രാധാ മോഹന്‍, സബര്‍മതി

പുല്ലുപോലും മുളയ്ക്കാത്ത ഭൂമി മാറ്റിയെടുത്ത് 100 ഇനം പച്ചക്കറിയും 500 ഇനം നെല്ലും വിളയിക്കുന്ന അച്ഛനും മകളും

ഇതിനൊപ്പം തന്നെ 1,000-ലധികം സ്പീഷീസ് ചെടികളുള്ള 5,000 ഏക്കര്‍ വനഭൂമി അവര്‍ സംരക്ഷിച്ചുപോരുകയും ചെയ്യുന്നു.

രങ്ങളെല്ലാം വെട്ടിനിരത്തിയിട്ട് വര്‍ഷങ്ങളായി. കടുംകൃഷിയായിരുന്നു പിന്നീട്.

ഓരോ വര്‍ഷവും രാസവളങ്ങളും രാസ കീടനാശിനികളും അളവില്ലാതെ ആ മണ്ണിലേക്ക് വീണു. ലാഭക്കൃഷി ആ ഭൂമിയെ ഇഞ്ചിഞ്ചായി നശിപ്പിച്ചുകൊണ്ടേയിരുന്നു.

വര്‍ഷങ്ങള്‍ അധികം കഴിയും മുന്‍പ് അത് വിളവുനല്‍കാത്ത പാഴ്നിലമായി. ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ടു.

ഒഡിഷയിലെ നയാഗര്‍ ജില്ലയില്‍ ഒന്നിനും കൊള്ളാതെ കിടന്ന വിശാലമായ പാഴ് ഭൂമിക്ക് നടുവിലെ ഒരു തുണ്ടായിരുന്നു അതും. ഒരു പ്രയോജനവുമില്ലാത്ത ആ ഭൂമിയെ വീണ്ടെടുക്കാന്‍ അയാളും മകളുമെത്തി.

രാധാമോഹനും സബര്‍മതിയും

“അത് ഒന്നിനും കൊള്ളാത്ത ഭൂമിയാണെന്ന് ഞാനോ എന്‍റെ അച്ഛനോ കണക്കാക്കിയിരുന്നില്ല,” ആ പ്രദേശത്തെ പരിസ്ഥിതിക്ക് പുതുജീവന്‍ നല്‍കാന്‍ ഇറങ്ങിത്തിരിച്ച സബര്‍മതി പറയുന്നു. സബര്‍മതിയുടെ കൂടെ പിതാവ് രാധാ മോഹനും ഉണ്ടായിരുന്നു. “ആരും ശ്രദ്ധിക്കാനില്ലാതെ തരിശായിപ്പോയതാണ്.”

രാധാ മോഹന്‍ ആ ഭൂമി വാങ്ങുന്നത് ഏതാണ്ട് 32 വര്‍ഷം മുന്‍പാണ്.

“ഞങ്ങള്‍ അത് വാങ്ങുമ്പോള്‍ അവിടം ആകെ ചത്തുമരവിച്ച മണ്ണായിരുന്നു. മേല്‍മണ്ണെല്ലാം ഒലിച്ചുപോയ അവിടെ പുല്ലുപോലും മുളച്ചിരുന്നില്ല. പണ്ട് ഇത് ഇടതൂര്‍ന്ന വനമായിരുന്നു. അതുവെട്ടിത്തെളിച്ചാണ് ജനം കൃഷിയിറക്കിയത്,” രാധാ മോഹന്‍ പറയുന്നു.

മണ്ണൊരുക്കുന്നു (ഫോട്ടോ: സംഭവ്/FACEBOOK)

അക്കാലത്ത് ജൈവകൃഷിയെന്നും പരിസ്ഥിതി പുനസ്ഥാപനമെന്നുമൊന്നും അധികം കേട്ടുതുടങ്ങിയിട്ടില്ല. കേട്ടവരൊന്നും രാധാമോഹനെ പ്രോത്സാഹിപ്പിച്ചില്ല.

പക്ഷേ, അതൊന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല.

“തുടക്കത്തില്‍ എല്ലാവരും ഞങ്ങളുടെ തീരുമാനത്തിനെതിരായിരുന്നു. ഞങ്ങള്‍ കണ്ട എല്ലാ വിദഗ്ധരും ഞങ്ങളോട് ഈ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതാണ് നല്ലതെന്നാണ് പറഞ്ഞത്. പൂര്‍ണ്ണമായും ജൈവമാര്‍ഗ്ഗത്തിലൂടെ ആ ഭൂമിയെ തിരിച്ചുകൊണ്ടുവരാനാവുമെന്ന് അവരാരും വിശ്വസിച്ചിരുന്നില്ല.

“പക്ഷേ, എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. പലതരം ജൈവ രീതികള്‍ ഉപയോഗിച്ച് ഞാന്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നു. മൂന്ന് വര്‍ഷത്തെ കഠിനപരിശ്രമത്തിന് ശേഷം പതിയെ മാറ്റം കാണാന്‍ തുടങ്ങി. അധികം വൈകാതെ അവിടെ നിറയെ പച്ചപ്പുല്ല് നിറഞ്ഞു. അതിലേക്ക് പ്രാണികള്‍ ആകര്‍ഷിക്കപ്പെട്ടു. പതിയെപ്പതിയെ ആ ഭൂമി പരിസ്ഥിതി സംതുലനത്തിലേക്ക് മടങ്ങിവന്നു,” അദ്ദേഹം പറഞ്ഞു.

Photo: Sambhav/Facebook

പക്ഷേ, ആ വിജയം ഒരു തുടക്കം മാത്രമായിരുന്നു. ആ തുണ്ടുഭൂമിയില്‍ നിന്ന് അവരിപ്പോള്‍ 90 ഏക്കറിലേക്ക് ജൈവകൃഷി വ്യാപിപ്പിച്ചു. അവിടെയവര്‍ 100-ലധികം ഇനം പച്ചക്കറികളും 500 ഇനം അരിയും കൃഷി ചെയ്യുന്നു. മഴവെള്ളക്കൊയ്ത്തിനായി മൂന്ന് വലിയ കുളങ്ങളും കുഴിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ 1,000-ലധികം സ്പീഷീസ് ചെടികളുള്ള 5,000 ഏക്കര്‍ വനഭൂമി അവര്‍ സംരക്ഷിച്ചുപോരുകയും ചെയ്യുന്നു.

രാധാ മോഹന്‍ ഇകണോമിക്‌സ് പ്രൊഫസര്‍ ആയിരുന്നു. സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ആയാണ് വിരമിച്ചത്. ഇതൊക്കെ ആയിരിക്കുമ്പോഴും ഈ 77-കാരന്‍ പരിസ്ഥിതിക്കുവേണ്ടിയും ജൈവകൃഷിക്കുവേണ്ടിയും നിലകൊണ്ട ഉറച്ച ശബ്ദവുമായിരുന്നു.

“എന്‍റെ ജീവിതത്തിലുടനീളം പലതരം റോളുകളിലൂടെ ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്, ഒരു അച്ഛന്റേതുള്‍പ്പെടെ,’ അദ്ദേഹം ചിരിക്കുന്നു. ‘റിട്ടയര്‍മെന്റിന് ശേഷം എന്‍റെ ശ്രദ്ധ ജൈവകൃഷിയിലേക്കും പ്രകൃതി സംരക്ഷണത്തിലേക്കും തിരിഞ്ഞത് സ്വാഭാവികമായാണ്. ആളുകള്‍ എന്നെ തുടര്‍ച്ചയായി വിമര്‍ശിച്ചുവെങ്കിലും അവരുടെ വാക്കുകളിലെ ‘അസാധ്യ’മെന്ന പ്രയോഗം എന്നെ സംബന്ധിച്ച് ഒരുപാട് സാധ്യതകളിലേക്ക് തുറക്കുന്ന ഒന്നാണ്. ഞാന്‍ വാങ്ങിയ ആദ്യത്തെ തുണ്ട് തരിശുഭൂമി അവര്‍ പറഞ്ഞത് തെറ്റായിരുന്നുവെന്ന് തെളിയിക്കാനുള്ള കാന്‍വാസ് ആയിരുന്നു.”

രാധാ മോഹന്‍, സബര്‍മതി

നടക്കില്ലെന്ന് എല്ലാവരും പറഞ്ഞ ആ ദൗത്യം ഏറ്റെടുത്തതിന് ഒരു വര്‍ഷത്തിന് ശേഷം മകള്‍ സബര്‍മതിയുമായി ചേര്‍ന്ന് സംഭവ് (സാധ്യമായത്) എന്ന ഒരു സംഘടനയും തുടങ്ങിവെച്ചു. ജൈവകൃഷിയില്‍ രാജ്യത്തെ കര്‍ഷകരെ പരിശീലിപ്പിക്കുന്നതിനും വിവരങ്ങള്‍ കൈമാറുന്നതിനുമുള്ള ഒരു റിസോഴ്‌സ് സെന്‍റര്‍ ആയും സംഘടന പ്രവര്‍ത്തിക്കുന്നു. ഒപ്പം വിത്തുകള്‍ കൈമാറുകയും ചെയ്യുന്നു.

നിരന്തരമായ പരിശ്രമങ്ങളിലൂടെ പല നാടന്‍ വിത്തിനങ്ങളും, ധാന്യങ്ങളും പച്ചക്കറികളും കറുത്ത അരിയും മറ്റും നയാഗര്‍ ജില്ലയിലെ കര്‍ഷകരിലേക്ക് വീണ്ടുമെത്തിക്കാനും വീണ്ടും കൃഷിയിറക്കാനും അവര്‍ക്ക് കഴിഞ്ഞു. സംഭവിന്‍റെ വിത്തുസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തങ്ങോളമിങ്ങോളമുള്ള കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്തു.

“ആയിരക്കണക്കിന് കര്‍ഷകരെ ജൈവകര്‍ഷകരാക്കാന്‍ സംഭവിന് കഴിഞ്ഞു. ജൈവകൃഷി ലാഭകരമോ പ്രായോഗികമോ അല്ല എന്ന പൊതുധാരണ പതിയെയാണെങ്കിലും തിരുത്തിക്കൊണ്ടാണ് ഇത്രയും പേരെ ഞങ്ങള്‍ക്ക് മാറ്റാന്‍ കഴിഞ്ഞത്,” 51-കാരിയായ സബര്‍മതി പറഞ്ഞു. ഓക്‌സ്ഫാം എന്ന സംഘടനയില്‍ പ്രോജക്റ്റ് ഓഫീസറായിരുന്ന അവര്‍ 1993-ല്‍ രാജിവെച്ച് പൂര്‍ണ്ണമായും സംഭവിനായി സമയം മാറ്റിവെക്കുകയായിരുന്നു.

ഈ വര്‍ഷം റിപ്പബ്ലിക് ദിനത്തിന് തലേന്ന് ആ സന്തോഷവാര്‍ത്തയെത്തി. കാര്‍ഷിക മേഖലയിലെ സംഭാവനകളുടെ പേരില്‍ രാധാ മോഹനേയും സബര്‍മതിയേയും രാജ്യം പത്മശ്രീ നല്‍കി ആദരിക്കുന്നു. അതോടെ സുസ്ഥിര വികസനം, ജൈവകൃഷി വ്യാപനം, ലിംഗനീതി എന്നീ മേഖലകളില്‍ ശ്രദ്ധയൂന്നുന്ന സംഭവും ആദരിക്കപ്പെടുകയായിരുന്നു.

പലതരം നെല്ല് വിളഞ്ഞുനില്‍ക്കുന്ന പാടങ്ങള്‍–സംഭവിന്‍റെ കൃഷിയിടം Sambhav/Facebook

“തീര്‍ച്ചയായും ഇതൊരു വലിയ ബഹുമതിയാണ്. എന്നാല്‍ അത് വ്യക്തിപരമായ ഒന്നല്ല. മണ്ണിനേയും ഭൂമിയെയും തിരിച്ചുപിടിക്കാനായി പരിശ്രമിക്കുന്ന എല്ലാ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ജൈവകര്‍ഷകര്‍ക്കുമുള്ള ആദരവാണിത്,” രാധാ മോഹഹന്‍ പറയുന്നു.

ജൈവകൃഷി മുന്നേറ്റത്തിനുള്ള ബ്ലൂപ്രിന്‍റ് മൂന്ന് ദശകം മുന്‍പ് തന്നെ തയ്യാറാക്കുകയും രാജ്യത്തിനാകെ മാതൃകയാവുകയും ചെയ്ത ഈ 77-കാരന്‍ ഇപ്പോഴും സംഭവിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോഴും സജീവമായി തുടരുന്നു.


ഇതുകൂടി വായിക്കാം: പട്ടിണിയിലും ലഹരിയിലും തെരുവിന്‍റെ കെണികളിലും വീണുകിടന്നിരുന്ന 110 കുട്ടികളെ രക്ഷിച്ച സ്ത്രീ


 

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം