പാം ഓയില്‍ ഉപയോഗിക്കുമ്പോള്‍ തന്നെ നമുക്ക് വനങ്ങളെ സംരക്ഷിക്കാനാകുമോ? ഇന്‍ഡ്യന്‍ ബിസിനസുകള്‍ക്ക് അതിനുള്ള ഉത്തരമുണ്ട്

നിങ്ങള്‍ക്കറിയാമോ, ലോകവ്യാപകമായ കണക്കനുസരിച്ച് നമ്മളോരോരുത്തരും വര്‍ഷത്തില്‍ എട്ട് കിലോഗ്രാം വരെ പാം ഓയില്‍ കഴിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നുണ്ട് . നമ്മുടെ ഭക്ഷണത്തിലും സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലുമൊക്കെ പാം ഓയില്‍ ഉണ്ട്.


ആര്‍എസ്പിഒയുമായുള്ള പങ്കാളിത്തത്തിലാണ് ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത്


പാം ഓയിലിനെ കുറിച്ച് ഗൂഗിള്‍ ചെയ്താല്‍ നൂറുകണക്കിന് സേര്‍ച്ച് റിസല്‍റ്റുകളില്‍ നിന്നും സമ്മിശ്രമായ പ്രതികരണങ്ങളായിരിക്കും ലഭിക്കുക. ഒരു വശത്ത് ദക്ഷിണ കിഴക്കന്‍ ഏഷ്യയില്‍ നശിപ്പിക്കപ്പെടുന്ന മഴക്കാടുകളുടെ ചിത്രങ്ങളും വംശനാശം സംഭവിക്കുന്ന ഒറാങ്ങ്ഉട്ടാനെ പോലുള്ള അപൂര്‍വ ജീവികളുടെ ആവാസവ്യവസ്ഥ ഇല്ലാതാകുന്നതിന്‍റെ വാര്‍ത്തകളുമെല്ലാം ലഭിക്കും. മറുവശത്ത്, പാം ഓയിലിന്‍റെ എണ്ണിയാല്‍ തീരാത്ത ഗുണങ്ങളെ കുറിച്ചുള്ള വിവരങ്ങളായിരിക്കും.

ഗൂഗിളില്‍ തിരഞ്ഞതിന്‍റെ ഫലമായി ലഭിക്കുന്ന ഫലങ്ങളുടെ ഒരറ്റം പ്രതിഫലിപ്പിക്കുന്നത് എങ്ങനെയാണ് പാം ഓയിലെന്ന ഭക്ഷ്യഎണ്ണ ലോകത്തിന്‍റെ പല ഭാഗങ്ങളെയും മുറിപ്പെടുത്തിയത് എന്നായിരിക്കും. അതേസമയം സുസ്ഥിരമായ രീതിയില്‍ കൃഷി ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്ന പാം  ഓയില്‍  എന്തുകൊണ്ട് നാം ഉപയോഗികേണ്ടതുണ്ട്  എന്ന് വ്യക്തമാക്കുന്ന പല കാരണങ്ങളായിരിക്കും മറ്റൊരു വശത്ത്.

സംസ്‌കരിക്കപ്പെട്ട ഭക്ഷ്യവസ്തുക്കള്‍ക്കും സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ക്കും ആവശ്യക്കാര്‍ വര്‍ധിച്ചതോടെയാണ് കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ പാം ഓയിലിന്‍റെ ഉപഭോഗം സാര്‍വത്രികമായി പുതിയ ഉയരങ്ങള്‍ കീഴടക്കിയത്. ഇലയ്‌ഡൊബിയസ് കമേരുനിക്കസ് (Elaedobius kamerunicus ) ഇനത്തില്‍ പെട്ട കരിഞ്ചെള്ളുപോലുള്ളൊരു പ്രാണിയെ (weevil insect) എണ്ണപ്പനകളില്‍ പരാഗണത്തിനായി അവതരിപ്പിച്ചതോടുകൂടിയാണ് പാം ഓയില്‍ ഉല്‍പ്പാദനം കൂടിയത്. അതിന് മുമ്പു വരെ മനുഷ്യന്‍ തന്നെ കൃത്രിമ പരാഗണം നടത്തണമായിരുന്നു.

എന്നാല്‍ എണ്ണപ്പന കൃഷിയുമായി ബന്ധപ്പെട്ട് ഇക്കാലത്ത് ഉയരുന്ന നെഗറ്റീവ് ആയ കോലാഹലങ്ങള്‍ പാം ഓയില്‍ ഉപഭോഗത്തെക്കുറിച്ച് ആഗോളതലത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയുണ്ടായി. പാം ഓയില്‍ ഉപഭോഗശീലങ്ങളിലെ മാറ്റങ്ങളിലേക്ക് അത് വഴിവെക്കുന്നുമുണ്ട്.

നമ്മുടെ ഭക്ഷണം, സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയില്‍ നിന്നും പാം ഓയിലിനെ പരമാവധി മാറ്റിനിര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങളുമുണ്ടാകുന്നുണ്ട്.

ഇതൊക്കെയാണെങ്കിലും, സുസ്ഥിരമല്ലാത്ത പാം ഓയില്‍ ഉല്‍പാദനത്തിനെതിരെ പ്രചാരണം ഉയരുന്ന സാഹചര്യത്തിലും, ഒരു വസ്തുത പലപ്പോഴും അവഗണിക്കപ്പെടുന്നു. ടൂത്ത് പേസ്റ്റില്‍ മുതല്‍ ഡിറ്റര്‍ജന്‍റില്‍ വരെ, നമ്മള്‍ ദൈനംദിന ജീവിത്തില്‍ ഉപയോഗിക്കുന്ന 50 ശതമാനം ഉല്‍പന്നങ്ങളിലും പാം ഓയിലോ അതിന്‍റെ ഉപോല്‍പന്നങ്ങളോ അടങ്ങിയിട്ടുണ്ട്. ആഗോളതലത്തില്‍ നോക്കിയാല്‍ നമ്മള്‍ ഓരോരുത്തരും പ്രതിവര്‍ഷം എട്ട് കിലോ പാം ഓയിലാണ് ഉപയോഗിക്കുന്നുണ്ട്.

അതിനാല്‍ തന്നെ പാം ഓയില്‍ നിരോധനമെന്ന കേവലമായ തീരുമാനത്തിലൂടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ല. കുറച്ചുകൂടി സങ്കീര്‍ണമാണ്  ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍; സര്‍ക്കാരുകളുടെയോ പരിസ്ഥിതിവാദികളുടെയോ മാത്രം ഇടപെടല്‍ പോര ഇതിന്, മറിച്ച് പാം ഓയില്‍ ഉല്‍പാദനവും ഉപഭോഗവുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന എല്ലാവരേയും ഉള്‍പ്പെടുത്തി മാത്രമേ പലതലങ്ങളുള്ള ഈ വിഷയത്തിന് പരിഹാരം കാണാന്‍ സാധിക്കൂ.

പാം ഓയിലിന് സര്‍ക്കാരുകള്‍ സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയെന്ന് കരുതുക. അപ്പോള്‍ പാം ഓയിലിന് പകരമുള്ള മറ്റ് ഭക്ഷ്യഎണ്ണകള്‍ക്കായി സമ്മര്‍ദ്ദം കൂടും. അതുകൊണ്ടെന്താ പ്രശ്‌നമെന്നല്ലേ? വലിയ പ്രശ്‌നം തന്നെയുണ്ട്.

എണ്ണപ്പനയുടെ കായയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഭക്ഷ്യ എണ്ണയാണ് നമ്മളിപ്പോള്‍ കൂടുതലായും ആശ്രയിക്കുന്ന പാം ഓയില്‍. ഉയര്‍ന്ന വിളവ് നല്‍കുമെന്നതാണ് എണ്ണപ്പനകൃഷിയുടെ മേന്മ. സസ്യ എണ്ണയ്ക്കായി കൃഷി ചെയ്യുന്ന മറ്റേതൊരു വിളയെ അപേക്ഷിച്ചും നാല് മുതല്‍ 10 മടങ്ങ് വരെ കുറവ് ഭൂമി മാത്രം മതി എണ്ണപ്പന കൃഷിക്ക്. അതായത് നേരത്തെ പറഞ്ഞ പോലെ പാം ഓയിലിന് നിരോധനം ഏര്‍പ്പെടുത്തി മറ്റ് സസ്യാധിഷ്ഠിത എണ്ണകളിലേക്ക് തിരിഞ്ഞാല്‍, ഇതിലും പത്തിരട്ടി ഭൂമി വേണ്ടി വരുമതിന്. അതിനായി കൂടുതല്‍ കാടുകള്‍ വെട്ടിനശിപ്പിക്കപ്പെടുകയും ചെയ്യും.

അതുകൊണ്ടുതന്നെ ഈ ചര്‍ച്ചയുടെ, അല്ലെങ്കില്‍ സംവാദത്തിന്‍റെ ദിശ ഒരിക്കലും തെറ്റരുത്. പാം ഓയില്‍ വേണമോ പാം ഓയില്‍ വേണ്ടയോ എന്നുള്ളതല്ല നമ്മുടെ മുന്നിലുള്ള പ്രശ്‌നം. മറിച്ച് സുസ്ഥിരമായ മാര്‍ഗ്ഗങ്ങളിലൂടെ പാം ഓയില്‍ ഉല്‍പ്പാദിപ്പിക്കാനും വിതരണം ചെയ്യാനും ഉപയോഗിക്കാനും സാധിക്കുമോ ഇല്ലയോ എന്നത് മാത്രമാണ്. അതൊരിക്കലും മറന്നുപോകരുത്.

“ലോകത്ത് മൊത്തം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പാം ഓയിലിന്‍റെ 19 ശതമാനവും സുസ്ഥിരമായ ഉല്‍പാദന മാതൃകയിലധിഷ്ഠിതമായിട്ടുള്ളതാണ്. ഇത്തരത്തിലുള്ള സുസ്ഥിര മാതൃക സ്വീകരിക്കുന്ന കമ്പനികള്‍ക്ക്  24.7 ശതമാനത്തിന്‍റെ മികച്ച ഈക്വിറ്റി റിട്ടേണും ലഭിക്കുന്നുണ്ട്. അതായത്, സുസ്ഥിരമായിരിക്കുക എന്നതുകൊണ്ട് അവര്‍ നേട്ടമുണ്ടാക്കുന്നുണ്ട് എന്നതാണ് വസ്തുത. സണ്‍ഫ്‌ളവര്‍, റേപ്‌സീഡ്, സോയബീന്‍ തുടങ്ങിയ മറ്റ് എണ്ണകളുമായി താരത്യമപ്പെടുത്തുമ്പോള്‍ പാം ഓയിലിന്‍റെ ഉപഭോഗം വളരെ കൂടുതലാണ്. വില കുറവായതിനാലും കുറച്ച് വിഭവസ്രോതസുകള്‍ മാത്രം ഉപയോഗപ്പെടുത്തി ഉല്‍പ്പാദിപ്പക്കപ്പെടുന്നതിനാലും ഉയര്‍ന്ന വിളവ് തരുന്നതിനാലുമാണ് പാം ഓയില്‍ വളരെ വേഗം ജനകീയമായിത്തീര്‍ന്നത്,” ആര്‍ എസ് പി ഒ (റൗണ്ട് ടേബിള്‍ ഓണ്‍ സസ്‌റ്റെയ്‌നബിള്‍ പാം ഓയില്‍)യുടെ ഇന്‍ഡ്യയിലെ പ്രതിനിധി കമല്‍ പ്രകാശ് സേത്ത് പറയുന്നു.

ഒരു പൊതുലക്ഷ്യത്തെ മുന്‍നിര്‍ത്തി പാം ഓയില്‍ ഉല്‍പ്പാദന, വിതരണ, ഉപഭോഗ ശൃംഖലയിലുള്ള സകലരെയും ഒന്നിപ്പിക്കുന്നതിനാണ് നോണ്‍-പ്രോഫിറ്റ് സംഘടനയായ ആര്‍ എസ് പി ഒ ശ്രമിക്കുന്നത്. സുസ്ഥിര മാര്‍ഗങ്ങളിലൂടെ പാം ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉള്‍നാടന്‍ കര്‍ഷകര്‍ മുതല്‍ സര്‍ട്ടിഫൈഡ് ആയ സുസ്ഥിര പാം ഓയില്‍ ഉപയോഗിക്കുന്ന കോര്‍പ്പറേറ്റുകള്‍ വരെയുള്ളവരെ ബന്ധിപ്പിച്ച്, ഒരുകുടക്കീഴില്‍ കൊണ്ടുവന്ന് പരിസ്ഥിതിക്കും തദ്ദേശീയ ജനവിഭാഗങ്ങള്‍ക്കും ഭീഷണിയുയര്‍ത്താത്ത പാം ഓയിലിനായുള്ള ഇടം വളര്‍ത്തിക്കൊണ്ടുവരികയാണ് ആര്‍ എസ് പി ഒ-യുടെ ലക്ഷ്യം.

ഉത്തരവാദിത്തത്തോടെ, സുസ്ഥിരമായ പാംഓയില്‍ കൃഷി പ്രോല്‍സാഹിപ്പിക്കുകയെന്നതിനാണ് ഇവര്‍ ഊന്നല്‍ നല്‍കുന്നത്. കര്‍ഷകര്‍, വിതരണക്കാര്‍, വന്‍കിട ബ്രാന്‍ഡുകള്‍, സര്‍ക്കാരുകള്‍, സാധാരണ ഉപഭോക്താക്കള്‍ തുടങ്ങി പാം ഓയില്‍ വിതരണ ശൃംഖലയുടെ ഭാഗമായ സകലരുമായും സഹകരിച്ചാണ് ആര്‍എസ് പിഒ പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ 15 വര്‍ഷമായി ആഗോള സ്ഥാപനങ്ങളായ വേള്‍ഡ് വൈഡ് ഫണ്ട് (ഡബ്ല്യുഡബ്ല്യുഎഫ്), യുണൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്‍റ് പ്രോഗ്രാം (യുഎന്‍ഇപി) എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണ് ആര്‍എസ് പിഒ. ഇതിന് പുറമെ ദേശീയതലത്തില്‍ സെന്‍റര്‍ ഫോര്‍ റെസ്‌പോണ്‍സിബിള്‍ ബിസിനസ് (സിആര്‍ബി), ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ്, എഎകെ കമാനി തുടങ്ങി നിരവധി സ്ഥാപനങ്ങളുമായും പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട് ആര്‍എസ് പിഒ. പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും ബാധിക്കാത്ത തരത്തില്‍ സുസ്ഥിരമായ പാം ഓയില്‍ ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കുക എന്നതാണ് ഈ സഹകരണങ്ങളുടെയെല്ലാം ഉദ്ദേശ്യം.

സുസ്ഥിര ബിസിനസ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് ഇന്ത്യയിലെ നിരവധി സ്ഥാപനങ്ങള്‍ ഇതിനോടകം തന്നെ ആര്‍എസ് പിഒ വിതരണ ശൃംഖലാ സര്‍ട്ടിഫിക്കേഷന്‍ നേടി ഈ മുന്നേറ്റത്തിന്‍റെ ഭാഗമായിക്കഴിഞ്ഞു. ഉപഭോക്താക്കളില്‍ സുസ്ഥിര പാം ഓയിലിനെ കുറിച്ച് കൂടുതല്‍ അവബോധമുണ്ടാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണവരെല്ലാം. സുസ്ഥിരതയെന്ന ആശയം മുന്‍നിര്‍ത്തി ചിന്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ആര്‍എസ് പിഒ അടുത്തിടെ ആശയവിനിമയം നടത്തുകയുമുണ്ടായി.

കോവിഡാനന്തരം സുസ്ഥിര വികസനം

കോവിഡ്-19 മഹാമാരി വ്യാപിച്ചതോടെ എല്ലാ മേഖലകളിലും പലതരത്തിലുള്ള വെല്ലുവിളികളാണ് ലോകം നേരിടുന്നത്. അതിനാല്‍ തന്നെ, ഒരിക്കല്‍ കൂടി കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരിക്കുന്നു. ഇതുവരെയില്ലാത്ത തരത്തിലുള്ള പ്രതിസന്ധികളാണ് ബിസിനസ് ലോകം നേരിടുന്നത്. കോവിഡാനന്തര ലോകത്ത് അതിജീവിക്കാന്‍ സുസ്ഥിരമായ മാര്‍ഗങ്ങളെ കുറിച്ച് തലപുകഞ്ഞാലോചിക്കുകയാണ് കോര്‍പ്പറേറ്റ് ലോകം.

എന്നാല്‍ ആ ചര്‍ച്ചകളെല്ലാം എന്നത്തെയും പോലെ അവസാനമെത്തി നില്‍ക്കുന്നത് ഒരേ ഉത്തരത്തിലാണ്–കാലഘട്ടത്തിന്‍റെ ആവശ്യം ‘ലാഭത്തിന് വേണ്ടിയുള്ള ബിസിനസുകളല്ല’ പകരം ‘സമൂഹത്തില്‍ മാറ്റത്തിനുവേണ്ടിയുള്ള ബിസിനസുകളാണ്.’

നിലവിലെ അനിശ്ചിതാവസ്ഥയില്‍ നിന്ന് കര കയറാന്‍ ലോകം മുഴുവനുമുള്ള ബിസിനസുകള്‍ പുതിയൊരു സമീപനത്തെകുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കയാണ്. ഐക്യരാഷ്ട്രസഭ വികസന പരിപാടിയുടെ ഭാഗമായ സുസ്ഥിര വികസന ലക്ഷ്യ(സസ്റ്റെയ്‌നബിള്‍ ഡെവലപ്‌മെന്റ് ഗോള്‍സ്-എസ് ഡി ജി) ങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന തരത്തിലുള്ള നയങ്ങള്‍ അനുവര്‍ത്തിക്കുന്നതിനെ കുറിച്ചാണ് ബിസിനസ് ലോകം ചിന്തിക്കുന്നത്. കൂടുതല്‍ ഹരിതവും പുനരുപയോഗ സാധ്യതകളുമുള്ള ബിസിനസ് സമീപനത്തിലേക്കാണ് അവര്‍ തിരിയുന്നത്. പ്രകൃതി വിഭവങ്ങളെ വിനാശാത്മകമായി ഉപയോഗിക്കാതെ കൂടുതല്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയെന്നതാണ് ആ നയത്തിന്‍റെ കാതല്‍.

മഹാമാരി തുറന്നിടുന്ന അവസരങ്ങള്‍

“കോവിഡ്-19 മഹാമാരി യഥാര്‍ത്ഥത്തില്‍ ബിസിനസ് ലോകത്തിന് മുന്നില്‍ പുതിയൊരു ഉത്തേജനത്തിനുള്ള ഒരു അവസരം കൂടിയാണ് തുറന്നിടുന്നത്. സുസ്ഥിരതയെന്ന ആശയത്തിന്‍റെ സാധ്യതകള്‍ വിശകലനം ചെയ്യാനും ഇഴകീറി പരിശോധിക്കാനും അതിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ഈ സാഹചര്യത്തെ ഉപയോഗപ്പെടുത്താവുന്നതാണ്,” സിആര്‍ബി ഇന്‍ഡ്യയുടെ സിഇഒ റിജിത് സെന്‍ഗുപ്ത പറയുന്നു.

അദ്ദേഹത്തിന്‍റെ പ്രഭാഷണത്തില്‍ ‘സ്റ്റേയ്ക്ക്ഹോള്‍ഡര്‍ കാപിറ്റലിസം’ എന്ന വാക്ക് കടന്നുവന്നു–ഇന്ന് പല ബിസിനസ് സ്ഥാപനങ്ങളും പിന്‍പറ്റുന്ന ഒരു നയമാണിത്.  ‘ഷെയര്‍ഹോള്‍ഡര്‍ കാപ്പിറ്റലിസ’ത്തിന് പകരം ‘സ്റ്റേക്ക്‌ഹോള്‍ഡര്‍ കാപ്പിറ്റലിസം’. കോര്‍പ്പറേറ്റുകളുടെ ഭാഗത്ത് പരിമിതമായ ബാധ്യതകള്‍ ചുമത്തപ്പെടുന്ന രീതിയാണ് ആദ്യത്തേത്. എന്നാല്‍ രണ്ടാമത്തേതാകട്ടെ, ഒരു ബിസിനസിന്‍റെ ഭാഗമാകുന്ന എല്ലാവരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലുള്ള ഒരു സാമ്പത്തിക സംവിധാനമാണ് മുന്നോട്ടുവയ്ക്കുന്നത്.

ആര്‍എസ്പിഒ വിതരണശൃംഖലാ സര്‍ട്ടിഫിക്കേഷന്‍ നേടിയ ആദ്യ ഇന്ത്യന്‍ ഭക്ഷ്യ കമ്പനിയായ എഎകെ കമാനി ‘എല്ലാവര്‍ക്കും പോഷകസമൃദ്ധമായ ഭക്ഷണം’ എന്ന ആശയം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത്. സുസ്ഥിര വികസന മാതൃകയിലധിഷ്ഠിതമായാണ് അവര്‍ പാം ഓയില്‍ ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ സംഭരിക്കുന്നത്.

“പല കമ്പനികളും തങ്ങളുണ്ടാക്കുന്ന പാരിസ്ഥിക ആഘാതം എത്രത്തോളമാണെന്ന് പരിശോധിക്കുകയോ സുസ്ഥിര വികസനമെന്ന ആശയം തങ്ങളുടെ ബിസസിനസിന്‍റെ മുഖ്യ ഘടകമായി പരിഗണിക്കാറോ ഇല്ല. എന്നാല്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരിക്കലും അങ്ങനെയായിരുന്നില്ല കാര്യങ്ങള്‍,” എഎകെ കമാനിയുടെ ഉടമ പ്രകാശ് ചാവല്‍ പറയുന്നു.

‘സുസ്ഥിര വികസനവും സുസ്ഥിര ജീവിതശൈലിയും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി നമ്മളില്‍ തന്നെ ഒരു മാറ്റം വരേണ്ടതുണ്ട്. ഇത് എല്ലാവരും തിരിച്ചറിയണം,’ സുസ്ഥിര പാരിസ്ഥിക നയങ്ങള്‍ എല്ലാ കമ്പനികളും പിന്തുടരുകയും നിലവിലെ നയങ്ങള്‍ പുനഃപരിശോധിക്കുകയും ചെയ്യണമെന്ന വികാരം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഓരോ കമ്പനിക്കും തങ്ങളുണ്ടാക്കുന്ന പാരിസ്ഥിക പ്രശ്‌നങ്ങളെ കുറിച്ച് കൃത്യമായ ബോധ്യം വേണമെന്നാണ് പ്രകാശിനെപ്പോലുള്ള സംരംഭകരുടെ പക്ഷം.

സുസ്ഥിരതയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശാക്തീകരണവും സംയോജിപ്പിക്കുമ്പോള്‍

Photo Credit: RSPO_Jonathan Perugia

കോവിഡാനന്തരം, ഭാവിയിലധിഷ്ഠിതമായ ബിസിനസുകള്‍ കെട്ടിപ്പടുക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന ഒരു വെബിനാറില്‍ ഡബ്ല്യു ഡബ്ല്യു എഫിന്‍റെ സുസ്ഥിര ബിസിനസ് വിഭാഗം ഡയറക്റ്റര്‍ ഭാവന പ്രസാദ് അവതരിപ്പിച്ചത് ആരെയും ഇരുത്തിച്ചിന്തിപ്പിക്കുന്ന ചില കണക്കുകളാണ്. “പ്രകൃതി വിഭവങ്ങള്‍ മനുഷ്യന്‍ ഉപയോഗിക്കുന്നത് അവ പുനഃസൃഷ്ടിക്കപ്പെടുന്നതിന്‍റെ വേഗതയെക്കാള്‍ 1.6 മടങ്ങ് അധികമാണ്. അതായത്, വിഭവ സ്രോതസുകളെ നമ്മള്‍ അതിവേഗം കാര്‍ന്നു തിന്നുകയാണെന്ന് സാരം.”

ഇതിനോടൊപ്പമാണ് ഭൂമിയിലെ വന മേഖലയുടെ 80 ശതമാനവും നശിപ്പിക്കപ്പെട്ടത്. ഇതൊരു കാലവസ്ഥാ അടിയന്തരാവസ്ഥ തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. ഇത് കോവിഡ് മഹാമാരിയുണ്ടാക്കുന്ന പ്രശ്നങ്ങളുടെ ആഘാതം വര്‍ദ്ധിപ്പിക്കുകയാണ്. പാരിസ്ഥിക വെല്ലുവിളികളെ നേരിടുന്നതിനായി നിലവിലെ നയങ്ങള്‍ പുനരവലോകനം ചെയ്യേണ്ടതുണ്ട്. കൂട്ടായൊരു പരിശ്രമത്തിലൂടെ അത് സാധ്യമായാല്‍ ഭാവിയില്‍ ഇത്തരം വിപത്തുകളെ നമുക്ക് ഫലവത്തായി പ്രതിരോധിക്കാന്‍ സാധിക്കും. സുസ്ഥിരമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന  ആര്‍എസ് പി ഒ സര്‍ട്ടിഫിക്കേഷനോട് കൂടിയ   പാം ഓയിലിലേക്കുള്ള മാറ്റം അതിലേക്കുള്ള ആദ്യപടിയാകും, പ്രത്യേകിച്ചും ഉപഭോക്തൃ ബിസിനസ് മേഖലയില്‍.

കഴിഞ്ഞ ആറ് പതിറ്റാണ്ടായി ഛത്തീസ്ഗഢിലെയും ഒഡിഷയിലെയും മധ്യപ്രദേശിലെയും മറ്റ് നിരവധി സംസ്ഥാനങ്ങളിലെയും ഗോത്ര വിഭാഗങ്ങളെ ശാക്തീകരിക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുകയാണ് മനോരമ ഇന്‍ഡസ്ട്രീസ്. ഭക്ഷ്യവിപണിയില്‍ സജീവമായ ഇവര്‍ സുസ്ഥിര മാതൃകയിലാണ് സകല ഉല്‍പ്പന്നങ്ങളുമുണ്ടാക്കുന്നത്. അതും ആദിവാസികളില്‍ നിന്ന് നേരിട്ട് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്ന രീതിയില്‍.  ഏതെങ്കിലും തരത്തില്‍ സംഭവിച്ചേക്കാവുന്ന ബിസിനസ് പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ ആര്‍എസ് പി ഒ അംഗത്വവും സപ്ലൈ ചെയിന്‍ സര്‍ട്ടിഫിക്കേഷനും ഇവര്‍ നേടിയിട്ടുണ്ട്.

പ്രകൃതി സൗഹൃദത്വം എന്നത് മനോരമ ഇന്‍ഡസ്ട്രീസിന്‍റെ മുന്‍ഗണനാപട്ടികയില്‍ എക്കാലത്തും ഉണ്ടായിരുന്നെങ്കില്‍ പോലും ഇപ്പോഴവര്‍ കമ്പനിയുടെ പ്രവര്‍ത്തനത്തിന്‍റെ ഓരോ ഘട്ടത്തിലേക്കും സുസ്ഥിര വികസന സങ്കല്‍പ്പം സന്നിവേശിപ്പിക്കുകയാണ്. അതിലൂടെ ആദിവാസി വിഭാഗങ്ങളിലുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ജോലിയും വരുമാനവും നല്‍കാനും ശ്രമിക്കുന്നു.

സാമ്പത്തിക കാഴ്ച്ചപ്പാടുകളുടെ പുനരവലോകനം

എടുക്കുക, നിര്‍മ്മിക്കുക, വലിച്ചെറിയുക (Take-make-dispose)–ലോകം ഒരനുഷ്ഠാനം പോലെ പിന്തുടരുന്ന അനാരോഗ്യകരമായ പ്രവണത–എന്ന ചിന്താഗതിയാണ് ഇപ്പോഴത്തെ പാരിസ്ഥികപ്രശ്നങ്ങളുടെയെല്ലാം മൂലകാരണം. ഓരോ ചുവടിലും പരിസ്ഥിതിയെക്കൂടി കണക്കിലെടുക്കുന്ന  കൂടുതല്‍ വിവേകപൂര്‍വ്വമായ ഒരു സമീപനം   സാമ്പത്തിക വളര്‍ച്ചയ്ക്കായി കൈക്കൊള്ളാന്‍ ഇന്‍ഡ്യയിലേയും മറ്റ് രാജ്യങ്ങളിലെയും ബിസിനസ് സ്ഥാപനങ്ങളോട് യുഎന്‍ഇപി ആഹ്വാനം ചെയ്തിട്ടുണ്ട്.

ഉഷ്ണമേഖല മഴക്കാടുകളിലെ ദശലക്ഷക്കണക്കിന് ഏക്കറുകള്‍ വരുന്ന പാം ഓയില്‍ തോട്ടങ്ങളുണ്ടാക്കുന്ന ദൂഷ്യഫലങ്ങളെ പ്രതിരോധിക്കാന്‍ ആര്‍എസ്പിഒ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധിതമാക്കാവുന്നതാണ്.

സുസ്ഥിര ഉല്‍പ്പാദനവും ഉപഭോഗവും പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ള ഹരിത നിക്ഷേപത്തിന് ഭൂമിയുടെ ഭാവി കൂടുതല്‍ സുരക്ഷിതമാക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിക്കാന്‍ സാധിക്കും. “ഹരിതനയങ്ങളിലധിഷ്ഠിതമായ സംരംഭങ്ങളിലേക്ക് കൂടുതല്‍ നിക്ഷേപത്തിന് സൗകര്യമൊരുക്കുന്നതിലൂടെയും ഇ എസ് ജി മാനദണ്ഡങ്ങള്‍ ബാധകമാക്കുന്നതിലൂടെയും സുസ്ഥിരമായ നിക്ഷേപം സംബന്ധിച്ച തീരുമാനമെടുക്കുന്നതില്‍ സഹായിക്കുന്നതിലൂടെയും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സുസ്ഥിര വികസനം പ്രോല്‍സാഹിപ്പിക്കുന്നതിന് കാര്യമായ ഇടപെടല്‍ നടത്താന്‍ കഴിയും,” റാബോബാങ്കിന്‍റെ എക്‌സിക്യൂട്ടിവ് ഡയറക്റ്ററായ അരിന്ദം ദത്ത പറയുന്നു.

നമ്മുടെ സാമ്പത്തിക മാതൃകകളുടെ ഒരു പൊളിച്ചെഴുത്ത് കാലഘട്ടത്തിന്‍റെ അടിയന്തര ആവശ്യമായി മാറിയിരിക്കുന്നു. നമ്മുടെ പ്രവര്‍ത്തനങ്ങളും അവ ഭൂമിയിലേല്പിക്കുന്ന ഫലങ്ങളും പുനരവലോകനം ചെയ്യേണ്ട സാഹചര്യമാണ് കോവിഡ് മഹാമാരി അനിവാര്യമാക്കിയിരിക്കുന്നത്. കഴിഞ്ഞ 15-16 വര്‍ഷങ്ങള്‍ കൊണ്ട് ലോകത്തെ നിരവധി ബിസിനസ് സ്ഥാപനങ്ങള്‍ ഈ വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് സുസ്ഥിര മാര്‍ഗങ്ങളിലൂടെ സംഭരിക്കപ്പെടുന്ന പാം ഓയിലിനെ ആശ്രയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതിനെ ഇനി മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ, നാം നമ്മുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഐസ്ക്രീം നുണയുമ്പോള്‍ ഒറാങ്ങ്ഉട്ടാന്‍ ഉള്‍പ്പടെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികള്‍ക്ക് അവരുടെ കുടുംബങ്ങളോടൊപ്പം സ്വസ്ഥമായി ജീവിക്കാന്‍ അവസരം ലഭിക്കുകയുള്ളൂ.

അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം