പൂര്‍ണ്ണമായും ‘റീസൈക്കിള്‍’ ചെയ്തെടുത്ത ‘ആന്‍റീക്’ മരവീടുമായി സൈക്കിള്‍ വര്‍ക്ക് ഷോപ്പ് ഉടമ

കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ചാണ് ഈ വീടിനുവേണ്ട നിര്‍മ്മാണ വസ്തുക്കള്‍ വേണു സംഘടിപ്പിച്ചത്.

ഫോര്‍ട്ട് കൊച്ചിക്കാരന്‍ വേണുവിന്‍റെ വീട് ഒരു കൊച്ചു മ്യൂസിയം പോലെയാണ്–പഴയ പറ, നല്ല ഗാംഭീര്യമുള്ള ആട്ടുകട്ടില്‍, ആമാടപ്പെട്ടി, ആട്ടുപങ്ക, അറപ്പുര, ഭസ്മകുടുക്ക, ഗജരാജ ചാരുപടി, ചിത്രപ്പൂട്ട്, ഇരട്ടപ്പൂട്ട്, കള്ളപ്പൂട്ട്, കോല്പൂട്ട്, ആമപ്പൂട്ട്, നുകം, വിത്തേറ്റി (മമ്മട്ടി പോലെയിരിക്കുന്ന ഉപകരണം)…അങ്ങനെ ഒരുപാട് കൗതുകങ്ങളുണ്ട് അവിടെ.

കൂടാതെ എച്ച്എംവിയുടെ ഗ്രാമഫോണ്‍ റെക്കോഡ് പ്ലെയര്‍, ഉഷ കമ്പനിയുടെ പഴയ സെല്‍ഫ് പെഡല്‍ ഫാന്‍… അങ്ങനെ പല വിസ്മയ ശേഖരങ്ങളുണ്ട് ഫോര്‍ട്ട് കൊച്ചി പാണ്ടിക്കുടിയില്‍ കൊച്ചേരി ബസാറിലെ ആ വീട്ടില്‍.

ആറര സെന്‍റിലാണ് പഴമയുടെ ചന്തമുള്ള ആ മൂന്നു നില വീട്. ചുവരുകള്‍ മരപ്പലകയില്‍ അറപ്പുര ശൈലിയിലാണ് തീര്‍ത്തിരിക്കുന്നത്. ആ വീട്ടിലെ ഓരോ ഇഞ്ചിലുമുണ്ട് നിത്യവിസ്മയമുണര്‍ത്തുന്ന സൗന്ദര്യം.

വേണു വീടിന്‍റെ പൂമുഖത്ത്

വേണു ഈ വീട് പണിതിട്ട് ആറ് വര്‍ഷമേ ആയിട്ടുള്ളു എങ്കിലും വീട്ടിലെ ചുവരുകള്‍ക്കും തൂണുകള്‍ക്കും കഴുക്കോലിനും പട്ടികയ്ക്കും ദശകങ്ങളുടെ പഴക്കമുണ്ട്; ചിലപ്പോള്‍ നൂറ്റാണ്ടുകളുടെ ചരിത്രം കാണും മനോഹരമായ പല മര സാമാനങ്ങള്‍ക്കും. അവയോരോന്നിനും പറയാനുണ്ടാകും, ഒരുപാട് കഥകള്‍.

ഇഷ്ടികയും കോണ്‍ക്രീറ്റും സിമെന്‍റും വളരെ കുറച്ചുമാത്രമേ ഉപയോഗിച്ചിട്ടുള്ളൂ ഈ വീടിന്‍റെ നിര്‍മ്മാണത്തിന്. ഭിത്തികള്‍ക്കായി മരത്തിന്‍റെ പലകയാണ് ഉപയോഗിച്ചിരിക്കുന്നത്.  ഒന്നും രണ്ടും നിലകള്‍ക്ക് മാത്രമാണ് കോണ്‍ക്രീറ്റ് റൂഫ് ഉള്ളത്.  ഏറ്റവും മുകള്‍ നിലയ്ക്ക് പഴയ കഴുക്കോലും പട്ടികയും ഓടും ഉപയോഗിച്ച് പണിത കൂരയാണുള്ളത്.

പൊതുവെ കൗതുകവസ്തുക്കളോടും ആന്‍റീക്കുകളോടും മറ്റും വലിയ കമ്പമുള്ള വേണു വീടുണ്ടാക്കാനുള്ള വസ്തുക്കള്‍ തേടി വര്‍ഷങ്ങള്‍ സഞ്ചരിച്ചു.

പഴയ വീടുകളും കൊട്ടാരങ്ങളും പൊളിച്ചപ്പോള്‍ ശേഖരിച്ച തടികളും, മരത്തിന്‍റെ മച്ചും, വാതിലുമൊക്കെ പോളിഷ് ചെയ്‌തെടുത്താണ് വേണു വീട് നിര്‍മ്മിച്ചിരിക്കുന്നത്. വടക്കന്‍ പറവൂരിലെ പള്ളിപ്പുറം, ആലപ്പുഴ ജില്ലയിലെ കലവൂര്‍, അമ്പലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ്
വീട് നിര്‍മാണത്തിനുള്ള സാധനങ്ങള്‍ പ്രധാനമായും കൊണ്ടുവന്നത് എന്ന് വേണു വെളിപ്പെടുത്തുന്നു.

വേണുവിന്‍റെ വീടിന് മൂന്ന് നിലകളുണ്ട്.. ആകെ 3,000 ചതുരശ്ര അടിയാണ് വിസ്തൃതി

പൊളിച്ചെടുത്ത മൂന്ന് പഴയ വീടുകളില്‍ നിന്നുള്ള മര ഉരുപ്പടികള്‍ പൂര്‍ണ്ണമായും വേണു ഈ വീട് നിര്‍മ്മാണത്തിന് ഉപയോഗിച്ചു. പുനരുപയോഗം എന്ന വാക്കിന്‍റെ അര്‍ത്ഥം എന്തെന്നു മനസിലാക്കണമെങ്കില്‍ ഈ വീട്ടിലേക്ക് വന്നാല്‍ മതി.

2010 ഫെബ്രുവരി രണ്ടിനാണു വീടിന് തറക്കല്ലിട്ടത്. 2014 ഓഗസ്റ്റ് മാസത്തില്‍ (ചിങ്ങം ഒന്നിന്) പണി പൂര്‍ത്തീകരിച്ചു കയറിത്താമസിക്കുകയും ചെയ്തു.

“നാലര വര്‍ഷം നീണ്ട യാത്രകളും അന്വേഷണങ്ങളുമൊക്കെ നടത്തിയാണ് വീടെന്ന സ്വപ്‌നം സാക്ഷാത്കരിച്ചത്,” വേണു പറയുന്നു. “പ്രകൃതിയോട് ഇണങ്ങിച്ചേരുന്ന വീടായിരിക്കണമെന്നു നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണു കേരളീയത്തനിമയുള്ള വീട് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഇന്ന്  പണമുണ്ടെങ്കില്‍ വീട് നിര്‍മ്മിക്കാന്‍ അലഞ്ഞു  നടക്കേണ്ട കാര്യമില്ല. ഒരു ഫോണ്‍ എടുത്ത് റിംഗ് ചെയ്താല്‍ മതി സ്‌പോട്ടില്‍ സാധനങ്ങളെത്തും. പക്ഷേ, എന്‍റെ വീട് നിര്‍മ്മാണത്തിന് ഈ രീതി സാധ്യമല്ലായിരുന്നു. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്തു കൊണ്ടാണു വീട്
നിര്‍മ്മാണത്തിനുള്ള സാമഗ്രികള്‍ കണ്ടെത്തിയത്,” വേണു പറയുന്നു.

100 വര്‍ഷത്തിലേറെ പഴക്കവും 25 അടി പൊക്കവുമുള്ള ഗുജറാത്തി കോട്ടവാതിലുള്ള പടിപ്പുര കടന്നുവേണം വേണുവിന്‍റെ വീട്ടിലെത്താന്‍. മട്ടാഞ്ചേരിയില്‍ തന്നെ പൊളിച്ച പഴയ കെട്ടിടത്തിന്‍റോണ് ഈ കോട്ടവാതില്‍. പടിപ്പുര കഴിഞ്ഞാല്‍ പിന്നെ മുഖമണ്ഡപമാണ്. തടിയില്‍ ചെയ്‌തെടുത്ത മുഖമണ്ഡപത്തിന് രണ്ട് വശങ്ങളിലായി ഇരിപ്പിടങ്ങളുണ്ട്. രണ്ട് ചീങ്കണ്ണി, വ്യാളീ മുഖങ്ങളുമുണ്ട് മുഖമണ്ഡപത്തിന്.

പടിപ്പുരയും പൂമുഖവും

മുഖമണ്ഡപത്തില്‍നിന്നും വീട്ടിലേക്ക് നടക്കുമ്പോള്‍ ചെങ്കല്ല് പാകിയ ഒരു ചെറിയ നടപ്പാത. നൂറ്റാണ്ടുകള്‍ പഴക്കമുള്ളവയാണ് ചെങ്കല്ല്. ഇടതുവശത്തായി തുളസിത്തറയും, കല്‍വിളക്കുമുണ്ട്. ഉരല്‍, ആട്ട്കല്ല്, പിള്ള(ആട്ടുകല്ലിന്‍റേയും അരകല്ലിന്‍റേയും കല്‍ക്കുഴ) , കരിങ്കല്‍ കഷണങ്ങള്‍ എന്നിവ സംയോജിപ്പിച്ചാണു കല്‍വിളക്ക് നിര്‍മ്മിച്ചിരിക്കുന്നത്.

മാളികപ്പുര ശൈലിയിലുള്ളതാണു വീട്. മൂന്ന് നിലകളും കൂടി 3,000 ചതുരശ്ര അടി വലുപ്പമുണ്ട് വീടിന്.  മുകളിലേക്കു പോകും തോറും വിസ്തീര്‍ണ്ണം കുറഞ്ഞു വരുന്ന രീതിയിലാണ് വീടിന്‍റെ എലവേഷന്‍ ഡിസൈന്‍. തേക്ക്, ആഞ്ഞിലി, ഈട്ടി, പ്ലാവ് ഉള്‍പ്പെടെ പത്തോളം തടികളാണു വീട് നിര്‍മ്മിക്കാന്‍  ഉപയോഗിച്ചിരിക്കുന്നത്.  തടി ഉപയോഗിച്ചുള്ള പ്രൗഢ ഗംഭീരമായ മുഖപ്പ് വീടിന് ഉപയോഗിച്ചിട്ടുണ്ട്. മുകളിലത്തെ രണ്ട് നിലകളില്‍ തൂളിമാനവും ഉണ്ട്.

മരത്തില്‍ കൊത്തിയെടുത്ത 30 ഗജവീരന്മാരെയാണു പൂമുഖത്ത് സ്ഥാപിച്ചിട്ടുള്ളത്. ഗജരാജ ചാരുപടിയിലാണു ഗജരാജവീരന്മാര്‍ അണിനിരന്നിരിക്കുന്നത്. കോടി കഴുക്കോലിനെ കൊത്തുപണി ചെയ്താണ് ഇത് തയാറാക്കിയത്.  പൂമുഖത്തേക്ക് കയറുന്നതിനു മുമ്പ് കാല്‍ കഴുകുന്നതിന് കിണ്ടി വെച്ചിട്ടുണ്ട്.

പൂമുഖത്തിന്‍റെ വലതുഭാഗത്തായി ഒരു അറപ്പുര സ്ഥാപിച്ചിട്ടുണ്ട്. അറപ്പുര സാധാരണയായി പലതരം സാധനങ്ങള്‍ സൂക്ഷിക്കാനാണ് ഉപയോഗിക്കുന്നത്. വേണു അറപ്പുര ബാത്ത് റൂമായിട്ടാണ് ഉപയോഗിക്കുന്നത്.

പൂമുഖത്തെ തറയില്‍ ആദ്യം തറയോടാണ് പാകിയിരുന്നതെങ്കിലും ഇപ്പോള്‍ തറയോട് മാറ്റി മരപ്പലകയാണ് ഉപയോഗിച്ചിരിക്കുന്നത്. കൊത്തുപണികള്‍ ചെയ്ത തടികളാല്‍ സമ്പന്നമാണു പൂമുഖം. പൂക്കളുടെ ഡിസൈനുള്ള മരത്തിന്‍റെ സീലിംഗ് അഥവാ പൂമച്ചാണു പൂമുഖത്തുള്ളത്. പ്രൗഢിക്കു മാറ്റ്
കൂട്ടാന്‍ ആട്ടുകട്ടിലും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

ക്ഷേത്രങ്ങളില്‍ ചുവര്‍ചിത്രങ്ങളിലൂടെ കഥപറയുന്ന രീതിയുണ്ട്. ഇതു പോലെ കൊത്തുപണികളിലൂടെ കഥ പറയുന്ന രീതി പൂമുഖത്തെ അരഞ്ഞാണത്തില്‍ കാണാം.  പൂമുഖത്തിന്‍റെ ദര്‍ശനം പടിഞ്ഞാറ് ഭാഗത്തേയ്ക്കാണ്. കയറി വരുമ്പോള്‍ വിഘ്‌നേശ്വര രൂപമുണ്ട്. വെജിറ്റബിള്‍ പെയ്ന്റിംഗ് ചെയ്‌തെടുത്തതാണ് അത്. അതിനോടു ചേര്‍ന്നു തന്നെയുള്ള പ്രവേശനകവാടത്തില്‍ ചിത്രപ്പൂട്ടുണ്ട്.


ഇതുകൂടി വായിക്കാം: ഈ വനത്തിനുള്ളിൽ ആക്രി കൊണ്ട് 3,500 സ്ക്വയർ ഫീറ്റ് മരവീട്! കൊടുംവേനലിലും ഫാൻ വേണ്ട


പ്രധാന വാതില്‍ തുറന്നാലുടന്‍ കാണുവാന്‍ സാധിക്കുന്നത് പൂജാ മുറിയാണ്. അവിടെ ശ്രീകൃഷ്ണ വിഗ്രഹവുമുണ്ട്. അതിനടുത്ത് അകത്തളം. ക്ഷേത്രത്തിലെ കൂത്തമ്പലത്തെ ഓര്‍മ്മിപ്പിക്കും വിധമുള്ളതാണ് അകത്തളം. അവിടെ ബെഞ്ചുകള്‍ കൂട്ടിയോജിപ്പിച്ചു കൊണ്ടുള്ള അറുകുടുമ ഇരിപ്പിടമുണ്ട്. ഇവിടെ ഇരുന്ന് ഒരു ചരട് വലിച്ചാല്‍ ഫാനിനു പകരമുള്ള തടിപ്പങ്കായം ഉപയോഗിച്ചു കാറ്റ് കൊള്ളാം. സമീപത്തായി ഉരുളിയില്‍ അഥവാ വാര്‍പ്പില്‍ ഡിസൈന്‍ ചെയ്‌തെടുത്ത ടീപ്പോയ് ഉണ്ട്.

വേണുവിന്‍റെ വീട്

താഴത്തെ നിലയില്‍ രണ്ട് ബെഡ് റൂമുകളാണുള്ളത്. ഒരു ബെഡ്‌റൂമില്‍ സപ്രമഞ്ജ കട്ടിലും നിലക്കണ്ണാടിയുമുണ്ട്. പണ്ട് രാജകുടുംബങ്ങളില്‍ മാത്രം കണ്ടുവരുന്നവയായിരുന്നു സപ്രമഞ്ജ കട്ടിലും നിലക്കണ്ണാടിയും. (ഒരാളുടെ രൂപം മുഴുവനായി പ്രതിഫലിക്കുന്ന കണ്ണാടിയാണ് നിലക്കണ്ണാടി.)  താഴത്തെ നിലയില്‍ ഡൈനിംഗ് റൂം, അടുക്കള എന്നിവയുമുണ്ട്. വിജാഗിരി ആവശ്യമില്ലാത്ത കതകാണ് വീടിനുള്ളില്‍ ഭൂരിഭാഗം സ്ഥലത്തും ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് നിലകളിലും അടുക്കളയുണ്ട്.

വേണുവിന്‍റെ വീടിന്‍റെ പ്രത്യേകതകള്‍ അറിഞ്ഞ് കൗതുകം പൂണ്ട നടന്‍ മോഹന്‍ലാല്‍ ഒരിക്കല്‍ വീട് സന്ദര്‍ശിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വേണു പറയുന്നു.

വീടിനടുത്തുതന്നെ ജിവിപി എന്ന സൈക്കിള്‍ വര്‍ക്ക്‌ഷോപ്പ് നടത്തുകയാണ് വേണു. സൈക്കിള്‍ പണിയിലുമുണ്ട് കൗതുകങ്ങളേറെ.

സൈക്കിളുകളില്‍ നിരവധി പരീക്ഷണങ്ങള്‍  നടത്തിയിട്ടുണ്ട് വേണു. ഒറ്റ ചക്രം, മൂന്ന് ചക്രം, ആറു ചക്രം സൈക്കിള്‍, ചാരിക്കിടന്ന് ചവിട്ടുന്ന സൈക്കിള്‍, 56 ഇഞ്ച് വ്യാസം വരുന്ന ചക്രമുള്ള സൈക്കിള്‍, നിമിഷ നേരം കൊണ്ടു മടക്കിയെടുക്കാവുന്ന സിസര്‍ സൈക്കിള്‍ എന്നിവയാണു വേണുവിന്‍റെ പരീക്ഷണശാലയില്‍നിന്നും പിറവിയെടുത്ത ഏതാനും കൗതുകങ്ങള്‍.

വേണു ഡിസൈന്‍ ചെയ്ത സൈക്കിളുകള്‍ പലതും സിനിമയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഈയൊരു ആത്മവിശ്വാസമാണു വീട് നിര്‍മ്മാണത്തിലും പരീക്ഷണം നടത്താന്‍ വേണുവിനെ പ്രേരിപ്പിച്ചത്. വീടിന്‍റെ ഡിസൈനും വേണു തന്നെയാണു തയാറാക്കിയത്. തന്‍റെ സ്വപ്‌ന ഭവനം നിര്‍മ്മിക്കാന്‍ ജിവിപി ഫ്രണ്ട്‌സ് ക്ലബ്ബ് എന്ന സൗഹൃദ കൂട്ടായ്മയും ഒട്ടേറെ സഹായിച്ചെന്നു വേണു പറയുന്നു.

വേണു വര്‍ക് ഷോപ്പിലെ വേഷത്തില്‍… അദ്ദേഹം തന്‍റെ ഷോപ്പില്‍ തയ്യാറാക്കിയ സൈക്കിള്‍ മാതൃകയുമായി

ജപ്പാനില്‍നിന്ന് ഇറക്കുമതി ചെയ്തിരുന്ന ഹക്കിനി സൈക്കിളിന്‍റെ കൊച്ചിയിലെ ഡീലറായിരുന്നു വേണുവിന്‍റെ അച്ഛന്‍ ജി. വേലായുധന്‍. അച്ഛനാണു വേണുവിന് സൈക്കിളില്‍ പരീക്ഷണം നടത്താന്‍ പ്രചോദനമായത്.

പതിറ്റാണ്ടുകള്‍ക്കു മുന്‍പു കൊച്ചിയുടെയും കോഴിക്കോടിന്‍റെയും
തെരുവോരങ്ങള്‍ക്ക് പ്രിയങ്കരമായിരുന്നു ഹക്കിനി ബ്രാന്‍ഡ്. എന്നാല്‍ ജപ്പാനില്‍നിന്നുള്ള ഇറക്കുമതി നിലച്ചതോടെ റിക്ഷാ വണ്ടികള്‍ക്കു ഡിമാന്‍ഡ് വര്‍ധിച്ചു. അതോടെ വേലായുധന്‍ റിക്ഷാവണ്ടികള്‍ സ്വന്തമായി രൂപകല്‍പന ചെയ്തു. സഹായിയായി വേണുവും ചേര്‍ന്നു. അന്ന് മുതലാണു വേണുവിനു
വ്യത്യസ്തമായ സൈക്കിളുകള്‍ ഡിസൈന്‍ ചെയ്യണമെന്ന ആഗ്രഹം മനസില്‍ ഉദിച്ചത്.

പിന്നീട് വേണു ഡിസൈന്‍ ചെയ്ത സൈക്കിളുകള്‍ നാട് അറിയുന്ന തലത്തിലേക്ക് പ്രശസ്തിയാര്‍ജ്ജിക്കുകയും ചെയ്തു. ഹക്കിനി മാതൃകയില്‍  വേണു നിര്‍മ്മിച്ച റിക്ഷാ വണ്ടിയില്‍ ആകൃഷ്ടനായ ഫ്രാന്‍സില്‍ നിന്നുള്ള ഒരാള്‍ ഒരിക്കല്‍ മുപ്പത് റിക്ഷാ വണ്ടികള്‍ക്കുള്ള ഓര്‍ഡര്‍ നല്‍കുകയും ചെയ്തു.

സൈക്കിളുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല വേണുവിന്‍റെ കലാവിരുത്. ഫോര്‍ട്ടുകൊച്ചിയില്‍ നടക്കുന്ന പുതുവര്‍ഷ കാര്‍ണിവെലില്‍ 12 വര്‍ഷം വേണു ഡിസൈന്‍ ചെയ്ത ഫ്ലോട്ടുകളായിരുന്നു ഒന്നാം സ്ഥാനം നേടിയത്. നിരവധി സിനിമകള്‍ക്കു വേണ്ടിയും വേണു കലാരൂപങ്ങള്‍ ഡിസൈന്‍ ചെയ്തു നല്‍കാറുണ്ട്.



അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം