കുമാരി ഷിബുലാല്‍

വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യമാറ്റം: ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവന്ന സ്ത്രീ

“വിദ്യാഭ്യാസം ഞങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. അതുകൊണ്ട് പല കാരണങ്ങള്‍ കൊണ്ടും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നവരെ സഹായിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. “


ഈ ആര്‍ട്ടിക്കിള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഷിബുലാല്‍ ഫാമിലി ഫിലാന്ത്രോപിക്  ഇനിഷ്യേറ്റീവ്സ്

“കാരുണ്യപ്രവര്‍ത്തികള്‍ സമ്പന്നര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള ഒന്നല്ല. അത്യാവശ്യ ഘട്ടങ്ങളില്‍ കൂട്ടുകാരനെ സഹായിക്കുന്നത് മുതല്‍ വയസ്സായ ഒരാളെ റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുന്നത് വരെ–മറ്റുള്ളവരെ സഹായിക്കാന്‍ മനസ്സുള്ളവര്‍ക്കെല്ലാം കഴിയുന്നതാണ് അത്,” ഷിബുലാല്‍ ഫാമിലി ഫിലാന്ത്രോപിക് ഇനിഷ്യേറ്റീവ്സ് (SFPI) ഫൗണ്ടറും ചെയര്‍പേഴ്സണുമായ കുമാരി ഷിബുലാല്‍ പറയുന്നു.

2005 മുതല്‍ ആയിരക്കണക്കിന് മനുഷ്യരുടെ ജീവിതങ്ങളെ സ്പര്‍ശിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനാണ് ഇത്.

രാമമംഗലം ഗ്രാമത്തില്‍ ഒരു മധ്യവര്‍ഗ്ഗ കാര്‍ഷിക കുടുംബത്തിലാണ് കുമാരി ജനിച്ചത്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ വിജയിക്കാനാവൂ എന്ന് രണ്ട് മക്കളേയും (കുമാരിയും സഹോദരനും) മാതാപിതാക്കള്‍ ചെറുപ്പത്തില്‍ തന്നെ മനസ്സിലാക്കിക്കൊടുത്തിരുന്നു.

വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള ചെറുപ്പത്തിലേ ഉള്ള ആ ബോധ്യമാണ് പിന്നീട് 1999-ല്‍ സരോജിനി ദാമോദരന്‍ ഫൗണ്ടേഷനും 2004-ല്‍ അദ്വൈത് ഫൗണ്ടേഷനും തുടങ്ങാന്‍ കുമാരിയെ പ്രേരിപ്പിച്ചത്.

കുമാരി ഷിബുലാല്‍

വിവാഹത്തിന് ശേഷം ഭര്‍ത്താവ് എസ് ഡി ഷിബുലാലിനൊപ്പം (ഇന്‍ഫോസിസ് സഹസ്ഥാപകനും മുന്‍ സി ഇ ഒയും) കുമാരി മുംബൈയിലേക്കും പിന്നീട് അമേരിക്കയിലേക്കും താമസം മാറി. തിരിച്ച് നാട്ടിലെത്തുന്നത് 1997-ലാണ്. സാമൂഹ്യരംഗത്ത്, പ്രത്യേകിച്ചും വിദ്യാഭ്യാസരംഗത്ത്, പ്രവര്‍ത്തിക്കണമെന്ന ആഗ്രഹത്തോടെയാണ് അവര്‍ തിരിച്ചെത്തുന്നത്. അതാണ് പിന്നീട് എസ് ഡി എഫ് ആയും എസ് എഫ് പി ഐ ആയും രൂപം കൊണ്ടത്.

“വിദ്യാഭ്യാസം ഞങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. അതുകൊണ്ട് പല കാരണങ്ങള്‍ കൊണ്ടും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നവരെ സഹായിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. അങ്ങനെയാണ് ആ മേഖലയില്‍ കൂടുതലായി ശ്രദ്ധ പതിപ്പിച്ചത്,” അവര്‍ പറയുന്നു.

ഇന്ന് വിദ്യാധന്‍, വിദ്യാരക്ഷക്, അദ്വൈത് ഫൗണ്ടേഷന്‍, അങ്കൂര്‍ തുടങ്ങിയ പദ്ധതികളിലൂടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ജീവിതങ്ങളെ മാറ്റിത്തീര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. സാമൂഹിക മുന്നേറ്റത്തിന്‍റെയും രാഷ്ട്രവികാസത്തിന്‍റെയും ആധാരശിലയും വിദ്യാഭ്യാസമാണെന്ന് ആ കുടുംബം ഉറച്ച് വിശ്വസിക്കുന്നു.

ഈ ദൗത്യത്തിന്‍റെ ഭാഗമായി 2020 ഫെബ്രുവരി 14-ന് ഷിബുലാല്‍ ഫാമിലി ഫിലാന്ത്രോപിക് ഇനിഷ്യേറ്റീവ്സ് ബെംഗലുരുവിലെ താജ് വെസ്റ്റെന്‍ഡില്‍ ആംപ്ലിയോ സ്പീക്കര്‍ സീരീസിന്‍റെ രണ്ടാമത് എഡിഷന്‍ സംഘടിപ്പിച്ചു. ജനങ്ങളും പ്രമുഖ സാമൂഹ്യപ്രവര്‍ത്തകരും ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്ന നേതാക്കളും തമ്മിലുള്ള ഒരു തുറന്ന സംവാദവേദിയാണ് ഈ സീരീസ്. രണ്ടാമത്തെ എഡിഷന്‍ വ്യക്തിപരമായ  പരോപകാര പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമൂഹത്തിന് തിരിച്ചുനല്‍കുന്നതിനെക്കുറിച്ചുമായിരുന്നു.

സമൂഹത്തിന് തിരികെ നല്‍കുക എന്ന സന്ദേശം പ്രചരിപ്പിക്കാനും വ്യക്തികളെയും സംഘടനകളെയും അതിനായി പ്രേരിപ്പിക്കാനുമാണ് സീരീസിലൂടെ ഉദ്ദേശിക്കുന്നത് എന്ന് സ്ഥാപകര്‍ പറയുന്നു. അതിനായി അമേരിക്കന്‍ കാരുണ്യപ്രവര്‍ത്തക പെഗ്ഗി ദുലാനിയെയാണ് ഇത്തവണ മുഖ്യാതിഥിയായി ക്ഷണിച്ചത്. ദുലാനി അവരുടെ പിതാവ് യശശ്ശരീരനായ ഡേവിഡ് റോക്ക്ഫെല്ലറുമായി ചേര്‍ന്ന് സിനെര്‍ഗോസ് ഗ്ലോബല്‍ ഫിലാന്ത്രോപിസ്റ്റ് സര്‍കിള്‍ സ്ഥാപിച്ചയാളാണ്.

എസ് എഫ് പി ഐ-യെ പോലെ തന്നെ സിനെര്‍ഗോസും സാക്ഷരത, സാമൂഹ്യ-സാമ്പത്തിക അസമത്വങ്ങള്‍ ഇല്ലാതാക്കല്‍, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം എന്നീ ലക്ഷ്യങ്ങള്‍ക്കായി ലോകം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്.

രണ്ട് സംഘടനകളുടെയും ലക്ഷ്യങ്ങള്‍ ഒന്നായതുകൊണ്ട് അവര്‍ സംയുക്തമായി ഒരു പഠനം തുടങ്ങിവെച്ചിരിക്കുകയാണ്. “How India Gives” എന്ന ഒരു സമഗ്രമായ ഈ പഠനം രാജ്യത്തെ ഔപചാരികവും അല്ലാത്തതുമായ കാരുണ്യപ്രവര്‍ത്തനങ്ങളെക്കുറിച്ച് ആധികാരികമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്നവരെ  അതിന് പ്രേരിപ്പിക്കുന്ന കാര്യങ്ങള്‍, എന്‍ ജി ഒ-കളുടെയും കാരുണ്യപ്രവര്‍ത്തകരുടെയും ജനങ്ങളുടെയും നയരൂപീകരണം നടത്തുന്നവരുടെയും ഇകോസിസ്റ്റം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും ഈ പഠനം പരിശോധിക്കും.

ഈ റിപ്പോര്‍ട്ട് എസ് എഫ് പി ഐ-യുടെ വാര്‍ഷിക സോഷ്യല്‍ ചെയ്ഞ്ച് സമ്മിറ്റില്‍ പ്രകാശനം ചെയ്യും. ഈ വര്‍ഷം അവസാനമാണ് സമ്മേളനം നടക്കുക.

കുമാരി ഷിബുലാല്‍

“നമ്മുടെ രാജ്യത്ത് ദാനം നല്‍കുന്നതിന്‍റെ സമ്പന്നമായ ചരിത്രമുണ്ട്. എന്നാല്‍ World Giving Index, 2019 അനുസരിച്ച് 128 രാജ്യങ്ങളില്‍ ഇന്‍ഡ്യ 82-ാം സ്ഥാനത്താണ്. ഇതിന് പ്രധാന കാരണം ഇന്‍ഡ്യയില്‍ നടക്കുന്ന കാരുണ്യപ്രവര്‍ത്തനങ്ങള്‍ അധികവും അനൗപചാരികവും അസംഘടിതവുമാണ് എന്നതാണ്. ഞങ്ങളുടെ റിപ്പോര്‍ട്ട് കൂടുതല്‍ പേരെ സാമൂഹത്തിനായി നല്‍കുന്നതിന് മുന്നോട്ടുവരാന്‍ പ്രേരിപ്പിക്കുമെന്ന് കരുതുന്നു,” കുമാരി ഒരു പ്രസിദ്ധീകരണത്തോട് പറഞ്ഞു.

നിരവധി പദ്ധതികളിലൂടെ എസ് എഫ് പി ഐ സ്കൂളുകളേയും ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളേയും താഴ്ന്ന സാമ്പത്തിക-സാമൂഹിക പശ്ചാത്തലത്തില്‍ നിന്ന് വരുന്ന കുട്ടികളേയും സഹായിക്കുന്നു. വിദ്യാഭ്യാസത്തിലൂടെ വ്യക്തികളിലും അവരിലൂടെ കുടുംബങ്ങളിലും ആത്യന്തികമായി മുഴുവന്‍ രാജ്യത്തും മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നാണ് ഫൗണ്ടേഷന്‍ വിശ്വസിക്കുന്നത്.

“നമുക്ക് നിശ്ശബ്ദരായ കാഴ്ചക്കാരായി നില്‍ക്കാന്‍ കഴിയില്ല. അടുത്ത തലമുറയ്ക്ക് വേണ്ടി നമുക്ക് ഇതൊരു മെച്ചപ്പെട്ട ഇടമാക്കി മാറ്റേണ്ടതുണ്ട്. ശരിയായ മാറ്റം കൊണ്ടുവരാന്‍ വിദ്യാഭ്യാസമാണ് ഏറ്റവും നല്ല വഴി,” കുമാരി പറയുന്നു.


ഇതുകൂടി വായിക്കാം: 17-ാം വയസില്‍ അമ്മയായി, 20-ാം വയസില്‍ വിധവ…ഇന്ന് നൂറുകണക്കിന് മനുഷ്യര്‍ക്ക് താങ്ങായ സിഫിയ എന്ന ചിതല്‍


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം