസുഖങ്ങളും വരും. മഷിയിലടങ്ങിയിട്ടുള്ള ആസിഡ് പ്രവര്‍ത്തിച്ച്, എഴുതാതെയാകും. ഒരാളൊരു പേനയുമായി വരുമ്പോള്‍ അയാളോട് ഇക്കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയണം. പേനയ്ക്ക് എന്തു സംഭവിക്കുന്നു എന്നറിഞ്ഞാല്‍ അസുഖം വരാതെ നോക്കാന്‍ അവര്‍ തന്നെ ശ്രദ്ധിക്കും. ”

മഷിപ്പേനകളുടെ കാലം കഴിഞ്ഞിട്ടില്ല

മഷിനിറച്ചെഴുതുന്ന പേനകളുടെ കാലംകഴിഞ്ഞു എന്ന ധാരണ ഇന്ന് വളരെ പ്രബലമാണ്. ‘ഉപയോഗിക്കുക, വലിച്ചെറിയുക’ എന്ന കാഴ്ച്ചപ്പാടോടെയാണ് പേനകള്‍ ഇന്ന് പൊതുവായി ഉപയോഗിക്കപ്പെടാറുള്ളത്. പോക്കറ്റില്‍ തിരുകുന്നവര്‍പോലും നെഞ്ചോട് അത് ചേര്‍ത്തുപിടിക്കുന്നില്ല. എന്നാല്‍ നാസറിന്‍റെ അഭിപ്രായത്തില്‍ മഷിപ്പേനകളുടെ കാലം അങ്ങനെ കഴിഞ്ഞുപോയിട്ടില്ല. പേനകളില്‍ വൈവിധ്യങ്ങള്‍ ഏറെയുള്ള ഈ കാലത്തും മഷിപ്പേനകളുടെ ആവശ്യം കൂടിവരുന്നതായാണ് നാസറിന്‍റെ അനുഭവം.

”മഷിക്കായ പൊടിച്ച് മഷിയാക്കി അതില്‍ മുക്കിയാണ് ആദ്യകാലങ്ങളില്‍ എഴുതിയിരുന്നത്. മഷി ഒഴിക്കുന്ന തരം പേനകളിറങ്ങിയതോടെ മഷിപ്പേനകള്‍ വ്യാപകമായി. പിന്നീട് ബോള്‍ പെന്‍, മൈക്രോ പെന്‍, ജെല്‍ പെന്‍ തുടങ്ങി വിവിധ തരത്തിലുള്ള ചെറുതും വലുതുമായ ആയിരക്കണക്കിന് പേനകളിറങ്ങി. അതോടെ പലരും മഷി നിറയ്ക്കുന്നതിനുള്ള മടി കാരണം ഇത്തരം പേനകളെ സ്വീകരിച്ചുതുടങ്ങി. എന്നാലും എഴുത്തിനെയും പേനകളെയും സ്‌നേഹിക്കുന്ന നിരവധിപേര്‍ ഇപ്പോഴും മഷിപ്പേനകളെ സ്‌നേഹിക്കുന്നുണ്ട്. വാട്ടര്‍മാന്‍ പേനകള്‍ക്കായിരുന്നു ആദ്യകാലങ്ങളില്‍ ആവശ്യക്കാര്‍ കൂടുതല്‍. ഇപ്പോഴും അത് കുറഞ്ഞിട്ടില്ല.”


എഴുത്തിനെയും പേനകളെയും സ്‌നേഹിക്കുന്ന നിരവധിപേര്‍ ഇപ്പോഴും മഷിപ്പേനകളെ സ്‌നേഹിക്കുന്നുണ്ട്.


അഭിരുചികള്‍ മാറിക്കൊണ്ടിരുന്നാലും അതിനൊപ്പം വിപണിയിലിറങ്ങുന്ന ഏതു പേനയും നാസറിന്‍റെ ചെറിയ കടയിലെത്തും. അത്തരം പല പേനകളും കേരളത്തില്‍ കിട്ടുന്ന ഏക സ്ഥലവും ഈ പെന്‍ ഹോസ്പിറ്റലാണ്.

Source: Pexels,com

”ഇന്നാണെങ്കില്‍ ഒട്ടേറെ സവിശേഷതകളുള്ള നിരവധി പേനകളിറങ്ങുന്നുണ്ട്. കള്ളനോട്ട് കണ്ടുപിടിക്കാനുള്ള ലേസര്‍ പേനകള്‍. വാച്ച് പേനകള്‍, കാല്‍ക്കുലേറ്റര്‍ പേനകള്‍, സീല്‍ പേനകള്‍, കാലിഗ്രഫി പേനകള്‍, എഴുതിയാല്‍ മായ്ച്ചുകളയാന്‍ പറ്റുന്ന തരം പേനകള്‍, എഴുതിയാല്‍ തിളങ്ങിനില്‍ക്കുന്ന ഹൈലേറ്റഡ് പേനകള്‍, വെളിച്ചമില്ലാത്തപ്പോള്‍ എഴുതാന്‍ ലൈറ്റ് ഘടിപ്പിച്ച പേനകള്‍, ഫോണിലെ എഴുത്തുകള്‍ക്ക് ഉപയോഗിക്കാവുന്ന പേനകള്‍, ക്യാമറ പേനകള്‍ എന്നിങ്ങനെ അപൂര്‍വ്വങ്ങളായ പേനകള്‍ വിപണിയിലുണ്ട്. ഇതെല്ലാം ഇവിടെ ലഭ്യമാണ്.” നാസര്‍ തന്‍റെ കൈവശം വന്നെത്തുന്ന പേനകളുടെ അപൂര്‍വ്വശേഖരത്തെക്കുറിച്ച് വാചാലനായി.


ഇതുകൂടി വായിക്കാം: ‘റേഷനരി വരുത്തിയ വിന’ തിരിച്ചറിഞ്ഞപ്പോള്‍ ചിന്നാറിലെ ആദിവാസികള്‍ ചെയ്തത്


“സാധാരണയായി വില കുറഞ്ഞ പേനകളും പ്ലാസ്റ്റിക് പേനകളും ഉപയോഗിക്കുന്നതു മൂലം പലര്‍ക്കും അലര്‍ജികളുണ്ടാകാറുണ്ട്. തടിപ്പും ചൊറിച്ചിലുമുണ്ടാകാറുണ്ട്. എഴുതുമ്പോള്‍ കൈ വേദനയും തളര്‍ച്ചയും വിറയലുമുണ്ടാകാറുണ്ട്. ഇത്തരക്കാര്‍ക്കായി കട്ടിയില്‍ എഴുത്തുവരുന്ന പ്രത്യേക തരം പേനകളും ലഭ്യമാണ്. പേന ഉപയോഗിക്കുമ്പോള്‍ ചിലര്‍ക്ക് കൈ കഴക്കാറുണ്ട്. അതിനുള്ള പേനകളും ഉണ്ടിവിടെ.”

പേനകളുടെ പ്രശ്‌നങ്ങള്‍ മാത്രമല്ല ആളുകളുടെ പ്രശ്‌നങ്ങളും അഭിരുചികളും തിരിച്ചറിഞ്ഞ് അവര്‍ക്കനുയോജ്യമായ പേനകള്‍ നിര്‍ദ്ദേശിക്കാനും ഈ ഡോക്ടര്‍ക്കറിയാം.


ഇന്ദിരാഗാന്ധിയുടെയും കൊച്ചി മഹാരാജാവിന്‍റെയും പേനകള്‍ക്ക് ദീനം പിടിപെട്ടപ്പോള്‍ തന്‍റെ പിതാവ് സുഖപ്പെടുത്തിയിട്ടുണ്ട് എന്ന് നാസര്‍ പറയുന്നു.


ദിനംപ്രതി നൂറുകണക്കിന് പേനകളാണ് നാസറിന്‍റെ കൈകളിലൂടെ കടന്നുപോകുന്നത്. ലക്ഷക്കണക്കിന് പേനകള്‍ ഇതുവരെ നാസര്‍ കേടുപാടുകള്‍ തീര്‍ത്തുനല്‍കിയിട്ടുണ്ട്. പ്രശസ്തരായ പലരുടെയും പേനകള്‍ നന്നാക്കിയ ചരിത്രം കൂടിയുണ്ട് ഓണസ്റ്റ് പെന്‍ ഹോസ്പ്പിറ്റലിന്.  ഇന്ദിരാഗാന്ധിയുടെയും കൊച്ചി മഹാരാജാവിന്റെയും പേനകള്‍ പണിമുടക്കിയപ്പോള്‍ തന്‍റെ പിതാവ് സുഖപ്പെടുത്തിയിട്ടുണ്ട് എന്ന് നാസര്‍ പറയുന്നു.

എ പി ജെ അബ്ദുല്‍ കലാം. Photo source: Wikipedia.org

ഏതു പേനയുടെയും അസുഖം ഭേദമാക്കുന്ന തൃശ്ശൂരിലെ ഈ ഹോസ്പിറ്റലിന്‍റെ ഖ്യാതി ഇന്ദിരാഗാന്ധി വരെ കേട്ടറിഞ്ഞിരുന്നു എന്ന് നാസര്‍ പറയുന്നു. സമ്മാനമായിക്കിട്ടിയ പേന കേടായതിനെ തുടര്‍ന്ന് 1973-ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആ പേനയെ ഈ ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചത്. രാ ജീവ് ഗാന്ധിയും ഒരിക്കല്‍ പെന്‍ ഹോസ്പറ്റലിന്‍റെ സേവനം തേടിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഒറ്റത്തവണ ഉപയോഗിച്ചതിന് ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളോര്‍ത്ത് നാസര്‍ വ്യാകുലപ്പെടുന്നു.


എ.പി.ജെ അബ്ദുല്‍ കലാം ഇന്ത്യന്‍ പ്രസിഡന്‍റായിരുന്ന സമയത്ത് തൃശൂരില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ പേന നന്നാക്കാനുള്ള അവസരം കിട്ടിയത് മകന്‍ നാസറിനായിരുന്നു. തകഴി ശിവശങ്കരപ്പിള്ള, കുഞ്ഞുണ്ണി മാഷ്, വൈലോപ്പിള്ളി, ഇടവേള ബാബു, സാറാ ജോസഫ്, വൈശാഖന്‍ തുടങ്ങിയ പലരുടെയും പേനകള്‍. എഴുത്തുക്കാര്‍, സിനിമാ നടന്മാര്‍, രാഷ്ട്രീയ നേതാക്കള്‍, ശാസ്ത്രജ്ഞന്‍മാര്‍, കളക്ടര്‍മാര്‍, ഡോക്ടര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, വക്കീലന്മാര്‍ തുടങ്ങി പല തൊഴില്‍ മേഖലയിലുള്ളവര്‍ നാസറിന്‍റെ നിത്യ സന്ദര്‍ശകരാണ്.

മറ്റൊരു സവിശേഷത കൂടിയുണ്ട് നാസറിന്. ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് പേനകള്‍ ശേഖരിച്ച് രണ്ടു രൂപയുടെ റീഫില്ലിട്ട് വീണ്ടും വില്‍പ്പനയ്ക്ക് വെക്കും. ഒറ്റത്തവണ ഉപയോഗിച്ചതിന് ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളോര്‍ത്ത് വ്യാകുലപ്പെടുന്ന ആളുകൂടിയാണ് നാസര്‍.

Source: Pexels.com

”വിലക്കുറവുള്ള പേനകള്‍ വാങ്ങി വളരെ കുറച്ചു നാള്‍ മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കുകയാണ് നാം. മഷിപ്പേനയാണെങ്കില്‍ ഈ പ്രശ്‌നമുണ്ടാകില്ല. വീണ്ടും വീണ്ടും ഉപയോഗിക്കാം. തീരും തോറും മഷി നിറച്ചുക്കൊണ്ടേയിരിക്കാം. വില കുറഞ്ഞ പേനകള്‍ ചോദിക്കുന്നവരോട് ഞാനീ പ്രശ്‌നം പറയാറുണ്ട്. പലരും അപ്പോഴാണ് പ്ലാസ്റ്റിക് പേനകളുടെ പാരിസ്ഥിതിക പ്രശ്‌നത്തെക്കുറിച്ച് ആലോചിക്കാറുള്ളത്. അങ്ങനെ സന്തോഷത്തോടെ മഷി പേനകള്‍ വാങ്ങുന്ന അവര്‍ പിന്നീടെന്‍റെ നിത്യ സന്ദര്‍ശകരാവാറുണ്ട്”.

നിരവധി പ്രമുഖ വ്യക്തിത്വങ്ങളുടെ ആദരവുകള്‍ക്കൊപ്പം സമൂഹ്യസേവകര്‍ക്കായി കേരള സര്‍ക്കാര്‍ നല്‍കുന്ന സത്സംഗ് അവാര്‍ഡും നാസറിനെ തേടിയെത്തിയിട്ടുണ്ട്.

എഴുത്തിന്‍റെ രൂപം മാറിക്കൊണ്ടിരിക്കുകയാണ്. പേനയിലെ മഷികൊണ്ട് കടലാസിലേക്ക് ഉള്ളിലുള്ളതിനെ തുറന്നിടുന്നവരുടെ കാലം അവസാനിക്കുകയാണ്. പുതുതലമുറയുടെ എഴുത്തിന്‍റെ വഴികളും അഭിരുചികളും മാറിയിരിക്കുന്നു. എങ്കിലും നാസറിന്‍റെ പെന്‍ ഹോസ്പിറ്റലില്‍ ഇപ്പോഴും തിരക്കിന് ഒരു കുറവുമില്ല. നാസറിന്‍റെ പരിചരണം തേടി പേനകളെ സ്‌നേഹിക്കുന്ന നിരവധി മനുഷ്യര്‍ പലനാടുകളില്‍ നിന്ന് തൃശൂരിലെ പാലസ് റോഡിലുള്ള ഈ ചെറിയ ആശുപത്രിമുറിയിലേക്ക് ഒഴുകിയെത്തിക്കൊണ്ടേയിരിക്കുന്നു.

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം