17-ാം വയസില്‍ അമ്മയായി, 20-ാം വയസില്‍ വിധവ…ഇന്ന് നൂറുകണക്കിന് മനുഷ്യര്‍ക്ക് താങ്ങായ സിഫിയ എന്ന ചിതല്‍

“രാത്രിയോടെയാണ് ബെംഗളൂരുവിലെ ശിവാജിനഗര്‍ ബസ് സ്റ്റാന്‍ഡിലെത്തുന്നത്. മുറിയെടുത്ത് താമസിക്കാനുള്ള പണമൊന്നും കൈയില്‍ ഇല്ല. അങ്ങനെ നേരം വെളുക്കുവോളം അവിടെ തന്നെയിരുന്നു.”

“പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ കല്യാണം. 17-ാം വയസില്‍ ആദ്യത്തെ കുഞ്ഞ് ജനിച്ചു. ഇരുപതാമത്തെ വയസില്‍ വിധവയുമായി. അതോടെ ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് നാട്ടിലേക്ക്…

“ഉപ്പയ്ക്കും ഉമ്മയ്ക്കും അരികിലേക്ക്. പക്ഷേ, രണ്ടു കൈകുഞ്ഞുങ്ങളുമായി ഭര്‍ത്താവ് മരിച്ച മോള് വീട്ടില്‍ വന്നു നില്‍ക്കുന്നത് അത്ര നല്ലതല്ല. ചീത്തപേരാണത്രേ!” സിഫിയ ഹനീഫ എന്ന ആ ചീത്തപ്പേരുകാരി പറയുന്നു.


ഗ്രാമീണ സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടേയും അതിജീവനത്തിന് പിന്തുണ: സന്ദര്‍ശിക്കൂ Karnival.com

എന്നാല്‍ ആ പഴയ ചീത്തപ്പേരുകാരിയിപ്പോള്‍ ഉപ്പയ്ക്കും ഉമ്മയ്ക്കും മാത്രമല്ല നാടിനൊന്നാകെ അഭിമാനമാണ്. 60 കുടുംബങ്ങളെ ഏറ്റെടുത്ത് സംരക്ഷിച്ചും 40 വിധവകള്‍ക്ക് മാസം തോറും പെന്‍ഷന്‍ നല്‍കിയും വീടില്ലാത്ത നിരവധിയാളുകള്‍ക്ക് വീട് നിര്‍മിച്ചു നല്‍കിയുമൊക്കെ ആരോരുമില്ലാത്തവര്‍ക്ക് തണലാകുകയാണ് ഇവള്‍.

സിഫിയ ഹനീഫ എന്ന ചിതല്‍. സങ്കടങ്ങളും ദുരിതങ്ങളും നിറഞ്ഞ ജീവിതത്തെ നോക്കി കരഞ്ഞു തളര്‍ന്നവള്‍. പക്ഷേ തോല്‍ക്കാന്‍ മനസില്ലായിരുന്നു അവള്‍ക്ക്.

രണ്ട് കൈകുഞ്ഞുങ്ങള്‍ക്കൊപ്പം പ്രതിസന്ധികളൊക്കെ തരണം ചെയ്തു മുന്നേറുകയാണ്. 2019-ലെ നീര്‍ജ ഭനോട്ട് പുരസ്കാരം നേടിയതിന്‍റെ സന്തോഷം മാത്രമല്ല വേറെയും വര്‍ത്തമാനങ്ങളുണ്ടെന്നു ദ് ബെറ്റര്‍ ഇന്‍ഡ്യയോട് ചിതല്‍ പറയുന്നു.

“നീര്‍ജ ഭനോട്ട് പുരസ്കാരം സ്വീകരിക്കുന്നതിന് കഴിഞ്ഞ മാസമാണ് പഞ്ചാബിലേക്ക് പോയത്. ആദ്യമായിട്ടാണ് കേരളത്തിന് പുറത്ത് പോയി പുരസ്കാരം വാങ്ങുന്നത്. പിന്നെ നീര്‍ജയെ പോലെ ധീരയായ ഒരാളുടെ പേരിലുള്ള അവാര്‍ഡ് കിട്ടിയതിന്‍റെ സന്തോഷം വേറെയും. സത്യത്തില്‍ നീര്‍ജയെക്കുറിച്ച് എനിക്കേറെയൊന്നും അറിയില്ലായിരുന്നു.

നീര്‍ജ ഭനോട്ട് പുരസ്കാരവേദിയില്‍ സിഫിയ

“പുരസ്കാരം എനിക്കാണെന്നു പറഞ്ഞതില്‍ പിന്നെയാണ് നീര്‍ജയെക്കുറിച്ചുള്ള സിനിമ കാണുന്നതും പുസ്തകങ്ങള്‍ വായിക്കുന്നതും. അവരുടെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ അറിയാനൊക്കെ ശ്രമിക്കുന്നതും.

“മറ്റൊരു സന്തോഷം കൂടിയുണ്ടെന്നു പറഞ്ഞല്ലോ… അതിന് മുന്‍പ് ഇവിടെ വരെയെത്തിയതിനെക്കുറിച്ച് പറയണം. അല്ലാതെ അക്കാര്യം പറയാനാകില്ല.

“പാലക്കാട്ട് മംഗലപ്പാലയിലാണ് വീട്. ഹനീഫയെന്നാണ് ഉപ്പയുടെ പേര്. ഉമ്മ സുബൈദ. ഞങ്ങളുടെ നാട്ടിലൊക്കെ പെണ്‍കുട്ടികളെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹം കഴിപ്പിക്കും. എന്‍റെ കല്യാണവും അങ്ങനെ തന്നെയായിരുന്നു.

ഉമ്മ സുബൈദയ്ക്കൊപ്പം സിഫിയ

“എനിക്ക് അന്ന് 16 വയസ്. പ്ലസ് വണ്ണിന് പഠിക്കുകയാണ്. ഒരീസം എന്നെയൊരാള്‍ പെണ്ണു കാണാന്‍ വന്നു. സെപ്റ്റംബര്‍ ഒന്നിനായിരുന്നു ആ പെണ്ണുകാണല്‍. പിറ്റേന്നും ഒരു കൂട്ടര് വന്നു.”


പിന്നെയും പിന്നെയും തുടര്‍ച്ചായി പലരും കാണാന്‍ വന്നു. അങ്ങനെ 20 ദിവസങ്ങള്‍. ഒടുവില്‍ ഒക്റ്റോബറില്‍ സിഫിയയുടെ കല്യാണം. പ്ലസ് വണ്‍ ക്ലാസ് തുടങ്ങിയപ്പോള്‍ തന്നെ ആലോചനകളൊക്കെ വന്നിരുന്നു.


“അല്ലേലും അതിലൊന്നും ഒരു പുതുമയുമില്ല. നമ്മുടെ കമ്മ്യൂണിറ്റിയില്‍ അതൊക്കെ സാധാരണമല്ലേ. എന്‍റെ ചില കൂട്ടുകാരികളുടെയൊക്കെ കല്യാണം നേരത്തെ കഴിഞ്ഞായിരുന്നു.

പതിനാറു വയസ് മാത്രമുള്ളയെനിക്ക് പഠിക്കണമെന്നൊന്നും അറിയില്ലായിരുന്നു.. അതിന്‍റെ പ്രധാന്യവും അറിയില്ലായിരുന്നു. എന്‍റെ അന്നത്തെ വിചാരം കല്യാണമൊക്കെ ഈ പ്രായത്തില്‍ നടക്കുന്ന കാര്യമാണല്ലോയെന്നാണ്. ആരോടും വേണ്ടാന്നൊന്നും പറഞ്ഞില്ല.

ഭക്ഷണവിതരണത്തിനിടെ

“വിവാഹം കഴിഞ്ഞ് ബെംഗളൂരുവിലേക്ക്. ഭര്‍ത്താവിന് അവിടെയായിരുന്നു ജോലി. ഒര ഫര്‍ണിച്ചര്‍ കമ്പനിയിലെ സൂപ്പര്‍വൈസറായിരുന്നു. അദ്ദേഹത്തിന്‍റെ പെങ്ങള്‍ പാലാക്കാടുണ്ടായിരുന്നു. ആ വഴിക്കാണ് ഈ ആലോചന വന്നത്. ഞങ്ങള്‍ തമ്മില്‍ 14 വയസിന്‍റെ വ്യത്യാസമുണ്ടായിരുന്നു.

“അത്ര ആര്‍ഭാടമൊന്നുമില്ലാത്ത ഒരു ചെറിയ ഫ്ലാറ്റിന്‍റെ മൂന്നാം നിലയിലാണ് വീട്. ചുറ്റും കെട്ടിടങ്ങള്‍ മാത്രം.. എന്നെ സന്തോഷിപ്പിക്കുന്ന കാഴ്ചകളൊന്നും അവിടെയില്ലായിരുന്നു.

“ഗേള്‍സ് സ്കൂളിലാണ് ഞാന്‍ പഠിച്ചത്. ആണ്‍കൂട്ടുകാരും ഇല്ലായിരുന്നു. എങ്ങനെയാണ് ആണുങ്ങളോട് പെരുമാറുകയെന്നു പോലും എനിക്കറിയില്ലായിരുന്നു,” സിഫിയ തുടരുന്നു.

ചിതല്‍ എന്ന സിഫിയ ഹനീഫ്

ഭര്‍ത്താവും സുഹൃത്തുക്കളും കൂടി മൈസൂരില്‍ പോയതാണ്, വിനോദയാത്രയ്ക്ക്. അവിടെ വച്ച് കാല്‍തെന്നി പുഴയിലേക്ക് വീണു. അതോടെ എന്‍റെയും മക്കളുടെയും ജീവിതത്തിലേക്ക് ഇരുള്‍ വീണ പോലെയായി എന്ന് സിഫിയ.

“അദ്ദേഹം മരിക്കുമ്പോള്‍ മൂത്ത മോന് മൂന്നു വയസ്. ഇളയവന് ഒരു വയസ് ആകുന്നതേയുള്ളൂ. അനീസും അര്‍ഷദും എന്നാണവരുടെ പേര്. മക്കളെയും കൂട്ടി പാലക്കാട്ടെ വീട്ടിലേക്ക് മടങ്ങി.


ഇതുകൂടി വായിക്കാം:മലയാളം മീഡിയത്തില്‍ പഠിച്ച് പാരീസില്‍ സ്കോളര്‍ഷിപ്പോടെ ശാസ്ത്രഗവേഷണം: മാതൃഭാഷയെയും പൊതുവിദ്യാലയങ്ങളെയും കുറിച്ച് തേജസ്വിനി


“തിരിച്ചുവരവില്‍ അത്ര സന്തോഷമൊന്നും ഇല്ലായിരുന്നു വീട്ടിലുള്ളവര്‍ക്ക്. പഠിക്കണം, ജോലി നേടണമെന്നൊക്കെ തോന്നി തുടങ്ങി. ബെംഗളൂരുവില്‍ താമസിക്കുമ്പോള്‍ സ്ത്രീകളൊക്കെ ജോലിക്ക് പോകുന്നത് കണ്ടിട്ടുണ്ട്.

“വിധവയായ മകള്‍ പഠിക്കാന്‍ പോകണം, ജോലിക്ക് പോകണമെന്നൊക്കെ പറയുന്നത് അവര്‍ക്ക് അംഗീകരിക്കാനാകില്ലായിരുന്നു. ചീത്തപേരുണ്ടാക്കും. അങ്ങനെയാണ് വീണ്ടും ബെംഗളൂരുവിലേക്ക് പോകുന്നത്.”

മൂത്ത മകനെ ഉമ്മയ്ക്ക് അരികിലാക്കി സിഫിയ ബെംഗളുരുവിലേക്ക്. കൈക്കുഞ്ഞായ ഇളയമകന്‍ കൂടെയുണ്ടായിരുന്നു. ജോലി കിട്ടുമെന്ന പ്രതീക്ഷകളൊക്കെ പക്ഷേ, വെറുതേയായിരുന്നു.

“പക്ഷേ ശിവാജിനഗറിലെ ബസ് സ്റ്റാന്‍ഡില്‍ എന്‍റെ മോനെ വാരിയെടുത്ത് സ്നേഹിച്ച, അന്നം തന്ന പാട്ടിയെ കണ്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇവിടെ ഇങ്ങനെ നില്‍ക്കില്ലായിരുന്നു.” ജീവിതത്തില്‍ പുതുവെളിച്ചം പകര്‍ന്ന ആ സ്ത്രീയെക്കുറിച്ച്  പറയുന്നു.

നീര്‍ജ ഭനോട്ട് പുരസ്‍കാര സ്വീകരണത്തിന് ശേഷം

“രാത്രിയോടെയാണ് ബെംഗളൂരുവിലെ ശിവാജിനഗര്‍ ബസ് സ്റ്റാന്‍ഡിലെത്തുന്നത്. മുറിയെടുത്ത് താമസിക്കാനുള്ള പണമൊന്നും കൈയില്‍ ഇല്ല. അങ്ങനെ നേരം വെളുക്കുവോളം അവിടെ തന്നെയിരുന്നു.

“ആ തണുപ്പില്‍ കുഞ്ഞിനെയും കൊണ്ട്. പിറ്റേ ദിവസം ജോലിയ്ക്ക് വേണ്ടി അറിയാവുന്നവരെയൊക്കെ വിളിച്ചു. ചില ഇൻ്റര്‍വ്യൂകളിലും പങ്കെടുത്തു. പക്ഷേ ജോലിയൊന്നും കിട്ടിയില്ല.

“ഇതിനിടയില്‍ കുഞ്ഞിനു പനിയും പിടിച്ചു.


ആശുപത്രിയില്‍ കാണിക്കാനുള്ള കാശൊന്നും കൈയില്‍ ഇല്ല. എന്‍റെ കരച്ചില്‍ കണ്ടിട്ടു പോലും ആരും ശ്രദ്ധിച്ചില്ല.


“പ്രായമായ ഒരു സ്ത്രീ വന്നു, എന്തിനാ കരയുന്നേ.. എന്നു ചോദിച്ചു കൊണ്ടു കുഞ്ഞിനെ കൈയിലെടുത്തു.

“തമിഴിലെന്തൊക്കെയോ പറഞ്ഞു, അവര് കൈനീട്ടി. ആ കൈപിടിച്ച് നടന്നു. അവരുടെ വീട്ടിലെത്തി. കുളിച്ചുമാറാന്‍ വസ്ത്രങ്ങള്‍ തന്നു, നല്ല ഭക്ഷണം തന്നു. താമസത്തിനൊരു അനാഥാലയത്തില്‍ കൊണ്ടാക്കി.”

കുഞ്ഞിനെ പാട്ടിയുടെ അരികിലാക്കിയാണ് ജോലി അന്വേഷിച്ച് പോകുന്നത്. ജോലി കിട്ടി. ജോലി കഴിഞ്ഞ് വരുമ്പോള്‍ പഠനവുമായിരുന്നു പതിവെന്നു സിഫിയ പറയുന്നു.

പ്ലസ് ടുവിന്‍റെ പരീക്ഷയെഴുതാന്‍ നാട്ടില്‍ പോകും. അപ്പോള്‍ മാത്രമാണ് മൂത്തമകനെ കാണുന്നത്.  അമ്മയടുത്ത് ഇല്ലാത്ത കുഞ്ഞല്ലേ, അവന്‍റെ സങ്കടങ്ങള്‍ കാണാനുള്ള മനക്കരുത്ത് ഇല്ലായിരുന്നുവെന്നു സിഫിയ.

“പിന്നെ കൂടെയുണ്ടെങ്കിലും ഇളയവനും അസുഖങ്ങളായിരുന്നു എന്നും. അങ്ങനെ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി. ഒരു വര്‍ഷം മാത്രമേ അവിടെ നിന്നുള്ളൂ.

“നാട്ടിലൊരു ആശുപത്രിയില്‍ റിസപ്ഷനിസ്റ്റിന്‍റെ ജോലി കിട്ടി. മൂന്നു വര്‍ഷത്തോളം ആ ജോലി ചെയ്തു. കൂടെ പഠനവും തുടര്‍ന്നു.”

ജോര്‍ജ് ഓണക്കൂറില്‍ നിന്ന് പുരസ്കാരം സ്വീകരിക്കുന്നു

അങ്ങനെ ജോലിയും പഠനവും തുടര്‍ന്നു. സിഫിയ പ്ലസ് ടു എഴുതിയെടുത്തു. പിന്നെ ബിഎ ഇംഗ്ലീഷ് സാഹിത്യം. അതിനു ശേഷം പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ഡിപ്ലോമ, ബിഎഡ്, എംഎസ് ഡബ്ല്യൂ ഇതൊക്കെ പൂര്‍ത്തിയാക്കി.  ബി എഡ് മാത്രമേ റെഗുലറായി പഠിച്ചുള്ളൂ. ബാക്കിയൊക്കെ വിദൂര വിദ്യാഭ്യാസത്തിലൂടെയാണ് പഠിച്ചുപാസായത്.

“ദാ ഇപ്പോ എം എ (ഇംഗ്ലീഷ്) ലിറ്ററേച്ചറിന് ചേര്‍ന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ കോഴ്സിനാണ് ചേര്‍ന്നിരിക്കുന്നത്. ഡോക്റ്ററേറ്റ് എടുക്കണമെന്നാണ് എന്‍റെ ആഗ്രഹം,” സിഫിയ  മനസ്സുതുറക്കുന്നു.

‘എന്നെപ്പോലെ ഒരുപാട് പേര്‍’

ബെംഗളുരുവിലായിരിക്കുമ്പോള്‍ തന്നെക്കൊണ്ടാവുന്ന പോലെ മറ്റുള്ളവര്‍ക്ക് സഹായം ചെയ്യുമായിരുന്നു. ശിവാജി നഗറില്‍ വഴിയോരത്തൊക്കെയുള്ളവര്‍ക്ക് കഴിയുന്നവര്‍ക്ക് ഭക്ഷണം വിതരണം ചെയ്തുകൊണ്ടായിരുന്നു തുടക്കം.

 

 

നാട്ടിലെത്തി റിസപ്ഷനിസ്റ്റായിട്ട് ജോലി നോക്കുമ്പോള്‍ കിട്ടുന്ന ശമ്പളത്തിന്‍റെയും പാതിയിലേറെയും സിഫിയ മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് നല്‍കിയത്. സ്വന്തം കാര്യങ്ങള്‍ക്കായി മൂവായിരം രൂപയെടുക്കും. പിന്നെ 1,500 രൂപ ബസ് കാശിനും ബാക്കി പൂര്‍ണമായും മറ്റുളളവര്‍ക്കാണ് സിഫിയ നല്‍കിയത്.

നാട്ടിലേക്കുള്ള തിരച്ചുവരവില്‍ തന്നെ പോലെ കുറേപ്പേരുണ്ടെന്നു സിഫിയ മനസിലാക്കി. ഭര്‍ത്താവ് മരിച്ചവര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചത് ആ അറിവാണ്.


ഇതുകൂടി വായിക്കാം:തെരുവില്‍ കഴിയുന്നവര്‍ക്ക് 14 വര്‍ഷമായി ഭക്ഷണം, അവരെയും കൂട്ടി വിനോദയാത്രകള്‍; ഈ ഡോക്റ്റര്‍ സന്തോഷിക്കുന്നത് ഇങ്ങനെയൊക്കെയാണ്


“അങ്ങനെയാണ് വിധവകളുടെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നത്. നമ്മളൊക്കെ പുറമേ നിന്നു കാണുന്നതിലും അപ്പുറമാണ് അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെന്നും മനസിലായി.

“ശാരീരിക പ്രശ്നങ്ങള്‍ മാത്രമല്ല മാനസികമായും അവരൊക്കെ കുറേ പ്രശ്നങ്ങളാണ് അനുഭവിക്കുന്നത്. ഒറ്റപ്പെടലുകളില്‍ നിന്നൊക്കെ അവരെ രക്ഷിക്കണമെന്നു തോന്നി.”

“ഭര്‍ത്താവ് മരിച്ചു പോയവര്‍ക്കും അസുഖങ്ങളൊക്കെയുള്ളവര്‍ക്കുമൊക്കെ മാസം 500 രൂപ വീതം നല്‍കും,” നാട്ടിലെ കോളനികളിലാണ് പ്രവര്‍ത്തിച്ചു തുടങ്ങുന്നതെന്നു അവര്‍ പറയുന്നു.

“സ്വന്തം വീട്ടുകാര്‍ പോലും ഈ സ്ത്രീകളെ മനസിലാക്കിയിരുന്നില്ല. അവരെ സഹായിക്കണമെന്നു തോന്നിയാണ് ഓരോന്ന് ചെയ്തത്. ഇതിനിടയിലാണ് ‘ചിതല്‍’ രൂപീകരിക്കുന്നത്.

“ചിതല്‍ എന്ന പേരില്‍ ഫേസ്ബുക്കില്‍ സഹായങ്ങളൊക്കെ ആവശ്യമുള്ളവരെക്കുറിച്ചൊക്കെ കുറിപ്പുകള്‍ എഴുതിയിട്ടു. പിന്നീട് അതൊരു പേജ് ആക്കി. 2015-ലാണ് ചിതല്‍ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്യുന്നത്.


ആര്‍ക്കും വേണ്ടാത്ത ജീവിയല്ലേ ചിതല്‍. ആര്‍ക്കും വേണ്ടാത്ത ഇടങ്ങളിലേ ചിതലുണ്ടാകൂ. അതുപോലെ ആര്‍ക്കും വേണ്ടാത്തവര്‍ക്ക് വേണ്ടിയാണ് ഞാനും പ്രവര്‍ത്തിക്കുന്നത്.


“ആറു വര്‍ഷം കൊണ്ട് അറുപത് കുടുംബങ്ങളെയാണ് ചിതല്‍ ഏറ്റെടുത്തിരിക്കുന്നത്. ജോലി ചെയ്തു കുടുംബം നോക്കാനാകാത്ത ചിലരില്ലേ. അവരുടെ കുടുംബങ്ങളാണിത്.

“അവര്‍ക്കാവശ്യമായ ഭക്ഷണ സാധനങ്ങളും മരുന്നുകളും പൈസയുമൊക്കെ അടങ്ങുന്ന കിറ്റുകള്‍ എല്ലാമാസവും നല്‍കും. 40 വിധവകള്‍ക്ക് മാസം തോറും ധനസഹായവും നല്‍കുന്നുണ്ട്.

“നല്ല മനസുള്ള പലരുടെയും സഹായങ്ങളില്‍ നിന്നും എന്‍റെ ശമ്പളം കൊണ്ടുമൊക്കെയാണ് ഇതിനൊക്കെ പണം ലഭിക്കുന്നത്.

“വീടില്ലാത്തവര്‍ക്ക് വീട്, പൊതുകിണറുകള്‍, ടോയ്ലെറ്റ് സൗകര്യങ്ങള്‍, വിവാഹസഹായങ്ങള്‍ ഇതൊക്കെ ചെയ്യാറുണ്ട്. ഇങ്ങനെയുള്ള ആവശ്യങ്ങളൊക്കെ ഫെയ്സ്ബുക്കില്‍ കുറിക്കാറുണ്ട്. പലരും സഹായിക്കാറുമുണ്ട്.  ഇതൊക്കെയും പാലക്കാട് തന്നെയാണ് ചെയ്തിരിക്കുന്നത്,” സിഫിയ വിശദമാക്കുന്നു.

അഞ്ച് ലക്ഷം രൂപ ചെലവില്‍ രണ്ട് മുറിയും ഹാളും ബാത്ത്റൂമുമൊക്കെയുള്ള വീടുകളാണ് നിര്‍മിച്ച് നല്‍കിയിട്ടുള്ളതെന്നു ചിതല്‍ സിഫിയ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്‍റെ സഹായങ്ങളൊന്നും ചോദിച്ചിട്ടില്ല. പഞ്ചായത്തുകാരൊക്കെ എന്‍റെയടുത്താണ് സഹായം ചോദിച്ചതെന്നു ചിരിയോടെ പറയുന്നു സിഫിയ.

“പഞ്ചായത്തുകാര്‍ എന്നോടാണ് സഹായം ചോദിച്ച് വന്നിട്ടുള്ളത്.


പ‍ഞ്ചായത്തില്‍ നിന്നു ആനുകൂല്യം കിട്ടുന്നതിന് കാലതാമസമുണ്ടാകും. അപ്പോ എന്‍റെയടുത്ത് വരാറുണ്ട്


“വിധവകളുടെ സംഘടനകളില്‍ പോകാറുണ്ട്. അവര്‍ക്ക് മോട്ടിവേഷന്‍ ക്ലാസെടുക്കാറുണ്ട്, ഓരോരുത്തര്‍ക്കുമായും കൗണ്‍സിലിങ് നല്‍കാറുണ്ട്. എനിക്ക് സാധിക്കുന്ന പോലെയൊക്കെ വിധവകള്‍ക്ക് വേണ്ടി ഓരോന്ന് ചെയ്യാറുണ്ട്, അവരെ മോട്ടിവേറ്റ് ചെയ്യാറുമുണ്ട്.

“ഇവരുടെ ഗെറ്റ് റ്റുഗെദര്‍ സംഘടിപ്പിക്കാറുണ്ട്. ഒരുപോലുള്ള വേദനകള്‍ സഹിക്കുകയും മറക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരുടെ കൂടിച്ചേരലാണ്.” അവരുടെ സന്തോഷങ്ങള്‍ക്ക് വേണ്ടി, മനസു തുറന്ന് ചിരിക്കാനും വര്‍ത്തമാനം പറയാനും വേണ്ടിയാണ് ഈ കൂട്ടായ്മകളൊരുക്കുന്നത്.

“നീര്‍ജ വാര്‍ഡ് കിട്ടിയതിന്‍റെ സന്തോഷത്തിനൊപ്പം മറ്റൊരു കാര്യം കൂടി പറയാനുണ്ടെന്നു പറഞ്ഞില്ലേ… ഞാന്‍ വീണ്ടും അമ്മയാകാന്‍ പോകുന്നു,” രണ്ടാം വിവാഹം കഴിഞ്ഞതിനെക്കുറിച്ച് സിഫിയ പറയുന്നു.

“കോഴിക്കോട് സ്വദേശിയാണ് ഭര്‍ത്താവ്. ഫേസ്ബുക്കില്‍ എന്‍റെയൊരു ഫോളോവര്‍ ആയിരുന്നു. രണ്ടുവര്‍ഷമായി എല്ലാ പ്രവര്‍ത്തനങ്ങളും നോക്കി മനസിലാക്കിയ ആളാണ്.

“ആ പ്രവര്‍ത്തനങ്ങളൊക്കെ നോക്കിയും കണ്ടുമൊക്കെ എന്നെക്കുറിച്ച് നന്നായി മനസിലാക്കിയാണ് അദ്ദേഹം വിവാഹം കഴിക്കാനെത്തുന്നത്.  അദ്ദേഹത്തിന്‍റെ വീട് കോഴിക്കോട് ആണെങ്കിലും ഞാനിവിടെ പാലക്കാട് തന്നെയുണ്ട്.

“കല്യാണത്തിന് മുന്‍പേ ഞാനൊരു കാര്യമേ അദ്ദേഹത്തോട് ആവശ്യപ്പെട്ടുള്ളൂ, പാലക്കാട് തന്നെ താമസിക്കണമെന്നത്. എന്‍റെ പ്രവര്‍ത്തനങ്ങളൊക്കെ ഇവിടെയാണല്ലോ. എന്‍റെ ആവശ്യം അദ്ദേഹത്തിന് ബോധ്യപ്പെടുകയും ചെയ്തു. അദ്ദേഹം ഇടയ്ക്കിടെ ഇവിടേക്ക് വരും,” സിഫിയ പറഞ്ഞു.


ഇതുകൂടി വായിക്കാം:അനാഥരേയും വൃദ്ധരേയും സംഗീതം കൊണ്ട് സന്തോഷിപ്പിക്കാന്‍ സാക്സൊഫോണുമായി ഒരു പൊലീസുകാരന്‍


ഉമ്മയ്ക്കും വാപ്പയ്ക്കും മക്കള്‍ക്കുമൊപ്പമാണ് താമസം. അനീസ് എട്ടാം ക്ലാസിലും അര്‍ഷദ് അഞ്ചാം ക്ലാസിലും പഠിക്കുന്നു. കെഎംസിസി ഇ.അഹമ്മദ് പുരസ്കാരം, ഷാര്‍ജ ഇന്‍ഡ്യന്‍ അവാര്‍ഡ്, വിജയസ്മൃതി പുരസ്കാരം ഇങ്ങനെ ചില അംഗീകാരങ്ങളും സിഫിയയ്ക്ക് കിട്ടിയിട്ടുണ്ട്.

ഫോട്ടോ കടപ്പാട്: സിഫിയ/ ഫേസ്ബുക്ക്

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം