മഞ്ഞുപോലെ വെളുത്ത വിഷകരമായ പത യമുനാ നദിക്ക് മേല്‍ ഒഴുകിനടക്കുന്ന ചിത്രങ്ങള്‍ ലോകത്തെ നടുക്കിയത് ഏകദേശം ഒരു വര്‍ഷം മുമ്പായിരുന്നു. രാജ്യതലസ്ഥാനത്തെ ജലാശയങ്ങള്‍ മാലിന്യഭീഷണിയുടെ പാരമ്യത്തിലെത്തിയതിന്‍റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു അത്.
ഡല്‍ഹി ജല്‍ ബോര്‍ഡ് (ഡി ജെ ബി) വിലയിരുത്തിയത് അനുസരിച്ച് ഈ ദുര്‍ഗതിയുടെ പ്രധാന കാരണങ്ങള്‍ സംസ്‌കരിക്കപ്പെടാത്ത മാലിന്യവും അഴുക്കുവെള്ളവുമെല്ലാമായിരുന്നു
നഗരത്തിലെ ജലാശയങ്ങളും തടാകങ്ങളും നദികളുമെല്ലാം വര്‍ഷങ്ങളായി ഇതിന്‍റെ ഇരകളായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാര്യങ്ങളില്‍ കുറച്ചെല്ലാം മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. നിരവധി ജലാശയ പുനരുജ്ജീവന പദ്ധതികളിലൂടെ ഡല്‍ഹി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്ഥിരതയാര്‍ന്ന മുന്നേറ്റം നടത്തുന്നുണ്ട്. ഡല്‍ഹി ജല്‍ ബോര്‍ഡും ജലസേചന, വെള്ളപ്പൊക്ക നിയന്ത്രണ ഡിപ്പാര്‍ട്ട്‌മെന്‍റും (ഐഎഫ്സി
പുനരുജ്ജീവന പ്ലാനിന്‍റെ ഭാഗമായ ആദ്യ ശ്രമങ്ങളിലൊന്ന് രജോക്രി ലേക്ക് പദ്ധതിയായിരുന്നു. വലിയ മാറ്റങ്ങളാണ് രജോക്രി കായല്‍ പുനരുജ്ജീവന പ്രൊജക്റ്റ് രാജ്യതലസ്ഥാനത്ത് സൃഷ്ടിച്ചത്. ആ കഥയിലേക്ക്.
മാതൃകാ പദ്ധതി
നഗരത്തില്‍ നിന്നും 30 കിലോമീറ്റര്‍ മാറിയാണ് ഡല്‍ഹി-ഗുരുഗ്രാം അതിര്‍ത്തിയിലെ രജോക്രി. 2017-ല്‍ ഇതൊരു നശിച്ചുകൊണ്ടിരിക്കുന്ന ജലാശയമായിരുന്നു. വിഷമയമായതും അല്ലാത്തതുമായ പലതരം മാലിന്യങ്ങള്‍ കൊണ്ട് ഈ ജലസ്രോതസ് നിറഞ്ഞു. പ്ലാസ്റ്റിക് മാലിന്യവും ദുര്‍ഗന്ധം വമിക്കുന്ന സീവേജ് മാലിന്യവുമെല്ലാം നിക്ഷേപിക്കപ്പെടുന്ന കേന്ദ്രമായി മാറിയിരുന്നു രജോക്രി.
എന്നാല്‍ എല്ലാ മാലിന്യക്കൂമ്പാരത്തിനും അടിയില്‍ ഉറവ വറ്റാതെ തന്നെ കിടന്നു. ജല്‍ ബോര്‍ഡിന്‍റെ സാങ്കേതിക ഉപദേഷ്ടാവായ അന്‍കിത് ശ്രീവാസ്തവയും ആര്‍ക്കിടെക്റ്റ് മൃഗന്‍ക സക്‌സേനയുമാണ് ഇത് തിരിച്ചറിഞ്ഞതും പരിവര്‍ത്തനത്തിന് വിത്ത് പാകിയതും.
അവരുടെ മേല്‍നോട്ടത്തില്‍ ഡി ജെ ബിയും ഐ എഫ് സി ഡിയും രജോക്രിയുടെ തലവര മാറ്റുന്ന പദ്ധതിക്ക് ആരംഭം കുറിച്ചു. ഡല്‍ഹിയിലെ ആദ്യത്തെ വികേന്ദ്രീകൃത സീവേജ് സംവിധാനത്തിന് അടിത്തറ പാകുക കൂടിയായിരുന്നു അവര്‍ ചെയ്തത്.
“600-ലധികം ജലാശയങ്ങളാണ് ഡല്‍ഹിയിലുള്ളത്. ഇതിന്‍റെയെല്ലാം പുനരുജ്ജീവനമാണ് ഞങ്ങള്‍ ആത്യന്തികമായി ലക്ഷ്യമിടുന്നത്. എന്നാല്‍ സമഗ്രമായൊരു പുനരുജ്ജീവനത്തിന് മാതൃകയാക്കാവുന്ന പദ്ധതികളൊന്നും തന്നെ അപ്പോഴില്ലായിരുന്നു. ഞങ്ങള്‍ക്ക് പിന്തുടരാന്‍ മാതൃകകള്‍ ഒന്നുമുണ്ടായിരുന്നില്ല. അതിനാല്‍ ഞങ്ങളുടെ തന്നെ തനതായ മാതൃക വികസിപ്പിക്കുന്നതിനായി ഒരു ഇന്‍ഹൗസ് ടീമിനെ രൂപപ്പെടുത്തി. ഈ നഗരത്തിന്‍റെ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള പ്ലാനായിരുന്നു തയാറാക്കിയത്. അങ്ങനെയാണ് 2017-ല്‍ രജോക്രി പദ്ധതിക്ക് തുടക്കമിട്ടത്,” ഐ ഐ ടി ബോംബെയില്‍ നിന്ന് ബിരുദം നേടി ജനങ്ങളെ സേവിക്കാനിറങ്ങിയ അന്‍കിത് പറയുന്നു.
പരിസ്ഥിതി ശാസ്ത്രത്തിലും എന്‍ജിനീയറിങ്ങിലുമായിരുന്നു അന്‍കിതിന്‍റെ ബിരുദം എന്നതിനാല്‍ തന്നെ ഈ പദ്ധതിയില്‍ വലിയ താല്‍പ്പര്യവുമുണ്ടായിരുന്നു അദ്ദേഹത്തിന്.
വളരെ പരിമിതമായ മഴയാണ് ഡല്‍ഹിയില്‍ ഓരോ വര്‍ഷവും ലഭിക്കുന്നത്. അതിനാല്‍ തന്നെ ജലാശയങ്ങളുടെ പുനരുജ്ജീവനത്തിന് പരമ്പരാഗതമായി അനുവര്‍ത്തിക്കുന്ന മാര്‍ഗങ്ങളെ ആശ്രയിക്കാന്‍ സാധിക്കില്ലായിരുന്നുവെന്ന് അന്‍കിത് പറയുന്നു. ചെറിയ കുളത്തെ കായല്‍ പോലൊരു സംവിധാനത്തിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. ഒരേ സമയം സീവേജ് വെള്ളം സംസ്‌കരിക്കപ്പെടാനും വര്‍ഷം മുഴുവനും ശുദ്ധമായ ജലം നിലനിര്‍ത്താനും ശേഷിയുള്ള തലത്തിലേക്ക് രജോക്രിയെ മാറ്റുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം. അതിനോടൊപ്പം തന്നെ തീര്‍ത്തും തനതായ, ജൈവവൈവിധ്യത്താല്‍ സമ്പന്നമായ ഒരു പ്രകൃതിയും ആവാസവ്യവസ്ഥയും വികസിപ്പിക്കാനാണ് അന്‍കിതും കൂട്ടരും ലക്ഷ്യമിട്ടത്.
പ്രധാനമായും രണ്ട് ഘട്ടങ്ങളാക്കി തിരിച്ചായിരുന്നു പുനരുജ്ജീവന പദ്ധതി നടപ്പിലാക്കിയത്. ഒരു ശുദ്ധീകരണ സംവിധാനം വികസിപ്പിക്കുകയെന്നതായിരുന്നു ഇതില്‍ ആദ്യത്തെ ഘടകം. രണ്ടാമത്തേത് രജോക്രിക്ക് ചുറ്റുമുള്ള ആവാസവ്യവസ്ഥ മനോഹരമായി സജ്ജമാക്കുകയും സുസ്ഥിരതയോടെ ഈ ജലാശയം നിലനിന്നുപോരുന്നതിനുള്ള സംവിധാനം ഒരുക്കുകയുമായിരുന്നു.
മൃഗന്‍കയാണ് രണ്ടാമത്തെ കാര്യത്തിന് മേല്‍നോട്ടം വഹിച്ചിരുന്നത്. പദ്ധതിയുടെ ദീര്‍ഘകാല സാധുത ഉറപ്പുവരുത്തുകയായിരുന്നു അവരുടെ ദൗത്യം. രജോക്രിയോട് അനുബന്ധിച്ച് വികസിക്കുന്ന പ്രകൃതിപരമായ സവിശേഷതകള്‍ മനോഹരമാക്കുന്നതിനൊപ്പം തന്നെ ജനങ്ങള്‍ക്ക് ദീര്‍ഘകാലത്തേക്ക് ഉപരിക്കുന്നതാകും അതെന്ന് ഉറപ്പ് വരുത്തേണ്ടതുമുണ്ടായിരുന്നു. അതനുസരിച്ചാണ് ഞങ്ങള്‍ ഡിസൈന്‍ തയാറാക്കിയത്. ചുറ്റുമുള്ള ജനങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ പരിപാലിച്ച് പോരാന്‍ സാധിക്കുന്ന തരത്തിലുള്ള മാതൃകയാണ് അവലംബിച്ചത്. ദേശീയ ഹരിത ട്രൈബ്യൂണലി(എന്‍ജിടി)ന്‍റെ മര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായ കൃത്യമായ നയങ്ങളാണ് പദ്ധതി നടത്തിപ്പിനായി സ്വീകരിച്ചത്. പാരിസ്ഥിതിക ഉത്തരവാദിത്തവും സുസ്ഥിര വികസനവും അതിനാല്‍ തന്നെ പദ്ധിരൂപരേഖയുടെ അടിസ്ഥാനമായി മാറി. പ്രാദേശികമായി ലഭ്യമായ സസ്യഇനങ്ങളെ വെച്ചാണ് രജോക്രിയുടെ പശ്ചാത്തലസജ്ജീകരണങ്ങളൊരുക്കി
ഇന്നവേഷനും പ്രകൃതിയും ചേര്‍ന്നപ്പോള്‍
കുന്നുകളാല്‍ ചുറ്റപ്പെട്ട ഖനനമേഖലയാണ് ചരിത്രപരമായി തന്നെ രജോക്രി. അതിനാല്‍ തന്നെ മണ്‍സൂണില്‍ മഴവെള്ളം ഒലിച്ചിറങ്ങുന്നത് ഈ ജലാശയത്തിലേക്കായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടതോടെ മേഖലയില്‍ കൂടുതല്‍ താമസക്കാരെത്തി. ജനസംഖ്യ കൂടി. സ്വാഭാവികമായും മാലിന്യവും കൂടുമല്ലോ. അങ്ങനെ ഓടകളിലൂടെയുള്ള അഴുക്കുവെള്ളവും വന്നെത്തുന്നത് രജോക്രിയിലേക്ക് തന്നെയായി മാറി. ജലാശയം മാലിന്യം കൊണ്ട് നിറഞ്ഞു.
ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് വേണമായിരുന്നു അന്‍കിതിനും സംഘത്തിനും പദ്ധതിയുടെ രൂപരേഖ തയാറാക്കാന്‍. “ഒരു മാസത്തില്‍ താഴെ മാത്രമേ ഡല്‍ഹിയില്‍ മഴ ലഭിക്കുകയുള്ളൂ. അതിനാല്‍ തന്നെ മലിന ജലം സംസ്‌കരിക്കുയെന്നതില്‍ ശ്രദ്ധ നല്‍കേണ്ടത് വളരെ പ്രധാനമായിരുന്നു. മഴവെള്ളത്തെ മാത്രം ആശ്രയിക്കാന്‍ പറ്റില്ലല്ലോ. ഞങ്ങളുടെ പ്ലാനിന്‍റെ ആദ്യഭാഗം ഓടകളില്‍ നിന്നും വരുന്ന വെള്ളത്തെ ശുദ്ധീകരിക്കുകയെന്നതില്‍ ശ്രദ്ധ വെച്ചുള്ളതായിരുന്നു,” അന്‍കിത് പറയുന്നു.
ഇതിനായി തീര്‍ത്തും ജൈവികമായ ശുദ്ധീകരണ രീതിയാണ് തങ്ങള്‍ അവലംബിച്ചതെന്നും അദ്ദേഹം. മണ്‍സൂണ്‍ സീസണില്‍ മികച്ച രീതിയില്‍ വാട്ടര്‍ റീചാര്‍ജിങ് നടക്കും. മഴവെള്ള സംഭരണത്തിനായുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഴ ലഭിക്കാത്ത സമയത്ത് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റു(എസ്ടിപി)കള്‍ ശുദ്ധീകരിച്ച അഴുക്കുവെള്ളമുപയോഗപ്പെടുത്തി ജലാശയത്തിന്‍റെ ശേഷി നിലനിര്‍ത്തും.
ഡല്‍ഹി ജല്‍ ബോര്‍ഡ് പണ്ട് അഴുക്കുവെള്ള ശുദ്ധീകരണത്തിനായി ഉപയോഗപ്പെടുത്തിയിരുന്നത് രാസപദാര്‍ത്ഥങ്ങളിലധിഷ്ഠിതമായ സംവിധാനമായിരുന്നെങ്കില്‍ ഇപ്പോഴത് തീര്‍ത്തും ജൈവികമാണ്.
ഒരു ബയോ ഡൈജസ്റ്ററോട് കൂടിയ ശാസ്ത്രീയ തണ്ണീര്‍ത്തട സംവിധാനമാണ് മലിനജല സംസ്‌കരണത്തിന് ഡിജെബി സജ്ജീകരിച്ചിരിക്കുന്നത്. ബയോ ഡൈജസ്റ്ററോട് കൂടി ഭൂമിക്കടിയില്‍ സ്ഥാപിച്ച ഒരു ടാങ്കിലേക്കാണ് മലിനജലം കടത്തിവിടുക. ഖരമാലിന്യങ്ങളെ വേര്‍തിരിച്ചെടുത്ത് ദ്രവിപ്പിക്കാന്‍ ബയോഡൈജസ്റ്ററിന് സാധിക്കും. ഇത് ശാസ്ത്രീയമായി ഉണ്ടാക്കിയ തണ്ണീര്‍ത്തടങ്ങളുടെ സഹായത്തോടെ ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്.
നേരത്തെ പറഞ്ഞ സെഡിമെന്‍റേഷന്‍ ടാങ്കില്‍ നിന്നും സോളാര്‍ പമ്പുകള്‍ ഉപയോഗിച്ചാണ് വെള്ളം തണ്ണീര്‍ത്തടത്തിലേക്ക് എത്തിക്കുന്നത്. മൂന്ന് തട്ടുകളുള്ള പോലെയാണ് തണ്ണീര്‍ത്തടം വികസിപ്പിച്ചിരിക്കുന്നത്. സിഗ് സാഗ് ഡിസൈനാണെന്ന് പറയാം. പരമാവധി സമയം വെള്ളം ഇവിടെക്കിടന്ന് ശുദ്ധീകരിക്കപ്പെടും. 20 പിപിഎം ബയോകെമിക്കല്‍ ഓക്‌സിജന്‍ ഡിമാന്‍റാണ് വെള്ളം ശുദ്ധീകരിക്കപ്പെടുന്നതിന്‍റെ മാനദണ്ഡമായി വച്ചിരിക്കുന്നതെന്ന് അന്‍കിത് പറയുന്നു.
അജൈവിക പോഷകങ്ങളെയും സാന്ദ്രത കൂടുതലുള്ള ലോഹങ്ങളെയുമെല്ലാം ഇല്ലായ്മ ചെയ്ത് വെള്ളം ശുദ്ധീകരിക്കാനുള്ള ശേഷിയുണ്ട് ഇത്തരം തണ്ണീര്‍ത്തടങ്ങള്‍ക്കെന്ന് റോബര്‍ട്ട് എച്ച് കാഡ്‌ലെക്കും സ്‌കോട്ട് വാല്ലസും റോബര്‍ട്ട് എല്‍ നൈറ്റും ചേര്‍ന്ന് 1996-ല്‍ പുറത്തിറക്കിയ ‘ട്രീറ്റ്‌മെന്‍റ് വെറ്റ്‌ലാന്‍ഡ്‌സ്’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.
ഡിറ്റര്‍ജന്റുകളില്‍ നിന്നും മറ്റുമായി സീവേജ് മാലിന്യത്തില്‍ അടിയുന്ന അവശിഷ്ടങ്ങളും ഫോസ്‌ഫേറ്റുകളുമെല്ലാം സംസ്‌കരിക്കുന്നതിനായി ജലാശയത്തില്‍ ചെറിയ കൃത്രിമ ‘ദ്വീപു’കളും അവതരിപ്പിച്ചു ഡിജെബി. 2X2 മീറ്റര്‍ പിവിസി പൈപ്പുകൊണ്ടുള്ള ചട്ടക്കൂടിലുണ്ടാക്കുന്ന ചെറുചങ്ങാടം പോലുള്ള ശുദ്ധീകരണ ദ്വീപുകളാണിവ. മുത്തങ്ങയും കാനയും പോലുള്ള സസ്യങ്ങളാല്‍ സമ്പന്നമാകും ഈ സംവിധാനം. മറ്റ് ജലസസ്യങ്ങളുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കാനും മാലിന്യങ്ങളെ വലിച്ചെടുക്കാനും ശേഷിയുണ്ട് ഇവയ്ക്ക്.
ജലം പരമാവധി ശുദ്ധീകരിക്കാനും മീനുകള്‍ക്കുപോലും വളരാനുള്ള മികച്ച ആവാസവ്യവസ്ഥ സൃഷ്ടിച്ച് പരമാവധി പ്രകൃതിദത്തമായി ജലാശയത്തെ നിലനിര്‍ത്താനുമാണ് മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്തതെന്ന് അന്‍കിത് പറയുന്നു. ദിവസവും ഈ ജലാശയത്തിലേക്ക് എത്തുന്ന ആറ് ലക്ഷം ലിറ്റര്‍ അസംസ്‌കൃത ഓടവെള്ളമാണ് രജോക്രി സീവേജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് ശുദ്ധീകരിച്ചെടുക്കുന്നത്.
വലിയ മാറ്റങ്ങള്‍, ജൈവവൈവിധ്യം
ജനങ്ങളുടെ സഹകരണം പരമാവധി ഉള്‍പ്പെടുത്തിയാണ് രജോക്രി പുനരുജ്ജീവന പദ്ധതി ഡല്‍ഹി ജല്‍ ബോര്‍ഡ് നടപ്പാക്കിയത്. ഇപ്പോള്‍ 9,446 ചതുരശ്ര മീറ്ററില്‍ പുതിയൊരു പൊതുഇടം രൂപം കൊണ്ടിരിക്കുകയാണ്. ഇതിലെ 2,000 ചതുരശ്രമീറ്ററിലാണ് രജോക്രി ലെയ്ക്ക് എന്ന പേരില്‍ ഈ ജലാശയം സ്ഥിതി ചെയ്യുന്നത്. സമൂഹത്തിന്‍റെ അടിത്തട്ടുകളിലേക്ക് ഇന്നവേഷന്‍ എത്തിച്ചാല്‍ സാമൂഹ്യവികസനം സാധ്യമാകുമെന്നതിന്‍റെ തിളങ്ങുന്ന ഉദാഹരണമായി ഈ പദ്ധതി മാറിയിരിക്കുന്നു.
നടുക്ക് വേദിയും ചുറ്റും ഇരിപ്പിടങ്ങളുമുള്ള ഗാംഭീര്യമുള്ള ആംഫിതിയ്യെറ്റര്‍, ഓപ്പണ്‍ ജിം, ഗ്രീന്‍ പ്ലേ ഏരിയ തുടങ്ങി അനേകം സൗകര്യങ്ങളോടെയാണ് രജോക്രി പുരനരുജ്ജീവന പദ്ധതി ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ജനങ്ങള്‍ക്ക് പരമാവധി ഉപകരിക്കുന്ന തരത്തിലുള്ള വിവിധോദ്ദേശ്യ പദ്ധതിയായി ഇപ്പോഴിത് മാറി. അടുത്ത് താമസിക്കുന്ന ആളുകള്‍ക്കെല്ലാം തന്നെ ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇതുപയോഗപ്പെടുത്താവുന്നതാണ്.
തങ്ങള്‍ പ്രതീക്ഷിച്ച ഫലങ്ങള്‍ തന്നെയാണ് പദ്ധതികൊണ്ട് ഉണ്ടായതെന്ന് അന്‍കിത് പറയുമ്പോഴും ചില അപ്രതീക്ഷിത ഗുണങ്ങള്‍ വന്നുചേര്‍ന്നതില്‍ അദ്ദേഹം അതിയായ സന്തോഷവും പ്രകടിപ്പിക്കുന്നു. പദ്ധതിയുടെ ജൈവവൈവിധ്യ പ്രഭാവമായിരുന്നു അത്.
“2018-ലാണ് രജോക്രി പ്രൊജക്റ്റ് മുഴുവനായും പൂര്‍ത്തിയായത്. എന്നാല്‍ അതിന് ശേഷം 10-15 വ്യത്യസ്ത ഇനങ്ങളില്‍ പെട്ട പക്ഷിക്കളാണ് ഇങ്ങോട്ട് ദേശാന്തരം പ്രാപിച്ചത്. വളരെ ആശ്ചര്യപ്പെടുത്തുന്ന സംഭവമായിരുന്നു അത്. തണ്ണീര്‍ത്തടങ്ങള്‍ വികസിപ്പിച്ചെടുത്തതിന്റെ ഫലമാണിത്. കൂടുതല്‍ പക്ഷികളെയും ഷഡ്പദങ്ങളെയും ചെറുപ്രാണികളെയുമെല്ലാം ഇങ്ങോട്ടേക്ക് ആകര്‍ഷിക്കാനും അതുവഴി മേഖലയുടെ ജൈവവൈവിധ്യം സമ്പുഷ്ടമാക്കാനും തണ്ണീര്‍ത്തടത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ,” അന്‍കിത് പറയുന്നു.
“പുനരുജ്ജീവന പദ്ധതി ആരംഭിക്കും മുമ്പ് സകല മാലിന്യങ്ങളും കൊണ്ടിടാനുള്ള സ്ഥലമായിരുന്നു ഇത്. സാമൂഹ്യ വിരുദ്ധരുടെ താവളവുമായിരുന്നു അവിടം. എന്നാല്‍ അതിനെല്ലാം കൂട്ടായ്മയിലധിഷ്ഠിതമായ ഈ മുന്നേറ്റം അവസാനം കുറിച്ചു.”
“സ്ഥലം കൈയേറാനുള്ള പലരുടേയും ശ്രമങ്ങളായിരുന്നു പദ്ധതി തുടങ്ങിയപ്പോള്‍ നേരിട്ട വലിയ വെല്ലുവിളികളിലൊന്ന്. മദ്യപാനികള്‍ക്കും മറ്റ് സാമൂഹ്യ വിരുദ്ധര്‍ക്കും തമ്പടിക്കാനുള്ള കേന്ദ്രം കൂടിയായി അത് മാറിയിരുന്നു. തീര്‍ത്തും സുരക്ഷിതമല്ലാത്ത ഒരു അന്തരീക്ഷമായിരുന്നു അവിടം. എന്നാല്‍ വലിയൊരു പരിവര്‍ത്തനം സാധ്യമായപ്പോള്‍ അതെല്ലാം മാറി. സാമൂഹ്യവിരുദ്ധതയുടെ കേന്ദ്രമായിരുന്ന അതേയിടം ഇന്ന് പോസിറ്റീവായ ഒത്തുചേരലിന്‍റെയും കൂട്ടായ്മയുടേയും ഇടമായി മാറി. പണ്ട് സ്ത്രീകള്‍ക്ക് സ്വതന്ത്രമായി നടക്കാന്‍ പറ്റാതിരുന്ന മേഖലയാണിത്. എന്നാല്‍ ഇന്നവര്‍ സന്തോഷത്തോടെ, സുരക്ഷിതത്വത്തോടെ നേരം ഇരുട്ടിയിട്ടുപോലും അവിടങ്ങളിലൂടെ സഞ്ചരിക്കുന്നു. നിരവധി വനിതകളില്‍ നിന്നു ലഭിക്കുന്ന ഈ പോസിറ്റീവ് പ്രതികരണം വളരെയധികം സന്തോഷം പകരുന്നതാണ്,” അഭിമാനത്തോടെ അന്‍കിത് പറയുന്നു.
ഡിജെബി അധികൃതര്‍ പറയുന്നതനുസരിച്ച് ഇത്തരം പദ്ധതിക്ക് പരമ്പരാഗത രീതിയില്‍ ചെലവാകുന്ന തുക ഏറ്റവും ചുരുങ്ങിയത് നാല് കോടി രൂപയാണ്. എന്നാല്‍ രജോക്രി തടാകത്തിന്‍റെ പുനരുജ്ജീവന പദ്ധതിക്ക് ആകെ വേണ്ടി വന്നത് 1.6 കോടി രൂപയാണ്. പുതുമയാര്‍ന്ന രീതിയില്‍ പദ്ധതി നടപ്പാക്കാനായതാണ് ചെലവ് കുറയ്ക്കാന്‍ സഹായിച്ചതെന്ന് അധികൃതര്‍ പറയുന്നു. ചെലവ് ഇത്രയും കുറവായതിനാല്‍ തന്നെ മറ്റുള്ളവര്‍ക്കും മാതൃകയാക്കാന്‍ സാധിക്കുന്ന പദ്ധതിയാണിതെന്ന് ഡല്‍ഹി ജല്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.
ഏറെ സവിശേഷതകളുള്ളതിനാല്‍ തന്നെ രജോക്രി ലെയ്ക്ക് പുനരുജ്ജീവന പദ്ധതിക്ക് അടുത്തിടെ കേന്ദ്ര ജല്‍ ശക്തി മന്ത്രാലയത്തിന്‍റെ പുരസ്‌കാരം ലഭിക്കുകയും ചെയ്തു. ഈ വിജയത്തില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട് ഇത്തരത്തിലുള്ള 50 ജലാശയങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ദൗത്യം കൂടി ഏറ്റെടുത്തിരിക്കുകയാണ് അന്‍കിതും സംഘവും, അതും അഞ്ച് മാസത്തിനുള്ളില്‍. നഗരത്തിന്‍റെ വിവിധയിടങ്ങളിലായി ഈ വര്‍ഷം അവസാനത്തോടെ ആറ് തടാകങ്ങളുണ്ടാക്കാനും ഈ ഉദ്യോഗസ്ഥന്‍ പദ്ധതിയിടുന്നുണ്ട്.
ഇതുകൂടി വായിക്കൂ: മഴക്കാലത്ത് മാത്രം കൃഷി ചെയ്തിരുന്ന 8,000 കര്‍ഷകരുടെ ജീവിതം മാറ്റിമറിച്ച ആശയം; 99% ചെലവ് കുറവ്