കൂട്ടുകാര്‍ക്കും മുതിര്‍ന്നവര്‍ക്കും ധൈര്യം പകരുന്ന 15-കാരി ഹന്നയും അവള്‍ക്കുവേണ്ടി ബ്രെയില്‍ പഠിച്ച അമ്മയും

“വഴക്ക് പറയാതിരിക്കുകയോ ഒന്നുമില്ല. ഒരു പ്രത്യേക പരിഗണനയൊന്നും തരാതെ, തല്ലേണ്ട കാര്യങ്ങളില്‍ അടിച്ചും വഴക്കു പറയേണ്ട നേരത്തൊക്കെ വഴക്കുപറഞ്ഞുമാണ് അമ്മ എന്നെ വളര്‍ത്തിയത്.”

കുഞ്ഞായിരിക്കുമ്പോ ഹന്നയ്ക്ക് എന്നും സങ്കടമായിരുന്നു. ആരും കളിക്കാന്‍ കൂടെ കൂട്ടുന്നില്ല, കണ്ടാല്‍ തന്നെ പലരും ഓടിക്കളയും. ചിലരൊക്കെ കളിയാക്കും. പ്രേതം എന്നു വിളിച്ചു പരിഹസിക്കും.

ആ സങ്കടങ്ങളില്‍ നിന്നൊക്കെ രക്ഷപ്പെടാന്‍ അവള്‍ പ്രാര്‍ഥിച്ചു. “ദൈവമേ, കുഞ്ഞനിയനെ തരണേ”യെന്ന്.

“അമ്മയാ പറഞ്ഞത്, ‘നീയൊരു അനിയനെ കിട്ടാന്‍ പ്രാര്‍ഥിക്കൂ.. അങ്ങനെയൊരാളുണ്ടേല്‍ ആരും നിന്നെ കളിയാക്കാന്‍ അവന്‍ സമ്മതിക്കില്ലല്ലോ’ എന്ന്.” ഹനോക്കിനെയും ഡാനിയേലിനെയും അങ്ങനെയാണ് കിട്ടിയതെന്നു ചിരിയോടെ ഹന്ന പറയുന്നു.

പെരുമ്പാവൂരുകാരനായ സൈമണിന്‍റെയും തൃശൂര്‍ സ്വദേശി ലിജയുടെ മൂത്തമകളാണ് ഹന്ന ആലീസ് സൈമണ്‍(15) . മോട്ടിവേഷണല്‍ സ്പീക്കര്‍, പാട്ടുകാരി, സംഗീതസംവിധാനം, കഥയെഴുത്ത്… ഇങ്ങനെ ഒരുപാട് സന്തോഷങ്ങളില്‍ ജീവിക്കുകയാണ് ആത്മധൈര്യത്തിന്‍റെ ഈ കുഞ്ഞുതുരുത്ത്.

ജന്മനാ കാഴ്ചാ പ്രശ്നങ്ങളുണ്ട്. എന്നാല്‍ അതില്‍ പേടിച്ചുപോയ, ഒറ്റപ്പെട്ടുപോയ കുഞ്ഞു ഹന്നയല്ല അവളിന്ന്. കുട്ടിക്കാലത്തെ ആ നിമിഷങ്ങളെയൊക്കെ മറന്ന് കലയിലൂടെയും വര്‍ത്തമാനങ്ങളിലൂടെയും അവള്‍ സഞ്ചരിക്കുകയാണ്.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com

പഠിച്ച് സൈക്കോളജിസ്റ്റാകണം, അമേരിക്കയില്‍ പഠിക്കാന്‍ പോകണം… ഇങ്ങനെ ഒരുപാട് സ്വപ്നങ്ങളുണ്ട് അവള്‍ക്ക്.

ഹന്ന ആലീസ് സൈമണ്‍

ഹന്നയെക്കുറിച്ച് പറ‍ഞ്ഞു തുടങ്ങും മുന്‍പേ മറ്റൊരാളെ പരിചയപ്പെടണം. … ഹന്നയുടെ അമ്മ ലിജ സൈമണ്‍ എന്ന തൃശ്ശൂര്‍കാരിയെ. മോണ്ടിസോറി കോഴ്സ് പഠിച്ച് ഒരു ജോലിക്ക് ശ്രമിക്കുകയാണിപ്പോള്‍ ലിജ.

മകള്‍ക്ക് കാഴ്ചശക്തിയില്ലെന്ന തിരിച്ചറിവില്‍ സങ്കടപ്പെട്ടു തളര്‍ന്നുപോകാതിരുന്ന, മകള്‍ക്ക് വേണ്ടി ബ്രെയില്‍ ലിപി പഠിച്ചെടുത്ത അമ്മ. മോട്ടിവേഷണല്‍ ക്ലാസുകള്‍ക്ക് മകള്‍ക്ക് കൂട്ടുപോകുന്ന, പിന്നെ ‘നീ എന്‍റെ സ്പെഷ്യല്‍ ചൈല്‍ഡ് ഒന്നുമല്ല, ഹാനോക്കിനെയും ഡാനിയേലിനെയും പോലെത്തന്നെയാണ് നീയും’ എന്ന് ഹന്നയോട് പറയുന്ന ലിജി.

“ഹന്നയ്ക്ക് ആറോ ഏഴോ വയസുണ്ട്. അന്നാണ് മോള്‍ക്ക് വേണ്ടി ഞാന്‍ ബ്രെയില്‍ ലിപി പഠിക്കാന്‍ പോയി തുടങ്ങുന്നത്. ബ്രെയില്‍ പഠിപ്പിക്കുന്ന ടീച്ചറുടെ അടുക്കല്‍ പോയാണ് പഠിക്കുന്നത്.

ഹന്ന കുടുംബത്തിനൊപ്പം

“ബ്രെയില്‍ ലിപി പഠിച്ചെടുത്ത ശേഷം ഹന്നയ്ക്ക് പറഞ്ഞു കൊടുക്കുകയായിരുന്നു. മറ്റാരെക്കാളും നന്നായി സ്വന്തം അമ്മ മോളെ പഠിപ്പിക്കുന്നതല്ലേ നല്ലത്,” ലിജ ചോദിക്കുന്നു

“അമ്മയ്ക്ക് ഞാനൊരു സ്പെഷ്യല്‍ ചൈല്‍ഡ് ഒന്നുമല്ല. അമ്മേടെ മൂന്നു മക്കളില്‍ ഒരാള്‍. അങ്ങനെയാണ് അമ്മ പറയുന്നത്,” ലിജയുടെ അരികിലേക്ക് സ്നേഹത്തോടെ ഹന്ന ചേര്‍ന്നിരുന്നു.

“വഴക്ക് പറയാതിരിക്കുകയോ ഒന്നുമില്ല. ഒരു പ്രത്യേക പരിഗണനയൊന്നും തരാതെ, തല്ലേണ്ട കാര്യങ്ങളില്‍ അടിച്ചും വഴക്കു പറയേണ്ട നേരത്തൊക്കെ വഴക്കുപറഞ്ഞുമാണ് അമ്മ എന്നെ വളര്‍ത്തിയത്,” എന്ന് ഹന്ന.

കാക്കനാട് രാജഗിരി സ്കൂളിലെ പത്താം ക്ലാസുകാരിയാണ് ഹന്ന. മോഡല്‍ എക്സാം കഴിഞ്ഞ് വീട്ടിലെത്തിയ നേരത്താണ് ഹന്ന ദ് ബെറ്റര്‍ ഇന്‍ഡ്യയോട് വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങുന്നത്.

“അമ്മയാണ് എന്‍റെ പ്രചോദനവും കരുത്തും. അപ്പയും എന്‍റെ ജീവനാണ്. കഥകള്‍ പറഞ്ഞു തന്നതും പുസ്തകങ്ങള്‍ വായിക്കാനും പാട്ടു പാടാനും കവിതയെഴുതാനുമെല്ലാം അപ്പയാണ് കാരണം.

“അപ്പയുടെ പേര് സൈമണ്‍. സ്വകാര്യ സ്ഥാപനത്തില്‍  ലീഗല്‍ അഡ്വൈസര്‍ ആണ്. പാട്ടിനോട് എനിക്കൊരു ഇഷ്ടക്കൂടുതലുണ്ടെന്നു ഞാന്‍ കുഞ്ഞ‌ായിരിക്കുന്ന കാലം തൊട്ടേ അപ്പയ്ക്കും അമ്മയ്ക്കും അറിയാം.

ഹന്നയുടെ കുട്ടിക്കാലം

“പാട്ട് പാടാനൊരു കഴിവുണ്ടെന്നു അവര്‍ക്ക് തോന്നിയിരുന്നു. അതുകൊണ്ടാകും കു‍ട്ടിക്കാലം തൊട്ടേ എന്നെ പാട്ടു ക്ലാസിലൊക്കെ അയച്ചത്.


പക്ഷേ പ്രശ്നമെന്താണെന്നു വച്ചാല്‍, പാട്ട് പാടും എന്നറിയാവുന്നത് കൊണ്ട് സ്കൂളിലെന്ത് പരിപാടി വന്നാലും എന്‍റെ പാട്ടുണ്ടാകും.


“അതിപ്പോ സ്കൂള്‍ ആനിവേഴ്സറിയാണേലും യൂത്ത് ഫെസ്റ്റിവല്‍ ആണേലും ഹന്ന പാട്ടിനാണെന്നു എല്ലാവരും ഉറപ്പിച്ചിരുന്നു. വേറൊരു പരിപാടി ചെയ്യാനും സാധിച്ചില്ല.

“അന്നൊക്കെ വേറെ പല പരിപാടികളിലും പങ്കെടുക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ അധ്യാപകര്‍ എപ്പോഴും എന്നെ പാട്ടു പാടാനെ തെരഞ്ഞെടുക്കു. അങ്ങനെ സ്കൂളിലെ സ്ഥിരം പാട്ടുകാരിയായി. പിന്നെപ്പിന്നെ എനിക്ക് പാട്ട് പാടാന്‍ പോലും ഇഷ്ടമല്ലാതെയായി.

“ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ്, ഗീതിക ടീച്ചര്‍ പ്രകൃതിയുമായി ബന്ധപ്പെട്ടൊരു പരിപാടി ചെയ്യിക്കുന്നത്. അതിനു വേണ്ട പാട്ടുകള്‍ ഞാനും എന്‍റെ രണ്ടു കൂട്ടുകാരികളും കൂടിയാണ് എഴുതുന്നത്.

“അവരെഴുതിയ വരികള്‍ക്ക് ഞാനാണ് സംഗീതം നല്‍കിയത്. മേഘ്നയും കെയ്റ്റ് വിന്നുമായിരുന്നു ആ ഫ്രണ്ട്സ്.

“പരിസ്ഥിതി ഗാനങ്ങള്‍ എഴുതിയതോടെ പിന്നെ കുറച്ചു കാലം അതുമാത്രമായിരുന്നു. ഇതൊക്കെയായി പോകുന്ന കാലത്താണ് അപ്പ എന്നോട് ചോദിക്കുന്നത്, നിനക്ക് ദൈവത്തെക്കുറിച്ച് പാട്ട് എഴുതിക്കൂടേയെന്ന്.

“അന്ന് ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. അപ്പ പറ‌ഞ്ഞത്, പക്ഷേ അത്ര ഗൗരവത്തോടെയൊന്നും എടുത്തില്ല. പിന്നീടൊരിക്കല്‍ എന്തോ കാര്യത്തിന് സങ്കടപ്പെട്ടിരിക്കുന്ന നേരത്ത് ചില വരികളൊക്കെ മനസിലേക്ക് വന്നു. വൈ ഷുഡ് ഐ വറി… എന്നു തുടങ്ങുന്ന ആ പാട്ട് അന്നേരത്ത് എഴുതിയതാണ്. അങ്ങനെയാണ് ആദ്യമായൊരു ഭക്തിഗാനമെഴുതുന്നത്.


ഇതുകൂടി വായിക്കാം: വാട്സാപ്പില്‍ ഒരു ‘റേഡിയോ’ സ്റ്റേഷന്‍! 


“പിന്നീടും പാട്ടൊക്കെ എഴുതിയതോടെ പലരും പറഞ്ഞു, പാട്ട് പഠിക്കണം, വോയ്സ് ഇംപ്രൂവ് ചെയ്യണമെന്നൊക്കെ. പക്ഷേ അതിനോടൊന്നും താത്പ്പര്യം തോന്നിയില്ല.

അനിയന്‍മാരോടൊപ്പം

“പിന്നീട് പാട്ട് പഠിക്കാന്‍ ചേര്‍ന്നു, സോള്‍ ഓഫ് മ്യൂസിക്കിലെ രാധിക ടീച്ചറുടെ അടുത്താണ് ചേരുന്നത്. വെസ്റ്റേണ്‍ മ്യൂസിക് ക്ലാസിനായിരുന്നു. പാട്ട് പഠിക്കാനുള്ള താത്പ്പര്യമൊക്കെ നഷ്ടപ്പെട്ടിരുന്നല്ലോ.

“ആ ഇഷ്ടം തിരികെ കൊണ്ടുവന്നത് രാധിക ടീച്ചറാണ്. അത്രേം നല്ല ക്ലാസുകളായിരുന്നു ടീച്ചറുടേത്. പാട്ടു പഠിച്ച ശേഷം എന്‍റെ വോയ്സ് കൂടുതല്‍ നന്നായെന്നാണ് പലരും പറഞ്ഞത്.

അപ്പയാണ് പാട്ടെഴുതാനുള്ള കാരണം. കുഞ്ഞായിരിക്കുമ്പോ അപ്പയെനിക്ക് കുറേ കഥകള്‍ പറഞ്ഞു തരുമായിരുന്നു. എല്ലാ ദിവസവും ഓഫിസില്‍ നിന്നു വന്ന ശേഷം കഥകള്‍ പറച്ചിലായിരുന്നു.

“പിന്നെ ഞാന്‍ കുറച്ചു വലുതായതില്‍ പിന്നെയാണ് പുസ്തകങ്ങള്‍ വാങ്ങിക്കൊണ്ടു തന്നിരുന്നത്. എന്നിട്ടതൊക്കെ അപ്പ വായിച്ചു തരും. സ്വയം വായിക്കാന്‍ പഠിച്ചതോടെ പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു തരാന്‍ തുടങ്ങി.

“അപ്പ ഇംഗ്ലിഷ് പുസ്തകങ്ങള്‍ വായിച്ചു തന്നതു കേട്ടാണ് എന്‍റെ ഇംഗ്ലിഷ് നന്നായത്. അങ്ങനെയാണ് ഇംഗ്ലിഷില്‍ പാട്ടെഴുതാനും സാധിച്ചത്,”എറണാകുളത്തെ കലൂര്‍ താമസിക്കുന്ന ഹന്ന പറയുന്നു.

ഹന്ന എഴുതിയ പാട്ടുകളില്‍ ഭക്തിഗാനങ്ങളാണ് ഏറെയും. വരികള്‍ക്ക് സംഗീതവും കൊടുക്കാറുണ്ട്. ഇതുവരെ ഏഴ് പാട്ടുകള്‍ ചെയ്തിട്ടുണ്ട്, എല്ലാം വ്യത്യസ്തം. കൂട്ടത്തില്‍ മ്യൂസിക് ക്ലാസിന്‍റെ ഭാഗമായി ഒരു കവര്‍ സോങ്ങും ചെയ്തിട്ടുണ്ട്.

പാട്ടുകളൊക്കെ  ഹന്ന ആലീസ് സൈമണ്‍ എന്ന പേരിലാണ്  യുട്യൂബില്‍ അപ്‍ലോഡ് ചെയ്തിരിക്കുന്നത്. ഇതൊക്കെ ഹന്നയുടെ അമ്മയാണ് നോക്കുന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണെങ്കിലും ഹന്ന മോട്ടിവേഷണല്‍ ക്ലാസെടുക്കുന്നത് അവളെക്കാള്‍ മുതിര്‍ന്ന കുട്ടികള്‍ക്കാണ്.

സ്കൂളിലും കോളെജുകളിലുമൊക്കെ ഹന്ന ക്ലാസെടുത്തിട്ടുണ്ട്.

“എന്‍റെയൊരു പാട്ട് ഞങ്ങളുടെ പള്ളികളിലുള്ള വെക്കേഷന്‍ ബൈബിള്‍ സ്കൂളില്‍ പഠിപ്പിക്കാന്‍ എന്നെ വിളിച്ചു. ആ പാട്ട് പഠിപ്പിക്കുന്നതിനൊപ്പം എന്‍റെ ജീവിതത്തെക്കുറിച്ചുമൊക്കെ ഞാന്‍ അവരോട് സംസാരിക്കുമായിരുന്നു. അങ്ങനെയാണ് ഞാനൊരു സദസ്സില്‍ നിന്നു സംസാരിക്കാന്‍ പോലും തുടങ്ങുന്നത്.

“എന്നാല്‍ ഇപ്പോ പള്ളികളില്‍ അല്ല സ്കൂളുകളിലും കോളെജുകളിലുമൊക്കെയാണ് ക്ലാസെടുക്കാന്‍ പോകുന്നത്. ആലുവയിലെ അന്ധവിദ്യാലയത്തിലും ആലുവ എടത്തലയിലെ അല്‍ അമീന്‍ സ്കൂളിലും മാറമ്പിള്ളി എംഇഎസ് കോളെജിലുമൊക്കെയാണ് ക്ലാസെടുത്തിട്ടുള്ളത്.

“അല്‍ അമീനില്‍ പത്താം ക്ലാസുകാരും പ്ലസ് ടുക്കാരുമായിരുന്നു പ്രസംഗം കേള്‍ക്കാനുണ്ടായിരുന്നത്. എല്ലാവരോടും എന്‍റെ ജീവിതത്തെക്കുറിച്ച് പറയാറുണ്ട്. ഇവിടെയും അതൊക്കെ പറഞ്ഞു.

“എല്ലാവരുടെയും ജീവിതത്തില്‍ ഒരു പ്രതിസന്ധിഘട്ടം ഉണ്ടാകും. ജീവിതത്തില്‍ വിജയിച്ച ഏതൊരാള്‍ക്കും ഇതൊക്കെ അതിജീവിക്കേണ്ടി വന്നിട്ടുണ്ടാകും. ഇത്തരം സാഹചര്യങ്ങളില്‍ പ്രശ്നങ്ങളെ ഭയന്ന് ഓടിയൊളിക്കാം, അല്ലേല്‍ അതിനോട് പോരാടി വിജയിക്കാം. പോരാടാനുള്ള ധൈര്യം കാണിച്ചാല്‍ മാത്രമേ വിജയങ്ങളിലെത്താനാകൂവെന്നുമൊക്കെ മോട്ടിവേഷണല്‍ സ്പീച്ചില്‍ പറയാറുണ്ട്.

“എംഇഎസ് കോളെജിലെ സ്പോര്‍ട്സ് ഡേയ്ക്കാണ് അവര്‍ ക്ഷണിച്ചത്. അതൊരു വ്യത്യസ്ത അനുഭവമായിരുന്നു. എന്‍ സി സി കേഡറ്റുകളുടെ മാര്‍ച്ച് പാസ്റ്റും ഡ്രില്ലുമൊക്കെയുണ്ടായിരുന്നു. അതൊക്കെ എനിക്ക് ആദ്യ അനുഭവമായിരുന്നു.

മോട്ടിവേഷണല്‍ സ്പീക്കര്‍ ജോസഫ് അന്നംകുട്ടി ജോസിനൊപ്പം.

മോട്ടിവേഷണല്‍ ക്ലാസെടുക്കാന്‍ പോകുമ്പോള്‍ ഹോം വര്‍ക് ചെയ്യാറുണ്ട്. പക്ഷേ ഇത്തവണ ‍പത്താം ക്ലാസില്‍ അല്ലേ. പഠനത്തിനാണ് കൂടുതല്‍ സമയം ഉപയോഗിച്ചത്.

“മോട്ടിവേഷണല്‍ സ്പീക്കറാകണമെന്നു പ്രതീക്ഷിച്ചും ആഗ്രഹിച്ചുമൊന്നും എത്തിയതല്ല. എങ്ങനെയോ ആയതാണ്. ജോസഫ് അന്നംകുട്ടി ജോസിന്‍റെ പ്രസംഗമൊക്കെ അമ്മ എനിക്ക് കേള്‍പ്പിച്ചു തന്നിട്ടുണ്ട്. അമ്മ ഇതൊക്കെ കേള്‍ക്കുന്ന കൂട്ടത്തിലാണ്. അമ്മ കേട്ട് ഇഷ്ടപ്പെട്ടാല്‍ പിന്നെ അമ്മ എന്നെയും കേള്‍പ്പിക്കും,” എന്ന് ഹന്ന.

പക്ഷേ ഹന്നയ്ക്ക് അതിനെക്കാള്‍ ഇഷ്ടം വായിക്കാനാണ്. എല്ലാ തരം പുസ്തകങ്ങളും ഇഷ്ടമാണ്. പക്ഷേ, ഇപ്പോഴും വായിക്കാനിഷ്ടം കുട്ടികള്‍ക്കുള്ള പുസ്തകങ്ങളാണ്. കുട്ടികള്‍ക്ക് വേണ്ടിയെഴുതുന്ന പുസ്തകങ്ങളിലൊരു നിഷ്കളങ്കതയും പ്യൂരിറ്റിയുമൊക്കെയുണ്ടാകുമെന്നാണ് ഹന്ന പറയുന്നത്.

“ജനിച്ച നാള്‍ തൊട്ടേ എനിക്ക് കാഴ്ചയില്ല. ഞാന്‍ അമ്മയുടെ വയറിലായിരുന്ന നേരം എന്‍റെ കണ്ണ് മാത്രം വളര്‍ന്നില്ല. മൈക്രോഫ്താല്‍മിയ (Microphthalmia ) എന്നാണ് രോഗത്തിന്‍റെ പേര്. കുഞ്ഞായിരുന്നപ്പോ അമ്മേം അപ്പേം ഒക്കെ എന്നെ ചികിത്സിക്കാന്‍ കുറേ ഓടിയിട്ടുണ്ട്.

“പക്ഷേ ഫലം കണ്ടില്ല. പിന്നെന്തിനാ സമയവും പൈസയുമൊക്കെ കളയുന്നത്? അപ്പോ പിന്നെ ചികിത്സ അവസാനിപ്പിച്ചു.

ഇപ്പോ കാഴ്ച ഒരു ആവശ്യമാണെന്നു തോന്നുന്നില്ല,” ഹന്ന പറയുന്നു.

“കുട്ടിക്കാലത്ത് കൂട്ടുകാരൊക്കെ പ്രേതം എന്നു വിളിച്ച് കളിയാക്കുമായിരുന്നു. കളിക്കാനൊന്നും കൂടെ കൂട്ടില്ല. കുഞ്ഞു പിള്ളേര് എന്നെ കണ്ട് കരഞ്ഞിട്ടൊക്കെയുണ്ട്. അന്നൊക്കെ സങ്കടം തോന്നിയിട്ടുണ്ട്.

“ആ ഘട്ടമൊക്കെ അതിജീവിക്കാന്‍ സാധിച്ചു. അന്നത്തെ സങ്കടമൊക്കെ മറക്കാനും മാറ്റാനും ചേര്‍ത്തുനിറുത്തിയത് അമ്മയായിരുന്നു. ‘ഇന്ന് നിന്നെ കളിയാക്കുന്ന എല്ലാവരും ഒരു ദിവസം നിനക്ക് വേണ്ടി കൈയടിക്കും. ആ ഒരു ദിവസം വരും’, എന്ന് അമ്മ പറയുമായിരുന്നു. അതുപോലെ സംഭവിക്കുകയും ചെയ്തു.

“ഇതൊക്കെ അതിജീവിക്കാന്‍ സാധിച്ചത് എന്‍റെയൊരു മൈന്‍ഡ് പവര്‍ ആണെന്നൊന്നും പറയാന്‍ പറ്റില്ല. വേറൊന്നും കൊണ്ടല്ല, ഞാന്‍ വളരെ സെന്‍സിറ്റീവ് ആണ്. എനിക്ക് പെട്ടെന്നു വിഷമം ഒക്കെ വരും.

“പക്ഷേ എന്‍റെ രക്ഷിതാക്കള്‍ ഞാന്‍ ചെറുതായിരുന്നപ്പോള്‍ മുതല്‍ ഒരു സ്പിരിറ്റ് എനിക്ക് തന്നായിരുന്നു. അതുകൊണ്ട്, ബാക്കിയുള്ളവര് ചെയ്യുന്നതൊക്കെ എന്തുകൊണ്ട് എനിക്കും ചെയ്തു കൂടാ എന്ന തോന്നല്‍ എപ്പോഴും മനസിലുണ്ട്. ആ പോസിറ്റീവ് എനര്‍ജി അപ്പേം അമ്മേം തന്നതാണ്.”

അധ്യാപകരും പിന്തുണച്ചിട്ടേയുള്ളൂ എന്ന് ഹന്ന പറയുന്നു. “കൂട്ടത്തില്‍ അഞ്ചാം ക്ലാസില്‍ പഠിപ്പിച്ച ഷിബി മിസ് അമ്മയെപ്പോലെയാണ്. എഴുതാനുള്ള കഴിവ് ഉണ്ടെന്നു എന്നെത്തന്നെ മനസിലാക്കി തന്ന കുറേ ഇംഗ്ലിഷ് ടീച്ചര്‍മാരുണ്ട്. കണക്ക് എനിക്ക് ബുദ്ധിമുട്ടാണ്. പക്ഷേ കണക്ക് പഠിപ്പിച്ച സെറീന മിസും കുറേ സഹായിച്ചിട്ടുണ്ട്.”

ചെറുകഥകള്‍ എഴുതാനിഷ്ടമുള്ള ഈ കൊച്ചുമിടുക്കി ഏഴ് കഥകള്‍ ഇംഗ്ലിഷില്‍ എഴുതിയിട്ടുണ്ട്. ഒന്നും പ്രസിദ്ധീകരിച്ചിട്ടൊന്നുമില്ലെന്ന് മാത്രം.


ഇതുകൂടി വായിക്കാം:46 രാജ്യങ്ങളിലെ 130-ലേറെ സാമൂഹ്യപ്രസ്ഥാനങ്ങള്‍ മുളച്ചത് കേരളത്തിലെ ഈ കായലോരത്താണ്: ജര്‍മ്മനിയില്‍ നിന്നും തിബെറ്റ് വഴി വെള്ളായണിയിലെത്തിയ സാബ്രിയെയുടെ, പോളിന്‍റെ, കാന്താരിയുടെ കഥ


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം