മണാലിയിലെ കുടിലില്‍ റിംപോച്ചെ സഹോദരനെ കണ്ടുമുട്ടിയപ്പോള്‍

ലഡാക്കില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ രാജാവിനെത്തേടി സഹോദരന്‍ നടത്തിയ 60 വര്‍ഷത്തെ അന്വേഷണത്തിന്‍റെ കഥ

അദ്ദേഹം എവിടേക്കാണ് പോയതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ആ തിരോധാനം കുടുംബത്തിന് വലിയ ആഘാതമായിരുന്നു.

ഡാക്കിലെ ലേയില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ അകലെ മാതോ എന്ന ചെറിയൊരു പ്രദേശത്തെ രാജാവായിരുന്നു താഷി ഭുന്‍സോഗ് നംഗ്യാല്‍. ഒരു ദിവസം നംഗ്യാല്‍ വീടുവിട്ടുപോയി. പിന്നീട് അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ആര്‍ക്കുമില്ലായിരുന്നു, 60 വര്‍ഷങ്ങള്‍ക്ക് ശേഷം സഹോദരന്‍ അദ്ദേഹത്തെ കണ്ടെത്തുന്നതുവരെ.

അതൊരു അതിശയകരമായ കഥയാണ്.

അതിലേക്ക് കടക്കുന്നതിന് മുന്‍പ് കുറച്ച് കാലം കൂടി പുറകോട്ട് സഞ്ചരിക്കണം.

വെറും ആറുവയസ്സുള്ളപ്പോഴാണ് കുശോക് ബാകുള റിംപോച്ചെയെ ബാകുള അര്‍ഹാതിന്‍റെ 19-ാമത് അവതാരമായി പ്രഖ്യാപിക്കുന്നത്. മഹായാന ബുദ്ധമതക്കാര്‍ വിശ്വസിക്കുന്നത് ബാകുള ബുദ്ധന്‍റെ പ്രധാനപ്പെട്ട 16 ശിഷ്യന്‍മാരില്‍ ഒരാളാണ് എന്നായിരുന്നു

ലഡാക്ക്… ഫോട്ടോ. Pixabay.com

സന്യാസിമഠത്തില്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട റിംപോച്ചെയെ പത്തുവയസ്സായപ്പോള്‍ കൂടുതല്‍ പഠനങ്ങള്‍ക്കായി തിബെറ്റിലേക്ക് പറഞ്ഞയച്ചു. 1926-ലാണത്.

അപ്പോഴാണ് അദ്ദേഹം പിതാവ് രാജാ നാഗ്വാ ത്യാസിനെ അവസാനമായി കാണുന്നത്, ജ്യേഷ്ഠന്‍ താഷി നംഗ്യാലിനേയും. 14 വര്‍ഷത്തിന് ശേഷമാണ് റിംപോച്ചെ ലഡാക്കിലേക്ക് തിരിച്ചെത്തുന്നത്. പിതാവ് മരണമടഞ്ഞിരുന്നു.  ജ്യേഷ്ഠന്‍ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷനായെന്നത് അപ്പോഴാണ് അയാള്‍ അറിയുന്നത്.

താഷി നംഗ്യാല്‍ അപ്രത്യക്ഷനായതിന് പിന്നിലുള്ള സാഹചര്യങ്ങളും വലിയ ദുരന്തങ്ങളുടേതായിരുന്നു. അദ്ദേഹം രണ്ട് തവണ വിവാഹം ചെയ്തിരുന്നു. ആദ്യത്തെ കുഞ്ഞിന്‍റെ പ്രസവത്തില്‍ ഒന്നാമത്തെ ഭാര്യ മരണമടഞ്ഞതിന് ശേഷമാണ് അദ്ദേഹം വീണ്ടും വിവാഹിതനായത്.

റിംപോച്ചെ മംഗോളിയയിലെ ഒരു ഗ്രാമത്തില്‍ അനുയായികള്‍ക്കൊപ്പം

പിന്നീട് അച്ഛനേയും രണ്ടാമത്തെ ഭാര്യയെയും നഷ്ടപ്പെട്ടു. അതോടെ പൂര്‍ണമായും ഏകാകിയായി മാറിയ താഷി നംഗ്യാലിന് ലൗകിക ജീവിതത്തില്‍ പൂര്‍ണമായും താല്‍പര്യം നഷ്ടപ്പെട്ടു. ആകെ വിരക്തനും രാജ്യത്തിന്‍റെ ദൈനംദിന കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ താല്‍പര്യമില്ലാത്തവനുമായി അദ്ദേഹം.

ഒരുദിവസം ആരോടും പറയാതെ അദ്ദേഹം വീടുവിട്ടുപോയി. ഒരു മകനും മകളുമുണ്ടായിരുന്നു. അവര്‍ പിന്നീട് കൂട്ടുകുടംബത്തിലെ മറ്റുള്ളവരുടെ സംരക്ഷണയില്‍ കഴിഞ്ഞു.

അദ്ദേഹം എവിടേക്കാണ് പോയതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ആ തിരോധാനം കുടുംബത്തിന് വലിയ ആഘാതമായിരുന്നു.

പ്രവചനം നടത്തുന്നവരുടെ അടുത്തുപോയപ്പോള്‍ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും ഹിന്ദു സന്യാസിയായി കഴിയുന്നുണ്ടെന്നും പറഞ്ഞു. പക്ഷേ, അതിനൊന്നും ഒരു തെളിവോ അത് ശരിവെയ്ക്കുന്ന സൂചനകളോ പിന്നീടൊരിക്കലും കിട്ടുകയുണ്ടായില്ല.

എങ്കിലും ആ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ റിംപോച്ചേ ജ്യേഷ്ഠനുവേണ്ടിയുള്ള അന്വേഷണം തുടര്‍ന്നു, അറുപത് വര്‍ഷം! ഇക്കാലത്ത് അദ്ദേഹം ഒരുപാട് പുണ്യസ്ഥലങ്ങളിലും വാരാണസിയിലേയും ഹരിദ്വാറിലേയും മറ്റും ഘാട്ടുകളിലും തെരഞ്ഞുപോയി. സന്യാസിമാരുടെയും സാധുക്കളുടെയും ഇടയില്‍ സഹോദരന്‍ ഉണ്ടോ എന്നറിയാന്‍ നിരവധി അന്വേഷണങ്ങള്‍ നടത്തി.

ബാകുള റിംപോച്ചെ ഒരു മൊണാസ്ട്രി ഉല്‍ഘാടനം ചെയ്ത ശേഷം അനുയായികള്‍ക്കൊപ്പം

അവിടേയും ഇവിടെയും പലരും കണ്ടതായി പറഞ്ഞു. പക്ഷേ, ആ തുമ്പുപിടിച്ചുപോയുള്ള അന്വേഷണങ്ങളൊന്നും എവിടെയും എത്തിയില്ല. കുടുംബത്തിലുള്ള മറ്റുള്ളവര്‍ 30 വര്‍ഷത്തോളം അന്വേഷിച്ചതിന് ശേഷം നിരാശരായി. തുടര്‍ന്ന് തെരച്ചിലും മറ്റും നിര്‍ത്തി. എന്നാല്‍ റിംപോച്ചെ ്പ്രതീക്ഷ കൈവിട്ടില്ല.

സഹോദരന് വേണ്ടിയുള്ള നിരന്തരമായ തെരച്ചില്‍ തുടരുന്നതിനിടയില്‍ റിംപോച്ചെയുടെ ജീവിതവും മറ്റൊരുവഴിക്ക് തിരിഞ്ഞുപോയിരുന്നു. സാധാരണ ബുദ്ധസന്യാസുകളുടേതുപോലുള്ള ഒന്നായിരുന്നില്ല അദ്ദേഹം എത്തിപ്പെട്ട വഴികള്‍.

1948-ല്‍ പാകിസ്ഥാന്‍ പിന്തുണയോടെ കടന്നുവന്ന ഗോത്രവര്‍ഗക്കാരായ അധിനിവേശക്കാരില്‍ നിന്നും ലഡാക്കിനെ രക്ഷിക്കാന്‍ അദ്ദേഹത്തിന് മുന്നിട്ടിറങ്ങി. ജമ്മു-കശ്മീരിലെ സര്‍ക്കാരുകള്‍ ലഡാക്കിനോട് തുടര്‍ന്നുവന്ന ശത്രുതാപരമായ സമീപനത്തിനെതിരെയും ശബ്ദമുയര്‍ത്തി. രണ്ട് തവണ ലഡാക്കിനെ പാര്‍ലമെന്‍റില്‍ പ്രതിനിധീകരിച്ചു. പ്രദേശത്തെ പുതിയ കാലത്തേക്ക് നയിച്ചു.

ഒരു രാഷ്ട്രതന്ത്രജ്ഞനായും എം പിയായും നയതന്ത്രവിദഗ്ധനായും മാറിയ റിംപോച്ചെ ആധുനിക ലഡാക്കിന്‍റെ ശില്‍പിയായാണ് അറിയപ്പെടുന്നത്.

(അദ്ദേഹത്തെക്കുറിച്ച് ഒരുപാട് വിവരങ്ങള്‍ ഇന്‍റെര്‍നെറ്റില്‍ തെരഞ്ഞാല്‍ കിട്ടും. എന്നാല്‍ സഹോദരനെത്തേടിയുള്ള അദ്ദേഹത്തിന്‍റെ ദശകങ്ങള്‍ നീണ്ട അന്വേഷണത്തിന്‍റെ കഥ അധികമാരും ശ്രദ്ധിക്കാതെ പോകും.)

1985-ല്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗമായിരിക്കെ റിംപോച്ചെയ്ക്ക് ഒരു വിവരം കിട്ടി. അദ്ദേഹത്തിന്‍റെ സഹോദരന്‍റേതെന്ന് തോന്നിക്കുന്ന ഒരാളെക്കുറിച്ചായിരുന്നു അത്. ലഡാക്കി ഭാഷ സംസാരിക്കാനറിയുന്ന ഒരു വൃദ്ധസന്യാസി ഹിമാചല്‍ പ്രദേശിലെ മണാലിക്കടുത്തൊരു പര്‍വ്വതത്തില്‍ ഒറ്റയ്ക്ക് താമസിക്കുന്നുണ്ടെന്നായിരുന്നു വിവരം.

ഉടന്‍ തന്നെ  വിവരം തിരക്കാനും വൃദ്ധസന്യാസി താമസിക്കുന്ന സ്ഥലം അറിഞ്ഞുവരാനും അദ്ദേഹം മാനേജരെ മണാലിയിലേക്ക് വിട്ടു. മണാലിക്കടുത്തുള്ള നെഹ്‌റുകുണ്ഡ് എന്ന സ്ഥലത്തിനടുത്താണ് സന്യാസി താമസിക്കുന്നതെന്ന് മാനേജര്‍ തിരിച്ചുവന്ന് അറിയിച്ചു.

താഷി നംഗ്യാല്‍ നെഹ്റു കുണ്ഡിലെ കുടിലില്‍

“അതുകൊണ്ടു മാത്രമായില്ല. വൃദ്ധനായ ബാബയുടെ മുന്‍കാലം അറിയാന്‍ യാതൊരു വഴിയുമില്ല. അതൊന്നും ആരോടും പറയാന്‍ അദ്ദേഹം ഒരുക്കമല്ലെന്ന് മാത്രമല്ല, ആരോടും സംസാരിക്കുകയുമില്ല. താന്‍ ലഡാക്കില്‍ നിന്നാണെന്ന് അപൂര്‍വ്വമായി ചിലരോട് അദ്ദേഹം പറഞ്ഞിട്ടുള്ളതായി ഒരു കേട്ടുകേള്‍വി മാത്രമേയുള്ളു. അതില്‍ കൂടുതലൊന്നും ആര്‍ക്കും അറിയില്ല.

“എന്നാല്‍ ബാബയ്ക്ക് ലഡാക്കിലെ ചില മനുഷ്യരെക്കുറിച്ചും ആ പ്രദേശത്തിന്‍റെ ചരിത്രത്തിലെ ചില സംഭവങ്ങളെക്കുറിച്ചുമെല്ലാം അറിയാമെന്നതിന്‍റെ സൂചനകള്‍ ചിലര്‍ക്കു കിട്ടിയിരുന്നു. അതില്‍ നിന്ന് അദ്ദേഹം റിംപോച്ചെയുടെ സഹോദരനാണെന്ന് ഊഹിച്ചെടുത്തു,” അക്കാലത്ത് റിംപോച്ചെയുടെ പേഴ്‌സണല്‍ അസിസ്റ്റന്‍റ് ആയിരുന്ന സോനം വാങ്ചുക്ക് പറയുന്നു.

ചിലപ്പോള്‍ ആ സന്യാസി ആരും തിരിച്ചറിയാതിരിക്കാനായി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാലും അങ്ങനെയൊരാളെ കണ്ടെത്തിയതായുള്ള വിവരം ലഡാക്കിലെ അദ്ദേഹത്തിന്‍റെ കുടുംബത്തിലും അറിഞ്ഞു. താഷിയുടെ മകനും മകളും സഹോദരിയും വെള്ളത്താടിയുള്ള, നിര്‍ത്താതെ പുകവലിക്കുന്ന ബാബയെക്കാണാന്‍ പോയി. അവര്‍ തിരിച്ചുപോയത് അയാള്‍ രാജാ താഷി നംഗ്യാല്‍ തന്നെയാണെന്ന് ഏതാണ്ട് ഉറപ്പിച്ചിട്ടായിരുന്നു. ബാബ നടക്കുമ്പോള്‍ ഒരു ചെറിയ മുടന്തുണ്ടായിരുന്നു. രാജാ താഷിയുടേയും നടത്തം അങ്ങനെത്തന്നെയായിരുന്നു.

ബാകുള റിംപോച്ചെയും സഹോദരനെ കണ്ടുമുട്ടിയപ്പോള്‍

എന്നാല്‍ സ്വയം വെളിപ്പെടുത്താന്‍ ബാബ തയ്യാറായില്ല.

സോനം വാങ്ചുക്കിനൊപ്പം റിംപോച്ചേ മണാലിയിലേക്ക് പുറപ്പെട്ടു. മണാലിയില്‍ നിന്നും രോഹ്തങ് പാസിലേക്കുള്ള വഴിയില്‍ 20 കിലോമീറ്റര്‍ സഞ്ചരിച്ചാലാണ് നെഹറു കുണ്ഡിലെത്തുക. ബിയാസ് നദിയുടെ അടുത്താണത്. 1986-ലെ നല്ല തണുപ്പുള്ള ശിശിര കാലത്താണ് റിംപോച്ചെയും വാങ്ചുക്കും അവിടെയത്തുന്നത്.

ബാബ താമസിച്ചിരുന്നുവെന്ന പറഞ്ഞ സ്ഥലമെന്ന് മുന്‍പ് പോയവര്‍ പറഞ്ഞ ഇടത്ത് ജനവാസമൊന്നും ഉണ്ടായിരുന്നില്ല.

റിംപോച്ചെ ആദ്യം സോനം വാങ്ചുക്കിനെ ബാബ താമസിക്കുന്ന കുടിലിലേക്ക് അയച്ചു. താന്‍ പുറത്ത് കാത്തിരിക്കുന്നുണ്ടെന്ന് അറിയിക്കാന്‍ പറഞ്ഞു. ബാബക്ക് തുടക്കത്തിലുണ്ടായ അമ്പരപ്പ് വൈകാതെ ആഹ്ലാദത്തിലേക്ക് വഴിമാറി.

റിംപോച്ചെയെ അകത്തേക്ക് ക്ഷണിക്കുന്നതിന് മുമ്പ് ആ കുടില്‍ വൃത്തിയാക്കാനും കുറച്ച് വിറകുകൂട്ടി കത്തിച്ച് തണുപ്പുമാറ്റാനും സഹായിക്കാന്‍ ബാബ വാങ്ചുക്കിനോട് അഭ്യര്‍ത്ഥിച്ചു.

“അറുപത് വര്‍ഷക്കാലമായി തന്‍റെ വ്യക്തിജീവിതത്തെക്കുറിച്ച് രാജാ താഷി നംഗ്യാല്‍ ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍, ഇളയ സഹോദരന്‍ ആ കൊച്ചുകുടിലിലേക്ക് പ്രവേശിച്ചപ്പോള്‍ അദ്ദേഹത്തിന് വികാരങ്ങള്‍ നിയന്ത്രിക്കാനായില്ല. അദ്ദേഹം എഴുന്നേറ്റ് നിന്ന് റിംപോച്ചെയെ ഗാഢമായി ആശ്ലേഷിച്ചു. അത് കണ്ടുനിന്ന എന്‍റെ കണ്ണ് നിറഞ്ഞൊഴുകി–രണ്ട് രാജകുമാരന്‍മാര്‍, വ്യത്യസ്തമായ കാരണങ്ങള്‍ കൊണ്ട് കുടുംബവും ലൗകികജീവിതവും ഉപേക്ഷിച്ചവര്‍ ഏറെക്കാലത്തിന് ശേഷം കണ്ടുമുട്ടുന്നു…,” വികാരനിര്‍ഭരമായ ആ ദിവസം സോനം വാങ്ചുക്ക് ഓര്‍ക്കുന്നു.

റിംപോച്ചെക്കും അത് വലിയ സന്തോഷത്തിന്‍റെ നിമിഷങ്ങളായിരുന്നു. അവര്‍ ഏറെനേരം സംസാരിച്ചു.

അറുപത് വര്‍ഷത്തിന് ശേഷം ആദ്യത്തെ കണ്ടുമുട്ടല്‍. പിന്നീട് പലപ്പോഴും റിംപോച്ചെ സഹോദരനെ മണാലിയിലെത്തി സന്ദര്‍ശിക്കുമായിരുന്നു

ഒരു അവധൂതന്‍റെ ജീവിതത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചുമൊക്കെ താഷി നംഗ്യാല്‍ പറഞ്ഞു. വീടുവിട്ട് നടത്തിയ ദീര്‍ഘയാത്രകളെക്കുറിച്ചും. രണ്ടാംലോകമഹായുദ്ധകാലത്ത് ബര്‍മ്മയിലൂടെ യാത്ര ചെയ്തു. പിന്നെ കുറേക്കാലത്തെ നാടുചുറ്റലിന് ശേഷമാണ് മണാലിയിലെ കുടിലെത്തി സ്ഥിരമായി താമസം തുടങ്ങിയത്. ഈ യാത്രകള്‍ക്കിടയില്‍ ബുദ്ധമതത്തെക്കുറിച്ചും ഹിന്ദുമതത്തെക്കുറിച്ചും വലിയ അറിവുകള്‍ അദ്ദേഹം നേടിയിരുന്നു.

സംസാരത്തിനിടയിലെപ്പോഴോ താഷി നംഗ്യാല്‍ പുല്ലാങ്കുഴല്‍ എടുത്ത് മനോഹരമായി വായിച്ചു. പിന്നീട് ഈ അലച്ചിലിനിടയിലും നഷ്ടപ്പെടാതെ സൂക്ഷിച്ചുവെച്ചിരുന്ന ഏറ്റവും വലിയ നിധിയും അദ്ദേഹം അവരെ കാണിച്ചു–കുഞ്ഞു റിംപോച്ചെയുടെ പഴയൊരു ചിത്രം! എന്നിട്ട് അദ്ദേഹം പറഞ്ഞു, “നിനക്കറിയാമോ, നീ എന്നോടൊപ്പം എപ്പോഴുമുണ്ടായിരുന്നു.”

അറുപത് വര്‍ഷം നേരിട്ട് കണ്ടില്ലെങ്കിലും യാത്രകളില്‍ കണ്ടുമുട്ടുന്ന ലഡാക്കികളില്‍ നിന്നും ജനങ്ങള്‍ക്ക് വേണ്ടി റിംപോച്ചെ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് താഷി നംഗ്യാല്‍ അറിയുന്നുണ്ടായിരുന്നു. തിരിച്ചിറങ്ങാന്‍ നേരത്ത് ലഡാക്ക് സന്ദര്‍ശിക്കാന്‍ റിംപോച്ചെ അദ്ദേഹത്തെ ക്ഷണിച്ചു.

“അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. ‘ഞാന്‍ വരാം, എന്‍റെ ലക്ഷ്മണന്‍ കൂട്ടുവരുമെങ്കില്‍.’ കൂടെ ചെല്ലാം എന്നും വേണ്ട യാത്രയ്ക്ക് വേണ്ട സംവിധാനങ്ങള്‍ ഒരുക്കാമെന്നും റിംപോച്ചെ മറുപടി നല്‍കി,” സോനം വാങ്ചുക് പറയുന്നു.

ലഡാക്കിലെ വീട്ടിലെത്തിയ താഷി നംഗ്യാലിന്‍റെ കാര്യങ്ങളെല്ലാം മകന്‍ റിസോങ് ശ്രാസ് റിംപോച്ചെ നോക്കി. മഹായാന ബുദ്ധമതത്തിന്‍റെ ഏറ്റവും വലിയ ആത്മീയ നേതാക്കളിലൊരാളും പണ്ഡിതനുമാണ് റിസോങ് .

കുറച്ചുമാസങ്ങള്‍ താഷി നംഗ്യാല്‍ മാതോ കൊട്ടാരത്തില്‍ കഴിഞ്ഞു. എന്നാല്‍ കൂടുതല്‍ കാലം കഴിയാന്‍ അദ്ദേഹത്തിനാകുമായിരുന്നില്ല. അദ്ദേഹം തിരിച്ച് ഹിമാലയത്തിലെ കൊച്ചുകുടിലിലേക്ക് മടങ്ങി. എങ്കിലും സഹോദരന്‍മാര്‍ പിന്നീടും പലതവണ കണ്ടു.

2003-ലെ ശിശിരത്തിലാണ് നംഗ്യാല്‍ അന്തരിക്കുന്നത്, 100-ാമത്തെ വയസ്സില്‍. കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ റിംപോച്ചെയും മരിച്ചു. അദ്ദേഹത്തിനപ്പോള്‍ 86 വയസ്സായിരുന്നു.

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം