പെട്രോള്‍/ഡീസല്‍ കാര്‍ ഇലക്ട്രിക് ആക്കാന്‍ കണ്‍വെര്‍ഷന്‍ കിറ്റ്; ഒറ്റച്ചാര്‍ജ്ജില്‍ 80 കിലോമീറ്റര്‍ റേഞ്ച്

മാരുതി ഓള്‍ട്ടോ, വാഗണ്‍ആര്‍, സ്വിഫ്റ്റ് ഡിസയര്‍ എന്നിവ കണ്‍വെര്‍ട്ട് ചെയ്യുന്നതിനുള്ള സര്‍ട്ടിഫിക്കേഷന്‍ ICAT, ARAI എന്നീ ഏജന്‍സികളില്‍ നിന്ന് അവര്‍ക്ക് കിട്ടിയിട്ടുണ്ട്.

ചെന്നൈയില്‍ എസ് ആര്‍ എം യൂനിവേഴ്‌സിറ്റിയിലായിരുന്ന കാലത്താണ് (2014-’18) ഹൈദരാബാദുകാരായ അക്ബര്‍ ബെയ്ഗും അഷ്ഹര്‍ അഹമ്മദ് ഷെയ്ഖും ഒരു മാരുതി 800-ഉം മാരുതി എസ്റ്റീമും ഇലക്ട്രിക് ആയി കണ്‍വെര്‍ട്ട് ചെയ്തത്.

അതിന് ശേഷവും കാറുകളുടെ മൊത്തത്തിലുള്ള പെര്‍ഫോര്‍മെന്‍സിന് വലിയ കുറവൊന്നുമില്ലെന്ന് അവര്‍ മനസ്സിലാക്കി. ഇനിയുള്ളത് ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണെന്ന് മനസ്സിലാക്കിയതോടെ പഴയ കാറുകള്‍ ഇലക്ട്രിക് ആക്കി മാറ്റുന്ന സാങ്കേതിക വിദ്യ കൂടുതല്‍ മെച്ചപ്പെടുത്താന്‍ അവര്‍ തീരുമാനിച്ചു.

യൂനിവേഴ്‌സിറ്റിയില്‍ നിന്നിറങ്ങിയതിന് ശേഷം ഹൈദരാബാദില്‍ ഭാരത് മൊബി എന്ന ഒരു സ്റ്റാര്‍ട്ട് അപ് തുടങ്ങി, 2017-ല്‍. ഇതുവരെ അവര്‍ 30 വാഹനങ്ങള്‍ ഇലക്ട്രിക്കാക്കി മാറ്റിക്കഴിഞ്ഞു.


ഇനി നമ്മുടെ യാത്രകളും പ്രകൃതി സൗഹൃദമാവട്ടെ. സന്ദര്‍ശിക്കൂ- Karnival.com

മലിനീകരണമുക്തമായ ഇന്‍ഡ്യക്ക് ഏറ്റവും അനുയോജ്യമായ സാങ്കേതികവിദ്യയാണ് ഇ വി റിട്രോഫിറ്റിങ് അഥവാ കണ്‍വെര്‍ഷന്‍ എന്ന് അഷ്ഹര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

ഇ. വി. കണ്‍വേര്‍ഷന്‍ നടത്തിയ വാഹനവുമായി അക്ബറും അഷ്ഹറും

ഹാച്ച്ബാക്കിലും സെഡാനിലും ഉപയോഗിക്കാവുന്ന റിട്രോഫിറ്റിങ് കിറ്റുകളാണ് കമ്പനി തയ്യാറാക്കിയിരിക്കുന്നത്. രണ്ട് കിറ്റുകളും തമ്മില്‍ ചില്ലറ വ്യത്യാസങ്ങളുണ്ട്.

“ഇലക്ട്രിക് മോഡലിലേക്ക് കണ്‍വെര്‍ട്ട് ചെയ്ത് കഴിഞ്ഞാല്‍ സെഡാനും ഹാച്ച്ബാക്കും ഒറ്റച്ചാര്‍ജ്ജില്‍ 80 കിലോമീറ്റര്‍ റേഞ്ച് കിട്ടും. എ സിയിട്ട് മണിക്കൂറില്‍ 80 കിലോമീറ്റര്‍ സ്പീഡില്‍ പോകുമ്പോഴാണിത്.

“15KW മോട്ടോറാണ് കിറ്റില്‍, LiFePO4 ബാറ്ററിയും മികച്ച ബാറ്ററി മാനേജ്‌മെന്‍റ് സംവിധാനവുമുണ്ട്. ബാറ്ററിക്കും മോട്ടോറിനും ഒരു കണ്‍ട്രോളറുമുണ്ട്. ഹാച്ച് ബാക്കിന് ബാറ്ററി കപ്പാസിറ്റി 12 kwh ആണെങ്കില്‍ സെഡാന് 15 kwh ആണ്. സ്പീഡും റേഞ്ചും മാറ്റമില്ല. കസ്റ്റമൈസ് ചെയ്ത കണ്‍വെര്‍ഷന്‍ കിറ്റും ഞങ്ങള്‍ നല്‍കുന്നുണ്ട്,” അ്ഷ്ഹര്‍ പറഞ്ഞു.

“ഇനി നിങ്ങള്‍ക്ക് ഒരിറ്റ് ഇന്ധനം ഇല്ലാതെ കാറോടിക്കാം. റിട്രോഫിറ്റിങ് കിറ്റ് വെയ്ക്കുന്നതോടെ നിങ്ങളുടെ കാര്‍ വായു മലിനീകരണമോ ശബ്ദമലിനീകരണമോ ഉണ്ടാക്കാത്ത ഗ്രീന്‍ കാര്‍ ആവും. ഒപ്പം ഗിയര്‍ലെസും. കടുത്ത പൊല്യൂഷന്‍ നിയമങ്ങളില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യാം,” trak.in-നോട് സംസാരിക്കവെ അക്ബര്‍ ബെയ്ഗ് പറഞ്ഞു.

ഇപ്പോള്‍ 1969 മോഡല്‍ ഫോര്‍ഡ് കാര്‍ ചെന്നൈയിലുള്ള ഒരാള്‍ക്ക് വേണ്ടി ഇലക്ട്രിക്കിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

സ്റ്റാര്‍ട്ട് അപ്പിന്‍റെ ഹൈദരാദിലെ കേന്ദ്രത്തിലാണ് ഇപ്പോള്‍ ഇലക്ട്രിക് കിറ്റുകള്‍ ഫിറ്റ് ചെയ്തുകൊടുക്കുന്നത്. മാരുതി ഓള്‍ട്ടോ, വാഗണ്‍ആര്‍, സ്വിഫ്റ്റ് ഡിസയര്‍ എന്നിവ കണ്‍വെര്‍ട്ട് ചെയ്യുന്നതിനുള്ള സര്‍ട്ടിഫിക്കേഷന്‍ ICAT, ARAI എന്നീ ഏജന്‍സികളില്‍ നിന്ന് അവര്‍ക്ക് കിട്ടിയിട്ടുണ്ട്.

റിട്രോഫിറ്റിങ്ങിനായി 5 ലക്ഷം രൂപ ചെലവാകും. ഒരാഴ്ച വേണം ഫിറ്റ് ചെയ്ത് കിട്ടാന്‍. ബാറ്ററിയുടെയും സെല്ലിന്‍റെയും താപനില, വണ്ടിയുടെ ‘ആരോഗ്യസ്ഥിതി’ എന്നിവ നിങ്ങളുടെ ലാപ്‌ടോപിലോ കംപ്യൂട്ടറിലോ അറിയാന്‍ കഴിയുന്ന ടെലിമാറ്റിക്‌സ് സംവിധാനവും കമ്പനി ഒപ്പം നല്‍കുന്നുണ്ട്.

അപ്പോള്‍ ചില ചോദ്യങ്ങള്‍ ഉയരും. അഞ്ച് ലക്ഷം ചെലവാക്കാമെങ്കില്‍, പുതിയൊരു ഇലക്ട്രിക് കാര്‍ വാങ്ങിയാല്‍ പോരേ?

ആ ചോദ്യം മറ്റൊന്നിലേക്കാണ് ചെന്നെത്തുന്നത്. ഉപേക്ഷിക്കുന്ന കാര്‍ നിങ്ങള്‍ എന്തുചെയ്യും?

2019-ലെ ഇകണോമിക് സര്‍വ്വേ പറയുന്നത് 2030-ഓടെ ഇന്‍ഡ്യയിലെ വാഹന വ്യവസായം 70 മുതല്‍ 80 ദശലക്ഷം ടണ്‍ ഇരുമ്പ് ഉപയോഗിക്കുമെന്നാണ്. ഇത് രാജ്യത്ത് നിര്‍മ്മിക്കുന്ന ഉരുക്കിന്‍റെ 70-80 ശതമാനം വരും.

ദേശീയ ഹരിത ട്രൈബ്യൂണല്‍ പറയുന്നത് 2020-ല്‍ 90 ലക്ഷം വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ കൊള്ളാതെ ഉപേക്ഷിക്കേണ്ടി വരുമെന്നാണ്. 2030 ആകുമ്പോഴേക്കും ഇത് 280 ലക്ഷം ആകും.

ഉപേക്ഷിക്കപ്പെടുന്നകാറുകള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ വലുതാണ് (Image source: Pixabay.com)

ഇന്‍ഡ്യയില്‍ പഴയ ഇരുമ്പുസാധനങ്ങളും മറ്റും ശേഖരിക്കുന്നതിനുള്ള സംവിധാനം ഒട്ടും കേന്ദ്രീകൃതമല്ലാത്തതിനാല്‍ 60-70 ലക്ഷം ടണ്‍ സ്റ്റീല്‍ സ്‌ക്രാപ് ആണ് വര്‍ഷവും ഇവിടേക്ക് ഇറക്കുമതി ചെയ്യുന്നത്.


ഇതുകൂടി വായിക്കാം: നിങ്ങളുടെ സ്കൂട്ടര്‍ വൈദ്യുതിയിലും പെട്രോളിലും ഓടിക്കാം


“വാഹനങ്ങള്‍ ആക്രിയായെടുക്കുന്നതിനും അവ വേര്‍തിരിക്കുന്നതിനുമുള്ള നല്ല സംവിധാനങ്ങള്‍ രാജ്യത്തില്ല. റിട്രോഫിറ്റിങ് വഴി ഉപേക്ഷിക്കാന്‍ വിധിക്കപ്പെട്ട ഒരുപാട് വാഹനങ്ങളുടെ ആയുസ്സ് കൂട്ടാനും അവ പരിസ്ഥിതി സൗഹൃദമാക്കാനും കഴിയും,” അഷ്ഹര്‍ ഷെയ്ഖ് പറഞ്ഞു.

ഇതിന് പുറമെ, ഇലക്ട്രിക് ആക്കി മാറ്റുന്നതോടെ മെയ്‌ന്‍റെനന്‍സ് ചെലവ് വലിയ തോതില്‍ കുറയുമെന്നും അഷ്ഹര്‍ പറയുന്നു.

“സാധാരണ വണ്ടികള്‍ക്ക് ഏതാണ്ട് 2,000 ഭാഗങ്ങളും ഘടകങ്ങളും ഉണ്ട്. ഇലക്ട്രിക് കണ്‍വെര്‍ഷന്‍ നടത്തുന്നതോടെ അത് വെറും 20 ആയി മാറുന്നു. മെയ്‌ന്‍റെനെന്‍സ് ചെലവ് കുറയും. ടെലിമാറ്റിക്‌സ് ആവശ്യമെങ്കില്‍ ഞങ്ങള്‍ അറിയിക്കാറുണ്ട്. മൂന്ന് വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വാറന്‍റിയും ഞങ്ങള്‍ നല്‍കുന്നു.”

കണ്‍വെര്‍ട്ട് ചെയ്ത വാഹനങ്ങള്‍ ഏത് 16 Amp സോക്കറ്റിലും ചാര്‍ജ്ജ് ചെയ്യാം. പൂര്‍ണമായും ചാര്‍ജ്ജാവാന്‍ മൂന്നര മുതല്‍ നാല് മണിക്കൂര്‍ വരെ എടുക്കും.

“കാറുകള്‍ മാത്രമല്ല, പൊതുവാഹനങ്ങളിലേക്കും കടന്നുചെല്ലാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. വിന്‍റേജ് കാറുകളുടെ ആയുസ്സ് കൂട്ടാന്‍ ഞങ്ങളുടെ കിറ്റ് സഹായിക്കും. ഈ ടെക്‌നോളജിക്ക് രാജ്യത്ത് വലിയ സാധ്യതയുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അതുകൊണ്ട് ബാറ്ററി, കൂളിങ് സാങ്കേതിക വിദ്യകള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ അറിയാന്‍: Click Here

ഫോട്ടോകള്‍ക്ക് കടപ്പാട്: ഭാരത് മൊബി/ഫേസ്ബുക്ക്|


ഇതുകൂടി വായിക്കാം: 1,000 കിലോമീറ്റര്‍ റേഞ്ച്, 30-40% വിലയും കുറയും! ഇലക്ട്രിക് വാഹനങ്ങളില്‍ ലിഥിയം ബാറ്ററിക്ക് പകരം പുതിയ കണ്ടുപിടുത്തവുമായി ഇന്‍ഡ്യന്‍ കമ്പനി


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം