കുളത്തിന് മുകളില്‍ 24 ലക്ഷം രൂപയ്ക്ക് പണിത 3,000 സ്ക്വയര്‍ഫീറ്റ് വീട്; സ്റ്റീലിന്‍റെ ഉപയോഗം കുറയ്ക്കാന്‍ മുള

ബാല്‍ക്കണിയിലോ അടുക്കളയിലോ ഇരുന്ന് കുളത്തില്‍ നിന്നു മീന്‍ പിടിക്കാന്‍ സൗകര്യമുള്ള പരിസ്ഥിതി സൗഹൃദമായ വീട്.

കുളത്തിന് മുകളില്‍ വീട് പണിത് ബാബുരാജും ശ്രീജയും മക്കളും താമസിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം കുറേയായി. ശരിക്കും പറഞ്ഞാല്‍ ഒരു കുളമൊരുക്കി അതിനുമുകളില്‍ വീടുപണിയുകയായിരുന്നു.

വീട് നിര്‍മ്മിക്കാനല്ല ഈ കുളം നിര്‍മിച്ചെടുക്കാനാണ് ബാബുരാജിന് കാശ് കൂടുതല്‍ ചെലവായത്. ലക്ഷങ്ങള്‍ ചെലവിട്ട് കുളം ഉണ്ടാക്കി. അതിനു ശേഷം കോണ്‍ക്രീറ്റ് തൂണുകള്‍ കുളത്തില്‍ സ്ഥാപിച്ചു. ആ തൂണുകളിലാണ് അഞ്ച് മുറികളും അടുക്കളയും ഊണുമുറിയുമൊക്കെയുള്ള മൂന്നു നിലയുള്ള വീട് പണിതിരിക്കുന്നത്.

ഒരുപക്ഷേ, കേരളത്തില്‍ കുളത്തിന് മുകളിലൊരു വീട് ഇതുമാത്രമേയുണ്ടാകൂ. ബാല്‍ക്കണിയിലിരുന്നോ അടുക്കളയിലിരുന്നോ കുളത്തില്‍ നിന്നു മീന്‍ പിടിക്കുകയുമാവാം.

കുളത്തിന് മുകളില്‍ പണിത ബാബുരാജിന്‍റെ വീട്

വയനാട് തൃക്കരിപ്പറ്റയില്‍ നിന്ന് 12 കിലോമീറ്റര്‍ ദൂരമേയുള്ളൂ കുളത്തിന് മുകളില്‍ പണിത വീട്ടിലേക്ക്.

അധ്യാപകനായിരുന്നു ബാബുരാജ്. എംഎയും ബി എഡും പൂര്‍ത്തിയാക്കിയ ശേഷം രണ്ടു വര്‍ഷം സര്‍ക്കാര്‍ സ്കൂളില്‍ താത്ക്കാലിക അധ്യാപകനുമായിരുന്നു. എന്നാല്‍ അതൊക്കെ അവസാനിപ്പിച്ചാണ് വയനാട് തൃക്കരിപ്പറ്റയിലെ മുള ഗവേഷണകേന്ദ്രമായ ഉറവിലേക്ക് വരുന്നത്.

മുള അടിസ്ഥാനമാക്കിയുള്ള ജീവിത ശൈലിയും വികസനവും ഉയര്‍ത്തിപ്പിടിക്കുന്ന സ്ഥാപനമാണ് ഉറവ്. പ്രകൃതിസൗഹാര്‍ദ ജീവിതം ഇഷ്ടപ്പെടുന്ന ബാബുരാജ് 22 വര്‍ഷത്തോളം ഉറവിന്‍റെ പ്രസിഡന്‍റും സെക്രട്ടറിയുമൊക്കെയായിരുന്നു.

ഉറവില്‍ നിന്നു രാജിവച്ചെങ്കിലും പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതരീതിയാണ് അദ്ദേഹം പിന്തുടരുന്നത്. സാധാരണ കോണ്‍ക്രീറ്റ് വീടുകളോട് താല്പര്യമില്ലായിരുന്നു, അതുകൊണ്ടാണ് ഇങ്ങനെയൊരു വീട് നിര്‍മ്മിച്ചതെന്നാണ് ബാബുരാജ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നത്.

വീടിന്‍റെ പൂമുഖം

“പത്ത് വര്‍ഷം വാടക വീട്ടിലായിരുന്നു താമസം. ഇടുങ്ങിയത് പോലെ തോന്നുന്ന മുറികളും ഉയരമില്ലാത്തതിനാല്‍ തല മുകളില്‍ തട്ടുന്നതൊക്കെ പോലുള്ള വീടുകളിലായിരുന്നു ജീവിച്ചത്. ഉന്‍മേഷത്തോടെ ഉറക്കമുണരാന്‍ സാധിച്ചിരുന്നില്ല,” വാടകക്കാലത്തെ ആ അനുഭവങ്ങളാണ് വ്യത്യസ്തമായ വീട് നിര്‍മ്മിക്കണമെന്നൊരു തീരുമാനത്തിലേക്കെത്തിച്ചത് എന്ന് ബാബുരാജ് പറയുന്നു. ഉറവുമായുള്ള ബന്ധമാണ് മുള വീട് നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“എന്നാല്‍ പൂര്‍ണമായും മുളയില്‍ തീര്‍ത്ത വീടിനോട് വീട്ടുകാര്‍ക്ക് അത്ര ഇഷ്ടമില്ലായിരുന്നു. മുള വീട് എന്നു കേള്‍ക്കുമ്പോ കുടില്‍ എന്നൊരു തോന്നല്‍ പലര്‍ക്കും വരും. ധാരാളം മുള വീടുകള്‍ ഇന്നുമുണ്ട്. പക്ഷേ മുളവീടുകളില്‍ ജീവിക്കാനാകില്ല, തീപിടിക്കുന്നതാണ്, പെട്ടെന്നു നശിച്ചു പോകും എന്നൊക്കെയാണ് പലരുടെയും ധാരണകള്‍.

“പൂര്‍ണമായും മുള കൊണ്ടല്ലെങ്കിലും നിര്‍മ്മാണത്തിന് സാധിക്കുന്നിടത്തോളം മുള ഉപയോഗിക്കണമെന്നു തീരുമാനിച്ചു. മുള ഉപയോഗിച്ച് എങ്ങനെ ചെലവ് കുറയ്ക്കാമെന്നാണ് അന്വേഷിച്ചത്,” അദ്ദേഹം തുടരുന്നു.

“ഭാര്യയുടെയും മക്കളുടെയുമൊക്കെ ഇഷ്ടങ്ങള്‍ കൂടി പരിഗണിച്ചാണ് ഈ വീട് നിര്‍മ്മിച്ചത്. കൊളംബിയന്‍ ആര്‍ക്കിടെക്റ്റ് സൈമണ്‍ വാലെസിന്‍റെ ശിഷ്യരിലൊരാള്‍ ഉറവില്‍ വന്നിരുന്നു. അദ്ദേഹവുമായി പരിചയപ്പെട്ടപ്പോഴാണ് സൈമണിന്‍റെ ഗ്രോ യുവര്‍ ഹോം എന്നൊരു പുസ്തകത്തെക്കുറിച്ച് അറിയുന്നത്.

“മുളവീടുകള്‍ മാത്രമല്ല വലിയ കെട്ടിടങ്ങള്‍ വരെ നിര്‍മ്മിച്ചിട്ടുള്ളയാളാണ് സൈമണ്‍. പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചാകണം വീട് വളര്‍ത്തിയെടുക്കേണ്ടതെന്നും അദ്ദേഹത്തിന്‍റെ ശിഷ്യനില്‍ നിന്നു മനസിലാക്കി.

“ആ പുസ്തകം നല്‍കിയ അറിവുകള്‍ മാത്രമല്ല, ഒരിക്കല്‍ ഗുജറാത്തില്‍ ഗാന്ധിജിയുടെ ആശ്രമം സന്ദര്‍ശിച്ചിരുന്നു. അവസാനമായി ഗാന്ധി താമസിച്ചിരുന്ന വീട് നിര്‍മ്മിച്ചിരിക്കുന്നത് ആ വീടിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ്.” ആ വീടിന്‍റെ നിര്‍മ്മാണവും സ്വാധീനിച്ചിട്ടുണ്ടെന്നു അദ്ദേഹം.

മുളവീട്ടിലേക്കെത്തിയ ഒരതിഥി

കമ്പിക്ക് പകരം ട്രീറ്റ് ചെയ്ത മുള ഉപയോഗിച്ച് വാര്‍ക്കുന്ന ബാംബൂ റീ ഇൻഫോഴ്സ്മെൻറ് ടെക്നോളജിയാണ് ഈ വീടിന് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. 70 ശതമാനം മുളയും 30 ശതമാനം സ്റ്റീലും ഉപയോഗിച്ചാണ് ഇദ്ദേഹത്തിന്‍റെ വീട് പണിതിട്ടുള്ളത്. 18 സെന്‍റില്‍ 3,000 സ്ക്വയര്‍ഫീറ്റുള്ളതാണ് ഈ മൂന്നു നില വീട്,” ബാബുരാജ് വിശദമാക്കി.

“പാടം നികത്തിയ ഭൂമിയായിരുന്നു ഇവിടം. കരഭൂമിയായിരുന്നുവെങ്കിലും റെക്കോഡുകളില്‍ നിലം എന്നായിരുന്നു. വീട് നിര്‍മ്മിക്കണമെങ്കില്‍ മണ്ണിട്ട് നികത്തണമായിരുന്നു.

“അതിനുള്ള അനുമതിയൊക്കെ എടുത്തിരുന്നു. പക്ഷേ മണ്ണിട്ട് നികത്തി ആ ഭൂമിയില്‍ വീട് വയ്ക്കാന്‍ തോന്നിയില്ല.വേറൊന്നും കൊണ്ടല്ല, അങ്ങനെ ചെയ്താല്‍ എന്‍റെ വാക്കുകളും പ്രവര്‍ത്തനങ്ങളും വ്യത്യസ്തമായി പോകില്ലേ.

“പരിസ്ഥിതിപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന എന്‍റെ ആശയങ്ങളുമായി യോജിക്കുന്നതായിരുന്നില്ല. അങ്ങനെയുള്ള ചിന്തയിലാണ് ഈ ഭൂമി ഒരു കുളമാക്കി മാറ്റാമെന്നു തീരുമാനിക്കുന്നത്.

“നികത്തിയ വയല്‍ കുഴിച്ച് കുളം നിര്‍മ്മിച്ചു. വീട് നിര്‍മിക്കുന്നതിനല്ല കുളം കുത്തുന്നതിനാണ് കാശ് കൂടുതല്‍ ചെലവായത്. ജെസിബി ഉപയോഗിച്ചാണ് കുളം കുത്തിയത്.

“കുളത്തിന്‍റെ നാലു വശങ്ങളും കെട്ടിയിട്ടുണ്ട്. പടികളും നിര്‍മ്മിച്ചിട്ടുണ്ട്. എട്ട് സെന്‍റില്‍ നാലു ലക്ഷം രൂപ ചെലവഴിച്ചാണ് കുളം കുത്തിയത്. കുളം കുത്തിയതിന് ശേഷം വെള്ളം വറ്റിച്ചു തൂണുകള്‍ കെട്ടി.” ഈ തൂണുകള്‍ക്ക് മുകളിലാണ് പിരമിഡ് ആകൃതിയിലുള്ള വീട് കെട്ടിയത്.

“പരന്ന മേല്‍ക്കൂരയാണെങ്കില്‍ ചൂട് അകത്തേക്ക് വലിച്ചെടുക്കും. സൂര്യപ്രകാശം വലിച്ചെടുക്കുന്നതിനെയൊക്കെ ആകൃതിയിലുള്ള മാറ്റം സ്വാധീനിക്കുന്നുണ്ട്.


ചതുരപ്പെട്ടി പോലുള്ള വീട് വേണ്ട, പരന്ന മേല്‍ക്കൂര വേണ്ട എന്നൊക്കെ തീരുമാനിച്ചിരുന്നു.


“ഡിസൈനിങ്ങിന് ഇടമുള്ള വീടായിരിക്കണമെന്നു നിര്‍ബന്ധമുണ്ടായിരുന്നു. കൂടുതല്‍ കാലം ഈടുനില്‍ക്കുന്നതും ഭൂകമ്പങ്ങളെ ചെറുക്കാന്‍ സാധിക്കുന്നതുമാണ് പിരിമിഡ് വീടുകള്‍,” ബാബുരാജ് അവകാശപ്പെട്ടു.

വീടിന്‍റെ ബാൽക്കണിയും ഗോവണിയൊക്കെ മുളയിലാണ് നിർമ്മിച്ചിരിക്കുന്നത്.

ടെറാക്കോട്ട ടൈലാണ് അകത്ത് വിരിച്ചിരിക്കുന്നത്. സാധാരണ വീടുകളില്‍ ഷോ കെയ്സുകളും മറ്റുമൊക്കയുണ്ടാകും. എന്നാല്‍ ഈ വീടിനെ സുന്ദരമാക്കുന്നത് ചുമരിലെ ചിത്രങ്ങളാണ്.

“സാധാരണ വീടുകളുടെ അകങ്ങളില്‍ നിന്നു വ്യത്യസ്തമാകണം എന്ന ആഗ്രഹം മാത്രമായിരുന്നില്ല, ചിത്രകാരന്‍മാര്‍ക്ക് കൂടി ഈ വീട് നിര്‍മ്മാണത്തിലൂടെ വരുമാനം കിട്ടണമെന്ന ചിന്തയും ഇതിന് പിന്നിലുണ്ടായിരുന്നു.

“കുറേ ചിത്രകാരന്‍മാരാണ് വീടിന്‍റെ ചുമരുകള്‍ ചിത്രം കൊണ്ട് സുന്ദരമാക്കിയത്.

മുളയില്‍ നിര്‍മിച്ച ഗോവണി

“പൂര്‍ണ്ണമായും ഞങ്ങളുടെ ഇഷ്ടപ്രകാരമാണ് ഈ വീട് നിര്‍മിച്ചത്. നിര്‍മ്മാണത്തിനിടയ്ക്ക് ചര്‍ച്ചയൊക്കെ ചെയ്ത് ചില മാറ്റങ്ങളൊക്കെ വരുത്തിയിട്ടുമുണ്ട്.

“ചില ഇടങ്ങള്‍ പണിതതിന് ശേഷം പൊളിച്ച് പണിയിപ്പിച്ചു. നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് വേണമല്ലോ വീട് നിര്‍മ്മിക്കാന്‍. അതുകൊണ്ടു തന്നെ കൂലി കുറച്ചു കൂടിയിട്ടുമുണ്ട്. വീടിനകത്ത് ആര്‍ച്ചുകള്‍ ഏറെയുണ്ട്. കുറേ സമയവും പണച്ചെലവും ഈ ആര്‍ച്ച് നിര്‍മാണത്തിന് വേണ്ടി വന്നിട്ടുണ്ട്. വീടിന്‍റെ ഭിത്തി നിര്‍മ്മിച്ചിരിക്കുന്നതും മുളയിലാണ്.

“കുളത്തിലായതിനാല്‍ ഭാരം കുറയ്ക്കുന്നതിന് മാത്രമല്ല. അകമുറികളില്‍ അത്ര കനമുള്ള ഭിത്തിയുടെ ആവശ്യവും ഇല്ലല്ലോ. മുള കൊണ്ടുള്ള ബോര്‍‍‍ഡുകളാണ് ചുമരാക്കിയിരിക്കുന്നത്.

“3,000 സ്ക്വയര്‍ഫീറ്റ് വലിപ്പമുള്ള കോണ്‍ക്രീറ്റ് വീട് നിര്‍മ്മിക്കാന്‍ ഇന്നാണെങ്കില്‍ 65 ലക്ഷം രൂപയൊക്കെ വേണ്ടി വന്നേക്കും. ഒരു സ്ക്വയര്‍ഫീറ്റിന് 1,800 രൂപ ചെലവ് വരും.


ഇതുകൂടി വായിക്കാം:വയനാട്ടില്‍ ഇപ്പോഴുമുണ്ട് 40 വര്‍ഷം മുന്‍പ് ഒറ്റമുറി ക്ലിനിക്കിലേക്ക് സൗജന്യ സേവനവുമായെത്തിയ ആ മഹാരാഷ്ട്രക്കാരന്‍ ഡോക്റ്റര്‍


“ഈ വീടിന്‍റെ നിര്‍മാണം കഴിഞ്ഞപ്പോ പലരും പറഞ്ഞത്, ഒരു കോടി രൂപയൊക്കെ ചെലവ് വന്നു കാണുമെന്നാണ്. ആകൃതിയിലുള്ള വ്യത്യസ്തതയും പുതുമയുമൊക്കെ കാണുമ്പോ പലര്‍ക്കും തോന്നുന്നതാണിത്. വാസ്തവത്തില്‍ 24 ലക്ഷം രൂപയേ വേണ്ടി വന്നുള്ളൂ. കിണര്‍ കെട്ടിയതും മതില്‍ നിര്‍മ്മിച്ചതും അടക്കമാണ് ഈ തുക.” എന്ന് ബാബുരാജ്.

വീട്ടുകാര്‍ക്കൊപ്പം അതിഥികള്‍

ബാബുരാജിനൊപ്പം ഉറവില്‍ പ്രവര്‍ത്തിച്ചിരുന്ന അനീഷാണ് ഈ കുളം വീടിന്‍റെ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുള കൊണ്ടുള്ള വര്‍ക്കുകള്‍ ഉറവിന് വേണ്ടി ചെയ്തിരുന്നയാളാണ് വയനാടുകാരനായ അനീഷ്.

ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് നിര്‍മ്മാണകാര്യങ്ങള്‍ക്ക് പിന്നിലും. ബാംബൂ റീഇന്‍ഫോഴ്സ്മെന്‍റ് ടെക്നോളജിയെക്കുറിച്ച് ഡല്‍ഹി ഐഐടിയില്‍ നടന്ന ശില്‍പ്പശാലയിലൊക്കെ പങ്കെടുത്തതിന് ശേഷമാണ് അനീഷ് ഈ വീടിന്‍റെ നിര്‍മ്മാണത്തിലേക്കെത്തുന്നത്.

ജലസംരക്ഷണവും ഊര്‍ജസംരക്ഷണവും ജൈവവൈവിധ്യ സംരക്ഷണവും ഭക്ഷ്യ സംരക്ഷണവുമൊക്കെ സമന്വയിപ്പിക്കാന്‍ സാധിക്കുമ്പോഴാണ് ഹരിതഗൃഹങ്ങളുണ്ടാകുക.

ഗ്രീന്‍ ഹൗസ് എന്ന ആശയം പൂര്‍ത്തിയാക്കുന്നതിന് ഈ നാലു കാര്യങ്ങളും ഒരുമിക്കണം. മുള വീട് നിര്‍മിക്കുമ്പോള്‍ ഈ ഘടകങ്ങളൊക്കെയുള്ള ഹരിതഗൃഹമായിരിക്കണമെന്ന നിര്‍ബന്ധവുമുണ്ടായിരുന്നുവെന്നു ബാബുരാജ് പറയുന്നു.

“മുള ഉപയോഗിക്കുന്നതിലൂടെ ഊര്‍ജം സംരക്ഷിക്കാനാകുന്നുണ്ട്. കുളം നിര്‍മ്മിച്ചതിലൂടെ മാത്രമല്ല മേല്‍ക്കൂരയില്‍ നിന്നൊഴുകുന്ന മഴവെള്ളം സംഭരിക്കുന്നതിലൂടെയും ജലസംരക്ഷണം എന്ന ആശയം നടപ്പാക്കി.

“അടുക്കളയില്‍ ബാക്കിയാകുന്ന ഭക്ഷണമൊക്കെ കുളത്തിലെ മത്സ്യങ്ങള്‍ക്കുള്ളതാണ്. ഇതിലൂടെ ഭക്ഷണവും പാഴാക്കാതെ പ്രയോജനപ്പെടുത്താനാകുന്നുണ്ട്.

“കുളത്തില്‍ ധാരാളം മത്സ്യങ്ങളുണ്ട്. കൂട്ടത്തില്‍ ആമയും നീര്‍ക്കോലിയുമൊക്കെയുണ്ട്. നിര്‍മ്മിച്ചെടുക്കുന്ന കുളം പോലെയല്ല പ്രകൃതിയിലുള്ള കുളത്തിന്‍റെ സ്വഭാവമാണിതിനും.

“ഭക്ഷണസംഭരണി കൂടിയാണ് കുളം. ഒരുനേരത്തെ മത്സ്യം വാങ്ങുന്നതിന് ദിവസവും കുറഞ്ഞത് 50 രൂപയെങ്കിലും നമ്മളൊക്കെ ചെലവാക്കുന്നുണ്ട്. കുളമുള്ളതിനാല്‍ രാസവസ്തുക്കളൊന്നും ചേരാത്ത ഫ്രഷ് മീന്‍ ലഭിക്കും.

“അടുക്കളയില്‍ നിന്നു മത്സ്യങ്ങള്‍ക്ക് ഭക്ഷണം നല്‍കാനും പിടിക്കാനും സാധിക്കും. അടുക്കളയില്‍ നിന്നു മാത്രമല്ല ബാല്‍ക്കണിയില്‍ നിന്നും ചൂണ്ടയിടാം. ബ്രാല്‍, നാടന്‍ മൂഴികള്‍, ചേറുമീന്‍, പരലുകള്‍, കാര്‍പ്പുകള്‍, കരിമീന്‍, ആറ്റുകൊഞ്ച് ഇതൊക്കെ ഇവിടുണ്ട്.

“മേല്‍ക്കൂരയില്‍ നിന്നുള്ള വെള്ളം സംഭരിക്കാനും ഈ കുളം സഹായിക്കുന്നുണ്ട്. ശക്തമായ വേനല്‍ക്കാലത്തും വീടിനകത്ത് തണുപ്പായിരിക്കും. കുളത്തില്‍ നിന്നുള്ള ഒരു തണുപ്പ് വായു മുകളിലേക്ക് ഉയര്‍ന്ന് വീടിനകം തണുപ്പിക്കും.

“വീടിനോട് ചേര്‍ന്നൊരു പൂന്തോട്ടമുണ്ട്. നാടന്‍ ചെടികളും മുളയുമൊക്കെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. പലതരത്തിലുള്ള മുളയാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്. വീടിന് ആവശ്യമായതൊക്കെ വളര്‍ത്തിയെടുക്കണമെന്ന തോന്നലിലാണ് മുള നട്ടത്.

“ഈ വീടിന്‍റെ നിര്‍മ്മാണത്തിന് ആവശ്യമായ മുള മറ്റൊരു പറമ്പില്‍ നട്ടുവളര്‍ത്തിയിരുന്നു. മുളവീട് കാണാനും ഒരുപാട് പേര്‍ വരുന്നുണ്ട്. കാണാന്‍ മാത്രമല്ല താമസിക്കാനും ആളുകളെത്തുന്നുണ്ട്.

ബാബുരാജ് കുടുംബത്തിനൊപ്പം

“തൃക്കരിപ്പറ്റ ടൂറിസം വില്ലെജാണ്. വയനാടും ഉറവും കാണാനെത്തുന്നവര്‍ക്ക് താമസിക്കാനുള്ള ഇടം ഈ വീട്ടിലൊരുക്കിയിട്ടുണ്ട്. വീട്ടിലെ രണ്ട് മുറിയാണ് ഗസ്റ്റ് റൂമാക്കിയിരിക്കുന്നത്.

“ഈ രണ്ട് മുറികളിലൂടെ ലഭിക്കുന്ന വരുമാനത്തിലൂടെ വീട് നിര്‍മ്മിച്ചതിന്‍റെ പകുതി കാശ് ഇതിനോടകം തിരിച്ചു കിട്ടി. വരുമാനം മാത്രമല്ല, മറ്റൊരു രാജ്യത്ത് നിന്നു വരുന്ന അതിഥികളുമായി കുടുംബത്തിനും ബന്ധമുണ്ടാകുന്നുമുണ്ടല്ലോ.

“അവരുടെ ജീവിതരീതിയും ഭക്ഷണവും സംസ്കാരവുമൊക്കെ മനസിലാക്കാനും സാധിക്കും. 15 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ അതിഥികളായിട്ടുണ്ട്. ഇസ്രയേലില്‍ നിന്നുള്ള ഒരു കുടുംബം 42 ദിവസം താമസിച്ചിട്ടുണ്ട്.

“വിദേശനാടുകളില്‍ നിന്നുള്ളവര്‍ അവരുടെ രീതിയില്‍ ഭക്ഷണമുണ്ടാക്കുന്നതൊക്കെ കണ്ട് പഠിക്കുകയും ചെയ്യാം. ഭാര്യയും മക്കളുമൊരുമിച്ചാണ് അതിഥികളെ സ്വീകരിക്കുന്നതൊക്കെ.

“അവര്‍ക്കും ഇതൊക്കെ ഇഷ്ടമാണ്. ശ്രീജയാണ് ഭാര്യ. മേതിയും ദ്യുതിയുമാണ് മക്കള്‍. മേതി പി ജി കഴിഞ്ഞു, ദ്യുതി അവസാനവര്‍ഷ എംഎസ് എസിയ്ക്ക് പഠിക്കുന്നു,” ബാബുരാജ് പറഞ്ഞു.


ഇതുകൂടി വായിക്കാം:കവുങ്ങ് കൊണ്ട് ഇരുനില വീട്, കോൺക്രീറ്റില്ല! 2,640 സ്ക്വയർ ഫീറ്റ്, ചെലവ് ₹18 ലക്ഷം


 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം